18 August 2018

മാനവ സാഹോദര്യവും ഇസ്‌ലാമും

ഞാനിത് എഴുതുമ്പോൾ ഭൂമിയിൽ അറുപതോളം സായുധ പോരാട്ടങ്ങൾ വിവിധ ഗ്രൂപ്പുകൾ തമ്മിൽ നടന്നു കൊണ്ടിരിക്കുകയാണ്. അതിലൊക്കെ ആയിര കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു. സയൻസ് പുരോഗമി ച്ചതോടെ സംഘട്ടനത്തിനുള്ള സംവിധാനങ്ങളും പുരോഗമിച്ചു. സയൻസിന് മനുഷ്യർക്കിടയിൽ സാഹോദര്യം വളർത്താൻ കഴിഞ്ഞതുമില്ല. മനുഷ്യർ തമ്മിൽ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും പേരിൽ ഇടികൂടി കൂടുന്ന പ്രതിഭാസം ഭൂമിയിൽ എന്നുമുണ്ട്.  അപ്പോഴെല്ലാം വകതിരിവുള്ള മനുഷ്യർ ചരിത്രത്തിൽ ഉടനീളം മാനവ സാഹോദര്യം (HUMAN BROTHERHOOD) എന്ന ആവശ്യം ഉയർത്തി പിടിച്ചത് നാം കാണുന്നു.

മാനവ സാഹോദര്യം എന്നത് വളരെ ശക്തമായ ഒരു ആശയമാണ്. ഹൈന്ദവ, ജൂത, ക്രിസ്ത്യൻ, ഇസ്‌ലാം, ബുദ്ധ മതങ്ങളെല്ലാം അതു പഠിപ്പിക്കുന്നു. ഇവയുടെ അനുയായികൾ തന്നെ അത് തകർക്കും വിധം പെരുമാറുകയും ചെയ്യുന്നു. ഇത് വലിയ വൈരുദ്ധ്യമാണ്. വിവിധ മതക്കാർ തമ്മിൽ മാത്രമല്ല അടികൂടുന്നത്, ഒരേ മതത്തിൽ വിശ്വസിക്കുന്നവർ തന്നെ ഗ്രൂപ്പുകളായി തിരിഞ്ഞു അടികൂടുന്നു. മതത്തിന്റെ പേരിൽ മാത്രമല്ല കൊളോണിയലിസം, ഇൻപീരിയലിസം, മാർക്സിസം, ഫാസിസം, നാസിസം പോലുള്ള ഫിലോസഫിക്കൽ ഇസങ്ങളുടെ പേരിലും ചരിത്രത്തിൽ കൊലകൾ അനവധി നടന്നിട്ടുണ്ട്. അവസാന മൂന്നു ഇസങ്ങൾ അണിനിരന്ന രണ്ടാം ലോക മഹാ യുദ്ധത്തിൽ എട്ടു കോടിയോളം മനുഷ്യരാണ് കൊല്ലപ്പെട്ടത്. കമ്മ്യൂണിസവും പറഞ്ഞു സോവിയറ്റ് യൂണിയനിൽ സ്റ്റാലിൻ കൊന്നൊടു ക്കിയത് ഒന്നര കോടിയോളം മനുഷ്യരെയാണ്. കൊലപാതകങ്ങൾ കൊണ്ടു മാനവരാശി എന്തു നേടി എന്ന് മനുഷ്യരെല്ലാം പഠിക്കേണ്ടതുണ്ട്.

ലോകത്തു സംഘട്ടനങ്ങൾ ഇല്ലാണ്ടി രിക്കാൻ പല ചിന്തകളും ഉണ്ടായിട്ടുണ്ട്. യുദ്ധ വിരുദ്ധ പ്രസ്ഥാനങ്ങളും പ്രവർത്തകരും ഉണ്ടായിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്തും തുടർന്നും യുദ്ധ രഹിത ലോകത്തിനു വേണ്ടി നിരന്തരം ശബ്ദിച്ചും പ്രവർത്തിച്ചും സമാധാന ത്തിനുള്ള നൊബേൽ പ്രൈസ് നേടിയ ബർട്രൻഡ് റസ്സലിനെ ഓർത്തു പോകുന്നു. മനുഷ്യർ തമ്മിലുള്ള സംഘട്ടനങ്ങൾക്ക് പിന്നിൽ പല കാരണങ്ങളും ഉണ്ടാകും. സുപ്രധാന കാരണം മനുഷ്യർ മാനവ സാഹോദര്യം എന്ന പ്രധാന മാനവിക ആശയം മറന്നു പോകുന്നതാണ്. അതിനെ എപ്പോഴും മനുഷ്യർക്കിടയിൽ  ജ്വലിപ്പിച്ചു നിർത്തുകയാണ് സംഘട്ടനങ്ങൾ ഇല്ലാതാക്കാനുള്ള പല വഴികളിൽ ഒന്ന്.

മനുഷ്യരെല്ലാം പരസ്പരം സഹോദരീ സഹോദരങ്ങളാണ്, ആരും അന്യരല്ല, ആരും വർണ്ണത്തിന്റെയോ വർഗ്ഗത്തിന്റെയോ കാര്യത്തിൽ ആരുടെയും മുകളിൽ അല്ല, തുല്യരാണ്, സാഹോദര്യ ബന്ധം പാലിച്ചു വേണം മനുഷ്യർ പരസ്പരം ഇടപഴകാൻ, സ്വന്തം സഹോദരങ്ങളായ മനുഷ്യരോട് അക്രമവും ഹിംസയും ചെയ്യരുത് എന്നൊക്കെയുള്ള മഹത്തായ ആശയമാണ് മാനവ സാഹോദര്യം. ഇതു പാലിക്കപ്പെടാതെ പോവുമ്പോൾ  മാനവ രാശിയുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആവുന്നു, പല രംഗങ്ങളിലും മുന്നേറിയ അതു വർഷങ്ങളോളം പിന്നിലേക്കായി പോവുന്നു.  മതങ്ങൾ മിക്കതും മാനവ സാഹോദര്യം നന്നായി പഠിപ്പിച്ചിട്ടുണ്ട് എന്നു പറഞ്ഞല്ലോ. ഇവിടെ എന്റെ വായനയിൽ നിന്നു മനസ്സിലായ വിധം ഇസ്‌ലാം മതം എങ്ങനെയാണ് മാനവ സാഹോദര്യം പ്രമോട്ട് ചെയ്യുന്നത് എന്ന് ചെറുതായി വിവരിക്കുന്നു. 

1) മനുഷ്യരെല്ലാം ആദ്യ മനുഷ്യരായ ആദമിൽ നിന്നും ഹവ്വയിൽ നിന്നും ഉണ്ടായി, അതിനാൽ അവർ പരസ്പരം സഹോദരങ്ങളാണ് എന്ന് കാര്യമായി പഠിപ്പിക്കുന്ന മതങ്ങളിൽ ഒന്നാണ് ഇസ്‌ലാം (വി.ഖുർആൻ 49:13) ഇതു പഠിപ്പിക്കുന്ന അബ്രഹാം പ്രവാചകന്റെ പാരമ്പര്യത്തിൽ ഉള്ള മറ്റു മതങ്ങൾ ജൂത മതവും ക്രിസ്തു മതവുമാണ്. വെറുതെ മാനവ സാഹോദര്യം വേണം എന്നു പറയുകയല്ല, അതിനു ഇങ്ങനെയൊരു ശക്തമായ കാരണം ഇസ്‌ലാം മുന്നോട്ടു വെക്കുന്നു. 

2) ആദം മണ്ണിൽ നിന്നുണ്ടായി, മറ്റു മനുഷ്യരെല്ലാം ആദമിൽ നിന്നുണ്ടായി എന്നാണ് വിശുദ്ധ ഖുർആൻ പഠിപ്പി ക്കുന്നത് (6:98) എല്ലാവരും മണ്ണിൽ നിന്നാണ്, എല്ലാവരും മണ്ണിലേക്കാണ് പോവുക, അതിനാൽ നെഗളിക്കാൻ ആർക്കും ഒരു അവകാശവും ഇല്ല എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന ആശയമാണ്. 

3) അല്ലാഹു മാനവരുടെ ദൈവം ആണെന്നും വിശുദ്ധ ഖുർആൻ മാനവർക്കുള്ള വേദഗ്രന്ഥം ആണെന്നും മുഹമ്മദ് നബി മൊത്തം മാനവരിലേക്ക് ഉള്ള ദൈവദൂതൻ ആണെന്നും വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു, ഇതിലൂടെ മനുഷ്യർ മനുഷ്യർക്ക് ഇടയിൽ സ്ഥാപിച്ച എല്ലാവിധ ദേശ, ഭാഷ, വർണ്ണ, അതിർ വരമ്പുകളെയും അതു നിരാകരിക്കുന്നു.

4) അല്ലാഹു സകല മനുഷ്യരെയും, ആദം സന്തതികളായ മനുഷ്യരെ മൊത്തത്തിൽ  ആദരിച്ചിരിക്കുന്നു എന്നു വിശുദ്ധ ഖുർആൻ പറയുന്നു (17: 70, 95:4)

5) ദേശ, വംശ, കുടുംബ മഹിമയല്ല അല്ലാഹുവിങ്കൽ ഒരാളുടെ പദവി നിർണ്ണയിക്കുക മറിച്ചു ഓരോരുത്തരും പുലർത്തുന്ന ധാർമ്മിക ബോധമാണ്  എന്നു വിശുദ്ധ ഖുർആൻ പറയുന്നു (49:13). "മനുഷ്യരെ നിങ്ങളുടെ ദൈവം ഒന്നാണ്,  നിങ്ങളുടെ പിതാവും ഒന്നാണ്, അറബിക്ക് അനറബിയുടെ മേൽ ഒരു ശ്രേഷ്ഠതയും ഇല്ല, അനറബിക്ക് അറബിയുടെ മേലും ഇല്ല, ചുവന്നവന് കറുത്തവന്റെ മേൽ ഒരു ശ്രേഷ്ഠതയും ഇല്ല, കറുത്തവനു ചുവന്നവന്റെ മേലും ഇല്ല, ധാർമ്മിക ബോധത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ" എന്നു മുഹമ്മദ് നബി പറയുന്നു. (അഹ്മദ് 23489)

6) മനുഷ്യർ ഭിന്ന ജാതിക്കാരും ഗോത്രക്കാരും രാജ്യക്കാരും ആയതു പരസ്പരം ഔന്നിത്യം കാണിക്കാനോ തമ്മിൽ അടിക്കാനോ അല്ല അവർ പരസ്പരം തിരിച്ചറിയാനുള്ള ഐഡന്റിറ്റിക്ക് വേണ്ടി മാത്രമാണ് എന്നു വിശുദ്ധ ഖുർആൻ പറയുന്നു (49:13)

7) ദേശവും വർണ്ണവും നോക്കാതെ, കറുത്ത കാപ്പിരിയായ ഒരു മനുഷ്യനാണ് നിങ്ങളുടെ നേതാവായി വരുന്നത് എങ്കിലും അയാളെ അനുസരിക്കണം എന്നു മുഹമ്മദ് നബി പറയുന്നു (ബുഖാരി 7142). വർണ്ണ വിവേചനം ഒരു രംഗത്തും ഇസ്‌ലാം അനുവദിക്കുന്നില്ല.

8) ഏതു വിഭാഗക്കാരനാണ് എന്ന് നോക്കാതെ, നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുക, അപ്പോൾ ആകാശത്തു ഉള്ളവൻ നിങ്ങളോടും കരുണ കാണിക്കുമെന്നു മുഹമ്മദ് നബി പറയുന്നു.(തിർമിദി 1924) ജനങ്ങളോട് കരുണ കാണിക്കാ ത്തവനോട് അല്ലാഹുവും കരുണ കാണിക്കില്ലെന്നു മുഹമ്മദ് നബി പറയുന്നു (ബുഖാരി 7376)

9) എല്ലാ വൈജാത്യങ്ങൾക്കും അപ്പുറം, പച്ചക്കരൾ ഉള്ള ഏതു ജീവിക്ക് ഉപകാരം ചെയ്തു കൊടുത്താലും അതു പടച്ച തമ്പുരാൻ സ്വീകരിച്ചു അതിനു പ്രതിഫലം നൽകുമെന്ന് മുഹമ്മദ് നബി പഠിപ്പിക്കുന്നു.(ബുഖാരി 2363) 

10) ഏതു ജാതിക്കാരനാണ് എന്നു നോക്കാതെ, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറയെ ഭക്ഷിക്കുന്നവൻ മുഹമ്മദ് നബിയുടെ കൂട്ടത്തിൽ പെട്ടവനല്ല എന്നു നബി പറയുന്നു (ത്വബ്‌ റാനി)

11) മുഹമ്മദ് നബി അമുസ്‌ലിം രോഗികളെ സന്ദർശിച്ചു, ആശ്വസി പ്പിച്ചിരുന്നു (ബുഖാരി 5657) മുഹമ്മദ് നബി അമുസ്ലീങ്ങളുടെ സൽക്കാരം സ്വീകരിച്ചിരുന്നു (ബുഖാരി 2617) മാനുഷികമായ ഒരു കാര്യത്തിനും ഇസ്‌ലാമിൽ മതമൊരു തടസ്സമല്ല എന്നർത്ഥം.

12) മതം മാറ്റം കൊണ്ടു രക്ത ബന്ധമോ കുടുംബ ബന്ധമോ മുറിക്കാൻ പാടില്ലെന്നും തന്നെ ആശ്രയി ക്കുന്നവർക്ക് നല്കി ക്കൊണ്ടിരുന്ന സഹായങ്ങൾ നിർത്താൻ പാടില്ലെന്നും മുഹമ്മദ് നബി പഠിപ്പിക്കുന്നു (ബുഖാരി 5979)

13) ഒരു ജൂതന്റെ ജഡം കൊണ്ടു വരുന്നത് കണ്ട മുഹമ്മദ് നബി എഴുന്നേറ്റു നിന്നു അതിനെ ആദരിച്ചു. അതൊരു ജൂതന്റെ ജഡം അല്ലെ എന്നു ചോദിച്ച അനുചരരോട്  അതൊരു മനുഷ്യൻ അല്ലെ എന്നായിരുന്നു പ്രവാചകന്റെ ചോദ്യം. ആരുടെ ജഡം ആണെങ്കിലും എഴുന്നേറ്റു നിൽക്കണം എന്നു നബി കല്പിച്ചു (ബുഖാരി 1311,1312)

14) ജാതിയോ മതമോ വംശമോ നോക്കാതെ, സ്വന്തക്കാരാണോ ബന്ധക്കാരാണോ അന്യായത്തിന്റെ കൂടെ ഉള്ളത് എന്നു നോക്കാതെ മനുഷ്യർക്കിടയിൽ കണിശമായ നീതി പുലർത്തണം എന്നു വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു (4:135, 5:8)

15) അധർമ്മത്തിൽ സ്വന്തം കൂട്ടരെ സഹായിക്കലും അവരോടൊപ്പം നിൽക്കലും തനി വർഗീയത ആണെന്ന് മുഹമ്മദ് നബി പറയുന്നു (അബൂദാവൂദ്‌ 5119)

16) വർഗീയതയിലേക്ക് ക്ഷണിച്ചവനും വർഗീയതയ്ക്ക് വേണ്ടി കൊല്ലപ്പെട്ടവനും മുഹമ്മദ് നബിയുടെ കൂട്ടത്തിൽ പെട്ടവനല്ല എന്ന് അവിടുന്നു പറയുന്നു (അബൂദാവൂദ്‌ 5121)

17) മതത്തിന്റെ കാര്യത്തിൽ മനുഷ്യർക്ക് ഇടയിൽ ഒരു ബല പ്രയോഗവും പാടില്ലെന്ന് വിശുദ്ധ ഖുർആൻ പറയുന്നു (2:256,10:99, 18:29)

18) ഒരു വിഭാഗത്തിന്റെയും ആരാധ്യ വസ്തുക്കളെ നിന്ദിക്കാൻ പാടില്ലെന്ന് വിശുദ്ധ ഖുർആൻ പറയുന്നു (6:108)

19) വളരെ സൗമ്യമായ രീതിയിൽ അല്ലാതെ മുസ്ലീങ്ങൾ അമുസ്ലീങ്ങളോട് മത പ്രബോധനം നടത്താൻ പാടില്ല എന്നു വിശുദ്ധ ഖുർആൻ പറയുന്നു (16:125)

20) മത വൈജാത്യങ്ങൾക്ക് അപ്പുറം അക്രമികളായ ഓരോ വിഭാഗത്തെയും അല്ലാഹു മറ്റൊരു വിഭാഗത്തെ കൊണ്ടു തടയുന്നു എന്നും അങ്ങനെയാണ് ജൂത, ക്രിസ്ത്യൻ, മുസ്ലിം ആരാധനാലയങ്ങൾ തകർക്കപ്പെടാതെ നില നിൽക്കുന്നത് എന്നും വിശുദ്ധ ഖുർആൻ പറയുന്നു (22:40)

21) മത സങ്കലനം ഇസ്‌ലാം മുസ്ലീങ്ങൾക്ക് അനുവദിച്ചിട്ടില്ല. മറ്റു മതക്കാരോട് നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്നാണ് ഒരു മുസ്ലിം പറയേണ്ടത് എന്നു വിശുദ്ധ ഖുർആൻ പറയുന്നു (109:6) എന്നാൽ ധാർമ്മികതയിലും നന്മയിലും ഏതു കൂട്ടരോടും സഹകരിക്കണം എന്നും  പാപത്തിലും ശത്രുതയിലും ഒരു കൂട്ടരോടും സഹകരിക്കരുത് എന്നും വിശുദ്ധ ഖുർആൻ പറയുന്നു (5:2)

22) തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ ഒരാളും വിശ്വാസി ആവുകയില്ല (ബുഖാരി 13), തനിക്ക് ഇഷ്ടപ്പെടുന്നത് ജനത്തിനും ഇഷ്ടപ്പെട്ടാൽ മാത്രമെ ഒരാൾ മുസ്ലിമാവൂ (തിർമിദി) എന്നൊക്കെ മുഹമ്മദ് നബി പറയുന്നു. തന്നിഷ്ടം അല്ല പൊതു ജനത്തിന്റെ  ഇഷ്ടമാണ് പ്രധാനം എന്നർത്ഥം. 

23) ശത്രുവിനോടും നല്ല നിലയിൽ പെരുമാറണം എന്നും തിന്മയെ നന്മ കൊണ്ടു പ്രതിരോധിക്കണം എന്നും അപ്പോൾ ഏതു ശത്രുവും മിത്രമായി മാറുമെന്നും വിശുദ്ധ ഖുർആൻ പറയുന്നു (41:34)

24) ഏതു വിഭാഗക്കാരൻ ആണെങ്കിലും, അന്യായമായി ഒരാളെ കൊന്നാൽ അതു മനുഷ്യരെ മുഴുവൻ കൊന്നതിന് തുല്യമാണ്, ഒരാളെ രക്ഷിച്ചാൽ അതു മനുഷ്യരെ മുഴുവൻ രക്ഷിച്ചതിനു തുല്യമാണ് എന്ന് വിശുദ്ധ ഖുർആൻ പറയുന്നു (5:32)

25) മുസ്ലീങ്ങളുമായി സന്ധി ചെയ്തു സമാധാനത്തിൽ ജീവിക്കുന്ന ഒരു അമുസ്ലിമിനെ കൊന്നാൽ കൊന്നവന് സ്വർഗ്ഗത്തിന്റെ വാസന പോലും ലഭിക്കില്ലെന്നു മുഹമ്മദ് നബി പറയുന്നു (ബുഖാരി 2995)

26) മുസ്ലീങ്ങളുമായി സന്ധി ചെയ്തു സമാധാനത്തിൽ ജീവിക്കുന്ന അമുസ്ലിമിനോട്  അക്രമം ചെയ്യുകയോ അവനിൽ നിന്ന് വല്ലതും കവരുകയോ അവന് കഴിയാത്ത വല്ലതും അവന്റെ മേൽ ചുമത്തുകയോ ചെയ്താൽ നാളെ പരലോകത്തു ആ അമുസ്ലിമിനു വേണ്ടി വാദിക്കുക മുഹമ്മദ് നബി ആയിരിക്കും എന്ന് നബി പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്‌ 3052)

27) മാനവ സാഹോദര്യം മാത്രമല്ല ഏക മാനവ സമുദായം എന്ന പ്രധാന ആശയവും വിശുദ്ധ ഖുർആൻ മുന്നോട്ടു വെക്കുന്നു (21:92, 23:52) മനുഷ്യർ വ്യത്യസ്ത സമുദായങ്ങൾ അല്ല മനുഷ്യർ എന്ന ഒരേ സമുദായമാണ് എന്നർത്ഥം. 

28) ഇസ്‌ലാമിനെ സമഗ്രമായി വായിച്ചാൽ നല്ലൊരു മനുഷ്യനാവാതെ നല്ലൊരു മുസ്ലിമാകാൻ കഴിയില്ലെന്നാണ് മൊത്തത്തിൽ മനസ്സിലാവുന്നത്. 

29) മാനവ സാഹോദര്യം ജീവിതത്തിൽ പുലർത്താത്ത ഒരാൾ എങ്ങനെ മറ്റു മനുഷ്യരോട് ധാർമ്മികത പുലർത്തും എന്നതൊരു പ്രധാന ചോദ്യമാണ്. എല്ലാ മനുഷ്യരും തന്റെ സഹോദരങ്ങൾ ആണെന്നു കരുതുന്നവനു അതു എളുപ്പമാണ്.  

30) ഹ്യുമാനിറ്റി, ഹ്യൂമനിസം എന്ന ആശയത്തെക്കാളും വിശാലമാണ് ഇസ്‌ലാമും മറ്റു മതങ്ങളും പഠിപ്പിക്കുന്ന മാനവ സാഹോദര്യം. അതു മാനവരാശിയെ സ്വന്തം കുടുംബമായി കാണുന്ന മാനസിക വിശാലതയാണ്.

അൻസാർ അലി നിലമ്പൂർ 

No comments:

Post a Comment

Note: only a member of this blog may post a comment.