20 July 2018

സൂഫിസം ഇസ്‌ലാമിൽ പെടുമോ..?

സൂഫിസത്തിന്റെ ഇസ്‌ലാമികതയെ അനുകൂലിച്ചും എതിർത്തുമുള്ള കുറെയേറെ പഠനങ്ങൾ വായിക്കാൻ കഴിഞ്ഞു. അതിൽ നിന്ന് എനിക്ക് മനസ്സിലായ ചില കാര്യങ്ങൾ നിഷ്പക്ഷമായി കുറിക്കുകയാണ്  

മുഹമ്മദ് നബിയുടെയും ഖലീഫമാരുടെയും കാല ശേഷം മുസ്ലീങ്ങളുടെ ഇടയിൽ പല കക്ഷികളും ഉടലെടുത്തതായും അവയില്‍ കുറെയെണ്ണം ഇന്നും ഉള്ളതായും   കാണപ്പെടുന്നു. അതിൽ പെട്ട ഒരു വിഭാഗമാണ് സൂഫികള്‍. "സൂഫികള്‍" എന്ന  പേര്‍ എങ്ങനെ വന്നു എന്നത് മുസ്‌ലിം പണ്ഡിതർ ചർച്ച ചെയ്തിട്ടുണ്ട്. മുൻ കാലങ്ങളിൽ ഐഹിക സുഖ വിരക്തിയുടെ ഭാഗമായി കരുതിയിരുന്ന രോമ കുപ്പായവും ധരിച്ചു ചില ദൈവ ഭക്തന്മാർ നടന്നപ്പോള്‍ ജനങ്ങള്‍ അവരെ സൂഫി എന്ന് വിളിക്കാന്‍ തുടങ്ങി എന്ന വീക്ഷണമാണ് അതില്‍ ശരിയായി തോന്നുന്നത്. സൂഫ് എന്നാല്‍ രോമം എന്നാണു അര്‍ത്ഥം.  വേറെയും അഭിപ്രായങ്ങൾ ഉണ്ട്.

സൂഫികള്‍ എന്ന വിഭാഗം എന്ന് നിലവില്‍  വന്നു, എങ്ങനെ നിലവിൽ വന്നു എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. "സൂഫി"  എന്ന പേര്‍ ഖുര്‍ആനിലും സുന്നത്തിലും  സ്വാഹാബത്തിന്റെ വാക്കുകളിലും നാം കാണുന്നില്ല. അതിനര്‍ത്ഥം നബിയുടെയും  സ്വഹാബത്തിന്റെയും കാലത്തു ഈ പേരില്‍ ഒരു കക്ഷി ഇല്ല എന്നാണല്ലോ. എന്നാൽ താബിഉകളുടെ കാലം മുതൽ സൂഫികളെ കുറിച്ചുള്ള പരാമർശം ചരിത്രത്തിൽ കാണുന്നുമുണ്ട്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഈ വിഭാഗം നിലവിൽ വന്നെന്ന് കരുതുന്നു. അക്കാലത്തു മുസ്ലീങ്ങൾക്ക് ഇടയിൽ സംഭവിച്ച രാഷ്ട്രീയ വഴക്കുകളിൽ താല്പര്യം ഇല്ലാത്ത നിഷ്കളങ്ക  ഭക്തന്മാരാണ് സൂഫി  വിഭാഗത്തിലേക്ക് കൂടുതൽ ചേക്കേറിയത് എന്നു കരുതപ്പെടുന്നു. 

ഐഹിക സുഖ വിരക്തി ഒരു മാര്‍ഗമായി സ്വീകരിച്ചു അതിലൂടെ ദൈവ സാമീപ്യം നേടാന്‍ ആത്മ ത്യാഗം ചെയ്തിരുന്ന ഭക്തന്മാർ എക്കാലത്തും എല്ലാ മതക്കാര്‍ക്കും, മുൻ പ്രവാചകന്മാരുടെ കാലത്തും ഉണ്ടായിട്ടുണ്ട് എന്ന് ചരിത്രങ്ങളിൽ നിന്ന് മനസ്സിലാകുന്നു. ഇന്ത്യയും പേര്‍ഷ്യയും അവരുടെ പറുദീസ ആയിരുന്നു. പ്രവാചക കാലത്തു തന്നെ നടന്ന ഇസ്ലാമിലേക്കുള്ള അന്യ മതക്കാരുടെ കുത്തൊഴുക്കില്‍ അത്തരം ബാക്ക് ഗ്രൌണ്ട് ഉള്ള പലരും ഇസ്‌ലാം സ്വീകരിച്ചപ്പോൾ ആണ് മുസ്ലിം സൂഫികളുടെ  ഉത്ഭവം ഉണ്ടായത് എന്നും സൂക്ഷമ പഠനത്തിൽ നിന്നു മനസിലാകുന്നു. അല്ലാഹു അഅലം.  

ആദ്യകാല സൂഫികളിൽ ചിലർ, എല്ലാരുമല്ല,  ഇസ്ലാമിക വൃത്തത്തില്‍ നിന്നും വ്യതിചലിച്ചവർ ആയിരുന്നു എന്ന് അവരുടെ വാക്കുകളും പ്രവൃത്തികളും സൂചിപ്പിക്കുന്നു. ഇവർ പിൽക്കാലത്തു വ്യാജ സൂഫികൾ എന്ന് അറിയപ്പെട്ടു. പേരുകള്‍ പറയാതെ ചില കിതാബുകളിൽ വന്ന അവരില്‍ ചിലരുടെ വാക്കുകള്‍ ഉദ്ധരിക്കട്ടെ;

ഒരു സൂഫി പറഞ്ഞു: "ഞാന്‍ ഒരു ദൈവത്തില്‍ നിന്ന് മറ്റൊരു ദൈവത്തിലേക്ക് സഞ്ചരിക്കുന്നു. എന്നാല്‍ സത്യമായും ഞാനാണ് ദൈവം, ഞാനല്ലാതെ വേറെ ദൈവമില്ല, എനിക്ക് സ്തോത്രം, എന്‍റെ മഹത്വം എത്ര വലുത്"

മറ്റൊരു സൂഫി പറഞ്ഞു:  "അല്ലാഹുവേ, നിന്നെ ഞാന്‍ അനുസരിക്കു ന്നതിനേക്കാള്‍  കൂടുതൽ നീ എന്നെ അനുസരിക്കുന്നു" 

ഒരിക്കല്‍ ബാങ്ക് വിളിയില്‍ അല്ലാഹു അക്ബര്‍ എന്ന് കേട്ട ഒരു സൂഫി പറഞ്ഞു:  "ഞാന്‍ അവനെക്കാളും വലിയവനാണ്‌"

മറ്റൊരു സൂഫി പറഞ്ഞു: "ഞാനാണ് സത്യം, ഞാനാണ് അല്ലാഹു"

ഒരു സൂഫി പറഞ്ഞു: "എന്‍റെ പതാക മുഹമ്മദിനെക്കാളും വിശാലമായതാണ്,   ഞങ്ങള്‍ സൂഫികള്‍ അഗാധതയിലേക്ക് മുങ്ങിയപ്പോള്‍  നബിമാരൊക്കെ തീരത്ത് നില്‍ക്കുകയാണ് ഉണ്ടായത്"

മറ്റൊരു സൂഫി പറഞ്ഞു:  "ഞാനാണ് മുഹമ്മദിന് പകരം ആകാശ ആരോഹണം നടത്തിയത് എങ്കില്‍  തിരിച്ചു ഭൂമിയിലേക്ക്‌ വരുമായിരുന്നില്ല"  

ഒരിക്കൽ ഒരു സൂഫിയോടു താങ്കളുടെ   ശൈഖ് ആണോ അല്ലാഹുവാണോ ഉന്നതൻ എന്ന് ചോദിച്ചപ്പോൾ രണ്ടാളും ഒന്നാണ്   എന്നായിരുന്നു മറുപടി.   

ഇങ്ങനെ വിവരിച്ചാല്‍ നീണ്ടു പോകുന്ന അനിസ്ലാമിക വാദങ്ങളും ഏര്‍പ്പാടുകളും  കൊണ്ട് നിറഞ്ഞിരുന്നു ഒരുകാലത്ത്  വ്യാജ സൂഫീ ലോകം.  സംഗീതവും ഗാനമേളയും സ്വവര്‍ഗ്ഗ രതിയും തപസ്സും ഉന്മാദവും മദ്യപാനവും മയക്കു മരുന്നും ആശ്രമ വാസവും എകാന്ത വാസവും ഖബ്ർ പൂജയും ഗുരു പൂജയും... ഇങ്ങനെ പല വിധ അന്ധ വിശ്വാസ അനാചാരങ്ങളാല്‍ നിറഞ്ഞിരുന്നു അത്. ഇന്നും അത്തരം മുസ്ലിം കൾട്ടുകളെ ഭൂമിയിൽ കാണാം. വ്യാജ സൂഫികളുടെ ചില സംസാരങ്ങള്‍ കേട്ടാല്‍ അവർ നബിമാരെക്കാള്‍ വലിയ മഹാന്മാര്‍ ആണെന്ന മട്ടിലുള്ള താന്‍ പോരിമ ആയിരിക്കും ഒരു സാധാരണ മുസ്ലിമിന് ഫീൽ ചെയ്യുക. സാധാരണക്കാർക്ക് മനസിലാകാത്ത ശൈലിയിൽ അവർ നിഗൂഢമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ മുസ്ലിം മഹാ ഭൂരിപക്ഷം സൂഫിസത്തെ അംഗീകരിക്കുന്നു എങ്കിലും വ്യാജ സൂഫികളെ അകറ്റി നിർത്തുന്നു.

വ്യാജ സൂഫികളുടെ ചരിത്രം മേല്‍ പറഞ്ഞത് പോലെ ആണെങ്കിലും എക്കാലത്തും ഒറിജിനൽ സൂഫികൾ ഉണ്ടായിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. അവർ ഇസ്‌ലാമിൽ നിന്ന് വഴിതെറ്റിയ സൂഫികളെയും സൂഫിസത്തെയും ശുദ്ധീകരിക്കാൻ നന്നായി ശ്രമിച്ചിട്ടുണ്ട്. ഏതാണ്ട്  മഹാനായ സൂഫി വര്യൻ ജുനൈദുല്‍ ബാഗ്ദാദി റഹിമഹുല്ലാഹ്  ആണ് പ്രസ്തുത ശുദ്ധീകരണത്തിനു തുടക്കം കുറിച്ചത് എന്നാണ് എനിക്ക് മനസ്സിലായത്. ആ പരിശ്രമം അനവധി മഹത്തുക്കള്‍ കാലന്തരങ്ങളിൽ ഏറ്റെടുത്തു. അങ്ങനെ വ്യാജ സൂഫികളും നല്ല സൂഫികളും എന്നൊരു വേര്‍തിരിവ് ചരിത്രപരമായി തന്നെ മുസ്ലീങ്ങൾക്ക് ഇടയിൽ നിലവിൽ വന്നു. 

സൂഫിസം ശുദ്ധീകരിക്കപ്പെട്ട കൂടെത്തന്നെ അഖീദയും ഫിഖ്ഹും പോലെ തസവ്വുഫ് എന്ന വിജ്ഞാന ശാഖയും ഇസ്‌ലാമിൽ ഉത്ഭവിച്ചു. ഇമാം ഗസ്സാലി റഹിമഹുല്ലാഹ്  ഈ ശുദ്ധീകരണ പ്രക്രിയക്കും തസവ്വുഫിന്റെ വളർച്ചക്കും നിസ്തുല സേവനം ചെയ്ത പ്രതിഭയാണ്. അവിടുന്നു സ്വയം സൂഫിയാവുകയും എന്താണ് ശരിയായ  ഇസ്ലാമിക സൂഫിസം എന്ന് വിവരിക്കുകയും  ചെയ്തപ്പോള്‍ അത് അല്ലാഹുവില്‍ നിന്നും  അവന്‍റെ അടിമയെ അകറ്റുന്ന സര്‍വതില്‍ നിന്നും മാറി നിര്‍മല മനസോടെ, ഉത്തമ ഗുണങ്ങളോടെ അല്ലാഹുവിലേക്ക് അടുക്കല്‍ ആണെന്ന് പൊതു മുസ്ലിമീങ്ങള്‍ക്ക് മനസ്സിലായി. അജ്ഞതയിൽ നിന്നും അചഞ്ചല ജ്ഞാനത്തിലേക്ക് ഉള്ള തീർത്ഥ യാത്രയാണ് സൂഫിസം. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി റഹിമഹുല്ലയാണ് സൂഫിസത്തെ ശുദ്ധീകരിക്കാനും ഇസ്ലാമിക വല്‍ക്കരിക്കാനും ശ്രമിച്ച മറ്റൊരു പ്രധാന വ്യക്തി.

ചില സൂഫീ കിതാബുകളിൽ കാണപ്പെടുന്ന അനിസ്ലാമിക പരാമര്‍ശങ്ങള്‍ അതു രചിച്ചവർക്കു ഭക്തി കൂടിയപ്പോള്‍  ഉണ്ടായ പ്രത്യേക മാനസിക നിലയിൽ നിന്നു ഉണ്ടായതാണ് എന്നു തസവ്വുഫിന്റെ ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്. അത്തരം ഭക്തി കൂടി ഉണ്ടാകുന്ന മാനസിക നില അത്ര നല്ല കാര്യമല്ല എന്നും അവർ പറയുന്നു. ചില സൂഫി കിതാബുകളില്‍ കാണപ്പെടുന്ന അനിസ്ലാമിക വാദങ്ങള്‍ അവയിലേക്കു ശത്രുക്കൾ തന്ത്ര പരമായി തിരുകി കയറ്റിയതാണ് എന്നും പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അവയിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ സാധാരണ മുസ്ലീങ്ങൾക്ക് മനസിലാകില്ല, അവര്‍ തെറ്റ് ധരിക്കും, അതു കൊണ്ട് സാധാരണക്കാർ അവ വായിക്കരുത് എന്ന് ഇമാം ഇബ്നു ഹജറിൽ ഹൈതമിയെ പോലുള്ളവർ പറഞ്ഞിട്ടുണ്ട്. ചിലതൊക്കെ കാവ്യ വർണ്ണനകൾ ആണുതാനും.

ചുരുക്കി പറഞ്ഞാൽ, സൂഫിസം എന്നു വിളിക്കപ്പെടുന്ന തസവ്വുഫ് ഇസ്‌ലാമിലെ ഒരു വിജ്ഞാന ശാഖയായി കാലക്രമേണ വളർന്നു വന്നതാണ്. അനവധി ഇമാമുകൾ തസവ്വുഫിൽ കിതാബുകൾ രചിച്ചിട്ടുണ്ട്. അഖീദയും ഫിഖ്ഹും പോലെ ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിലാണ് അതിലെ അനേകം കിതാബുകൾ രചിക്കപ്പെട്ടത്. മനുഷ്യനെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഗുണങ്ങളും സ്വഭാവങ്ങളും ഏതൊക്കെ എന്നാണ് അവയിൽ കാര്യമായി വിവരിക്കുന്നത്. മനുഷ്യന്റെ നാശ കാരണങ്ങളെ കുറിച്ചും വിവരിക്കുന്നു.  തസവ്വുഫ് ഇസ്‌ലാമിന്റെ മനസ്സിനെയും ആത്മാവിനെയും സൗന്ദര്യത്തെയും പ്രതിനിധീകരിക്കുന്നു. തസവ്വുഫ് പഠിക്കാതെ ഒരാളുടെ ദീൻ ഭംഗിയാകുമെന്നു തോന്നുന്നില്ല.  തസവ്വുഫിനെ തസ്കിയ്യത്, തർബിയ്യത്, ഇഹ്‌സാൻ എന്നൊക്കെ വിളിച്ചാലും ശരി. 

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.