20 August 2018

ബേങ്ക് പലിശ എന്ത് ചെയ്യണം..?

പലിശ ഇസ്‌ലാമിൽ വന്‍ പാപമാണ് എന്ന കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് സംശയം കാണില്ല. പലിശ വാങ്ങുന്ന വനെയും കൊടുക്കുന്ന വനെയും അതിന്റെ കണക്ക് എഴുതുന്ന വനെയും അതിന്റെ സാക്ഷികളെയും മുഹമ്മദ് നബി ശപിച്ചതായി ഹദീസിൽ കാണാം. അവരെല്ലാം പലിശയുടെ പാപത്തില്‍ ഒരു പോലെ കുറ്റക്കാര്‍ ആണെന്നും നബി പറഞ്ഞിട്ടുണ്ട് (മുസ്ലിം 1598)  ഒരു സംശയവും ഇല്ലാത്ത വിധം പലിശ ക്കെതിരെ ഇസ്ലാമിന്‍റെ നിലപാട് കര്‍ശനമാണ്‌ എന്ന് മനസിലാക്കാം. പലിശ ക്കെതിരെ അല്ലാഹു യുദ്ധം പ്രഖ്യാപിച്ചതും പലിശയെ തുടച്ചു നീക്കുമെന്നു പറഞ്ഞതും വിശുദ്ധ ഖുര്‍ആനില്‍ കാണാം (2:276, 279)

പലിശ എന്നു കേൾക്കുമ്പോൾ നമുക്ക് ബേങ്കുകളെ ഓർമ്മ വരുന്നു. ഇക്കാലത്തു കാര്യമായി പലിശ വാങ്ങുന്നതും കൊടുക്കുന്നതും ബേങ്കുകൾ ആണല്ലോ. ഇന്ത്യാ രാജ്യത്ത് ഒരു ലക്ഷത്തില്‍ പരം ബ്രാഞ്ചുകളില്‍ കൂടി പതിനൊന്നു ലക്ഷത്തില്‍ പരം ജോലിക്കാരെ ഉപയോഗിച്ച് ബേങ്കിങ്‌ കമ്പനികൾ പലിശ ഇടപാടുകൾ നടത്തുന്നു. പൊതുജനം പണം ബേങ്കില്‍ നിക്ഷേപിക്കുന്നു. ബേങ്ക് അത് ആവശ്യക്കാർക്ക് ലോണായി നല്‍കി പലിശ സമ്പാദിക്കുന്നു. ഏകദേശം അറുപതു ലക്ഷം കോടിയോളം രൂപയാണ് ഇന്ത്യന്‍ ബേങ്കുകളില്‍ പൊതുജനം ഡെപ്പോസിറ്റ് ചെയ്തി രിക്കുന്നത്. അതിന്റെ അറുപതു ശതമാനത്തോളം അതായത് മുപ്പത്തിയാറ് ലക്ഷം കോടി രൂപ ബേങ്കുകള്‍ പലിശക്ക് ലോണായി നല്‍കുന്നു. മിനിമം പത്തു ശതമാനം വാര്‍ഷിക പലിശ കണക്കു കൂട്ടിയാല്‍ മൂന്നര ലക്ഷം കോടി രൂപയോളം പലിശയായി ബേങ്കുകള്‍ വർഷം തോറും സമ്പാദിക്കുന്നു. പ്രസ്തുത പലിശയില്‍ നിന്ന് നിക്ഷേപകര്‍ക്കു ബേങ്ക് പലിശ നൽകുന്നു, ബേങ്ക് കളുടെ ചെലവു കള്‍ക്കുള്ള പണവും കണ്ടെത്തുന്നു. എന്നാലും കോടികൾ ബാക്കിയാണ്. അത് വീണ്ടും പലിശ വ്യാപാരത്തിലേക്ക് ഇറക്കുന്നു. 

ഇന്ത്യന്‍ ബേങ്കുകള്‍ക്ക് പലിശ ഇടപാട് നടത്താനുള്ള പണം ഇറക്കി കൊടുക്കു ന്നത് നിക്ഷേപകര്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. അതു കൊണ്ടാണല്ലോ ബേങ്കുകൾ നിക്ഷേപ സമാഹരണ യജ്ഞം നടത്തി ജനങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കുന്നത്. കറന്റ് അക്കൌണ്ടില്‍ ഉള്ളതാണെങ്കിലും എസ്ബി അക്കൌ ണ്ടില്‍ ഉള്ളതാണെങ്കിലും അക്കൌ ണ്ടില്‍ ഉള്ള പണം എടുത്ത് ബാങ്ക് പലിശക്ക് ലോണ് കൊടുക്കും. കറന്റ് അക്കൌണ്ടില്‍ ഉള്ളതിന് പലിശ നമുക്ക് കിട്ടില്ല എസ്ബിയിലും എഫ്ഡിയിലും ഉള്ളതിന് കിട്ടും എന്ന വ്യത്യസമെ ഉള്ളൂ. കറന്റ് അക്കൌ ണ്ടിലെ കാശ് ലോണായി ബേങ്ക് നല്‍കില്ല, അത് നൽകാ തിരിക്കാന്‍ നിയമമുണ്ട് എന്നു പറയുന്നത് ശരിയല്ല. ഒരു ബാങ്കിംഗ് അക്ടസ് ആന്‍ഡ് റൂള്സിലും അങ്ങനെ ഉള്ളതായി കണ്ടിട്ടില്ല. ഇന്ത്യയിലെ ബാങ്കുകളുടെ ലോണ്‍ടു ഡെപ്പോസിറ്റ് റേഷ്യോ പരിശോധിച്ചാല്‍ തന്നെ അത് മനസിലാക്കാം. കറന്റ് അക്കൗണ്ടിൽ നിന്നാണ് ബേങ്കുകൾ ഓവർഡ്രാഫ്റ്റ് അനുവദിക്കുന്നത്. 

ബേങ്കിൽ അക്കൗണ്ട് തുടങ്ങലും അതിൽ പണം നിക്ഷേപിക്കലും ഇന്ന് നമുക്ക് ഇന്ത്യാ രാജ്യത്ത് പലപ്പോഴും ആവശ്യവും അത്യാവശ്യവും നിർബന്ധവും ആയി വരുന്നു. അക്കൗണ്ടിൽ പണം നിക്ഷേപിച്ചാൽ ബാങ്ക് അതിന്റെ പലിശ അതിന്റെ സമയത്തു തന്നെ നമ്മുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തു തരും. ഒരു മുസ്ലിം ബേങ്കില്‍ പണം നിക്ഷേപിക്കുകയും അയാളുടെ അക്കൗണ്ടില്‍ പലിശ വരികയും ചെയ്‌താല്‍ അല്ലെങ്കിൽ മറ്റേതെങ്കിലും രൂപത്തില്‍ പലിശപ്പണം കയ്യിലെ ത്തിയാല്‍ അത് ഇസ്‌ലാമിക വീക്ഷണത്തിൽ എന്തു ചെയ്യണം എന്നതൊരു ചോദ്യമാണ്. ഞാനിക്കാര്യം കുറച്ചു കൂടുതൽ വായിച്ചപ്പോൾ മനസ്സിലായ കാര്യങ്ങൾ കുറിക്കു കയാണ്. ആഗ്രഹിച്ചിട്ടും ആഗ്രഹി ക്കാതെയും അക്കൗണ്ടിൽ വരുന്ന പലിശപ്പണം ഇക്കാലത്തു മുസ്ലീങ്ങൾ അഞ്ചു വിധത്തിലാണ് കൈകാര്യം ചെയ്യുന്നത്.   

1) ചില മുസ്ലീങ്ങൾ പലിശപ്പണം അക്കൗണ്ടിൽ നിന്നെടുത്തു സ്വന്തമായി ഉപയോഗിക്കുന്നു. ബേങ്ക് പലിശ ഇസ്‌ലാം വിരോധിച്ച പലിശയല്ല എന്ന വിശ്വാസക്കാർ ഇവരിൽ ഉണ്ട്. കറൻസിക്ക് ഇസ്‌ലാമിൽ സകാത്തും പലിശയും ബാധകമല്ല എന്നു കരുതുന്നവരും ഇവരിൽ ഉണ്ട്. ബേങ്ക് തരുന്നത് പലിശയല്ല ലാഭ വിഹിതമാണ് എന്നു കരുതുന്നവരും ഇവരിൽ ഉണ്ട്. പലിശ തിന്നാൻ പാടില്ല എന്നാണ് ഇസ്‌ലാം പറഞ്ഞതു, അതു കൊണ്ടു തിന്നേണ്ട, എന്നാൽ അതുകൊണ്ടു വാഹനത്തില്‍ ഇന്ധനം നിറക്കാം, സർക്കാരിന് ടാക്സു കൊടുക്കാം, ടോയിലെറ്റു നിർമ്മിക്കാം എന്നു കരുതുന്നവരും ഇവരിൽ ഉണ്ട്. പണത്തിനു മൂല്യ ശോഷണം സംഭവിക്കുന്നു, പ്രസ്തുത നഷ്ടത്തിന് ബേങ്ക് നൽകുന്ന പരിഹാരമാണ് പലിശ എന്നു കരുതുന്നവരും ഇവരിൽ ഉണ്ട്. ഇതൊന്നും ഇസ്‍ലാമിക പ്രമാണ ങ്ങളോട് യോജിക്കുന്ന ന്യായങ്ങൾ അല്ലെന്നു മുസ്ലിം പണ്ഡിതർ പറയുന്നു. പാവങ്ങൾക്കും മറ്റും ലോണ് നൽകി ബേങ്ക് അവരിൽ നിന്ന് വാങ്ങുന്ന പലിശയാണ് നമ്മുടെ അക്കൗണ്ടിൽ വരുന്ന പലിശ എന്നത് ഉറപ്പാണ്, അതു ഉപയോഗിക്കൽ ഇസ്‌ലാമികമായി ശരിയല്ല എന്ന് പണ്ഡിതർ പറയുന്നു.  

2) ചില മുസ്‌ലിം പണ്ഡിതർ തന്നെ നമ്മുടെ അക്കൗണ്ടിൽ വരുന്ന പലിശ സ്വന്തമായി ഉപയോഗിക്കേണ്ട, എന്നാൽ അത് പാവങ്ങൾക്ക് നൽകാം, ദുരിതാ ശ്വാസത്തിനു നൽകാം, പള്ളിക്ക് നൽകാം, അനാഥാ ലയത്തിനു നല്‍കാം, പൊതു റോഡ് ഉണ്ടാക്കാൻ നൽകാം എന്നൊക്കെ പറയുന്നു. മറ്റു ചില പണ്ഡിതർ ഈ വാദത്തെ എതിർക്കുന്നു. സ്വന്തമായി ഉപയോഗി ക്കാൻ പറ്റാത്തത് മറ്റുള്ളവർക്കും നൽകരുത് എന്നവർ പറയുന്നു. ബേങ്ക് പാവങ്ങളിൽ നിന്നും മറ്റും അന്യായമായി വാങ്ങിയ പലിശ എങ്ങനെ പള്ളിക്കും മറ്റും ഉപയോഗിക്കാൻ പറ്റുമെന്ന് അവർ ചോദിക്കുന്നു. അങ്ങനെ ആണെങ്കിൽ കൊള്ളയടിച്ചും മോഷ്ടിച്ചും അങ്ങ നൊക്കെ ചെയ്യാമല്ലോ എന്നും അവർ പറയുന്നു. ഒരുകൂട്ടരുടെ പണം മറ്റൊരു കൂട്ടര്‍ക്ക് അന്യായമായി എടുത്തു കൊടുക്കുന്നതില്‍ എന്ത് നന്മയാണ് ഉള്ളത് എന്നു അവർ ചോദിക്കുന്നു. അന്യായമായ ധനമാണ് എന്നറിഞ്ഞാൽ ധാർമ്മിക ബോധമുള്ള പള്ളിക്കാരും പാവങ്ങളും ആ പണം സ്വീകരി ക്കില്ലെന്നും സ്വീകരിക്കാൻ പാടില്ലെന്നും അവർ പറയുന്നു. പലിശയുടെ പണമാണ് എന്നു പറയാതെ കൊടുത്താൽ അത് വാങ്ങുന്നവരെ കബളിപ്പിച്ച കുറ്റം കൂടി കൊടുക്കു ന്നവൻ പേറേണ്ടി വരുമെന്ന് അവർ പറയുന്നു. 

3) അക്കൗണ്ടിൽ വരുന്ന പലിശ എടുക്കാതെ അതിൽ തന്നെ വെക്കുക, എടുത്താൽ മാത്രമെ നമുക്ക് കുറ്റം ഉള്ളൂ എന്നു പറയുന്ന മുസ്ലീങ്ങളും ഉണ്ട്. ഈ വാദത്തെ ചില മുസ്ലിം പണ്ഡിതർ എതിർക്കുന്നു. ബേങ്ക് അന്യായമായി നേടി നമ്മുടെ അക്കൗണ്ടിലേക്ക് ഇട്ടുതന്ന പലിശ കഴിയുമെങ്കില്‍ ഒരു നിമിഷം പോലും സ്വന്തം അക്കൗണ്ടില്‍ വെക്കാന്‍ പാടില്ല എന്ന് അവർ പറയുന്നു. അതൊരു കൊള്ളക്കാരന്‍ അയാളുടെ കൊള്ള മുതല്‍ നമ്മുടെ അറിവോടെ നമ്മുടെ വീട്ടില്‍ സൂക്ഷിക്കു ന്നതിനു തുല്യമാണ് എന്ന് അവർ പറയുന്നു. പലിശപ്പണം എത്രയും വേഗം സ്വന്തം അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യുകയാണ് വേണ്ടത്‌, അല്ലെങ്കില്‍ അതും നമ്മുടെ മുതലിന്‍റെ ഭാഗമായി പലിശക്കു മേല്‍ പലിശ എന്ന അവസ്ഥ വരും,  അപ്പോൾ ഏതാണ് പലിശ ഏതാണ് മുതൽ എന്നറിയാതെ ഹറാമും ഹലാലും കൂടിക്കലരൽ സംഭവിക്കുമെന്ന് ഇവർ പറയുന്നു. 

4) പലിശ വാങ്ങുന്നത് ശരിയല്ല എന്ന് കണ്ട് ചില മുസ്ലീങ്ങൾ അവർ  ബേങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണത്തിനു പലിശ വേണ്ട എന്നു മുൻകൂട്ടി ബാങ്കിന് എഴുതി ഒപ്പിട്ടു കൊടുക്കുന്നു. ചിലർ അക്കൗണ്ട് അവസാനിപ്പി ക്കുമ്പോൾ ഇങ്ങനെ ചെയ്യുന്നു. ഇങ്ങനെ ചെയ്താൽ പലിശ വാങ്ങി എന്ന കുറ്റം ഉണ്ടാവില്ല എന്നവർ കരുതുന്നു. എന്നാൽ ഈ നിലപാടിനെ ചില മുസ്‌ലിം പണ്ഡിതർ എതിർക്കുന്നു. നമ്മുടെ പണം ഉപയോഗിച്ചു ബേങ്ക് സമ്പാദിച്ച പലിശ നമുക്ക് തന്നെ വെച്ചു നീട്ടുമ്പോൾ വേണ്ട എന്നു പറഞ്ഞാൽ ആ പണം ബേങ്ക് മറ്റു പലതിനും ഉപയോഗിച്ചേക്കാം, ചിലപ്പോൾ നമുക്ക് എതിരായും ഉപയോഗിച്ചേക്കാം, അല്ലെങ്കിൽ ബേങ്ക് അതു കൊണ്ടു വീണ്ടും പലിശ ഇടപാട് നടത്താം എന്നു അവർ പറയുന്നു. അങ്ങനെ ഉപയോഗി ച്ചാൽ അതിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ് എന്നവർ പറയുന്നു. ബേങ്കിൽ നിന്നും പലിശ വാങ്ങിയാലും ഇല്ലെങ്കിലും നമ്മൾ നിക്ഷേപിച്ച പണം കൊണ്ടാണ് ബേങ്ക് ആ പലിശ നേടിയത് എന്നതിന്റെ ഉത്തരവാദി ത്വത്തിൽ നിന്നു നമുക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ല എന്നും അവർ പറയുന്നു. അതു കൊണ്ടു ഒരിക്കലും പലിശ വേണ്ടെന്നു ബേങ്കിന് എഴുതി ഒപ്പിട്ടു കൊടുക്കരുത് എന്ന് അവർ പറയുന്നു. 
  
5) ചില മുസ്ലിം പണ്ഡിതർ പറയുന്നത് നമ്മുടെ ബേങ്ക് അക്കൗണ്ടിൽ വരുന്ന പലിശപ്പണം ഉടനെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു പലിശ കൊണ്ടു കഷ്ടപ്പെടു ന്നവരെ സഹായിക്കാൻ ഉപയോഗി ക്കണം എന്നാണ്. ഇങ്ങനെ പറയുന്ന വരിൽ കുറച്ചു സൂക്ഷ്മത കൂടിയവർ പറയുന്നത് നമുക്കു ഏതു ബേങ്കിൽ നിന്നാണോ പലിശ കിട്ടിയതു ആ ബേങ്കിൽ പലിശ ഒടുക്കേണ്ടി വന്ന പാവങ്ങൾക്ക് തന്നെ അത് നൽകണം, എന്നാലെ ആ പാപത്തിൽ നിന്നു നമുക്ക് രക്ഷപ്പെടാൻ പറ്റൂ എന്നാണ്. അതു അവരുടെ പണമാണ് എന്നതാണ് ന്യായം.  ബേങ്ക് ആരില്‍ നിന്നാണോ അന്യായമായി പലിശ വാങ്ങിയത് ആ അവകാശിക്ക് അത് തിരിച്ചു നല്‍കണം, അതു വ്യക്തിയെങ്കില്‍ വ്യക്തി, രാഷ്ട്രമെങ്കില്‍ രാഷ്ട്രം, അങ്ങനെ ചെയ്തി ല്ലെങ്കില്‍ നാം കുറ്റക്കാരാവും എന്നിവർ പറയുന്നു. ഒരാൾ മറ്റൊരാ ളിൽ നിന്നു തട്ടിയെടുത്ത പണം നമ്മുടെ കയ്യിൽ എത്തിയാൽ അതിന്റെ അവകാശിയെ നമുക്ക് അറിയാ മെങ്കിൽ അതു ആ അവകാശിക്ക് നൽകാൻ നാം ബാധ്യസ്ഥ രാണ് എന്നതു പോലെയാണ് ഇത് എന്നവർ പറയുന്നു. 

മുകളിൽ വിവരിച്ച നിലപാടുകളിൽ ഇസ്‍ലാമിനോടു നീതി പുലർത്തുന്ന, തഖവ സ്ഫുരിക്കുന്ന നിലപാട് സ്വീകരിച്ചു കൊള്ളുക. പലിശ ഇടപാട് നടത്തുന്ന ബേങ്കുകളെ അതിനു സഹായിക്കുന്ന വിധം അവയിൽ പണം നിക്ഷേപിച്ചു സഹകരിച്ചു കൊടുക്കുന്നതിൽ നിന്നും കഴിവതും മുസ്ലീങ്ങൾ വിട്ടു നിൽക്കണം എന്നും നിവൃത്തി ഇല്ലെങ്കിൽ മാത്രമെ അങ്ങനെ ചെയ്യാവൂ എന്നും മുസ്ലിം പണ്ഡിതർ ഉണർത്തുന്നു. അത്തരം നിവൃത്തി കേടുകളാൽ അക്കൗണ്ടിൽ വരുന്ന പലിശ എന്തു ചെയ്യണം എന്നാണ് മുകളിൽ പറഞ്ഞത്. 

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.