സമയത്തെ കുറിച്ചു ഞാൻ ചിന്തിച്ചു പോകുന്നു... എന്താണ് സമയം, നിശ്ചയമില്ല. സമയം നിർവചിക്കപ്പെട്ട സിദ്ധാന്തങ്ങൾ വായിച്ചു കുറെ സമയം പോയി. സമയത്തിന്റെ വിശേഷണങ്ങളും അതിനെ അളക്കാനുള്ള യൂണിറ്റുകളും പറഞ്ഞാൽ സമയം എന്തെന്ന് പറയൽ ആകില്ലല്ലോ. സെക്കൻഡ്, മിനുട്ട്, മണിക്കൂർ... സമയത്തെ അളക്കാൻ യൂണിറ്റുകൾ ഏറെയുണ്ട്.
1) സമയം ആപേക്ഷികമാണ്. അതി വേഗതയിൽ യാത്ര ചെയ്യുന്ന എനിക്കൊരു സമയവും നിശ്ചലമായി ഇരിക്കുന്ന നിങ്ങൾക്ക് മറ്റൊരു സമയവുമാണ്. ഭൂമിയിൽ നിൽക്കുന്ന എന്റെ കാൽ പാദങ്ങൾക്ക് ഒരു സമയവും എന്റെ ശിരസിന് മറ്റൊരു സമയവുമാണ്. കടൽ തീരത്തു നിൽക്കുന്നവന്റെ സമയ ത്തെക്കാൾ വേഗത്തിലാണ് എവറസ്റ്റ് കൊടു മുടിയിൽ നിൽക്കുന്നവന്റെ സമയം കടന്നു പോകുന്നത്. നാം നിൽക്കുന്ന പ്രതലത്തിലെ ഗ്രാവിറ്റി സ്ട്രോങ് ആകുന്തോറും നമ്മുടെ സമയം പതുക്കെ കടന്നു പോകുന്നു. അപ്പോൾ എന്താണ് സമയം...?
2) ഭൂമിയിൽ ഒരേ സമയം കാണിക്കുന്ന രണ്ടു ക്ളോക്കുകളിൽ നിന്ന് ഒന്നെടുത്തു പ്രകാശ വേഗത്തോട് അടുത്ത വേഗതയിൽ ഭൂമിയിൽ നിന്ന് എട്ടോ പത്തോ മണിക്കൂർ പുറത്തേക്ക് നാം പറന്നു തിരിച്ചു വന്നാൽ രണ്ടു ക്ളോക്കുകളും തമ്മിൽ വ്യത്യസ്ത സമയം കാണിക്കുന്നത് കാണാം. നമ്മൾ കയ്യിലെടുത്തു പറന്ന ക്ളോക്കിലെ സമയം പിന്നിലും ഭൂമിയിൽ വെച്ച ക്ളോക്കിലെ സമയം മുന്നിലും ആയിരിക്കും. അപ്പോൾ എന്താണ് സമയം...?
3) പ്രപഞ്ചത്തിനൊരു പൊതുവായ, തനതായ സമയമില്ല. ഓരോ ഗ്രഹത്തിന്റെയും പിണ്ഡവും ഗ്രാവിറ്റിയും അനുസരിച്ചു ഓരോന്നിലും ഓരോ സമയ ക്രമമാണ് ഉള്ളത്. ഗ്രഹങ്ങൾ വ്യത്യസ്ത വേഗതയിലാണ് കറങ്ങി കൊണ്ടിരി ക്കുന്നതും. ഭൂമി മണിക്കൂറിൽ 1670 കിലോമീറ്ററോളം സ്പീഡിൽ കറങ്ങുമ്പോൾ ഭൂമിക്ക് ചുറ്റും ചന്ദ്രൻ മണിക്കൂറിൽ 3680 കിലോമീറ്ററോളം സ്പീഡിൽ കറങ്ങുന്നു. ജൂപ്പിറ്റർ എന്ന ഗ്രഹം മണിക്കൂറിൽ 45600 കിലോ മീറ്ററോളം സ്പീഡിൽ കറങ്ങുന്നു. അതിനാൽ പ്രപഞ്ചത്തെ മൊത്ത ത്തിൽ എടുക്കുമ്പോൾ ഭൂതം, വർത്തമാനം, ഭാവി എന്നീ വേർ തിരിവുകൾക്ക് പ്രസക്തിയില്ല.
4) ഭൂമിയിൽ നിന്നും നാം പ്രകാശ വേഗത്തിൽ സ്പെയ്സിലേക്ക് പറന്നു വളരെ ഉയർന്ന ഗ്രാവിറ്റി മൂലം സമയം വളരെ പതുക്കെ ഇഴഞ്ഞു നീങ്ങുകയോ നിശ്ചലമായി നിൽക്കുകയോ ചെയ്യുന്ന പ്രപഞ്ചത്തിലെ മറ്റൊരിടത്തു പോയി നാം തിരിച്ചു വന്നാൽ ഭൂവാസികൾ അനേകം വർഷം ഭാവിയിലേക്ക് സഞ്ചരിച്ചതായി നമുക്ക് കാണാം. ഇതൊന്നും ബാധിക്കാതെ, ഇതിനെല്ലാം പുറത്താണ് ദൈവാസ്തിത്വം ഉള്ളത് എന്നാണ് ദൈവ വിശ്വാസികൾ കരുതുന്നത്.
5) ഭൂമിയുടെ ഒരു ദിവസമെന്നാൽ ഏകദേശം ഇരുപത്തി നാലു മണിക്കൂർ ആണ്. എന്നാൽ ജൂപ്പിറ്റർ എന്ന ഗ്രഹത്തിൽ ഒരു ദിവസം പത്തു മണിക്കൂർ ആണ്. വീനസ് എന്ന ഗ്രഹത്തിൽ ഒരു ദിവസമെന്നാൽ 5832 മണിക്കൂറോളം ആണ്. മെർക്കുറിയിൽ ഒരു സൂര്യോദയം മുതൽ അടുത്ത സൂര്യോദയം വരെയുള്ള ഒരു ദിവസം 4224 മണിക്കൂറോളം ആണ്. അതെ മെർക്കുറി തന്നെ 2111 മണിക്കൂറോളം സൂര്യന് ചുറ്റും ഭ്രമണം ചെയ്താൽ ഒരു വർഷമായി. ഒരു വർഷത്തെക്കാൾ ദൈർഘ്യം ഒരു ദിവസത്തിന് !!!.
6) വിദൂരതയിലുള്ള ഒരു നക്ഷത്ര ത്തിന്റെയും തത്സമയ അവസ്ഥ നമുക്ക് കാണാൻ കഴിയില്ല. അതിൽ നിന്നുള്ള പ്രകാശ രശ്മികൾ നമ്മുടെ കണ്ണിൽ എത്തുമ്പഴേക്കും അതിന്റെ അവസ്ഥ മാറിയിരിക്കും. നാം എപ്പോൾ സൂര്യനെ കാണുമ്പോഴും അതു എട്ടു മിനുട്ടു ഇരുപതു സെക്കൻഡു പഴക്കം ഉള്ളതാണ്. കാരണം അത്ര സമയം വേണം സൂര്യനിൽ നിന്നുള്ള പ്രകാശ രശ്മികൾ ഭൂമിയിൽ എത്താൻ. ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ സിറിയസിന്റെ നാലു വർഷം മുമ്പുള്ള അവസ്ഥയാണ് നാമിപ്പോൾ കാണുന്നത്. സിറിയസ് നക്ഷത്രത്തിൽ പോയിരുന്നു നോക്കിയാൽ ഭൂമിയിലെ കാഴ്ചകൾ നമുക്ക് വ്യക്തമായി കാണാമെങ്കിൽ നാലു വർഷം മുമ്പുള്ള നമ്മെ നമുക്ക് കാണാം.
7) ഇന്ന് നാം കാണുന്ന പല നക്ഷത്ര ങ്ങളും യഥാർത്ഥത്തിൽ ഇപ്പോൾ അവിടെ ഉണ്ടായി കൊള്ളണം എന്നില്ല. നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശം വിവിധ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങ ളുടെയും ഗ്രാവിറ്റിക്ക് വിധേയ മായി വളഞ്ഞു തിരിഞ്ഞു ഏറെ സമയ മെടുത്താണ് നമ്മുടെ അടുക്കൽ എത്തുന്നത്. വിദൂരത്തുള്ള ജ്വലനം നിലച്ച നക്ഷത്രങ്ങളിൽ നിന്നു പ്രകാശ രശ്മികൾ വരുന്നില്ലെങ്കിൽ നമുക്കവയെ കാണാനെ കഴിയില്ല.
8) വർഷങ്ങൾക്ക് മുമ്പെ നശിച്ചു പോയ ഒരു ഗാലക്സിയെ നമ്മൾ ഇപ്പോഴും കാണുന്നത് അതിൽ നിന്നുള്ള പ്രകാശ രശ്മികൾ നമ്മുടെ അടുക്കലെത്താൻ വർഷങ്ങൾ എടുക്കുന്നു എന്നത് കൊണ്ടാണല്ലോ. പ്രകാശം സഞ്ചരിക്കുന്നത് ഏകദേശം സെക്കൻഡിൽ മൂന്നു ലക്ഷം കിലോമീറ്റർ ആണ്. അതിനെക്കാൾ വേഗത്തിൽ നമുക്ക് സഞ്ചരിക്കാൻ കഴിയുമെങ്കിൽ ആ ഗാലക്സിയുടെ കുറച്ചു കൂടി വ്യക്തമായ ഭൂതകാലം നമുക്ക് കാണാൻ കഴിയും. ഇതിനർത്ഥം പ്രകാശത്തെക്കാൾ വേഗതയിലുള്ള നമ്മുടെ യാത്ര ഭൂത കാലത്തേക്കുള്ള യാത്രയാണ് എന്നാണ്.
9) ചുരുങ്ങിയ സമയ ക്രമത്തിൽ സംഭവിച്ച നമ്മുടെ ജീവിതത്തെ സുദീർഘമായ മറ്റൊരു സമയ ക്രമത്തിൽ വെച്ചു വിലയിരുത്തുമ്പോൾ വളരെ ചെറുതായി തോന്നൽ സ്വാഭാവികമാണ്. അതു കൊണ്ടാണ് പരലോകത്തു വെച്ചു മനുഷ്യർ അവർക്ക് ഭൂമിയിൽ ജീവിക്കാൻ കിട്ടിയതു ഒരു ദിവസത്തിന്റെ അൽപ ഭാഗം മാത്രമായിരുന്നു എന്നു വിലപിക്കുമെന്നു വിശുദ്ധ ഖുർആനിൽ പറയുന്നത്.
10) സമയം ആപേക്ഷികമാണ് എന്നു വിശുദ്ധ ഖുർആനിൽ മുമ്പെ പറഞ്ഞ കാര്യമാണ്. നമ്മുടെ ആയിരം വർഷം ദൈർഘ്യമുള്ള ഒരൊറ്റ ദിവസത്തെ കുറിച്ചും അതു പോലെ നമ്മുടെ അമ്പതിനായിരം വർഷം ദൈർഘ്യമുള്ള ഒരൊറ്റ ദിവസത്തെ കുറിച്ചുമൊക്കെ വിശുദ്ധ ഖുർആനിൽ പരാമർശങ്ങൾ ഉണ്ട്. ഒറ്റ രാത്രി കൊണ്ട് ഏഴാകാശവും കടന്നു മുഹമ്മദ് നബി അല്ലാഹുവിന്റെ സന്നിധിയിൽ ചെന്നു അല്ലാഹുവിനോട് സംസാരിച്ചു തിരിച്ചു വന്ന സംഭവവും കണ്ണു ചിമ്മി തുറക്കുന്ന സമയം കൊണ്ട് യമനിലെ രാജ്ഞിയുടെ സിംഹാസനം ജെറൂസലേമിൽ എത്തിക്കുന്ന സുലൈമാൻ നബിയുടെ പ്രസ്താ വനയും വിശുദ്ധ ഖുർആനിൽ ഉണ്ട്. ഇതൊക്കെ പണ്ടു മുതലെ മുസ്ലീങ്ങളുടെ ചിന്തക്ക് വിഷയമായ കാര്യങ്ങളാണ്.
11) ദജ്ജാൽ ഭൂമിയിൽ നാല്പതു ദിവസം അഴിഞ്ഞാടുമെന്നു പറഞ്ഞ മുഹമ്മദ് നബി അതിലൊരു ദിവസം നമ്മുടെ ഒരു വർഷവും മറ്റൊരു ദിവസം നമ്മുടെ ഒരു മാസവും മറ്റൊരു ദിവസം നമ്മുടെ ഒരു ആഴ്ചയും ദൈര്ഘ്യം ഉള്ളത് ആയിരിക്കുമെന്നും ബാക്കി ദിവസങ്ങള് നമ്മുടെ സാധാരണ ദിവസങ്ങൾ പോലെ ആയിരിക്കുമെന്നും പറഞ്ഞിട്ടുണ്ട് (മുസ്ലിം). അപ്പോൾ ഒരു കൊല്ലം ദൈര്ഘ്യമുള്ള ദിവസം ഞങ്ങള് അഞ്ചു നേരം നമസ്കരിച്ചാല് മതിയോ എന്ന് നബിയുടെ അനുചരന്മാർ അവിടുത്തോട് ചോദിക്കുന്നുണ്ട്. അത് പോര നിങ്ങള് സമയം കണക്കു കൂട്ടി നമസ്കരിച്ചു കൊള്ളണം എന്ന് നബി പറഞ്ഞിട്ടുണ്ട്.
12) സമയം നമ്മുടെ ഒരു മാനസിക സങ്കല്പം കൂടിയാണ് എന്നാണ് ശാസ്ത്ര നിഗമനം. ഇക്കാര്യവും വിശുദ്ധ ഖുർആനിൽ കാണാം. നൂറു വർഷം മരിച്ചു കിടന്ന ശേഷം എഴുന്നേറ്റ ഒരു മഹാനോട് നീ എത്ര വർഷം മരിച്ചു കിടന്നെന്നു ചോദിക്കുമ്പോൾ അദ്ദേഹം ഒരു ദിവസം അല്ലെങ്കിൽ ഒരു ദിവസത്തിന്റെ അൽപ ഭാഗം എന്നു പറയുന്നുണ്ട്. മുന്നൂറു വർഷം ഒരു ഗുഹയിൽ ഉറങ്ങിക്കിടന്ന ഒരു കൂട്ടർ എണീറ്റു അവർ ഉറങ്ങിയത് ഒരു ദിവസം അല്ലെങ്കിൽ ഒരു ദിവസത്തിന്റെ അൽപ ഭാഗം എന്നു പറയുന്നതും വിശുദ്ധ ഖുർആനിൽ കാണാം.
13)വർഷങ്ങളും മാസങ്ങളും ദിവസങ്ങളുമായി സമയത്തെ കാല ഗണനക്ക് ഉപയോഗിക്കാൻ വേണ്ടി കൂടിയാണ് അല്ലാഹു സൂര്യ ചന്ദ്രാദികളെ കൃത്യമായ കണക്കോട് കൂടി നമ്മുടെ ഗാലക്സിയിൽ സംവിധാനിച്ചു വെച്ചിരിക്കുന്നത് എന്നു വിശുദ്ധ ഖുർആനിൽ നിന്ന് മനസ്സിലാകുന്നു. ക്ളോക്കും കലണ്ടറും ഇല്ലെങ്കിലും പൗരാണികർ സൂര്യനെയും ചന്ദ്രനെയും നിഴലിനെയും ചന്ദ്ര കലകളെയും അടിസ്ഥാനമാക്കി സമയത്തെയും കാലത്തെയും തിട്ടപ്പെടുത്തിയിരുന്നു.
14) കഴിഞ്ഞു പോയ സമയം തിരിച്ചു കിട്ടാൻ ചിലപ്പോൾ നാം അറിയാതെ ആഗ്രഹിച്ചു പോകുന്നു. ബാല്യ കാലത്തേക്കും യുവത്വ കാലത്തേക്കും മടങ്ങി പോകാൻ നാം ആഗ്രഹിക്കുന്നു. ഭൂത കാലത്തേക്ക് തിരിച്ചു പോയി ചെയ്ത വിഡ്ഢിത്തങ്ങൾ തിരുത്തി തിരിച്ചു വരാൻ കൊതിക്കാത്തവർ ആരും ഇല്ല. അപ്പോൾ ഈ ജീവിതവും കടന്നു ഇതിന്റെ തുടർച്ചയായ മറ്റൊരു ജീവിതത്തിൽ എത്തുമ്പോൾ ഈ ജീവിതം ഒന്നുകൂടി തിരിച്ചു കിട്ടാൻ കൊതി തോന്നൽ സ്വാഭാവികമാണ്. സമയം തിരിച്ചു പിടിക്കാൻ കഴിയില്ലല്ലോ.
15) ധനത്തെക്കാൾ മൂല്യം സമയത്തിനാണ് എന്നു പറയാറുണ്ട്. ധനമെത്രയും നേടാം. സമയം എത്രയും നേടാൻ പറ്റില്ല. സമയം ശേഖരിച്ചു സൂക്ഷിച്ചു വെക്കാനും കഴിയില്ല. എന്നാൽ നമുക്ക് ലഭിക്കുന്ന സമയത്തെ നമുക്ക് നന്നായി ഉപയോഗിക്കാം. ദുർവ്യയം ചെയ്യപ്പെട്ട സമയം ദുർവ്യയം ചെയ്യപ്പെട്ട ധനത്തെക്കാൾ ഗുരുതരമായ നഷ്ടമാണ്.
16) സമയമാണ് ജീവിതം. സമയം കളയൽ ജീവിതം കളയലാണ്. ഒരാൾക്ക് വേണ്ടി സമയം ചെലവഴി ക്കുമ്പോൾ അയാൾക്ക് വേണ്ടി നാം നമ്മുടെ ജീവിതമാണ് ചെലവഴി ക്കുന്നത്. സമയം ആർക്ക് വേണ്ടിയും കാത്തിരിക്കുന്നില്ല. നാം സമയ ത്തിനായും കാത്തിരി ക്കേണ്ടതില്ല. സമയം നമ്മെ തഴുകി അനുസ്യൂതം കടന്നു പോയി കൊണ്ടിരിക്കുന്നു.
17) സമയവും സ്ഥലവും തമ്മിൽ ഇഴചേർന്ന സ്പെയ്സ് ടൈം എന്ന ഫോർ ഡയമെൻഷൻ സാധാരണ ഗതിയിൽ, സാധാരണ മനുഷ്യരുടെ യുക്തിക്ക് ഉൾക്കൊള്ളാനും അനുഭവിക്കാനും പ്രയാസമുള്ളതാണ്. അതിനെ അനുഭവിക്കാനുള്ള സെൻസ് നമുക്കിപ്പോൾ ഇല്ലെന്നു എനിക്ക് തോന്നാറുണ്ട്. ഇതിനെ കുറിച്ചാവാം ഒരുപക്ഷേ പരലോക ദിനത്തിൽ മനുഷ്യന്റെ കാഴ്ചക്ക് മേലുള്ള മൂടി നീക്കം ചെയ്യപ്പെടുമെന്നും അപ്പോൾ അവന്റെ കാഴ്ച മൂർച്ച ഏറിയത് ആവുമെന്നും വിശുദ്ധ ഖുർആനിൽ പറഞ്ഞത്. അല്ലാഹു അഅലം.
അൻസാർ അലി നിലമ്പൂർ
No comments:
Post a Comment
Note: only a member of this blog may post a comment.