1 September 2018

ക്രൂരതകൾ തടയാത്ത ദൈവമോ.. ?

ദൈവം സർവജ്ഞനും സർവ ശക്തനും പരമ കാരുണികനും ആയിട്ടു എന്തു കൊണ്ട് ഭൂമിയിൽ നടക്കുന്ന തിന്മകളും ക്രൂരതകളും തടയുന്നില്ല, ഇതു ദൈവമില്ല എന്നതിന് തെളിവാണ്, ദൈവവും തിന്മകളും ഒരുമിച്ചു നില നിൽക്കില്ല, ഒരുമിച്ചു നില നിൽക്കുന്നു എങ്കിൽ അതിനർത്ഥം ദൈവം കാരുണ്യവാനോ സർവ ശക്തനോ അല്ലെന്നാണ് ... ഈ വാദമാണ് ഫിലോസഫിയിൽ തിന്മയുടെ പ്രശ്നം (Problem of Evil) എന്ന് അറിയ പ്പെടുന്നത്. ദൈവമില്ല എന്നു പറയാൻ വേണ്ടി പണ്ടു കാലം മുതലെ ബുദ്ധിയുള്ള മനുഷ്യർ ഈ പ്രശ്നം ഉന്നയിച്ചു വരുന്നു. അറിയപ്പെട്ട ചരിത്രത്തിൽ ഗ്രീക്ക് ഫിലോസഫർ എപ്പിക്യൂറസ് ആണ് ഈ പ്രശ്നം ആദ്യം ഉന്നയിച്ചത് എന്നു കാണുന്നു. 

പിഞ്ചു കുഞ്ഞുങ്ങളും മൃഗങ്ങളും അനുഭവിക്കുന്ന ക്രൂരതകൾ അവർ വല്ല കുറ്റവും ചെയ്തിട്ടു ദൈവം ശിക്ഷിക്കുക യാണ് എന്നു പറഞ്ഞു കൂടാ, ബുദ്ധിയില്ലാത്ത അവരെ ദൈവം പരീക്ഷിക്കുന്നു എന്നും പറഞ്ഞു കൂടാ, കാട്ടു തീയിൽ വെന്തെരിയുന്ന കാട്ടു മൃഗങ്ങൾ എന്തു കുറ്റം ചെയ്തു, പ്രളയത്തിൽ മുങ്ങി ചാകുന്ന ജീവികൾ എന്തു കുറ്റം ചെയ്തു, ഇതെല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും സർവ ശക്തനും കാരുണ്യവാനും ആയ ദൈവം ചുമ്മാ നോക്കി നിൽക്കുവാണോ, എന്തു കൊണ്ട് തടയുന്നില്ല, എന്നാണ് ദൈവ നിഷേധികൾ ചോദിക്കുന്നത്. ഈ ചോദ്യത്തിന് കാലങ്ങളായി ദൈവ ശാസ്ത്രജ്ഞർ പല ഉത്തരങ്ങളും പറഞ്ഞു വരുന്നു. ഇപ്പോഴും ഈ ചോദ്യം ഉയരുന്നു, അതോടൊപ്പം ഉത്തരങ്ങളും. ഈ ചോദ്യം ഉയരാൻ തുടങ്ങിയ ഗ്രീക്ക് ഫിലോസഫിയുടെ കാലം മുതൽ ദൈവ ശാസ്ത്രജ്ഞർ പറഞ്ഞു വരുന്ന പ്രധാന ഉത്തരങ്ങൾ (Theodicy) ആണ് താഴെ കൊടുക്കുന്നത്. 

1) കാരുണ്യവാനായ ദൈവം ഉണ്ടെങ്കിൽ എന്തു കൊണ്ട് ആ ദൈവം തിന്മകൾ തടയുന്നില്ല എന്ന ചോദ്യം ദൈവ നിഷേധികൾക്ക് ചോദിക്കാൻ അർഹത ഇല്ലെന്നു പറയപ്പെടുന്നു. ഈ ചോദ്യം ചോദിക്കാൻ ആദ്യം ദൈവം ഉണ്ടെന്നു സമ്മതിക്കണമല്ലോ. തിന്മകൾ ഉണ്ട്, പക്ഷെ ദൈവം ഇല്ല എന്നു പറഞ്ഞാൽ ഈ ചോദ്യം ശരിയല്ല. തിന്മകൾ ഉണ്ട്, ദൈവവും ഉണ്ട്, പക്ഷെ ദൈവം തിന്മകൾ തടയുന്നില്ല എന്നു പറഞ്ഞാൽ ഈ ചോദ്യം ശരിയാണ്. ദൈവം ഇല്ലാഞ്ഞിട്ടു എന്തു കൊണ്ട് തിന്മകൾ തടയുന്നില്ല എന്നല്ലല്ലോ ചോദ്യം. ദൈവം ഉണ്ടായിട്ടു എന്തുകൊണ്ട് തിന്മകൾ തടയുന്നില്ല എന്നാണ്. അപ്പോൾ ഒരു ദൈവ നിഷേധി ഈ ചോദ്യം ചോദിക്കൽ യുക്തിപരമല്ല. ദൈവം ഉണ്ടെന്നു സമ്മതിച്ചാൽ മാത്രം സാധുവാകുന്ന ഈ ചോദ്യം ഒരു ദൈവ വിശ്വാസിക്ക് ചോദിക്കാം. 

2) സർവ ശക്തനും സർവജ്ഞനും കാരുണ്യവാനും ആയ ദൈവം എന്തു കൊണ്ട് ക്രൂരതകൾ തടയുന്നില്ല എന്ന ചോദ്യത്തിന് പറയപ്പെടുന്ന മറ്റൊരു ഉത്തരം ഇങ്ങനെയാണ്; ദൈവം കാരുണ്യവാൻ മാത്രമല്ല, അത്യധികം യുക്തിമാനും കൂടിയാണ്, ദൈവത്തിന്റെ യുക്തി പ്രകാരം പ്രപഞ്ചത്തെ സംബന്ധിച്ചു ദൈവത്തിന് ഒരു പ്ലാനും ഉന്നതമായ ലക്ഷ്യവും ഉണ്ട്, ആ പ്ലാനിനും ലക്ഷ്യത്തിനും അനുസരിച്ച് ദൈവം അപാര കാരുണ്യം ചെയ്യുന്നുമുണ്ട്, തടയേണ്ട ക്രൂരതകൾ ദൈവം തടയുന്നുമുണ്ട്, എന്നാൽ ചിലത് ദൈവം തടയാതെ വിടുന്നുമുണ്ട്, ദൈവം തടയാതെ വിടുന്ന ക്രൂരതകൾക്ക് പിന്നിൽ എന്താണ് ദൈവത്തിന്റെ യുക്തി എന്നു അല്പജ്ഞരായ മനുഷ്യർക്ക് അറിയില്ല, സകല ക്രൂരതകളും തടഞ്ഞാൽ മാത്രമെ ദൈവം കാരുണ്യവാൻ ആകൂ എന്നില്ല, ഒരു രാജ്യം ഭരിക്കുന്നവൻ ചില അനീതികൾ തടയാതെ ഇരിക്കുന്നതിന് പിന്നിൽ ചില യുക്തികൾ ഉണ്ടാകും, അത് പ്രജകൾ അറിയണം എന്നില്ല, ഇതൊക്കെ ദൈവത്തിന്റെ സ്വന്തം കാര്യവും പരമാധികാരവും മനുഷ്യർക്ക് ദുർഗ്രാഹ്യവും ആണ്. 

3) ദൈവം ഭൂമിയിൽ നടക്കുന്ന പല തിന്മകളും ക്രൂരതകളും തടയാത്തത് അതിന് ദൈവത്തിന് കഴിവ് ഇല്ലാഞ്ഞിട്ടോ അത് ദൈവത്തിന് ഇഷ്ടമായിട്ടോ അല്ല, ദൈവം കാരുണ്യവാൻ അല്ലാഞ്ഞിട്ടുമല്ല, പിന്നെയോ, ചില ക്രൂരതകൾ കൊണ്ടും തിന്മകൾ കൊണ്ടും ദൈവം വലിയ നേട്ടങ്ങൾ ഭൂമിക്ക് തിരിച്ചു നൽകാറുണ്ട്, ചിലപ്പോൾ ഒരു ചെറിയ ക്രൂരത നടക്കുന്നത് കൊണ്ടു അതിനേക്കാൾ വലിയൊരു ക്രൂരതയെ ദൈവം വഴി തിരിച്ചു വിടാറുമുണ്ട് എന്നത് കൊണ്ടാണ് എന്നു പറയപ്പെടുന്നു. ഒരു കാലത്തു ഭൂമി അടക്കി വാണിരുന്ന വമ്പൻ ജീവികളായ ദിനോസർകൾ പ്രകൃതി ക്ഷോഭം വഴി നശിച്ചത് കൊണ്ടാണ് ഇന്ന് ഫോസിൽ ഇന്ധനം ഭൂമിയിൽ നിന്ന് സുലഭമായി ലഭിക്കുന്നത് പോലുള്ള ഉദാഹരണങ്ങൾ ഈ ഉത്തരത്തിനു പിൻബലമായി പറയപ്പെടുന്നു. തിന്മകളും ക്രൂരതകളും ചിലർക്ക് ദോഷമായി ഭവിക്കുന്നു എങ്കിലും അതു കൊണ്ടു മറ്റു ചില വലിയ ഗുണങ്ങൾ സമൂഹത്തിന് കിട്ടിയേക്കാം എന്നർത്ഥം. യുക്തിപരമല്ലാത്ത നൈമിഷിക കാരുണ്യമല്ല ആത്യന്തികമായ നന്മയാണ് ദൈവം ഉദ്ദേശിക്കുന്നത്.

4) മറ്റൊരു ഉത്തരം, അന്യായമായി വേദനയും യാതനയും സഹിക്കേണ്ടി വന്ന ഏതൊരു ജീവിക്കും ദൈവം പിന്നീട് അതിനു തൃപ്തി വരുന്നത്ര നന്മ ചെയ്യും എന്നതാണ്. ദൈവം നിശ്ചയിച്ച ഒരു അവധിക്ക് ശേഷം ദൈവത്തിന്റെ അപാര കാരുണ്യം സൃഷ്ടികൾക്ക് മേൽ ചൊരിയാനുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് പലർക്കും പലതും കാരണമില്ലാതെ ഭൂമിയിൽ വെച്ച് സഹിക്കേണ്ടി വരുന്നത് എന്നു പറയപ്പെടുന്നു. പരലോകം ഭൂമിയിൽ വെച്ച് ജീവികൾ സഹിച്ച എല്ലാ കഷ്ടപ്പാടും മായ്ച്ചു കളയുമത്രെ. എന്തെങ്കിലും സഹിച്ചാൽ ആണ് വല്ലതും നേടാനാവുക, വല്ലതും സഹിച്ചാൽ അപ്പേരിൽ ദൈവത്തിനു കരുണ ചെയ്യാമല്ലോ എന്നാണ്.

5) മനുഷ്യൻ ക്രൂരതകൾ ചെയ്യുമ്പോൾ ദൈവം അതു കണ്ട് അതു തടയാതെ നിൽക്കുന്നത് മനുഷ്യന് നൽകിയ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ദൈവം ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ടാണ് എന്നും പറയപ്പെടുന്നു. ദൈവത്തിന് ഇഷ്ടമില്ലാത്ത എല്ലാറ്റിലും കേറി ദൈവം ഇടപെട്ടാൽ മനുഷ്യൻ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാത്ത ഒരു റോബോട്ട് ആയി മാറുന്നു. പ്രവർത്തന സ്വാതന്ത്ര്യം നൽകിയ ശേഷം മനുഷ്യൻ എന്തു ചെയ്യുന്നു എന്ന് പരീക്ഷ നടത്തി അവനെ ബോധിപ്പിക്കാൻ ആണ് ദൈവം ഉദ്ദേശിക്കുന്നത് എന്നു പറയപ്പെടുന്നു. ഇതു കരുതി ദൈവം ഒന്നിലും ഇടപെടാതെ മാറി നിൽക്കുന്നുമില്ല, ദൈവത്തിന്റെ യുക്തി അനുസരിച്ച് ചില തിന്മകളൊക്കെ അവൻ  തടയുന്നുമുണ്ട്‌, തിന്മകളും ക്രൂരതകളും ദൈവം ഉദ്ദേശിക്കുന്ന വിധത്തിലുള്ള ലോകം സജ്ജമാകാൻ പ്രധാന പങ്കു വഹിക്കുന്നു എന്നും പറയപ്പെടുന്നു. 

6) പ്രകൃതി ക്ഷോഭങ്ങളും ഭൂകമ്പങ്ങളും പ്രളയങ്ങളും ഏലിയൻസും പിശാചുക്കളും (Demons) പോലുള്ള അഭൗതിക ജീവികൾ  ഉണ്ടാക്കുന്ന അക്രമങ്ങൾ ആണെന്നും ദൈവം അവർക്ക് നൽകിയ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ഉദ്ദേശിക്കാത്തത് കൊണ്ടാണ് അവയിൽ പലതും തടയാത്തത് എന്നും പറയപ്പെടുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ട് എന്താണ് പ്രവർത്തിച്ചത് എന്നു അവർക്കും പരീക്ഷ നടത്തി അവരെ ബോധിപ്പി ക്കാൻ വേണ്ടിയാണ് ദൈവം അവർ ഉണ്ടാക്കുന്ന അക്രമങ്ങൾ തടയാത്തത് എന്നും പറയപ്പെടുന്നു.  ഇവരുടെ അക്രമങ്ങൾ ദൈവം തീരെ തടയാതെ ഇരുന്നാൽ എന്നോ ഇവർ ആവാസ വ്യവസ്ഥകൾ എല്ലാം തകിടം മറിച്ചിരുന്നു എന്നും തടയേണ്ടതൊക്കെ ദൈവം തടയുന്നത് കൊണ്ടാണ് ഇതൊക്കെ ഇങ്ങനെ നിലനിൽക്കുന്നത് എന്നും പറയപ്പെടുന്നു. 

7) പ്രകൃതി ക്ഷോഭങ്ങൾ പലതും മനുഷ്യർ പ്രകൃതിയിൽ നടത്തുന്ന ക്രമക്കേടുകൾ കൊണ്ടാണ് ഉണ്ടാകുന്നത് എന്നും അതു മനുഷ്യർക്കുള്ള ശിക്ഷ ആയാണ് ദൈവം കാണുന്നത് എന്നും അതിനാൽ അത് ദൈവം തടയേണ്ട ആവശ്യമില്ല എന്നും പറയപ്പെടുന്നു. ദൈവം കരുണ മാത്രം ചെയ്യുന്ന ഒരു റോബോട്ട് അല്ല, മറിച്ചു ദൈവത്തിനും വ്യക്തി സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉണ്ട്, ദൈവം ശിക്ഷിക്കുന്നു, കരുണയും കാണിക്കുന്നു. ഇത് രണ്ടും വിരുദ്ധ സ്വഭാവങ്ങൾ ആയതിനാൽ  ദൈവമില്ല എന്നു പറയാൻ പറ്റില്ല, കാരുണികനായ ദൈവമുണ്ട്, തിന്മയും ഉണ്ട് എന്നീ വാദങ്ങളിൽ വൈരുദ്ധ്യം കണ്ടെത്തി ദൈവമില്ല എന്നു പറയുന്നത് വിഡ്ഢിത്തം ആണെന്നും പറയപ്പെടുന്നു. 

8) ചില പ്രയാസങ്ങളും വേദനകളും ദൈവം തടയാത്തത് അവ കൊണ്ടു മനുഷ്യന് മാനസികമായ ഉന്നമനം ഉണ്ടാകാൻ വേണ്ടിയാണ്, തിന്മകളും ക്രൂരത കളുമൊക്ക ഉണ്ടാകുമ്പോഴേ നന്മകൾക്കും കാരുണ്യത്തിനും വിലയുള്ളൂ എന്നും പറയപ്പെടുന്നു. എല്ലാവരെയും സ്വർഗ്ഗത്തിലാണ് സൃഷ്ടിച്ചിരുന്നത് എങ്കിൽ അവിടുള്ള ഒന്നിന്റെയും വില മനുഷ്യർ അറിയില്ല. കഷ്ടപ്പാടും ദുരിതങ്ങളും ഇല്ലെങ്കിൽ ഭൂമി സ്വർഗ്ഗമാകും. ഭൂമി സ്വർഗമല്ലെന്നും സ്വർഗ്ഗത്തിന് മുന്നോടിയായ ഇടമാണ് എന്നും പറയപ്പെടുന്നു. 

9) ചില തിന്മകളും ക്രൂരതകളും ദൈവം തടയാത്തത് അതു തടയൽ മനുഷ്യന്റെയും മറ്റു അഭൗതിക ജീവികളുടെയും മേൽ ബാധ്യതയായി ദൈവം നിശ്ചയിച്ചത് കൊണ്ടാണ് എന്നു പറയപ്പെടുന്നു. ദൈവത്തിനു മാത്രമല്ല തിന്മ തടയാൻ കഴിയുക, മനുഷ്യനും കഴിയും, ദൈവം തടയട്ടെ എന്നു കരുതി മനുഷ്യർ ചുമ്മാ ഇരിക്കേണ്ട, അതൊക്കെ തടയാനാണ് ദൈവം മനുഷ്യർക്ക് കഴിവും ശക്തിയും ധാർമ്മികതയും നൽകിയത് എന്നർത്ഥം. തടയാൻ കഴിയുന്നത് തടയാതെ ആ ബാധ്യത ദൈവത്തിനു മേൽ ചാരി വെക്കേണ്ടതില്ല, ദൈവം തടയുക എന്നാൽ ദൈവം നേരിട്ടു ഇറങ്ങി വന്നു തടയൽ അല്ല, ഒരു കൂട്ടരെ കൊണ്ടു മറ്റൊരു കൂട്ടരെ തടയലാണ് എന്നു പറയപ്പെടുന്നു. ദൈവം ആകാശത്തു നിന്നു ഇറങ്ങി വന്നു ക്രൂരതകൾ തടയുന്നോ എന്നു നോക്കി ഇരുന്നിട്ടു കാര്യമില്ല, ജീവികൾ പരസ്പരം സഹായിക്കേണ്ട വിധത്തിലാണ് ദൈവം അവരെ ഭൂമിയിൽ സംവിധാനിച്ചത് എന്നും പറയപ്പെടുന്നു. 

10) മനുഷ്യരെ ദൈവം സംവിധാനിച്ചത് അവർക്ക് ജീവിക്കാൻ യാതൊരു സൗകര്യവും ഇല്ലാത്ത ഒരു ഗ്രഹത്തിൽ അല്ല, എല്ലാ സൗകര്യങ്ങളും ഉള്ള ഭൂമി എന്ന ഗ്രഹത്തിലാണ്. സകല മനുഷ്യർക്കും ജീവിക്കാൻ ആവശ്യമായ ഭക്ഷണത്തിനും മരുന്നിനും വസ്ത്രത്തിനും പാർപ്പിടത്തിനും എന്നു വേണ്ട എല്ലാം ദൈവം ഭൂമിയിൽ ഒരുക്കി വെച്ചു. എന്നാൽ മനുഷ്യർ തന്നെ ഉണ്ടാക്കിയ നിയമങ്ങളും വ്യവസ്ഥകളും കൊണ്ട് എല്ലാം എല്ലാർക്കും ലഭ്യമാകുന്നില്ല. വളരെ കുറഞ്ഞ പേർ സമ്പത്തിന്റെ ബഹു ഭൂരിപക്ഷവും കയ്യടക്കി വെച്ചിരിക്കുന്നു. അതിനാൽ ഭൂമിയിൽ ദാരിദ്ര്യവും പട്ടിണിയും ദുരിതങ്ങളും വ്യാപകമാണ്. ഇതിനു നല്ലൊരളവിൽ മനുഷ്യനെ കൊണ്ടു തന്നെ പരിഹാരം കാണാൻ കഴിയും. അത്തരം പരിഹാരങ്ങൾ മനുഷ്യർ കണ്ടതിനു എത്രയോ ഉദാഹരണം ചരിത്രത്തിൽ കാണാം. മനുഷ്യർക്ക് ആവശ്യം ഉണ്ടെങ്കിൽ ദൈവം അതിനു സഹായിക്കും. മനുഷ്യർക്ക് ആവശ്യ ബോധവുമില്ല, അത് നിവൃത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നില്ലെങ്കിൽ ദൈവവും നിസംഗത പുലർത്തുന്നു എന്നും പറയപ്പെടുന്നു. 

11) ദൈവം ചില പ്രകൃതി പരിണാമ വ്യവസ്ഥകൾ നിശ്ചയിച്ചിരിക്കുന്നു, അവ മുറയ്ക്ക് നടന്നു കൊണ്ടിരിക്കുന്നു, അത് പ്രകാരമാണ് കോടാനു കോടി വർഷങ്ങൾക്ക് മുമ്പ് മഹാസ്ഫോടനം ഉണ്ടായതും നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപപ്പെട്ടതും, സൂര്യനിൽ നിന്ന് വേർപ്പെട്ടാണ് ഭൂമി ഉണ്ടായത്, ഭൂമിക്കും കാല ക്രമത്തിൽ പരിണാമങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു, പ്രകൃതി ക്ഷോഭങ്ങൾ എന്നു വിളിക്കുന്ന പ്രതിഭാസങ്ങളും മറ്റും അതിന്റെ ഭാഗമാണ്, മനുഷ്യരും മറ്റു ജീവികളും വസിക്കുന്ന ഇടങ്ങളിലും വാസിക്കാത്ത ഇടങ്ങളിലും പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്നു, പ്രകൃതി പ്രതിഭാസങ്ങളെ ദൈവം തടഞ്ഞാൽ നടക്കേണ്ട അനിവാര്യമായ പ്രകൃതി പരിണാമങ്ങൾ നടക്കില്ല, പ്രകൃതി ക്ഷോഭങ്ങൾ നടക്കാൻ നിശ്ചയിച്ചിടത്തു മനുഷ്യനും മറ്റു ജീവികളും വസിക്കുന്നത് ദൈവം പറഞ്ഞിട്ടല്ല, അത് അവരുടെ നിർഭാഗ്യമാണ്, എന്നാൽ അവർ അനുഭവിക്കുന്ന കഷ്ട നഷ്ടങ്ങൾക്ക് ദൈവം തിരിച്ചു കരുണ ചെയ്യുന്നതാണ് എന്നും പറയപ്പെടുന്നു. 

പ്രോബ്ലം ഓഫ് ഈവിളിന് ന്യായമായി പറയപ്പെടുന്ന വലിയ പ്രാധാന്യം ഇല്ലാത്ത ചില തിയോഡിസികൾ കൂടിയുണ്ട്. അവ ഞാൻ വിട്ടു കളഞ്ഞിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെ കുറിച്ചു നമുക്ക് ഒരു ദൈവ വിശ്വാസി ആയിട്ടോ ദൈവ നിഷേധി ആയിട്ടോ ചിന്തിക്കാം. ദൈവ നിഷേധി ആയി പലരും ചിന്തിച്ചപ്പോൾ കിട്ടിയതാണ്  Atheism, Agonosticism, Skepticism, Nihilism, Existentialism, Evolusionism, Materialism, Deism പോലുള്ള ഇസങ്ങൾ. ഇനിയും അതൊക്കെ തന്നെയാണ് കിട്ടാൻ പോകുന്നത്. ധാർമ്മിക പ്രതിസന്ധിയും അസ്തിത്വ ദുഖവും അരാജകത്വവും ഈ ഇസങ്ങളുടെ പ്രത്യേകതകൾ ആണ്. ഒരാൾ ദൈവ വിശ്വാസിയായി ചിന്തിക്കുമ്പോൾ അവനും കുറെ ഉത്തരങ്ങൾ കിട്ടുന്നു. അതു കൊണ്ടു അവനു മനശാന്തി കിട്ടുന്നു. ഉദാഹരണം ഈയുള്ളവൻ തന്നെ. 

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.