19 September 2018

മതവിശ്വാസം ഒരു മനോരോഗമാണോ..?

നിരീശ്വര വാദികളായ സിഗ്മണ്ട് ഫ്രോയ്ഡും റിച്ചാർഡ് ഡോക്കിൻസും സാം ഹാരിസു മൊക്കെ മത വിശ്വാസത്തെ ഒരു മനോ രോഗമായി പൊതു വൽക്കരിച്ചു പറയുന്നത് അവരുടെ ചില പുസ്തകങ്ങളിൽ നമുക്ക് വായിക്കാം. ഫ്രോയ്ഡ് പറഞ്ഞതു മത വിശ്വാസം ഒരു ന്യൂറോസിസ് ആണെന്നാണ്. അവരുടെ അഭിപ്രായത്തിൽ മത വിശ്വാസി കളെക്കാൾ മാനസിക ആരോഗ്യം കൂടുതൽ ഉള്ളത് നിരീശ്വര വാദികൾക്ക് ആണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വായനയിൽ നിന്ന് എനിക്ക് മനസ്സിലായത് അവരുടെ ഈ അഭിപ്രായം അനുഭവ യാഥാർഥ്യത്തിനും യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത വിഡ്ഢി വാദം ആണെന്നാണ്. വളരെ കുറച്ച് സൈക്കോളജിസ്റ്റുകൾ മാത്രമാണ് മത വിശ്വാസത്തെ ഒരു ന്യൂറോസിസ് ആയോ ഡില്യൂഷൻ ആയോ കാണുന്നത്.

എല്ലാ മത വിശ്വാസികളും മതം കൊണ്ടു മാനസിക പ്രശ്നം അനുഭവിക്കുന്നവർ അല്ലെന്നു മത വിശ്വാസികളെ  മൊത്തത്തിൽ നിരീക്ഷിച്ചാൽ നമുക്ക് മനസിലാക്കാം. മനുഷ്യരിൽ ഭൂരിപക്ഷം മത വിശ്വാസികളാണ്, അവരെല്ലാം മനോരോഗം ബാധിച്ചവരുമാണ് എന്നത് ബാലിശമായ അഭിപ്രായം മാത്രമാണ്. മത വിശ്വാസം കൊണ്ടു മനോരോഗം വന്ന ചെറിയൊരു വിഭാഗം മത വിശ്വാസികൾ നിലവിൽ ഉള്ളപ്പോൾ എല്ലാ മത വിശ്വാസി കളെയും മനോരോഗം ഉള്ളവരായി കാണണോ എന്ന് നിരീശ്വര വാദികൾ ചിന്തിച്ചു നോക്കണം. കേവല മത വിശ്വാസം ഒരു മനോ രോഗമല്ല. മനോ രോഗങ്ങളെ കാറ്റഗറൈസ് ചെയ്തിട്ടുള്ള DSM, ICD മാനുവലു കളിലൊന്നും നാം അങ്ങനെ കാണുന്നുമില്ല.

യുക്തിപര മല്ലാത്തതും അന്ധവും തീവ്രവുമായ മത വിശ്വാസം ചിലർക്ക് മനോരോഗം ഉണ്ടാക്കാറുണ്ട് എന്നതിനെ നിഷേധിക്കാൻ നമുക്ക് കഴിയില്ല. ലോകത്തുള്ള എല്ലാ മത വിശ്വാസങ്ങളും അത്ര യുക്തിപരമല്ല. ചിലത് മനുഷ്യന് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കി യില്ലെങ്കിലെ അത്ഭുതമുള്ളൂ എന്ന് വിചിത്രമായ ചില മത വിശ്വാസങ്ങളെ കുറിച്ച് പഠിച്ചാൽ നമുക്ക് ബോധ്യപ്പെടും. ഡ്യൂക്ക് യൂണിവേഴ്‌സിറ്റി സൈക്യാട്രി പ്രൊഫസർ Harold Koenig ഇക്കാര്യത്തിൽ ധാരാളം പഠനങ്ങൾ നടത്തിയ വ്യക്തിയാണ്. അദ്ദേഹം പറയുന്നത് മൂന്നിലൊന്നു സൈക്കോസിസ് കേസുകളിലും മതപരമായ മിഥ്യാ ഭ്രമങ്ങൾ (Delusions) കാണപ്പെടുന്നു എന്നാണ്. എങ്കിലും കേവല മത വിശ്വാസങ്ങൾ മനോ രോഗങ്ങൾക്ക് കാരണമല്ല എന്നു തന്നെയാണ് ഭൂരിപക്ഷം മനശാസ്ത്ര വിദഗ്ധരുടെയും വീക്ഷണം.

മത വിശ്വാസം ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. നല്ല രൂപത്തിൽ മനസിലാക്കി സ്വീകരിച്ചാൽ അതു മനുഷ്യന് നല്ല മാനസിക ആരോഗ്യം നൽകും. തെറ്റായ രൂപത്തിൽ മനസിലാക്കി അതിൽ അമിതത്വം കാണിച്ചാൽ അത് മാനസിക പ്രശ്നങ്ങളും നൽകും. ഭക്തി കൂടി സൈക്കോസിസ് ആവുന്ന അവസ്ഥ സ്വാഭാവികമാണ്. യാഥാർഥ്യത്തിൽ നിന്നുള്ള മനസ്സിന്റെ ബന്ധ വിച്ഛേദനവും വ്യക്തിത്വത്തിൽ തന്നെ വരുന്ന മാറ്റവും ഭൂതം, ജിന്ന്, പിശാച് പോലുള്ള മായാ കാഴ്ചകൾ കണ്ട് ഞെട്ടി നിലവിളിക്കലും ഇല്ലാത്ത ശബ്ദങ്ങളും അശരീരികളും കേൾക്കലും സൈക്കോസിസ് ആണ്. ഭക്തി കൂടി ഞാൻ ദൈവമാണ്, പ്രവാചകനാണ്, ദൈവ അവതാരമാണ് എന്നൊക്കെ പുലമ്പുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. ചിലർ അവരുടെ മനോ ഭ്രമങ്ങളിൽ ദേവ കല്പന കേട്ടെന്നും പറഞ്ഞു സ്വന്തം മക്കളെ തന്നെ ദേവ പ്രീതിക്കായി ബലി അർപ്പിക്കുന്നു. കടുത്ത മത വിശ്വാസം മൂലം ഉടലെടുക്കുന്ന മാനസിക പ്രശ്നങ്ങൾ സൈക്യാട്രിയിൽ ഹൈപ്പർ റിലീജ്യോസിറ്റി എന്ന പേരിൽ പ്രത്യേകം പഠിക്കപ്പെടുന്നു.
 
അബദ്ധങ്ങളിൽ നിന്നും അന്ധ വിശ്വാസ ങ്ങളിൽ നിന്നും മുക്തമായ കേവല മത വിശ്വാസം ഒരു മനോ രോഗമോ (Mental Disorder or Illness) മിഥ്യാ ഭ്രമമോ (Delusion) അല്ല. ആണെന്ന് ആർക്കും ശാസ്ത്രീയമായി തെളിയിക്കാനും കഴിഞ്ഞിട്ടില്ല. കേവല വിശ്വാസങ്ങൾക്ക് സൈക്യാട്രിയിൽ മിഥ്യാഭ്രമം എന്നു പറയില്ല. ഫ്രോയ്ഡിന്റെ അഭിപ്രായ പ്രകടനം നിരുത്തര വാദപരമായ ഒന്നായതിനാൽ സൈക്കോളജിയിലോ സൈക്യാട്രിയിലോ അതു അംഗീകരിക്ക പ്പെട്ടിട്ടുമില്ല. മനോ രോഗങ്ങൾ ഉള്ളവരുടെ പ്രധാന ലക്ഷണം അവർക്ക് ശരിയായ വിധം സമൂഹത്തിൽ ഇടപെടാൻ കഴിയില്ല എന്നതാണ്. വളരെ നന്നായി സമൂഹത്തിൽ ഇടപഴകി ജീവിക്കുന്ന അനേകം മത വിശ്വാസികളെ നാം കാണുന്നു. ഒരാൾ ചില വിശ്വാസങ്ങൾ മുറുകെ പിടിക്കുന്നു എന്നത് ഒരു മനോ രോഗമായി കണ്ടാൽ മനുഷ്യർ മൊത്തത്തിൽ മനോ രോഗികൾ ആണ് എന്നു പറയേണ്ടി വരും. കാരണം, നിരീശ്വര വാദികൾ അടക്കം എന്തെങ്കിലും വിശ്വാസങ്ങൾ ഇല്ലാത്ത ആരെയും ഭൂമിയിൽ കണ്ടേക്കില്ല.

കേവല മത വിശ്വാസം ഒരു മനോ രോഗം അല്ലെന്ന് മാത്രമല്ല മികച്ച മതങ്ങൾ അതിന്റെ അനുയായികൾക്ക് മികച്ച മാനസിക ആരോഗ്യം നൽകുന്നു എന്നതാണ് സത്യം. ചില മനോരോഗങ്ങൾ എളുപ്പത്തിൽ സുഖപ്പെടാൻ മതം സഹായിക്കുന്നു എന്നും മനോ രോഗങ്ങൾ പിടിപെടാതെ അത് വിശ്വാസികളെ സംരക്ഷിക്കുന്നു എന്നും വിവിധ മനശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു. മതം വിശ്വാസികളിലെ ആത്മഹത്യയും വിഷാദവും ഉൽക്കണ്ഠയും സ്ട്രെസ്സും കുറയ്ക്കുന്നു. മത ആചാരങ്ങൾ മാനസിക പ്രയാസമുള്ള വിശ്വാസിയെ കൂട്ടായ്മ കളിലേക്ക് കൊണ്ടു വരുന്നു. അവയിലുള്ള മറ്റു വിശ്വാസികൾ അവന് ആശ്വാസവും പുതിയ ചിന്തകളും നൽകുന്നു.  വേൾഡ് സൈക്യാട്രിക് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന ദിനേശ് ബുഗ്ര മതപരമായ കൂടിച്ചേരൽ വിശ്വാസിയെ മാനസികമായി ഒരുപാട് സഹായിക്കുന്നു എന്ന് പറഞ്ഞത് വായിച്ചിട്ടുണ്ട്.

പ്രൊഫസർ എലിൻ സാക്‌സ് സ്കിസോ ഫ്രീനിയയിൽ നിന്നും മുക്തരായ കുറേപേരെ വെച്ചു നടത്തിയ പഠനത്തിൽ മതപരമായ കൂടിച്ചേരൽ അവരുടെ രോഗ മുക്തിക്ക് വളരെ സഹായിച്ചതായി കണ്ടെത്തി. ഇത്തരം ഒരുപാട് മനശാസ്ത്ര പഠനങ്ങൾ ഇന്ന് ലഭ്യമാണ്. കൂടുതൽ അറിയാൻ ഡ്യൂക്ക് യൂണിവേഴ്സിറ്റി സൈക്യാട്രി പ്രൊഫസർ Harold Koenig ന്റെ “Is Religion Good for Your Health? The Effects of Religion on Physical and Mental Health” (1997), “Handbook of Religion and Mental Health” (1998) എന്നീ കൃതികൾ വായിക്കുക. മതപരമായ മിഥ്യാ ഭ്രമങ്ങൾ ബാധിക്കുന്ന അധിക പേരും അത്ര വലിയ മത വിശ്വാസികൾ അല്ലെന്നും ഒരു മത വിഭാഗത്തിന്റെയും സപ്പോട്ട് ഇല്ലാത്തവരാണ് അവരെന്നുമുള്ള ഇദ്ദേഹത്തിന്റെ വീക്ഷണം നമുക്ക് ഈ കൃതികളിൽ വായിക്കാം. നല്ല മത വിശ്വാസികൾക്ക് വിഷാദ രോഗത്തിന്റെ കുറഞ്ഞ ലക്ഷണങ്ങൾ മാത്രമെ ഉണ്ടാകൂ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഫിലാഡൽഫിയ തോമസ് ജെഫേഴ്‌സൻ യൂണിവേഴ്‌സിറ്റി സയന്റിസ്റ്റ്  Andrew Newberg പറയുന്നത് മതങ്ങളിലെ ധ്യാനാത്മക പ്രാർത്ഥനകൾ വൈകാരിക പ്രതികരണ ങ്ങൾക്ക് കാരണമായ ബ്രെയിനിലെ ഏരിയകളെ, വിശിഷ്യാ ഫ്രോണ്ടൽ ലോബിനെ ഉത്തേജിപ്പിക്കാൻ വളരെയധികം സഹായിക്കുന്നു എന്നാണ്. ചില മതങ്ങൾ പുകവലിയും മദ്യപാനവും അമിത ഭക്ഷണവും വിരോധിച്ചത് ബ്രെയിനിനെ അതിന്റെ ധർമ്മങ്ങൾ ശരിയാം വണ്ണം നിർവഹിക്കാൻ സഹായിക്കുന്നു എന്നും അദ്ദേഹം പറയുന്നു. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ മതവും മാനസിക ആരോഗ്യവും തമ്മിലുള്ള അഭേദ്യമായ ബന്ധം നിരീക്ഷിച്ചു മനസിലാക്കിയ ശേഷം മത പുരോഹിതർക്ക് ഒരു മെന്റൽ ഹെൽത്ത് ഗൈഡ് തയ്യാറാക്കി വിതരണം ചെയ്തത് ശ്രദ്ധിക്കണം. ഇതിനു പറഞ്ഞ ന്യായം മതത്തിനു മാനസിക രോഗങ്ങൾ സുഖപ്പെടുത്തുന്നതിൽ അപാര പങ്കുണ്ടെന്നും ഇതിൽ മത പുരോഹിതർക്ക് വലിയ പങ്കു നിർവഹിക്കാൻ ഉണ്ടെന്നുമാണ്.

മതം എപ്പോഴും മനുഷ്യരുടെ മാനസിക ആരോഗ്യത്തെ വർധിപ്പിക്കുന്ന വിധമാകണം. ഭക്തി കൂടി വട്ടാകുന്ന പ്രതിഭാസം മതങ്ങൾ നിരുത്സാഹ പ്പെടുത്തണം. മനുഷ്യന്റെ ഭക്തി ഇല്ലെങ്കിലും ദൈവം പരിപൂർണ്ണ ധന്യനാണ് എന്നാണ് മതങ്ങൾ പഠിപ്പിക്കുന്നത്. അപ്പോൾ ദൈവത്തിന്റെ പേരിലുള്ള അന്തക്കേടുകൾ ഒട്ടും ആവശ്യമില്ല. മാനസിക സുഖത്തിനും പുരോഗതിക്കും വേണ്ടിയാകണം മനുഷ്യർ മതം സ്വീകരിക്കേണ്ടത്, കുഴപ്പങ്ങൾ ഉണ്ടാക്കാൻ വേണ്ടി ആകരുത്. മതം കുറെ വൈകാരിക ആവേശങ്ങൾ ആകരുത്, അത് മനുഷ്യർക്ക് വിവേകമാണ് നൽകേണ്ടത്. മാനസിക പ്രശ്നങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കാതെ മതം മനുഷ്യർക്ക് സമാധാനം നൽകണം. അന്യ മതക്കാരോട് വെറുപ്പും വിരോധവും മതങ്ങൾ ഉൽപാദി പ്പിക്കരുത്, വർഗീയ രോഗികളെ സൃഷ്ടിക്കരുത്. വ്യത്യസ്ത മത വിശ്വാസികൾ എപ്പോഴും കടിപിടി കൂടിയാൽ മനുഷ്യന്റെ നിലനിൽപ്പ് തന്നെ ഭൂമിയിൽ ചോദ്യം ചെയ്യപ്പെടും. മനുഷ്യ സമൂഹത്തിനു പുരോഗതിയും വികാസവും ഉണ്ടാകുന്നത് യുദ്ധങ്ങളും കലഹങ്ങളും ഇല്ലാതിരി ക്കുമ്പോൾ ആണ്.

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.