2 August 2018

മഹ്ദി ഇമാമിൽ വിശ്വസിക്കേണ്ടത്

ഇമാം മഹ്ദിയെ കുറിച്ച് വിശ്വസനീയവും സ്വീകാര്യവുമായ ഹദീസുകളില്‍ വന്ന ചില കാര്യങ്ങള്‍ പറയട്ടെ. ലോകാവസാന കാലത്ത് ഭൂമിയിലാകെ അക്രമവും അനീതിയും അരങ്ങു വാഴുമ്പോള്‍ അല്ലാഹു ഇമാം മഹ്ദി എന്ന മഹാനായ മനുഷ്യനെ നിയോഗിക്കും. ഈസാ നബി ഭൂമിയിലേക്ക് ഇറങ്ങി വരുന്നതിനു തൊട്ടു മുമ്പായിരിക്കും മഹ്ദി ഇമാം നിയോഗിക്ക പ്പെടുക. മഹ്ദി എന്നതല്ല ഇമാം അവര്‍കളുടെ ശരിയായ പേര്. ശരിയായ പേര്‍ മുഹമ്മദ് നബിയുടെ പേരായിരിക്കും. മഹ്ദി എന്നാല്‍ "സന്മാര്‍ഗത്തിലേക്ക് നയിക്കുന്നവന്‍" എന്നാണ് അര്‍ഥം. കൂടുതലും ഈ പേരിലാണ്  മഹ്ദി ഇമാമിനെ ഹദീസുകളിൽ മുഹമ്മദ് നബി വിശേഷിപ്പിച്ചത്.

മഹ്ദിയുമായി ബന്ധപ്പെട്ട ഹദീസുകള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത അത്ര സമൃദ്ധവും ശക്തവുമാണ്. അല്‍ ഹാഫിദ് അബുല്‍ ഹസന്‍ അല്‍ ആബിരി(റ) പറഞ്ഞു: "ഇമാം മഹ്ദി നബി കുടുംബത്തില്‍ ജനിക്കുക, ഏഴു വര്‍ഷം നീതി യുക്ത ഭരണം നടത്തുക, ഫലസ്ത്വീനിലെ ബാബു ലുദ്ദില്‍ വെച്ച് ദജ്ജാലിനെ കൊല്ലാന്‍ ഈസാ നബിയെ സഹായിക്കുക, മഹ്ദിയുടെ പിന്നില്‍ നിന്ന് ഈസാ നബി നമസ്കരിക്കുക, തുടങ്ങിയ ഹദീസുകള്‍ നിരവധി നിവേദകന്മാര്‍ വഴി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ അവ മുതവാതിറാണ്". അവ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല എന്നര്‍ത്ഥം. നമ്മുടെ മഹ്ദി വിശ്വാസം രൂപപ്പെടുത്താന്‍ ചില ഹദീസുകള്‍ താഴെ കൊടുക്കുന്നു.

1) മുഹമ്മദ് നബി പറഞ്ഞു: "അന്ത്യദിനത്തിന് ഒരു ദിവസമേ ബാക്കിയുള്ളൂ എങ്കില്‍ പോലും എന്റെ കുടുംബത്തില്‍ നിന്നും മഹ്ദിയെ അല്ലാഹു പുറത്തു കൊണ്ട് വരും. അദ്ദേഹം ഭൂമിയില്‍ നീതി സ്ഥാപിക്കുകയും അക്രമവും അനീതിയും ഇല്ലാതാക്കുകയും ചെയ്യും" (അഹ്മദ്)

2) മുഹമ്മദ് നബി പറഞ്ഞു: "എന്റെ നാമത്തിലുള്ള ഒരാള്‍ അറബികളെ ഭരിക്കുന്നത് വരെ ലോകം അവസാനിക്കില്ല" (അബൂദാവൂദ് )

3) മുഹമ്മദ് നബി പറഞ്ഞു: "മഹ്ദി നമ്മുടെ അഹലുല്‍ ബൈത്തില്‍ നിന്നായിരിക്കും. ഒരു രാത്രിയാകും അല്ലാഹു അദ്ദേഹത്തെ തയാറാക്കി നിയോഗിക്കുക"(അഹ്മദ്)

4) മുഹമ്മദ് നബി പറഞ്ഞു: "മഹ്ദി എന്റെ കുടുംബത്തില്‍ നിന്നാണ്, ഫാത്വിമയുടെ മക്കളില്‍ നിന്ന്‍." (അബൂദാവൂദ്)

5) മുഹമ്മദ് നബി പറഞ്ഞു: "മഹ്ദി എന്‍റെ കുടുംബത്തില്‍ നിന്നായിരിക്കും. അദ്ദേഹത്തിന് ഉയര്‍ന്ന, വിശാലമായ നെറ്റിയും നീണ്ടു കൂര്‍ത്തു വളഞ്ഞ മൂക്കും ഉണ്ടായിരിക്കും. ഭൂമിയില്‍ എപ്രകാരം അനീതി നിറഞ്ഞു നിന്നിരുന്നോ അതുപോലെ അദ്ദേഹം ഭൂമിയില്‍ നീതി നിറയ്ക്കും. അദ്ദേഹം ഏഴു വര്‍ഷം ഭരിക്കും." (അബൂദാവൂദ്)

6) മുഹമ്മദ് നബി പറഞ്ഞു : "ഒരു ഭരണാധി കാരിയുടെ മരണശേഷം തര്‍ക്കമുണ്ടാകും. ആ സമയത്ത് ഒരു വലിയ പട്ടണത്തില്‍ നിന്നൊരാള്‍ മക്കയിലേക്ക് പോകും. മക്കയില്‍ ചിലര്‍ അദ്ദേഹത്തെ സമീപിക്കുകയും ഹജറുല്‍ അസ് വദിന്റെയും മഖാമു ഇബ്രാഹീമിന്റെയും ഇടയില്‍ വെച്ച് നിര്‍ബന്ധപൂര്‍വം അദ്ദേഹത്തിനു ബൈഅത് നടത്തുകയും ചെയ്യും. പിന്നീട് സിറിയയില്‍ നിന്നൊരു വന്‍പട അദ്ദേഹത്തെ ആക്രമിക്കാനായി പുറപ്പെടും. പക്ഷെ മക്കയുടെയും മദീനയുടെയും ഇടയിലുള്ള ബൈദയില്‍ വെച്ച് അവര്‍ ഭൂമിയില്‍ ആഴ്ത്തപ്പെടും. ഇത് കണ്ടു സിറിയയില്‍ നിന്നും ഇറാക്കില്‍ നിന്നും ഒരുപാടു പേർ  അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ബൈഅത് ചെയ്യും. പിന്നീട് ബനൂ കല്ബ് കുടുംബത്തില്‍ നിന്നൊരു ഖുറൈശി അദ്ദേഹത്തിന് നേരെ ഒരു സേനയെ അയക്കും. അതും അല്ലാഹുവിന്റെ സഹായത്താല്‍ പരാജയപ്പെടും. അദ്ദേഹം(മഹ്ദി) ജനങ്ങളെ സുന്നത്തു അനുസരിച്ച് മുന്നോട്ട് നയിക്കുകയും അദ്ദേഹത്തിന്റെ ഭരണ കാലത്തു ഇസ്‌ലാം ലോക മുഴുവൻ വ്യാപിക്കുകയും ചെയ്യും. അദ്ദേഹം ഏഴു വർഷം കൂടി നിലനില്‍ക്കും. പിന്നീട് അദ്ദേഹം മരിക്കുകയും മുസ്ലിംകള്‍ അദ്ദേഹത്തിന് ജനാസ നമസ്കരിക്കുകയും ചെയ്യും" (അബൂദാവൂദ്)

7) മുഹമ്മദ് നബി പറഞ്ഞു: "ദമാസ്കസിന്റെ ഉള്ളറകളില്‍ നിന്നൊരാള്‍ പുറപ്പെടും. അയാള്‍ "സുഫിയാനി" എന്ന് വിളിക്കപ്പെടും. അയാളുടെ അനുയായികള്‍ കൂടുതലും ബനൂ കല്ബ് ഗോത്രത്തില്‍ നിന്നായിരിക്കും. അയാള്‍ സ്ത്രീകളുടെ വയര്‍ തല്ലി തകര്‍ക്കുകയും കുട്ടികളെ പ്പോലും വധിക്കുകയും ചെയ്യും. എന്റെ കുടുംബത്തില്‍ നിന്നൊരാള്‍ മസ്ജിദുല്‍ ഹറമില്‍ പ്രത്യക്ഷപ്പെടും, ഈ വാര്‍ത്ത അറിഞ്ഞു സുഫിയാനി അദ്ദേഹത്തിന് നേരെ ഒരു സൈന്യത്തെ അയക്കും. അദ്ദേഹം(മഹ്ദി) ആ സൈന്യത്തെ തോല്പിക്കും. ബാക്കിയുള്ള സേനയുമായി അയാള്‍ പിന്നെയും അദ്ദേഹത്തിന്റെ അടുത്തേക്ക് പുറപ്പെടും. പക്ഷെ ആ സേന മരുഭൂമിയില്‍ ആഴ്ത്തപ്പെടും" (ഹാകിം)

8) മുഹമ്മദ് നബി പറഞ്ഞു: "എന്‍റെ ഉമ്മത്തിന്റെ അവസാന കാലത്ത് മഹ്ദി പ്രത്യക്ഷപ്പെടും. അല്ലാഹു അദ്ദേഹത്തിന് മഴ അനുവദിക്കും. ഭൂമി നന്നായി ഫല വര്‍ഗങ്ങള്‍ ഉല്‍പാദിപ്പിക്കും. അദ്ദേഹം ഒരുപാട് പണം വിതരണം ചെയ്യും. കാലി വര്‍ഗങ്ങള്‍ എമ്പാടും വര്‍ദ്ധിക്കുകയും ഉമ്മത് അനുഗ്രഹിക്ക പ്പെടുകയും ചെയ്യും. അദ്ദേഹം ഏഴെട്ടു വർഷം ഭരണം നടത്തും" (ഹാകിം)

9) മുഹമ്മദ് നബി പറഞ്ഞു: "മഹ്ദി ഉദാരനായിരിക്കും. ചോദിക്കുന്നവര്‍ ക്കെല്ലാം അവര്‍ക്ക് താങ്ങാവുന്നത്ര അദ്ദേഹം നല്‍കും" (തിര്‍മിദി)

10) മുഹമ്മദ് നബി പറഞ്ഞു: "ഈസാ നബി ഉമ്മതിലേക്ക് ഇറങ്ങിവരും. അപ്പോള്‍ ഉമ്മത്തിന്റെ അമീര്‍ മഹ്ദി അദ്ദേഹത്തോട് ഞങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുക എന്ന് പറയും. അപ്പോള്‍ ഇസാ പറയും: വേണ്ട, ഉമ്മത്തിനെ അല്ലാഹു ആദരിക്കാനായി നിങ്ങളില്‍ നിങ്ങളുടെ അമീര്‍ ഉണ്ടല്ലോ" (മുസ്ലിം)

11) മുഹമ്മദ് നബി പറഞ്ഞു: "ഈസാ പിന്നില്‍ നിന്ന് നമസ്കരിക്കുന്ന ഒരാള്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടാകും" (അബൂ നഈം)

12) മുഹമ്മദ് നബി പറഞ്ഞു: "മറിയമിന്റെ പുത്രന്‍ നിങ്ങളില്‍ ഇറങ്ങുകയും ആ സമയത്ത് നിങ്ങളില്‍ നിന്നൊരാള്‍ തന്നെ നിങ്ങളുടെ ഇമാമാവുകയും ചെയ്യുന്ന സമയത്ത് നിങ്ങളുടെ അവസ്ഥ എന്തായിരിക്കും!!" (ബുഖാരി)

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.