1 October 2018

സെക്സിയായി വസ്ത്രം ധരിച്ചാൽ...

സ്വന്തം നഗ്നത മറ്റുള്ളവർ കാണുന്നതിലുള്ള ലജ്ജ കൊണ്ടും ചൂട്, തണുപ്പ്, കാറ്റ്, പൊടി പോലുള്ളവയിൽ നിന്ന് സംരക്ഷണം ലഭിക്കാനും ശരീരത്തിനൊരു അലങ്കാരവും ഭംഗിയും ആയിട്ടാണ് മനുഷ്യൻ ചരിത്രാതീത കാലം മുതൽ തന്നെ വസ്ത്രം ധരിച്ചു വരുന്നത്. പരിണാമ ചരിത്രത്തിൽ ശരീര രോമങ്ങൾ നഷ്ടപ്പെട്ടപ്പോഴാണ് മനുഷ്യൻ വസ്ത്രം ധരിക്കാൻ തുടങ്ങിയത് എന്ന് കാണുന്നു. വസ്ത്രം അത് ധരിക്കുന്നവന്റെ വ്യക്തിത്വത്തെയും സംസ്കാരത്തെയും മതത്തെയും മനോഭാവത്തെയും പദവിയെയും ജോലിയെയും ഇല്ലായ്മയെയും ഐശ്വര്യത്തെയും കുറിച്ച് സമൂഹത്തോട് പലതും വിളിച്ചു പറയുന്നുണ്ട്. ഒരാളുടെ വസ്ത്ര ധാരണ രീതി കാണുന്ന മറ്റുള്ളവർക്ക് അയാളോട് മതിപ്പോ വെറുപ്പോ ഇഷ്ടമോ തോന്നുന്നു. ഒരാളുടെ വ്യക്തിത്വം അളക്കുന്നത് അയാളുടെ വസ്ത്ര ധാരണ രീതി കൂടി പരിഗണിച്ചാണ്. വസ്ത്ര ധാരണ രീതിയും ലൈംഗീകതയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എന്റെ വായനയിൽ നിന്നും നിരീക്ഷണത്തിൽ നിന്നും മനസ്സിലായ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു. 

1) മനുഷ്യന് സെക്സിയായി വസ്ത്രം ധരിക്കാൻ കഴിയുമോ, കഴിയും എന്നാണ് നമ്മുടെ അനുഭവങ്ങളും യുക്തിയും പഠനങ്ങളും പറയുന്നത്. തന്റെ സെക്ഷ്വൽ അപ്പീൽ പരമാവധി മറ്റുള്ളവർക്ക് പ്രകടമാവും വിധം ആണിനും പെണ്ണിനും വസ്ത്രം ധരിക്കാൻ കഴിയും. ഇത്തരം വസ്ത്ര ധാരണ രീതി പ്രത്യേകം പഠിച്ചെടുക്കാനും കഴിയും. ഇതിനു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്യപ്പെട്ട ഡ്രെസ്സുകൾ ഉണ്ട്. നഗ്‌നത കൂടുതൽ പുറത്തു കാണുന്നതും അവയവ വടിവ് വ്യക്തമാവും വിധം ഇടുങ്ങിയതും നേർത്തതും ആവുക എന്നതാണ് ഏറെക്കുറെ അവയുടെ പൊതു സ്വഭാവം. 

2) എന്തു കൊണ്ടാണ് ചില പുരുഷന്മാരും സ്ത്രീകളും സെക്സിയായി വസ്ത്രം ധരിക്കുന്നത്, കാരണങ്ങൾ പലതും പഠനങ്ങളിൽ വായിക്കാം. ലൈംഗീക തൊഴിലാളികൾ അവരുടെ തൊഴിലിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റു ചിലർ ലൈംഗീക ബന്ധത്തിന് തയാറാണ്, പങ്കാളിയെ തേടുന്നു എന്നറിയിക്കാൻ ഇങ്ങനെ ചെയ്യുന്നു. ചിലർ തന്റെ നഗ്നത മറ്റുള്ളവർ ആസ്വദിക്കുമ്പോൾ സന്തോഷം ഉണ്ടാകുന്നതിനാൽ ഇങ്ങനെ ചെയ്യുന്നു. ചിലർ ചെയ്യുന്നത് ആന്റി സോഷ്യൽ ഡിസോർഡേഴ്‌സ് (ASD) എന്ന് സൈക്യാട്രിയിൽ അറിയപ്പെടുന്ന ഒരു കൂട്ടം മാനസിക തകരാറുകളുടെ കൂട്ടത്തിൽ എക്സിബിഷനിസം (DSM-5) എന്ന ഒരെണ്ണം ഉണ്ട്, അതു കൊണ്ടാണ്. കാണുന്ന സമൂഹത്തിന്റെ ഇഷ്ടം പരിഗണിക്കാതെ നഗ്നത പ്രദർശിപ്പിക്കൽ ആണ് എക്സി ബിഷനിസം. ഈ മാനസിക പ്രശ്‌നം കൂടിയ അളവിലും കുറഞ്ഞ അളവിലും മനുഷ്യരിൽ കാണപ്പെടുന്നു. പുരുഷന്മാരും സ്ത്രീകളും ഒരേ കാരണങ്ങൾ കൊണ്ട് തന്നെയാണ് സെക്സിയായി വസ്ത്രം ധരിക്കുന്നത്. 

3) സെക്സിയായി വസ്ത്രം ധരിച്ചാൽ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനും ശ്രദ്ധ തെറ്റിക്കാനും കഴിയുമോ, കഴിയും എന്നാണ് പഠനങ്ങൾ പറയുന്നത്, പ്രത്യേകിച്ചു എതിർ ലിംഗക്കാരുടെ. സെക്സിയായ ഡ്രെസ്സിങ് കൊണ്ടു ഡ്രൈവിങ്, ട്രാഫിക് കണ്ട്രോളിംഗ്, ടീച്ചിങ് പോലുള്ള അധിക ശ്രദ്ധ വേണ്ട ജോലി ചെയ്യുന്നവരുടെ ശ്രദ്ധ തെറ്റിക്കാം എന്നു പഠനങ്ങൾ പറയുന്നു. 

4) സെക്സിയായി വസ്ത്രം ധരിച്ച ഒരാളോട് ഇടപെടേണ്ടി വരുമ്പോൾ ജനം അയാളുടെ വ്യക്തിത്വത്തിലേക്ക് ആണോ അതോ അയാളുടെ ശരീരത്തിലേക്ക് ആണോ ശ്രദ്ധിച്ചു കൊണ്ടിരിക്കുക, മനുഷ്യനെ എന്താണോ ആകർഷിക്കുന്നത് അവൻ അതിലേക്ക് ശ്രദ്ധിക്കുന്നു എന്നാണ് പഠനങ്ങളിൽ നിന്ന് മനസിലാകുന്നത്. ആസ്വദിക്കാൻ പറ്റിയ വല്ലതും കണ്ടാൽ അതിനെ പൂർണ്ണമായി ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും കഴിയുന്നിടത്തോളം മിക്ക മനുഷ്യരും അവരുടെ കണ്ണും ചെവിയും മൂക്കുമൊക്കെ ഉപയോഗിച്ചു അതിനെ ആസ്വദിക്കുന്നു. ഇവിടെ ആസ്വദിക്കുന്നവന്റെ കണ്ണിൽ ആസ്വദിക്കപ്പെടുന്നതിന്റെ മാനുഷികത പോയി അതൊരു ഉപഭോഗ വസ്തുവായി മാറുന്നു. താൻ ഒരു ഉപഭോഗ വസ്തുവായി ആസ്വദിക്കപ്പെടുന്നത് ഇഷ്ടപ്പെടാത്തവർ മറ്റുള്ളവർക്ക് തന്നെ നോട്ടം കൊണ്ടു ഉഴിയാൻ തോന്നാത്ത വിധം വസ്ത്രം ധരിച്ചു വരുന്നു.  

5) ഒരാളുടെ സെക്സിയായ വസ്ത്ര ധാരണ രീതി കാണുന്ന മറ്റുള്ളവരിൽ അത് ലൈംഗീക വികാരം ഉണ്ടാക്കുമോ, ഈ വിഷയത്തിൽ ചില പഠനങ്ങൾ നടന്നിട്ടുണ്ട്, ഉണ്ടാക്കും എന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. സെക്സിയായി വസ്ത്രം ധരിച്ചു പുറത്തിറങ്ങിയാൽ സെക്‌സിൽ സാധാരണയിൽ കവിഞ്ഞ താല്പര്യം ഉള്ളവരുടെ ലൈംഗീകത ഉണർത്താം എന്നതിൽ സംശയമില്ല. ഇതു കൊണ്ടാണ് ലൈംഗീക തൊഴിലാളികൾ സെക്സിയായി വസ്ത്രം ധരിച്ച് അവരുടെ ബിസിനസിന് ഇറങ്ങുന്നത്. എതിർ ലിംഗത്തിൽ പെട്ടവരുടെയും മറ്റും ലൈംഗീക വികാരം ഉണർത്തുന്ന വിധവും മനുഷ്യന് വസ്ത്രം ധരിക്കാൻ കഴിയുന്നത് കൊണ്ടു വസ്ത്ര ധാരണവും ലൈംഗീകതയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. 

6) പൂർണ്ണ നഗ്നനായ ഒരാളെ കാണുമ്പോൾ തോന്നാത്ത ലൈംഗീക ആകർഷണം അയാൾ പ്രത്യേക രൂപത്തിൽ വസ്ത്രം ധരിച്ചാൽ മറ്റുള്ളവർക്ക് തോന്നുമോ, തോന്നും എന്നാണ് പഠനങ്ങൾ പറയുന്നത്. അയഞ്ഞു തൂങ്ങി ആടുന്ന സ്തനങ്ങൾക്ക് ആരുടെയും വികാരം ഉണർത്താൻ കഴിഞ്ഞില്ലെന്ന് വരാം. എന്നാൽ ബ്രാ കൊണ്ടു വരിഞ്ഞു മുറുക്കി കെട്ടി ഉയർത്തിയ സ്തനങ്ങൾ മിക്ക പുരുഷന്മാരുടെയും ലൈംഗീകത ഉണർത്താം. നേച്വറിസ്റ്റ് ബീച്ചുകളിൽ വെച്ചു ചിലരോട് തോന്നാത്ത ലൈംഗീകത ബീച്ചിനു പുറത്തു വസ്ത്രം ധരിച്ച അവസ്ഥയിൽ അവരോട് തോന്നാറുണ്ട് എന്ന ചില നേച്വറിസ്റ്റുകളുടെ സാക്ഷ്യങ്ങൾ നമുക്ക് വായിക്കാൻ കിട്ടും. 

7) സ്ഥിരം കാണുകയും ഇടയ്ക്ക് ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ലൈംഗീക പങ്കാളി പതിവിൽ നിന്ന് വ്യത്യസ്തമായി സെക്സിയായി വസ്ത്രം ധരിച്ചാൽ അവളോട് പുരുഷന് പ്രത്യേക ലൈംഗീക വികാരം തോന്നുമോ, തോന്നും എന്നാണ് പഠനങ്ങൾ പറയുന്നത്. ലൈംഗീക വിരസത തോന്നുന്ന ദമ്പതികൾക്ക് സെക്സോളജിസ്റ്റ് നിർദേശിച്ചു കൊടുക്കുന്ന ഒരു ഉപായം ആണ് ബെഡ്റൂമിൽ സെക്സിയായി വസ്ത്രം ധരിക്കുക എന്നത്. 

8) സെക്സിയായ വസ്ത്ര ധാരണ രീതിക്ക് മറ്റുള്ളവരെ പ്രകോപിപ്പിക്കാൻ കഴിയുമോ, വസ്ത്ര ധാരണ രീതി ഒരു പ്രകോപന കാരണമോ ലൈംഗീക കയ്യേറ്റങ്ങൾക്ക് ഉള്ള കാരണമോ അല്ലെന്നുള്ള വാദം ഉണ്ടെങ്കിലും നേരെ എതിരാണ് മിക്ക പഠനങ്ങളും പറയുന്നത്. നോട്ടം കൊണ്ടു ഉഴിയാനും അപമര്യാദയായി പെരുമാറാനും ശല്യം ചെയ്യാനും മുട്ടി ഉരുമ്മാനും പ്രേരിപ്പിക്കുന്ന എന്തോ മെസ്സേജ് സെക്സിയായി വസ്ത്രം ധരിച്ചു പുറത്തിറങ്ങുന്നവർ അറിയാതെ ആണെങ്കിലും ദുർവൃത്തർക്ക് നൽകുന്നുണ്ട് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അത് കരുതി സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും നേരെ നടക്കുന്ന സകല ലൈംഗീക അക്രമങ്ങൾക്കും കാരണം അവരുടെ വസ്ത്ര ധാരണ രീതി ആണെന്ന് പറയാനും പറ്റില്ല. തീർത്തും അല്ലെന്നു പറയാനും പറ്റില്ല. അയഞ്ഞ വസ്ത്രങ്ങൾ കൊണ്ടു ശരീരം മിക്കവാറും മറച്ചവരുടെ അടുക്കലേക്ക് ലൈംഗീക ചാപല്യങ്ങളും കൊണ്ടു ചെല്ലാൻ മിക്കവരും മടിക്കുന്നു എന്നത് തെളിഞ്ഞതും തെളിയിക്കാൻ കഴിയുന്നതുമായ കാര്യമാണ്. ഒരേ ആൾ തന്നെ സെക്സിയായും അല്ലാതെയും വസ്ത്രം ധരിച്ചപ്പോൾ മറ്റുള്ളവരിൽ നിന്ന് ഉണ്ടായ പ്രതികരണങ്ങൾ പഠനത്തിന് വിധേയമായിട്ടുണ്ട്. 

9) എന്തു കൊണ്ടാണ് സെക്സിയായി വസ്ത്രം ധരിച്ചവർക്ക് നേരെ ശല്യം ചെയ്യലുകൾ ഉണ്ടാകുന്നത്, ഇതിന് അന്വേഷിച്ചാൽ പല ഉത്തരങ്ങളും കിട്ടും. ഒന്ന് ഇങ്ങനെയാണ്, ലൈംഗീക തൊഴിലാളികൾ പൊതു വാഹനങ്ങളിലും മറ്റും വെച്ച് അവരെ തൊടുന്നതും തലോടുന്നതും അനുവദിച്ചു കൊടുക്കാറുണ്ട്. ബിസിനസിന്റെ ഒരു സാമ്പിൾ നൽകുന്നത് പോലെയാണ് അവരിത് കാണാറുള്ളത്. മറ്റു ചിലർ ലൈംഗീക തൊഴിലാളികൾ അല്ലെങ്കിലും ലൈംഗീക പൂരണത്തിനു പങ്കാളിയെ കണ്ടെത്താൻ സെക്സിയായി വസ്ത്രം ധരിച്ചു ഇണയെ ആകർഷിക്കാൻ പുറത്തിറങ്ങാറുണ്ട്.  സെക്സിയായി വസ്ത്രം ധരിക്കുന്നവർ മുഴുവൻ ലൈംഗീക തൊഴിലാളികളോ പങ്കാളിയെ തേടുന്നവരോ അല്ലെങ്കിലും അങ്ങനെ ആണെന്ന് പലപ്പോഴും ദുർവൃത്തർ തെറ്റുധരിക്കുന്നത് മൂലം ചില ശല്യം ചെയ്യലുകൾ ഉണ്ടാകുന്നു. സെക്സിയായി വസ്ത്രം ധരിച്ച ആൾ വെറും എക്സിബിഷൻ മാത്രമായിരിക്കും ഉദ്ദേശിച്ചിരിക്കുക. പക്ഷെ ശല്യം ചെയ്യുന്നവൻ അതറിയാതെ അതിരു കടക്കുമ്പോൾ അതൊരു ശല്യമായി പൊതു ജനം പരിഗണിക്കുന്നു. 

മനുഷ്യരിൽ സെക്സിയായി വസ്ത്രം ധരിക്കുന്നത് ഇഷ്ടപ്പെടുന്നവരും ഇഷ്ടപെടാത്തവരും ഉണ്ട്. സെക്സിയായി വസ്ത്രം ധരിച്ചത് ആസ്വദിക്കാൻ ഇഷ്ടമുള്ളവരും ഇല്ലാത്തവരും ഉണ്ട്. സെക്സിയായി വസ്ത്രം ധരിച്ചവരെ കാണുമ്പോൾ സെക്ഷ്വൽ അറൗസൽ ഉണ്ടാകുന്നവരും അതിനെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നവരും ഉണ്ട്. എത്ര സെക്ഷ്വലായ രംഗങ്ങൾ കണ്ടാലും സകലരും അവരുടെ ലൈംഗീക വികാരത്തെ കണ്ട്രോൾ ചെയ്തു നിർത്തണം എന്നു പറയുന്നവരും ആരും തന്നെ സെക്സിയായി വസ്ത്രം ധരിച്ചു പ്രശ്‌നത്തിന് കാരണക്കാർ ആകരുതെന്നു പറയുന്നവരും ഉണ്ട്. എല്ലാ സ്വഭാവക്കാരും മനുഷ്യരിൽ ഉണ്ട്. ഓരോരുത്തരും അവരവരുടെ മനോഗതങ്ങളും കൊണ്ടു സാമൂഹവുമായി ഇടപഴകുന്നു. അപ്പോൾ ഇടയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നിയമങ്ങൾ ഉണ്ടാക്കുന്നു. അതിനെതിരെ പ്രതിഷേധം ഉണ്ടാകുമ്പോൾ ആ നിയമം പൊളിച്ചു കളഞ്ഞു അതിന് എതിരായ നിയമം ഉണ്ടാക്കുന്നു. നിയമ നിർമ്മാണ പരീക്ഷണം കാലങ്ങളായി മനുഷ്യനൊരു പ്രധാന ഹോബിയാണ്. കേവലം നിയമങ്ങൾക്കും വ്യക്തിഗത ആദർശങ്ങൾക്കും അപ്പുറം യുക്തിമാൻ തന്റെ ആത്മ രക്ഷക്ക് പ്രാധാന്യം നൽകുന്നു. 

അൻസാർ അലി നിലമ്പൂർ