7 August 2018

ഓറൽ സെക്‌സ് ധാർമ്മികമോ..?

ഓറല്‍ സെക്സ് എന്നതിന്റെ ഉദ്ദേശ്യം സ്വന്തം വായ കൊണ്ടു പങ്കാളിയുടെ ലൈംഗീക അവയവത്തിൽ സുഖം വരുത്തി കൊടുക്കലാണ്. അതിലൂടെ ലഭിക്കുന്ന സുഖം കൊണ്ടു പുരുഷന്‍ ശുക്ലം സ്രവിക്കുന്നു, സ്ത്രീക്കും സംതൃപ്തി ലഭിക്കുന്നു. ഓറല്‍ സെക്സില്‍ ലൈംഗീക അവയവങ്ങൾ തമ്മില്‍ അല്ല സംയോഗം നടക്കുന്നത്, മറിച്ച് ഒരാളുടെ വായും മറ്റേയാളുടെ ലൈംഗീക അവയവും തമ്മില്‍ ആണ്. ഓറൽ സെക്സ് ധാർമ്മികമോ അതോ അധാർമ്മികമോ എന്നതാണ് ഇവിടെ വിവരിക്കാൻ പോകുന്നത്. 

ഓറൽ സെക്സിനെ തെറ്റായും ശരിയായും കാണുന്ന മനുഷ്യർ ഉണ്ട്. ഇരുകൂട്ടർക്കും അവരുടേതായ ന്യായങ്ങൾ ഉണ്ട്. ഓറൽ സെക്സിനെ തെറ്റായി കാണുന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളും ബുദ്ധ മതക്കാരും മറ്റു മതക്കാരും യുക്തി വാദികളും അവരവരുടെ വേദ പുസ്തക ത്തിൽ നിന്നും മറ്റും പല ന്യായങ്ങളും എടുത്തു ഉദ്ധരിക്കുന്നു. പങ്കാളിയെ കൊണ്ടു നിർബന്ധിച്ചു, ബലമായി ഓറൽ സെക്‌സ് ചെയ്യിക്കുന്നതിനെ ധാർമ്മിക ബോധമുള്ള ആരും സപ്പോട്ട് ചെയ്യില്ല. ഇന്ത്യൻ പീനൽ കോഡിന്റെ സെക്ഷൻ 377 ൽ ഓറൽ സെക്സിനെ പ്രകൃതി വിരുദ്ധവും നിയമ വിരുദ്ധവുമായി കാണുന്നു. ഓറൽ സെക്സിനെ തെറ്റായി കാണുന്നവർ അതിനെ ലജ്ജാകരം, പ്രകൃതി വിരുദ്ധം, വൃത്തികേട്‌, അനാരോഗ്യകരം എന്നൊക്കെ വിശേഷിപ്പിക്കുന്നു.  

നാല് കാരണങ്ങള്‍ ആണ് ഓറൽ സെക്സ്  അധാര്‍മ്മികം എന്ന് പറയാന്‍ പ്രധാനമായും മനുഷ്യർ  ഉന്നയിക്കുന്നത് എന്നു മുകളില്‍ കണ്ടു. ഒന്നാമത്തെ കാരണം ലജ്ജാകരം എന്നതാണ്. ഓറൽ സെക്സ് ചെയ്യാനും ചെയ്യിക്കാനും ലജ്ജ ഇല്ലാത്തവര്‍ അത് ചെയ്യുന്നു, ലജ്ജ ഉള്ളവര്‍ അത് ചെയ്യുന്നുമില്ല. അതിനെ അവർ ഒരു ലൈംഗീക വൈകൃതമായി കാണുന്നു. ലജ്ജ എന്ന ഗുണത്തെ മനുഷ്യ സമൂഹം നല്ലൊരു ഗുണമായി കാണുന്നു. ലജ്ജ മതങ്ങൾ ഏറെ സപ്പോട്ട് ചെയ്ത മാനുഷിക ഗുണമാണ്. "ലജ്ജ ഇല്ലെങ്കില്‍ നീ തോന്നിയ പോലെ പ്രവർത്തിച്ചു കൊള്ളുക" എന്ന നബി വചനം പ്രസിദ്ധമാണ്. അതിനാല്‍ ഓറൽ സെക്‌സ് ചെയ്യാൻ ലജ്ജ ഉള്ളവര്‍ അത് ചെയ്യുന്നില്ല.   

ഓറൽ സെക്സിനെ ചിലർ തെറ്റായി കാണാൻ രണ്ടാമത്തെ കാരണം "പ്രകൃതി വിരുദ്ധം" എന്നതാണ്. ഇണയുടെ വായില്‍ സുഖം കണ്ടെത്തുന്ന, വായ കൊണ്ട് ലൈംഗീക പങ്കാളിക്ക് സുഖം ഉണ്ടാക്കി കൊടുക്കുന്ന മനുഷ്യൻ അല്ലാത്ത മറ്റൊരു ജീവി ഭൂമിയില്‍ വേറെയുണ്ടോ എന്നതു സംശയമാണ്. ഓറൽ സെക്സ് പ്രകൃതിയിൽ ജീവികൾക്ക് ഇടയിൽ സാധാരണ നടക്കുന്നതിനു തികച്ചും വിരുദ്ധമാണ്. ഒരാള്‍ക്ക്‌ ഇണയുടെ യോനിയില്‍ സംയോഗം ചെയ്യാനല്ല വായില്‍ ചെയ്യാനാണ് താല്‍പര്യ മെങ്കില്‍ ദാമ്പത്യ ജീവിതത്തെ അതു പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഓറൽ സെക്‌സിന് അടിമയായ വ്യക്തിക്ക് നോർമലായ ദാമ്പത്യ ജീവിതത്തിൽ ഏർപ്പെടാൻ കഴിയണം എന്നില്ല. 

ഓറൽ സെക്സ് അധാര്‍മ്മികമായി കാണാൻ ഉന്നയിക്കുന്ന മൂന്നാമത്തെ കാരണം അത് "വൃത്തികേട്" ആണെന്ന താണ്.  ചിലർ അതിനെ അറപ്പോടെയും വെറുപ്പോടെയും കാണുന്നു. മൂത്രമൊഴിപ്പ് കഴിഞ്ഞു എങ്ങനെ വൃത്തി ആക്കിയാലും കൂടുതല്‍ ഉള്ളിലേക്ക് ആ വൃത്തിയാക്കൽ പോകുന്നില്ല. ഉള്ളില്‍ മൂത്രത്തിന്‍റെ അംശങ്ങള്‍ പിന്നെയും തങ്ങി നില്‍ക്കുന്നു. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മദജലവും മൂത്രത്തിന്‍റെ അംശവും കൂടി ഒരുമിച്ച് പുറത്തേക്കു വരുന്നു. അതാണ്‌ ഓറൽ സെക്‌സിൽ വായ കൊണ്ട് സ്പര്‍ശിക്കുന്നത്. ചിലർ അത് അപ്പടി വിഴുങ്ങുകയും ചെയ്യുന്നു. 

ഓറൽ സെക്‌സ് അധാര്‍മ്മികമായി കാണാൻ ഉന്നയിക്കുന്ന നാലാമത്തെ കാരണം അത് അനാരോഗ്യകരമാണ് എന്നതാണ്. ലൈംഗീക അവയവങ്ങളില്‍ പല്ലു കൊണ്ട് മുറിവ് ഏല്‍ക്കുമ്പോള്‍ ആ മുറിവിലൂടെ ചിലത് പാസ് ചെയ്യുന്നു, പല്ലു കൊണ്ടുള്ള മുറിവ് മാരകമാകാനും സാധ്യത ഉണ്ട്. വികാര തള്ളിച്ചയില്‍ പല്ലു കൊണ്ടുള്ള കടിയുടെ ശക്തി കൂടാമല്ലോ. അത്തരം സംഭവങ്ങളും കടിയേറ്റവര്‍ ഡോക്ടര്‍മാരുടെ അടുക്കല്‍ ചികിത്സക്ക് വരലും സാധാരണ കാര്യമാണ്. മാലിന്യം വായിലാക്കല്‍ അനാരോഗ്യ പ്രവണത യാണ് എന്നും കരുതപ്പെടുന്നു. അല്ലെന്നു തോന്നുന്നവര്‍ക്ക് ആര്‍ത്തവ സമയത്തും സ്ത്രീയുടെ മാലിന്യം വായിലാക്കല്‍ കുഴപ്പമില്ലാത്ത കാര്യം ആകുമല്ലോ എന്നും കരുതപ്പെടുന്നു.

മുകളിലുള്ള നാല് കാരണങ്ങളും ഒത്തു ചേര്‍ന്ന ഓറൽ സെക്സ് ഇസ്‌ലാമിൽ അനുവദനീയമാണ് എന്നു വിശ്വസിക്കാൻ കഴിയാത്ത മുസ്ലീങ്ങൾ ഉണ്ട്. ഹനഫീ പണ്ഡിതര്‍ ഓറൽ സെക്സിനെ വെറുത്ത തായും മാലിക്കികള്‍ നിരുപാധികം അനുവദിച്ച തായും സലഫികള്‍ ഉപാധിയോടെ അനുവദിച്ച തായും കാണുന്നു. ഖണ്ഡിതമായ തെളിവ് ഇല്ലാത്തതാവാം ഇങ്ങനെയുള്ള ഭിന്നതക്ക് കാരണം. ഓറൽ സെക്സിനെ എതിര്‍ത്ത പണ്ഡിതന്മാര്‍ അതിനെ ഹറാം എന്നല്ല മക്രൂഹ് എന്നാണ് പറഞ്ഞത്. അത് ഹറാമിന്‍റെ മക്രൂഹു ആണെന്നും ചില പണ്ഡിതര്‍ പറയുന്നു. മുമ്പ് പണ്ഡിതര്‍ ഖണ്ഡിതമായ തെളിവ് ഇല്ലാത്ത കാര്യങ്ങളെ ഹറാം എന്ന് പറഞ്ഞിരുന്നില്ല മക്രൂഹ് എന്നു പറയൽ ആയിരുന്നു പതിവ് എന്നതും പരിഗണിക്കണം. ദിക്ര്‍ ചൊല്ലുന്ന, ഖുര്‍ആന്‍ ഓതുന്ന, പ്രാര്‍ഥിക്കുന്ന വായ കൊണ്ട് മാലിന്യം ഒഴുകുന്ന ഇടങ്ങള്‍ സ്പർശിക്കൽ ശരിയല്ലെന്ന് കുറെയധികം മുസ്ലീങ്ങൾ വിശ്വസിക്കുന്നു. 

അല്ലാഹു ആണിനും പെണ്ണിനും ലൈംഗീക അവയ വങ്ങള്‍ നല്‍കിയത് അവ തമ്മില്‍ ചേരാനാണ്. അതാണ്‌ പ്രകൃതി. ആര്‍ത്തവത്തെ പറ്റി ഖുര്‍ആനില്‍ പറഞ്ഞു: "അവര്‍ (സ്ത്രീകള്‍) ശുചീകരിച്ചു കഴിഞ്ഞാല്‍ (ആര്‍ത്തവത്തില്‍ നിന്ന്) അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെല്ലുക (2:222). ഇവിടെ, "അല്ലാഹു നിങ്ങളോട് കല്‍പ്പിച്ച വിധം" എന്നതിന്‍റെ ഉദ്ദേശ്യം ഇബ്നു അബ്ബാസ് പറയുന്നത് യോനിയില്‍ സംയോഗം നടത്തുക എന്നാണ്. അല്ലാതെ വായിൽ നടത്തുക എന്നല്ല. മല ദ്വാരത്തില്‍ സംയോഗം നടത്തുന്നത് ഇസ്ലാം വിലക്കി. കുഫ്ര്‍ ആണത് എന്ന് നബി  പറഞ്ഞതു ഹദീസിലുണ്ട്. അപ്പോള്‍ പ്രകൃതി എന്നത് അല്ലാഹു സംയോഗം നടത്താന്‍ ഏര്‍പ്പെടുത്തിയ യോനിയില്‍ സംയോഗം നടത്തലാണ്. മലദ്വാരം വിലക്കിയ അല്ലാഹു വായ അനുവദിച്ചു എന്നു പറയുന്നത് ശരിയല്ല. ഇങ്ങനെയാണ് ഓറൽ സെക്സിനെ എതിർക്കുന്ന മുസ്ലീങ്ങളുടെ വാദം.

ഇസ്ലാമില്‍ മദജലവും മൂത്രവും മാലിന്യമാണ്. ഇക്കാര്യത്തില്‍ എല്ലാ മദ്ഹബും യോജിപ്പിലാണ്. മാലിന്യം വായിലാക്കുന്ന ഓറൽ സെക്‌സ് വൃത്തികേട്‌ ആണ്. വൃത്തിയും ശുദ്ധിയും ഇസ്ലാമിന്റെ പാതിയാണ്. മുഹമ്മദ് നബിയുടെ നിയോഗിത ലക്ഷ്യം നല്ലവ മനുഷ്യന് അനുവദിക്കലും വൃത്തികേട്‌ നിഷിദ്ധമാക്കലും ആണെന്ന് അല്ലാഹു പറഞ്ഞതായി വിശുദ്ധ ഖുര്‍ആന്‍ 7:157 ല്‍ കാണാം. അതിനാൽ ഓറൽ സെക്‌സ് അനുവദനീയമല്ല, ഇങ്ങനെയും ചില മുസ്ലീങ്ങൾ വാദിക്കുന്നു.

ഓറൽ സെക്സിനെ തെറ്റായി കാണാത്ത വർക്കും ഉണ്ട് വാദങ്ങളും ന്യായങ്ങളും. ഓറൽ സെക്‌സ് ചരിത്രാതീത കാലം മുതൽ മനുഷ്യർ ചെയ്തു വരുന്നതാണ്. അതു നിഷിദ്ധമായ കാര്യം ആയിരുന്നു എങ്കിൽ ഇസ്‌ലാം അതിനെ വ്യക്തമായി വിലക്കിയിരുന്നു. എന്നാൽ ഓറൽ സെക്സിനെ കുറിച്ച് അല്ലാഹുവോ റസൂലോ ഖണ്ഡിതമായി ഒന്നും പറയാതെ അനുവദിച്ചു കണ്ണടക്കുകയാണ് ചെയ്തത് എന്നവർ പറയുന്നു. നിലവിലുള്ള ഒരു കാര്യത്തെ കുറിച്ച് അല്ലാഹുവും റസൂലും വ്യക്തമായി പറയാതെ ഒഴിവാക്കി വിട്ടതിനെ കുറിച്ചു പണ്ഡിതന്മാർ ഗവേഷണം ചെയ്യേണ്ട ആവശ്യമില്ല എന്നും അവർ പറയുന്നു. അതിനും പണ്ഡിതർക്ക് അധികാരം ഉണ്ടെന്നു ഈ വീക്ഷണത്തെ എതിർക്കുന്നവർ പറയുന്നു.

ഓറൽ സെക്സ് ലൈംഗീകതയുടെ പൂര്‍ണ്ണതയില്‍ പെട്ടതാണ് എന്നാണ് മറ്റൊരു  വാദം. മാലിന്യം വായിലാക്കല്‍ ആണോ ലൈംഗീകതയുടെ പൂര്‍ണ്ണത എന്ന് ചില മുസ്ലീങ്ങൾ തിരിച്ചു ചോദിക്കുന്നു. ഇസ്ലാമില്‍ എന്തിനും അതിരുണ്ട്, അമിതത്വം ഇസ്ലാമികമല്ല, അമിതക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നുമില്ല, ലൈംഗീകത വിലക്കുകള്‍ ഇല്ലാത്ത രംഗമാണ് എന്നതു അന്ധ വിശ്വാസമാണ്, പങ്കാളിയുടെ തൃപ്തിക്ക് വേണ്ടി എന്തും ചെയ്തു കൊടുക്കുക, സ്വന്തം സുഖത്തിനു വേണ്ടി പങ്കാളിയെ കൊണ്ട് എന്ത് വൃത്തികേടും ചെയ്യിപ്പിക്കുക എന്നത് ഇസ്ലാമിന് നിരക്കാത്ത സ്വഭാവമാണ്, ഓറൽ സെക്‌സ് ശരിയാണെങ്കിൽ സാടിസ്റ്റുകളും നിംഫോ മാനിയാക്കുകളും ലൈംഗീക പങ്കാളിയെ കൊണ്ട് ചെയ്യിക്കുന്ന വൈകൃതങ്ങളും ഇസ്ലാമികമാണ് എന്ന് പറയേണ്ടി വരും എന്നവർ പറയുന്നു.

നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാണ്, അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാം എന്ന ഖുർആൻ വചനം ഉദ്ധരിച്ച് മുസ്ലീങ്ങൾക്ക് ഓറല്‍ സെക്സും ആകാം എന്നു ചിലർ വാദിക്കുന്നു. ഈ വാദത്തിനു ചില മുസ്ലീങ്ങൾ ഇങ്ങനെ മറുപടി പറയുന്നു, പ്രസ്തുത വചനം അവതരിക്കാനുള്ള കാരണം പുരുഷ ലിംഗം സ്ത്രീയുടെ പിന്നിലൂടെ യോനിയില്‍ പ്രവേശിപ്പിച്ചു സംയോഗം ചെയ്‌താല്‍ ജനിക്കുന്ന കുഞ്ഞിനു വൈകല്യം ഉണ്ടാകും എന്ന ജൂത വിശ്വാസം തിരുത്തലാണ്. സ്ത്രീയുടെ യോനിയാകുന്ന കൃഷി ഇടത്തിലേക്ക് ബീജവുമായി മുന്നിലൂടെയോ പിന്നിലൂടെയോ ചെല്ലാം എന്നാണു അല്ലാഹു പറയുന്നത്. അല്ലാതെ വായയുമായി ചെല്ലാം എന്നല്ല. ഭാര്യയാകുന്ന കൃഷി ഇടത്തിലേക്ക് വായയുമായി ചെല്ലുന്നവന്റെ വായില്‍ വിത്തെവിടെ, ഓറല്‍ സെക്സ്   എങ്ങനെയാണ്‌ കൃഷി ആകുന്നതു എന്നൊക്കെ ഇവർ ചോദിക്കുന്നു.

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.