12 September 2018

പണം കൊടുത്താൽ കിട്ടാത്തവ

മനുഷ്യൻ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളെ പണം കൊണ്ട് വാങ്ങാൻ കഴിയുന്നത് എന്നും കഴിയാത്തത് എന്നും തരം തിരിക്കാം. പണം കൊണ്ട് വിലയിടാൻ കഴിയുന്നതിനൊക്കെ മനുഷ്യൻ കാലങ്ങളായി വിലയിട്ടു കൊണ്ടിരിക്കുന്നു. ബാക്കി വിലയിടാൻ കഴിയാത്ത ചില അമൂല്യ കാര്യങ്ങളാണ് മനുഷ്യനെ കേവലമൊരു ഭൗതിക ജീവി എന്നതിന് അപ്പുറം ആത്മീയ ജീവിയും സാമൂഹ്യ ജീവിയുമാക്കി നിലനിർ ത്തുന്നത്. അതിനാൽ ജീവിതത്തിൽ പണത്തിനു എത്രത്തോളം പ്രാധാന്യം നൽകാം എന്നതൊരു പ്രധാന ചിന്താ വിഷയമാണ്. പണത്തിന് അർഹമായ പ്രാധാന്യം നൽകുന്നതിൽ ഉള്ള ഏറ്റകുറച്ചിലുകൾ ചില മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മണി ഡിസോഡേഴ്‌സ് എന്ന പേരിൽ സൈക്കോളജിയിൽ അവ അറിയപ്പെടുന്നു 

മനുഷ്യന് ആവശ്യമുള്ളതും പണം കൊണ്ട് വാങ്ങാൻ കഴിയാത്തതുമായ കുറെയേറെ സുഖങ്ങൾ ഭൂമിയിൽ ഉള്ളതിനാൽ ധാരാളം പണം ഉണ്ടായത് കൊണ്ട് മാത്രം ആരും പൂർണ്ണ ധാന്യരാകില്ല എന്ന് മനസ്സിലാക്കാം. താൻ ധന്യനാണോ എന്ന് നോക്കുമ്പോൾ പണം കൊണ്ട് വാങ്ങാൻ കിട്ടാത്തതായി തനിക്ക് എന്തൊക്കെ സുഖ സൗകര്യങ്ങൾ ഉണ്ടെന്നത് കൂടി ഒരാൾ കണക്കിൽ എടുക്കണം. പണം കൊണ്ട് മനുഷ്യന് പൂർത്തീകരിക്കാൻ കഴിയുക പ്രധാനമായും  ഭൗതിക ആവശ്യങ്ങൾ മാത്രമാണ്. മനുഷ്യന്റെ മാനസികവും ബൗദ്ധികവും ആത്മീയവും സാമൂഹികവുമായ മിക്ക ആവശ്യങ്ങളും പണം കൊണ്ട് നേടാൻ കഴിയുന്നവയല്ല. 

വാങ്ങാൻ കിട്ടുന്നതൊക്കെ വാങ്ങാനുള്ള കഴിവ് പണം നമുക്ക് തരുന്നുണ്ട്‌. വാങ്ങാനുള്ള കഴിവ് തന്നെ ഇല്ലെങ്കിൽ, അതായത് വല്ലതും വാങ്ങി അനുഭവിക്കണം എന്ന് ആഗ്രഹി ക്കാനുള്ള ബോധം തന്നെ ഇല്ലെങ്കിൽ അതും പണം കൊടുത്തു വാങ്ങാൻ പറ്റില്ല. പണത്തെ കുറിച്ചുള്ള ബോധം തന്നെ ഇല്ലാത്ത മനുഷ്യർക്ക് ഇടയിലാണ് നാം ജനിച്ചത് എങ്കിലുള്ള കാര്യം ആലോചിച്ചു നോക്കുക. ഇപ്പോഴും ഭൂമിയിൽ പണം കണ്ടിട്ടു പോലുമില്ലാത്ത ചില ആദിവാസി വർഗ്ഗങ്ങൾ ജീവിക്കുന്നുണ്ട്. പണം ഒരു ആവശ്യമാണ് എന്ന് അവർക്ക് തോന്നിയിട്ടില്ല. എങ്കിലും അവർ സന്തോഷത്താൽ പൊട്ടിച്ചിരിക്കുന്നു, നൃത്തം ചെയ്യുന്നു. പണം ഇല്ലെങ്കിലും ജീവിക്കാം, മുമ്പു മനുഷ്യർ പണം ഇല്ലാതെ ജീവിച്ചിരുന്നു എന്നർത്ഥം. പണം കൊടുത്താൽ വാങ്ങാൻ കിട്ടുന്ന ഭൗതിക ചരക്കുകളുടെ ആധിക്യം പണം കൊണ്ട് എന്തും നേടാൻ കഴിയുമെന്നൊരു മിഥ്യാ ധാരണ മനുഷ്യന് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. 

പണം കൊണ്ട് വാങ്ങാൻ കിട്ടുന്നതിനൊക്കെ നിശ്ചിത മൂല്യമുണ്ട്.  എന്നാൽ പണം കൊണ്ട് വാങ്ങാൻ കിട്ടാത്ത സുഖങ്ങൾ എല്ലാം അമൂല്യമാണ്. പണം കൊടുത്തു ഭക്ഷണം വാങ്ങി, പക്ഷെ കഴിക്കാൻ കഴിയുന്നില്ല, തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല. പണം കൊടുത്തു പുസ്തകം വാങ്ങി, പക്ഷെ വായിക്കാൻ അറിയില്ല, പഠിച്ചിട്ടില്ല. പണം കൊടുത്തു ഭംഗിയുള്ള വീട് വാങ്ങി, പക്ഷെ കണ്ട് ആസ്വദിക്കാൻ കണ്ണിനു കാഴ്ചയില്ല. പണം കൊടുത്തു പാടുന്ന പക്ഷിയെ വാങ്ങി, പക്ഷെ അതിന്റെ പാട്ടു കേൾക്കാൻ കേൾവി ശക്തിയില്ല.  ഇങ്ങനെ നോക്കിയാൽ ഒരു കൂട്ടം കഴിവുകൾ ഇല്ലെങ്കിൽ മനുഷ്യന് കുറെ പണം ഉണ്ടായിട്ട് യാതൊരു കാര്യവുമില്ല എന്നു മനസിലാക്കാം. പണത്തിന്റെ ആവശ്യങ്ങൾ മനുഷ്യന്റെ കഴിവു കളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആ കഴിവുകൾ മനുഷ്യന് പണം കൊടുത്തു വാങ്ങാനും കഴിയില്ല. 

പണം കൊടുത്തു വാങ്ങാൻ പറ്റാത്ത ഒന്നാണ് അറിവ്. പണം ഉണ്ടായാൽ മനുഷ്യന് അറിവ് ഉണ്ടാകണം എന്നില്ല. പണം കൊണ്ട് പുസ്തകം വാങ്ങാം, വിദ്യാലയത്തിൽ ചേരാം, പക്ഷെ അറിവ് ഉണ്ടാകാൻ അധ്വാനിച്ചു പഠിക്കുക തന്നെ വേണം. അല്ലെങ്കിൽ വല്ല വെളിപാടും കിട്ടണം. അത് പണം കൊണ്ട് കിട്ടില്ലല്ലോ. ഇതിനാൽ എല്ലാ ധനികരും അറിവു ള്ളവർ ആയി കാണപ്പെടുന്നില്ല.

പണം കൊടുത്തു വാങ്ങാൻ കഴിയാത്ത മറ്റൊന്നാണ് മനുഷ്യന്റെ ആകാരഭംഗി. ഒരാളുടെ ആകാര ഭംഗി നിർണ്ണ യിക്കുന്നത് അയാളുടെ ജനിതക ഘടനയാണ്. ജീനുകളിൽ ഉൾക്കൊള്ളുന്ന വിവരങ്ങൾക്ക് അനുസരിച്ചു കോശങ്ങളും ശരീരം മൊത്തത്തിലും രൂപപ്പെടുന്നു. ഒരാളുടെ മുഴുവൻ കോശങ്ങളിലെയും ജനിതക കോഡ് മുഴുവൻ മാറ്റി എഴുതാൻ കഴിയില്ല. കഴിഞ്ഞിരുന്നു എങ്കിൽ എല്ലാ ധനികരും അത്യധികം ആകാര ഭംഗി ഉള്ളവരായി കാണപ്പെട്ടിരുന്നു. 

സൽസ്വഭാവം പണം കൊടുത്താൽ കിട്ടാത്ത മറ്റൊരു കാര്യമാണ്. സൽസ്വഭാവം മനുഷ്യർ മൊത്തത്തിൽ ഇഷ്ടപ്പെടുന്ന കാര്യമാണ് എങ്കിലും ധനികരെല്ലാം സൽസ്വഭാവികൾ അല്ല. മനുഷ്യനിൽ സൽസ്വഭാവം എങ്ങനെ യാണ് രൂപപ്പെടുന്നത് എന്ന് ഇന്നും മനശാസ്ത്രം പഠിച്ചു കൊണ്ടിരി ക്കുകയാണ്. മനുഷ്യന്റെ പാരമ്പര്യത്തിനും ബാല്യകാല അനുഭവങ്ങൾക്കും വളർന്ന ചുറ്റു പാടിനും നേടിയ വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിൽ പങ്കുണ്ട് എന്ന് നമുക്കറിയാം. എങ്കിലും സൽസ്വഭാവം പണം കൊണ്ട് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല. 

പണം കൊടുത്താൽ കിട്ടാത്ത മറ്റൊന്നാണ് സമയം അല്ലെങ്കിൽ ആയുസ്. മനുഷ്യനു ജീവിക്കാനും ഉദ്ദേശിച്ചത് ചെയ്യാനും ലഭിക്കുന്ന വിലപ്പെട്ട അവസരമാണ് സമയം. ഒരാൾ മരിച്ചാൽ അയാൾക്ക് അനുഭവപ്പെട്ട സമയം എന്ന അവസരം കഴിഞ്ഞു. സമയവും ആയുസും പണം കൊണ്ട് വാങ്ങാൻ കിട്ടിയിരുന്നു എങ്കിൽ ധനികർ ഒരിക്കലും മരിക്കില്ലായിരുന്നു. ഏതു ധനികനും മരിക്കാൻ നേരം കുറച്ചു കൂടി ആയുസ് കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കാൻ മാത്രമെ കഴിയൂ. മരിക്കേണ്ട നേരത്തു ആരും മരിച്ചെ പറ്റൂ. മാക്സിമം എത്ര പ്രാവശ്യം വരെ നമ്മുടെ ശരീരത്തിലെ കോശങ്ങൾ വിഭജിക്കണം എന്ന ജനിതക പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ട അറിവും പേറിയാണ് നാം ജീവിക്കുന്നത്. 

കോമ്മൻ സെൻസും ബുദ്ധിയും പണം കൊടുത്തു വാങ്ങാൻ കഴിയാത്ത മറ്റു ഗുണങ്ങൾ ആണ്. മനുഷ്യന് ബുദ്ധി കൂടുതലും ബുദ്ധി കുറവും മന്ദബുദ്ധിയും ഉണ്ടാകുന്നത് എങ്ങനെയാണ് എന്നു കൃത്യമായി നമുക്ക് അറിയില്ല. അതിനും കാരണം പാരമ്പര്യം, ജനിതകം, ആർജ്ജിത വിദ്യാഭ്യാസം എന്നൊക്കെ യാണ് നമ്മുടെ ഉത്തരം. ഇക്കാര്യത്തിലും പണത്തിനു ഒരു റോളും ഇല്ല. ഉണ്ടായിരുന്നു എങ്കിൽ ധനികരുടെ കൂട്ടത്തിൽ വിഡ്ഢികൾ ഉണ്ടാവില്ലായിരുന്നു. 

കാശു കൊടുത്തു വാങ്ങാൻ പറ്റാത്ത മറ്റൊന്നാണ് ആത്മാർത്ഥ സ്നേഹം. ശമ്പളം കൊടുത്തു സ്നേഹിക്കാൻ ആളെ വെച്ചിട്ട് കിട്ടുന്ന സ്നേഹത്തിന് ആത്മാർത്ഥ സ്നേഹം എന്ന് പറയില്ലല്ലോ. പറയുമെങ്കിൽ ഒരു സർവൻറ് റോബോട്ടിൽ നിന്നു കിട്ടുന്ന സേവനത്തിനും അങ്ങനെ പറയേണ്ടി വരും. വാർധക്യത്തിൽ പരിചരിക്കാനും സ്നേഹിക്കാനും ചിലർ നഴ്‌സുമാരെ ശമ്പളം കൊടുത്തു നിയമിക്കുന്നു. അങ്ങനെ ഡെയ്‌ലി എട്ടോ പത്തോ മണിക്കൂർ  സ്നേഹം ചുരത്തി ഡ്യൂട്ടി സമയം കഴിഞ്ഞാൽ അവർ പോകുന്നു. സ്നേഹത്തിനു ഞായർ ഒഴിവാണ്.

കാശു കൊടുത്താൽ കിട്ടാത്ത മറ്റൊന്നാണ് സന്തോഷം എന്ന മൂഡ്. കിട്ടിയിരുന്നു എങ്കിൽ ധനികരെല്ലാം കിലോ കണക്കിന് സന്തോഷം വാങ്ങി എപ്പോഴും സന്തോഷിച്ചു ഇരിക്കുന്നത് നമുക്ക് കാണാമായിരുന്നു. ചില ധനികർ ദുഃഖിക്കുന്നത് എന്തു കൊണ്ടാണ് എന്നു ചോദിച്ചാൽ സന്തോഷം കാശു കൊടുത്തു വാങ്ങാൻ പറ്റാത്ത ഒന്നു ആയത് കൊണ്ടു തന്നെ എന്നാണ് ഉത്തരം. 

ഇങ്ങനെ പണം കൊടുത്താൽ കിട്ടാത്ത മിനിമം അമ്പത് കാര്യങ്ങളെങ്കിലും ആലോചിച്ചാൽ ആർക്കും കണ്ടുപിടിക്കാം.  വിനിമയത്തിനുള്ള ഒരു മാർഗമായാണ് മനുഷ്യൻ പണം കണ്ടുപിടിച്ചത്. അതിനപ്പുറം പണത്തെ ഒരു ജീവിത ലക്ഷ്യമായി കണ്ട് ജീവിക്കുന്നവൻ കാലക്രമേണ  മാനസികമായി ഒരു സാമ്പത്തിക ജീവിയായി പരിണമിക്കുന്നു. മനുഷ്യൻ പണം ഉണ്ടാക്കുന്നു. ആ പണം മനുഷ്യനെ തന്റെ അടിമയാക്കുന്നു. ആ അടിമത്തത്തിന്റെ ലഹരിയിൽ അങ്ങനെ ജീവിക്കുന്നതിന് ഇടയിൽ പണം കൊടുത്താൽ കിട്ടാത്ത ഒരു സുഖം മനുഷ്യന് നഷ്ടപ്പെടുമ്പോൾ അവന്റെ അകക്കണ്ണ് തുറക്കുന്നു. അപ്പോഴാണ് പണമൂല്യം ഉള്ളവ മാത്രമല്ല അമൂല്യ മായവയും ഭൂമിയിൽ ഉണ്ടെന്നും അവയാണ് മനുഷ്യ ജീവിതത്തിൽ പ്രധാന റോൾ നിർവഹിക്കുന്നത് എന്നും മനസ്സിലാവുക. പണം കൊടുത്താലും എന്ത് പരിശ്രമം നടത്തിയാലും കിട്ടാത്ത, മനുഷ്യന് ആവശ്യമുള്ള ചിലത് നിലനിൽക്കുന്ന കാലത്തോളം പ്രാർത്ഥന വളരെ പ്രസക്തമാണ്. 

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.