5 June 2018

ഖുർആൻ സാഹിത്യം അതുല്യം

ഖുർആനിക  സാഹിത്യത്തിന്റെ  അതുല്യത  മറ്റൊന്നിനും അവകാശപ്പെടാൻ കഴിയാത്ത ഒന്നാണ്, ഖുർആൻ അവതരിച്ച കാലത്തു ഉണ്ടായിരുന്ന  കവികൾ പോലും ഖുർആനിന്റെ ഭാഷയും ഭംഗിയും പുകഴ്ത്തിയിരുന്നു എന്ന് കേട്ടിരിക്കുന്നു.  ഖുർആനിന്റെ ഈ സാഹിത്യ അതുല്യത  എന്തിന്റെ മാനദണ്ഡത്തിലാണ് അന്നും ഇന്നും കണക്കാക്കുന്നത്   എന്ന്  സഹോദരൻ  Jefu Jailaf  ചോദിച്ചു. 

മറുപടി :  നല്ലൊരു   ചോദ്യമാണ്.   ഇതിനു കൃത്യമായി മറുപടി പറയാനും   അതു    മനസിലാകാനും   അറബിക് സാഹിത്യ  ശാസ്ത്രം പഠിക്കേണ്ടി വരും.  എനിക്കതിൽ ആഴത്തിലുള്ള  നോളജ് ഇല്ല.   അത്  എന്റെ ഫീൽഡ് അല്ല.  എങ്കിലും  അതിനെ സംബന്ധിച്ച്   സാമാന്യമായ അറിവുണ്ട്. 

അറബിക്  സാഹിത്യ  രചനയെ  അതിന്റെ  സൗന്ദര്യത്തെ  അടിസ്ഥാനമാക്കി   കീറിമുറിച്ചു പരിശോധിച്ചു ഭാഷാ വിദഗ്ദർ    പല നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.  ഈണത്തെ സംബന്ധിച്ച നിയമങ്ങൾ, പ്രാസത്തെ  സംബന്ധിച്ച നിയമങ്ങൾ,  സാഹിത്യ രൂപത്തെ  സംബന്ധിച്ച നിയമങ്ങൾ,  വാക്കുകളുടെ വിന്യാസത്തെ സംബന്ധിച്ച നിയമങ്ങൾ, വാക്യ ഘടനയെ സംബന്ധിച്ച നിയമങ്ങൾ, വ്യാകരണത്തെ സംബന്ധിച്ച നിയമങ്ങൾ  എന്നിങ്ങനെ  വലിയൊരു  വിജ്ഞാന മേഖലയാണത്.  അവയിൽ മിക്കവയെ സംബന്ധിച്ചും  പുരാതന അറബികൾക്ക്   അറിവുമുണ്ടായിരുന്നു.   അത്തരം നിയമങ്ങൾ പാലിച്ചു കൊണ്ടായിരുന്നു  അവർ പാടിയിരുന്നതും  എഴുതിയിരുന്നതും  എന്തിന് മിക്കപ്പോഴും സംസാരിച്ചിരുന്നത് പോലും.   

മേൽ പറഞ്ഞ നിയമങ്ങൾക്കൊന്നും പിടി കൊടുക്കാതെ   തികച്ചും  അതുല്യത പാലിച്ചു എന്നതാണ് ഖുർആന്റെ പ്രത്യേകത.  അതിനെ  അറബി സാഹിത്യ പടുക്കൾക്ക്    അവരുടെ    സാഹിത്യ നിയമങ്ങളിൽ ഒതുക്കാൻ കഴിഞ്ഞില്ല.  അതെ സമയം   വിശുദ്ധ ഖുർആനിലെ    അസാമാന്യമായ പദ വിന്യാസവും  വ്യാകരണവും   വാക്യ ഘടനകളും കണ്ട   അവരപ്പാടെ അങ്കലാപ്പിൽ  ആയി.   അവരുടെ സാഹിത്യ   നിയമങ്ങളൊന്നും പാലിക്കപ്പെടാത്ത   പദ്യവും ഗദ്യവുമല്ലാത്ത ഖുർആൻ  അവർക്കൊരു ആശ്ചര്യമായിരുന്നു.   പാടുകയും പറയുകയുമല്ലാതെ   മധുരതരമായ  രൂപത്തിൽ ഓതുക  എന്ന പരിപാടി    അവർക്ക് മറ്റൊരു ആശ്ചര്യമായിരുന്നു.   ഓതുന്നത് കൊണ്ടാകട്ടെ   ഖുർആനൊരു ശ്രുതി ഭംഗവും വരുന്നില്ലെന്നത് അവർ പ്രത്യേകം ശ്രദ്ധിച്ചു.

സാധാരണ ഷേക്സ്പിയർ  പോയട്രികൾ  അതുല്യ സാഹിത്യങ്ങൾ ആണെന്ന് പറയാറുണ്ട്.   അതിന്റെ  അതുല്യത  ഇങ്ങനെയാണ്; അറബിക് സാഹിത്യ ശാസ്ത്രം പോലെത്തന്നെ  ഇംഗ്ലീഷ്  സാഹിത്യ ശാസ്ത്രവുമുണ്ട്.   അതു പഠിച്ചവർക്ക് അറിയാം  അതിൽ അറിയപ്പെടുന്ന ലിറ്റററി ഫോമ്സ്   തന്നെയാണ്   ഷേക്സ്പിയർ ഉപയോഗിച്ചതെന്ന്.   മറ്റാരും അത്തരം ഫോമുകൾ  വ്യാപകമായി ഉപയോഗിക്കാത്തത് കൊണ്ടും   ഷേക്സ്പിയർ  അവ വ്യാപകമായി ഉപയോഗിച്ചു  എന്നത് കൊണ്ടുമാണ്  ഷേക്സ്പിയർ സാഹിത്യം അതുല്യമാകുന്നത്.  അല്ലാതെ  ഇംഗ്ലീഷ്  സാഹിത്യ സൗന്ദര്യ ശാസ്ത്രത്തിൽ ഇല്ലാത്ത ചില നിയമങ്ങൾ അനുസരിച്ച് രചനകൾ നടത്തിയത് കൊണ്ടല്ല   ഷേക്സ്പിയർ  സാഹിത്യം  അതുല്യമാകുന്നത്. 

ഖുർആൻ ആകട്ടെ   ഭാഷാ  സൗന്ദര്യ  ശാസ്ത്രജ്ഞർ ഉണ്ടാക്കിയ  സകല നിയമങ്ങളെയും  അതിലംഘിച്ചു   അത്യധികം ഭംഗിയോടെ പ്രശോഭിച്ചു നിൽക്കുന്നു.  അറിയപ്പെടുന്ന   ഒരു  ലിറ്റററി  ഫോമിലുമല്ല അതിന്റെ നിൽപ്.   അതിന്റെ  സാഹിത്യ   സൗന്ദര്യ  രഹസ്യം കേവലം ഭാഷാ നിയമങ്ങളിൽ ഒതുക്കാവുന്നതല്ല.   അനുഭവിച്ചു  അറിയേണ്ടതാണ്.  അതുകൊണ്ടാണ്  അറബിക്    സാഹിത്യ  വിദഗ്ദനായ ത്വഹാ  ഹുസൈൻ പോലും ഖുർആനിക സാഹിത്യം അതുല്യമാണ് എന്ന് പ്രസംഗിച്ചു കളഞ്ഞത്.  സാഹിത്യ   സൌന്ദര്യം പറഞ്ഞാൽ  മനസിലാകില്ല.  അനുഭവിച്ചു അറിയേണ്ട ഒന്നാണത്.  ഇതൊക്കെ കൊണ്ടാണ് അല്ലാഹു  ഖുർആനിൽ   അവിശ്വസിച്ചവരോട്   ഖുർആൻ  പോലെ  ഒരു ഗ്രന്ഥം  രചിക്കാൻ നിങ്ങൾ  ശ്രമിച്ചു  നോക്കൂ എന്നും  അതിനു  നിങ്ങൾക്ക് കഴിയില്ലെന്നും ഖുർആനിൽ   പറഞ്ഞത്.

അൻസാർ  അലി  നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.