9 August 2018

തെറ്റായ ഭക്ഷണ ശീലങ്ങൾ

തെറ്റായ ഭക്ഷണ ശീലങ്ങൾ നമുക്ക് അനാരോഗ്യവും രോഗങ്ങളും നൽകുന്നു. വിശാലമായ വായനയിൽ നിന്നും കുറെയൊക്കെ അനുഭവത്തിൽ നിന്നും മനസ്സിലായ തെറ്റായ ഭക്ഷണ ശീലങ്ങളാണ് താഴെ വിവരിക്കുന്നത്. 

1) സ്പീഡിൽ ഭക്ഷണം കഴിക്കുന്നത് തെറ്റായ ശീലമാണ്. അങ്ങനെ കഴിച്ചാൽ തലച്ചോറിന് ഭക്ഷണം കഴിക്കുന്നത് അറിയാനുള്ള സമയം ലഭിക്കുന്നില്ല. ഭക്ഷണം കഴിച്ചു തുടങ്ങി 10-15 മിനിറ്റിന് ശേഷമാണ് വയർ നിറഞ്ഞു എന്ന സന്ദേശം തലച്ചോറിൽ നിന്ന് വരുന്നത്. ആ സന്ദേശം വിടാൻ ദഹനത്തെ സഹായിക്കുന്ന ഹോർമോണുകൾ നൽകുന്ന സന്ദേശം തലച്ചോറിനു കിട്ടണം. അതിനാൽ വേഗത്തിൽ ഭക്ഷണം കഴിക്കുക എന്നാൽ അമിതമായി ഭക്ഷണം കഴിക്കുക എന്നാണ് അർത്ഥം. വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ കൂടെ കുറെ വായുവും ഉള്ളിൽ എത്തുന്നു. ചവക്കൽ കുറയുന്നു. ഇതു ദഹനം പതുക്കെ ആക്കുന്നു. സാവധാനം ഭക്ഷണം കഴിക്കണം. നന്നായി ചവച്ചരച്ച് ഇറക്കുക. ഓരോ തവണയും കുറഞ്ഞ അളവിൽ മാത്രം ഭക്ഷണം വായിലേക്ക് വെക്കുക. ധൃതി പിശാചിൽ നിന്നാണ് എന്ന നബി വചനം ഓർക്കുക. 

2) ഭക്ഷണത്തിന് ഇടയിൽ ടിവി കാണുക, ഫോണിൽ കളിക്കുക, വായിക്കുക, കൂടുതൽ ചിന്ത വേണ്ട ഗൗരവമുള്ള കാര്യങ്ങൾ സംസാരിക്കുക എന്നതൊക്കെ തെറ്റായ ശീലമാണ്. അപ്പോൾ ഭക്ഷണത്തിൽ ആയിരിക്കില്ല ശ്രദ്ധ. ഇത് അമിതമായി ഭക്ഷിക്കു ന്നതിനു കാരണമാകും. എത്ര ഭക്ഷണം കഴിച്ചുവെന്നോ എത്ര നേരമായി ഭക്ഷണം കഴിക്കുന്നുവെന്നോ അറിയില്ല. ഇത് അമിത വണ്ണത്തിനും അനാരോഗ്യത്തിനും കാരണമാകും. ഭക്ഷിക്കുന്ന സമയത്ത് അതിൽ മാത്രം ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ ശരീരത്തിന് എത്രത്തോളം ഭക്ഷണം ആവശ്യമാണെന്ന് മനസ്സിലാവൂ, ഭക്ഷണത്തിന്റെ രുചി അപ്പഴേ ശരിക്കു ആസ്വദിക്കാനും കഴിയൂ.

3) ദിവസം മുഴുവന്‍ ഇടയ്ക്കിടെ എന്തെങ്കിലും തിന്നു കൊണ്ടിരിക്കൽ തെറ്റായ ശീലമാണ്. നോർമലായി ദിവസേന മൂന്നു നേരം ഭക്ഷണമാവാം. കാലത്തു എട്ടു മണിക്കും  ഉച്ചയ്ക്ക് രണ്ടു മണിക്കും രാത്രി എട്ടു മണിക്കും അതിനു പറ്റിയ സമയമാണ്. അപ്പോൾ ഭക്ഷണങ്ങൾ തമ്മിൽ ആറു മണിക്കൂർ ഇടവേള ഉണ്ടാകും. ഒരിക്കൽ കഴിച്ചത് ദഹിച്ചു വിശക്കാൻ പര്യാപ്തമായ സമയമാണ് ആറു മണിക്കൂർ. ഒരിക്കൽ കഴിച്ചത് ദഹിക്കാതെ വീണ്ടും കഴിച്ചാൽ ദഹന പ്രശ്നങ്ങൾ ഉറപ്പാണ്. കുറച്ചു വീതം ആറു നേരം ഭക്ഷിക്കാം എന്നു പറയുന്നുണ്ട്. മനോ നിയന്ത്രണം ഇല്ലാത്തവർ അപ്പോൾ കൂടുതൽ കഴിച്ചേക്കും.  മാത്രമല്ല, അപ്പോൾ ഭക്ഷണം കഴിപ്പ് തന്നെ ഒരു ഏർപ്പാടായി മാറും. ഭക്ഷണ ശേഷം വയറ്റിൽ രൂപപ്പെടുന്ന വായു കളയാൻ ഇടയ്ക്കിടെ ടോയിലെറ്റിൽ പോകേണ്ടിയും വരും. 

4) ഉപ്പ്, പഞ്ചസാര, എരിവ്, പുളി, പാൽ, ചായ, കോഫി, മൈദ, എണ്ണ, കൊഴുപ്പ്, വെണ്ണ, മാംസം, മസാല, വെള്ളം... ഇവയൊക്കെ കൂടിയ അളവിൽ കഴിച്ചാൽ പലവിധ ശാരീരിക പ്രശ്നങ്ങൾ ഉണ്ട്. മിതമായ അളവിൽ ആയാൽ വലിയ തകരാർ ഇല്ല. ഒരു ദിവസം ഇവയൊക്കെ എത്ര അളവിൽ ശരീരത്തിൽ ചെല്ലാം എന്നതിന് ഓരോ ശരീരത്തിനും ഓരോ കണക്കുണ്ട്.  അവനവന്റെ ശരീരത്തെയും കഴിക്കുന്ന ഭക്ഷണത്തെയും അറിയൽ പ്രധാനമാണ്. അമിതക്കാർ പിശാചിന്റെ സഹോദരങ്ങൾ ആണെന്ന വിശുദ്ധ ഖുർആന്റെ വാക്കുകൾ ഓർക്കുക. 

5) കലോറി നോക്കാതെ ഭക്ഷണം കഴിക്കൽ തെറ്റായ ശീലമാണ്. ശരീരം പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജത്തിന്റെ അളവാണ് കലോറി. ശരീരത്തിന് ആവശ്യമായതിലും കൂടുതൽ കലോറി കഴിച്ചാൽ അധികം വരുന്ന ഊർജ്ജം കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞു കൂടുന്നു. അങ്ങനെ അമിത വണ്ണവും ഹൃദയ പ്രശ്നങ്ങളും ഉണ്ടാവുന്നു. ആവശ്യമായ കലോറി കിട്ടാൻ ചോറോ കപ്പയോ അങ്ങനെ എന്തെങ്കിലും കഴിക്കലും നല്ല ശീലമല്ല. ശരീരത്തിന് കലോറി മാത്രം പോരല്ലോ. വൈറ്റമിൻസും മിനറല്സും പ്രോട്ടീനും കൊഴുപ്പുമെല്ലാം വേണം. 

6) ഭക്ഷണം കഴിക്കുമ്പോൾ വീണ്ടും വീണ്ടും വിളമ്പി കഴിക്കൽ അത്ര നല്ല ശീലമല്ല. അപ്പോൾ കഴിച്ചതിന്റെ അളവ് അറിയാതെ പോവുന്നു, കൂടുതൽ കഴിച്ചു പോകുന്നു. ആദ്യ വിളമ്പലിൽ തന്നെ കഴിക്കാൻ ആവശ്യമുള്ളത് എടുക്കലാണ് നല്ല രീതി. അതു സ്വസ്ഥമായി ഇരുന്നു കഴിച്ചു എഴുന്നേറ്റു പോവുക. അപ്പോൾ വിളമ്പുന്നവർക്ക് കൂടുതൽ പണി കൊടുക്കേണ്ടതില്ല. ഇടയ്ക്കിടെ വിളിച്ചു ചോദിച്ചു മറ്റുള്ളവരെ ശല്യം ചെയ്യേണ്ടതുമില്ല. വീണ്ടും വിളമ്പാനായി കുറെ ഭക്ഷണം അടുത്തായി തുറന്നു വെക്കേണ്ട ആവശ്യവുമില്ല. 

7) കാലാവസ്ഥ നോക്കാതെ അതുമിതും വാരിവലിച്ചു കഴിക്കൽ നല്ല ശീലമല്ല. ഉദാഹരണം, തണുപ്പേറിയ യൂറോപ്യൻ  രാജ്യങ്ങളിലെ കൊഴുപ്പേറിയ ഭക്ഷണ ശീലം കേരളത്തിലും എത്തിയല്ലോ. ഇവിടുത്തെ ചൂടു കാലാവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ല അത്.  എന്നിട്ടും അതിന്റെ രുചിക്ക് മലയാളി അടിമപ്പെട്ടു. അതു കഴിച്ചാൽ ശരീരം അമിതമായി ചൂട് ഉൽപ്പാദിപ്പിക്കുന്നു. കഴിക്കുന്നത് ചൂടുകാലത്തു ആകുമ്പോൾ ശരീരത്തിന് ഉള്ളിലും ചൂട് പുറത്തും ചൂട്. കാലാവസ്ഥയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. 

8) പ്രഭാത ഭക്ഷണം പറ്റെ ഒഴിവാക്കലും സ്നാക്സിൽ ഒതുക്കലും നല്ല ശീലമല്ല. ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും ഉണ്ടാകാൻ പ്രഭാത ഭക്ഷണം  പ്രധാനമാണ്.  പ്രോട്ടീന്‍ അടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഉന്‍മേഷം ഉണ്ടാകുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ദിവസം മുഴുവന്‍ ക്ഷീണവും മന്ദതയും ഉണ്ടാക്കുന്നു. എപ്പോഴും വിശപ്പ് തോന്നുന്നു. ഉച്ചയാകുമ്പോള്‍ നല്ല വിശപ്പും ക്ഷീണവും കൊഴുപ്പേറിയ ഭക്ഷണത്തോടും മറ്റും കൂടുതല്‍ ആര്‍ത്തിയും തോന്നുന്നു. അപ്പോൾ ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടുന്നു. ഇതു ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണ ശീലമായി മാറുന്നു.  ഈ ശീലം തുടരുമ്പോള്‍, പ്രമേഹം ഉള്‍പ്പടെയുള്ള പലതരം ജീവിത ശൈലി രോഗങ്ങൾ ഉണ്ടാകുന്നു. 

9) നിന്നും നടന്നും കിടന്നും ഭക്ഷണം കഴിക്കൽ അത്ര നല്ല ശീലമല്ല. ശരിയായ രൂപത്തിൽ ഇരുന്നു ഭക്ഷണം കഴിക്കലാണ് മാന്യതയും ഭക്ഷണത്തിലേക്കു ശ്രദ്ധിക്കാനും അമിതമായി ഭക്ഷിക്കാതെ ഇരിക്കാനും നല്ലത്.  കിടന്നും ഇരുന്നും നിന്നും നടന്നും ഭക്ഷണം കഴിക്കുന്നതിനെ സംബന്ധിച്ചു സൂക്ഷ്മമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ഇരുന്നു കഴിക്കലാണ് താരതമ്യേന മെച്ചപ്പെട്ട രീതി എന്നാണ് അവയിൽ നിന്ന് മനസ്സിലാവുന്നത്. 

10) ചൂടും തണുപ്പും കൂടിയ ഭക്ഷണം കഴിക്കുന്നത് തെറ്റായ ശീലമാണ്. ചൂട് കൂടിയ ഭക്ഷണം കഴിക്കുന്നത് മുഹമ്മദ് നബി വിരോധിച്ചിട്ടുണ്ട് (ബൈഹഖി). ചൂടു കൂടിയ ഭക്ഷണം നാവിലെയും വായിലെയും സെല്ലുകളെ നശിപ്പിക്കുന്നു. വേറെയും പ്രശ്നങ്ങൾ അതു കൊണ്ടു ഉണ്ട്. തണുപ്പ് കൂടിയ ഭക്ഷണം പല്ലിനെ കേട് വരുത്തുന്നു. ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. തണുത്ത ഭക്ഷണത്തിൽ നശിക്കാതെ കിടക്കുന്ന ബാക്ടീരിയകൾ കഫക്കെട്ടിനും വയറ്റിലെ അസ്വസ്ഥത കൾക്കും കാരണമാകുന്നു. 

11) കരിഞ്ഞതും മൊരിഞ്ഞതുമായ മാംസ വിഭവങ്ങളും ജങ്ക് ഫുഡുകളും ആമാശയത്തിലും കുടലിലും കാൻസറിനു കാരണമാകും. ആരോഗ്യത്തെ കാര്യമായ രീതിയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ ക്ഷീണിപ്പിക്കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസി യേഷന്റെ പഠന പ്രകാരം ആഴ്ചയില്‍ മൂന്നു തവണ വരെ പൊരിച്ച ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് ഹൃദയ സ്തംഭന സധ്യത 23 ശതമാനം ഉണ്ടെന്നാണ്. 6 തവണ ആഴ്ചയില്‍ പൊരിച്ച ഭക്ഷണം കഴിക്കുന്നവർക്ക് 265 ശതമാനം ഹൃദ്രോഗ സാധ്യതയും ഉണ്ടത്രെ. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ സ്വാദ് നമ്മെ എപ്പോഴും പ്രലോഭിപ്പിക്കുന്നു. എന്നാൽ ഇതിൽ അടങ്ങിയ ഘടകങ്ങൾ ശരീരത്തിലെ ഫാറ്റും കാലറിയും ഉയർത്തുന്നു, മുഖക്കുരു ഉണ്ടാക്കുന്നു.

12) പലതരം ഭക്ഷണ വസ്തുക്കൾ കൂട്ടിക്കലർത്തി കഴിക്കുന്നത് നല്ല ശീലം അല്ലെന്നു ആയുർ വേദവും മറ്റും പറയുന്നു. വിരുദ്ധ ആഹാരങ്ങൾ ദഹന പ്രശ്നങ്ങളും അജീർണ്ണവും ഉണ്ടാക്കുന്നു. ഭക്ഷണത്തിലെ ചില ഘടകങ്ങൾ മറ്റു ചില ഘടകങ്ങളെ നിർവീര്യമാക്കി ആവശ്യമില്ലാത്ത മറ്റു ഘടകങ്ങൾ ഉണ്ടാക്കുന്നു. ഇക്കാര്യം ആധുനിക മെഡിക്കൽ സയൻസ് അംഗീകരിച്ച പോലാണ്. നെറ്റിൽ ബാഡ് ഫുഡ് കോമ്പിനേഷൻസ് എന്നു സെർച്ച് ചെയ്താൽ വിവിധ പഠനങ്ങൾ കാണാം. ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ചും അവ വയറ്റിൽ ഉണ്ടാക്കുന്ന ഫലങ്ങളെ കുറിച്ചും അറിഞ്ഞാൽ എന്തൊക്കെ തമ്മിൽ യോജിപ്പിച്ചു കഴിക്കാൻ പാടില്ല എന്നൊരു ധാരണ കിട്ടും. 

13) ഭക്ഷണത്തിനു തൊട്ടു മുമ്പോ ഭക്ഷണത്തിന് ഇടയിലോ ഭക്ഷണം കഴിച്ച ഉടനെയോ സാധാരണ ചായ കുടിക്കുന്നത് നല്ല ശീലമല്ല എന്നു പഠനങ്ങൾ പറയുന്നു.  ചായ കൊണ്ടു ശരീരത്തിന് ഒട്ടേറെ ഗുണങ്ങൾ ഉണ്ട്. എന്നാൽ അതു ഭക്ഷണവുമായി മിക്സ് ചെയ്യുന്നത്  ഭക്ഷണത്തിലെ ഇരുമ്പു അടക്കം പലതും ശരീരം ആഗിരണം ചെയ്യുന്നത് തടയുന്നു. ഭക്ഷണത്തിന് ഒന്നൊന്നര മണിക്കൂർ മുമ്പോ ശേഷമോ ചായ കുടിക്കാം. ചായയിൽ പാൽ ഒഴിക്കുന്നത് ചായയുടെയും പാലിന്റെയും ഗുണം ഇല്ലാതാക്കും എന്നു പഠനങ്ങൾ പറയുന്നു. ചായയിൽ പഞ്ചസാരക്ക് പകരം തേനും ചെറു നാരങ്ങാ നീരും ഇഞ്ചി നീരുമൊക്കെ ചേർക്കുന്നത് നല്ലതാണ് എന്നും പഠനങ്ങൾ പറയുന്നു. 

14) രാത്രി എട്ടു മണിക്ക് ശേഷം വൈകി ഭക്ഷണം കഴിക്കുന്നത് അത്ര നല്ല ശീലമല്ല. രാത്രി എട്ടു മണിക്കു ശേഷം ഭക്ഷണം കഴിച്ചാല്‍ വണ്ണം കൂടുമെന്ന വിശ്വാസം നിലവിലുണ്ട്. എന്നാൽ അത് വണ്ണം കൂടാന്‍ കാരണമല്ലെന്ന് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് നല്ലതല്ല. രാത്രി വൈകി അത്താഴം കഴിക്കുന്നതു മൂലം ഉടനെ കിടക്കേണ്ടി വരുന്നു. ഇതു നെഞ്ചെരിച്ചിലിനു കാരണമാകുന്നു. വൈകി ഭക്ഷണം കഴിച്ചാൽ അത് ദഹിക്കാന്‍ ശരീരം കഠിനാധ്വാനം ചെയ്യുന്നത് സുഖകരമായ ഉറക്കം നഷ്ടപ്പെടുത്തുന്നു. കൊഴുപ്പു കൂടിയ ഭക്ഷണമാണ് രാത്രി കഴിച്ചത് എങ്കിൽ ശരീരം ഉണ്ടാക്കുന്ന ഉഷ്ണം മൂലവും ഉറക്കം വരാതെ ഇരിക്കുന്നു. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം. രാത്രി മാത്രമല്ല, ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നത് പകലും നന്നല്ല. 

15) ഭക്ഷണത്തിന് തൊട്ടു മുമ്പോ ഭക്ഷണത്തിന് ഇടയിലോ ഭക്ഷണം കഴിച്ച ഉടനെയോ അമിതമായി വെള്ളം കുടിക്കുന്നത് നല്ല ശീലം അല്ലെന്നാണ് ആയുർവേദവും  ആധുനിക പഠനങ്ങളും പറയുന്നത്. ഈ ശീലം ഉമിനീരിന്റെയും വയറ്റിൽ ഉണ്ടാകുന്ന ദഹന രസങ്ങളുടെയും വീര്യം കുറയ്ക്കുന്നു.  ഇവയാണ് ഭക്ഷണത്തിലെ ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുന്നതും ദഹനം വേഗത്തിൽ ആക്കുന്നതും. അമിതമായ വെള്ളം ഇവയുടെ വീര്യം കുറയ്ക്കുന്നത് ഇതൊക്കെ പതുക്കെ ആക്കുന്നു. അതിനാൽ ഒന്നുകിൽ ഭക്ഷണത്തിന് അര മണിക്കൂർ മുമ്പോ അര മണിക്കൂർ കഴിഞ്ഞോ വെള്ളം കുടിക്കുക. എന്നാൽ കുറഞ്ഞ അളവിൽ ഭക്ഷണത്തിന്റെ കൂടെ വെള്ളം ഉണ്ടാകുന്നത് കൊണ്ടും ഗുണങ്ങൾ ഉണ്ട്. 

16) ഭക്ഷണത്തിനു തൊട്ടു മുമ്പോ ഇടയിലോ ഭക്ഷണം കഴിച്ച ഉടനെയോ പഴങ്ങള്‍ കഴിക്കുന്ന ശീലം നല്ലതല്ല എന്നു ചില പഠനങ്ങൾ പറയുന്നു. ആയുർവേദവും പഴങ്ങൾ തനിയെ കഴിക്കാൻ പറയുന്നതായി മനസ്സിലാവുന്നു. പഴങ്ങൾ എളുപ്പത്തിൽ ദഹിക്കുന്നവയാണ്. അവ മറ്റു ഭക്ഷണങ്ങളുടെ കൂടെ ചേരുമ്പോൾ അവയിലെ ഷുഗർ ഫെർമെന്റേഷനു വിധേയമാകുകയും അതു ദഹനത്തിനു തടസമാവുകയും ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്. പഴങ്ങള്‍ കഴിക്കാന്‍ ഏറ്റവും നല്ലത് വെറും വയറാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. 

17) ഭക്ഷണ ശേഷം പെപ്സി, കോക്ക് പോലുള്ള സോഡകളും സോഫ്റ്റ് ഡ്രിങ്ക്‌സും കഴിക്കുന്നത് നല്ല ശീലമല്ല. അതൊക്കെ ഗുണത്തെക്കാൾ ഏറെ വൻ ദോഷമാണ് ശരീരത്തിന് ചെയ്യുന്നത്. ഇവകൊണ്ടു ദഹനം ചിലപ്പോൾ എളുപ്പത്തിൽ നടന്നേക്കാം. എന്നാൽ മറ്റൊരുപാട് ദോഷങ്ങൾ ഉണ്ട്. അവയിലെ ഷുഗറും കഫീനും ശരീരത്തിന്റെ വണ്ണം കൂട്ടാനെ കാര്യമായി ഉപകരിക്കൂ. 

18) ഭക്ഷണ ശേഷം പുക വലിക്കുന്നത് നല്ല ശീലമല്ല.  അല്ലെങ്കിലും പുകവലി നല്ല ശീലമല്ല. എന്നാൽ ഭക്ഷണം കഴിച്ച ശേഷം ഉടനെയുള്ള പുകവലി വലിയ ദോഷമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. സിഗററ്റില്‍ ഉള്ള നിക്കോട്ടിനും കാര്‍സിനോ ജനുകളും അപ്പോൾ ഉടനടി രക്തത്തിലെ ഓക്സിജനുമായി കലരുമത്രെ. ഈ ദുശീലം ശ്വാസ കോശത്തിലും കുടലിലും  കാന്‍സർ വരാൻ കാരണമാകുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.

19) ഭക്ഷണം കഴിഞ്ഞ ഉടനെ കുളിക്കുന്നത് നല്ല ശീലമല്ല. ഭക്ഷണ ശേഷം ഉടനെ ശരീരം അതു ദഹിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതുമൂലം ശരീരത്തിൽ ഉഷ്ണം ഉണ്ടാകുന്നു.  കുളി ആ ഉഷ്ണത്തെ കെടുത്തുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. ഭക്ഷണം ദഹിക്കാന്‍ വയറിന്റെ ഭാഗങ്ങളിൽ നന്നായി രക്തയോട്ടം നടക്കണം. എന്നാല്‍ കുളിയ്ക്കുമ്പോൾ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. അതിനാൽ ഭക്ഷണം കഴിച്ച്‌ ഒരു 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. 

20) ഭക്ഷണ ശേഷം ഉടനെ വര്‍ക്കൗട്ട് ചെയ്യൽ നല്ല ശീലമല്ല. വയറു നിറഞ്ഞ അവസ്ഥയിലുള്ള വ്യായാമവും അധ്വാനവും മന്ദതയിലേക്ക് നയിക്കും. ഇത് ദഹന പ്രശ്നങ്ങളും ഉണ്ടാക്കും. ഭക്ഷണം കഴിച്ച ഉടന്‍  വായനയ്ക്കും നന്നല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുസ്തകം വായിക്കുമ്പോൾ ഏകാഗ്രത ആവശ്യമാണ്. വായിക്കുമ്പോൾ ബ്ലഡ് ഫ്ലോ കണ്ണുകളിലേക്കു കേന്ദ്രീകരിക്കും. ശരിയായ ദഹനത്തിന് നല്ല തോതിലുള്ള ബ്ലഡ് ഫ്ലോ ഉണ്ടാകണം. വായന ദഹന വ്യവസ്ഥയെ തടസ്സപ്പെടുത്തുകയും വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണ ശേഷം അല്പം വിശ്രമിച്ചു ശേഷം മറ്റു ജോലികളിൽ ഏർപ്പെടുന്നതാണ് നല്ലത്. 

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.