13 September 2018

ശീഇസം ഇസ്‌ലാമിൽ പെടുമോ..?

ലോക മുസ്ലീങ്ങളിലെ മേജര്‍ വിഭാഗങ്ങളാണ് ശീഅയും സുന്നിയും. ലോക മുസ്ലീങ്ങളിൽ എമ്പത് ശതമാനത്തോളം സുന്നികളും പതിനഞ്ചു ശതമാനത്തോളം ശീഇകളും ആണ്. സുന്നി ശീഈ ഭിന്നിപ്പിന്‍റെ അടിവേരുകള്‍ തേടിയാല്‍ മുഹമ്മദ് നബിയുടെ മരണം മുതല്‍ തന്നെ ശീഈ എന്ന പേരിൽ അല്ലെങ്കിലും അത്തരം മനസ്ഥിതിക്കാര്‍ ഉണ്ടായിരുന്നു എന്നു കാണാം. നബിയുടെ മരണ ശേഷം നബിയുടെ കുടുംബത്തില്‍ നിന്നു തന്നെ നബിയുടെ പ്രതിനിധി / ഖലീഫ ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്ന ചില പേര്‍ഷ്യന്‍ മുസ്ലീങ്ങള്‍ ഒന്നാം ഖലീഫയെ തെരഞ്ഞെടു ക്കുമ്പോൾ തന്നെ ഉണ്ടായിരുന്നു. ഇസ്ലാമിക ആധിപത്യ ത്തിന് മുമ്പ് പേര്‍ഷ്യക്കാരുടെ ഭരണ രീതി കുടുംബ വാഴ്ച ആയിരുന്നല്ലോ. അവർ ഇസ്‌ലാമിൽ വന്നപ്പോൾ പ്രസ്തുത കുടുംബ വാഴ്ച മുസ്ലീങ്ങള്‍ക്ക്  ഇടയിലും ഉണ്ടാകണം എന്ന് അവരില്‍ ചിലര്‍ ആഗ്രഹിച്ചിരിക്കാം.  

മുഹമ്മദ് നബിയുടെ മരുമകനായ അലി ഒന്നാം ഖലീഫയാകണം എന്നായിരുന്നു മേല്‍ പറഞ്ഞവരുടെ ആഗ്രഹം. പക്ഷെ യഥാക്രമം അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരുടെ വ്യക്തിത്വം ഇവരെക്കാൾ പ്രായക്കുറവുള്ള അലിക്ക് ഖിലാഫ ത്തിൽ നാലാം സ്ഥാനമാണ് നൽകിയത്. നാലാം ഖലീഫയായ അലിയെ സിറിയന്‍ ഗവര്‍ണര്‍ മുആവിയ അംഗീകരി ക്കാത്തത് മൂലം പ്രശ്നങ്ങള്‍ ഉടലെടുത്തു. ഇരുവരും തമ്മില്‍ യുദ്ധമുണ്ടായി. താമസിയാതെ ഖവാരിജ് എന്നറിയപ്പെടുന്ന ചില മൂന്നാം കക്ഷി തീവ്രവാദികളാല്‍ അലി കൊല്ലപ്പെട്ടു. അലിയുടെ മരണ ശേഷമാണ് ശീഅത്തു അലി എന്ന പേരില്‍ ശീഇകള്‍ സംഘടിത രൂപം പ്രാപിക്കാന്‍ തുടങ്ങിയത്. ശീഇസം ഉണ്ടാക്കിയത് അലിയല്ല എന്നർത്ഥം.

ശീഇസം അലി ഉണ്ടാക്കിയ പാർട്ടി അല്ലാത്ത പോലെ സുന്നികൾ മുആവിയയുടെ പാർട്ടിയുമല്ല. അങ്ങനെ ഒരു തെറ്റുധരിപ്പിക്കൽ കാലങ്ങളായി നടന്നിട്ടുണ്ട്. ഓരോ പുതിയ ഇസങ്ങളുമായി മുസ്ലീങ്ങളിൽ പുതിയ പാർട്ടികൾ ഉടലെടുത്തപ്പോൾ അതിൽ നിന്നെല്ലാം വിട്ടു നിന്ന മുസ്ലിം പൊതു ഭൂരിപക്ഷമാണ് സുന്നികൾ. അവരിൽ മുആവിയയെ അംഗീകരി ക്കാത്തവരും അലി മുആവിയ ഭിന്നിപ്പിൽ കക്ഷി ചേരാതെ വിട്ടു നിന്ന മഹാ ഭൂരിപക്ഷം സ്വഹാബികളും അവരുടെ പിന്മുറക്കാരും ഉണ്ട്. ഒരു കക്ഷിത്വ ത്തിലും പങ്കു ചേരാത്ത ഇവരാണ് ലോകം മുഴുവൻ ഇസ്‌ലാം എത്തിക്കാൻ പ്രധാന പങ്കു വഹിച്ചത്. അങ്ങനെയാണ് ലോക മുസ്ലീങ്ങളിൽ അധികവും സുന്നികൾ ആയത്. ഇവരിലെ പണ്ഡിത തലമുറകളിൽ കൂടിയാണ് കണ്ണി മുറിയാതെ ഇസ്‌ലാമിക വിജ്ഞാനം കൈമാറി വന്നത്. 

മുസ്ലിം ചരിത്രത്തിൽ ഉടനീളം സുന്നികളിലെയും ഷീഇകളിലെയും വികാര ജീവികൾ കീരിയും പാമ്പും പോലെ അടികൂടി കൊണ്ടിരിക്കുന്നത് നമുക്ക് വായിക്കാം. ഇറാനില്‍ ശീഇകള്‍ കൂടുതലാണ്. അതിന്‍റെ മുഷ്ക് അവിടെ സുന്നികള്‍ക്ക് നേരെ അവർ പ്രയോഗിക്കുന്നു. സുന്നീ പണ്ഡിതരെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യലും അടിച്ചമര്‍ത്തലും അവിടെ കാലങ്ങളായി  നടക്കുന്നു. ഇത് ആംനസ്റ്റി വരെ ചൂണ്ടി കാണിച്ചതാണ്. ശീഇഅകള്‍ ന്യൂനപക്ഷമായ സൗദി പോലുള്ള മുസ്ലിം രാജ്യങ്ങളില്‍ അവര്‍ക്കും പ്രയാസങ്ങള്‍ ഉണ്ട്. പാക്കിസ്ഥാൻ, ഇറാഖ്, സിറിയ പോലുള്ള രാജ്യങ്ങളിൽ രണ്ടു കൂട്ടരും ഉള്ളതിനാൽ പോര് അതി രൂക്ഷമാണ്. വെള്ളിയാഴ്ച ജുമുഅ നടക്കുമ്പോൾ സുന്നി പള്ളിയിലും ഷീഇ പള്ളിയിലും ബോംബ് പൊട്ടാറുണ്ട്. ഇക്കാലത്തു മുസ്ലീങ്ങളെ ഇങ്ങനെ ഭിന്നിപ്പിച്ചു നിർത്തൽ അമേരിക്കയുടെയും റഷ്യയുടെയുമൊക്കെ ആയുധ കച്ചവടത്തിന് ആവശ്യമാണ്.  

ഇരു ഗ്രൂപ്പുകളും തമ്മിൽ ദീനീപരമായ ചില അടിസ്ഥാന വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സുന്നികളും ശീഇകളും തന്നെ വിവിധ ഗ്രൂപ്പുകളായി പിരിഞ്ഞിട്ടുണ്ട്. ഹനഫി, മാലികി, ശാഫി, ഹംബലി, ദയൂബന്ധി, ബറെല്‍വി, സലഫി, സൂഫി, ഇഖ്‌വാനി, സുറൂരി, അസരി, തബലീഗ്,... ഇങ്ങനെ എത്രയോ വിഭാഗങ്ങള്‍ സുന്നികളിലും ഇമാമി, ഇസ്നാ അശരി, ഇസ്മാഈലി, സൈദി, ബഹായി, ദരൂസി, നുസൈരി.. തുടങ്ങിയ ഗ്രൂപ്പുകള്‍ ശീഇകളിലും ഉണ്ട്. ഇവയില്‍ ചിലത് ചിലതിനെ കാഫിര്‍ ആക്കി കൊണ്ടിരിക്കൽ ചരിത്രത്തിൽ എന്നുമുള്ള പ്രതിഭാസമാണ്. 

സുന്നികളും ശീഇകളും തമ്മില്‍ ഒരു പാടു ദീനീ വിഷയങ്ങളില്‍ അന്തരം നിലനില്‍ ക്കുന്നു. പല സുന്നീ പണ്ഡിതരും പല ശീഈ വിഭാഗങ്ങളെയും കാഫിറുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ചില ശീഇ വിഭാഗങ്ങള്‍ ആകട്ടെ സ്വഹാബികളില്‍ ചിലരെ തന്നെ കാഫിറായി പ്രഖ്യാപിച്ച് വിജ്രുംഭിതരായി നില്‍ക്കുന്നു. അപ്പോള്‍ ബാക്കി ഉള്ളവരുടെ കാര്യം പറയാനില്ലല്ലോ. ശീഇകളും സുന്നികളും പരസ്പരം അംഗീകരിക്കാത്ത ഹദീസ് കിത്താബുകള്‍ ഉണ്ട്. രണ്ടു കൂട്ടരും തമ്മിലുള്ള വളരെ കുറച്ച് അഭിപ്രായ ഭിന്നതകള്‍ താഴെ കൊടുക്കുന്നു;

1) ചില ശീഇകള്‍ ഇന്നുള്ള ഖുര്‍ആന്‍ അപൂര്‍ണമാണെന്ന് പറയുന്നവരാണ്. കാരണം ഇന്നുള്ള ഖുര്‍ആന്‍ സമാഹരിക്കുന്നതില്‍ അലി അല്ലാത്ത മൂന്നു ഖലീഫമാര്‍ക്കുള്ള പങ്കു നിഷേധിക്കാന്‍ കഴിയില്ലല്ലോ. പ്രസ്തുത മൂന്നു പേരും അലിയുടെ സ്ഥാനം തട്ടിപ്പറിച്ചു എന്നതാണല്ലോ ശീഇകളുടെ പ്രധാന പരാതി. ഈ വാദം സുന്നികൾ അംഗീകരിക്കുന്നില്ല.

2) ആദ്യ മൂന്നു ഖലീഫമാരെയും ചില സ്വഹാബികളെയും ചില ശീഇകള്‍ കാഫിറാക്കുകയും അസഭ്യം പറയുകയും ചെയ്യുന്നു. സുന്നികൾ നാലു ഖലീഫമാരെയും അംഗീകരിക്കുന്നു, ആദരിക്കുന്നു. മുആവിയയെ ഖലീഫയായി കാണുന്നില്ല.

3) ചില സ്വഹാബി വനിതകള്‍ക്ക് എതിരെ ചില ശീഇകള്‍ ദുരാരോപണം നടത്തുന്നു. പ്രത്യേകിച്ച് നബി പത്നി ആഇശ, ഹഫ്സ എന്നിവര്‍ക്ക് എതിരെ. ഇത് സുന്നികൾ അംഗീകരിക്കുന്നില്ല.

4) ചില ശീഇകളുടെ ഇമാമീ അവതാര വാദത്തിന് ഹിന്ദുക്കളുടെ അവതാര വാദത്തോട് സാമ്യം തോന്നുന്നു. ചിലർ അദ്വൈത വാദം പോലെയുള്ള ദൈവ വിശ്വാസത്തിന്റെ ആളുകളാണ്. ഇതൊന്നും സുന്നികൾ അംഗീകരിക്കുന്നില്ല.

5) ചില ശീഇകളുടെ ശഹാദതു കലിമയും ബാങ്കും സുന്നികൾക്ക് ഒരിക്കലും യോജിക്കാന്‍ കഴിയാത്ത രൂപത്തിലാണ്. ഇതിലൊക്കെ അവർ അലിയെ ഉൾപ്പെടുത്തുന്നു.

6) ചില ശീഇകളുടെ ഇമാമുകള്‍ ദിവ്യന്മാരും തെറ്റ് പറ്റാത്ത മഅസൂമുകളും ആണെന്നാണ്‌ അവരുടെ വിശ്വാസം. ഇങ്ങനെയുള്ള ദിവ്യത്വ വാദങ്ങൾ സുന്നികൾ അംഗീകരിക്കുന്നില്ല.

7) ചില ശീഇകള്‍ പ്രധാനപ്പെട്ട ചില സ്വഹാബികള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ഹദീസുകള്‍ സ്വീകരിക്കുന്നില്ല. ചില സ്വഹാബികളോട് ഇക്കാലത്തും ഇവർ ബാലിശമായ കടുത്ത വിരോധം പുലർത്തുന്നു. ഇതൊന്നും സുന്നികൾ അംഗീകരിക്കുന്നില്ല. 

8) ചില ശീഇകളുടെ അലി കുടുംബത്തോടുള്ള സ്നേഹം ഒരുപാട് അതിരു കവിഞ്ഞതാണ് എന്ന് സുന്നികൾ പറയുന്നു. പലപ്പോഴും ശീഇസത്തില്‍ നബിയെ തന്നെ അലി മഹത്വത്തിൽ ഓവര്‍ടെക്ക് ചെയ്യുന്നതായി നാം കാണുന്നു.  

9) ഇസ്‌ലാമിന് നിരക്കാത്ത അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂടാരങ്ങള്‍ തന്നെയാണ് ചില ശീഇകള്‍ എന്നു സുന്നികൾ പറയുന്നു. ചില ശീഇകൾക്ക് ഇടയിലുള്ള പെണ്ണിന് മഹ്ർ കൊടുത്തു നടത്തുന്ന താത്കാലിക വിവാഹം വ്യഭിചാരത്തോട് സാമ്യമുണ്ട് എന്ന് ചില സുന്നി പണ്ഡിതർ പറയുന്നു. 

10) കര്‍മ രംഗത്ത്‌ ഇസ്‌ലാമിക പ്രമാണവും രേഖയുമില്ലാത്ത ഒരുപാട് പരിപാടികള്‍ ശീഇകള്‍ക്ക് ഉണ്ട് എന്ന് സുന്നികൾ പറയുന്നു. മുഹറം പത്തിന് സൈക്കിള്‍ ചെയിന്‍ അഴിച്ചെടുത്ത്‌ സ്വന്തത്തെ പൂശി ചോര ഒലിപ്പിക്കലൊക്കെ അതില്‍ പെടും.

11) സുന്നികളെ പോലെയല്ല ശീഇകളുടെ വിധി വിശ്വാസം. അല്ലാഹുവിന്റെ അറിവിൽ പുതിയത് ഉണ്ടായി കൊണ്ടിരിക്കും എന്നാണ് അവരുടെ വിധി വിശ്വാസത്തിന്റെ ചുരുക്കം. ഇത് സുന്നികൾ അംഗീകരിക്കുന്നില്ല.

ഇനിയും ഒരുപാട് ഭിന്നതകൾ സുന്നികളും ശീഇകളും തമ്മിലുണ്ട്. മേല്‍ പറഞ്ഞ പതിനൊന്ന് കാര്യങ്ങളും എല്ലാ ശീഇ ഗ്രൂപ്പുകളിലും ഒരു പോലെ നില നില്‍ക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ചിലരില്‍ മുഴുവനും ഉണ്ട് താനും. സൈദികള്‍ എന്ന വിഭാഗത്തില്‍ ഇതിൽ മിക്കതും ഇല്ല. അവര്‍ സുന്നികളോട് ഏറെ അടുത്തു നില്‍ക്കുന്നു. യെമനിലാണ് അവര്‍ കൂടുതല്‍ ഉള്ളത്. ശീഇകളിലെ ബഹായികള്‍ പോലുള്ള ചില ഗ്രൂപ്പുകളെ ശീഇകള്‍ തന്നെ കാഫിറുകള്‍ എന്നു പറയുന്നുമുണ്ട്. മേല്‍ പറഞ്ഞതെല്ലാം കൂടെ ഉണ്ടെങ്കിലും മിക്ക ശീഇകളും മുസ്ലീങ്ങള്‍ തന്നെയാണ് എന്നാണ് സുന്നികളുടെ പൊതു വിശ്വാസം എന്നാണ് എന്റെ വായനയിൽ നിന്ന് മനസ്സിലായത്. 

അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ ദീനായും കുര്‍ആനെ കിതാബായും മുഹമ്മദ് നബിയെ റസൂലായും അംഗീകരിച്ച ഏതൊരു മനുഷ്യനെയും മുസ്ലിമായി ഗണിക്കലാണ് സൂക്ഷമത എന്നാണ് അത്ര തീവ്രത ഇല്ലാത്ത സുന്നീ പണ്ഡിതരുടെ നിലപാട്.  ഖബ്റിൽ വെച്ചു മലക്കുകൾ മനുഷ്യരോട് ചോദിക്കുക ഈ നാലു പ്രധാന കാര്യങ്ങളെ കുറിച്ചുള്ള വിശ്വാസമാണ്. വളരെ അടിസ്ഥാന പരമായ ഈ നാലു കാര്യങ്ങളും അംഗീകരി ക്കുന്നവന്‍ ഏതു വന്‍ പാപം ചെയ്താലും ഇസ്ലാമിലെ ഏതു കാര്യങ്ങള്‍ നിഷേധിച്ചാലും ഏതു നന്മ ചെയ്യാതി രുന്നാലും ഏതു അന്ധ വിശ്വാസവുമായി നടന്നാലും എന്ത് അവകാശ വാദങ്ങളു മായി വന്നാലും എന്ത് ബിദ്അതുകള്‍ ഉണ്ടാക്കിയാലും അവനെ കാഫിര്‍ ആയി കാണാതിരി ക്കലാണ് ബുദ്ധി എന്ന് സൂക്ഷമത ഉള്ള പണ്ഡിതർ പറയുന്നു. എന്നാൽ അവരെ ബിദ്ഇ, ഫാസിഖ് എന്നൊക്കെ വിശേഷിപ്പിക്കാം എന്നും പറയുന്നു. 

മനസിലേക്ക് ഒട്ടും ഈമാന്‍ പ്രവേശിച്ചിട്ടില്ലാത്ത നബിയുടെ കാലത്തെ ഗ്രാമീണ അറബികളെ പോലും മുസ്ലിമായി ഗണിക്കണം എന്നാണ് ഖുര്‍ആനില്‍ നിന്ന് മനസിലാകുന്നത്. ഒരുപക്ഷെ അവര്‍ പൂര്‍ണ്ണ മുസ്ലീങ്ങള്‍ അല്ലായിരിക്കാം. ഒരു കൂട്ടർ മറ്റൊരു കൂട്ടരെ കാഫിറായി പ്രഖ്യാപിച്ചാൽ അതോടെ ആ കൂട്ടരുടെ മനസ്സിലെ അല്ലാഹുവിലും അന്ത്യ ദിനത്തിലു മൊക്കെ ഉള്ള ഈമാൻ തേഞ്ഞു മാഞ്ഞു ഇല്ലാതായി പോകുകയൊന്നും ഇല്ലെന്നാണ് മനസ്സിലാകുന്നത്. മനസ്സിൽ ആറ്റത്തോളം ഈമാൻ ഉള്ളവനൊക്കെ അതിനു അല്ലാഹുവിങ്കൽ ഫലം ഉണ്ടുതാനും. ഞാന്‍ മുസ്ലിമാണ് എന്ന് പറയുന്ന ആരോടും നീ കാഫിറാണ് എന്ന് പറയാതിരിക്കലാണ് സൂക്ഷ്മത എന്നും സൂക്ഷ്മത ഉള്ള പണ്ഡിതർ പറയുന്നു. അതെ സമയം ഇതിൽ നിന്ന് ഭിന്നമായി ചില സുന്നീ പണ്ഡിതർ ശീഇകളോട് തീവ്രവും കടുത്തതുമായ നിലപാടും സ്വീകരിച്ചു വരുന്നു.

അൻസാർ അലി നിലമ്പൂർ 

No comments:

Post a Comment

Note: only a member of this blog may post a comment.