4 August 2018

ആത്മഹത്യ ചെയ്തവൻ നരകത്തിലോ..?

കോളേജ് കാലത്ത് ക്ലാസ്സിലുള്ള ഒരു ക്രിസ്ത്യൻ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. എപ്പോഴും നനവുള്ള കണ്ണുകളോടെ വിഷാദ മുഖിയായിരുന്ന ആ കുട്ടിയോട് ഒരിക്കലെങ്കിലും ഉള്ളുതുറന്ന് എന്താ കൊച്ചെ നിന്‍റെ പ്രശ്നം എന്ന് ചോദിക്കാത്തതിൽ പിന്നീട് ഖേദിച്ചിട്ടുണ്ട്. മരണ വീട്ടില്‍ ഞങ്ങള്‍ സഹപാഠികൾ പോയിരുന്നു. അപ്പോഴാണ്‌ മറ്റൊരു ക്രിസ്ത്യന്‍ കൊച്ചു പറയുന്നത് മരിച്ച കുട്ടിയുടെ സഭാ നിയമ പ്രകാരം ആത്മഹത്യ ചെയ്തവള്‍ക്ക് അന്ത്യ കര്‍മ്മങ്ങള്‍ കാര്യമായി ഇല്ലെന്നും അവളെ സാധാരണ മരിച്ചവരെ അടക്കുന്ന ഇടത്തല്ല അടക്കുക എന്നും. അങ്ങനെയാണ് പിന്നീട് മതങ്ങള്‍ എങ്ങനെയാണു ആത്മഹത്യയെ നോക്കി കാണുന്നത് എന്ന് പഠിക്കാനുള്ള പ്രചോദനം കിട്ടിയത്.

ക്രിസ്ത്യാൻസിന് ഇടയിലെ തെമ്മാടി ക്കുഴികള്‍ പ്രസിദ്ധമാണ്. ആത്മഹത്യ ചെയ്തവരെ മാത്രമല്ല മറ്റു ചില കുറ്റങ്ങള്‍ ചെയ്തവര്‍ക്കും അന്ത്യ കര്‍മ്മങ്ങള്‍ നിഷേധിക്ക പ്പെടുകയും അവര്‍ സെമിത്തേരിക്കു പുറത്തു തെമ്മാടി പ്രദേശത്ത് അടക്ക പ്പെടുകയും ചെയ്തിരുന്നു. തെമ്മാടിക്കുഴി അവഗണന യുടെയും പുറം തളളലിന്‍റെയും പ്രതീക പ്രദേശം ആയിരുന്നു. വത്തിക്കാന്‍ സുന്നഹദോസ് വരെയും കാത്തലിക്സിനു ഇടയില്‍ തെമ്മാടി ക്കുഴികള്‍ ഉണ്ടായിരുന്നു. പിന്നീട് അവര്‍ നവീകരിക്ക പ്പെടുകയും അതിനെ ജൂത സമ്പ്രദായമായി കാണുകയും ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ചില പ്രാദേശിക ക്രിസ്ത്യന്‍ സഭകള്‍ ഇപ്പോഴും പിടിമുറുക്കം വിടുന്നില്ല എന്ന് തോന്നാറുണ്ട്. സു­റിയാനി കത്തോ­ലി­ ക്ക­രു­ടെ­യും ലത്തീന്‍ കത്തോ­ലി­ക്ക­ രു­ടെ­യും ഇട­യി­ലാ­ണ് തെ­മ്മാ­ടി­ ക്കു­ഴി പ്രചാരത്തിലായത്. ചില സഭകള്‍ തെമ്മാടി ക്കുഴി പരിപാടി ഇതിനകം നിര്‍ത്തിയിട്ടുണ്ട്.

മറ്റു മതങ്ങളെ വായിച്ചാല്‍ ഇസ്ലാമിന്‍റെ മേന്മ അറിയാമെന്ന ഗുണമുണ്ട്. ഇസ്ലാം ആത്മഹത്യയെ വന്‍ പാപമായി കാണുന്നു. മറ്റൊരാളെ കൊല്ലലും സ്വന്തത്തെ കൊല്ലലും ഇസ്ലാമില്‍ കൊല പാതകമാണ്. അത് നരക ശിക്ഷക്ക് കാരണവുമാണ്. മുഹമ്മദ് നബി പറഞ്ഞു: "ആരെങ്കിലും പര്‍വ്വത്തില്‍ നിന്നു ചാടി സ്വശരീരത്തെ കൊല ചെയ്താല്‍ അവന്‍ നരകത്തില്‍ തങ്ങേണ്ടിവരും. ഒരു കമ്പി ഉപയോഗിച്ച് സ്വശരീരത്തെ കൊല ചെയ്‌താല്‍ നരകത്തിലവന്‍ ആ കമ്പി ഉപയോഗിച്ച് സ്വന്തത്തെ കുത്തി കൊണ്ടിരിക്കും" (ബുഖാരി). ഇതു കൊണ്ടൊക്കെ മുസ്ലീങ്ങൾക്ക് ഇടയിൽ ആത്മഹത്യ വളരെ കുറവാണ്. ദുരിതം അനുഭവിക്കുന്ന ചിലരൊക്കെ എന്നോട് മരിക്കാൻ തോന്നുന്നു എന്നു പറയാറുണ്ട്. ഒരിക്കലും അതു ചെയ്യരുത്. അതു കൊണ്ടു അതു ചെയ്യുന്നവരും ദുഃഖിക്കും അവരുടെ മക്കളും കുടുംബവും ദുഃഖിക്കും. കുടുംബം മൊത്തത്തിൽ അപമാനം പേറേണ്ടി വരും. ഗുണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ദോഷം ചെയ്യരുത്.

ആത്മഹത്യയെ മുസ്ലീങ്ങള്‍ക്ക് ചെറിയ പാപമായി കാണുക സാധ്യമല്ല. അത് വമ്പിച്ച കുറ്റം തന്നെയാണ് ഇസ്ലാമില്‍. നമ്മളില്‍ ആര്‍ക്കും സ്വന്തത്തെ കൊല്ലാന്‍ പിശാച് പ്രേരണ നല്‍കാതിരിക്കട്ടെ.... ആമീന്‍. ആത്മഹത്യ ചെയ്തവന്‍ കൊല പാതകിയാണ്, അവനു നരക ശിക്ഷയുണ്ട് എന്നതൊക്കെ ഇസ്ലാമിലെ പൊതു നിയമങ്ങള്‍ ആണെങ്കിലും ആത്മഹത്യ ചെയ്ത മുസ്ലിമിനെ കുറിച്ച് നമുക്ക് ദോഷം വിചാരിക്കാനോ അവന്‍ ഇസ്ലാമില്‍ നിന്ന് പുറത്താണ് എന്ന് കരുതാനോ അവന്‍ നരകത്തില്‍ തന്നെ എന്ന് ഉറപ്പിക്കാനോ നമുക്ക് അധികാരമില്ല. അതുകൊണ്ട് മറ്റു മരിച്ചവര്‍ക്ക് നല്‍കുന്ന വല്ല കര്‍മ്മവും അവനു നിഷേധിക്കേണ്ട കാര്യവുമില്ല. കാരണം ഓരോ മുസ്ലിമിന്റെയും പരലോകത്തെ വിധി അല്ലാഹുവിങ്കലാണ് ഉള്ളത്. ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്ന മുഹമ്മദ് നബിയുടെ ഒരു ഹദീസ് നോക്കൂ.

ജാബിര്‍(റ) പറയുന്നു: "നബി മദീനയിലേക്ക് ഹിജ്റ ചെയ്തപ്പോള്‍ തുഫൈലുബ്നു അംറു ദ്ദൌസിനോടു കൂടെ മറ്റൊരാളും അകമ്പടി സേവിച്ചിരുന്നു. മദീനയിലെ കാലാവസ്ഥ അവരെ പ്രതികൂലമായി ബാധിച്ചപ്പോള്‍ ആ മനുഷ്യന്‍ രോഗ ബാധിതനായി. ഭയ വിഹ്വലനായ അദ്ദേഹം ആയുധം കൊണ്ട് വിരലുകള്‍ക്ക് ഇടയിൽ കുത്തി മുറിവേല്‍പ്പിച്ചു രക്തം ഒഴുക്കി മരണം വരിച്ചു. പിന്നീട് തുഫൈല്‍ ആത്മഹത്യ ചെയ്ത അദ്ദേഹത്തെ സ്വപ്‍നം കണ്ടു. സ്വന്തം കൈ കെട്ടി പൊതിഞ്ഞാണ് അദ്ദേഹം സ്വപ്‍നത്തിൽ പ്രത്യക്ഷപ്പെട്ടത്. നിന്നെ അല്ലാഹു എന്ത് ചെയ്തതെന്ന് തുഫൈല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ ഹിജ്റ കാരണം അല്ലാഹു എനിക്ക് പൊറുത്തു തന്നിരിക്കുന്നു". വീണ്ടും തുഫൈല്‍ ചോദിച്ചു: "പിന്നെന്താണ് നീ നിന്‍റെ കൈ അടച്ചു പിടിച്ചിരിക്കുന്നത്‌..?". അദ്ദേഹം പറഞ്ഞു: "നീ നശിപ്പിച്ചത് നാം നന്നാക്കുകയില്ല എന്നു എന്നോട് അല്ലാഹു പറഞ്ഞു". ഈ സംഭവം നബിയോട് പറഞ്ഞപ്പോള്‍ നബി പ്രാര്‍ഥിച്ചു: "അല്ലാഹുവേ, അദ്ദേഹത്തിന്റെ കരങ്ങൾക്കും നീ പൊറുത്തു കൊടുക്കണേ...' (മുസ്ലിം)

ഈ ഹദീസ് വിശദീകരിച്ച് കൊണ്ട് ഇമാം നവവി(റ) പറഞ്ഞു: "സ്വശരീരത്തെ കൊന്നവന്‍ നരകത്തില്‍ കടക്കുമെന്നു ഉറപ്പിക്കാന്‍ നമുക്ക് കഴിയില്ല. അവന്റെ തീരുമാനം അല്ലാഹുവിന്റെ അടുത്താണ്. (ശറഹുമുസ്ലിം 1/73)

ആത്മഹത്യ ചെയ്തവന് വല്ല ഇസ്ലാമിക കര്‍മ്മവും നിഷേധിക്കുകയോ അവനെ അപമാനിക്കാന്‍ പ്രത്യേകം എവിടെയെങ്കിലും ഖബറടക്കുകയോ ചെയ്യണമെന്നു ഇസ്ലാമില്‍ ഒരു നിയമവും ഇല്ല. ഇമാം റംലി(റ) പറയുന്നു: "ആത്മഹത്യ ചെയ്തവനെ കുളിപ്പിക്കലും കഫന്‍ ചെയ്യലും അവന്റെ മേലുള്ള നമസ്കാരവും അവനെ വഹിക്കലും മറവ് ചെയ്യലും ഫര്‍ള് കിഫയാണ് എന്നതിൽ പണ്ഡിതരുടെ ഇജ്മാഅ് ഉണ്ട്, സ്വഹീഹായ ഹദീസുകളില്‍ അതിനു കല്‍പ്പനയുണ്ട്" (നിഹായ 432/2). 

ഒരിക്കല്‍ ഒരു സ്വഹാബി ആത്മഹത്യ ചെയ്തപ്പോള്‍ നബി അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്കാരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും അതെ സമയം മറ്റു സ്വഹാബികളെ അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്കരിക്കാന്‍ അനുവദി ക്കുകയും ചെയ്തു. നബി വിട്ടുനിന്നത് ഇനിയാരും ആത്മഹത്യ ചെയ്യാതിരി ക്കാനുള്ള ഒരു ശിക്ഷണ നടപടി ആയിരുന്നു എന്ന് ഇമാമുകള്‍ പറഞ്ഞിട്ടുണ്ട്. നബി ജീവിച്ചിരിക്കെ അവിടുത്തെ പാപ മോചന പ്രാര്‍ത്ഥന ലഭിക്കാതെ പോകുക എന്നത് അനുചരർക്ക് ഉള്ള വലിയ ശിക്ഷണം തന്നെ ആണല്ലോ. അതു കൊണ്ട് നബിയുടെ അനുചരരുടെ കൂട്ടത്തില്‍ ആത്മഹത്യ അത്യപൂര്‍വ സംഭവം ആയിരുന്നു. ആത്മഹത്യ ചെയ്തവന് വേണ്ടി മയ്യിത്ത് നമസ്കരിച്ച സ്വഹാബത്തിനു ഇല്ലാത്ത അയിത്തം നമുക്കും വേണ്ടതില്ല.

ആത്മഹത്യ ചെയ്യുന്ന ബഹു ഭൂരിഭാഗം ആളുകളും ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പു മാനസികമായി നോര്‍മലാകില്ല എന്ന് ആധുനിക മനശാസ്ത്രം പറയുന്നു. ആത്മഹത്യ ചെയ്തവന്റെ വിധി അല്ലാഹുവിങ്കല്‍ ആണെന്ന നമ്മുടെ വിശ്വാസത്തെ അത് ഉറപ്പിക്കുന്നു. അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കും അവന്‍ ഉദ്ദേശിക്കുന്നവരോട് അവന്‍ കരുണ ചെയ്യും. അവന്‍റെ കോപത്തെ അവന്‍റെ കരുണ അതി ജയിക്കുമെന്നു അവന്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നു. നമ്മള്‍ ആരുടേയും അന്ത്യ വിധി കല്‍പ്പിക്കാനില്ല. ഇതൊരിക്കലും ആത്മഹത്യയെ ന്യായീകരിക്കാന്‍ എഴുതിയതല്ല. ആത്മഹത്യ ചെയ്തവരോടുള്ള നമ്മുടെ മനോഭാവം നന്നാക്കണമെന്ന് പറഞ്ഞെന്നു മാത്രം. ആത്മഹത്യ ചെയ്ത മുസ്ലീങ്ങള്‍ക്കെല്ലാം അല്ലാഹു പാപമോചനവും കാരുണ്യവും നല്‍കട്ടെ... ആമീൻ

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.