24 July 2018

ഹിപ്നോട്ടിസം ഹറാമോ ഹലാലോ ..?

മനുഷ്യ മനസ്സിനു ബോധാവസ്ഥ, അബോധാവസ്ഥ, ഉപ ബോധാവസ്ഥ, അര്‍ദ്ധ ബോധാവസ്ഥ, എന്നിങ്ങനെ പല അവസ്ഥകളും ഉണ്ടെന്നു നമുക്കറിയാം. ഉണര്‍ന്നിരിക്കുന്ന ഒരാളുടെയും ഉറങ്ങുന്നവന്‍റെയും മദ്യപിച്ചവന്‍റെയും തലക്കടിയേറ്റ് അനക്കമില്ലാതെ കിടക്കുന്നവന്‍റെയും ഒരു വസ്തുവില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചവന്‍റെയും മനസുകള്‍ ബോധത്തിന്‍റെ കാര്യത്തില്‍ വ്യത്യസ്തമാണ്. അത്തരം അവസ്ഥകളില്‍ പെട്ട മനസിന്‍റെ ഒരു പ്രത്യേക അവസ്ഥയാണ്‌ ഹിപ്നോസിസ്. അതൊരു തരം മയക്കമോ അര്‍ദ്ധ നിദ്രയോ ആണ്. അതിൽ ബോധം പൂര്‍ണ്ണമായി നഷ്ടപ്പെടില്ല, എന്നാല്‍ മനസിനുമേല്‍ ബുദ്ധിയുടെ നിയന്ത്രണം ഏതാണ്ട് നഷ്ടപ്പെട്ടിരിക്കും. പ്രസ്തുത അവസ്ഥയിൽ ഉള്ളവനോട് ആശയ വിനിമയം നടത്താം. മനുഷ്യനെ ഹിപ്നോസിസില്‍ എത്തിക്കുന്ന വിദ്യയാണ് ഹിപ്നോട്ടിസം. ഇത് ചെയ്യാന്‍ പഠിച്ചവര്‍ക്ക് ചെയ്യപ്പെടുന്ന ആളുടെ സഹകരണം ഉണ്ടെങ്കിൽ അയാളെ ഹിപ്നോസിസില്‍ എത്തിക്കാം. സഹകരണം ഇല്ലാതെ നടക്കുകയുമില്ല.

ഒരാളെ ഹിപ്നോസിസ് നിദ്രയിൽ ആക്കി ആശയ വിനിമയം നടത്തി സമര്‍ഥമായി നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം അയാള്‍ ഉണര്‍ന്നാല്‍ മിക്കപ്പോഴും ആ നിര്‍ദേശങ്ങള്‍ അയാളില്‍ സ്വാധീനം ചെലുത്തുന്നത് കാണാം. ഉദാഹരണം, പുകവലി നിര്‍ത്താന്‍ അതിയായ താല്‍പര്യമുള്ള ഒരാളെ ഹിപ്നോസിസ് നിദ്രയിലാക്കി അയാളെ ഇനി പുകവലിക്കില്ല എന്ന് സമ്മതിപ്പിച്ചു പറയിപ്പിച്ച ശേഷം അയാൾ ഉണര്‍ന്നാല്‍ മിക്കപ്പോഴും അയാളുടെ അര്‍ദ്ധ ബോധത്തില്‍ അയാളെടുത്ത പ്രതിജ്ഞ അറിയാതെ തന്നെ അയാള്‍ പാലിച്ചേക്കാം. അങ്ങനെ എത്രയോ സംഭവങ്ങൾ ഉണ്ട്. ഹിപ്നോസിസിന്‍റെ ഈ സാധ്യത കാരണം മാനസിക ചികിത്സാ രംഗത്ത്‌ അത് ഉപയോഗ പെടുത്തുന്നു. ചികിത്സക്കായി അത് ഉപയോഗിക്കുമ്പോള്‍ ഹിപ്നോ തെറാപ്പി എന്നറിയപ്പെടുന്നു. ഭയം, പിരിമുറുക്കം, അമിത കോപം, നൈരാശ്യം, വിഷാദം, ഉറക്ക ക്കുറവ്, ആത്മഹത്യാ പ്രവണത, നഖം കടി..  തുടങ്ങിയ ലഘു മാനസിക പ്രശ്നങ്ങള്‍ക്ക് ഹിപ്നോ തെറാപ്പി കൊണ്ട് ഗുണം ലഭിച്ചതായി ചികിത്സകരും എത്രയോ ആളുകളും സാക്ഷ്യ പ്പെടുത്തുന്നു.

ഹിപ്നോട്ടിസ്റ്റിന്‍റെ മാനസിക ശക്തി ഉപയോഗിച്ച് തളര്‍ത്തിയ രോഗിയെ പതുക്കെ മയക്കത്തിലേക്ക് നയിക്കുകയും ശേഷം മാനസിക പ്രശ്നവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി രോഗ വിമുക്തി നല്‍കുകയും ചെയ്യുന്ന പ്രക്രിയയാണ് ഹിപ്നോ തെറാപ്പി. ഹിപ്നോട്ടിസ്റ്റ് ഉറക്കത്തിനു വേണ്ട സാഹചര്യങ്ങള് ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്. പ്രകാശമുള്ള വസ്തുവില് ശ്രദ്ധ കേന്ദ്രീകരിപ്പിക്കുക, ഒരേ താളത്തിലുള്ള നിര്‍ദേശം കേൾപ്പിക്കുക.. തുടങ്ങിയവ ഒരാളെ ഹിപ്നോസിസ് നിദ്രയിലേക്ക് നയിക്കും. ഹിപ്നോസിസ് നിദ്രയിൽ ആയിരിക്കുമ്പോൾ തന്നെ വ്യക്തിയുമായി ആശയ വിനിമയം നടത്താൻ ഹിപ്നോട്ടിസ്റ്റ് ഒരു സെൻട്രി പോസ്റ്റ് നില നിർത്തുന്നു. ഉദാഹരണത്തിനു ആ വ്യക്തിയുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ, നിദ്രയിലായാലും ആശയ വിനിമയം സാധ്യമാകുന്നു.

വളരെ ലളിതമായി മേല്‍ പറഞ്ഞതാണ് ഹിപ്നോട്ടിസം. ഹിപ്നോട്ടിസം മാനസിക ചികിത്സക്ക് ഉപയോഗിക്കല്‍ ഈ ആധുനിക കാലത്ത് തുടങ്ങിയതല്ല. പുരാതന ഗ്രീസിലും ഇന്ത്യയിലും അറേബ്യയിലും അത് ഉപയോഗിച്ചിരുന്നു. ഇബ്നു സീനയെ പോലുള്ള വൈദ്യന്മാര്‍ അത് മുമ്പേ ഉപയോഗിച്ചവരും വിവരിച്ചവരുമാണ്. ഹിപ്നോ തെറാപ്പിയെ കുറിച്ച് ആഗോള മുസ്ലിം പണ്ഡിതര്‍ക്ക് ഇടയിൽ അത് ഹലാലാണെന്നും ഹറാമാണെന്നും ഉപാധികളോടെ ഹലാലാണെന്നും അഭിപ്രായങ്ങള്‍ ഉണ്ട്. ഹറാം എന്ന് പറയാന്‍ നിരത്തുന്ന കാര്യങ്ങള്‍ ഇങ്ങനെ പറയാം, ഒരാളെ ഹിപ്നോസിസില്‍ ആക്കാന്‍ ജിന്നിനെ ഉപയോഗിക്കുന്നു, ജിന്നിനോടാണ് ഹിപ്നോട്ടിസ്റ്റ് സംസാരിക്കുന്നത്, ജിന്നാണ് മറുപടി പറയുന്നത്, അതൊരു തരം സിഹ്ര്‍ ആണ്, ജിന്ന് സേവയാണ്. രണ്ടു മലയാള പുസ്തകങ്ങളിലും സൗദി ഫതവ ബോഡ് ലജന ദാഇമയും ആണ് ഈ വാദങ്ങള്‍ ഞാൻ വായിച്ചിട്ടുള്ളത്. ഈ വാദങ്ങളെ അനവധി പ്രസിദ്ധ മുസ്ലിം ഹിപ്നോ തെറാപ്പി വിദഗ്ദരും മുസ്ലിം മന ശാസ്ത്രജ്ഞരും എതിര്‍ത്തിട്ടുണ്ട്. പ്രസ്തുത വാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇസ്ലാമികമായ തെളിവുകളും ഇല്ലെന്നാണ് അവര്‍ പറയുന്നത്. തെളിവുകള്‍ ഞാനും കുറെ അന്വേഷിച്ചു നോക്കിയെങ്കിലും കണ്ടില്ല.

ഹിപ്നോ തെറാപ്പി നടത്താന്‍ ഒരു ജിന്നിന്‍റെയും ആവശ്യമില്ല, അതില്‍ ജിന്നിനോട് സംസാരിക്കുന്നുമില്ല, ജിന്നും സംസാരിക്കുന്നില്ല എന്നാണ് മുസ്ലിം ഹിപ്നോ തെറാപ്പിസ്റ്റുകള്‍ പറയുന്നത്. ദൈവത്തിലും മതത്തിലും ജിന്നിലും വിശ്വാസമില്ലാത്ത വിദഗ്ദരും ഹിപ്നോ തെറാപ്പി നടത്തുന്നു എന്നവര്‍ ചൂണ്ടി ക്കാട്ടുന്നു. അവർ ഏതായാലും ജിന്നിനെ സേവിക്കില്ലല്ലോ. സിഹ്ര്‍ ചെയ്താണ് മയക്കുന്നത് എന്ന വാദത്തിന് മുസ്ലിം ഹിപ്നോ തെറാപ്പിസ്റ്റുകള്‍ പറയുന്ന മറുപടി അപ്പോള്‍ ഉമ്മ കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്നതും സിഹ്ര്‍ ആണെന്ന് പറയേണ്ടി വരും എന്നാണ്. കാരണം അതു പോലാണ് ഹിപ്നോ തെറാപ്പിസ്റ്റ് രോഗിയെ ഉറക്കുന്നതത്രെ. രോഗിയല്ല സംസാരിക്കുന്നത് ജിന്നാണ് സംസാരിക്കുന്നത് എന്ന വാദത്തിനു മറുപടിയായി ഹിപ്നോ തെറാപ്പിസ്സ്റ്റുകള്‍ പറയുന്നത് അങ്ങനെയെങ്കില്‍ നമ്മള്‍ ഉറക്കത്തില്‍ സംസാരിക്കുന്നതും ജിന്നാണ് എന്ന് പറയേണ്ടി വരും എന്നാണ്. മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്തും ഹിപ്നോട്ടിസം ഉണ്ട്.  ഹറാം ആയിരുന്നു എങ്കിൽ മുഹമ്മദ് നബി അതു വിലക്കുമായിരുന്നു എന്നും അവർ പറയുന്നു. ചുരുക്കത്തില്‍ ഹിപ്നോ തെറാപ്പി തികച്ചും ഹറാമാണ് എന്നു പറയാന്‍ തെളിവുകള്‍ ഇല്ലെന്നു മനസ്സിലാകുന്നു.

ഹിപ്നോട്ടിക് നിദ്രയില്‍ ആകുന്ന വ്യക്തി മദ്യം കഴിച്ചവനെ പോലെയാണ്, അതു കൊണ്ട് ഹിപ്നോട്ടിസം ഹറാമാണ് എന്ന് പറയുന്നവരും മുസ്ലീങ്ങളില്‍ ഉണ്ട്. മദ്യം കഴിക്കാതെ മദ്യം കഴിച്ച അവസ്ഥ ഏതായാലും ഉണ്ടാകില്ലല്ലോ. അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു എങ്കില്‍ ഇസ്ലാം അത് എന്നെ വിലക്കിയിരുന്നു എന്നു മുസ്ലിം ഹിപ്നോട്ടിസ്റ്റുകൾ പറയുന്നു. മുസ്ലിം പണ്ഡിതന്മാരുടെ കൂട്ടത്തില്‍ ഹിപ്നോട്ടിസത്തെ ഉപാധികളോടെ ഹലാലായി കാണുന്നവര്‍ ഉണ്ട്. അവരാണ് ഭൂരി ഭാഗമെന്ന് പറയാം. ഇന്ത്യയിലെ ദയൂബന്ദ് ദാറുല്‍ ഇഫ്തായിലെ അടക്കം അമേരിക്ക, ആഫ്രിക്ക, പോലുള്ള രാജ്യങ്ങളിലെ ദാറുല്‍ ഇഫ്താ മുഫ്തികള്‍ എല്ലാം ഹിപ്നോട്ടിസം നല്ലതിനെങ്കില്‍ ചെയ്യാം ചീത്തക്ക് എങ്കില്‍ ചെയ്യാന്‍ പാടില്ല എന്ന അഭിപ്രായക്കാര്‍ ആണ്. ഒരാളെ ഹിപ്നോസിസിൽ ആക്കി തെറ്റായ നിര്‍ദേശങ്ങള്‍ നല്‍കി അയാളെ നാശത്തിലും പെടുത്താമല്ലോ. അപ്പോള്‍ അത് ഹറാമാകും. മാനസിക പ്രശ്നങ്ങള്‍ക്കുള്ള ചികിത്സക്ക് ആണ് എങ്കില്‍ ഹിപ്നോട്ടിസം കൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് അവര്‍ പറയുന്നു. കൂടുതല്‍ നന്നായി അല്ലാഹുവിനു അറിയാം. 

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.