31 July 2018

പണത്തോട് കൂടെ പിറക്കുന്നവ

ധനം ആരുടെ കൂടെയുണ്ടോ മിക്കപ്പോഴും അയാളുടെ കൂടെ ചില ദുർഗുണങ്ങളും നാം കണ്ടു വരുന്നു. അവ കൊണ്ടും ധനികൻ ധന്യനാവുന്നു എന്നർത്ഥം. ധനികനായാല്‍  അതൊന്നും എന്നെ ബാധിക്കില്ലെന്ന് ആർക്കും വീരവാദം മുഴക്കാം. പക്ഷെ താഴെ പറയുന്ന പകുതി കാര്യങ്ങളിൽ നിന്നെങ്കിലും മുക്തനായ ഒരു ധനികൻ ആകാൻ കഴിഞ്ഞാൽ ഭാഗ്യം തന്നെയാണ് അത്.

1) തന്‍റെ ധനം ആരെങ്കിലും കവരുമോ എന്ന ഭയം ധനികന്‍റെ കൂടപ്പിറപ്പാണ്. അവന്‍റെ മനസ് ആ ഭയത്തില്‍ നിന്നും ഒഴിവാകില്ല. യേശു ബൈബിളിൽ പറഞ്ഞു: "ഭൂമിയില്‍ നിക്ഷേപം കരുതി വെക്കരുത്, തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും, കള്ളന്മാര്‍ മോഷ്ടിക്കും, എന്നാല്‍ സ്വര്‍ഗത്തില്‍ നിക്ഷേപങ്ങള്‍ കരുതിവെക്കുക, അവിടെ തുരുമ്പും കീടങ്ങളും നശിപ്പിക്കില്ല, കള്ളന്മാര്‍ മോഷ്ടിക്കില്ല, നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെ ആയിരിക്കും നിങ്ങളുടെ മനസ്" (മത്തായി 6:19-21). താനും മക്കളും കിഡ്നാപ്പ് ചെയ്യപ്പെടുമോ എന്നതു മിക്ക ധനികരുടെയും ഒരു ഭയമാണ് എന്നു പാശ്ചാത്യ പഠനങ്ങൾ പറയുന്നു. ധനികർ അനുഭവിക്കുന്ന ഭയങ്ങൾ വേറെയുമുണ്ട്. 

2) അഹങ്കാരത്തെ ധനം വര്‍ദ്ധിപ്പിക്കുന്നു. തന്നെക്കാള്‍ സമ്പത്ത് കുറഞ്ഞവനെ നിസാരനായി കാണല്‍,  അവന്‍ സത്യം പറഞ്ഞാല്‍ അതിനെ നിഷേധിക്കല്‍, അവനില്‍ നിന്ന് മുഖം തിരിച്ചു കളയല്‍, അവനെ അകറ്റി നിര്‍ത്തലും ഒഴിവാക്കലും, അവനില്‍ നിന്നെന്തെങ്കിലും സഹായം സ്വീകരിക്കേണ്ടി വന്നാല്‍ മാനക്കേട് തോന്നല്‍...  ഇങ്ങനെ പോകുന്നു അഹങ്കാര പ്രകടനങ്ങള്‍. മുഹമ്മദ്‌ നബി പറഞ്ഞു:  "മനസ്സില്‍ അണുവോളം അഹങ്കാരം ഉള്ളവൻ സ്വര്‍ഗത്തില്‍ കടക്കില്ല" (മുസ്‌ലിം)  

3) ധനത്തോടുള്ള ആര്‍ത്തി ധനികര്‍ക്കാണ് കൂടുതല്‍. ധനം കൂടുന്തോറും ധനത്തോടുള്ള ആര്‍ത്തിയും കൂടുന്നു. മുഹമ്മദ്‌ നബി പറഞ്ഞു:  "സ്വര്‍ണത്തിന്‍റെ ഒരു താഴ് വര സ്വന്തമായി ഉള്ളവന്‍ രണ്ടാമതൊരു താഴ് വര കൂടി ഉണ്ടാകാൻ ആര്‍ത്തി കാണിക്കും.  അതവന് നല്‍കപ്പെട്ടാല്‍ മൂന്നാമത് ഒന്നിനോട് അവന്‍ ആര്‍ത്തി കാണിക്കും. മനുഷ്യന്‍റെ വയറ് മണ്ണു കൊണ്ടല്ലാതെ നിറയില്ല" (ബുഖാരി). ധനികനെ മരിച്ചു മണ്ണില്‍ മറ മാടിയാലെ അവന്റെ ആര്‍ത്തി തീരൂ എന്ന്. 

4) ധനികർക്ക് ഇടയിലെ മല്‍സരം മറ്റാരിലെങ്കിലും കാണുമോ..?  ധനത്തിന്‍റെ, വീടിന്‍റെ, കാറിന്‍റെ.. ഇങ്ങനെ ധാരാളം ഇനങ്ങളിലാണ് ധനികർ തമ്മിലുള്ള മല്‍സരം. അവർ ഖബ്റിൽ എത്തുന്നത് വരെ മത്സരിച്ചു കൊണ്ടിരിക്കുന്നു. മത്സരം ഇല്ലാത്ത ജീവിതത്തിന്റെ സുഖം അനുഭവിക്കാന്‍ കഴിയാത്ത ദരിദ്രരാണ് ഭൂരിഭാഗം ധനികരും. 

5) പിശുക്കും ധൂര്‍ത്തും നിന്ദ്യമായ സ്വഭാവങ്ങളാണ്. രണ്ടും ധനികരുടെ കൂടെയാണ് അധികവും കാണുന്നത്. പത്തു രൂപ ചെലവാക്കിയാല്‍ കിട്ടുന്നതിന് ഇരുപതു ചെലവാക്കലും ആവശ്യത്തിനു ചെലവാക്കാതെ ഇരിക്കലും ശരിയല്ല. ധനികനാണ് പിശുക്കനാകാനും ധൂര്‍ത്തനാകാനും കഴിയുക. പിശുക്കന്‍ അല്ലെങ്കില്‍ ധൂര്‍ത്തന്‍ എന്നല്ലാതെ    രണ്ടിന്‍റെയും ഇടക്കുള്ള ധനികർ അപൂര്‍വമാണ്.  

6) എന്തു വന്നാലും ഞാനുണ്ട് എന്ന ഒരുതരം വ്യാജ ധൈര്യം ധനം അതിന്റെ ഉടമകൾക്ക് നല്‍കുന്നു. ധനം കൊണ്ട് നേടാന്‍ കഴിയാത്ത കാര്യങ്ങള്‍ ഭൂമിയിൽ അനവധിയുണ്ട് എന്ന് മിക്ക ധനികരും അറിയില്ല. അവസാനം മരുന്ന് കണ്ടു പിടിക്കാത്ത വല്ല രോഗവും ബാധിച്ചു അവർ മരിച്ചു പോവുന്നു. അവരുടെ ധനം അവർക്ക് ഉപകാരപ്പെടാതെ...

7) മിക്ക ധനികരുടെയും മനസില്‍ പണത്തിനു മൂല്യം കുറവായിരിക്കും. ദിവസം നൂറു രൂപക്ക് ജോലി ചെയ്യുന്നവന് നൂറു രൂപയുടെ ഒരു നോട്ട് വളരെ പ്രിയപ്പെട്ടത് ആയിരിക്കും. എന്നാൽ അത് ചുരുട്ടി ചെവിയില്‍ തോണ്ടുന്ന ധാരാളം ധനികരെ കണ്ടിട്ടുണ്ട്. ഇതൊരു തരം അനുഗ്രഹത്തെ നിസാരമാക്കലാണ്. തൊഴിലാളി നൂറു രൂപയില്‍ കാണുന്ന മൂല്യം ധനികൻ അതിൽ കാണാത്തത് ധൂര്‍ത്തിന്‍റെ പ്രധാന കാരണമാണ്.    

8) മിക്ക ധനികരും സല്‍ പേരിനു വേണ്ടി ദാനം ചെയ്യുന്നു. മഹത്തായ ഒരു സല്‍ കര്‍മ്മത്തെ ദുരുപയോഗം ചെയ്യലാണ് അത്. പണം നേടിക്കഴിഞ്ഞാൽ പിന്നെ പ്രസിദ്ധി ആണല്ലോ മനുഷ്യന്റെ അടുത്ത നോട്ടം. അതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പ്രസിദ്ധി ഉണ്ടാകാൻ കൊതിച്ചു തിരക്ക് കൂട്ടുന്ന ധനികരെ കൊണ്ടു ചിലപ്പോൾ നമുക്ക് വഴി നടക്കാൻ പറ്റാതെ പോകാറുണ്ട്

9) ധനികരിൽ ജ്ഞാനികള്‍ അപൂര്‍വം ആയിരിക്കും. ജ്ഞാനികളില്‍ ധനികരും അപൂര്‍വം ആയിരിക്കും. ജ്ഞാനം നേടുന്നതില്‍ നിന്നും ധനം മനുഷ്യനെ തടയുന്നു. സദാ സമയവും കച്ചവട - വ്യവസായ - കാര്‍ഷിക ചിന്തകള്‍ നടക്കുന്ന മനസില്‍ ജ്ഞാനത്തിന് കേറി കിടക്കാന്‍ സ്ഥലം കിട്ടാത്തത് സ്വാഭാവികമാണ്. ജ്ഞാനം ഇല്ലാത്തതു കൊണ്ടു താൻ തട്ടിപ്പു മാർഗങ്ങളിൽ കൂടിയാണ് ധനം സമ്പാദിക്കുന്നത് എന്നു ധനികർക്ക് അറിയാതെ പോവുന്നു. കരിഞ്ചന്ത, അഴിമതി, മോഷണം, പിടിച്ചുപറി, കൊള്ളലാഭം, പലിശ, പൂഴ്ത്തിവെപ്പ്... തട്ടിപ്പ് മാർഗങ്ങൾ ഏറെയുണ്ട്. എന്‍റെ  ധനം തികച്ചും ശുദ്ധമാണ് എന്ന് ഒരു ധനികന്‍ വീമ്പിളക്കുന്നതില്‍ കാര്യമില്ല.  ഒരു ജ്ഞാനിയാണ് അതു പറയേണ്ടത്. ഇതൊരു വലിയ കെണിയാണ്.  

10) എമ്പാടും ധനമുണ്ടെങ്കില്‍ സുഖങ്ങളെല്ലാം അനുഭവിക്കാന്‍ തോന്നൽ സ്വാഭാവികമാണ്. അപ്പോള്‍ ധർമ്മ ചിന്ത നഷ്ടമാകലും സ്വാഭാവികമാണ്. മുന്തിയ തരം മദ്യങ്ങള്‍, മയക്കു മരുന്നു, വേശ്യകൾ, സിഗരറ്റുകള്‍..  ഇവയുടെ പ്രധാന ഉപഭോക്താക്കള്‍ ധനികരാണല്ലോ. ഫലം ധനികരിലെ ധാര്‍മ്മിക തകര്‍ച്ചയും. ധനത്തോട് കൂടെ പിശാച് വസിക്കുന്നു.

11) ശാരീരിക അദ്ധ്വാനമില്ലാതെ തിന്നും കുടിച്ചും സുഖിച്ചും ജീവിക്കുന്ന ധനികരെ മാത്രം ബാധിക്കുന്ന രോഗങ്ങളുണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ എന്നാണ് അവ അറിയപ്പെടുന്നത്.  

12) പെട്ടെന്നു ധനികരായ ചിലർ ബന്ധം മുറിക്കുന്നു. അതുവരെ കൂടെ ഉണ്ടായിരുന്ന പാവങ്ങളായ കൂട്ടുകാരും കുടുംബക്കാരും ഭാര്യയും പിന്നെ കണ്ണിൽ പിടിക്കാതാവുന്നു. അവർക്ക് വല്ലതും കൊടുക്കേണ്ടി വരുമെന്ന ചിന്തയാവും. എല്ലാവരും തന്റെ ധനം മോഹിച്ചാണ് തന്നെ സ്നേഹിക്കുന്നത് എന്നും ചിന്തിച്ചു പോവുന്നു. പിന്നീട് ധനികരുടെ കൂട്ടുകാര്‍ മിക്കപ്പോഴും സഹായങ്ങളൊന്നും നല്‍കേണ്ട ആവശ്യം ഇല്ലാത്ത മറ്റു ധനികർ ആയി മാറുന്നു. മുഹമ്മദ്‌ നബി പറഞ്ഞു: "ബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ കടക്കില്ല "(ബുഖാരി)".

13) ധനികർക്കാണ് വെട്ടിപ്പ് നടത്താൻ തോന്നുക. ദരിദ്രർക്ക് വെട്ടിക്കാൻ അവരുടെ പക്കൽ ധനം ഇല്ലല്ലോ. ധനികർ പലതരം വെട്ടിപ്പുകള്‍ നടത്തുന്നു. സര്‍ക്കാരിനുള്ള നികുതി വെട്ടിപ്പും സർക്കാർ സേവനങ്ങൾക്ക് ഉള്ള നിശ്ചിത ഫീ വെട്ടിപ്പും ദരിദ്രർക്കുള്ള സകാത്ത് വെട്ടിപ്പും അവയിൽ ചിലത് മാത്രമാണ്.

14) പ്രകൃതിയെയും മനുഷ്യരെയും എങ്ങനെ ചൂഷണം ചെയ്തു കൂടുതൽ ധനം നേടാമെന്നു മിക്ക ധനികരും ഉറക്കത്തിലും ചിന്തിച്ചു പോകുന്നു. മറ്റുള്ളവര്‍ക്ക് എന്ത് നഷ്ടം വന്നാലും വേണ്ടില്ല എനിക്ക് ധനമുണ്ടാകണം എന്ന ചിന്ത എല്ലാ കാലത്തും മനുഷ്യരും പ്രകൃതിയും സഹിക്കില്ലല്ലോ. വിപ്ലവങ്ങളും പ്രകൃതി ദുരന്തങ്ങളും ചൂഷകരായ ധനികര്‍ മിക്കപ്പോഴും ഇരന്നു വാങ്ങുകയാണ് ചെയ്യുന്നത്.

15) വിഭവങ്ങളെ നിസാരമാക്കലും പാഴാക്കലും മിക്ക ധനികരുടെയും സ്വഭാവമാണ്. ഒരു ഉരുള ചോറിന് ദരിദ്രന്‍ കൊതിക്കുമ്പോള്‍ ധനികരുടെ വീടിനു പിന്നില്‍ വെയിസ്റ്റ് ബക്കറ്റില്‍ പ്ലെയിറ്റ് കണക്കിന് ചോറ് കിടക്കുന്നത് കാണാം. തിന്നുമ്പോള്‍ നിലത്തു വീഴുന്നതിലെ അഴുക്ക് കളഞ്ഞ്  തിന്നണമെന്ന് മുഹമ്മദ്‌ നബി പറഞ്ഞത് ധനികരോടു കൂടിയാണ്. 

16) ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്ത് അവരെ വഷളാക്കുന്നത് ധനികരാണ്. പെട്ടെന്ന് കാര്യം നടന്നു കിട്ടാനാണ്‌ അങ്ങനെ ചെയ്യുന്നത്. അതില്‍ കുടുങ്ങുന്നത് ദരിദ്രരാണ്. കൈക്കൂലി കിട്ടി ശീലിച്ച ഉദ്യോഗസ്ഥർ ദരിദ്രനെ നടത്തിച്ചു കൊല്ലാ ക്കൊല ചെയ്യുന്നു. 

17) ധനികരിൽ ദൈവ ദാസന്മാർ കുറവാണ്. മിക്ക ധനികരും പിശാചിന്‍റെ അടിമകളാണ്. ധനത്തിന്റെയും സുഖങ്ങളുടെയും പിന്നാലെയുള്ള പാച്ചിലിനിടക്ക് ദൈവ മാർഗം പഠിക്കാനും ദൈവത്തെ സ്മരിക്കാനും ആരാധിക്കാനും സമയം കിട്ടാത്തവരാണ് മിക്ക ധനികരും. മനസ്സിൽ ദൈവം ഇല്ലെങ്കിൽ അവിടെ പിശാച് കേറി ആധിപത്യം സ്ഥാപിക്കുന്നു. സാമ്പത്തിക ഏർപ്പാടുകൾ കൂടുമ്പോൾ ദൈവത്തെ സ്മരിക്കാൻ മാത്രമല്ല, മര്യാദക്കു ഉറങ്ങാനും കുടുംബത്തെ പരിചരിക്കാനും വരെ നേരം കിട്ടില്ല. അമിത ധനം മനുഷ്യനെ പലപ്പോഴും ഒരു റോബോട്ട് ആക്കുന്നു. ധനികർ പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗമാണ് എന്നർത്ഥം.

18) ധനികരുടെ മക്കൾ എങ്ങനെ ഒന്നിനും കൊള്ളാത്ത ദുർവൃത്തർ ആയി മാറുന്നു എന്നത് കണ്ണു തുറന്നു കാണണം.  അപ്പൻ കഷ്ടപ്പെട്ടു സമ്പാദിച്ചത് നിസാരമാക്കി ധൂർത്തടിച്ചു കളയുന്ന മക്കൾ ഉണ്ടാകുന്നത് എങ്ങനെ എന്നതിനെ കുറിച്ചു പല പാശ്ചാത്യ പഠനങ്ങളും നടന്നിട്ടുണ്ട്.  മുതലാളിയുടെ മകൻ എരപ്പാളി എന്നൊരു ചൊല്ലു തന്നെ നമുക്കിടയിൽ ഉണ്ടല്ലോ. 

19) ധനം സമ്പാദിക്കുന്ന ഏർപ്പാടുകൾക്ക് ഇടയിൽ കേസ് കൊടുക്കപ്പെട്ടു കോടതി കേറേണ്ടി വരൽ സ്വാഭാവികമാണ്.  അതുകൊണ്ടു തന്നെ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർമാർ കേസിൽ പെടേണ്ടി വരുന്ന നിക്ഷേപ മാർഗങ്ങൾ ധനികർക്ക് ചൂണ്ടി കാണിച്ചു കൊടുക്കാൻ മടിക്കുന്നു. ഇക്കാര്യം ശ്രദ്ധിക്കാത്ത ധനികർ നിയമ വലകളിൽ പെട്ടു ഉഴലുന്നു.

ധനം മനുഷ്യനെ അവൻ അറിയാതെ പല തിന്മകളിലേക്കും എത്തിക്കുന്നു. ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് കരുതിയ പലരും ധനത്തിന്‍റെ കെണിയില്‍ അറിയാതെ  കുടുങ്ങുന്നു. കുടുങ്ങി എന്ന തിരിച്ചറിവ് പോലുമില്ലാത്ത ധനികരാണ് ഏറെയും. ധനത്തിന്റെ കെണികളില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് തോന്നിയത് കൊണ്ടാവാം മുഹമ്മദ്‌ നബി ഇങ്ങനെ പ്രാര്‍ത്ഥിച്ചത്: "അല്ലാഹുവേ, എന്നെ ദരിദ്രനായി ജീവിപ്പിക്കുകയും ദരിദ്രനായി മരിപ്പിക്കുകയും ദരിദ്രന്മാരുടെ കൂട്ടത്തിലായി പരലോകത്ത് ഒരുമിച്ചു കൂട്ടുകയും ചെയ്യേണമേ" 
(തിര്‍മിദി) "എല്ലാ ജനതക്കും ഓരോ പരീക്ഷണം ഉണ്ട്. എന്‍റെ ജനതക്കുള്ള പരീക്ഷണം ധനമാണ്"(തിര്‍മിദി)

ധനം സമ്പാദിക്കുന്നതില്‍ നിന്ന് ആരെയും തടയുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. മറിച്ച്, ധനം നേടുന്നതിന് അനുസരിച്ച് ചില ദുര്‍ ഗുണങ്ങള്‍ മനുഷ്യനെ അറിയാതെ ബാധിക്കുമെന്നും ജാഗ്രത വേണമെന്നും അറിയിക്കലാണ്. ദരിദ്രൻ ആയതിൽ അപകർഷ ബോധവും വേണ്ട. മേൽ പറഞ്ഞ മിക്ക തിന്മകളിൽ നിന്നും അപ്പോൾ രക്ഷപ്പെട്ടല്ലോ. അല്ലാഹുവേ ഇഹലോകത്തും പരലോകത്തും എനിക്ക് ഗുണം നല്‍കണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ ബാധ്യസ്ഥനായ മുസ്‌ലിം ധനത്തെയോ ധനികരെയോ വെറുക്കേണ്ട ആവശ്യമില്ല. "ദൈവഭയം ഉള്ളവന് ധനമുണ്ടെങ്കില്‍ ഒരു പ്രശ്നവുമില്ല" എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. പക്ഷെ ദൈവഭയം വേണം. ധനികർ സവിശേഷ മാനസിക അവസ്ഥയുള്ള ഒരു വിഭാഗമാണ്.

അന്‍സാര്‍ അലി നിലമ്പൂര്‍.

No comments:

Post a Comment

Note: only a member of this blog may post a comment.