Showing posts with label ശാസ്ത്രം. Show all posts
Showing posts with label ശാസ്ത്രം. Show all posts

8 June 2018

സയൻസിന്റെ പരിമിതികൾ

സയൻസിന്റെ പ്രാധാന്യം ഇന്ന്   ആർക്കും കുറച്ചു കാണുക സാധ്യമല്ല. അതിനെ അവമതിക്കാനും കഴിയില്ല. മനുഷ്യ പുരോഗതിയുടെ ചവിട്ടു പടിയാണ്‌ സയൻസ്. അതില്ലാത്ത ലോകം നമുക്ക് ഭാവനയിൽ പോലും കാണാൻ കഴിയില്ല. അതെസമയം സയൻസിനെ കുറിച്ചു അന്ധവിശ്വാസം വെച്ചു പുലർത്തേണ്ട ആവശ്യവുമില്ല. മനുഷ്യ വർഗത്തിന്റെ  എല്ലാമെല്ലാം സയൻസല്ല. സയൻസിന് അതിന്റേതായ പരിമിതികളും പോരായ്മകളും ഉണ്ട്.   സകല പ്രതിഭാസങ്ങളുടെയും പിന്നിലുള്ള ശാസ്ത്രീയമായ തെളിവുകൾ കണ്ടുപിടിക്കാൻ അത്ര പ്രബലമല്ല നമ്മുടെ ഇന്നത്തെ   സയൻസ്. അതിനു എത്താവുന്നതിനു ലിമിറ്റുണ്ട്. സയൻസിന് നേരിടാൻ കഴിയാത്ത ചോദ്യങ്ങളുമുണ്ട്.

എല്ലാറ്റിനും ശാസ്ത്രീയമായ തെളിവ് വേണമെങ്കിൽ കുറ്റമറ്റ സർവ ശക്തമായ സയൻസ് വേണം. അങ്ങനെ ഒന്നില്ല. അതിനാൽ നിത്യ ജീവിതത്തിൽ മനുഷ്യർക്ക് പലതിലും വിശ്വസിക്കാൻ ശാസ്ത്രീയമായ തെളിവുകൾ വേണമെന്നില്ല, യുക്തിപരമായ നിഗമനങ്ങൾ മതി. കൂട്ടിലുള്ള പെണ് പക്ഷി മുട്ടയിടാൻ കാരണം കൂട്ടിലുള്ള   ആണ് പക്ഷിയാണ് എന്നു മനസ്സിലാക്കാൻ ശാസ്ത്രീയമായ തെളിവുകളൊന്നും വേണമെന്നില്ല.  യുക്തി മതി. പല പ്രതിഭാസങ്ങളും  വിലയിരുത്താൻ സയൻസ്  അശക്തമാണ്.    

ശാസ്ത്രീയമായ തെളിവുകൾ ഇല്ലാത്തതൊക്കെ സയൻസിന്   എപ്പോഴും അഭൗതികമാണ്. തെളിവ് കിട്ടിയാൽ അതു ഭൗതികമായി. ഇലക്ട്രിസിറ്റിയും റേഡിയോ തരംഗങ്ങളും ഗ്രാവിറ്റിയും മുമ്പ്   സയൻസിന് ഭൗതികമായിരുന്നില്ല.   അവ കണ്ടുപിടിച്ചപ്പോൾ ഭൗതികമായി. സയൻസ് വളർന്നു കൊണ്ടേ യിരിക്കുന്നു. ഒരിക്കലും പൂർണ്ണ വളർച്ച എത്താതെയാണ് അതിന്റെ നിൽപ്. ഒരു വേള അതു സൂക്ഷ്മവും സ്ഥൂലവുമായ പ്രപഞ്ചങ്ങളിലെ ക്രമവും ക്രമ രാഹിത്യവും കണ്ടു അന്ധാളിച്ചു നിൽക്കുകയും ചെയ്യുന്നു. 

എന്ത്  പ്രതിഭാസത്തെയും നിലവിലുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ചു അളക്കാനെ സയൻസിന് കഴിയൂ. ശാസ്ത്രീയ സംവിധാനങ്ങൾ ശക്തമാകുന്നതിനു അനുസരിച്ചു   സയൻസും ശക്തമാകും. നിലവിലുള്ള ശാസ്ത്രീയ സംവിധാനങ്ങളുടെ പോരായ്മകൾ പ്രപഞ്ചത്തിന്റെ വിദൂരതകളിലേക്ക്  കടന്നു ചെല്ലുന്നതിൽ നിന്നും സയൻസിനെ തടയുന്നു. മനുഷ്യന്റെ മസ്തിഷ്ക പ്രവർത്തനങ്ങളിലേക്ക് വേണ്ടത്ര   കടന്നു ചെല്ലാനും നിലവിലെ ശാസ്ത്രീയ സംവിധാനങ്ങൾ കൊണ്ടു സയൻസിന് സാധ്യമായിട്ടില്ല.  

അളക്കുകയും എണ്ണുകയും തിട്ടപ്പെടുത്തുകയുമൊക്കെ  ചെയ്യുക എന്നല്ലാതെ ഒരു പ്രതിഭാസത്തിന്റെയും വിധി പറയാൻ സയൻസിന്  കഴിയില്ല. ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ എത്രയുണ്ടെന്നും ഗ്ലോബൽ വാമിങ് എത്രയുണ്ടെന്നുമൊക്കെ  സയൻസ് ഉപയോഗിച്ചു കണ്ടെത്താം. എന്നാൽ അവ നല്ലതാണോ ചീത്തയാണോ അപകടകരമാണോ  എന്നൊന്നും സയൻസ് വിധി പറയില്ല. വിവരങ്ങൾ തന്നു വിധി പറച്ചിൽ സയൻസ് മനുഷ്യന് വിട്ടുതരുന്നു. നന്മ തിന്മകൾ വിവേചിച്ചു തരൽ സയൻസിന്റെ പരിധിയിൽ പെടില്ല

ശാസ്ത്രീയമായ അറിവുകൾ എന്തിനു ഉപയോഗിക്കണം, എന്തിനു പാടില്ല എന്നു പറയാനും സയൻസ് അശക്തമാണ്. ഹിരോഷിമയിൽ അണു ബോംബ്  ഇടാനോ ഇടാതിരിക്കാനോ സയൻസ് പറയില്ല. പറയാൻ സയൻസിന് അറിയില്ല. സയൻസിന് വികാരങ്ങളില്ല. വികാരങ്ങൾ മനസ്സിലാക്കാനും മൂല്യ പരിശോധന നടത്താനും സയൻസിന് കഴിയില്ല. വിവേകമില്ലാത്ത മനുഷ്യർ സയൻസ് കൈകാര്യം ചെയ്യുമ്പോൾ മനുഷ്യ വർഗ്ഗത്തിനു തന്നെ അത് അപകടം വരുത്തി വെക്കുന്നു. വീഴ്ചകൾ വന്നാൽ സയൻസ് ഒരിക്കലും മാപ്പ് പറയാറില്ല. ഒരുവേള, മനുഷ്യ വർഗത്തിന്റെ സമ്പൂർണ്ണ നാശം തന്നെ സയൻസ് കൊണ്ടാകും എന്നു  ഭയപ്പെടേണ്ട അവസ്ഥയിലേക്ക് സയൻസ് നീങ്ങിക്കൊണ്ടിരിക്കുന്നു. 

ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളുടെ തുടക്കം ശാസ്ത്രജ്ഞരുടെ നിഗമനങ്ങളിൽ നിന്നാണ്. നിഗമനങ്ങളിൽ നിന്നു അവർ സിദ്ധാന്തങ്ങൾ മെനയുകയും പിന്നീട് അതിനു ശാസ്ത്രീയമായ തെളിവ് കണ്ടെത്തുകയും ചെയ്യുന്നു. പ്രസിദ്ധമായ ആപേക്ഷികതാ സിദ്ധാന്തം പോലും ഇങ്ങനെയാണ്. ഇങ്ങനൊക്കെ  ആണെങ്കിലും സയൻസ് കാര്യങ്ങൾ എങ്ങനെ എന്നത് മാത്രമാണ് കാണിച്ചു തരിക. എന്തു കൊണ്ട്  എന്ന ചോദ്യത്തിന് സയൻസ് മറുപടി പറയാറില്ല. ശാസ്ത്ര അന്വേഷണത്തെ നിലവിലുള്ള ശാസ്ത്ര ജ്ഞാനം തന്നെ പരിമിതപ്പെടുത്തുന്ന അവസ്‌ഥയുമുണ്ട്.  ഉദാഹരണം, കോപ്പർ നിക്കസിന്  തന്റെ  പ്ലാനറ്ററി മോഷൻ തിയറി വേണ്ടത്ര തെളിയിക്കാൻ കഴിഞ്ഞില്ല. കാരണം അന്ന് കാൽക്കുലസ് കണ്ടു പിടിച്ചിരുന്നില്ല. 

മാനവരാശിക്ക് വിശാലമായ ഒരു ലോക വീക്ഷണം സംഭാവന ചെയ്യാനുള്ള ത്രാണിയൊന്നും സയൻസിന് ഇല്ല. സത്യവും നീതിയും പുലരുന്ന സുന്ദരമായ ഒരു ലോകം വിഭാവന ചെയ്യാനും സയൻസിന് കഴിയില്ല. അത്തരം  സൗന്ദര്യങ്ങളൊന്നും സയൻസിന് വിശദീകരിക്കാൻ പറ്റാത്ത ഒന്നാണ്. സയൻസ് നന്നായി കടിക്കുന്ന ഒരു പോലീസ് നായയെ പോലെയാണ്. തുറന്നുവിട്ടാൽ എല്ലാവരെയും കടിച്ചു മുറിവേല്പിക്കും.  കൂട്ടിലിട്ടും നിയന്ത്രിച്ചും കൊണ്ടു നടന്നാൽ അതു ഉപകാര പ്രദമായ തെളിവുകൾ കാണിച്ചു തരും.   അതിലപ്പുറം ശാസ്ത്രം മാത്രം വാദവും ശാസ്ത്ര അതിവാദവും ശാസ്ത്ര ത്തിന്റെ കഴിവിലുള്ള അന്ധ വിശ്വാസവും യുക്തിയുള്ള ഒരു മനുഷ്യനും ഉൾക്കൊള്ളാൻ കഴിയില്ല. അതെസമയം സയൻസിനെ അവമതിക്കേണ്ട ആവശ്യവുമില്ല. ഉള്ളത്  ഉള്ളതുപോലെ നമുക്ക്  വക വെച്ചു കൊടുക്കാം.

അൻസാർ അലി നിലമ്പൂർ

5 June 2018

ഖുർആനും ശാസ്ത്രവും

ശാസ്ത്രം  അടുത്ത കാലത്തായി കണ്ടെത്തിയ    എന്നാൽ  വിശുദ്ധ ഖുർആനിൽ  ആയിരത്തി നാന്നൂറിൽ പരം വർഷങ്ങൾക്ക് മുമ്പെ പരാമർശിച്ചതുമായ   കാര്യങ്ങളെ കുറിച്ചൊരു  വിവരണം നൽകാൻ  ജെഫു ജൈലാഫ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന  പുസ്തകങ്ങളും പ്രഭാഷണങ്ങളും  സൈറ്റുകളും അനവധിയാണ്.   ഇവിടെ  വലിയൊരു വിവരണത്തിന് മുതിരുന്നില്ല.   അഞ്ച് കാര്യങ്ങൾ മാത്രം പരിചയപ്പെടുത്തുകയാണ്

1. ശിശുവിന്റെ    ലിംഗ നിർണ്ണയം
----------------------------------------
പുരുഷ ബീജത്തിൽ  XY  ക്രോമോ സോമുകളും   സ്ത്രീയുടെ  അണ്ഡത്തിൽ XX  ക്രോമോ സോമുകളും ഉണ്ടെന്ന് ശാസ്ത്രം  അടുത്ത കാലത്ത്  തെളിയിച്ചു.    പുരുഷ  ബീജം അണ്ഡവുമായി ചേരുമ്പോൾ  അതിലെ   X ക്രോമോസോം ആണ്  സ്ത്രീയുടെ അണ്ഡത്തിലെ  X ക്രോമോ സോമുമായി ചേരുന്നതെങ്കിൽ  ഉണ്ടാകുന്ന ശിശു പെണ്ണായിരിക്കും.  എന്നാൽ പുരുഷന്റെ  Y ക്രോമോസോം ആണ്  സ്ത്രീയുടെ  X ക്രോമോസോമുമായി ചേരുന്നതെങ്കിൽ   ഉണ്ടാകുന്ന ശിശു ആണായിരിക്കും. ചുരുക്കി പറഞ്ഞാൽ  ശിശു ആണോ പെണ്ണോ എന്ന് നിർണ്ണയിക്കുന്നതിൽ സ്ത്രീക്ക് പങ്കില്ല.   പുരുഷന്റെ ബീജം മാത്രമാണ് അതു നിർണ്ണയിക്കുന്നത്. ഇക്കാര്യം ശാസ്ത്രം അടുത്ത കാലത്താണ് കണ്ടു പിടിച്ചത് എങ്കിലും വിശുദ്ധ ഖുർആൻ  അതു  മുമ്പെ പറഞ്ഞു. 

അല്ലാഹു പറയുന്നു : "സ്രവിക്കപ്പെടുന്ന പുരുഷ ബീജത്തിൽ നിന്നും  ആൺ, പെൺ  എന്നീ രണ്ട് ഇണകളെ അവൻ സൃഷ്ടിച്ചു " (ഖുർആൻ53:45,46)

2. ഗർഭാശയത്തിലെ  അവസ്ഥകൾ
-----------------------------------------------
മാതാവിന്റെ  ഗർഭാശയത്തിൽ  ഒരു ശിശു എങ്ങനെ രൂപപ്പെടുന്നു  എന്ന് അടുത്ത കാലത്താണല്ലോ ശാസ്ത്രം വിവിധതരം   സ്കാൻ ഇമേജസുകളിൽ   കൂടി   മനസിലാക്കിയത്.   ബീജം, ഭ്രൂണം, മാംസ പിണ്ഡം,  അസ്ഥികൂടം,  അപൂർണ്ണ ശിശു, പൂർണ്ണ ശിശു    എന്നിങ്ങനെ പല ഘട്ടങ്ങളിലായിട്ടാണ് ഒരു മനുഷ്യ ശിശു ഗർഭാശയത്തിൽ  രൂപമെടുക്കുന്നത് എന്ന്  ശാസ്ത്രം  മനസിലാക്കി.  ഈ ഘട്ടങ്ങളൊക്കെ  വിശുദ്ധ ഖുർആൻ വളരെ മുമ്പെ പഠിപ്പിച്ചതാണ്.  അല്ലാഹു പറയുന്നു : "തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായി അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.  പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസ പിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥി കൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം ആ  അസ്ഥി കൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടി  കര്‍ത്താവായ അല്ലാഹു അനുഗ്രഹ പൂര്‍ണ്ണനായിരിക്കുന്നു" (ഖുർആൻ 23: 12-14)

3. മഹാ  സ്ഫോടനവും വികാസവും
---------------------------------------------
1382 കോടി വർഷമാണ് പ്രപഞ്ചത്തിന്റെ പഴക്കം എന്ന് ജ്യോതി ശാസ്ത്ര നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിന് കാരണമായ പ്രതിഭാസം മഹാ പൊട്ടിത്തെറിക്കൽ  (ബിഗ് ബാങ്) എന്നാണ് അറിയപ്പെടുന്നത്.  ഇന്ന് കാണുന്ന  പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യവും ഊർജ്ജവും അനന്തമായ സാന്ദ്രതയിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്ന അവസ്ഥയിലാണത് പൊട്ടിത്തെറിച്ചത്  . മഹാ സ്ഫോടനത്തിന് ശേഷം പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലേക്ക് വികസിക്കുവാൻ തുടങ്ങി. അത് ഇന്നും തുടരുന്നു  എന്ന്  ശാസ്ത്രം  കരുതുന്നു. ഈ  പൊട്ടിത്തെറിയും  വികസിക്കലും   വിശുദ്ധ ഖുർആനിൽ  നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പഠിപ്പിക്കപ്പെട്ടു.  അല്ലാഹു പറയുന്നു :

 "ആ കാശങ്ങളും ഭൂമിയും കൂടി ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണു   ഉണ്ടായതെന്നും നിഷേധിക്കുന്നവർ   കണ്ടില്ലേ?" (ഖുർആൻ  21:30)

"പ്രപഞ്ചമാകട്ടെ നാം അതിനെ ശക്തികളാൽ നിർമ്മിച്ചിരിക്കുന്നു, തീർച്ചയായും നാമതിനെ വികസിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു " (ഖുർആൻ 51:47)

4. ജലങ്ങൾക്കിടയിലെ മറകൾ
-------------------------------------------
ജലത്തിന്റെ   ചൂട്,   ഉപ്പിന്റെ അളവ്,   സാന്ദ്രത  എന്നിവയുടെ കാര്യത്തിൽ വ്യത്യസ്തമായ   രണ്ട് സമുദ്രങ്ങൾ കൂടി ചേരുന്നിടത്തു അവയെ വേർതിരിക്കുന്ന ഒരു അദൃശ്യ മറയുണ്ടെന്നു  ശാസ്ത്രം ഈയിടെയാണ് കണ്ടെത്തിയത്.   അതുപോലെ ശുദ്ധ ജലമുള്ള  പുഴയിലെ വെള്ളം  സമുദ്രത്തിലേക്ക്   ചേരുന്നിടത്തും ഇങ്ങനെയൊരു പ്രതിഭാസം കണ്ടെത്തി.   ഇത് നഗ്ന നേത്രങ്ങൾ കൊണ്ട് പണ്ട് മനസിലാക്കുക സാധ്യമല്ലായിരുന്നു.   എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇത് ഖുർആനിൽ പഠിപ്പിക്കപ്പെട്ടു.  അല്ലാഹു പറയുന്നു :

 "രണ്ട് സമുദ്രങ്ങളെ  തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.  അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്ക വിധം ഒരു മറയുണ്ട്" (ഖുർആൻ  55: 19-20)

 "രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പു വെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ വെച്ചിരിക്കുന്നു". 
(ഖുർആൻ 25: 53)

5. തേൻ  തരുന്ന പെൺ തേനീച്ചകൾ
-------------------------------------------------
തേനീച്ചകളുടെ കൂട്ടത്തിൽ  ആൺ പെൺ ഇണകൾ ഉണ്ടെന്നും   അതിൽ പെൺ തേനീച്ചകളാണ്  തേനറകൾ നിർമ്മിക്കുന്നതും    സഞ്ചരിച്ചു കൊണ്ട് മധുര പദാർത്ഥങ്ങളും പൂമ്പൊടിയും ശേഖരിക്കുന്നതെന്നും  അവയാണ് തേൻ ഉത്പാദിപ്പിക്കുന്നതെന്നും  ശാസ്ത്രം അടുത്ത കാലത്താണ് കണ്ടെത്തിയത്. എന്നാൽ വിശുദ്ധ ഖുർആനിൽ   മുമ്പെ   ഇതൊക്കെ ചെയ്യാൻ  പെൺ തേനീച്ചകളോട്   ആണ്  അല്ലാഹു കൽപ്പിച്ചത്  എന്നുണ്ട്.    അല്ലാഹു പറയുന്നു :

"നിന്‍റെ റബ്ബ്  തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കിയിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ വീടുകളുണ്ടാക്കുക.  പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിക്കുക. എന്നിട്ട് നിന്‍റെ റബ്ബ്  സൌകര്യ  പ്രദമായി ഒരുക്കി ത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിക്കുക. അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ തെളിവുണ്ട്"  (ഖുർആൻ  16:68, 69)

ഈ വചനത്തിൽ  സ്ത്രീകളോട് കൽപ്പിക്കാൻ വേണ്ടി അറബി ഭാഷയിൽ ഉപയോഗിക്കുന്ന    ക്രിയാ രൂപങ്ങൾ ആണ് അല്ലാഹു ഉപയോഗിച്ചിട്ടുള്ളത്.

ശാസ്ത്രം  വികാസം പ്രാപിക്കാതിരുന്ന   നൂറ്റാണ്ടുകൾക്ക് മുമ്പ് ഖുർആൻ പറഞ്ഞ ശാസ്ത്ര സത്യങ്ങൾ ഇനിയും എമ്പാടുമുണ്ട്.  അന്വേഷിക്കുന്നവർക്ക് ഇക്കാലത്ത് അവ കണ്ടെത്താൻ പ്രയാസമില്ല.  

അൻസാർ അലി നിലമ്പൂർ