Showing posts with label ഇസ്‌ലാം. Show all posts
Showing posts with label ഇസ്‌ലാം. Show all posts

28 August 2018

അസ്തിത്വ പ്രതിസന്ധിയും ഇസ്‌ലാമും

എന്തിനാണ് ഭൂമിയിൽ ജനിച്ചതെന്നോ എന്തിനാണ് ഭൂമിയിൽ ജീവിക്കുന്നത് എന്നോ എന്തിനാണ് മരിക്കുന്നത് എന്നോ എന്താണ് ജീവിതത്തിന്റെ അർത്ഥവും മൂല്യവും ലക്ഷ്യവും എന്നോ നിശ്ചയ മില്ലാതെ മനുഷ്യ മനസങ്ങനെ അപഥ സഞ്ചാരവും അന്വേഷണവും നടത്തുന്ന പ്രതിഭാസമാണ് അസ്തിത്വ പ്രതിസന്ധി (Existential Crisis) എന്നു അറിയ പ്പെടുന്നത്. മനുഷ്യ ജീവിത ത്തിന്‍റെ മുഖ്യ ലക്‌ഷ്യം അസ്തിത്വത്തെ കുറിച്ചുള്ള അന്വേഷണമാണ് എന്ന് കരുതുന്ന ഇസങ്ങൾ ഉണ്ട്. ഫിലോസഫി യില്‍ എക്സിസ്റ്റൻഷ്യലിസം അസ്തിത്വ അന്വേഷണം തന്നെയാണ് പ്രധാനമെന്ന് കരുതുന്നു. ഹൈന്ദവതയിൽ ഊന്നി പറയപ്പെട്ട ധര്‍മ്മ അന്വേഷണവും ഇത് തന്നെയാണ് എന്നു തോന്നുന്നു.  

അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യർ എക്കാലത്തും ഉണ്ടെങ്കിലും ആധുനിക കാല സാഹിത്യമാണ് അതിനെ വലിയ വിഷയമാക്കിയത്. ഫിലോസഫി യാണ് അസ്തിത്വ പ്രതിസന്ധിയുടെ വിളനിലം എങ്കിലും സാഹിത്യമാണ് അതിനെ പ്രചാരത്തില്‍ കൊണ്ടു വന്നത്. ഷേക്സ്പിയര്‍ കൃതികളില്‍ പോലും അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന കഥാ പാത്രങ്ങളെ കാണാം. പാശ്ചാത്യ സാഹിത്യത്തിൽ സാർത്രും കമ്മ്യുവും അവരുടെ കാലത്ത് അസ്തിത്വ പ്രതിസന്ധിയുടെ ആകുലതകൾ പങ്കുവെച്ചു നിറഞ്ഞാടി. മലയാളത്തിൽ ഒട്ടനവധി നോവലുകള്‍ അസ്തിത്വ പ്രതിസന്ധി വിഷയമാക്കി പുറത്തി റങ്ങി.  ഈ ഉത്തരാധുനിക കാലത്ത് അതിന്‍റെ പ്രസക്തി പറ്റെ കുറഞ്ഞെന്നു മാത്രം.    

ഒന്നിലും വിശ്വസിക്കാനോ വിശ്വസി ക്കുന്നതിന് അനുസരിച്ച് ജീവിതം ക്രമീകരിക്കാനോ കഴിയാത്ത തരത്തിൽ അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യ മനസൊരു വലിയ ഭാരവും പ്രശ്നവുമാണ്. അതിന്‍റെ പ്രയാസം അനുഭവിച്ച ആളുകള്‍ക്ക് മാത്രമേ അതെന്തെന്ന് അറിയൂ. മുകളില്‍ ആകാശം, താഴെ ഭൂമി, അതിനിടക്ക് കാറ്റത്ത്‌ പാറി കളിക്കുന്ന തൂവല്‍ പോലെ അസ്തിത്വ പ്രതിസന്ധി പേറുന്ന മനുഷ്യനും.   എവിടെയും ഉറച്ചു നില്‍ക്കാനോ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാനോ കഴിയാത്ത ദുരവസ്ഥ. വല്ല വികാരത്തില്‍ വല്ലതും ചെയ്‌താല്‍ തന്നെ അതിനു ശേഷം വീര്‍പ്പു മുട്ടിക്കുന്ന ശൂന്യത മാത്രം. അസ്തിത്വ പ്രതിസന്ധി സൈക്കോള ജിയിൽ സൂക്ഷമമായി പഠന വിധേയ മായിട്ടുണ്ട്. ചില ന്യൂറോ വൈകല്യങ്ങളും അപ്രതീ ക്ഷിതമായി മനസ്സിനെ ഉലക്കുന്ന സംഭവങ്ങളും അതിനു കാരണമാകുന്നു എന്നു നിരീക്ഷിക്ക പ്പെടുന്നു. അതിന്റെ അടിസ്ഥാനത്തിൽ സൈക്കോ തെറാപ്പിയും നിലവിലുണ്ട്. എന്നാൽ ദാർശനിക പ്രതിസന്ധിയാൽ ഉണ്ടാകുന്ന അസ്തിത്വ ദുഃഖത്തിന്റെ കാര്യത്തിൽ സൈക്കോളജിക്കും ഒന്നും ചെയ്യാനില്ല എന്നതാണ് വസ്തുത. 

അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന ചിലര്‍ ആത്യന്തികമായി ഒരു ജ്ഞാനവും മനുഷ്യന് ആർജ്ജിക്കാൻ കഴിയില്ലെന്നും പ്രപഞ്ചത്തിനൊരു അർത്ഥവും നിശ്ചിതത്വവും ഇല്ലെന്നും മനുഷ്യ സത്ത മനുഷ്യന് മുന്നിൽ എന്നുമൊരു അന്വേഷണ വിഷയമാണ് എന്നും ഒരു അർത്ഥവും മനുഷ്യ  ജീവിതത്തിനു ഇല്ലെന്നും അങ്ങനെ ഒന്നു കണ്ടു പിടിക്കാൻ മനുഷ്യന് ആവി ല്ലെന്നും കണ്ട്  ജീവിതം മടുത്തു ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യയെ മഹത്വ വൽക്കരിക്കുന്ന ചില ചിന്തകൾ ഉടലെടുക്കുന്നത് ഇങ്ങനെയാണ്. ആത്മ ഹത്യയിലും അർത്ഥം കാണാത്ത ചിലർ അന്വേഷണാത്മക മനസുമായി അസ്തിത്വ ദുഖവും പേറി അലയുന്നു. മറ്റു ചിലര്‍ കാല ക്രമത്തില്‍ വല്ലതിലും വിശ്വസിച്ചു ജീവിതം ക്രമപ്പെടുത്തുന്നു. 

പതിനെട്ടു പത്തൊന്‍പതു വയസു മുതല്‍  ഇരുപത്തി അഞ്ചു വയസു വരെ എനിക്കും അസ്തിത്വത്തെ കുറിച്ചുള്ള ആധി ഉണ്ടായിരുന്നു. ജീവിതം എന്താകും എന്നൊരു ടെൻഷനും കൺഫ്യുഷനും. അതെസമയം എന്തായാലും ഞാന്‍ അസ്തിത്വ പ്രതിസന്ധിയെ മറികടക്കും എന്നൊരു ആത്മ വിശ്വാസവും ഉണ്ടായിരുന്നു. കൊടു മുടികളില്‍ കേറി കൂരിരുട്ടു നിറഞ്ഞ മനസോടെ മുകളിലേക്ക് കണ്ണയച്ചു ഇരിക്കുമ്പോഴും മനസ്സില്‍  ഒരിക്കല്‍ പ്രകാശം കടന്നു വരുമെന്ന് തോന്നിയിരുന്നു. ഞാൻ ആരാണ്, ആരാകണം എന്ന ആലോചനക്ക് ഇടയിൽ വ്യത്യസ്ത ഇമേജുകൾ മനസ്സിലേക്ക് തള്ളി കേറി കടന്നു വന്നു ഒരു സംതൃപ്തിയും തരാതെ കടന്നു പോയി. 

എന്റെ അന്വേഷണത്തിന്റെ അവസാനം ദിവ്യ പ്രകാശം ഇസ്ലാമിന്റെ രൂപത്തില്‍ കടന്നു വന്നു എന്റെ മനസ്സിനെ ശാന്തമാക്കി. പിന്നീട് ഒരു അസ്തിത്വ പ്രതിസന്ധിയും ഇല്ല. എനിക്ക് സഞ്ചരി ക്കാനുള്ള രാജപാത എന്റെ മുന്നിൽ വെട്ടി തിളങ്ങി. അതിലൂടെ മുന്നേറി യാൽ മതി. പ്രതിസന്ധിയില്ല, ബോറടിയില്ല. കര്‍മ്മ ഭൂമി മുന്നിൽ നിരന്നു കിടക്കുന്നു. ഈമാന്‍  നമ്മുടെ മൂര്‍ച്ചയുള്ള വാളാണ്. തഖവ നമ്മുടെ പടച്ചട്ടയാണ്. ശരീരം ആത്മാവിനു മുന്നോട്ടു കുതിക്കാനുള്ള കുതിരയാണ്. ജ്ഞാനം നമ്മുടെ യുദ്ധ തന്ത്രങ്ങള്‍ ആണ്. പിശാചിനും അവന്റെ സൈന്യ ങ്ങൾക്കും എതിരായ ജിഹാദിലാണ് നമ്മുടെ ആനന്ദം. നമസ്കാരം നമുക്ക് ലഹരിയാണ്. നാം എല്ലാ അസ്തിത്വ പ്രതിസന്ധി കളിൽ നിന്നും അല്ലാഹു വിലേക്ക് ഓടി രക്ഷപ്പെട്ടു അല്ലാഹു വിനെ അണഞ്ഞു മുറുകെ പിടിക്കുന്നു.
    
അസ്തിത്വ പ്രതിസന്ധി എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരിക വിശുദ്ധ ഖുര്‍ആനിലെ അല്ലാഹുവിന്റെ ഒരു പരാമര്‍ശമാണ്. അല്ലാഹുവില്‍ നിന്ന് പിടുത്തം വിട്ടവന്‍ ആകാശത്ത് നിന്ന് വീണവനെ പോലാണ്, അവനെ പക്ഷികള്‍ റാഞ്ചി കൊണ്ട് പോവുന്നു, അല്ലെങ്കില്‍ കാറ്റ് എവിടെയോ കൊണ്ട് പോയി തള്ളുന്നു എന്നാണ് അല്ലാഹു പറയുന്നത്.  പ്രപഞ്ചത്തെ അടക്കി ഭരിക്കുന്ന ഒരു സൂപ്പര്‍ പവറിനെ കുറിച്ചുള്ള വിശ്വാസം മനസില്‍ ഇല്ലെങ്കില്‍ / നിയതമായ വല്ല ഫിലോസ ഫിയിലും വിശ്വാസം ഇല്ലെങ്കില്‍ പിന്നെ അവിടെ ഉണ്ടാവുക വീർപ്പു മുട്ടിക്കുന്ന ശൂന്യതയും അസ്തിത്വ പ്രതിസന്ധി യുമാണ്. മതങ്ങളും ഇസങ്ങളും ഫലശൂന്യമാണ് എന്ന മുൻവിധിയാണ് അസ്തിത്വ പ്രതിസന്ധിയുടെ കാലത്തു മനുഷ്യ മനസ്സിൽ അപാര പ്രവർത്തനം നടത്തുന്നത്. 

ഇസ്ലാമികമായി അസ്തിത്വ പ്രതിസന്ധിയെ വിലയിരുത്താന്‍ പ്രത്യേകിച്ച് ഒന്നുമില്ല. അസ്തിത്വ പ്രതിസന്ധി, വല്ല ഫിലോസഫിയോ മതമോ കൊണ്ടു മനസ്‌ ശാന്തമാകല്‍, പിന്നീട്  ഈമാന്‍റെ ദിവ്യ പ്രകാശം മനസ്സിലേക്ക് വന്നു ഭവിക്കല്‍... ഇസ്‌ലാമി കമായി നോക്കിയാൽ ഇവയൊക്കെ ജീവിതത്തിലെ ഓരോ ഘട്ടങ്ങള്‍ ആണ്. ഈമാന്‍ കടന്നു വരുന്നതോടെ മനസ്സിലേക്ക് നിത്യ വസന്തമാണ് വരുന്നത്. പിന്നീട് മനസ്സിന് അനിശ്ചിത അവസ്ഥകള്‍ ഒട്ടുമില്ല. മനുഷ്യൻ ആദ്യം ജീവിക്കുന്നു, അങ്ങനെ എന്തെങ്കിലും ആയിത്തീരുന്നു എന്ന സാർത്രിന്റെ അനിശ്ചിത വാദമല്ല, മനുഷ്യൻ എന്തായി തീരണം എന്ന കൃത്യമായ ഇമേജ് ആണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു നല്‍കുന്ന മാർഗ ദർശനം തന്നെ പ്രധാനം. അതിന്റെ അനുഭൂതി അനുഭവിച്ചു തന്നെ അറിയണം. ഇസ്‌ലാം ഒരു യുക്തി മാർഗം എന്നതി നേക്കാൾ ഒരു അനുഭവ മാർഗമാണ് എന്ന് തസവ്വുഫ് ഊന്നി പ്പറയുന്നു.

അന്‍സാര്‍  അലി  നിലമ്പൂര്‍.

15 August 2018

ധാർമ്മികതയുടെ ഇസ്‌ലാമിക വീക്ഷണം

ധാർമ്മികതയെ (MORALITY) കുറിച്ചു പണ്ട് മുതലെ പ്രവാചകന്മാരും വേദ ഗ്രന്ഥങ്ങളും മനുഷ്യരെ പഠിപ്പിച്ചു പോന്നതാണ്. കാലങ്ങളായി ഫിലോസഫിയിലും ധാർമ്മികതയെ കുറിച്ചുള്ള ധാരാളം ചിന്തകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാവുന്നു. മത വിശ്വാസികൾ ദൈവത്തിൽ നിന്ന് പ്രവാചകർക്ക് ലഭിച്ച ദിവ്യ വെളി പാടുകൾ ആണ് ധാർമ്മികത യുടെ പ്രധാന ആധാരമായി കാണുന്നത്. ഫിലോസഫർമാർ മനുഷ്യ യുക്തിക്കാണ് ധാർമ്മികത നിർണ്ണയി ക്കുന്നതിൽ പ്രധാന പങ്കെന്ന് കരുതുന്നു. പ്രവാചകന്മാർ പഠിപ്പിക്കാത്ത വല്ല ധാർമ്മികതയും പുതുതായി ഫിലോസഫിയിൽ ഉണ്ടായിട്ടുണ്ട് എന്നു തോന്നിയിട്ടില്ല. 

പലവിധ ഇസങ്ങൾ ധാർമ്മികതയെ കുറിച്ച് ഫിലോസഫിയിൽ ഉണ്ട്. യൂട്ടിലിറ്റേ റിയനിസം, റിലേറ്റിവിസം, ഡിഓന്റോളജി... എന്നിവ യൊക്കെ അവയിൽ പ്രസിദ്ധമാണ്. ധാർമ്മികത പ്രതി പാദിക്കുന്ന ഫിലോസഫി യുടെ ശാഖയാണ് എത്തിക്സ്. വിവിധ ഇസങ്ങൾ ധാർമ്മികതക്ക് നൽകുന്ന വിവരണ ങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിലും സമൂഹത്തിന്റെ നിലനിൽപ്പിൽ അപാര സ്വാധീനമുള്ള ധാർമ്മികതയെ അടച്ചു നിഷേധിച്ച ഫിലോസഫർമാർ അത്യപൂർവമാണ്. വിവിധ മതങ്ങൾക്കും മത രഹിതർക്കും ധാർമ്മികതയെ കുറിച്ചു പ്രത്യേക കാഴ്ചപ്പാടുകൾ ഉണ്ട്. മതങ്ങളും ഇസങ്ങളും പൊതുവായി കുറെ കാര്യങ്ങൾ ധാർമ്മികമായി കാണുന്നുമുണ്ട്. ഇവിടെ എന്റെ വായനയിൽ നിന്നും മനസ്സിലായ, ധാർമ്മികതയെ കുറിച്ചു ഇസ്‌ലാം പറയുന്ന കാര്യങ്ങളിൽ ചിലത് ചുരുക്കി വിവരിക്കുന്നു. 

1) ധാർമ്മികതക്ക് ഇസ്‌ലാമിൽ ഒരൊറ്റ സംജ്ഞാ നാമം ഇല്ല. ഈമാൻ, തഖ്‌വ, ഇഹ്‌സാൻ, മഅറൂഫ്, ബിറ്, ഹുസ്നുൽ ഖുൽഖ്, അമൽ സ്വാലിഹ് എന്നൊക്കെ പല പേരുകളിൽ അതു അറിയപ്പെടുന്നു. ഇതെല്ലാം ഒരുമിച്ചു കൂടുന്നതാണ് ഇസ്‌ലാമിലെ ധാർമ്മികത. കുഫ്ർ, ളുൽമ്, ഫിസ്ഖ്, ഫുജൂർ, ഇസ്‌മ്, സയ്യിഅ, ദൻ ബ്, മഅസിയ്യ, ഖത്തീഅ, ഫാഹിഷ എന്നീ പേരുകളാൽ അധാർമ്മി കതയും അറിയപ്പെടുന്നു. 

2) മനുഷ്യൻ ജന്മനാ പാപിയാണ് എന്ന സിദ്ധാന്തം ശരിയല്ല, മനുഷ്യൻ ജന്മനാ ധാർമ്മികനാണ് എന്നാണ് ഇസ്‌ലാം പറയുന്നത്. ഏതൊരു മനുഷ്യ കുഞ്ഞും ജനിക്കുന്നത് ദൈവ വിശ്വാസവും ധാർമ്മികതയും ഉള്ള ശുദ്ധ പ്രകൃതിയും കൊണ്ടാണ്, പിന്നീട് കാല ക്രമേണ അവൻ അധർമ്മം പഠിച്ചെടുക്കുന്നു എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത് (94:4, 5- 30:30)

3) മനുഷ്യന് സ്വന്തമായി നന്മയും തിന്മയും തിരിച്ചറിയാനുള്ള ശേഷി തീരെയില്ല, അക്കാര്യത്തിൽ അവൻ നന്മ തിന്മകൾ ഒട്ടും തിരിച്ചറിയാൻ കഴിയാത്ത മൃഗങ്ങളെ പോലെയാണ് എന്നു ഇസ്‌ലാം പറയുന്നില്ല. മറിച്ചു, യുക്തി പ്രയോഗം നടത്തി നന്മ തിന്മകൾ വിവേചിച്ചു അറിയാൻ ശ്രമിക്കാത്തവർ മൃഗങ്ങളാണ് എന്നാണ് വിശുദ്ധ ഖുർആൻ പറഞ്ഞതു (7:179, 25:44). അതെ സമയം എല്ലാ നന്മ തിന്മകളും മനുഷ്യന് യുക്തി പ്രയോഗം നടത്തി കണ്ടു പിടിക്കാൻ കഴിയില്ല എന്നും ഇസ്‌ലാം പറയുന്നു. ഇവിടെയാണ്  ഇസ്‌ലാമിൽ പ്രവാചക രുടെയും വേദ ഗ്രന്ഥ ങ്ങളുടെയും പ്രസക്തി ഉള്ളത്. 

4) മനുഷ്യൻ യുക്തി പ്രയോഗിച്ചു കൊണ്ട് കണ്ടെത്തുന്ന ധാർമ്മിക കാഴ്ച പ്പാടുകൾ ദിവ്യ വെളി പാടുമായി ഒത്തു നോക്കി വേണം അന്തിമ തീർപ്പിൽ എത്താൻ, അല്ലെങ്കിൽ അബദ്ധം പിണയും എന്നു ഇസ്‌ലാം പറയുന്നു. ദിവ്യ വെളിപാടും മനുഷ്യ യുക്തിയും സുന്ദരമായി യോജിപ്പിക്കൽ ആണ് ഇക്കാര്യത്തിൽ ഇസ്‌ലാമിന്റെ രീതി. 

5) ദിവ്യ വെളിപാടിൽ വ്യക്തമായി പറയാത്ത പുതിയ ധാർമ്മിക പ്രശ്നങ്ങൾ ദിവ്യ വെളിപാടിൽ വ്യക്തമായി പറഞ്ഞ കാര്യങ്ങളുമായി സാമ്യത പുലർത്തുന്നുണ്ടോ എന്നു പരിശോധിച്ചു അവയുടെ ധാർമ്മികത കണ്ടെത്താൻ ഇസ്‌ലാമിന് പ്രത്യേക സംവിധാനം ഉണ്ട്. ഇതു എക്കാലത്തും ഇസ്‌ലാമിന്റെ ധാർമ്മിക പ്രസക്തി നില നിർത്തുന്നു. അതിനാൽ ധാർമ്മിക പ്രതിസന്ധി എന്ന പ്രശ്നം ഇസ്‌ലാമിൽ ഇല്ല.

6) ധാർമ്മികതയുടെ അടിസ്ഥാനം ജനത്തിന്റെ ഭൂരിപക്ഷമല്ല എന്നു വിശുദ്ധ ഖുർആൻ പറയുന്നു (5:100, 6:116). ഭൂരിപക്ഷം ധർമ്മമായി കാണുന്നത് അങ്ങനെ ആകണം എന്നില്ല എന്നു സാരം. ധാർമ്മികത നിർണ്ണയി ക്കുന്നതിൽ ജനാധി പത്യത്തിന് ഇസ്‌ലാമിൽ റോളില്ല എന്നർത്ഥം. എന്നാൽ മനുഷ്യരുടെ പൊതു ബോധത്തിന് റോൾ ഉണ്ടുതാനും. എന്റെ ജനത അധർമ്മത്തിന്റെ കാര്യത്തിൽ ഏകാഭി പ്രായക്കാർ ആയിരിക്കില്ല എന്നു മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് (തിർമിദി 2167)

7) മുസ്ലീങ്ങൾ അല്ലാത്ത മറ്റു മതക്കാർക്കും നിർമതർക്കും ധാർമ്മികത തീരെ ഉണ്ടാവില്ല എന്ന വാദമൊന്നും ഇസ്‌ലാമിനില്ല. ധാർമ്മി കതയുടെ മൊത്തം കുത്തക ഇസ്ലാം അവകാശ പ്പെടുന്നുമില്ല. എല്ലാ മനുഷ്യ ആത്മാവിനും അതിന്റെതായ ധാർമ്മിക തയും അധാർമ്മികതയും ഉണ്ട്  എന്നു വിശുദ്ധ ഖുർആൻ പറയുന്നു (91: 7,8) 

8) മനുഷ്യനിൽ ധാർമ്മിക ബോധം കുറയുകയും കൂടുകയും ഇല്ലാതാ വുകയും ഉണ്ടാവുകയും ചെയ്യുന്ന മാനസിക ഗുണമാണ് എന്നു വിശുദ്ധ ഖുർആൻ പറയുന്നു. (47:17)

9) മുൻകാല സമൂഹങ്ങളിൽ ധാർമ്മിക ബോധം കുറഞ്ഞു അധാർമ്മികത വർധിച്ചപ്പോഴെല്ലാം അവരിലേക്ക് ധാർമ്മിക തയുടെ പ്രചാരകരായി അല്ലാഹുവിനാൽ  പ്രവാചകന്മാർ നിയോഗിത രായിട്ടുണ്ട് എന്നു വിശുദ്ധ ഖുർആൻ പറയുന്നു.

10) പ്രവാചകന്മാർ ഉന്നത ധാർമ്മിക നിലവാരം പുലർത്തി യിരുന്നവരും മാതൃകാ പുരുഷന്മാരും പരിശുദ്ധരും ആയിരുന്നെന്ന് ഇസ്‌ലാം പറയുന്നു. ധാർമ്മികത യുടെ പൂർണ്ണത നമുക്ക് അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയിൽ കാണാം എന്നു ഇസ്‌ലാം പറയുന്നു. 

11) പ്രവാചകന്മാരെ ധിക്കരിച്ചു ധാർമ്മിക അധഃപതനം സംഭവിച്ച  മുൻകാല സമൂഹങ്ങളെ അല്ലാഹു ഒന്നടങ്കം ശിക്ഷിച്ചതായും നശിപ്പി ച്ചതായും വിശുദ്ധ ഖുർആൻ പറയുന്നു. 

12) സമൂഹത്തിന്റെ ധാർമ്മികത സംരക്ഷി ക്കപ്പെടാൻ നിയമവും കോടതിയും ശിക്ഷയും അത്യാ വശ്യമാണ് എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. കൂടെ നല്ല ഉപദേശങ്ങളിൽ കൂടി അധർമ്മികളുടെ മാനസിക സംസ്കരണ ത്തിനും അതു ഊന്നൽ നൽകുന്നു. ധാർമ്മികത മുറുകെ പിടിക്കാനും അധാർമ്മികത വെടിയാനും വിശുദ്ധ ഖുർആനിൽ അല്ലാഹു വിവിധ രൂപത്തിൽ പ്രേരി പ്പിക്കുന്നു. അവന്റെ അനുഗ്രഹങ്ങളോട് ആഗ്രഹം ഉണ്ടാക്കലും അവന്റെ ശിക്ഷകളെ കുറിച്ചു ഭയപ്പെടുത്തുകയും ചെയ്യുന്നു.

13) സമൂഹത്തിൽ ധാർമ്മികത പ്രചരി പ്പിക്കൽ അഥവാ നന്മ പ്രചരിപ്പിക്കലും തിന്മ വിരോധിക്കലും ഇസ്‌ലാം ഓരോ മനുഷ്യന്റെയും അടിസ്ഥാന ബാധ്യതയായി കല്പിച്ചിട്ടുണ്ട്. അവർ പരസ്പരം അതു ചെയ്യണം എന്നാണ് ഇസ്‌ലാം പറയുന്നത്. 

14) ഒരു അധർമ്മം കണ്ടാൽ അതു കൈകൊണ്ടു തടയാൻ പറ്റുമെങ്കിൽ തടയണമെന്നും അതിനു കഴിയി ല്ലെങ്കിൽ അതിനെതിരെ ഉപദേശി ക്കണം എന്നും അതിനും കഴിയി ല്ലെങ്കിൽ അതിനെ മനസു കൊണ്ട് വെറുക്കണം എന്നും മുഹമ്മദ് നബി പറയുന്നു (മുസ്‌ലിം 49)

15) ഒരാൾ ഒരു നന്മ പ്രചരിപ്പിച്ചാൽ അതു പിൻപറ്റുന്ന ആളുകളുടെ മുഴുവൻ കർമ്മങ്ങളിൽ നിന്നും അയാൾക്ക് ഒരു  ഓഹരി പ്രതിഫലം അല്ലാഹുവിൽ നിന്നു കിട്ടുമെന്ന് മുഹമ്മദ് നബി പറയുന്നു. ഇതുപോലെ തന്നെയാണ് തിന്മയും. അതു ചെയ്ത എല്ലാവരുടെയും കർമ്മങ്ങളിൽ നിന്ന് ശിക്ഷയുടെ ഒരു ഓഹരി അതു പ്രചരി പ്പിച്ചവന് കിട്ടുമെന്നും നബി പറയുന്നു.(മുസ്‌ലിം 2674)

16) ഒരു നന്മ പ്രകൃതം കൊണ്ടു തന്നെ നന്മ ആയതു കൊണ്ടാണോ ദൈവം അത് നന്മയായി കല്പിച്ചത് അതോ ദൈവം കല്പിച്ചത് കൊണ്ടാണോ അതു നന്മ ആവുന്നത് എന്ന പ്രസിദ്ധ എത്തിക്കൽ പ്രോബ്ലം മുസ്ലീങ്ങളെ വല്ലാണ്ട് അലട്ടാറില്ല. ദൈവം പ്രകൃതത്തിൽ തന്നെ നല്ലവൻ ആണെന്നും അവൻ നല്ലതായി കണ്ട കാര്യങ്ങളാണ് അവൻ നന്മയായി കല്പിച്ചത് എന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു. 

17) പൊതുവെ മനുഷ്യ സമൂഹം ധർമ്മമായി കാണുന്നതിനെ ഇസ്‌ലാമും ധർമ്മമായി കാണുന്നു. മറ്റുള്ളവർ തന്നോട് എങ്ങനെ പെരുമാറണം എന്നു താൻ ആഗ്രഹി ക്കുന്നുവോ അതു പോലെ അവരോടും പെരുമാറണം എന്ന തത്വം ധാർമ്മികതയുടെ സ്വർണ്ണ നിയമം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഈ തത്വം പല മതങ്ങളിലും പല രൂപത്തിൽ കാണാം. ഉദാഹരണം, ക്രിസ്തു മതത്തിൽ ഇതു നിന്നെ നീ സ്നേഹി ക്കുന്ന പോലെ നിന്റെ അയൽക്കാര നെയും സ്നേഹിക്കണം എന്നാണ്. ഇസ്‌ലാം മതത്തിൽ നിനക്ക് ഇഷ്ടപ്പെടുന്നത് നിന്റെ സഹോദരനും ഇഷ്ടപ്പെടണം എന്നു പല രൂപത്തിൽ മുഹമ്മദ് നബി ആവർത്തിച്ചു പറഞ്ഞി രിക്കുന്നു (ബുഖാരി 13)

18) ചെയ്യുന്നവന് മാനസിക അസ്വസ്ഥത ഉണ്ടാക്കലും ചെയ്യുന്നത് ജനങ്ങൾക്ക് ഇടയിൽ പരസ്യ പ്പെടുന്നത് അവൻ വെറുക്കുകയും ചെയ്യൽ പാപത്തിന്റെ പ്രത്യേകതയായി മുഹമ്മദ് നബി പറയുന്നു. മനസ്സിന് സമാധാനം ഉണ്ടാക്കൽ പുണ്യത്തിന്റെ പ്രത്യേകത യായും അവിടുന്നു പറയുന്നു. (മുസ്‌ലിം 2553, അഹ്മദ് 17545)

19) യഥാർത്ഥ ത്തിൽ ലോകത്തു ധർമ്മ മായി എന്തുണ്ടോ അതെല്ലാം മനുഷ്യ നോട് വിശുദ്ധ ഖുർആൻ കൽപ്പിക്കുന്നു (6:160). സകല അധർമ്മങ്ങളും അത് മനുഷ്യന് വിലക്കുന്നു (7:33)

20) ഇസ്‌ലാമിൽ എല്ലാ ധാർമ്മിക ഗുണ ങ്ങൾക്കും ഒരേ പ്രാധാന്യം അല്ല ഉള്ളത്. ഏറ്റവും ഉയർന്ന ധാർമ്മിക ഗുണം ദൈവ ത്തിൽ, അല്ലാഹുവിൽ വിശ്വസി ക്കലാണ്. ഏറ്റവും താഴ്ന്നത്‌ ജനം സഞ്ചരിക്കുന്ന വഴിയിൽ നിന്നു തടസങ്ങൾ നീക്കലാണ്. ഇതിനിടയിൽ എഴുപത്തി ചില്ലാനം ധാർമ്മിക ഗുണങ്ങൾ ഉണ്ടെന്ന് മുഹമ്മദ് നബി പറയുന്നു (മുസ്‌ലിം 35)

21) കേവലം ബാഹ്യ പ്രകടനങ്ങൾക്ക് പകരം ഏതു കർമ്മങ്ങൾക്കും പിന്നിലുള്ള ഉദ്ദേശ്യവും മനസ്സിലെ ധാർമ്മികത യുമാണ്  അല്ലാഹുവിന്റെ അടുക്കൽ പരിഗണിക്ക പ്പെടുക എന്നു ഇസ്‌ലാം പഠിപ്പിക്കുന്നു. അല്ലാഹു കർമ്മങ്ങളുടെ പിന്നിലുള്ള മനസിലേക്ക് ആണ് നോക്കുക എന്ന് മുഹമ്മദ് നബി പറയുന്നു (മുസ്‌ലിം 6708)

22) ഉദ്ദേശ്യം നന്നായാൽ മാത്രം ഇസ്‌ലാ മിൽ ഒരു കർമ്മം ധർമ്മമാകണം എന്നില്ല. അതിന്റെ മറ്റു ഫലങ്ങളും പരിഗണിക്കണം. ഉദ്ദേശ്യം മോശം ആയാൽ നല്ലതെന്ന് കരുതപ്പെടുന്ന കർമ്മവും ഇസ്‌ലാമിൽ അധർമ്മം ആകും. 

23) പൊതുവെ തിന്മയായി കരുത പ്പെടുന്ന ചില കർമ്മങ്ങൾ അതിന്റെ സൽഫലങ്ങൾ പരിഗണിച്ചു നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്നത് ഇസ്‌ലാം പരിഗണിക്കുന്നു. ഉദാഹരണം, കൊല ചെയ്യൽ പൊതുവെ തിന്മയായി സമൂഹം കാണുന്നു. എന്നാൽ സമൂഹ ത്തിനു മൊത്തം ഭയങ്കര ഭീഷണിയായ ഒരുത്തന് വിചാരണ ചെയ്തു വധ ശിക്ഷ നൽകുന്നതിനെ സമൂഹം തിന്മ യായി കാണുന്നുമില്ല. ഇവിടെ നല്ല ഉദ്ദേശ്യവും ആപേക്ഷിക ഫലവും പരിഗ ണിക്കുന്നു. കളവ് പറയൽ അധർമ്മം ആയി സമൂഹം കാണുന്നു എങ്കിലും ഒരു നിരപരാധിയെ രക്ഷിക്കാൻ മറ്റാർക്കും ഉപദ്രവം ഇല്ലാത്ത കളവ് പറച്ചിലും ഇതു പോലാണ്. 

24) ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശി ച്ചിട്ടു അതു ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അയാൾക്ക് അതു ചെയ്ത പോലുള്ള പ്രതിഫലം അല്ലാഹു നൽകുമെന്നും യഥാർത്ഥ ത്തിൽ അയാൾ അതു ചെയ്താൽ പത്തു മുതൽ എഴുന്നൂറിൽ അധികം മടങ്ങു പ്രതിഫലം നൽകു മെന്നും മുഹമ്മദ് നബി പറയുന്നു (മുസ്‌ലിം 218). നന്മ ചെയ്യാനുള്ള ഉദ്ദേശ്യവും ഇസ്‌ലാമിൽ ഒരു നന്മയാണ് എന്നർത്ഥം. എന്നാൽ തിന്മ ചെയ്യാൻ ഉദ്ദേശിച്ചതു കൊണ്ടു മാത്രം ആർക്കും ശിക്ഷയില്ല. തിന്മ ചെയ്യാൻ ഉദ്ദേശിച്ചിട്ടു ചെയ്താൽ അതിനു ശിക്ഷ ഇരട്ടിക്കില്ല എന്നും മുഹമ്മദ് നബി പറയുന്നു. 

25) ധാർമ്മികതയുടെ അടിസ്ഥാന ത്തിലാണ് അല്ലാഹുവിങ്കൽ ഓരോ മനുഷ്യനുമുള്ള സ്ഥാനവും പദവിയും നിർണ്ണയി ക്കപ്പെടുക എന്നു വിശുദ്ധ ഖുർആൻ പറയുന്നു (49:13). കുടുംബ മഹിമ, തറവാട് മഹിമ, വംശമഹിമ, ഗോത്രമഹിമ, വർണ്ണ മഹിമ, ദേശ മഹിമ... ഇതൊന്നുമല്ല അല്ലാഹുവിങ്കൽ പരിഗണിക്കുക, മറിച്ചു ഓരോരുത്തരും പുലർത്തുന്ന ധാർമ്മിക ബോധത്തിന്റെ അളവാണ്. 

26) ഓരോ മനുഷ്യന്റെയും പാപ പുണ്യങ്ങൾ അല്ലാഹു കൃത്യമായി ഏടുകളിൽ രേഖപ്പെടുത്തുന്നു എന്നും പരലോക നാളിൽ അവന്റെ നന്മ തിന്മകൾ അല്ലാഹു തൂക്കി കണക്കാക്കി മനുഷ്യനെ ബോധ്യപ്പെടുത്തിയ ശേഷം ഒരു അനീതിയും കാണിക്കാതെ അതിന് ശിക്ഷയും പ്രതിഫലവും നൽകുമെന്നും ഇസ്‌ലാം പറയുന്നു. മനുഷ്യന്റെ സൃഷ്ടാവും സംരക്ഷകനും അനുഗ്രഹ ദാതാവും ആയ അല്ലാഹുവിനു ഇതിനുള്ള അധികാരം ഉണ്ടെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമാണ്. 

27) ധാർമ്മികത പാലിച്ചവന് പരലോക നാളിൽ മാത്രമല്ല ഇഹലോക ജീവിത ത്തിലും മരണാനന്തര ജീവിതത്തിലും അല്ലാഹുവിൽ നിന്നു അനുഗ്രഹങ്ങൾ ലഭിക്കും, ധാർമ്മികത വെടിഞ്ഞവന് ഇവിടങ്ങളിൽ ശിക്ഷകളും ലഭിക്കും എന്നും ഇസ്‌ലാം പറയുന്നു. 

28) ദേഹേച്ഛയും പിശാചും മനുഷ്യനെ ധാർമ്മികത വെടിയാൻ പ്രേരിപ്പിക്കുന്നു, മനുഷ്യന്റെ യുക്തിയും ധാർമ്മിക ബോധവും മാലാഖമാരും അവനെ ധാർമ്മി കതക്കും പ്രേരിപ്പിക്കുന്നു എന്നു ഇസ്‌ലാം പറയുന്നു. 

29) ദൃഢമായ ഇസ്‌ലാമിക വിശ്വാസവും ആഴത്തിലുള്ള വിജ്ഞാനവും ആത്മാർ ത്ഥമായ സൽ കർമ്മങ്ങളും ഒത്തു ചേർന്നാൽ മനുഷ്യ മനസ്സിൽ ധാർമ്മിക ബോധം ഉണ്ടാകുമെന്നു ഇസ്‌ലാം പഠിപ്പിക്കുന്നു. 

30) നമസ്കാരം, നോമ്പു പോലുള്ള ഇസ്‌ലാമിലെ ആരാധനകൾ കൊണ്ടുള്ള പല ലക്ഷ്യങ്ങളിൽ ഒന്ന് മനുഷ്യന് ധാർമ്മിക ബോധം ഉണ്ടാകലാണ് എന്നു വിശുദ്ധ ഖുർആൻ പറയുന്നു (2:183, 29:45)

അൻസാർ അലി നിലമ്പൂർ

5 July 2018

ഇസ്‌ലാമിന് ഫിലോസഫിയുടെ ആവശ്യമുണ്ടോ...?

ഇസ്‌ലാമിന് ഫിലോസഫിയുടെ ആവശ്യമുണ്ടോ, ശാസ്ത്രത്തിന്റെ ആവശ്യമുണ്ടോ എന്നതൊക്കെ കാതലായ ചോദ്യങ്ങളാണ്. ശാസ്ത്രം നിരീക്ഷണ പരീക്ഷണങ്ങളിൽ കൂടി വസ്തുതകളും പ്രാപഞ്ചിക നിയമങ്ങളും കണ്ടു പിടിക്കുന്നു. ഇസ്‌ലാം മതം പ്രവാചകന്മാർക്ക് ലഭിച്ച ദൈവിക വെളിപാടുകൾ ആണ്. ഫിലോസഫി ആകട്ടെ മനുഷ്യ യുക്തി കൊണ്ടുള്ള അന്വേഷണമാണ്. മതവും ശാസ്ത്രവും അവസാനി ക്കുന്നിടത്തു സ്വാഭാവികമായും മനുഷ്യൻ അവന്റെ യുക്തി കൊണ്ടുള്ള അന്വേഷണം ആരംഭിക്കുന്നു.  

അതിശാസ്ത്ര വാദികളും അതിമത വാദികളും ഫിലോസഫിയെ കാലങ്ങളായി എതിർത്തു പോരുന്നു. ഫിലോസഫി കൊണ്ടൊരു ഗുണവു മില്ലെന്നു അവർ പറയുന്നു. എന്നാൽ ഇവർ രണ്ടു കൂട്ടരെ കൊണ്ടും എക്കാല ത്തുമുള്ള തത്വ ചിന്താപരമായ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയുന്നുണ്ടോ, ഇല്ല. ചിന്തിക്കുന്ന മനുഷ്യൻ അത്തരം ചോദ്യങ്ങളെ കുറിച്ചു സ്വാഭാവികമായി ചിന്തിച്ചു പോകുന്നു. ചിന്തക്ക് കൂച്ചു വിലങ്ങിടാൻ ആരെ ക്കൊണ്ടു  കഴിയും.  

നിഗമനങ്ങൾ രൂപീകരിക്കാൻ പര്യാപ്തമായ വിധം യുക്തി പക്വത പ്രാപിച്ചാൽ എല്ലാ മനുഷ്യരിലും അതിഭൗതിക ചിന്തകൾ നടക്കുകയും അതു തുടരുകയും ചെയ്യുമെന്ന് CRITIQUE OF PURE  REASON ൽ ഇമ്മാനുവൽ കാൻറ് പറയുന്നുണ്ട്. അതിമത വാദികളും അതിശാസ്ത്ര വാദികളും ഇതിൽ നിന്നൊഴിവല്ല. ചെറിയ അളവിലെങ്കിലും സകല മനുഷ്യരിലും തത്വചിന്ത നടക്കുന്നുണ്ട്. ഫിലോസഫി മരിച്ചെന്ന് പറഞ്ഞ സ്റ്റീഫൻ ഹോക്കിങിന്റെ ശാസ്ത്ര നിഗമന ങ്ങളിൽ പലതും ഫിലോസഫി യുടെ ടൂളുകൾ ഉപയോഗിച്ചുള്ള യുക്തി ചിന്തയുടെ ഫലമാണ് എന്നു ഈസിയായി തെളിയിക്കാം.

ഫിലോസഫിയുടെ  കഴമ്പ് അമൂർത്തമായ ആശയങ്ങളെ കുറിച്ചുള്ള കാര്യകാരണ സഹിതമുള്ള ചിന്തയാണ്. അതിശാസ്ത്ര വാദികൾക്കും അതിമത വാദികൾക്കും അവിടെ അസൗകര്യങ്ങൾ നേരിടൽ സ്വാഭാവികമാണ്. അവർക്ക് വിജ്ഞാനം സ്പൂണ് ഫീഡിങിന് പറ്റിയതാകണം.  ഫിലോസഫിയിൽ സ്പൂണ് ഫീഡിങ് ഇല്ല. തന്റെ ഗുരുവായ പ്ളേറ്റോ പറഞ്ഞെന്നു കരുതി ശിഷ്യനായ അരിസ്റ്റോട്ടിൽ ഒന്നും വിശ്വസിച്ചിട്ടില്ല. വിജ്ഞാനത്തിന്റെ സ്പൂണ് ഫീഡിങ് ഇല്ലാത്തതു ഫിലോസഫി യോടുള്ള ഇഷ്ട ക്കുറവിന് ഒരു കാരണമാണ്.

പ്രസ്താവനകൾ തമ്മിലുള്ള ബന്ധം പരിശോധിക്കുക, കാര്യ കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നിഗമനങ്ങളിൽ എത്തിച്ചേരുക, വ്യത്യസ്ത നിഗമന ങ്ങളുടെ സാധുത പരിശോധിക്കുക, വാദങ്ങളുടെ ബലാബലം പരിശോധിക്കുക, ഇതിനൊക്കെ  ശുദ്ധ യുക്തിയും ലോജിക്കും ഉപയോഗിക്കുക എന്ന ഏർപ്പാട് ആണല്ലോ  ഫിലോസഫി. അതൊരു യുക്തി പരമായ അധ്വാനമാണ്.  അതിനെ എതിർക്കുന്നവർ മനുഷ്യ യുക്തിയുടെ സാധ്യതകളെ തന്നെ നിഷേധിക്കുന്ന പോലെയാണ് എന്നർത്ഥം.  

ഇസ്‌ലാമിന് ഫിലോസഫിയുടെ സാധ്യതയെ എതിർക്കേണ്ട ഒരു ആവശ്യവുമില്ല. ഫിലോസഫർ മാരുടെ യുക്തി പരമല്ലാത്ത നിഗമനങ്ങളെ എതിർക്കാം. അതിനും ഫിലോസഫി യുടെ  ടൂളുകൾ തന്നെ ഉപയോ ഗിക്കണം. മാർക്സിസം എന്ന ഫിലോസഫിയെ ഖണ്ഡിക്കാൻ ഖുർആൻ ആയതും ഹദീസും ഓതിയിട്ടു ഒരു കാര്യവുമില്ല. അതിനു ഫിലോസഫി യുടെ ടൂളുകൾ തന്നെ ഉപയോഗിക്കണം. ഒരു കാലത്തു ഗ്രീക്ക് ഫിലോസഫി  മുസ്ലിം ലോകത്തേക്ക് വല്ലാണ്ട് കടന്നു കയറിയപ്പോൾ  മുസ്ലിം പണ്ഡിതർ അതിനെ ഖണ്ഡിക്കാൻ അതിന്റെ തന്നെ ടൂളുകൾ അവലംബി ച്ചിരുന്നു. അങ്ങനെയാണ് ഇല്മുൽ കലാം രൂപപ്പെട്ടത്. തുടക്കത്തിൽ ഇല്മുൽ കലാമിൽ അദില്ലത്തുൽ അഖ്‌ലിയ്യ എന്ന യുക്തി പരമായ തെളിവുകൾക്ക് ആയിരുന്നു പ്രാധാന്യം.

ഫിലോസഫി മുസ്ലീങ്ങളുടെ മാത്രം കുത്തക അല്ലാത്തതിനാൽ  അതിൽ ഇസ്‌ലാമിക വീക്ഷണത്തിൽ നോക്കുമ്പോൾ തെറ്റായ പ്രവണതകൾ ഉണ്ടാകൽ സ്വാഭാവികമാണ്.  തെറ്റായ ഫിലോസഫിയെ ശരിയായ ഫിലോസഫി കൊണ്ടു അവലോകനം ചെയ്യണം. അതാണ്  ഇമാം ഗസ്സാലി റഹിമഹുല്ലാഹ് അവിടുത്തെ തഫാഹത്തുൽ ഫലാസിഫ എന്ന കിതാബിൽ ചെയ്തത്. ഇമാം അബൂ ഹനീഫ, ഇമാം അശ്‌അരി, ഇമാം മാതുരീദി,  ഇമാം ഗസ്സാലി, ഇമാം ഇബ്നു റുഷ്ദ്, ഇമാം ഇബ്നു ഹസം, ഇമാം റാസി, ഇമാം തഫ്‌താസാനി... തുടങ്ങി അനേകം ഇമാമുകൾ നന്നായി ഫിലോസഫി പഠിക്കുകയും അതിനെ അതിന്റെ ടൂളുകൾ തന്നെ ഉപയോഗിച്ചു ഖണ്ഡിക്കുകയും അവലോകനം നടത്തുകയും ചെയ്തവരാണ്.  

യുക്തി കൊണ്ടുള്ള പരിശ്രമമാണ് ഫിലോസഫിയിൽ നടക്കുന്നത്. ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തിൽ ഇജ്തിഹാദ് എന്നൊരു പ്രക്രിയ ഉണ്ട്. ഖിയാസാക്കൽ എന്നും വിളിക്കാറുണ്ട് അതിനെ. വിശുദ്ധ ഖുർആനിലും തിരു സുന്നത്തിലും നേർക്ക് നേരെ  വിധി പറഞ്ഞിട്ടില്ലാത്ത മനുഷ്യ വ്യവഹാരങ്ങളുടെ  ഇസ്‌ലാമിക വിധി കണ്ടെത്താൻ അതിനു യോഗ്യതയുള്ള മുജ്തഹിദുകൾ നടത്തുന്ന പരിശ്രമം ആണത്. ഇസ്‌ലാമിക പ്രമാണവും പരിശോധി ക്കപ്പെടുന്ന പ്രശ്നവും തമ്മിലുള്ള പാരസ്പര്യം കണ്ടെത്തലാണ് അത്. ഇതൊരു തരം യുക്തി പരമായ അധ്വാനമാണ് എന്നു പറയേണ്ടതില്ല. യുക്തി പ്രയോഗി ക്കാതെ എങ്ങനെ യാണ് പാരസ്പര്യം കണ്ടെത്താൻ കഴിയുക. ഇതൊക്കെ തന്നെയാണ് ഫിലോസഫിയുടെ ഉപയോഗവും. 

ഫിലോസഫി എന്ന വാക്കിനർത്ഥം അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശം എന്നാണ്.  തീർച്ചയായും അപ്പോൾ ഫിലോസഫി അറിവ് ഉൽപാദിപ്പിക്കണം. ഇതിനു ഇസ്‌ലാമിക ഭൂമികയിൽ നിന്നൊരു  ഉദാഹരണം പറയാം. എന്റെ ദിക്ർ ഉണ്ടാകാനായി നീ നമസ്കരിക്കണം എന്നു അല്ലാഹു ഖുർആനിൽ പറയുന്നുണ്ട്. മറ്റൊരിടത്തു അല്ലാഹുവിന്റെ ദിക്റു കൊണ്ടു മനസുകൾ ശാന്തമാകും എന്നും പറയുന്നുണ്ട്. ഈ രണ്ടു പ്രസ്താവനകളും വെച്ചു യുക്തി ചിന്ത നടത്തുന്നവൻ  നമസ്കാരം കൊണ്ടു മനസു ശാന്തമാകുന്നു എന്നു കണ്ടെത്തുന്നു. രണ്ടു പ്രസ്താവനകൾ തമ്മിൽ ഇണ ചേർത്തു മൂന്നാമതൊരു അറിവ് ഉൽപ്പാദിപ്പിക്കുന്ന ഈ ഏർപ്പാടിനെ ഫിലോസഫിയിൽ DEDUCTIVE  REASONING എന്നു വിളിക്കുന്നു. മറ്റൊരു രീതി INDUCTIVE REASONING ആണ്.  ഈ രണ്ടു രീതികൾക്കും  ഇമാമുമാരുടെ കിതാബുകളിൽ എത്രയോ ഉദാഹരണ ങ്ങൾ കാണാം. അവ കണ്ടു അല്ലാഹുവും റസൂലും പറയാത്ത അറിവുകൾ ഇവർക്ക് എങ്ങനെ കിട്ടുന്നു എന്നു നമ്മൾ അത്ഭുതപ്പെട്ടു പോകും. അല്ലാഹുവിന്റെ വഴികളിൽ പരിശ്രമി ക്കുന്നവർക്ക്  അവന്റെ വഴികളിലേക്ക് അവൻ മാർഗ ദർശനം നൽകുന്നു. 

ഫിലോസഫിയിൽ വിദഗ്ധരായ മുൻകാല ഇമാമുകൾ ദൈവാസ്തിത്വം, പ്രവാചകത്വം, ഖുർആന്റെ ദൈവികത എന്നിവക്കുള്ള യുക്തി പരമായ ന്യായങ്ങളും,  ദീനീ വിധി വിലക്കു കൾക്കും ഇബാദത്തുകൾക്കും പിന്നിലുള്ള യുക്തിയും ആന്തരിക രഹസ്യങ്ങളും ... തുടങ്ങി ഒട്ടനേകം വിഷയങ്ങളിൽ കിതാബുകൾ രചിച്ചിട്ടുണ്ട്.  ഇവയൊക്കെ അവരുടെ യുക്തി പരമായ അധ്വാനത്തിനുള്ള തെളിവാണ്.  ഇമാം ഗസ്സാലി റഹിമഹുല്ലായുടെ ഇഹിയാഉൽ ഉലൂമിദ്ധീനും ഇമാം റാസിയുടെ ഖുർആൻ തഫ്സീറും ഷാഹ് വലിയ്യുല്ലാഹി ദഹലവിയുടെ ഹുജ്ജത്തില്ലാഹിൽ ബാലിഗ യുമൊക്കെ  ഇതിനുള്ള ഉദാഹരണങ്ങൾ ആണ്.  ഇവയൊക്കെ യുക്തിമാന്മാരെ ഇസ്‌ലാമിലേക്ക് അടുപ്പിക്കാനും മുസ്ലീങ്ങളെ ദീനിൽ ഉറപ്പിച്ചു നിർത്താനും നന്നായി സഹായിച്ചിട്ടുണ്ട്.  

വെറും ഖുർആനും സുന്നത്തും മതി, മറ്റൊരു വിജ്ഞാനവും ഇസ്‌ലാമിന് ആവശ്യമില്ല എന്ന ശൈലിയിലാണ് ചില അതിമത വാദികളുടെ അഭിപ്രായങ്ങൾ. ഇസ്‌ലാമിന് മറ്റു വിജ്ഞാനങ്ങൾ ആവശ്യമുണ്ടോ എന്നതല്ല, അവയൊക്കെ ഇസ്‌ലാമിനെ പരി പോഷിപ്പിക്കുമോ എന്നതാണ് പ്രധാനം. ഗണിതം പഠിക്കാതെ എങ്ങനെ സങ്കീർണ്ണമായ അനന്തര അവകാശ നിയമങ്ങൾ ഗ്രഹിക്കുമെന്നും  കോടനു കോടി രൂപയുടെ വരുമാന മുള്ളവൻ എങ്ങനെ സകാത് കണക്കു കൂട്ടുമെന്നും ഗോളശാസ്ത്ര കണക്കുകൾ എങ്ങനെ ഗ്രഹിക്കുമെന്നും ചിന്തിക്കണം. വൈദ്യശാസ്ത്രം ഇല്ലെങ്കിൽ ചികിൽസിക്കണം എന്ന റസൂലിന്റെ കല്പന എങ്ങനെ നിറവേറ്റുമെന്നും ശാസ്ത്രം പഠിക്കാതെ എങ്ങനെ ഖുർആനിലെ ശാസ്ത്രീയ സൂചനകൾ ഗ്രഹിക്കുമെന്നും ചിന്തിക്കണം. ഇങ്ങനെ ചിന്തിച്ചാൽ ഇസ്‌ലാമിനെ ബലപ്പെടു ത്തുന്ന വിജ്ഞാനങ്ങളുടെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടും. അതിൽ പെട്ട ഒന്നാണ് ഫിലോസഫിയും.  

പ്രവാചക ന്മാർക്ക് ലഭിച്ച വെളിപാടു കളുടെ സമാഹാരമായ ഇസ്‌ലാം ദീൻ പരമവും ശ്രേഷ്ഠവുമായ വിജ്ഞാനമാണ്. അതിനെ ബലപ്പെടു ത്താനും ശരിവെക്കാനും ഉതകുന്ന യുക്തിപരമായ ഏതു അധ്വാനവും പ്രശംസയും പ്രതിഫലവും അർഹിക്കുന്നു. യുക്തിമാനായ അല്ലാഹു അവന്റെ യുക്തിയുടെ പ്രകാശത്താൽ അവതരിപ്പിച്ച വിജ്ഞാനത്തെ മനുഷ്യൻ അവന്റെ യുക്തി കൊണ്ടു കണ്ടെത്തുകയും പ്രകാശിപ്പിക്കുകയും ചെയ്യൽ ശ്രേഷ്ഠകരമാണ്. അതു കൊണ്ടാണ് ഇമാം തഫ്താസാനി റഹിമഹുല്ലാ ഇല്മുൽ കലാമിനെ കുറിച്ചു അതു ദീനീ വിജ്ഞാനങ്ങളുടെ നേതാവും ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനവും ആണെന്ന് പറഞ്ഞത്.  

അൻസാർ അലി നിലമ്പൂർ

25 June 2018

ഇസ്‌ലാമിന്റെ മേന്മകൾ എന്തൊക്കെ...?

ഇസ്‌ലാമിനെ കുറിച്ചു വീരവാദം മുഴക്കലോ ബഡായി പറയലോ മറ്റു മതങ്ങളെ  ഇടിച്ചു താഴ്ത്തലോ അല്ല ഇവിടെ ഉദ്ദേശ്യം. മത താരതമ്യ പഠനത്തിൽ  ഏർപ്പെടുന്നവർക്ക് ഉപകാരപ്പെടട്ടെ എന്നു കരുതി ചില വസ്തുതകൾ പറയലാണ്.  ഇസ്‌ലാം മതത്തിനു ഒട്ടനവധി മേന്മകൾ ഉണ്ട്.   അതു വളരെ ചുരുക്കി അവതരിപ്പിക്കാം.

1) ഇസ്‌ലാം വെറുമൊരു സാമ്പ്രദായിക മതമല്ല. വളരെ സിസ്റ്റമറ്റിക്കായ ജീവിത പദ്ധതിയും സാമൂഹ്യ വ്യവസ്ഥയുമാണ് അത്. വ്യക്തിയുടെ, സമൂഹത്തിന്‍റെ ചിന്തകളെയും വിശ്വാസങ്ങളെയും അതു നിർണ്ണയിക്കുന്നു, നിയന്ത്രിക്കുന്നു. മനുഷ്യന്റെ ആത്മാവിനെയും ശരീരത്തെയും അത് പരിഗണിക്കുന്നു.  

2) ലക്ഷ്യ ബോധമുള്ള മതമാണ് ഇസ്‌ലാം. മനുഷ്യന്റെ ശാരീരികവും മാനസികവും ഐഹികവും പാരാത്രികവുമായ സുഖവും ക്ഷേമവും സമാധാനവും അതു ലക്ഷ്യം വെക്കുന്നു.  വ്യക്തിയെയും സമൂഹത്തെയും നിയന്ത്രിച്ചു കൊണ്ടു അതു ഭൂമിയിൽ ശാന്തി പരത്താൻ ഉദ്ദേശിക്കുന്നു. കുഴപ്പങ്ങളെ അതു ഇഷ്ടപ്പെടുന്നില്ല.

3) ഇസ്‌ലാം കടന്നു വന്ന വഴി അത്ഭുതകരവും വിശ്വസനീയവും യുക്തി പരവുമാണ്. പ്രവാചകന്മാരിലൂടെ, വേദ ഗ്രന്ഥങ്ങളിലൂടെ, കണ്ണി മുറിയാത്ത പണ്ഡിത പരമ്പരകളിലൂടെ, മദ്ഹബ്കളിലൂടെ, ത്വരീഖത്തുകളിലൂടെ, അനേകർ മനഃപാഠമാക്കി പോന്ന ഖുർആനിലൂടെ, നബി വചനങ്ങളിലൂടെ, ഇജ്മാഇലൂടെ...   മറ്റൊരു  മതത്തിനും അവകാശപ്പെടാൻ  കഴിയാത്ത അനിഷേധ്യമായ, വിശ്വസനീയമായ ചരിത്ര പരതയാണ് ഇസ്‌ലാമിനുള്ളത്.  

4) ഇസ്‌ലാമിന്റെ സമഗ്രത അത്ഭുതകരമാണ്. കുടിലിനെയും കൊട്ടാരത്തെയും, ഭരണാധി കാരിയെയും പ്രജയെയും, ധനികനെയും ദരിദ്രനെയും, പുരുഷനെയും സ്ത്രീയെയും, വ്യക്തിയെയും സമൂഹത്തെയും  രാഷ്ട്രത്തെയും ഭൂമിയെയും പ്രപഞ്ചത്തെയും അത് പരിഗണിക്കുന്നു.  മനുഷ്യന് സമഗ്രമായ ഒരു ലോക വീക്ഷണം അതു നൽകുന്നു.

5) ഇസ്‌ലാമിൽ അനിശ്ചിതത്വം ഒട്ടുമില്ലാത്ത കൃത്യമായ ഒരു ഏക ദൈവമുണ്ട്, എക്കാലത്തും അതിനൊരു മാതൃകാ യോഗ്യനായ പ്രവാചകൻ ഉണ്ട്, ഒരിക്കലും ഒളിമങ്ങാത്ത ഒരു ദൈവിക ഗ്രന്ഥവും അതിനുണ്ട്.  ഇസ്‌ലാം നിശ്ചിതമായ ആചാര അനുഷ്ഠാനങ്ങൾ മുന്നോട്ടു വെക്കുന്നു. അതെല്ലാം വ്യക്തിക്കും സമൂഹത്തിനും ഗുണകരമാണ്.

6) ഇസ്‌ലാം പഠന, പരീക്ഷണ, ഗവേഷണങ്ങളെ നന്നായി പ്രോത്സാഹി പ്പിക്കുന്നു. നിങ്ങൾ ചിന്തിക്കുന്നില്ലേ, യുക്തി പ്രയോഗിക്കുന്നില്ലേ, എന്നു നിരന്തരം അതു മനുഷ്യനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യന്റെ ജിജ്ഞാസയെ അതു തൊട്ടുണർത്തുന്നു. അവന്റെ അന്വേഷണങ്ങളെ  അതു പ്രചോദിപ്പിക്കുന്നു. 

7) ക്ഷേമ രാഷ്ട്രം വെറും അധ്യാപനം മാത്രമല്ല പ്രായോഗികം കൂടിയാണ് എന്നു ഇസ്ലാം തെളിയിച്ചിട്ടുണ്ട്.  യെമനിലെ സന്ആയിൽ നിന്നു ഏകയായി മക്കയിൽ വന്ന് ഹജ്ജ് നിർവഹിച്ചു പോകാൻ ഒരു സ്ത്രീക്ക്  കഴിയുമാറു നിർഭയത്വമുള്ള ഒരു സാമൂഹിക വ്യവസ്ഥിതിയാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നതെന്നു  മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. അതു ഇസ്‌ലാം പ്രായോഗികമായി  കാണിച്ചു തന്നിട്ടുമുണ്ട്.  

8) ഇസ്‌ലാം പൂര്‍ത്തീക രിക്കപ്പെട്ട മതമാണ്. മുഹമ്മദു നബിക്കു ശേഷം പുതിയൊരു പ്രവാചകൻ  അതിനില്ല. ഖുർആനു ശേഷം മറ്റൊരു വേദഗ്രന്ഥവും അതിനില്ല. പുതിയൊരു പ്രവാചകനെയോ വ്യാജ ദൈവത്തെയോ കാത്തിരിക്കേണ്ട ഗതികേട് ഇസ്‌ലാമിനില്ല. വ്യാജ ദൈവങ്ങളുടെയും വ്യാജ പ്രവാചകരുടെയും വിളയാട്ടങ്ങളിൽ നിന്നു മുക്തമാണ് ഇസ്‌ലാം.

9) ഇസ്‌ലാം ഫ്ലെക്സിബിളാണ്. കാലം, വ്യക്തി, സാഹചര്യം എന്നിവക്ക് അനുസരിച്ച് അതിന്‍റെ നിയമങ്ങളില്‍ മാറ്റം വരുന്നു. ധനികനും ദരിദ്രനും, ആരോഗ്യവാനും രോഗിക്കും, ഇസ്‌ലാമിക ഭരണമുള്ള രാജ്യത്ത്‌ ജീവിക്കുന്നവനും അത്‌ ഇല്ലാത്തിടത്ത് ജീവിക്കുന്നവനും, യാത്രക്കാരനും ദേശവാസിക്കും, സ്ത്രീക്കും പുരുഷനും ഇസ്‌ലാമിക   നിയമങ്ങളില്‍ വിത്യാസമുണ്ട്. ഉറങ്ങുന്നവർ, പ്രായ പൂര്‍ത്തി ആകാത്തവർ, ബോധം ഇല്ലാത്തവർ, ബുദ്ധി ഇല്ലാത്തവർ, ഭ്രാന്തന്മാര്‍ എന്നിവരെ ഇസ്‌ലാം പ്രത്യേകം പരിഗണിക്കുന്നു. 

10) പ്രകൃതി, പ്രാപഞ്ചിക നിയമങ്ങള്‍, ശാസ്ത്രം, ചരിത്രം, മാനവികത, സാമൂഹ്യ താല്‍പര്യം, മനുഷ്യ പ്രകൃതി.... തുടങ്ങിയവക്ക് വിരുദ്ധമായ ഒരു അധ്യാപനവും ഇസ്‌ലാമിൽ ഇല്ല. ഇസ്‌ലാം അന്ധ വിശ്വാസങ്ങളും ദുരാചാരങ്ങളും പഠിപ്പിക്കുന്നില്ല.

11) ഇസ്‌ലാം മിതത്വത്തിന്റെ മതമാണ്. അലസതക്കും തീവ്രതക്കും മദ്ധ്യേയാണ് അതിന്റെ സ്ഥാനം. അതില്‍ ഭൌതികതയെ മുഴുവന്‍ ത്യജിച്ചുള്ള സന്ന്യാസവും ഭൌതികതയെ മുഴുവന്‍ പുണര്‍ന്നുള്ള തോന്ന്യാസവുമില്ല. ലൗകിക സുഖങ്ങൾക്ക്  അടിമയാകുന്നതും ലൗകിക സുഖങ്ങളിൽ നിന്നുള്ള സമ്പൂർണ്ണ വിരക്തിയും അതു വിലക്കുന്നു.

12) ഇസ്‌ലാം എല്ലാ നന്മകളും കല്പിച്ചിരിക്കുന്നു. എല്ലാ തിന്മകളും വിരോധിച്ചിരിക്കുന്നു. നന്മകളിൽ മുഴുകുന്തോറും മാനസിക സുഖവും സംതൃപ്തിയും സന്തോഷവും വർധിക്കുന്നു, തിന്മകളിൽ മുഴുകുന്തോറും അസ്വസ്ഥതകളും മനസ്സാക്ഷി കുത്തും ഖേദവും വർധിക്കുന്നു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

13) അസ്തിത്വ ദുഃഖത്തിനും ദാർശനിക പ്രതിസന്ധിക്കും ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ല. ഇസ്‌ലാം പുണർന്നവന് അനിശ്ചിതത്വങ്ങൾ ഒട്ടുമില്ല. സമയം പാഴാക്കാതെ സൽക്കർമങ്ങൾ ചെയ്ത് സ്വസ്ഥതയിലേക്കും സമാധാനത്തി ലേക്കും അനശ്വര സ്വർഗ്ഗത്തിലേക്കും മുന്നേറാനാണ്  ഇസ്‌ലാം പഠിപ്പിക്കുന്നത്. 

14) ഇസ്‌ലാം സാർവ ലൗകികമാണ്, ഏഴു ഭൂഖണ്ഡങ്ങളിലുള്ള കറുത്തവനും വെളുത്തവനും ജിന്നുകളും മലക്കുകളും അതിനെ പുണർന്നു ജീവിക്കുന്നു. സകല രാജ്യങ്ങളിൽ നിന്ന്  ഉള്ളവരും വേർ തിരിവുകൾ ഇല്ലാതെ വർഷാവർഷം ഹജ്ജിനു വേണ്ടി മക്കയിൽ ഒത്തു ചേരുന്നു.  

15) ഇസ്‌ലാം സാർവ കാലികമാണ്. ഏഴാം നൂറ്റാണ്ടിലെ കാട്ടറബിയും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ പരിഷ്കൃത നഗരവാസിയും ഇസ്‌ലാമിനെ പുണർന്നു ജീവിക്കുന്നു. ആർക്കും മനസ്സിലാവുന്ന വിധം ലളിതമാണ് അതിന്റെ അടിസ്ഥാന പാഠങ്ങൾ.

16) ഇസ്‌ലാം മനുഷ്യരിലെ ഉച്ഛനീചത്വങ്ങളെ വിലക്കുന്നു. അയിത്തവും തൊട്ടു കൂടായ്മയും തീണ്ടി ക്കൂടായ്മയും ജാതി വിവേചനവും വർണ്ണ വിവേചനവും മാടമ്പിത്തവും പ്രമാണിത്തവും മുതലാളിത്തവും സാമ്രാജ്യത്വവും പൗരോഹിത്യവും കോളനി വൽക്കരണവും സ്ത്രീ വിരുദ്ധതയും ഇസ്‌ലാമിൽ ഇല്ല.  മനുഷ്യ നിർമ്മിത നിയമങ്ങൾക്ക് അടിമയാകുന്നത് അവസാനിപ്പിച്ചു മനുഷ്യരെല്ലാം  സമത്വത്തോടെ ദൈവത്തിന്റെ അടിമകൾ ആകണമെന്നാണ് ഇസ്‌ലാം പറയുന്നത്. 

അൻസാർ അലി നിലമ്പൂർ

5 June 2018

ഇസ്‌ലാമിന്റെ സ്ട്രക്ച്ചറും സങ്കീർണ്ണതയും

വിശുദ്ധ ഖുര്‍ആന്‍, പതിനായിര കണക്കിന് ഹദീസുകള്‍ , ഒരുപാട്  വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങള്‍ , തഫ്സീറുകള്‍ , ഹദീസ് വ്യാഖ്യാനങ്ങള്‍, ഫിഖ് ഹ് കിതാബുകള്‍ , ചരിത്ര ഗ്രന്ഥങ്ങള്‍, ഫതവാ കിതാബുകള്‍, മദ്ഹബുകള്‍, നൂറു കണക്കിന് ഇമാമുകള്‍... എല്ലാം കൂടി ഇസ്ലാം നീണ്ടും പരന്നും ഇന്ന്  ഒരാള്‍ക്കും തന്‍റെ ആയുസുകൊണ്ട്  കൈപിടിയില്‍ ഒതുക്കാനാവാതെ വിശാലമായങ്ങനെ കിടക്കുകയാണ്. 

കേരളത്തിലെ ചില ഉന്നത ഇസ്ലാമിക കലാലയങ്ങളിലെ ഗ്രന്ഥ ശേഖരങ്ങള്‍ കാണാനും  ഉപയോഗിക്കാനും  എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല അറബിക് ആന്‍ഡ്‌ ഇസ്ലാമിക് റിസര്‍ച്ചിന് വേണ്ടി അംഗീകരിച്ച കേരളത്തിലെ ഒരേയൊരു ഗ്രന്ഥ ശാലയ്ക്ക് സമീപം കുറച്ചു കാലം താമസിച്ചു അതിനെ ഉപയോഗിച്ചിട്ടുണ്ട്.   ഇടയ്ക്കിടെ  ആ ഗ്രന്ഥ ശാലയ്ക്ക് മുന്നില്‍ ചെന്ന് എന്‍റെ നിസാരത എന്നെ  ബോധ്യപ്പെടുത്താറുണ്ട്. ഒരു കൈവിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങളുടെ ബന്ധമേ ഞാനും ഇസ്ലാമിക കിത്താബുകളും തമ്മിലുള്ളൂ. എന്നാല്‍ അതുവെച്ച് കണക്കു കൂട്ടുമ്പോള്‍ തന്നെ ഒരു പുരുഷായുസ് കൊണ്ട് കിതാബുകളില്‍ നിന്ന് ഇക്കാലത്ത് ഒരാള്‍ക്ക്‌ എന്ത് നേടാന്‍ കഴിയുമെന്ന്  ഗ്രഹിക്കാം. 

വിഷയങ്ങളെ തലനാരിഴ കീറുന്നത് പോലെ സൂക്ഷമമായി ചര്‍ച്ച ചെയ്യപ്പെട്ട ഇസ്ലാം പോലെ ഒരുമതം ലോകത്ത് വേറെ ഉണ്ടെന്നു തോന്നുന്നില്ല. അതിലൊക്കെ നൂറു കണക്കിന് കിത്താബുകളും ഉണ്ട്.  ഇങ്ങനൊക്കെ  നോക്കുമ്പോള്‍ ഇസ്ലാം വളരെ സങ്കീര്‍ണ്ണമാണ് എന്നൊരു തോന്നല്‍ എനിക്ക് ഉണ്ടായിരുന്നു. എന്നെ പോലെയുള്ള സാധാരണക്കാര്‍ക്ക് അങ്ങനെ ഒരു തോന്നല്‍ ഉണ്ടാകല്‍ സ്വാഭാവികമാണ്. എല്ലാം കൂടി കൈപിടിയില്‍ ഒതുക്കാനാവില്ലെന്നും കഴിയുന്നത്ര നേടുക എന്ന പോളിസിയെ നടക്കൂ എന്നും മനസിലാക്കിയപ്പോള്‍ മനസിനെ ബാധിച്ചിരുന്ന ആ സങ്കീര്‍ണ്ണത മാറിക്കിട്ടി.

മുകളില്‍ പറഞ്ഞത് ഇസ്ലാമിന്‍റെ സങ്കീര്‍ണ്ണ മുഖമാണ്. സാധാരണ മുസ്ലീങ്ങള്‍ക്ക് അതിലൊന്നും ഇടപെടാനും കഴിയില്ല, എല്ലാവരും ഇടപെടണമെന്ന് ഇസ്ലാം പറയുന്നുമില്ല, സങ്കീര്‍ണ്ണത കണ്ട് സാധാരണക്കാരന്‍ അന്തം വിട്ടു നില്‍ക്കേണ്ടതും ഇല്ല. പല വിഭാഗത്തില്‍ പെട്ട അറിവുള്ളവര്‍ എന്ന് കരുതപ്പെടുന്നവരുടെ ബയാനുകളും കിത്താബുകളും കേള്‍ക്കുകയും വായിക്കുകയും ചെയ്യുക, നിത്യ ജീവിതത്തില്‍ ദീനിന് റോള്‍ ഉണ്ടെന്നു സംശയം തോന്നുന്ന ഏതൊരു പ്രശ്നവും യോഗ്യരാണ്‌ എന്ന് തോന്നുന്ന രണ്ടോ മൂന്നോ അറിവുള്ളവരോട് ചോദിക്കുക, അവരില്‍ ആരാണോ തീര്‍ത്തും തഖവ സ്ഫുരിക്കുന്ന അഭിപ്രായം പറയുന്നത് അത് സ്വീകരിക്കുക, പ്രവര്‍ത്തിക്കുക , ഇതോടെ സാധാരണക്കാരന്‍റെ കാര്യം കഴിഞ്ഞു. ഇതാണ് ഇസ്ലാമിന്‍റെ ലളിതമായ മുഖം. ഇതിനപ്പുറം, ഒരു ഖുര്‍ആന്‍ വചനമോ ഒരു ഹദീസോ ഏതെങ്കിലും മാസികയില്‍ നിന്നോ വീക്കിലിയില്‍ നിന്നോ തൂക്കിയെടുത്ത് അതിനെ സ്വന്തം ബുദ്ധിയില്‍ ചാലിച്ച് മതവിധി ഉണ്ടാക്കിയെടുത്ത് സാധാരണക്കാര്‍ തമ്മില്‍ തര്‍ക്കം നടത്തുന്നത് തീരെ ഇസ്ലാമികമായ സ്വഭാവമല്ല. ഞങ്ങള്‍ക്ക് ഇങ്ങനെ തര്‍ക്കിക്കാനുള്ള  യോഗ്യതയുമില്ല  അവകാശവുമില്ല  എന്ന ബോധം പോലും  ഇല്ലാത്തത്  ദയനീയമാണ്.  

നമ്മള്‍ സാധാരണക്കാര്‍  ആദ്യം  ചെയ്യേണ്ടത്  ദീനിന്‍റെ സ്ട്രക്ചര്‍  മുറുകെ പിടിക്കലാണ്.   ബുഖാരിയിലും മുസ്ലിമിലുമുള്ള ഹദീസ് പ്രകാരം ജിബ്രീലും മുഹമ്മദ് നബി(സ)യും കൂടി ചോദ്യോത്തര ശൈലിയില്‍ സ്വഹാബതിനു പഠിപ്പിച്ചു കൊടുത്ത ദീനിന്‍റെ ഒരു സ്ട്രക്ചര്‍  ഉണ്ടല്ലോ. അത് മുറുകെ പിടിക്കുക. ബാക്കിയെല്ലാം അതിന്‍റെ പിന്നാലെ വരുന്നതാണ്. ആ ലളിതമായ ദീന്‍ വളരെ സുന്ദരമായ ഒരു ഉപമയില്‍ കൂടി റസൂല്‍(സ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അതൊരു വീടിന്‍റെ ഉപമയാണ്. ആ വീടിനു മൂന്നു ഭാഗങ്ങളാണെന്ന് റസൂലുള്ള  നമ്മെ പഠിപ്പിച്ചു.  തറ,  തൂണുകള്‍ , മേല്‍ക്കൂര എന്നീ മൂന്നു ഭാഗങ്ങളാണ്അത്.   ഇസ്ലാമാകുന്ന വീടിന്‍റെ തറ ഈമാനാണ്. അത് ഏറ്റവും പ്രധാനപ്പെട്ട ആറു വിശ്വാസ കാര്യങ്ങളില്‍ വിശ്വസിക്കലാണെന്ന് റസൂല്‍(സ) ജിബ്രീലിനെ അറിയിച്ചു. ആ തറക്കു മുകളിലാണ് ഇസ്ലാമാകുന്ന വീടിന്‍റെ അടുത്ത ഭാഗമായ അഞ്ചു തൂണുകള്‍ നാട്ടപ്പെടുന്നത്. നാലു മൂലയില്‍ ഓരോ തൂണും നടുവില്‍ ഒരു തൂണും. ആ തൂണുകള്‍ ശഹാദത്തും നമസ്കാരവും സകാത്തും നോമ്പും ഹജ്ജുമാണ്. പിന്നെ വരുന്ന ഭാഗം മേല്‍ക്കൂരയാണ്. അതാണ്‌ ഇഹ്സാന്‍. ഇഹ്സാനാകുന്ന മേല്‍ക്കൂര തൂണുകള്‍ക്കും തറക്കും മേല്‍ പരന്നു നില്‍ക്കുന്നു. ആറു വിശ്വാസ കാര്യങ്ങളും അഞ്ചു കര്‍മ്മ കാര്യങ്ങളും അല്ലാഹുവിനെ മുന്‍നിര്‍ത്തി, അവന്‍റെ പ്രീതി മാത്രം ഉദ്ദേശിച്ചു, അല്ലാഹുവിനെ കാണുന്നപോലെ അവന്‍ തന്നെ കാണുന്നുവെന്ന ബോധത്തോടെ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യലാണ് ഇഹ്സാന്‍. 

വീട്ടുടമ വീടിന്‍റെ നിലനില്‍പ്പിനെ ബാധിക്കുന്നതൊന്നും ചെയ്യാനും പാടില്ല. അങ്ങനെ ആകുമ്പോള്‍ മാത്രമേ വീടിന്‍റെ സുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ വീട്ടുടമക്ക് സുരക്ഷിതനാകാന്‍ കഴിയൂ. വീട്ടുടമ മഹാപാപങ്ങളില്‍   ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ചാല്‍ അവന്‍റെ വീടാകുന്ന ദീന്‍ അപകടത്തിലാകുന്നു.   അതാണ്‌ റസൂല്‍(സ) പഠിപ്പിച്ച നാശകരങ്ങളായ  മഹാപാപങ്ങള്‍ (മൂബികാത്). "നാശകരങ്ങളായ" എന്ന വാക്ക് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ദീനാകുന്ന വീടിനെ നശിപ്പിക്കുന്നത് എന്നര്‍ത്ഥം. അല്ലാഹുവിനോട് ശിര്‍ക്ക് ചെയ്യല്‍, സിഹ്രു ചെയ്യല്‍, മനുഷ്യ വധം, പലിശ ഭക്ഷിക്കല്‍, യതീമിന്‍റെ സ്വത്തു ഭുജിക്കല്‍, യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞു ഓടല്‍, പരിശുദ്ധകളായ സ്ത്രീകള്‍ക്ക് നേരെ ആരോപണം ഉന്നയിക്കല്‍ എന്നിവ  പോലെയുള്ള പാപങ്ങള്‍ .

മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ മാത്രമല്ല ഇസ്ലാമെന്ന് നമുക്കറിയാം. എന്നാല്‍ അതാണ്‌ ഇസ്ലാമിന്‍റെ ലളിതമായ മുഖം. തറ നിര്‍മ്മിച്ച്‌ അതിന്മേല്‍ അഞ്ചു തൂണും നാട്ടി അതിന്മേല്‍ മേല്‍ക്കൂരയും ഉണ്ടാക്കി , ഇത്രയും ചെയ്‌താല്‍ നമ്മളാരും വീടുപണി നിര്‍ത്താറില്ല. നമ്മുടെ കഴിവനുസരിച്ച് നാം വീണ്ടും വീട്ടില്‍ സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കും. അതുപോലെ തന്നെയാണ് ദീനാകുന്ന വീടിന്‍റെ അവസ്ഥയും. സ്ട്രക്ചര്‍ ഇല്ലാതെ ഒരു വീടുമില്ല. ദീനിന്‍റെ സ്ട്രക്ചര്‍ ആദ്യം ശരിയാക്കുകയും അത് സ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യണം. അല്ലാഹുവിന്‍റെ ചോദ്യങ്ങളെ നേരിടാന്‍ ഒരു സ്ട്രക്ചര്‍ എങ്കിലും നമ്മുടെ അടുക്കല്‍ ഉണ്ടാകണമല്ലോ. ഇങ്ങനെയൊരു സ്ട്രക്ചര്‍  ഉണ്ടെന്നു ബോധ്യപ്പെടാന്‍  താഴെ കൊടുക്കുന്ന ഹദീസ് മതിയാകും.  സ്വര്‍ഗമുണ്ടെന്നു സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട ഒരു സ്വാഹാബിയുടെ കാര്യം നോക്കൂ.

ത്വൽഹ(റ) പറയുന്നു: "നജ്ദ് വാസികളിൽപെട്ട ഒരു മനുഷ്യൻ റസൂൽ(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം കേൾക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതു വരെ അയാൾ പറയുന്നതെന്തെന്ന്‌ ഞങ്ങൾക്ക്‌ മനസ്സിലായില്ല. അങ്ങനെ അയാൾ ഇസ്ലാമിനെ ക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കൽ.  ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്‍റെ പേരിലുണ്ടോ എന്ന്‌ അയാൾ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കിൽ അതൊഴികെ.   പിന്നീട്‌ നബി(സ) അരുളി: റമദാൻ മാസത്തിൽ നോമ്പ്‌ അനുഷ്ഠിക്കേണ്ടതാണ്‌. അദ്ദേഹം ചോദിച്ചു: അതല്ലാതെ മറ്റു വല്ലനോമ്പും എന്‍റെ ബാധ്യതയിലുണ്ടോ?. നബി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ്‌ അനുഷ്ഠിക്കുന്നെങ്കില്‍  മാത്രം മതി. ശേഷം നബി(സ) അയാളോട്‌ സകാത്തിനെക്കുറിച്ച്‌ പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു: ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ?   നബി (സ) അരുളി: "ഇല്ല. ഔദാര്യമായി നീ വല്ലതും നൽകുകയാണെങ്കിൽ മാത്രം". സംഭാഷണം കഴിഞ്ഞശേഷം അയാൾ അവിടം വിട്ടു. പോകുമ്പോള്‍  അയാൾ   പറയുന്നുണ്ടായിരുന്നു, "അല്ലാഹു സത്യം, ഞാൻ ഇതിൽ വർദ്ധിപ്പിക്കുകയോ കുറക്കുകയോ ഇല്ല". അപ്പോള്‍ നബി(സ)  പറഞ്ഞു: "അയാൾ പറഞ്ഞത്‌ സത്യമാണെങ്കിൽ അയാൾ വിജയിച്ചുകഴിഞ്ഞു" (ബുഖാരി)

നോക്കൂ, വളരെ പ്രാഥമികമായ നമ്മുടെ ദീനിന്‍റെ സ്ട്രക്ചര്‍ പരിപാലിച്ചാല്‍ തന്നെ നമുക്ക് പരലോകത്ത്  വിജയിക്കാം എന്നല്ലേ മേല്‍ ഹദീസ് കാണിക്കുന്നത്.....

അന്‍സാര്‍  അലി നിലമ്പൂര്‍.

16 November 2017

എന്താണ് ഇസ്‌ലാം..?


ദൈവത്തിൽ നിന്ന് മനുഷ്യർക്കും മറ്റു ജീവ ജാലങ്ങൾക്കും ഉള്ള മാർഗ ദർശനം എന്ന് ലളിതമായി ഇസ്ലാമിനെ നിർവചിക്കാം. ഇസ്‌ലാം വെറുമൊരു സാമ്പ്രദായിക മതമല്ല. സമഗ്ര ജീവിത പദ്ധതിയും സാമൂഹ്യ വ്യവസ്ഥ യുമാണ്. വ്യക്തിയുടെയും സമൂഹ ത്തിന്‍റെയും വിശ്വാസ- സ്വഭാവ- കര്‍മ്മങ്ങളെ നിയന്ത്രിച്ചു കൊണ്ട് ഭൂമിയിൽ ശാന്തി പരത്തുക എന്നതാണ് ഇസ്ലാമിന്റെ പ്രധാന ലക്ഷ്യം. മനുഷ്യന്‍റെ ആത്മാവിനെയും ശരീരത്തെയും ഇസ്‌ലാം പരിഗണിക്കുന്നു. മരണ ശേഷമുള്ള മനുഷ്യന്റെ അവസ്ഥ കൃത്യമായി ഇസ്‌ലാമിൽ പ്രതിപാദി ച്ചിരിക്കുന്നു. ഇസ്‌ലാം എന്ന വാക്കിന്‍റെ അര്‍ത്ഥം സമര്‍പ്പണം, കീഴൊതുങ്ങല്‍ എന്നൊക്കെ യാണ്. മനുഷ്യന്‍ പ്രപഞ്ച ദൈവമായ അല്ലാഹുവിന്റെ മാർഗ ദർശനത്തിനു കീഴൊതുങ്ങി വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും സമാധാന പൂർണ്ണമാക്കുക എന്നർത്ഥം.

ഞാനാണ് ഇസ്‌ലാമിന്റെ സ്ഥാപകന്‍ എന്ന് മനുഷ്യരാരും ഇന്നുവരെ അവകാശ പ്പെട്ടിട്ടില്ല. ഇസ്‌ലാമിന്റെ സ്ഥാപകനായി ഇസ്‌ലാം പഠിപ്പിക്കുന്നത് ദൈവത്തെ മാത്രമാണ്. അറിവില്ലാതെ ചിലര്‍ ആ പദവി മുഹമ്മദ്‌ നബിക്ക്‌ നല്‍കാറുണ്ട്. അതു ശരിയല്ല. മുഹമ്മദ് നബിക്കു മുമ്പും ശേഷവും ഇസ്ലാമുണ്ട്. ദൈവം മനുഷ്യര്‍ക്ക് വേണ്ടി അവതരിപ്പിച്ച മാർഗ ദർശനം ഇസ്ലാം ആയതു കൊണ്ട് ദൈവത്തിന്റെ അടുക്കല്‍ സ്വീകാര്യമായ ഏക മതം ഇസ്ലാമാണ് എന്ന് അത് പഠിപ്പിക്കുന്നു .   മറ്റു മതങ്ങളെല്ലാം മനുഷ്യര്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഉണ്ടാക്കിയതാണ് എന്നും പൗരോഹിത്യം അതില്‍ പ്രധാന പങ്കു വഹിച്ചി ട്ടുണ്ടന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.

ഇസ്‌ലാമിനെ ദൈവം മനുഷ്യർക്കായി  അവതരിപ്പിച്ചത് പ്രവാചകരില്‍ കൂടിയാണ്. വിവിധ കാലങ്ങളില്‍, വിവിധ സമൂഹ ങ്ങളിലേക്ക് ഒരു ലക്ഷത്തി ഇരുപത്തി നാലായിര ത്തോളം പ്രവാചകരെ ദൈവം മനുഷ്യരുടെ കൂട്ടത്തില്‍ നിന്നു തെരഞ്ഞെടുത്തു അവർക്ക് ഇസ്ലാമിനെ ബോധനമായി നല്‍കി മനുഷ്യര്‍ ക്കിടയില്‍ പ്രബോധനം ചെയ്യാന്‍ നിയോഗിച്ചു. പ്രവാചകരെല്ലാം മനുഷ്യരിലെ പരിശുദ്ധ രായിരുന്നു. അവരില്‍ ആദ്യ പ്രവാചകന്‍ ആദമും അവസാന പ്രവാചകന്‍ മുഹമ്മദു നബിയുമാണ്. മുഴുവന്‍ പ്രവാചക രെയും ഇസ്‌ലാം ഒരു പോലെ അംഗീകരിക്കുന്നു. അംഗീകര ണത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് ഇടയിൽ വിവേചനം കാണിക്കുന്നില്ല. 

പ്രവാചകന്മാര്‍ ദൈവത്തിൽ നിന്ന് ബോധനമായി ലഭിച്ച ഇസ്ലാമിനെ മനുഷ്യര്‍ക്ക്‌ പഠിപ്പിച്ചു കൊടുത്തു. അതിലവര്‍ ഒരു വീഴ്ചയും വരുത്തിയില്ല. മനുഷ്യ സമൂഹത്തിന്‍റെ ചോദനകള്‍ വളരുന്നത്‌ അനുസരിച്ച് ഇസ്‌ലാമിക നിയമങ്ങളില്‍ കാലാ കാലങ്ങളില്‍ ദൈവം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആ മാറ്റങ്ങളും പ്രവാചകര്‍ മനുഷ്യരെ പഠിപ്പിച്ചു. മുഹമ്മദു നബിയോടെ ഇസ്‌ലാം പൂര്‍ത്തീ കരിക്കപ്പെട്ടു. മുഹമ്മദു നബിക്കു ശേഷം പുതിയൊരു പ്രവാചകനെ ദൈവം നിയോഗി ക്കുന്നതല്ല. ലോകാ വസാനം വരെയുള്ള സകല മനുഷ്യരും മുഹമ്മദ്‌  നബിയെ പ്രവാചകനായി അംഗീകരി ക്കാന്‍ ബാധ്യസ്ഥരാണ് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. 

ദൈവം ഇസ്‌ലാമിനെ അവതരിപ്പിച്ചത് പ്രവാചകര്‍ക്കു നല്‍കപ്പെട്ട ഗ്രന്ഥങ്ങളില്‍ കൂടിയുമാണ്‌. അവ ഒന്നില ധികമുണ്ട്. അവയെല്ലാം   ഇസ്‌ലാം അംഗീകരിക്കുന്നു. പക്ഷേ അവസാന വേദ ഗ്രന്ഥമായ ഖുര്‍ആന്‍ ഒഴികെ മറ്റെല്ലാം മനുഷ്യരുടെ കൈകട ത്തലുകള്‍ക്ക് വിധേയമായി എന്നതു ചരിത്രമാണ്. ഖുർആൻ അല്ലാത്ത വേദ ഗ്രന്ഥങ്ങളുടെ ദൈവികത ഭാഗികമായി നഷ്ടമായിരിക്കുന്നു എന്നർത്ഥം. ഒരു ഗ്രന്ഥത്തിലെ നിയമത്തെ അടുത്ത ഗ്രന്ഥത്തിലൂടെ ദൈവം ഭേദഗതി ചെയ്തിട്ടുമുണ്ട്. എല്ലാ വേദ ഗ്രന്ഥ ങ്ങളിലെയും ഭേദഗതികളും കൈ കടത്തലുകളും വ്യക്തമാക്കേണ്ടത് അവസാന വേദ ഗ്രന്ഥം ആണല്ലോ.   ഖുര്‍ആന്‍ മുന്‍ വേദങ്ങളിലെ മുഴുവന്‍ നിയമങ്ങളും തത്ത്വങ്ങളും ഉള്‍ക്കൊള്ളുന്നു. ലോകാവസാനം വരെ കൈകടത്ത ലുകള്‍ക്ക് വിധേയ മാകാത്ത രൂപത്തില്‍ ഖുര്‍ആന്‍ സംരക്ഷിക്കപ്പെടും എന്ന് അല്ലാഹു ഖുര്‍ആനില്‍ ഉറപ്പ് പറഞ്ഞിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ മനുഷ്യര്‍ അവസാന ഗ്രന്ഥമായ ഖുർആൻ സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

ഇസ്‌ലാം ഇഹത്തിലും പരത്തിലും മനുഷ്യരുടെ ശാരീരിക മാനസിക സുഖം ലക്ഷ്യമാക്കുന്നു. നന്‍മ ചെയ്തവര്‍ക്ക് ഇഹലോകത്തും പരലോകത്തും അല്ലാഹു അനുഗ്രഹങ്ങൾ പ്രതിഫലമായി നല്‍കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. പരലോകത്തെ പ്രതിഫലം അല്ലാഹുവിന്റെ  പ്രീതിയും അനശ്വര സ്വര്‍ഗവുമാണ്. തിന്‍മ ചെയ്തവര്‍ക്ക്‌ അല്ലാഹു ഇഹലോകത്തും പരലോകത്തും ശിക്ഷകൾ നല്‍കുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. പരലോകത്തെ ശിക്ഷ അല്ലാഹുവിന്‍റെ കോപവും ശാപവും നരക വാസവുമാണ്. 

ഇസ്‌ലാം സമഗ്രമായ ഒരു ജീവിത വ്യവസ്ഥയും സാമൂഹ്യ വ്യവസ്ഥയുമാണ് പഠിപ്പിക്കുന്നത്. മനുഷ്യ ജീവിതത്തിന്‍റെ എല്ലാ വശങ്ങളെയും അതു സ്പര്‍ശിക്കുന്നു. സമൂഹത്തിന്‍റെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ട നിയമങ്ങള്‍ അതു പ്രദാനം ചെയ്യുന്നു. നിലവാരമുള്ള സമൂഹം നിലവാരമുള്ള വ്യക്തികളില്‍ കൂടിയാണല്ലോ ഉണ്ടാകുന്നത്. അതിനാൽ വ്യക്തി ജീവിതം സംസ്കരിക്കുന്നതില്‍ ഇസ്‌ലാം പ്രത്യേക ഊന്നല്‍ നല്‍കുന്നു. വ്യക്തിയുടെ  വിശ്വാസ സ്വഭാവ കര്‍മ  മേഖലകളെ അത് പ്രത്യേകം ഉന്നം വെക്കുന്നു. അവയെ പറ്റി വളരെ ചുരുക്കി പറയാം.

അല്ലാഹു, മാലാഖമാര്‍, വേദ ഗ്രന്ഥങ്ങൾ, പ്രവാചകന്‍മാര്‍, അന്ത്യദിനം, ദൈവ വിധി എന്നിവയില്‍ വിശ്വസിക്കാനാണ് പ്രധാനമായും ഇസ്‌ലാം കല്‍പിക്കുന്നത്. അവയില്‍ പ്രധാനം അല്ലാഹുവിലുള്ള വിശ്വാസം തന്നെ. അല്ലാഹു ഏകനും അതുല്യനും സര്‍വ ശക്തനും പരമ കാരുണ്യവാനും സര്‍വജ്ഞനും സര്‍വ സൃഷ്ടാവും സംരക്ഷകനും സംഹാരകനും  ആണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതിനാല്‍ അല്ലാഹു മാത്രമാണ് ആരാധനകള്‍ക്ക് അര്‍ഹന്‍ എന്ന് ഇസ്‌ലാം ഊന്നി പറയുന്നു. അല്ലാഹു അല്ലാത്ത വയെല്ലാം അവന്‍റെ സൃഷ്ടികളാണ്. അല്ലാഹുവിന്‍റെ വിധിയെ സ്വാധീനിക്കാന്‍ ഒരു സൃഷ്ടിക്കും അവന്‍റെ അടുക്കല്‍ അധികാരമോ അവകാശമോ ഇല്ല. 

അല്ലാഹു ആരുടേയും പിതാവോ മാതാവോ അല്ല. അവനു പുത്രനുമില്ല പുത്രിയുമില്ല. അവൻ ഭൂമിയില്‍ ഒന്നിന്‍റെയും രൂപത്തില്‍ അവതരിക്കുകയില്ല. ആരാധനകളും അല്ലാഹുവിന്‍റെ ഗുണ നാമങ്ങളും സൃഷ്ടികള്‍ക്ക് വകവെച്ചു കൊടുക്കല്‍ ദൈവീക വീക്ഷണത്തിൽ കടുത്ത പാപമാണ്. സൃഷ്ടി പൂജയെ ഇസ്‌ലാം കഠിനമായി വിരോധിക്കുന്നു. ആരാധനയുടെ സകല രൂപങ്ങളും സൃഷ്ടാവായ അല്ലാഹുവിനു മാത്രം നല്‍കാന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണ്. കൃഷ്ണന്‍, ബുദ്ധന്‍, യേശു, മുഹമ്മദ്‌ നബി...  തുടങ്ങിയ മഹാന്മാരെല്ലാം ദൈവ സൃഷ്ടികളാണ്. അവര്‍ ആരാധനയുടെ  അംശം പോലും അര്‍ഹിക്കുന്നില്ല എന്നൊക്കെ ഇസ്ലാം പഠിപ്പിക്കുന്നു. അന്ധ വിശ്വാസങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാനും ഇസ്‌ലാം   കല്‍പ്പിക്കുന്നു.

ഇസ്‌ലാം മനുഷ്യനോട് നിര്‍ദേശിക്കുന്ന സല്‍ സ്വഭാവങ്ങളില്‍ പ്രധാനമായവ അല്ലാഹു വിനോടുള്ള സ്നേഹം, ഭയം,നന്ദി, പശ്ചാത്താപം, ഭക്തി, ലജ്ജ, അല്ലാഹുവിന്‍റെ സഹായത്തിലുള്ള പ്രതീക്ഷ.... തുടങ്ങിയവയാണ്. മനുഷ്യന്‍ അപരനോട് പുലര്‍ത്തേണ്ട ഉത്തമ സ്വഭാവങ്ങളായി ഇസ്‌ലാം കല്‍പിക്കുന്നത് വിനയം, ദയ, ഗുണ കാംക്ഷ, വിട്ടുവീഴ്ച, സൗമ്യത, നീതി.....   തുടങ്ങിയവയാണ്. സത്യ നിഷേധം, ബഹുദൈവ വിശ്വാസം, ധിക്കാരം, അഹങ്കാരം, കാപട്യം, അസൂയ, പിശുക്ക്, അലസത, നിരാശ.... തുടങ്ങിയ ദുസ്വഭാവങ്ങള്‍ ഇസ്‌ലാം മനുഷ്യന് നിരോധിച്ചിട്ടുണ്ട്. 

ഇസ്‌ലാം മനുഷ്യനോട് അനു ശാസിക്കുന്ന കര്‍മങ്ങളില്‍ പ്രധാനം നമസ്കാരം, ദാനം, വ്രതം, തീര്‍ഥാടനം.... എന്നിവയാണ്. മാതാ പിതാക്കളെ സംരക്ഷിക്കല്‍, അയല്‍ വാസിയെ സഹായിക്കല്‍, ധര്‍മ്മത്തിനു വേണ്ടിയുള്ള യുദ്ധം എന്നിങ്ങനെ   മറ്റനേകം നന്മകളും ഇസ്‌ലാം കൽപ്പി ക്കുന്നു.  ഇസ്‌ലാം വിലക്കുന്ന ദുഷ് കര്‍മങ്ങളില്‍ ഗുരുതരമായവ സൃഷ്ടികളെ ആരാധിക്കല്‍, ദൈവീക നിയമങ്ങൾക്ക് എതിരായ നിയമങ്ങളെ അനുസരിക്കൽ സൃഷ്ടികളോട് പ്രാര്‍ഥിക്കല്‍,.... തുടങ്ങിയവയാണ്. 

ആഭിചാരം ചെയ്യല്‍, പലിശ കൊടുക്കലും വാങ്ങലും, കൊല പാതകം, കള്ള സാക്ഷ്യം പറയല്‍....   തുടങ്ങിയവ ഇസ്‌ലാം വന്‍ പാപങ്ങളായി പഠിപ്പിക്കുന്നു. ഇവയെ കുറിച്ചെല്ലാം     ഇസ്ലാമിൽ നിന്നു പഠിച്ചു മനസിലാക്കല്‍ എല്ലാ മനുഷ്യർക്കും നിര്‍ബന്ധമാണ്. ഖുര്‍ആനും അതിനെ ജീവിതം കൊണ്ട് വ്യാഖ്യാനിച്ച മുഹമ്മദ് നബിയുടെ ജീവിത ചര്യയുമാണ്‌ അതിനുള്ള സ്രോതസുകൾ. അവ മുഴുവന്‍ പഠിച്ച പണ്ഡിതരുടെ വിശദീകരണ ത്തോടെ വേണം അവയെ മനസ്സിലാക്കാന്‍. 

ഫ്ലെക്സിബിലിറ്റി  ഇസ്ലാമിന്റെ   പ്രത്യേകതയാണ്. കാലം, വ്യക്തി, സാഹചര്യം എന്നിവക്ക് അനുസരിച്ചു അതിന്‍റെ നിയമങ്ങളില്‍ മാറ്റം വരുന്നു. ധനികനും ദരിദ്രനും ചില നിയമങ്ങളില്‍ വ്യത്യാസമുണ്ട്. യുവാവിനും വൃദ്ധനും, ആരോഗ്യ മുള്ളവനും രോഗിക്കും, ഇസ്‌ലാമിക ഭരണമുള്ള രാജ്യത്ത്‌ ജീവിക്കുന്നവനും അത്‌ ഇല്ലാത്തിടത്ത് ജീവിക്കുന്നവനും, യാത്രക്കാരനും ദേശവാസിക്കും, സ്ത്രീക്കും പുരുഷനും നിയമങ്ങളില്‍ വിത്യാസമുണ്ട്. ഉറങ്ങുന്നവന്‍, പ്രായ പൂര്‍ത്തി ആയിട്ടില്ലാത്ത കുട്ടികള്‍, ബോധ മില്ലാത്തവന്‍, ബുദ്ധിയി ല്ലാത്തവന്‍, ഭ്രാന്തന്മാര്‍ എന്നിവര്‍ക്ക് ഇസ്‌ലാമിക നിയമങ്ങളിൽ ഇളവുണ്ട്. 

പ്രകൃതി, പ്രാപഞ്ചിക നിയമങ്ങള്‍, ശാസ്ത്രം, ചരിത്രം, മാനവികത, സാമൂഹ്യ താല്‍പര്യം, മനുഷ്യ പ്രകൃതി തുടങ്ങിയവക്ക് വിരുദ്ധമായ ഒരു നിയമവും ഇസ്‌ലാമില്‍ ആര്‍ക്കും കാണിക്കുക സാധ്യമല്ല. കാരണം, ഇസ്‌ലാം സർവ്വജ്ഞനായ അല്ലാഹു മനുഷ്യര്‍ക്ക് കനിഞ്ഞു നല്‍കിയ മാർഗ ദർശനമാണ്. അതില്‍ തെറ്റുണ്ടാവുക അസംഭവ്യമാണ്. ഇസ്‌ലാം മിതത്വം കൽപ്പിക്കുന്നു. അലസവും തീവ്രവുമായ നിലപാടുകള്‍ക്ക് നടുക്കാണ് അതിന്റെ സ്ഥാനം. അതില്‍ ഭൌതികതയെ മുഴുവന്‍ ത്യജിച്ചുള്ള സന്ന്യാസവും ഭൌതികതയെ മുഴുവന്‍ പുണര്‍ന്നുള്ള തോന്ന്യാസ വുമില്ല.

അല്ലാഹുവിന്‍റെയും മനുഷ്യ വര്‍ഗത്തിന്റെയും ശത്രുവാണ് താന്‍ എന്ന് പ്രഖ്യാപിച്ച പിശാചും അവന്റെ   കൂട്ടാളികളായ മനുഷ്യരും സുഖങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന മനുഷ്യ മനസ്സും എപ്പോഴും മനുഷ്യനെ ഇസ്ലാമില്‍ നിന്ന് വ്യതിചലി പ്പിക്കുകയും പാപം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്നു ഇസ്ലാം പഠിപ്പിക്കുന്നു. അതുകൊണ്ട് ഒരു മുസ്ലിം എപ്പോഴും അവ ക്കെതിരെ പോരാടി കൊണ്ടിരിക്കുന്ന ഒരു വിശുദ്ധ ഭടന്‍ ആകണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. 

ദുഷ് കർമ്മങ്ങളിൽ നിന്നും ദുർ ഗുണങ്ങളിൽ നിന്നും മുക്തി നേടി നന്മകളില്‍ മുഴുകി എപ്പോഴും സമൂഹത്തില്‍ പ്രകാശം പരത്താന്‍ ഒരു മുസ്ലിം ബാധ്യസ്ഥനാണ് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അങ്ങനെയുള്ള മനുഷ്യനെ അല്ലാഹുവും അവന്‍റെ മാലാഖമാരും പ്രപഞ്ചത്തിലെ മറ്റു ജീവ ജാലങ്ങളും അത്യധികം ഇഷ്ട പ്പെടുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. 

അൻസാർ  അലി  നിലമ്പൂർ

മാർക്സിസവും ഇസ്‌ലാമും

1)മാർക്സിസം എന്നാൽ ഇക്കഴിഞ്ഞ പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മൻ തത്വ ചിന്തകരായ  കാൾ മാർക്‌സും ഫ്രെഡറിക് എംഗൽസും ചേർന്നു രൂപം നൽകിയ ചില സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സിദ്ധാന്തങ്ങളുടെ സമാഹാരമാണ്. ഇസ്‌ലാം എന്നാൽ മനുഷ്യൻ ഭൂമുഖത്ത് വന്നെത്തിയ കാലം മുതൽ അല്ലാഹു പ്രവാചകരിൽ കൂടി പഠിപ്പിച്ചു പോന്നതാണ്. മാർക്സിസം ദൈവികത അവകാശപ്പെടുന്നില്ല.  ഇസ്ലാം ദൈവികമാണ് എന്നു അവകാശപ്പെടുന്നു.

2) സാമൂഹ്യ പരിവർത്തനത്തെ   നിർണ്ണയിക്കുന്നതിൽ സാമ്പത്തിക ഘടകങ്ങൾക്കു അമിത പ്രാധാന്യം നൽകി മാർക്സിസം ചില സാമ്പത്തിക   പ്രശ്നങ്ങളെ  കുറിച്ചു മാത്രം പരാമർശിക്കുന്നു. ഇസ്‍ലാമാകട്ടെ വളരെ സമഗ്രവും വിശദവുമായ ജീവിത പദ്ധതിയും സാമൂഹ്യ ക്രമവും അവതരിപ്പിക്കുന്നു.  ഇസ്‌ലാമിക വീക്ഷണത്തിൽ  സാമ്പത്തിക ഘടകങ്ങൾ  മാത്രമല്ല  സാമൂഹ്യ മാറ്റത്തെ നിർണ്ണയിക്കുന്നത്. ധാർമ്മിക  ജീവിത രീതിക്ക്  മാർക്സിസം തീരെ ഊന്നൽ നൽകിയില്ല. ഇസ്‌ലാം മനുഷ്യൻ പാലിക്കേണ്ട ധാർമ്മിക ഗുണങ്ങളെ കുറിച്ചും ആത്മ സംസ്കരണത്തെ കുറിച്ചും ഏറെ പഠിപ്പിക്കുന്നു.

3) മാർക്സിസത്തിന്റെ  പ്രധാന വാദമാണ് വൈരുധ്യത്തിൽ അധിഷ്ഠിതമായ ഭൗതിക വാദം. വൈരുധ്യത്തിൽ അധിഷ്ഠിതം ആയാലും അല്ലെങ്കിലും ഭൗതിക വാദത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. നിലനിൽക്കുന്നു എന്ന് പറയാവുന്നത് ഭൗതിക പദാർത്ഥങ്ങൾ  മാത്രമാണെന്നും ദൈവം, ആത്മാവ്,.. തുടങ്ങിയ ഇന്ദ്രിയാതീത കാര്യങ്ങളൊന്നും ഇല്ലെന്നുമുള്ള വാദമാണ്  ഭൗതിക വാദം. എല്ലാ വസ്തുക്കളും ഉണ്ടായത് ഭൗതിക പദാർത്ഥങ്ങളാൽ  ആണെന്നും എല്ലാ പ്രതിഭാസങ്ങളും ഭൗതിക പദാർഥങ്ങളുടെ പരസ്പര ഇടപെടലിന്റെ ഫലമാണ് എന്ന വാദമാണ് ഭൗതികവാദം. 

4) മാർക്സിസ്റ്റ് ഭരണ വ്യവസ്ഥിതി മത വിശ്വാസികൾക്കും ഇതര ഇസക്കാർക്കും വേണ്ടത്ര സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഭരണ സംവിധാനത്തിൽ മറ്റു മതങ്ങൾക്കോ  ഇസങ്ങൾക്കോ നിരോധനം ഏർപ്പെടുത്തൽ  ഇല്ല.  മുഹമ്മദ് നബി ഭരിച്ച മദീനയിൽ  മുസ്ലീങ്ങളും മുശ്രിക്കുകളും യഹൂദരും  മത സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു.

5) നാളിതുവരെ ചരിത്രത്തിൽ കഴിഞ്ഞുപോയ  സമരങ്ങളെല്ലാം ഉള്ളവരും  ഇല്ലാത്തവരും  തമ്മിലുള്ള സംഘട്ടനങ്ങൾ  ആയിരുന്നു  എന്ന് മാർക്സിസം പറയുന്നു.  ചരിത്രത്തിൽ കഴിഞ്ഞു  പോയ സംഘട്ടനങ്ങൾ എല്ലാം ഉള്ളതിന്റെയും  ഇല്ലാത്തതിന്റെയും പേരിലായിരുന്നില്ല,  ആത്യന്തികമായി സത്യവും അസത്യവും തമ്മിലും നീതിയും അനീതിയും തമ്മിലായിരുന്നു  എന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

6) ഉത്പാദനത്തിനു  ഉപയോഗിക്കുന്ന സ്വത്തുക്കളുടെ  സ്വകാര്യ  ഉടമസ്ഥത ഇല്ലാതാക്കണമെന്ന  മാർക്സിയൻ വാദത്തെ  ഇസ്‌ലാം നിരാകരിക്കുന്നു. മനുഷ്യർക്ക്  പരമ്പരാഗതമായി ഉടമസ്ഥാവകാശം ലഭിച്ച സമ്പത്തുക്കൾ ഭരണകൂടം  കൈവശപ്പെടുത്തുന്നത് കൊള്ളയും  തട്ടിപ്പറിയുമാണ്  ഇസ്‌ലാമിക വീക്ഷണത്തിൽ.

7) രക്ത രൂക്ഷിതമായ വിപ്ലവങ്ങൾ ഉണ്ടാക്കി  തൊഴിലാളികൾ  അധികാരം പിടിച്ചെടുക്കണമെന്നും തൊഴിലാളി സർവധിപത്യത്തിൽ  കൂടി സോഷ്യലിസവും ശേഷം കമ്മ്യൂണിസവും നിലവിൽ  വരണമെന്നുമാണ് മാർക്സിസം പറയുന്നത്. ലക്ഷ്യം മാത്രം നന്നായാൽ പോര മാർഗവും നന്നാകണമെന്നും  ഇസ്‌ലാമിക വ്യവസ്ഥക്ക് വേണ്ടി  ബല പ്രയോഗം ഇല്ലെന്നും ഇസ്‌ലാം പറയുന്നു. ബല പ്രയോഗമല്ല  സ്വാഭാവിക മനം മാറ്റമാണ് ഇസ്‌ലാമിന്റെ മാർഗം

8) സ്വകാര്യ മൂല ധനത്തെയും മുതലാളിത്തത്തെയും പാടെ നിഷേധിച്ചു കൊണ്ടു  മാർക്സിസം അതിന്റെ കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. ഇസ്‌ലാം  മുതലാളിത്തത്തിന്റെ ഗുണങ്ങൾ അംഗീകരിക്കുകയും ദോഷങ്ങളെ  നിരാകരിക്കുകയും   ചെയ്യുന്നു. ഉള്ളവരെ നിർമാർജനം ചെയ്യാനല്ല  ഇസ്‌ലാം പറയുന്നത് ഇല്ലാത്തവനെ  ഉള്ളവൻ  നിർബന്ധമായും സംരക്ഷിച്ചു  കൊള്ളണ മെന്നാണ്.   എപ്പോഴും  വിപ്ലവങ്ങളും സമരങ്ങളും ഉണ്ടാകുന്നതിനെക്കാൾ  ഇസ്‌ലാം   സപ്പോട്ടു  ചെയ്യുന്നത്  വർഗങ്ങളുടെ ഐക്യത്തിലും സമാധാനപരമായ നിലനിൽപിലുമാണ്.

9) ഭരണ കൂടത്തിന്റെ ആജ്ഞ പ്രകാരം ഉൽപാദനം നടത്തുക,  ഉല്പാദിപ്പിച്ചത് ഭരണകൂടം എടുത്തോണ്ട് പോവുക, എന്നിട്ടു  ഉത്പാദിപ്പിച്ചവന്  റേഷൻ നൽകുക എന്ന മാർക്സിയൻ അധ്യാപനം മനുഷ്യന്റെ മേൽ അടിമത്തവും  യാന്ത്രികതയും ചുമത്തി അവന്റെ മേൽ വിലങ്ങിടുന്നു. ഭരണ കൂടത്തിന്  സാമൂഹ്യ ക്ഷേമത്തിനായി സകാത്തും വികസനത്തിനും  മറ്റു ചെലവുകൾക്കും നികുതിയും ജനങ്ങളിൽ നിന്ന് വാങ്ങാമെങ്കിലും ഇസ്‌ലാമിൽ ഭരണകൂടം  ജനത്തിനു മേൽ അടിമത്തം കെട്ടി ഏല്പിക്കുന്നില്ല.

അൻസാർ  അലി  നിലമ്പൂർ

14 November 2017

ഇസ്‌ലാം നമ്മോട് ആവശ്യപ്പെടുന്നത്

മുസ്ലിം സമുദായം ഏറെ വെല്ലുവിളികളും പ്രശ്നങ്ങളും നേരിടുന്ന ഇക്കാലത്ത് മുസ്ലീങ്ങളായ നമ്മിൽ നിന്നു ഇസ്‌ലാം ആവശ്യപ്പെടുന്നത് എന്താണ് എന്ന് അന്വേഷിക്കാനും കണ്ടെത്താനും ഓരോ മുസ്ലിമും ബാധ്യസ്ഥനാണ്. പ്രസ്തുത   അന്വേഷണത്തിലേക്ക് ചില കാര്യങ്ങൾ കുറിക്കട്ടെ.....

1) ആഗോള മുസ്ലിം സമൂഹം ദുനിയാവിന്റെ കാര്യത്തിലും ആഖിറത്തിന്റെ കാര്യത്തിലും പിന്നാക്കമാണ് എന്നതൊരു സത്യമാണ്. അല്ലാഹുവെ ഞങ്ങൾക്ക് ദുനിയാവിലും ആഖിറത്തിലും നല്ലത് തരണേ എന്നു പ്രാർത്ഥിച്ചാൽ മാത്രം പോര, ഇരുലോക  സുഖത്തിനും വേണ്ടി പണി എടുക്കണമെന്നും ഇസ്‌ലാം നമ്മോട് ആവശ്യപ്പെടുന്നു.  

2) മതഭ്രാന്ത് പുലർത്താതെ ദുനിയാവും ആഖിറവും ജീവിതത്തിൽ യോജിപ്പിക്കുന്ന രീതി അറിയാൻ ഇസ്‌ലാം മുസ്ലീങ്ങളോട് ആവശ്യപ്പെടുന്നു. മതപരവും ഭൗതികവുമായ വിദ്യാഭ്യാസത്തിൽ ഒരുപോലെ മികവ് പുലർത്തി ഇരു ലോകത്തും മുസ്ലീങ്ങൾ   മുന്നേറണം.

3) നമ്മുടെ സംസാരത്തിൽ മാത്രമല്ല ജീവിതത്തിലും  ഇസ്‌ലാം   ഉണ്ടാകണമെന്നു ഇസ്‌ലാം ആവശ്യപ്പെടുന്നു.  ഏറ്റവും മികച്ച സംസ്കാരം നേടുക, അതുമായി സമൂഹത്തിൽ ഇടപഴകുക,  
രാഷ്ട്രീയം അടക്കമുള്ള രംഗങ്ങളിൽ   ഇസ്‌ലാമിക സംസ്കാരം കൈവിടാതിരിക്കുക,  വ്യക്തി ജീവിതത്തിൽ മാത്രമല്ല പൊതു സ്ഥലങ്ങളിലും വൃത്തിയും മര്യാദയും പാലിക്കുക, ബഹുമത സമൂഹത്തോടു ഒട്ടിനിൽക്കുന്ന ഭാഷയും ശൈലിയും സ്വന്തമാക്കുക.. എന്നിവ ഇസ്ലാമിന്റെ താല്പര്യങ്ങളാണ്‌.  

4) ബഹുമത സമൂഹത്തിൽ ക്ഷമയും സഹിഷ്ണുതയും ആവോളം മുറുകെ പിടിക്കാൻ ഇസ്‌ലാം മുസ്ലീങ്ങളോട് ആവശ്യപ്പെടുന്നു.  ഏതാനും പേരുടെ വൈകാരികമായ പ്രവർത്തനങ്ങൾ മുസ്ലിം സമൂഹത്തിനു എത്ര വലിയ ദോഷം ചെയ്യുമെന്ന് ആലോചിക്കുക. ഉഹ്ദ് യുദ്ധത്തിലെ  മുസ്ലീങ്ങളുടെ പരാജയം ഓർക്കുക. വികാരത്തെയല്ല വിവേകത്തെ മുറുകെ പിടിക്കുക.  

5) ഇസ്‌ലാമല്ലാത്ത എന്തിനെയും അവമതിക്കാൻ പോയാൽ ഇസ്‌ലാമിനെയും അവമതിക്കും എന്നു ഇസ്‌ലാം മുസ്ലീങ്ങളോട് ഉണർത്തുന്നു. ഇസ്‌ലാമും മറ്റു ആശയങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ മനസിലാക്കാം, പറയാം.   പക്ഷെ സമുദായങ്ങൾ തമ്മിൽ വെറുപ്പ് ഉണ്ടാക്കാതെ ഇരിക്കുക. ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും അന്തമില്ലാതെ ഇകഴ്ത്തുന്ന സ്വഭാവം ഒഴിവാക്കുക. ഓരോന്നിനും അതർഹിക്കുന്ന ആദരവ് നൽകുക. 

6) ഇസ്‌ലാം മുസ്ലീങ്ങളോട്  ഒരു ഐക്യ സമുദായം ആവാനും ഭിന്നിക്കാതെ ഇരിക്കാനും കൽപ്പിക്കുന്നു. മുസ്ലിം സമുദായം മറ്റു സമുദായങ്ങൾക്ക് മാതൃകയും സത്യത്തിന്റെ സാക്ഷികളും അവരുടെ സംരക്ഷകരും ആകണമെന്ന് ഇസ്‌ലാം താല്പര്യപ്പെടുന്നു 
  
7) മുസ്ലിം സമൂഹത്തിലെ ഭിന്നിപ്പിൽ കക്ഷി ചേർന്നു ഊർജ്ജം പാഴാക്കാതെ ഇരിക്കാൻ ഇസ്‌ലാം മുസ്ലീങ്ങളോട് ആവശ്യപ്പെടുന്നു. സത്യം മുറുകെ പിടിക്കാൻ കക്ഷിത്വം വേണമെന്നില്ല. സത്യം ഒരു കക്ഷിയുടെയും കുത്തകയുമല്ല. സംഘടനകളും കൂട്ടായ്മകളും വെറുപ്പ് ഉണ്ടാക്കാൻ ആകരുത്, ജനങ്ങൾക്ക് ഉപകരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ആകണം.

8) ഇസ്‌ലാമിനെ അങ്ങാടിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു  അന്യ സമുദായക്കാർ നോക്കി നിൽക്കെ തമ്മിൽ തല്ലിനുള്ള വിഷയമാക്കി   ഇസ്‌ലാമിനെ മാനം കെടുത്തരുത് എന്നു ഇസ്‌ലാം മുസ്ലീങ്ങളോട്   അപേക്ഷിക്കുന്നു. വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക.

9) ഇസ്‌ലാം നമ്മുടെ സേവനം ആവശ്യപ്പെടുന്നു. ആരെങ്കിലും ഇസ്‌ലാമിനെ സഹായിച്ചാൽ അവനെ അല്ലാഹു സഹായിക്കും. ഇസ്‌ലാമിക പ്രബോധനം നമ്മുടെ ബാധ്യതയാണ് എന്നു ഇസ്‌ലാം പഠിപ്പിക്കുന്നു. ഇസ്‌ലാം അനുസരിച്ചു  ജീവിച്ചു  കാണിച്ചു കൊടുക്കൽ തന്നെയാണ് മികച്ച പ്രബോധനം.

10) ഇസ്‌ലാമിക പ്രബോധനം അറിവും കഴിവും ഗുണ കാംക്ഷയും സൽഗുണങ്ങളും യുക്തിയും ഉള്ളവർ മാത്രം ചെയ്യുക.  ഇസ്‌ലാമിക പ്രബോധനം എന്നാൽ അന്യ സമുദായത്തോട്‌ ഉള്ള ഏറ്റുമുട്ടൽ അല്ലെന്നു മനസിലാക്കുക.   ഇസ്‌ലാമിനെ അവർക്ക് എത്തിക്കലാണ് വേണ്ടത്. അന്യ മതക്കാരുമായി ആശയ യുദ്ധം നടത്തി അവരെ തോൽപ്പിച്ചു കയ്യടിച്ചു അവരുടെ ശത്രുത ആളി കത്തിക്കരുത്.

11) ഇസ്‌ലാമിനെ കുറിച്ചുള്ള കൃത്യമായ ധാരണയില്ലെങ്കിൽ അമുസ്ലീങ്ങളുമായി ചർച്ചക്ക് പോയി വിഡ്ഢിത്തങ്ങൾ വിളിച്ചു പറയാതിരിക്കുക. അവർ നമ്മെ ദേഷ്യം പിടിപ്പിക്കും. അതിനനുസരിച്ച് നാം ദേഷ്യം പിടിച്ചു അനാവശ്യങ്ങൾ പറയരുതെന്നു ഇസ്‌ലാം ആവശ്യപ്പെടുന്നു.

12) ശരിയോ തെറ്റോ എന്നു നോക്കാതെ ഇസ്‌ലാമിൽ ഉള്ളതാണ് എന്ന പേരിൽ സത്യമല്ലാത്ത കാര്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കരുത് എന്നു  ഇസ്‌ലാം ആവശ്യപ്പെടുന്നു. പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ശരിക്കും പരിശോധിക്കാതെ സ്വീകരിക്കരുത് എന്നും ഇസ്ലാം ആവശ്യപ്പെടുന്നു.

13) ഇസ്‌ലാമിക വിധി വിലക്കുകൾ മുറുകെ പിടിച്ചു കൊണ്ട് കഴിയുന്നിടത്തോളം ബഹുമത സമൂഹവുമായി സഹകരിക്കാൻ ഇസ്‌ലാം ആവശ്യപ്പെടുന്നു. മുഹമ്മദ് നബി   യഹൂദരുമായി സഹകരിച്ചു മദീനക്ക് പ്രതിരോധം തീർത്തതും ഹുദൈബിയാ സന്ധിയിലൂടെ മുശ്രിക്കുകളുമായി സഹകരിച്ചതും അതാണ്  നമ്മെ പഠിപ്പിക്കുന്നത്.

14) ഇസ്‌ലാമിനെ കുറിച്ചു തെറ്റായ ധാരണകൾ പ്രചരിപ്പിക്കാനും ഭീതി വളർത്താനുമായി വളരെ   ആസൂത്രിതമായി അനവധി സംഘടനകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഈ അപകടത്തിൽ നിന്നു ഇസ്‌ലാമിനെ രക്ഷിക്കാൻ അത് നമ്മോട് ആവശ്യപ്പെടുന്നു. 

15) ചുമ്മാ നടന്നാലും വ്യാജ തീവ്രവാദ കേസുകൾ ഉണ്ടാക്കി വർഷങ്ങളോളം ജയിലിൽ പിടിച്ചിടുന്ന ഇക്കാലത്തു  നല്ല ജാഗ്രത പുലർത്താൻ ഇസ്‌ലാം മുസ്ലീങ്ങളോട് ആവശ്യപ്പെടുന്നു.

അൻസാർ  അലി  നിലമ്പൂർ