5 September 2018

അസമത്വം ഉണ്ടാക്കിയത് ദൈവമല്ലേ..?

എന്തു കൊണ്ടാണ് ദൈവം ചിലരെ ആരോഗ്യത്തോടെയും ചിലരെ വൈകല്യങ്ങളോടെയും ചിലരെ വെളുത്തവർ ആയും ചിലരെ കറുത്തവർ ആയും ചിലരെ ധനികരുടെ വീട്ടിലും ചിലരെ ദരിദ്രരുടെ വീട്ടിലും ചിലരെ നല്ലവരുടെ കൂട്ടത്തിലും ചിലരെ മോശക്കാരുടെ കൂട്ടത്തിലും ജനിപ്പിക്കുന്നത്, നീതിമാൻ എന്നറിയ പ്പെടുന്ന ദൈവം ഇങ്ങനെ ചെയ്യുന്നത് അനീതിയല്ലേ, എല്ലാവരെയും തുല്യരായി ജനിപ്പിക്കുകയല്ലേ വേണ്ടത്..

ഈ ചോദ്യം കാലങ്ങളായി ചിന്തിക്കുന്ന മനുഷ്യരിൽ നിന്ന് ഉയരുന്നതാണ്. ദൈവ വിശ്വാസികളും നിഷേധികളും ഇതു ചോദിക്കാറുണ്ട്. സെമിറ്റിക് മതങ്ങളായ ജൂത ക്രിസ്ത്യൻ ഇസ്‌ലാം മതങ്ങളുടെ ദൈവ ശാസ്ത്രത്തിൽ ഇതിനു പല വിധ മറുപടികളും കാണാം. അവ ചുരുക്കി താഴെ വിവരിക്കുന്നു. 

1) സകല മനുഷ്യരെയും ഒരേ അച്ചിൽ വാർത്ത പോലെ സകല കാര്യത്തിലും സമന്മാരായി ജനിപ്പിച്ചു കൊള്ളാം എന്ന് ദൈവം എവിടെയും പറഞ്ഞിട്ടില്ല. അത്തരത്തിൽ താൻ നീതി ചെയ്തോളാമെന്ന് ദൈവം എവിടെയും മനുഷ്യർക്ക് വാഗ്ദാനം നൽകിയിട്ടുമില്ല. അങ്ങനൊരു വാഗ്ദാനം ദൈവം നൽകിയെങ്കിൽ മാത്രമെ ദൈവത്തെ അക്കാര്യത്തിൽ വിമർശിക്കുന്നതിൽ അർത്ഥമുള്ളൂ. 

2) ഓരോ മനുഷ്യനും വെവ്വേറെ വ്യക്തിത്വവും അതുല്യതയും ഐഡന്റിറ്റിയും നൽകുക എന്നതാണ് ദൈവത്തിന്റെ രീതി. അതിൽ ദൈവം മനുഷ്യന് അറിയാത്ത പല യുക്തികളും കാണുന്നു. സർവജ്ഞനും യുക്തിമാനും ആയ ദൈവത്തെ മനുഷ്യർ സൃഷ്ടിപ്പ് പഠിപ്പിക്കേണ്ട ആവശ്യമില്ല. 

3) ബാധ്യതയും അവകാശവും ഉള്ളിടത്തു മാത്രമെ നീതിയും അനീതിയും കടന്നു വരുന്നുള്ളൂ. തനിക്ക് ഇഷ്ടപ്പെട്ട രൂപത്തിൽ തന്നെ ജനിപ്പിക്കണം എന്നു ദൈവത്തോട് പറയാൻ ഒരു മനുഷ്യനും ദൈവത്തിന്റെ അടുക്കൽ ഒരു അവകാശവും ഇല്ല. മനുഷ്യർ ഇഷ്ടപ്പെടുന്ന രൂപത്തിൽ അവരെ സൃഷ്ടിച്ചു കൊടുക്കാൻ ദൈവത്തിനു അവരോടു യാതൊരു ബാധ്യതയും ഇല്ല. ഓരോ മനുഷ്യനും നന്മയായി എന്തുണ്ടോ അതൊക്കെ ദൈവത്തിന്റെ ഔദാര്യം ആണ്. ഔദാര്യം ഓരോരുത്തർക്കും ദൈവം ഉദ്ദേശിക്കുന്ന അളവിൽ നൽകുന്നു. ഔദാര്യം ചെയ്യുന്നതിൽ സമത്വം പാലിക്കും എന്ന് ദൈവം എവിടെയും പറഞ്ഞിട്ടില്ല.

4) ഒരു പിതാവിന്റെ ബീജങ്ങളിൽ നിന്നുണ്ടായ അഞ്ചു മക്കളിൽ എല്ലാവരോടും പിതാവിന് തുല്യ ബാധ്യത ഉണ്ട്, എല്ലാ മക്കൾക്കും പിതാവിൽ തുല്യ അവകാശവും ഉണ്ട്. പിതാവ് ഒരു മകന് മാത്രം വല്ലതും നൽകിയാൽ അത് മറ്റു മക്കളോട് ചെയ്യുന്ന അനീതിയാണ്. ദൈവത്തിനു ഒരു മനുഷ്യനോടും ഒരു ബാധ്യതയും ഇല്ല ഒരു മനുഷ്യനും ദൈവത്തിന്റെ അടുക്കൽ ഒരു അവകാശവും ഇല്ല. അതിനാൽ ജനന കാര്യത്തിൽ ദൈവം അനീതി ചെയ്യുന്നു എന്ന വാദത്തിന് ഒരു പ്രസക്തിയും ഇല്ല. 

5) ദൈവം പരമാധികാരിയാണ്. അവന് യുക്തമെന്നു തോന്നിയ രൂപത്തിൽ അവൻ ഓരോരുത്തരെയും ജനിപ്പിക്കുന്നു. ഒരു ശില്പി അയാളുടെ അടുത്തുള്ള കല്ലിൽ അയാൾക്ക് യുക്തമെന്നു തോന്നിയ ശിൽപം കൊത്തിയെടുക്കുന്നു. ഇവിടെ ശില്പിക്ക് ശില്പത്തോട് ഒരു ബാധ്യതയും ഇല്ല. ശില്പത്തിന് ശില്പിയുടെ അടുക്കൽ ഒരു അവകാശവും ഇല്ല. ശില്പി പരമാധി കാരിയാണ്. ദൈവം പരിപൂർണ്ണ പരമാധികാരിയാണ്. 

6) ദൈവം ഓരോ മനുഷ്യനെയും ഭൂമിയിൽ ജനിപ്പിക്കുന്നത് പരീക്ഷിക്കാൻ ആണെന്നും ഓരോ മനുഷ്യനും വെവ്വേറെ പരീക്ഷ നടത്താനാണ് ദൈവം ഉദ്ദേശിക്കുന്നത് എന്നുമാണ് ജൂത ക്രിസ്ത്യൻ ഇസ്‌ലാം പോലുള്ള സെമിറ്റിക് മതങ്ങളുടെ ദൈവ വിശ്വാസങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. എല്ലാ മനുഷ്യർക്കും ഒരേ ചോദ്യ പേപ്പർ അല്ല. 

7) ഓരോ മനുഷ്യനും എന്തുണ്ടോ അതെല്ലാം ദൈവം പരീക്ഷിക്കാൻ വേണ്ടിയാണ്  നൽകിയത് എന്നു സെമിറ്റിക് മതങ്ങൾ പറയുന്നു. ധനം, ദാരിദ്ര്യം, ആരോഗ്യം, രോഗം, സൗന്ദര്യം, വൈരൂപ്യം, വൈകല്യം... എല്ലാം ദൈവം പരീക്ഷക്കായി നൽകുന്നു. മനുഷ്യർ പരസ്പരം തന്നെ പരീക്ഷയാണ്. ദരിദ്രർ ധനികർക്ക് ഉള്ള പരീക്ഷയാണ്. രോഗികൾ ആരോഗ്യമുള്ളവർക്ക് ഉള്ള പരീക്ഷയാണ്. കുഞ്ഞുങ്ങൾ മാതാപിതാക്കൾക്ക് ഉള്ള പരീക്ഷയാണ്. വൃദ്ധ മാതാപിതാക്കൾ മക്കൾക്കുള്ള പരീക്ഷയാണ്. എല്ലാ മനുഷ്യരും ഒരു പോലെ ആയാൽ പരീക്ഷക്ക് വലിയ പ്രാധാന്യം ഇല്ലല്ലോ. 

8) ദൈവം മനുഷ്യന് പരീക്ഷ നടത്തുന്നത് ദൈവത്തിനു എന്തെങ്കിലും അറിയാൻ വേണ്ടിയല്ല, ഭൂമിയിൽ ജനിക്കാൻ അവസരവും കൂടെ കഴിവും സ്വാതന്ത്ര്യവും കിട്ടിയിട്ട് മനുഷ്യൻ എന്ത് ചെയ്തു എന്നു മനുഷ്യർക്ക് തന്നെ അറിയാൻ വേണ്ടിയാണ്. ദൈവം പരീക്ഷ നടത്തുന്നത് മനുഷ്യന് ജയിക്കാനും ഉന്നത സ്ഥാനത്തു എത്താനും വേണ്ടിയാണ്. മനുഷ്യൻ തോൽക്കുന്നത് അവന്റെ തന്നെ ചെയ്‌തിയാണ്.  

9) പരീക്ഷ നടത്തിപ്പിൽ ആരോടും ദൈവം അക്രമം ചെയ്യില്ല, അനീതി ചെയ്യില്ല, റിസൽറ്റുകൾ മാറ്റി മറിക്കില്ല, അവയിൽ കൃത്രിമം കാണിക്കില്ല എന്ന് മിക്ക വേദ ഗ്രന്ഥങ്ങളിലും ദൈവം ഉറപ്പിച്ചു പറയുന്നു. 

10) രണ്ടു മനുഷ്യരെ തമ്മിൽ താരതമ്യം ചെയ്തിട്ടു ഒരാൾക്ക് ദൈവം കൂടുതൽ കൊടുത്തു മറ്റെയാൾക്ക് ദൈവം കുറച്ചു കൊടുത്തു എന്ന് നമുക്ക് തോന്നിയേക്കും. എന്നാൽ കുറച്ചു കിട്ടിയവൻ അവനുള്ള പരീക്ഷയാണ് നേരിടുന്നത്. കൂടുതൽ കിട്ടിയവൻ അവനുള്ള പരീക്ഷയും. മനുഷ്യർ വ്യത്യസ്തരായി ജനിച്ചതിനാൽ വ്യത്യസ്ത പരീക്ഷകൾ നേരിടുന്നു. 

11) ചില മനുഷ്യർക്ക് കടുത്ത പരീക്ഷയാണ് ദൈവം ഏർപ്പെടു ത്തുന്നത്, ചിലർക്ക് ലഘുവായ പരീക്ഷയും. എല്ലാവരെയും ഒരു പോലെ ജനിപ്പിക്കാം എന്നോ എല്ലാർക്കും ഒരേ പരീക്ഷ തന്നെ നടത്താമെന്നോ ദൈവം പറഞ്ഞിട്ടില്ല. കടുത്ത പരീക്ഷയിൽ ജയിച്ചവൻ അതിനുള്ള നേട്ടവും ലഘുവായ പരീക്ഷ ജയിച്ചവൻ അതിനുള്ള നേട്ടവും ദൈവത്തിൽ നിന്നു കരസ്ഥമാക്കുന്നു. അക്കാര്യത്തിൽ ദൈവം അനീതി കാണിക്കില്ല. ഉള്ളവന് ഉള്ളത് ദൈവം വകവെച്ചു കൊടുക്കുന്നു.

12) സകല കാര്യത്തിലും മനുഷ്യർ ഭൂമിയിൽ തുല്യരായി ജനിക്കുക എന്നത് അത്ര യുക്തി പരമായ കാര്യമല്ല. അങ്ങനെ ആവുമ്പോൾ മനുഷ്യ സമൂഹം നില നിൽക്കാൻ പ്രയാസപ്പെടും. എല്ലാവരും തൊഴിലാളികൾ ആയാൽ ആര് തൊഴിൽ നൽകും, എല്ലാവരും മുതലാളിമാർ ആയാൽ ആര് തൊഴിൽ ചെയ്യും, എല്ലാവരും പുരുഷന്മാർ ആയാൽ മനുഷ്യ സമൂഹം എങ്ങനെ നിൽക്കും, എല്ലാ മൃഗങ്ങളും സിംഹമായി ജനിച്ചാൽ അവ എന്തിനെ തിന്നു വിശപ്പടക്കും. എല്ലാ മനുഷ്യരും ഭൂമിയിലേക്ക് ഒരേ അച്ചിൽ വാർക്കപ്പെട്ട റോബോട്ടുകൾ ആയി ജനിച്ചിരുന്നു എങ്കിൽ ആരെയും തിരിച്ചറിയാത്ത ഒരു അറുബോറ് പരിപാടി ആയേനെ അത്. 

13) ദൈവം ഭൂമിയിൽ മനുഷ്യരെ യുക്തി ഭദ്രമായ രൂപത്തിൽ വ്യത്യസ്തമായി വിന്യസിച്ചിരിക്കുന്നു. ദൈവിക യുക്തി മിക്കപ്പോഴും മനുഷ്യന് മനസ്സിലാകണം എന്നില്ല. ചിന്തിക്കുന്നവർക്ക് കുറച്ചേറെ കാര്യങ്ങൾ മനസ്സിലാവാം. എല്ലാ കാര്യത്തിലും തുല്യതയുള്ള മനുഷ്യരെ കൊണ്ടു ഭൂമിയെ സമത്വ സുന്ദര ലോകം ആക്കാമെന്നു ദൈവം നിശ്ചയിച്ചിട്ടില്ല. സകല കാര്യത്തിലും തുല്യതയുള്ള ഒരു സമൂഹത്തെ ഉണ്ടാക്കാൻ ചരിത്രത്തിൽ ഇന്നേവരെ ഒരു സാമൂഹ്യ വ്യവസ്ഥക്കും കഴിഞ്ഞിട്ടുമില്ല. 

14) വ്യത്യസ്ത കഴിവുകളോടെ ഭൂമിയിൽ ജനിച്ചു വ്യത്യസ്ത പരീക്ഷകൾ നേരിട്ട മനുഷ്യർ പ്രസ്തുത പരീക്ഷയിലെ ജയ പരാജയങ്ങളുടെ അടിസ്ഥാനത്തിൽ മരണ ശേഷമുള്ള ജീവിതത്തിലും പരലോകത്തും വ്യത്യസ്ത പദവികളിൽ ആയിരിക്കും എന്നാണ് സെമിറ്റിക് മതങ്ങൾ പഠിപ്പിക്കുന്നത്. സ്വർഗത്തിൽ പോലും സമത്വം ഉണ്ടെന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല. 

15) ജനിക്കുന്ന കുഞ്ഞുങ്ങളെ എല്ലാം ദൈവം ഒരു പോലെ ജനിപ്പിച്ചാലും ജനനം മുതൽ അവർ അതുല്യരാവാൻ തുടങ്ങുന്നു. ഭൂമിയിൽ മനുഷ്യർ തന്നെ സംവിധാനിച്ച അസമത്വം നിറഞ്ഞ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളും നിയമങ്ങളും മനുഷ്യരെ കൂടുതൽ അസമരാക്കുന്നു. മനുഷ്യർ ഉണ്ടാക്കി വെച്ച എല്ലാ അസ്വമത്വങ്ങളും ദൈവത്തിനു മേൽ ചുമത്തിയിട്ടു കാര്യമില്ല. 

16) രോഗങ്ങളും വൈകല്യങ്ങളും കൊണ്ടു കുഞ്ഞുങ്ങൾ ജനിക്കുന്നതിനെല്ലാം കാരണം ദൈവമാണ് എന്നു പറയുന്നതിൽ വസ്തുതയില്ല. മനുഷ്യർ ഉണ്ടാക്കി വെച്ച കാരണങ്ങൾ കൊണ്ട് തന്നെയാണ് ജന്മ വൈകല്യങ്ങൾ അധികവും സംഭവിക്കുന്നത്. വികലാംഗരെ ജനിപ്പിക്കുന്നത് ദൈവമല്ലെ എന്ന എന്റെ ബ്ലോഗ് പോസ്റ്റിൽ ഇത് വിവരിച്ചിട്ടുണ്ട്.

17) സുഖ സമ്പൂർണ്ണ ജീവിതം നയിക്കുന്നവർക്ക് മാത്രം ദൈവം കുഞ്ഞുങ്ങളെ നൽകുകയും കഷ്ടതകളിൽ ജീവിക്കുന്നവർക്ക് കുഞ്ഞുങ്ങളെ നൽകാതിരിക്കുകയും ചെയ്യുമ്പോൾ ദൈവം മുതലാളിമാരുടെ മാത്രം ആളായി മാറുന്നു. കുഞ്ഞു ങ്ങൾക്ക് വേണ്ടി ദൈവത്തോട് തേടുന്ന പാവങ്ങളുടെ പ്രാർത്ഥന ദൈവത്തിന് തള്ളി കളയേണ്ടി വരുന്നു. ദൈവം അങ്ങനെയല്ല, ദൈവം സകല മനുഷ്യരുടെയും ദൈവമാണ്. കുഞ്ഞുങ്ങൾ വ്യത്യസ്തരായി ജനിക്കാനുള്ള ഒരു കാരണം ആണിത്.

18) നാടകത്തിന്റെ ആദ്യ സീനുകൾ കണ്ട ശേഷം കാണികളിൽ ഒട്ടേറെ ചോദ്യങ്ങൾ ഉണ്ടാകൽ സ്വാഭാവികമാണ്. നാടകം മുഴുവൻ കാണുമ്പോൾ അവയ്ക്കുള്ള ഉത്തരങ്ങൾ കിട്ടും. ഇപ്പോൾ മുന്നിലുള്ള മനുഷ്യരെ കാണുമ്പോൾ ദൈവത്തോട് ഒട്ടേറെ ചോദ്യങ്ങൾ ചോദിക്കാൻ തോന്നൽ സ്വാഭാവികമാണ്. പക്ഷെ ഇഹലോകം തീർന്നിട്ടില്ല. തീരാത്തത് കൊണ്ടാണ് ചോദ്യങ്ങൾ ഉണ്ടാവുന്നത്. ഇഹലോകം തീർന്നാൽ പരലോകമുണ്ട്. അവിടുത്തെ സീനുകളും കഴിയുമ്പോൾ ആണ് എന്ത് യുക്തിയുടെയും നീതിയുടെയും അടിസ്ഥാനത്തിൽ ആണ് ദൈവം ഭൂമിയിൽ മനുഷ്യരെ വ്യത്യസ്തരായി ജനിപ്പിച്ചത് എന്നു മനുഷ്യർക്ക് പൂർണ്ണമായി മനസ്സിലാകുക. 

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.