4 September 2018

വികലാംഗരെ ജനിപ്പിക്കുന്നത് ദൈവമല്ലേ..?

ദൈവം കാരുണ്യവാനും മികച്ച സൃഷ്ടാവും ആയിട്ട് എന്തു കൊണ്ടാണ് ചില കുഞ്ഞുങ്ങൾ ജന്മ വൈകല്യങ്ങളും മാരക രോഗങ്ങളും കൊണ്ട് ജനിക്കുന്നത്, എന്തു കുറ്റം ചെയ്തിട്ടാണ് കുഞ്ഞുങ്ങൾക്ക് വൈകല്യങ്ങളും രോഗങ്ങളും ദൈവം നൽകുന്നത്, പരീക്ഷണം നേരിടാൻ ബുദ്ധിയും കഴിവും ഇല്ലാത്ത അവർക്ക് എന്ത് പരീക്ഷണം ആണ് അതിലൂടെ ദൈവം ഉദ്ദേശിക്കുന്നത്..? 

ഈ ചോദ്യം പണ്ട് മുതലെ ദൈവ വിശ്വാസികളും നിഷേധികളുമായ മനുഷ്യർ ചോദിച്ചു വരുന്നതാണ്. അന്ന് മുതലെ പ്രവാചകന്മാരും വിവിധ മതക്കാരായ ദൈവ ശാസ്ത്രജ്ഞരും ഇതിനു മറുപടിയും പറഞ്ഞു വരുന്നു. പ്രസ്തുത മറുപടികൾ ഇങ്ങനെ ചുരുക്കി വിവരിക്കാം. 

1) യാതൊരു ജന്മ വൈകല്യങ്ങളും രോഗങ്ങളും ഇല്ലാതെ ജനിച്ച് ആരോഗ്യത്തോടെ നോർമലായി ജീവിച്ചു പോകുന്ന കോടാനു കോടി മനുഷ്യരെയും മറ്റു ജീവികളെയും കണ്ടാൽ തന്നെ അറിയാം ദൈവം മികച്ചൊരു സൃഷ്ടാവ് ആണെന്ന്.  

2) ചില കുഞ്ഞുങ്ങൾ വൈകല്യങ്ങളോടെ ജനിക്കുന്നത് ദൈവത്തിനു ആ കുഞ്ഞുങ്ങളോട് വിരോധം ഉണ്ടായിട്ടല്ല. ആർക്കെങ്കിലും ഉള്ള ദൈവിക ശിക്ഷ ആയിട്ടുമല്ല. മാരക രോഗങ്ങ ളോടെയും വൈകല്യ ങ്ങളോടെയും ജനിക്കുന്ന കുഞ്ഞുങ്ങൾ എല്ലാം അങ്ങനെ ജനിക്കാൻ കാരണം താനാണ് എന്ന് ദൈവം എവിടെയും പറഞ്ഞിട്ടുമില്ല.

3) കുഞ്ഞുങ്ങൾ കേടുപാടുകൾ ഇല്ലാതെ പൂർണ്ണരായി ജനിക്കണം എന്നതാണ്  ദൈവം നിശ്‌ചയിച്ച പ്രകൃതി വ്യവസ്ഥ. അതിൽ ആരൊക്കെയോ താള പിഴവുകൾ വരുത്തുന്നതാണ് ജനന വൈകല്യ ങ്ങൾക്കുള്ള മുഖ്യ കാരണം.

4) ചില കുഞ്ഞുങ്ങൾ മാരക രോഗങ്ങളോടെ ജനിക്കുന്നത് അവരുടെ മാതാ പിതാക്കൾ അവർക്കാ രോഗങ്ങൾ നൽകിയതു കൊണ്ടാണ്. മാതാ പിതാക്കൾക്ക് എയിഡ്സ്  ഉണ്ടായാൽ ജനിക്കുന്ന കുഞ്ഞിനും എയിഡ്സ് ഉണ്ടാകൽ സ്വാഭാവികമാണ്. 

5) മാതാവ് ഗർഭ കാലത്തു ചില കടുത്ത മരുന്നുകൾ ഉപയോഗിച്ചാൽ ജനിക്കുന്ന കുഞ്ഞിന് വൈകല്യം ഉണ്ടാകൽ സ്വാഭാവികമാണ്. 

6) റേഡിയേഷൻ വമിക്കുന്ന കെമിക്കലുകൾ കൊണ്ടും വിഷ വാതകങ്ങൾ കൊണ്ടും മനുഷ്യർ പരിസ്ഥിതിയെ മലിനമാക്കുമ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങൾ വൈകല്യത്തോടെ ജനിക്കൽ സ്വാഭാവികമാണ്. അണുബോംബ് വർഷിക്കപ്പെട്ട ഹിരോഷിമയിലും നാഗസാക്കിയിലും ജനിച്ച കുഞ്ഞുങ്ങൾക്ക് വൈകല്യം ഉണ്ടായത് ദൈവം കാരണമല്ല. 

7) മാതാ പിതാക്കൾ മദ്യപിക്കുകയും മയക്കു മരുന്നു ഉപയോഗിക്കുകയും പുക വലിക്കുകയും ചെയ്യുമ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വൈകല്യങ്ങളും രോഗങ്ങളും ഉണ്ടാകൽ സ്വാഭാവികമാണ്. 

8) ഗർഭ കാലത്ത് മാതാവിന് ഏൽക്കുന്ന അണു ബാധകൾ ജനിക്കുന്ന കുഞ്ഞിന് വൈകല്യങ്ങളും രോഗങ്ങളും ഉണ്ടാക്കുന്നു. 

9) ജനിതക ക്രമക്കേടുകളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് രോഗങ്ങളും വൈകല്യങ്ങളും ഉണ്ടാകുന്നു. ശരീര കോശ കേന്ദ്രത്തിൽ 46 ക്രോമോസോമുകൾ ഉണ്ടെന്നും ക്രോമോസോമുകളിൽ ഡി എൻ എ ഉണ്ടെന്നും ഡി എൻ എ കളിൽ ജീനുകൾ ഉണ്ടെന്നും മൊത്തം ജീനുകൾ 35000 ത്തോളം ആണെന്നും നമുക്കറിയാം. മാതാവിന്റെ 23 ക്രോമോസോമുകളും പിതാവിന്റെ 23 ക്രോമോസോമുകളും ചേർന്നാണ് കുഞ്ഞിന്റെ കോശം രൂപപ്പെടുന്നത്. കേടുള്ളതും രോഗകാരികളും ആയ ജീനുകൾ മാതാ പിതാക്കളിൽ നിന്ന് കുഞ്ഞിൽ എത്തുമ്പോൾ കുഞ്ഞിന് രോഗങ്ങളും വൈകല്യങ്ങളും ഉണ്ടാകുന്നു. ജനിതക ക്രമക്കേടുകൾ ആണ് ജനന വൈകല്യ ങ്ങളുടെ മുഖ്യ കാരണം. 

10) എന്തു കൊണ്ടാണ് ജനിതക ക്രമക്കേടുകൾ ഉണ്ടാകുന്നത് എന്ന് കണ്ടെത്താൻ പഠനങ്ങൾ എമ്പാടും നടന്നിട്ടുണ്ട്. മനുഷ്യന്റെ അതിക്രമങ്ങൾ തന്നെയാണ് മിക്ക ക്രമക്കേടു കളുടെയും കാരണം. എല്ലാ മനുഷ്യരിലും രോഗങ്ങൾക്ക് കാരണമാകുന്ന കുറച്ചെണ്ണം അപകട കാരികൾ ആയ ജീനുകൾ കാണപ്പെടുന്നു. അവ ഉണ്ടെന്നതിനാൽ രോഗം വരണം എന്നില്ല. ചില ബാഹ്യമായ ഘടകങ്ങൾ അവയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി അവ പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്. ബ്ലഡ് കാൻസറിന്‌ കാരണമായ ജീൻ ഒരാളിൽ നിന്നു അയാളുടെ മക്കളിലേക്ക് പകർന്നാൽ എല്ലാ മക്കൾക്കും ബ്ലഡ് കാൻസർ വരണമെന്നില്ല. അപകട കാരികൾ ആയ ജീനുകൾ ഉണ്ടാകുന്നതിനു പിന്നിലും കാരണങ്ങൾ ഉണ്ട്.  

11) ചുരുക്കി പറഞ്ഞാൽ കൃത്യമായ കാരണങ്ങൾ ഇല്ലാതെ ഒരു കുഞ്ഞും രോഗങ്ങളും വൈകല്യങ്ങളും കൊണ്ടു ജനിക്കുന്നില്ല. അവയിൽ ഏകദേശം മുപ്പതു ശതമാനത്തോളം കാരണങ്ങൾ മാത്രമാണ് ഇക്കാലം വരെ ശാസ്ത്രം കണ്ടുപിടിച്ചത്. മറ്റു കാരണങ്ങൾ അജ്ഞാതമാണ്, കണ്ടെത്താൻ ശാസ്ത്രം ശ്രമിച്ചു കൊണ്ടിരിക്കുന്നു. 

12) ദൈവമാണ് കാരണ- ഫല വ്യവസ്‌ഥ നിശ്ചയിച്ചത് എന്നാണ് ദൈവ വിശ്വാസികൾ കരുതുന്നത്. അതിനർത്ഥം എല്ലാ കാരണവും ദൈവം പ്രവർത്തി ക്കുന്നു എന്നല്ല. ഒരു ഫലം ഉണ്ടാകാൻ ദൈവം നിശ്‌ചയിച്ച കാരണം ആരെങ്കിലും  പ്രവർത്തിച്ചാൽ അതിനു ഫലം ഉണ്ടാകുന്നു. മദ്യപിക്കുക എന്നതൊരു കാരണം ആണ്. മദ്യപിച്ചാൽ കരൾ വീക്കം ഉണ്ടാവുക എന്നത് അതിന്റെ ഫലമാണ്. മനുഷ്യനാണ് കാരണം പ്രവർത്തി ക്കുന്നത്. ദൈവമല്ല. ആരെങ്കിലും പ്രവർത്തിക്കുന്ന കാരണം കൊണ്ട് ഉണ്ടാകുന്ന ഫലങ്ങൾ എല്ലാം ദൈവത്തിൽ ചാർത്തേണ്ട ആവശ്യമില്ല. അങ്ങനെയുള്ള എല്ലാറ്റിനും ദൈവം ഉത്തരവാദിയല്ല എന്നാണ് ദൈവ വിശ്വാസികൾ കരുതുന്നത്. 

13) മനുഷ്യേതര ജീവികളുടെ കുഞ്ഞുങ്ങളും രോഗങ്ങളും വൈകല്യങ്ങളും കൊണ്ടു ജനിക്കുന്നല്ലോ എന്നു ചോദിച്ചാൽ അവിടെയും പ്രവർത്തിക്കുന്നത് കാരണങ്ങൾ തന്നെയാണ്. റേഡിയേഷനും പാരിസ്ഥിതി മലിനീകരണവും കോസ്മിക് രശ്മികളും മനുഷ്യരെ മാത്രമല്ല സകല ജീവികളെയും ബാധിക്കുകയും അവയുടെ ജനിതക ഘടനകളിൽ മാറ്റം വരികയും രോഗങ്ങളും ജന്മ വൈകല്യങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. 

14) മിക്ക ജന്മ വൈകല്യങ്ങളും രോഗങ്ങളും ഉണ്ടാക്കുന്നത് ദൈവം അല്ലെങ്കിൽ ദൈവത്തിനു അത്തരം കുഞ്ഞുങ്ങൾ ജനിക്കുന്നത് തടഞ്ഞു കൂടെ എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ എന്തു കൊണ്ട്  ചില ക്രൂരതകളും തിന്മകളും ദൈവം തടയുന്നില്ല എന്ന എന്റെ ബ്ലോഗ് പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. വായിക്കുക. 

15) ജന്മ വൈകല്യങ്ങൾക്കും രോഗങ്ങൾക്കും മുഴുവൻ കാരണം ദൈവമല്ല എന്ന് നാം കണ്ടു കഴിഞ്ഞു. എന്നാൽ ചില കുഞ്ഞുങ്ങളെ ദൈവം തന്നെ വൈകല്യങ്ങളും രോഗങ്ങളും കൊണ്ടു ജനിപ്പിക്കാറുണ്ട്. ദൈവം മനുഷ്യന് അവൻ ഇഷ്ടപ്പെടുന്നത് മാത്രമല്ല ഇഷ്ടപ്പെടാ ത്തതും നൽകാറുണ്ട് എന്നത് ദൈവ വിശ്വാസത്തിന്റെ കാതലായ വശമാണ്. മനുഷ്യന് ഇഷ്ടപ്പെടുന്നത് മാത്രം നൽകാൻ ദൈവം മനുഷ്യന്റെ അടിമയല്ലല്ലോ. 

16) വല്ല കുഞ്ഞിനെയും ദൈവം തന്നെ വൈകല്യങ്ങൾ കൊണ്ടു ജനിപ്പിക്കുന്നു എങ്കിൽ അത് ആത്യന്തികമായ ഗുണം കണ്ട് ദൈവം തന്റെ യുക്തിയുടെ അടിസ്ഥാന ത്തിൽ ചെയ്യുന്നതാണ്. കേവലം നൈമിഷികമായ കാരുണ്യം ചെയ്യുക എന്നതിനപ്പുറം സകലതിലും ദൈവം  ആത്യന്തികമായ നന്മ നടപ്പിലാക്കുന്നു. ഇത് മനുഷ്യന് പെട്ടെന്ന് മനസ്സിലാകണം എന്നില്ല. മനുഷ്യ യുക്തിക്ക് പരിമിതികൾ ഉണ്ട്. ഇത് മനുഷ്യ യുക്തിയുടെ പരിമിതികൾ എന്ന എന്റെ ബ്ലോഗ് പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. 

17) വർഷങ്ങളോളം കുഞ്ഞുങ്ങൾ ഇല്ലാതെ അവസാനം ഒരു കുഞ്ഞു ഉണ്ടായത് വികലാംഗൻ. ഒന്നുമില്ലാത്തതിലും ഭേദം ഇതെന്ന് കരുതി മാതാപിതാക്കൾ ആ കുഞ്ഞിനെ സ്നേഹിച്ചു വളർത്തി. വികലാംഗൻ ആയ കാരണം പെട്ടെന്ന് സർക്കാർ ജോലി കിട്ടി. മാതാപിതാ ക്കൾക്ക് താങ്ങും തണലും ആകാൻ കഴിഞ്ഞു. ജോലിയുള്ള ഒരു വികലാംഗ പെണ്കുട്ടിയെ കല്യാണം കഴിച്ചപ്പോൾ ഒരു കേടുപാടും ഇല്ലാത്ത കുഞ്ഞുങ്ങൾ ഉണ്ടായി. സ്വസ്ഥം സുന്ദരം ആ കുടുംബ ജീവിതം!!. ഇത് നേർക്ക് നേർ കണ്ട അനുഭവം. മനുഷ്യൻ ഉദ്ദേശിക്കുന്ന പോലെ തന്നെ ദൈവം പ്രവർത്തിക്കണം എന്നു ദൈവ നിഷേധികൾ വാശി പിടിക്കരുത്. 

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.