16 July 2018

പലിശയുടെ യുക്തി വിചാരണ

1) പ്രത്യേക അധ്വാനമോ വളർച്ചയെ കുറിച്ച അനിശ്ചിതത്വമോ ഇല്ലാതെ മറ്റുള്ളവരെ ഉപയോഗിച്ചു തന്ത്രപരമായി സ്വന്തം സമ്പത്ത് വളർത്തി എടുക്കുന്ന മാർഗങ്ങളിൽ ഒന്നാണ് പലിശ. 

2) അവനവന്റെ സ്വത്തു വളരാനുള്ള ചെലവ് അവനവൻ തന്നെ വഹിക്കണം എന്നതാണല്ലോ ന്യായം.  പലിശയിലൂടെ സമ്പത്തു വളർത്തുന്നവന് പ്രസ്തുത പരിപാടിക്ക് പറയാൻ തക്ക ചെലവൊന്നും ഇല്ല. 

3) മനുഷ്യ ശരീരം അധ്വാനം ആവശ്യപ്പെടുന്നു. അധ്വാനിച്ചു സമ്പത്തു വളർത്തുക എന്ന ഏർപ്പാടിനു എതിരാണ് പലിശ. ഉള്ള സമ്പത്തു പലിശക്ക് കൊടുത്തു കട്ടൻ ചായ കുടിച്ചു ചാരു കസേരയിൽ മുതലാളി ചമഞ്ഞു ചാരി കിടക്കൽ  ആണ് പലിശയിൽ കാര്യമായി ഉള്ളത്. അധ്വാനികളുടെ സമൂഹത്തിൽ ഒരു ഉൽപാദന ക്ഷമതയും ഇല്ലാത്തവരാണ് പലിശക്കാർ. 

4) പലിശക്കാർ മറ്റുള്ളവരുടെ  അധ്വാന ഫലം പതുക്കെ കാർന്നു തിന്നുന്നു. ശരീരത്തിൽ നിന്ന് പോഷണം വലിച്ചെടുത്തു വളർന്നു ശരീരത്തിന് ദോഷം ചെയ്യുന്ന കാൻസർ കോശങ്ങൾ പോലെയാണ് അവർ.  പലിശക്ക് കടം വാങ്ങി ബിസിനസ് തുടങ്ങി കിട്ടുന്ന ലാഭം കൂട്ടു പലിശ കൊടുക്കാനെ ഉള്ളൂവെങ്കിൽ അവിടെ ആർക്ക് വേണ്ടിയാണ് ബിസിനസുകാരൻ അധ്വാനിച്ചത് എന്നു ചിന്തിച്ചാൽ പെട്ടെന്ന് ഉത്തരം കിട്ടും.   

5) സ്വന്തം സമ്പത്തു വളർത്താൻ മറ്റുള്ളവരുടെ കഷ്ടപ്പാടിനെ ചൂഷണം ചെയ്യൽ കൂടി ആവുമ്പോൾ പലിശയുടെ ഭീകരത വർധിക്കുന്നു.  ആളുകൾ പണത്തിനു കുടുങ്ങി കണ്ണീരും നീട്ടിയ കൈകളുമായി തന്റെ മുന്നിൽ വന്നു യാചിക്കുന്നത് ഏറെ ഇഷ്ടപ്പെട്ട ഏർപ്പാടാണ് പലിശക്കാരന്.  അവരുടെ കണ്ണീരിൽ കൂടി വേണമല്ലോ പലിശക്കാരനു വളരാൻ. 

6) പലിശ ഒരു സമൂഹത്തിൽ വ്യാപകമായാൽ അവിടെ സഹായിക്കാനായി കടം കൊടുക്കുക എന്ന സേവന മനസ്ഥിതി ഇല്ലാതാവുന്നു. അത് മനുഷ്യത്വത്തിനു എതിരാണ്. പരസ്പരാശ്രയം ഇല്ലാതെ സാമൂഹ്യ ജീവിയായ മനുഷ്യന് നിലനിൽക്കാൻ പ്രയാസമാണ്. 

7) കടം നൽകൽ കരാറിൽ പലിശ കേറി വരുമ്പോൾ കടമിടപാടിൽ പെട്ട വ്യക്തികൾ തമ്മിൽ മാനുഷിക ബന്ധം ഇല്ലാതായി ഒരുതരം യാന്ത്രിക ബന്ധം കൈവരുന്നു.  യന്ത്രം മനുഷ്യനോട് ദയയില്ലാതെ പെരുമാറുന്നു. മനുഷ്യൻ യന്ത്രത്തോടും ദയയില്ലാതെ പെരുമാറുന്നു. 

8) പലിശ വ്യാപകമായ സമൂഹത്തിൽ ബന്ധങ്ങൾക്ക് എന്ത് പ്രസക്തി എന്നു ചിന്തിക്കാം.  പിതാവ് മകന് കടം കൊടുത്തതിനും  ജ്യേഷ്ഠൻ അനിയന് കടം കൊടുത്തതിനും കണക്ക് പറഞ്ഞു പലിശ വാങ്ങുമ്പോൾ  അവിടെ ബന്ധങ്ങളുടെ ഇഴകൾ പിഞ്ഞി പ്പോകുന്നു.

9) ജ്യേഷ്ഠൻ അനിയന് പലിശക്ക് കടം കൊടുത്തത്  അനിയനെ കൊണ്ടു നേരത്തിനു തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, വൈകുന്തോറും ജ്യേഷ്ഠൻ പലിശക്ക് മേൽ പലിശ വർധിപ്പിച്ചാൽ, അതിനു അനുസരിച്ച് അനിയന് ജ്യേഷ്ഠനോട്  വിരോധവും വർധിക്കുന്നു. 

10) പലിശക്ക് കടം വാങ്ങിയ സംഖ്യ നേരത്തിനു തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ  കടബാധ്യത ചുമ്മാ പലിശ കേറി വർധിക്കുന്നു. ഇതു കടം വാങ്ങിയവനിൽ വല്ലാത്തൊരു  ടെൻഷൻ ഉണ്ടാക്കുന്നു.  ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന ജപ്തി നോട്ടീസ് അവന്റെ ഉറക്കം കെടുത്തുന്നു. 

11) പണക്കാർ അവരുടെ സമ്പത്ത് പാവങ്ങൾക്ക് പലിശക്ക് കടം കൊടുത്തു കൊണ്ടിരുന്നാൽ  പണക്കാർ വീണ്ടും പണക്കാർ ആവുന്നു. പാവങ്ങൾ വീണ്ടും പാവങ്ങളും ആവുന്നു. ഫലമോ, പണക്കാരും പാവങ്ങളും തമ്മിലുള്ള വിടവ് വർധിക്കുകയും അവസാനം പാവങ്ങൾ  വിപ്ലവം ഉണ്ടാക്കി പണക്കാരെ കുത്തി മലർത്തുകയും ചെയ്യുന്നു.  

12) പലിശക്ക് കടം കൊടുക്കുന്നവൻ അതു തിരിച്ചു വാങ്ങാനും കൂടി കഴിയുന്നവൻ ആകുമല്ലോ.  അവൻ ഒരുത്തനെ കൊണ്ടു അതിനു കഴിയണം എന്നില്ല. അപ്പോൾ അവൻ ഗുണ്ടാ സംഘത്തെ വളർത്തുന്നു.  കടം വാങ്ങിയവനും ഗുണ്ടകൾ ഉണ്ടെങ്കിൽ ഫലം അടിപിടി തന്നെ.  ഈ അടിപിടി തീർക്കാൻ പൊതുജനം നികുതി കൊടുത്തു പോലീസ്, കോടതി പോലുള്ള സംവിധാനങ്ങളെ താങ്ങി നിർത്തണം.  

13) പലിശയും അടിമത്തവും ചരിത്രത്തിൽ ചങ്ങാതിമാർ ആയിരുന്നു. കടം വാങ്ങിയവൻ പലിശക്ക് മേൽ പലിശ കേറി അതു തിരിച്ചു കൊടുക്കാൻ കഴിയാതെ പലിശക്കാരായ ഷൈലോക്കുമാരുടെ   അടിമകൾ ആകുമായിരുന്നു.  അങ്ങനെ സ്വതന്ത്രൻ അടിമ ആകുന്ന ഏർപ്പാട് ഇസ്‌ലാം വിരോധിച്ചു. പലിശയും നിരോധിച്ചു. അപ്പോൾ പലിശ മാഫിയകൾക്ക് ഇസ്‍ലാമിനോട് വിരോധം സ്വാഭാവികം. ഇപ്പോഴും. 

14) പലിശ വ്യവസ്ഥിതിയിൽ സമ്പത്തു കെട്ടി കിടക്കുന്നു.  അലമാരയിൽ പണം പൂഴ്ത്തി വെക്കാതെ, ബാങ്കിൽ പൂഴ്ത്തി വെക്കാതെ പലിശക്കാരൻ എവിടുന്നു എടുത്തു  പലിശക്ക് കൊടുക്കും. പണം ഉൽപാദന ക്ഷമമായ കാര്യങ്ങൾക്ക് ഉപയോഗിക്കാതെ സൂക്ഷിച്ചു വെക്കലും ഒരു പൂഴ്ത്തി വെപ്പാണ്. ഇന്ത്യയിലെ ബാങ്കുകളിൽ കെട്ടി കിടക്കുന്ന പണം എത്രമാത്രം ഉണ്ടെന്നു പഠിക്കുക, ശേഷം ഞെട്ടുക. 

15) വ്യക്തികൾ പലിശക്ക് കടം വാങ്ങുന്ന പോലല്ല രാഷ്ട്രം കടം വാങ്ങുന്നത്. അതിന്റെ പ്രത്യാഘാതം സമ്പദ് വ്യവസ്ഥയിൽ വളരെ  വലുതാണ്. നമുക്ക് നൈജീരിയൻ പ്രസിഡന്റ് ആയിരുന്ന Obasanjo രണ്ടായിരം ആണ്ടിൽ പറഞ്ഞതു നോക്കാം; "1985 - 86 കാലയളവിൽ നാം 500 കോടി ഡോളർ വിദേശ കടം വാങ്ങി.  അതിലേക്ക് ഇതുവരെ നാം 1600 കോടി ഡോളർ തിരിച്ചടച്ചു.  ഇനിയും 2800 കോടി ഡോളർ കൂടി നാം തിരിച്ചടക്കണം എന്നു പറയുന്നു. അതു നമുക്ക് കടം തന്നവരുടെ അനീതി നിറഞ്ഞ പലിശ നിരക്ക് കൊണ്ടു ഉണ്ടായതാണ്.  ലോകത്തെ ഏറ്റവും മോശപ്പെട്ട കാര്യം ഏതെന്നു ചോദിച്ചാൽ കൂട്ടുപലിശ എന്നാണ് എനിക്ക് പറയാനുള്ളത്" (ജൂബിലി 2000 ന്യൂസ് അപ്‌ഡേറ്റ്, 2000 ആഗസ്റ്റ്)

16) കൂട്ടുപലിശ കൊണ്ടു വർഷം തോറും പെരുകി വരുന്ന വിദേശ കടം തിരിച്ചടക്കാൻ  പൗരന്മാരിൽ നിന്നും വികസ്വര രാഷ്ട്രങ്ങൾ കഴുത്തറപ്പൻ നികുതി വാങ്ങുന്നു. പലിശ പൊതു ജനത്തിന് മേൽ പെരും ഭാരം വരുത്തി വെക്കുന്നു എന്നർത്ഥം. 

17) സാമ്പത്തികമായി പതുക്കെ വികസിച്ചു  വരുന്ന ഒരു രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്‌ഥയിൽ അവിടുത്തെ കേന്ദ്ര ബാങ്ക് പലിശ നിരക്കുകൾ വർധിപ്പിച്ചാൽ അതോടെ സമ്പദ് വ്യവസ്ഥ താഴോട്ടു കൂപ്പു കുത്താൻ തുടങ്ങുന്നു.  പലിശ വർധിക്കാതെ ഇരിക്കുന്നത് ജനത്തിന്റെ കയ്യിൽ കൂടുതൽ പണം ഉണ്ടാകാനും സാധന സേവനങ്ങൾക്ക് കൂടുതൽ ഡിമാൻഡും ഉണ്ടാക്കുന്നു. അപ്പോൾ സമ്പദ് വ്യവസ്ഥ വളരുന്നു. 

കേന്ദ്ര ബാങ്കിന്റെ വർധിച്ച നോട്ടടിയുടെയും പണ പെരുപ്പത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും പിന്നിൽ പലിശക്ക് വലിയ റോളുണ്ട്.  ഒരു സമ്പദ് വ്യവസ്ഥയിൽ പലിശ എന്ത് പ്രത്യാഘാതം ഉണ്ടാക്കുന്നു എന്നത് മറ്റൊരു പോസ്റ്റിൽ കൂടുതൽ വിവരിക്കാം.  

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.