3 August 2018

ഈസാ നബിയുടെ തിരിച്ചു വരവ്

ജൂതന്മാർ പിടിച്ചു കുരിശിൽ തറച്ചു കൊല്ലുന്നതിൽ നിന്നും അല്ലാഹു രക്ഷിച്ച പ്രവാചകൻ ആണ് ഈസാ നബി.  ഈസായെ അല്ലാഹു വാന ലോകത്തേക്ക്, അവന്റെ അടുക്കലേക്ക് ഉയർത്തുകയാണ് ചെയ്തത്. അന്ത്യ നാളിന് മുന്നോടിയായി ഈസാ ഭൂമിയിലേക്ക് തിരിച്ചു വരുമെന്ന് വിശുദ്ധ ഖുർആനും മുഹമ്മദ് നബിയുടെ ഹദീസുകളും പഠിപ്പിക്കുന്നു. ഇക്കാര്യത്തിൽ മുസ്‌ലിം പണ്ഡിതർക്ക് ഇടയിൽ കാര്യമായ ഭിന്നപ്പൊന്നും ഇല്ല. യോജിപ്പാണ് ഉള്ളത്. മഹ്ദി ഇമാമിന്റെ ഭരണ കാലത്താണ് ദജ്ജാൽ പ്രത്യക്ഷപ്പെടുക എന്നും ദജ്ജാലിന്റെ  അഴിഞ്ഞാട്ടം നടക്കുമ്പോഴാണ് ഈസാ ഭൂമിയിലേക്ക് ഇറങ്ങി വരിക എന്നും പൊതുവെ ഹദീസുകളിൽ നിന്നും മനസിലാക്കാം. ഈസാ നബിയുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട വളരെ വിശ്വസനീയമായ മുഹമ്മദ് നബിയുടെ ചില ഹദീസുകൾ താഴെ വായിക്കാം.  

1) മുഹമ്മദ് നബി പറഞ്ഞു: "അല്ലാഹു ഈസബ്നു മര്‍യമിനെ നിയോഗിക്കും.   അദ്ദേഹം രണ്ടു വര്‍ണ്ണാങ്കിത അങ്കികള്‍ക്ക്  ഇടയിലായി രണ്ടു മലക്കുകളുടെ  ചിറകുകളില്‍ കൈവെച്ചു കൊണ്ട്     ഡമസ്കസിലെ കിഴക്കന്‍ വെള്ള മിനാരത്തിന് അടുത്തായി ഇറങ്ങും" (മുസ്ലിം)

2) മുഹമ്മദ് നബി പറഞ്ഞു: "എന്‍റെ ആത്മാവ്  ആരുടെ കയ്യിലാണോ അവന്‍ സത്യം!  മറിയമിന്റെ പുത്രന്‍ അധികം വൈകാതെ  ജനങ്ങളില്‍ നീതിമാനായ ഒരു ഭരണ കർത്താവായി അവതരിക്കും. അദ്ദേഹം  കുരിശുകള്‍ തകര്‍ക്കും, പന്നികളെ കൊല്ലും, ജിസ്‌യ എടുത്തു കളയും. അന്ന് ധാരാളം പണം ഒഴുകും. ദാനം സ്വീകരിക്കാന്‍ ആളില്ലാതാകും" (ബുഖാരി)  

3) മുഹമ്മദ് നബി പറഞ്ഞു: "എന്‍റെ ഉമ്മത്തില്‍ ഒരു വിഭാഗം ഖിയാമം വരെ   സത്യത്തിനു വേണ്ടി പോരാടി കൊണ്ടിരിക്കും. അങ്ങനെ ഈസാ  അവതരിക്കും. അപ്പോള്‍ മുസ്ലീങ്ങളുടെ അമീര്‍ അദേഹത്തോട് ഞങ്ങള്‍ക്ക്  ഇമാമായി നമസ്കരിക്കുക എന്ന് പറയും.   അപ്പോള്‍ അദ്ദേഹം പറയും: "ഇല്ല നിങ്ങളില്‍ ചിലര്‍ നിങ്ങളുടെ അമീര്‍മാര്‍ ആണ്,  അല്ലാഹു ഈ ഉമ്മത്തിനെ ആദരിച്ചതിനാല്‍"  (മുസ്ലിം)

4) മുഹമ്മദ് നബി പറഞ്ഞു: "ഈസാ ജനങ്ങളിലേക്ക് ഇറങ്ങിവരും. അപ്പോള്‍ ജനങ്ങളുടെ അമീര്‍ മഹ്ദി അദ്ദേഹത്തോട് ഞങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുക എന്ന് പറയും. അപ്പോള്‍ ഈസാ പറയും: "വേണ്ട, ഉമ്മത്തിനെ അല്ലാഹു ആദരിക്കാനായി നിങ്ങളില്‍ നിങ്ങളുടെ അമീര്‍ ഉണ്ടല്ലോ" (മുസ്ലിം)

5) മുഹമ്മദ് നബി പറഞ്ഞു: "ഈസാ പിന്നില്‍ നിന്ന് നമസ്കരിക്കുന്ന ഒരാള്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടാകും" (അബൂ നഈം)

6) മുഹമ്മദ് നബി പറഞ്ഞു: "മറിയമിന്റെ പുത്രന്‍ നിങ്ങളില്‍ ഇറങ്ങുകയും ആ സമയത്ത് നിങ്ങളില്‍ നിന്നൊരാള്‍ തന്നെ നിങ്ങളുടെ ഇമാമാവുകയും ചെയ്യുന്ന സമയത്ത് നിങ്ങളുടെ അവസ്ഥ എന്തായിരിക്കും!" (ബുഖാരി)

7) മുഹമ്മദ് നബി പറഞ്ഞു: "ദജ്ജാല്‍  എന്‍റെ സമുദായത്തിൽ നാല്‍പതു ദിവസം ഉണ്ടാകും.  പിന്നെ അല്ലാഹു ഈസബ്നു മറിയമിനെ നിയോഗിക്കും.   അദ്ദേഹം ഉര്‍വ ബിന്‍ മസ്ഊദിനെ  പോലിരിക്കും.  അദ്ദേഹം ദജ്ജാലിനെ  പിന്തുടരുകയും കൊല്ലുകയും  ചെയ്യും" (മുസ്ലിം)

8) മുഹമ്മദ് നബിയുടെ അനുചരന്മാർ അവിടുത്തോട് ചോദിച്ചു, അല്ലാഹുവിന്റെ ദൂതരെ, ദജ്ജാൽ വരുന്ന ദിവസം അറബികൾ എവിടെ ആയിരിക്കും?. അപ്പോൾ മുഹമ്മദ് നബി പറഞ്ഞു: "അന്നെ ദിവസം അറബികൾ വളരെ കുറവായിരിക്കും. ഉള്ളവർ ബൈത്തുൽ മുഖദ്ധസിൽ ആയിരിക്കും. അന്നവരുടെ നേതാവ്  മഹാനായ ഒരു മനുഷ്യനായിരിക്കും. അദ്ദേഹം അവരെയും കൂട്ടി ഫജ്ർ നമസ്കരിക്കാൻ ഒരുങ്ങുമ്പോൾ മറിയമിന്റെ പുത്രൻ ഈസാ അവരിലേക്ക് ഇറങ്ങി വരും. അപ്പോൾ അവരുടെ തലവൻ  ഈസാ ജനങ്ങൾക്ക് ഇമാം ആവാനായി പിന്നോട്ടു മാറി നിൽക്കും.  അപ്പോൾ  ഈസാ അദ്ദേഹത്തിന്റെ  ഇരു ചുമലുകൾക്ക് ഇടയിൽ കൈവെച്ചു കൊണ്ടു പറയും, മുന്നിലേക്ക് കേറി നിൽക്കുക, നമസ്കാരത്തിന് നേതൃത്വം നൽകുക, ഇഖാമത് വിളിക്കപ്പെട്ടത് താങ്കൾക്ക് വേണ്ടിയാണ്.  അങ്ങനെ അദ്ദേഹം മുന്നിൽ കേറി നിന്ന് നമസ്കാരം നയിക്കും. നമസ്കാരം കഴിഞ്ഞാൽ ഈസാ വാതിൽ തുറക്കാൻ കല്പിക്കും. വാതിൽ തുറക്കുമ്പോൾ അതിനു മുമ്പിൽ ദജ്ജാലും അവന്റെ കൂടെ 70000 ജൂതന്മാരും ഉണ്ടാകും. അവരെല്ലാം പച്ച കോട്ടുകൾ ധരിച്ചവരും  അലങ്കരിച്ച വാളുകൾ കൈവശമുള്ളവരും ആയിരിക്കും. ഈസായെ കാണുമ്പോൾ ദജ്ജാൽ  വെള്ളത്തിൽ ഉപ്പ് ഉരുകുന്നതു പോലെ ഉരുകാൻ തുടങ്ങും. അവൻ ഈസായിൽ നിന്നു ഓടി അകലാൻ ശ്രമിക്കുമ്പോൾ ഈസാ പറയും, എനിക്ക് നിന്നെ ഒരു പ്രഹരം ഏൽപ്പിക്കാൻ ഉണ്ട്, നിനക്ക് എന്നിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. അങ്ങനെ ഈസാ ദജ്ജാലിനെ ലുദ്ധിലെ കിഴക്കൻ വാതിലിനരികിൽ വെച്ചു പിടികൂടുകയും കൊല്ലുകയും ചെയ്യും" (ഇബ്നു മാജ)

9) മുഹമ്മദ് നബി പറഞ്ഞു: "എനിക്കും  ഈസാക്കും  ഇടയില്‍ മറ്റൊരു നബിയില്ല.   അദ്ദേഹം ഭൂമിയില്‍ അവതരിക്കും. നിങ്ങള്‍ അദ്ധേഹത്തെ  കാണുമ്പോള്‍ തിരിച്ചറിയുക;   ശരാശരി നീളമുള്ളവനും ചുവപ്പ് കലര്‍ന്ന നിറമുള്ളവനും കനം കുറഞ്ഞ രണ്ടു മഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചവനുമായിരിക്കും അദ്ദേഹം. അദ്ദേഹത്തിന്റെ തലയില്‍ നിന്ന് ജല കണങ്ങള്‍ ഉതിര്‍ന്നു വീഴുന്ന പോലെ തോന്നുമെങ്കിലും അത് നനഞ്ഞിരിക്കില്ല.  അദ്ദേഹം ഇസ്ലാമിന് വേണ്ടി യുദ്ധം ചെയ്യും.  കുരിശുകള്‍ തകര്‍ക്കും പന്നികളെ കൊല്ലും  ജിസിയ എടുത്തു കളയും. അല്ലാഹു ഇസ്ലാമല്ലാത്ത എല്ലാ മതങ്ങളെയും  നശിപ്പിക്കും. അദ്ദേഹം കള്ള മസീഹിനെ കൊല്ലുകയും ഭൂമിയില്‍ നാല്‍പതു വര്‍ഷം  ജീവിക്കുകയും മരിക്കുകയും ചെയ്യും.  മുസ്ലീങ്ങള്‍ അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്കരിക്കും" (അബൂദാവൂദ്)

അന്‍സാര്‍  അലി  നിലമ്പൂര്‍.

No comments:

Post a Comment

Note: only a member of this blog may post a comment.