22 August 2018

ത്യാഗത്തിന്റെ യുക്തിയും പ്രസക്തിയും

ഇബ്‌റാഹീം നബിയെയും അവിടുത്തെ കുടുംബത്തെയും കുറിച്ചുള്ള സ്മരണയും അതിൽ നിന്ന് പാഠം ഉൾക്കൊള്ളലും ആണ് ഇസ്‌ലാമിലെ ബലി പെരുന്നാളിന്റെ പ്രധാന ഉദ്ദേശ്യം എന്നു തോന്നാറുണ്ട്. ഇസ്ലാമിന്‍റെ ആകെത്തുക അല്ലാഹുവിന്‍റെ പ്രീതിക്കായി പ്രിയപ്പെട്ട തെന്തും ത്യജിക്കാന്‍ തയാറാവുക എന്നതാണ്. മനുഷ്യൻ ഭൂമിയിലേക്ക് സ്വന്തമായി ഒന്നും കൊണ്ടല്ല വന്നത്. എല്ലാം അവന് അല്ലാഹു നൽകിയതാണ്. അല്ലാഹു നൽകിയത് അല്ലാഹു ചോദിക്കുമ്പോൾ അല്ലാഹുവിനു തന്നെ തിരിച്ചു നൽകുന്നതിൽ വൈമനസ്യം കാണിക്കേ ണ്ടതില്ല. അല്ലാഹു തിരിച്ചു ചോദിക്കുന്നത് ആരുടെയും സഹായം ആവശ്യമില്ലാത്ത അല്ലാഹുവിനു വേണ്ടിയല്ല, അവനവനു വേണ്ടി തന്നെയാണ് എന്നു കുറച്ചൊന്നു ചിന്തിച്ചാൽ മനസ്സിലാക്കാം. അല്ലാഹു എന്താണ് തിരിച്ചു ചോദിക്കുന്നത് എന്നു കണ്ടെത്താൻ സ്വന്തത്തിലേക്കും ചുറ്റുപാടിലേക്കും കണ്ണോടിച്ചാൽ മതി. 

മനുഷ്യരിൽ നിന്ന് പല വിധത്തിലുള്ള ത്യാഗങ്ങള്‍ ആവശ്യപ്പെടുന്ന മതമാണ്‌ ഇസ്ലാം. കാരണം ഒരു കൂട്ടരെ കൊണ്ടു മറ്റൊരു കൂട്ടർക്ക് ഉപകാരം കിട്ടേണ്ട വിധത്തിലാണ് അല്ലാഹു മാനവ സമൂഹത്തെ ഭൂമിയിൽ സംവിധാനി ച്ചിരിക്കുന്നത്. ഇന്ന് മാനവ സമൂഹ ത്തിന്റെ കൈവശമുള്ള മൊത്തം പണത്തിന്റെ അത്രതന്നെ വെറും പത്തു പതിനഞ്ചു കോടീശ്വരന്മാരുടെ കൈവശമാണ് ഉള്ളത്. അവർ വിചാരിച്ചാൽ മനുഷ്യരുടെ ദാരിദ്ര്യം എന്നെ ഇല്ലാതാവും. ബലി പെരുന്നാള്‍ ഇബ്റാഹീം നബി അല്ലാഹുവിന്‍റെ പ്രീതിക്കായി വരിച്ച ത്യാഗങ്ങളുടെ ഓര്‍മ പ്പെരുന്നാളാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല. ആ ത്യാഗങ്ങളാകട്ടെ അല്ലാഹു ഖുര്‍ആനില്‍ വിവരിച്ചത് നമുക്ക് വെറുതെ വായിച്ചു പോകാനല്ല നമ്മുടെ ജീവിതത്തില്‍ പകര്‍ത്താന്‍ വേണ്ടിയാണ്. ഇബ്രാഹീമും കൂടെയു ള്ളവരും വരിച്ച ത്യാഗങ്ങളില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃക യുണ്ടെന്നു അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട് (60:4)

ഇബ്രാഹീം നബിക്ക് വേണമെങ്കിൽ സ്വന്തം പിതാവിനെ വെറുപ്പിക്കേണ്ട എന്ന് കരുതി സത്യം മറച്ചു പിടിച്ചു ജീവിച്ചു പോകാ മായിരുന്നു. എന്നാൽ അവിടുന്ന്  പിതാവിനോട് സത്യം പറഞ്ഞു അല്ലാഹുവിന്റെ പ്രീതിക്കായി പിതൃ സ്നേഹം ത്യജിച്ചു. നാട്ടുകാരുടെ ദേഷ്യം പിടിച്ചു പറ്റേണ്ട എന്ന് കരുതി വേണമെങ്കില്‍ ഇബ്രാഹീം നബിക്ക് അവരോടു സത്യം പറയേണ്ട എന്ന് വെച്ചാല്‍ മതിയാരുന്നു. എന്നാൽ സത്യം മറച്ചു പിടിച്ചാല്‍ കിട്ടുന്ന നാട്ടുകാരുടെ സ്നേഹം അല്ലാഹുവിന്റെ പ്രീതിക്കായി ഇബ്രാഹീം നബി ത്യജിച്ചു. രാജാവിനോട്‌ വാദ പ്രതിവാദം നടത്താതെ മിണ്ടാതിരു ന്നുവെങ്കില്‍ ഇബ്രാഹീം നബിക്ക് രാജ കോപം ഏറ്റു വാങ്ങേണ്ടി വരില്ലാ യിരുന്നു. എന്നാൽ അല്ലാഹുവിന്റെ പ്രീതിക്കായി ഇബ്രാഹീം നബി രാജാവിനോട്  സംവാദം നടത്തി രാജ സ്നേഹവും ത്യജിച്ചു കളഞ്ഞു. 

സ്വന്തം നാട്ടിലെ അമ്പലത്തിലെ വിഗ്രഹങ്ങളെ കൊത്തി മുറിച്ചാല്‍ നാട്ടുകാർ പിടിച്ച് മരണ ശിക്ഷ നൽകുമെന്നത്  ഇബ്രാഹീം നബിക്ക് അറിയാത്ത  കാര്യം ആയിരുന്നില്ല. നാട്ടി നിര്‍ത്തിയ വിഗ്രഹങ്ങള്‍ നാട്ടുകാർക്ക് കണ്ണിലുണ്ണി യെക്കാള്‍ പ്രിയപ്പെട്ട തായിരുന്നു. എന്നാൽ വിഗ്രഹാ രാധനയുടെ പൊള്ളത്തരം നാട്ടുകാരെ ബോധ്യ പ്പെടുത്തല്‍ തന്‍റെ രക്ത സാക്ഷി ത്വത്തെക്കാള്‍ വലിയ കാര്യമാണ് എന്ന് മനസിലാക്കിയ ഇബ്രാഹീം നബി ആ ഉദ്യമത്തില്‍ സ്വന്തം ജീവനും മാതൃ രാജ്യവും  ത്യജിക്കാന്‍ തയാറായി. ഇസ്‌ലാമിന്റെ പ്രചരണ ത്തിന് ഈജിപ്തിലേക്കും ഫലസ് തീനിലേക്കും നിരന്തരം അങ്ങോട്ടു മിങ്ങോട്ടും യാത്ര ചെയ്ത് ജീവിത സുഖവും ഇബ്രാഹീം നബി ത്യജിച്ചു കളഞ്ഞു. 

ഒരു പാട് കാലത്തെ പ്രാര്‍ഥനയുടെ ഫലമായി  86  മത്തെ വയസില്‍ പിറന്ന കുഞ്ഞിനേയും ഭാര്യയെയും മക്കാ മണലാ രണ്യത്തില്‍ അല്ലാഹുവിന്‍റെ കല്പന പ്രകാരം കൊണ്ടു പോയാക്കിയും ഇബ്‌റാഹീം നബി ത്യാഗം ചെയ്തു. ആ കുഞ്ഞു വളര്‍ന്നു ബാലനായപ്പോള്‍ സ്വന്തം കൈകൊണ്ടു  തന്നെ അതിനെ ബലി നല്‍കണമെന്ന അല്ലാഹുവിന്റെ കല്പന പൂര്‍ണമായി നിറവേറ്റി സ്വന്തം കുഞ്ഞിനെ ത്യജിക്കാനും ഇബ്‌റാഹീം നബി തയാറായി. ആ ബാലന്‍ പെറുക്കി കൊണ്ട് വന്ന കല്ലുകള്‍ കൊണ്ട് വിശുദ്ധ കഅബ പടുത്തു യര്‍ത്തിയ സമയത്ത് നൂറു വയസിനു മുകളില്‍ പ്രായമു ണ്ടായിരുന്നു ഇബ്രാഹീം നബിക്ക്. അവശനായ ആ പ്രവാചകന്‍ മഖാമു ഇബ്രാഹീമില്‍ ചവിട്ടി നിന്ന് കഅബ യുടെ ചുവരിലേക്ക് ഓരോ കല്ലും എടുത്തു പൊക്കി വെക്കുന്നത് വിശ്വാസിക്ക് ത്യാഗ ബോധത്തോ ടെയല്ലാതെ ഓർക്കാൻ കഴിയില്ല. ഇങ്ങനെ പരിശോധിച്ചാല്‍ ഒരു മനുഷ്യന്  അല്ലാഹുവിന് വേണ്ടി ത്യജിക്കാവുന്ന എന്തും ത്യജിക്കാന്‍ തയാറായ മഹാ വ്യക്തിത്വമാണ് ഇബ്രാഹീം നബി എന്ന് കാണാം. 

ഇത്രയും പറഞ്ഞപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം പ്രസക്തമാണ്. പരലോകത്ത് നീ എനിക്ക് വേണ്ടി, മനുഷ്യർക്ക് വേണ്ടി, നിനക്ക് വേണ്ടി, എന്ത് ത്യജിച്ചു എന്ന് അല്ലാഹു ചോദിക്കുമ്പോള്‍ ഇബ്രാഹീം നബിക്കും ഭാര്യക്കും മകനും പലതും പറയാന്‍ കാണും. നമുക്കോ..?  ത്യാഗം എന്ന് പറയാവുന്ന വല്ലതും നാം ത്യജിച്ചിട്ടുണ്ടോ..? വല്ലതും ത്യജിക്കാതെ ചുമ്മാ കിട്ടുമോ സ്വര്‍ഗം..? ത്യാഗത്തിനു തയാറാകാതെ ഒന്നും നേടാന്‍ കഴിയില്ല എന്ന പാഠം വളരെ സിമ്പിള്‍ ആണ്. ഇന്നിപ്പോ കാര്യമായ ത്യാഗം സുബ്ഹിക്ക് എണീറ്റു പള്ളിയില്‍  പോകുക, കൊല്ലത്തില്‍ ഒരിക്കല്‍ ഒരു ആടിനെ ബലി നല്‍കുക, എസി ഫ്ലൈറ്റില്‍  മക്കയില്‍ പോയി ഹജ്ജ് ചെയ്യുക, വര്‍ഷത്തില്‍ കിട്ടുന്ന വരുമാന ത്തിന്‍റെ തുച്ഛമായ രണ്ടര ശതമാനം സകാത്ത് നല്‍കുക, ദുരിതാ ശ്വാസത്തിനു ആയിരം രൂപ നൽകുക, സ്ത്രീധനം വേണ്ടെന്നു വെച്ചു കല്യാണം കഴിക്കുക എന്നതൊ ക്കെയാണ്. അവക്കും മനസ്സില്ലാത്ത നമ്മള്‍ ഇബ്രാഹീം നബിയുടെ കൂടെ സ്വര്‍ഗ ത്തില്‍ പ്രവേശിക്കണം എന്ന് കരുതുന്നത്  അത്യാഗ്രഹമാകും. ചിന്തിക്കണം, എന്തുണ്ട് ത്യാഗമായി അല്ലാഹുവിന്റെ മുമ്പിൽ നമുക്ക് പറയാന്‍...

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.