24 August 2018

വർഗീയതയുടെ രോഗ ലക്ഷണങ്ങൾ

ഷിക്കാഗോയിലെ ഇല്ലിനോയ്‌ യൂണിവേഴ്‌സിറ്റി പ്രഫസറും 575 ഓളം സൈക്യാട്രി പഠനങ്ങളുടെ രചയിതാവും ലോക പ്രശസ്ത സൈക്യാട്രിസ്റ്റുമായ കാൾ സി ബെൽ വർഗീയതയെ ഒരു മാനസിക വൈകല്യമായി വിവരിച്ചത് ഈയിടെ ഒരു പഠനത്തിൽ ഞാൻ വായിച്ചു. വർഗീയത വളരെ കൂടിയ അളവിൽ മനസിനെ ബാധിച്ച ഒരു മാനസിക രോഗിയുടെ ലക്ഷണങ്ങൾ അദ്ദേഹം അതിൽ വിവരിക്കുന്നു. അമേരിക്കയിൽ നടന്ന 235 ഓളം വർഗീയ കൂട്ട കൊലകളെ അദ്ദേഹം പഠന വിധേയമാക്കി. വര്‍ഗമുള്ള ആരെയും ബാധിക്കാവുന്ന മാനസിക വൈകല്യമാണ് വര്‍ഗീയത (Racism, Communalism, Bigotry). ഹിന്ദു, മുസ്‌ലിം, കൃസ്ത്യന്‍, മാര്‍ക്സിസ്റ്റ്, ദളിതന്‍, യുക്തിവാദി... വര്‍ഗമുള്ള ആരെയും അത് ബാധിക്കാം. വര്‍ഗമുള്ള എല്ലാരെയും അത് ബാധിക്കണം എന്നില്ല. എന്നാൽ വർഗമുള്ളവരിൽ എല്ലാം കുറഞ്ഞ അളവിലെങ്കിലും വർഗീയത കാണപ്പെടുന്നു. കുറഞ്ഞ അളവ് നാം കാര്യമാക്കുന്നില്ല.

വര്‍ഗീയത ഒരാളെ കൂടിയ അളവിൽ ബാധിച്ച് അയാൾ ഒരു സാമൂഹ്യ ഭീഷണി ആയാൽ അയാൾക്ക് മനശാസ്ത്ര ചികിത്സ വേണ്ടി വരുന്നു. പ്രാഥമിക ഘട്ടത്തിൽ സൈക്കോളജിസ്റ്റിനെ ആണ് കാണിക്കേണ്ടത്. നിവാരണത്തിന് സൈക്കോ തെറാപ്പിയും കൌണ്‍സ ലിങ്ങും ആവശ്യമായി വരുന്നു. മറ്റു മാനസിക രോഗികളെ പോലെ വര്‍ഗീയ രോഗിയും തനിക്ക്‌ മാനസിക പ്രശ്നം ഉണ്ടെന്ന് സമ്മതിക്കില്ല. കുടുംബങ്ങളോ കൂട്ടുകാരോ വര്‍ഗീയ രോഗിയെ കണ്ടെത്തി സൈക്കോളജിസ്റ്റിനെ കാണിക്കണം. അതിനാദ്യം വര്‍ഗീയ രോഗിയുടെ ലക്ഷണങ്ങള്‍ അറിയണ മല്ലോ. താഴെ പറയുന്ന ലക്ഷണങ്ങളില്‍ ഭൂരിഭാഗവും ഒരാളില്‍ കാണുന്നെങ്കില്‍ അയാളെ വര്‍ഗീയ രോഗിയായി കണ്ട് ചികില്‍സ തുടങ്ങണം. 

1) വര്‍ഗീയ രോഗിയുടെ പ്രധാന ലക്ഷണം തന്റെ വർഗത്തെ ശ്രേഷ്ഠ വർഗ്ഗമായും എതിര്‍ വര്‍ഗക്കാരെ നീചരും മ്ലേച്ഛരുമായിട്ട് കാണുന്നു എന്നതാണ്. തന്‍റെ വര്‍ഗത്തിന്‍റെ ഔന്നിത്യവും ശ്രേഷ്ഠതയും അവന്‍റെ സംസാരത്തില്‍ നിന്നു മനസിലാക്കാന്‍ കഴിയും. എതിര്‍ വര്‍ഗക്കാരെ കുറിച്ചു പറയുമ്പോൾ അവനു മാന്യമായ ഭാഷ തന്നെ ഉണ്ടായിരിക്കില്ല. എതിര്‍ വര്‍ഗ ക്കാരോട് കഠിനമായ വെറുപ്പും വിദ്വേഷവും അകല്‍ച്ചയും അവൻ സൂക്ഷിക്കുന്നു. 

2) എതിര്‍ വര്‍ഗക്കാരും അവരുടെ സ്വത്തും ശക്തി യുമെല്ലാം നശിക്കണ മെന്നും അവരെ നശിപ്പിക്കണമെന്നും വര്‍ഗീയ രോഗി കരുതുന്നു. അവനെ ക്കൊണ്ടു കഴിയുന്ന വിധം അവനതിനു ശ്രമിച്ചു കൊണ്ടി രിക്കുന്നു. ആ ലക്ഷ്യ ത്തിനു വേണ്ടി ശ്രമിക്കുന്നവരെ അവന്‍ സഹായിക്കുന്നു.

3) വര്‍ഗീയ രോഗി മിക്കപ്പോഴും തന്നെയാരോ ആക്രമിക്കാന്‍ വരുന്നു എന്നതു പോലെ പേടിയും ജാഗ്രതയും കാണിക്കും. മന:ശാന്തി അവന് കിട്ടാക്കനി ആയിരിക്കും. ഈ അസ്വസ്ഥ തകളെ അവൻ വർഗ സ്നേഹം, കൂറ് എന്നൊക്കെ വിളിക്കുന്നു. കഴിയുന്നത്ര ആയോധന മുറകള്‍ അവൻ അഭ്യസി ക്കാന്‍ ശ്രമിക്കും, കഴിയുമെങ്കിൽ ആയുധവും കൊണ്ടു നടക്കും. കഴിയി ല്ലെങ്കിൽ എളുപ്പം കിട്ടാവുന്നിടത്തു സൂക്ഷിക്കും

4) സ്വന്തം തിന്മകളെയും സ്വന്തം വര്‍ഗക്കാരുടെ തിന്മകളെയും വര്‍ഗീയ രോഗി അന്ധമായി ന്യായീകരിക്കും. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കും.   അവനെ ഉപദേശിക്കാന്‍ ചെല്ലുന്നവന്‍റെ തിന്‍മകളെ എടുത്തു കാണിച്ച് അവന്‍ പ്രതിരോധം തീര്‍ക്കും. എതിര്‍ വര്‍ഗ ക്കാരുടെ ചെറിയ ദോഷങ്ങളെ പോലും പെരുപ്പിക്കുകയും അതിന്‍റെ പേരില്‍ അവരെ അടച്ചു ആക്ഷേപ്പിക്കുകയും ചെയ്യും. എതിര്‍ വര്‍ഗത്തിലെ ഒരാളുടെ ദോഷം ആ വര്‍ഗത്തിന്‍റെ പൊതു സ്വഭാവമായി പൊക്കി ക്കാണിക്കും.

5) വര്‍ഗീയ രോഗി സ്വന്തം വര്‍ഗക്കാര്‍ ചെയ്യുന്ന നന്മകളില്‍ മാത്രമെ സഹകരിക്കൂ. അവരുടെ ചെറിയ നന്മകളെ പോലും അവന്‍ അമിതമായി പ്രശംസിക്കും. എതിര്‍ വര്‍ഗക്കാര്‍ എത്ര വലിയ നന്‍മ ചെയ്താലും അവന്‍ അതില്‍ സഹകരിക്കില്ല. അതിനെ ചെറുതായി പ്പോലും പ്രശംസിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കും. കഴിയുമെങ്കില്‍ അവരുടെ നന്‍മയെ ചെറുതാക്കാനും വിമര്‍ശിക്കാനും ശ്രമിക്കും.

6) തന്‍റെ വര്‍ഗ നേതാക്കളെ വര്‍ഗീയ രോഗി വളരെ ഭവ്യതയോടെ പരാമ ര്‍ശിക്കും. അവരെ അപമാനിക്കുന്നത് അവന് സഹിക്കില്ല. എന്നാല്‍ എതിര്‍ വര്‍ഗത്തിന്‍റെ നേതാക്കളോട് അവന് യാതൊരു ആദരവും കാണില്ല. അവരെ മോശം വാക്കുകളാല്‍ വിശേഷിപ്പിക്കും. അവരെത്ര വലിയ സംഭാവനകള്‍ മനുഷ്യര്‍ക്കു ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം അവന്‍ നിസാരമാക്കും. ആ നേതാക്കള്‍ക്ക് എന്തെങ്കിലും ന്യൂനതകളുണ്ടോ എന്ന് ചികഞ്ഞു അന്വേഷിക്കും. സ്വന്തം നേതാക്കളുടെ കല്‍പനകളെയും വീക്ഷണങ്ങളെയും അന്ധമായി പിന്‍പറ്റും. അവയെ നിരൂപണം ചെയ്ത് സ്വീകരിക്കാനുള്ള വിവേചന ബുദ്ധി അവന് കാണില്ല. വർഗീയത മികച്ചു നിൽക്കുന്നിടത്തു സ്വതന്ത്ര ബുദ്ധി കാണാൻ പ്രയാസമാണ്. 

7) മനുഷ്യരുടെ യാതൊരു പൊതു ഐക്യവും സാദ്ധ്യമല്ല എന്ന് വര്‍ഗീയ രോഗി കരുതുന്നു. എല്ലാവരും എന്‍റെ വര്‍ഗത്തില്‍ ചേരുക എന്നാല്‍ ഐക്യപ്പെടാം എന്നായിരിക്കും അവന്‍റെ നിലപാട്. പൊതു കൂട്ടായ്മകളായ ക്ലബ്ബുകളിലും, വായന ശാലകളിലും, സാംസ്കാരിക സംഘടനകളിലും അവന് താല്‍പര്യം കാണില്ല. അവയിൽ ചേരിതിരിവ് ഉണ്ടാക്കാനും അവയെ പിടിച്ചെടുക്കാനും അതിന് കഴിയി ല്ലെങ്കില്‍ അവയെ നശിപ്പിക്കാനും ആയിരിക്കും അവന്‍റെയും കൂട്ടാളി കളുടെയും ശ്രമം. അവന്‍റെ കൂട്ടുകാര്‍ സ്വന്തം വര്‍ഗക്കാർ മാത്രമായിരിക്കും.

8) വര്‍ഗീയ രോഗിയുടെ വായന സ്വന്തം വര്‍ഗക്കാരുടെ രചനകളില്‍ മാത്രം ഒതുങ്ങും. മറ്റു വര്‍ഗക്കാരുടെ രചനകള്‍ എത്ര മഹത്തര മാണെങ്കിലും നിരൂപണം ചെയ്യാന്‍ പോലും അവ മുഴുവന്‍  വായിക്കില്ല. അവയെ പറ്റി അവന്‍റെ പണ്ഡിതന്മാര്‍ പറഞ്ഞതു മാത്രമായിരിക്കും അവന്‍റെ ആകെ യുള്ള അറിവ്. എച്ചില്‍ മാത്രം തിന്നാന്‍ വിധിക്കപ്പെട്ടവന്‍ !!! ഇക്കാരണത്താല്‍ സ്വതന്ത്ര ബുദ്ധിയും അവന് കുറവായിരിക്കും.

9) വര്‍ഗീയ രോഗി കഴിയുമെങ്കില്‍ എതിര്‍ വര്‍ഗക്കാര്‍ക്ക്‌ യാതൊരു സഹായവും ചെയ്യില്ല. സ്വന്തം വര്‍ഗ ത്തിന്‍റെ ആശുപത്രികള്‍ പോലുള്ള സംരംഭങ്ങളില്‍ ആനുകൂല്യം നല്‍ക പ്പെടേണ്ടത് സ്വന്തം വര്‍ഗക്കാര്‍ക്കു മാത്രമാക്കണം എന്നവന്‍ ശക്തമായി വാദിക്കും. എതിര്‍ വര്‍ഗക്കാരുടെ സഹായം കഴിയുമെങ്കില്‍ അവന്‍ സ്വീകരിക്കില്ല. വല്ല നിര്‍ബന്ധിത സാഹചര്യത്തിലും സ്വീകരിക്കേണ്ടി വന്നാല്‍ അത് അറപ്പോടെയും വെറുപ്പോടെയും ആയിരിക്കും.

10) വര്‍ഗീയ രോഗിക്ക് സ്വന്തം വര്‍ഗത്തിന്‍റെ മത വിശ്വാസ- ആചാര-  അനുഷ്ഠാന- ധാർമ്മിക പദ്ധതിയിൽ വലിയ നിഷ്ഠയൊന്നും കാണില്ല. അവയില്‍ അറിവും കുറവായിരിക്കും. അതിനു പകരം അവന് എതിര്‍ വര്‍ഗത്തിന്‍റെ മേല്‍ കുതിര കയറാനായിരിക്കും താല്‍പര്യം. എന്നാല്‍ സ്വന്തം വര്‍ഗത്തെ മറ്റു വര്‍ഗങ്ങളില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്ന കാര്യങ്ങളെ പറ്റി അവന് നല്ല അറിവും അവ പാലിക്കുന്നതില്‍ നിഷ്ഠയും ഉണ്ടായിരിക്കും.

11) സ്വവര്‍ഗക്കാരെ കണ്ടാൽ വര്‍ഗീയ രോഗിയുടെ കാര്യമായ സംഭാഷണം തന്‍റെ വര്‍ഗീയ രോഗം അവരിലേക്കും പകരുന്ന വിധമായിരിക്കും. എതിര്‍ വര്‍ഗത്തോടുള്ള വെറുപ്പും വിദ്വേഷവും അവരിലും അവന്‍ ആളി ക്കത്തിക്കും. അതിനായി തെളിവില്ലാത്ത വാര്‍ത്ത കള്‍ മെനയും കളവു പറയും. വര്‍ഗീയ വിഷം ചീറ്റുന്ന ലഘു ലേഖകളും പുസ്ത കങ്ങളും പ്രചരിപ്പിക്കും. എതിർ വർഗത്തെ കുറിച്ചു സ്വയം സൃഷ്ടി ച്ചെടുത്ത കുറെ തെറ്റിദ്ധാരണകളും മുൻ വിധികളും കൊണ്ടു നിറഞ്ഞ താവും അവന്റെ മനസ്. 

12)  ഒരു പൊതു സംഭവത്തില്‍ ഉള്‍പ്പെട്ട വരുടെ വര്‍ഗം നോക്കല്‍ വര്‍ഗീയ രോഗിയുടെ മുഖ്യ ലക്ഷണമാണ്. ഉദാഹരണം: ഒരു ബസ്സപകടം നടന്നാൽ അവന്‍ നോക്കുക അതില്‍ സ്വന്തം വര്‍ഗക്കാര്‍ ആരെങ്കിലും ഉണ്ടോ എന്നായി രിക്കും. ഒരു പൊതു പരീക്ഷ യുടെ ഫലം വന്നാല്‍ അവന്‍റെ നോട്ടം അതില്‍ സ്വവര്‍ഗക്കാര്‍ എത്രയുണ്ട് എന്നായി രിക്കും. എതിര്‍ വര്‍ഗക്കാരുടെ മരണവും പരിക്കും തോല്‍വി യുമൊന്നും അവന്‍ ശ്രദ്ധിക്കില്ല. 

13) സ്വവര്‍ഗത്തിന് നേട്ടമുണ്ടായാല്‍ വര്‍ഗീയ രോഗി അമിതമായി സന്തോഷിക്കും. എതിര്‍ വര്‍ഗത്തിന് നേട്ടമുണ്ടായാല്‍ അസ്വസ്ഥത കാണിക്കും. സ്വവര്‍ഗത്തിന് ദുഖമു ണ്ടായാല്‍ അവന്‍ ദുഖിക്കും. എതിര്‍ വര്‍ഗത്തിനു ദുഖമുണ്ടായാല്‍ സന്തോ ഷിക്കും. അവന്‍റെ സന്തോഷ- ദുഃഖ പ്രകടനങ്ങള്‍ കൊണ്ട് പൊതുജനം കഷ്ടപ്പെടും. എതിര്‍ വര്‍ഗക്കാരുടെ സന്തോഷ- ദുഃഖ പ്രകടനങ്ങളെ പറ്റി അവന്‍റെ അഭിപ്രായം 'പൊതു ജനത്തെ കഷ്ടപ്പെടുത്താൻ ഓരോ ഏര്‍പ്പാടുകള്‍' എന്നായിരിക്കും. 

14) മറ്റു വര്‍ഗക്കാരുടെ ഷോപ്പുകളിൽ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ലഭ്യമെങ്കിലും വര്‍ഗീയ രോഗി സ്വന്തം വര്‍ഗക്കാരുടെ ഷോപ്പിൽ നിന്നെ വാങ്ങൂ. നിലവാരമുള്ള പത്രങ്ങള്‍ വേറെയു ണ്ടെങ്കിലും വര്‍ഗീയ രോഗി സ്വന്തം വര്‍ഗത്തിന്‍റെ പത്രമെ വാങ്ങൂ. നിലവാരമുള്ള പ്രോഗ്രാമുകള്‍ വേറെ ചാനലില്‍ ഉണ്ടെങ്കിലും സ്വന്തം വര്‍ഗ ത്തിന്‍റെ ചാനലെ വര്‍ഗീയ രോഗി കാണൂ. നിലവാരമുള്ള സ്കൂളുകള്‍ വേറെ ഉണ്ടെങ്കിലും വര്‍ഗീയ രോഗി മക്കളെ ചേര്‍ക്കല്‍ സ്വന്തം വര്‍ഗ ത്തിന്‍റെ  സ്കൂളിലായിരിക്കും. വർഗീയ രോഗി എവിടെയും യുക്തി പരമായി ചിന്തിക്കാതെ സ്വവർഗത്തെ കെട്ടിപ്പിടിച്ചു നിർവൃതി കൊള്ളുന്നു. 

15) വര്‍ഗീയ രോഗി മിക്കവാറും സജീവ  സംഘടനാ പ്രവര്‍ത്തകൻ ആയിരിക്കും.  സജീവ സംഘടനാ പ്രവര്‍ത്തകരെല്ലാം  വര്‍ഗീയത ഉള്ളവര്‍ ആകണമെന്നില്ല.  എന്നാല്‍ എല്ലാ വര്‍ഗീയ രോഗികളും സജീവ സംഘടനാ പ്രവര്‍ത്തകരായി കാണപ്പെടും. വർഗ്ഗ ബോധം ജ്വലിപ്പിച്ചു നിർത്താൻ അവർ സംഘടനയെ വലിയൊരു മാർഗമായി കാണുന്നു.

16) സ്വന്തം മതമാണ് സത്യം, സ്വന്തം പാർട്ടിയാണ് സത്യം, സ്വന്തം ഇസമാണ് സത്യം എന്നൊക്കെ ഏതാണ്ട് ഭൂമുഖ ത്തെ എല്ലാ മനുഷ്യരും വിശ്വസി ക്കുന്നു. ആ വിശ്വാസം പൊതുവെ മനുഷ്യർ ഒരു പ്രശ്നമായി കാണുന്നില്ല. എന്നാൽ ആ വിശ്വാസത്തോട് കൂടെ എന്റെ അല്ലാത്ത മറ്റൊരു മതവും പാർട്ടിയും ഇസവും ഇവിടെ നില നിൽക്കാൻ പാടില്ല, നശിക്കണം, ഗുണം പിടിക്കരുത് എന്നൊക്കെ ഓവറായി ചിന്തിക്കു ന്നവനും പ്രചരിപ്പിക്കുന്നവനും ആണ് വർഗീയ രോഗി. 

എല്ലാ മത, നിർമത, രാഷ്ട്രീയ സംഘടനകളിലും വര്‍ഗീയ രോഗികള്‍   ഉണ്ടെന്നും അവരാണ് ഇടയ്ക്കിടെ വർഗ കലഹങ്ങൾ ഉണ്ടാക്കുന്ന തെന്നും അവരെ കണ്ടെത്തി ചികില്‍സിക്കാന്‍ അതതു സംഘടനകള്‍ തന്നെ മനോരോഗ ചികില്‍സ കനെയും മനോ രോഗ കേന്ദ്രവും ഏര്‍പ്പെടുത്തുന്നത് നന്നാകുമെന്നും ഈയുള്ളവൻ കരുതുന്നു. മാനവ സാഹോദര്യം വെറും ആശയം മാത്രമല്ല, ഇമ്മാതിരി പ്രവർത്തന പരിപാടികൾ കൂടി അതിനു ഉണ്ട്. 

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.