Showing posts with label വിവാഹം. Show all posts
Showing posts with label വിവാഹം. Show all posts

19 June 2018

ബഹുഭാര്യാത്വത്തിന്റെ ഗുണദോഷങ്ങൾ

ദൈവ  വിശ്വാസികളും  അല്ലാത്തവരുമായ പുരുഷന്മാർക്കിടയിൽ  എക്കാലത്തും കാണപ്പെടുന്ന ഏർപ്പാടാണ്  രണ്ടും മൂന്നും നാലും അഞ്ചും അതിലേറെയും   സ്ത്രീകളുമായി വിവാഹം മുഖേനയും  അല്ലാതെയും  ലൈംഗീക - ദാമ്പത്യ ബന്ധത്തിൽ ഏർപ്പെടൽ. അവരിലൊക്കെ മിക്കവാറും  കുട്ടികളും ഉണ്ടാകും.   പ്രസ്തുത സ്ത്രീകൾ ചിലപ്പോൾ ഭാര്യമാർ എന്നും ചിലപ്പോൾ അടിമ സ്ത്രീകൾ എന്നും ചിലപ്പോൾ  വെപ്പാട്ടിമാർ എന്നും കാമുകിമാർ  എന്നുമൊക്കെ അറിയപ്പെടുന്നു.

ബാഹു ഭാര്യാ സമ്പ്രദായം ചരിത്രത്തിൽ   മിക്ക മതക്കാർക്കും മതം ഇല്ലാത്തവർക്കും ഇടയിലുള്ള ഏർപ്പാട് ആയിരുന്നു.  ഇപ്പോഴും  ഒന്നിലധികം സ്ത്രീകളുമായി ദാമ്പത്യം പങ്കിടുന്ന പുരുഷന്മാരെ   ക്രിസ്ത്യാനികളിലും  മുസ്ലീങ്ങളിലും   ഹിന്ദുക്കളിലും മോർമോണുകളിലും കാണാം.  എന്നാൽ  ഈ മതക്കാരിൽ   എല്ലാ പുരുഷന്മാരും അങ്ങനെ അല്ലതാനും. ഏക ഭാര്യയുമായി  ജീവിക്കുന്നവരാണ്  ഭൂമിയിൽ അധിക പുരുഷന്മാരും. 

മതങ്ങളിൽ  ഇസ്‍ലാമാണ്  അഴിഞ്ഞാടിയിരുന്ന   ബഹു ഭാര്യാത്വം  എന്ന ഏർപ്പാടിനു  കൂച്ചു വിലങ്ങിട്ടത്.  നാലിൽ  അധികം ഭാര്യമാർ പാടില്ല, എല്ലാ ഭാര്യമാർക്കും ഇടയിൽ തുല്യ നീതി പാലിക്കാൻ കഴിയുമെങ്കിൽ മാത്രം ഒന്നിലധികം  ഭാര്യമാർ, ഒന്നിലധികം  സ്ത്രീകളുമായുള്ള ദാമ്പത്യ  ബന്ധം സാമൂഹ്യ അംഗീകാരമുള്ള കരാറിലൂടെ മാത്രം  എന്നിങ്ങനെ  ഇസ്‌ലാം ബഹു ഭാര്യാത്വത്തിന്മേൽ നിബന്ധനകൾ ചുമത്തിയത് എക്കാലത്തും പ്രസക്തമാണ്.   ചിലർ തെറ്റുധരിച്ചു വെച്ചിരിക്കുന്ന പോലെ  ഒരു പുരുഷനെയും  ഇസ്‌ലാം ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാൻ  നിർബന്ധിക്കുകയോ  അതിനു പ്രോത്സാഹി പ്പിക്കുകയോ ചെയ്തിട്ടില്ല.  

നിബന്ധനകൾ പാലിച്ചും  നിയമ വിധേയമായും  ആണെങ്കിൽ പോലും  ബഹു ഭാര്യാ സമ്പ്രദായത്തിന് ചില  ദോഷങ്ങൾ ഉണ്ട്. അതെസമയം   അതുകൊണ്ടു ഗുണങ്ങളും ഉണ്ട്.   ഗുണങ്ങൾ ആദ്യം പറയാം...

1) ഭാര്യക്ക് ശാരീരിക - മാനസിക രോഗങ്ങള്‍ ബാധിച്ചാല്‍, ഭര്‍ത്താവിനെയും കുട്ടികളെയും പരിചരിക്കാൻ കഴിയാത്ത സാഹചര്യങ്ങള്‍ വന്നാല്‍ ഭാര്യ തന്നെ ചിലപ്പോള്‍ ഭര്‍ത്താവിനോട് രണ്ടാമതൊരു വിവാഹം കഴിക്കാൻ  ആവശ്യപ്പെടും. 

2) ഭാര്യ വന്ധ്യയാണെങ്കില്‍, ഭര്‍ത്താവ് മക്കളെ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കില്‍ രണ്ടാമതൊരു  ഭാര്യയെ ഭർത്താവിന് ആവശ്യം വരും.

3) ഒന്നോ രണ്ടോ പ്രസവത്തോടെ ഭാര്യയുടെ പ്രസവ ശേഷി ഇല്ലാതാവുകയും എന്നാല്‍ എമ്പാടും മക്കള്‍ ഉണ്ടാകണമെന്ന് ഭർത്താവ് ആഗ്രഹിക്കുകയും ചെയ്താൽ രണ്ടാം ഭാര്യ ആവശ്യമായി വരും. ഭാര്യ പ്രസവം നിര്‍ത്തിയവളും ഉള്ള മക്കള്‍ വല്ല അപകടത്തിലും പെട്ട് മരിക്കുകയും ചെയ്താലും വീണ്ടും മക്കളെ ലഭിക്കാന്‍ രണ്ടാം ഭാര്യ ആവശ്യം തന്നെ.

4) യുദ്ധവും കലാപങ്ങളും മൂലം പുരുഷന്മാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാവുകയും സ്ത്രീകള്‍ അധികരിക്കുകയും ചെയ്‌താല്‍  അല്ലെങ്കിൽ  ജനസംഖ്യയിൽ  സ്ത്രീകൾ  അധികരിച്ചു വന്നാൽ അവരുടെ  ആവശ്യങ്ങളും സംരക്ഷണവും നിറവേറ്റാന്‍ ബഹു ഭാര്യാത്വം നല്ലൊരു പോംവഴിയാണ്. ലോകമഹാ യുദ്ധാനന്തര ജര്‍മനിയില്‍ ബഹു ഭാര്യാത്വം നിയമ വിധേയമാക്കാന്‍ ജനങ്ങള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത് ഇക്കാരണത്താല്‍ ആയിരുന്നു. 

5) പുരുഷന്മാര്‍ പ്രായക്കുറവും  സൗന്ദര്യവും സമ്പത്തും  നോക്കി പെണ്കുട്ടികളെ വിവാഹം ചെയ്യുന്ന സമൂഹത്തിൽ  വിധവകളെയും സൗന്ദര്യക്കുറവ് ഉള്ളവരെയും പ്രായം  വർധിച്ചവരെയും വിവാഹം ചെയ്യാൻ  ആളില്ലാതാവും. ബഹു ഭാര്യാത്വം അവരുടെ സംരക്ഷണ പ്രശ്നത്തിന് ഒരു പരിഹാരമാണ്.

6) ബഹു ഭാര്യാത്വം  കുടുംബ ബലം വർധിപ്പിക്കാനും  കാർഷിക വ്യവസ്ഥിതികളിൽ  അധ്വാനിക്കുന്നവരുടെ  എണ്ണം  വർധിക്കാനും  ഉപകരിച്ചിരുന്നു.  

ദുർബലരായ  സ്ത്രീകൾ  ഗതികേട്  കൊണ്ടു  ബഹു ഭാര്യാത്വത്തിൽ  ഏർപ്പെടാൻ സമ്മതിച്ചേക്കും.  അവർ സമ്മതിച്ചു എന്നു കരുതി ബഹു ഭാര്യാത്വത്തിനു  ദോഷങ്ങൾ ഇല്ലെന്നു വരുന്നില്ല.  ബഹു ഭാര്യാത്വം കൊണ്ടുള്ള ദോഷങ്ങൾ ഇങ്ങനെ പറയാം. 

1) തന്റേത് മാത്രമെന്ന് കരുതി സ്നേഹിക്കാനും പരിചരിക്കാനും  ഒരു ഭാര്യക്കും ഒരു  ഭർത്താവ് ഇല്ലാതാവുന്നു.  ഭർത്താവിനെ ഏതാനും പേർക്കിടയിലെ  ഒരു പൊതു സ്വത്തായി  അവൾക്ക് കാണേണ്ടി വരുന്നു.  ഭാര്യയും ഭർത്താവും തമ്മിലുള്ള ഇന്റിമസി  ഇവിടെ പരിമിതമാകുന്നു.  ഇതൊക്കെ  ഭാര്യമാരുടെ  ആത്മാഭിമാനം  കുറച്ചു കളയുന്നു.

2) ഭാര്യക്ക്  ഭർത്താവിനോട്   മറ്റു ഭാര്യമാരെ  ചൊല്ലി വഴക്കിടേണ്ടി വരുന്നു.  തന്റെ പങ്കിനെ ചൊല്ലിയായിരിക്കും മിക്കവാറും  വഴക്ക്.  അതവളിൽ ഭാവിയെ കുറിച്ച  അശുഭ ചിന്തകളും വിഷാദവും  ശത്രുതയും  ആത്മനിന്ദയും  മറ്റു മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു. 

3) ഭാര്യമാർ തമ്മിൽ  കുശുമ്പും അസൂയയും വിരോധങ്ങളും  സ്വാഭാവികമാണ്.  ഭർത്താവിന് മേൽ അവകാശം സ്ഥാപിക്കാനുള്ള  വ്യഗ്രതകൾ  ആയിരിക്കും ഏറെയും. 

4) ഭർത്താവിന് ഭാര്യമാർക്കിടയിൽ പരിപൂർണ്ണ നീതി  പുലർത്താൻ കഴിയില്ല.  എല്ലാവരെയും ഒരു പോലെ തൃപ്തിപ്പെടുത്താനും കഴിഞ്ഞു കൊള്ളണം എന്നില്ല. ഭാര്യമാരെയും അവരിലുണ്ടായ മക്കളെയും പരിചരിക്കാൻ ഭർത്താവിന്  അത്യാദ്ധ്വാനം ചെയ്യേണ്ടി വരുന്നു. 

5) ബഹു ഭാര്യാത്വത്തിൽ   കുട്ടികൾക്ക്  ഒരു പിതാവിന്റെ പരിചരണം വേണ്ടുംവിധം ലഭിക്കാതെ  പോകുന്നു.  ഇതൊരു നല്ല കുടുംബ   രൂപീകരണത്തെ ബാധിക്കുന്നു.  ബഹു ഭാര്യാത്വം  ഉള്ള കുടുംബങ്ങളിൽ  നടത്തിയ  മനശാസ്ത്ര പഠനങ്ങളിൽ  ഭാര്യമാരിലും കുട്ടികളിലും  ഒരുതരം  അരക്ഷിത ബോധം നില നിൽക്കുന്നതായി  തെളിഞ്ഞിട്ടുണ്ട്.  

6) ആഫ്രിക്കൻ  രാജ്യങ്ങളിൽ കൊടികുത്തി വാഴുന്ന  ബഹു ഭാര്യാത്വം  അവിടുത്തെ  സാമൂഹ്യ, കുടുംബ പ്രശ്നങ്ങളിൽ  പ്രധാന പങ്കു വഹിക്കുന്നതായും  അവിടങ്ങളിലെ  പിന്നോക്കാ വസ്ഥക്കുള്ള പ്രധാന കാരണമായും ചൂണ്ടി കാണിക്കപ്പെടുന്നു.

അൻസാർ അലി നിലമ്പൂർ

11 June 2018

വിവാഹത്തിന് ഒരുങ്ങുന്നവരോട്...

ആദ്യമായി വിവാഹം കഴിക്കാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കട്ടെ...

1) പ്രണയം, ലൈംഗീകത, മക്കൾ ഉണ്ടാകൽ,കുടുംബ രൂപീകരണം, പരസ്പരം താങ്ങും തണലുമാകൽ..  എന്നിങ്ങനെ ബഹുമുഖ ലക്ഷ്യങ്ങൾ ഉള്ള ഒരു സൽ കർമ്മമാണ് ഇസ്‌ലാമിൽ വിവാഹം. അതൊരു പ്രണയകഥ മാത്രമല്ല. 

2) ശാരീരികവും  മാനസികവുമായ ആരോഗ്യം ഉള്ളവരാണ് വിവാഹ കരാറിൽ ഏർപ്പെടേണ്ടത്.   മാനസികാരോഗ്യം വളരെ പ്രധാനമാണ്. അന്വേഷണ സമയത്ത് ഒളിച്ചു വെക്കുന്ന കാര്യങ്ങൾ പലതും പിന്നീട് ത്വലാഖിൽ എത്തിക്കുന്നു.

3) മാതാ പിതാക്കൾ, കുടുംബങ്ങൾ, ഉസ്താദ്മാർ എന്നിവരുടെ പ്രാർഥനയും അംഗീകാരവും സഹകരണവും ആവശ്യമുള്ള കർമ്മമാണ് വിവാഹവും ദാമ്പത്യവും. ഒളിച്ചോടി വിവാഹം ചെയ്തവരൊക്കെ പിന്നീട് പല ദുരനുഭവങ്ങളും ഏറ്റു വാങ്ങിയിട്ടുണ്ട്.

4) വിവാഹത്തിന് മുമ്പ് അല്ലറ ചില്ലറ ചുറ്റിക്കളി അറിവില്ലായ്മ കൊണ്ടു സംഭവിച്ചിരിക്കാം. അതിനു തൗബ ചെയ്യുക. എല്ലാ ചുറ്റിക്കളികളും അവസാനിപ്പിച്ചു വേണം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ. പിന്നീടുള്ള ചുറ്റിക്കളികളും വേലി ചാട്ടങ്ങളും പരിഹാരമില്ലാത്ത പ്രത്യാഘാതങ്ങൾ  ഉണ്ടാക്കും.

5) ഒന്നോ രണ്ടോ മാസത്തെ പ്രീമാരിറ്റൽ കോഴ്‌സുകളിൽ എല്ലാവരെ ക്കൊണ്ടും പങ്കെടുക്കാൻ  കഴിയണമെന്നില്ല. അതിനാൽ വിവാഹത്തെയും ദാമ്പത്യത്തെയും കുറിച്ചുള്ള നല്ല പുസ്തകങ്ങൾ വായിച്ചും വിദഗ്ധരുടെ ഉപദേശങ്ങൾ കേട്ടു മനസിലാക്കിയും   വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുക.

6) മുതിർന്നവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചു കൊണ്ടു ബോധ പൂർവം ഇണയെ തെരഞ്ഞെടുക്കണം. കഴിയുന്നത്ര പൊരുത്തങ്ങൾ നോക്കിയാൽ വിവാഹ ശേഷം അത്രയും പൊരുത്തപ്പെടാം.

7) വിവാഹം കഴിക്കാൻ പോകുന്നവർ പരസ്പരം കാണുമ്പോൾ തന്നെ ശരിക്കു കണ്ടു സംസാരിച്ചു കൊള്ളണം.വിവാഹ   നിശ്‌ചയവും നിക്കാഹും കഴിഞ്ഞ ശേഷം എനിക്ക് വേണ്ടെന്നു പറഞ്ഞു എല്ലാവരെയും വെറുപ്പിക്കരുത്.

8) വിവാഹ ശേഷം പഠനം തുടരാനും ജോലിക്ക് പോകാനും വിദേശത്തു പോകാനും ഉദ്ദേശ്യം ഉണ്ടെങ്കിൽ വിവാഹം നിശ്ചയിക്കുമ്പോൾ തന്നെ അതൊക്കെ പറഞ്ഞിരിക്കണം. പിന്നീട് അതിന്റെ പേരിലൊന്നും ത്വലാഖിൽ എത്തരുത്.

9) വിവാഹ ശേഷം ഭാര്യ പള്ളിയിൽ പോകണോ, നേർച്ച ചോറു തിന്നണോ, തിന്നാതിരിക്കണോ, സിയാറത്ത് ടൂറിന് കൂടെ പോരണോ എന്നൊക്കെ വിവാഹ നിശ്‌ചയ സമയത്തു തന്നെ തുറന്നു പറയുന്നത് പിന്നീട് പ്രശ്നങ്ങൾ ഇല്ലാതാക്കും. ആദർശ നിഷ്ഠകളൊക്കെ ആദ്യമെ പരസ്പരം അറിയിക്കുക. അതിന്റെ പേരിലൊക്കെ പിന്നീട് വഴക്കുകൾ ഉണ്ടാകുന്നത്  ബോറാണ്.

10) ദമ്പതിമാർക്ക് പരസ്പരം ബാധ്യതകൾ ഉണ്ട്. അതു പോലെ പരസ്പരം അവകാശങ്ങളും ഉണ്ട്. ആരും ആരുടെയും അടിമകൾ അല്ല. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ സ്വാഭാവികമാണ്. പരസ്പരം ക്ഷമിച്ചും സഹകരിച്ചും മുന്നോട്ട് പോകാതെ ഇന്നെവരെ ഒരു ദാമ്പത്യ ബന്ധവും വിജയിച്ചിട്ടില്ല.

11) ലൈംഗീക ബന്ധവും ഭർതൃ വീട്ടിലെ രീതികളും ശരിക്കും പരിചയിക്കുന്നത് വരെ എളുപ്പമാവില്ല. ലൈംഗീക പ്രശ്നങ്ങൾക്ക് ഡോക്ടേഴ്‌സിനെ   കാണുക. ഭർതൃ വീട്ടിൽ പാലിക്കേണ്ട മര്യാദകൾ പെണ്കുട്ടി സ്വമാതാവിൽ   നിന്നും സഹോദരിമാരിൽ നിന്നും മനസിലാക്കണം. വധുവിനോട് പെരുമാറേണ്ട വിധം വരൻ അവന്റെ കൂട്ടുകാരിൽ നിന്നല്ല, അത് പറഞ്ഞു തരാൻ കഴിയുന്ന മുതിർന്നവരിൽ നിന്നു മനസിലാക്കണം. 

12) ഭർതൃ വീട്ടിലെ അല്ലറ ചില്ലറ കുറ്റങ്ങളും കുറവുകളും സ്വന്തക്കാരോട് പറഞ്ഞു അവർക്ക് ഭർതൃ വീട്ടുകാരോട് വിരോധവും ദേഷ്യവും ഉണ്ടാകാതെ ഇരിക്കാൻ പെണ്കുട്ടി ശ്രദ്ധിക്കണം.

13) ഭാര്യാ ഭർതൃ ബന്ധത്തിൽ മറ്റുള്ളവർ കേറി ഇടപെട്ടു  പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ചു ദമ്പതികൾ ജാഗ്രത പാലിക്കുക. മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ ത്വലാഖ് നടത്തി പിന്നീട് വീണ്ടു വിചാരം ഉണ്ടാകു മ്പോഴേക്കും പലതും നഷ്ടപ്പെട്ടിരിക്കും.

14) അനാവശ്യ  പുരുഷാധിപത്യം ബോറായി മാറിയ ഇക്കാലത്തു കാര്യങ്ങളൊക്കെ ഭാര്യയും ഭർത്താവും ഒത്തൊരുമയോടെ  കൂടിയാലോചിച്ചു തീരുമാനിക്കുന്നത്  നല്ലൊരു  ദാമ്പത്യ ജീവിതത്തിനു നല്ലതാണ്. 

15) എല്ലാ വിജയങ്ങൾക്കും അല്ലാഹുവിന്റെ  തൗഫീഖ് അത്യാവശ്യമാണ്. അവനാണ് ഇണകളിലും മക്കളിലും കണ്കുളിർമ്മ നൽകുന്നത്. അവന്റെ സഹായമില്ലാതെ വിജയിക്കാമെന്നത് വെറും തോന്നലാണ്.

അൻസാർ  അലി  നിലമ്പൂർ

ബഹു ഭർതൃത്വം പറ്റില്ലേ...?

പുരുഷന് നാലുവരെ വിവാഹം ചെയ്യാം എന്നു പറഞ്ഞാല്‍  ഉടനെ ഉയരുന്ന ചോദ്യമാണ് സ്ത്രീക്കും ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്മാരെ  സ്വീകരിച്ചു കൂടെ എന്നത്.  സ്ത്രീ ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്നതിന് ബഹു ഭര്‍തൃത്വം എന്നു പറയുന്നു.  മത സാഹിത്യങ്ങളിൽ  നമുക്ക്‌ കാണാവുന്ന പ്രധാന ബഹു ഭര്‍തൃത്വം പാഞ്ചാലി അഞ്ചു പാണ്ഡവരെയും ഭര്‍ത്താക്കന്മാരായി സ്വീകരിച്ച ഇതിഹാസമാണ്.  

ബഹു ഭര്‍തൃത്വത്തിന്‍റെ ഇസ്‌ലാമിക മാനത്തെ പറ്റി അല്‍പം പറഞ്ഞു കൊള്ളട്ടെ. ബഹു ഭാര്യാത്വം വളരെ കര്‍ശനമായ ചില നിബന്ധനകള്‍ക്കു വിധേയമായി ഇസ്‌ലാമില്‍ അനുവദനീയമെങ്കിലും ഒരു സ്ത്രീ ഒന്നിലധികം പുരുഷന്‍മാരെ ഒരേസമയം ഭര്‍ത്താക്കന്മാരായി സ്വീകരിക്കുന്നത്   ഇസ്‌ലാമില്‍ നിഷിദ്ധമാണ്.  ചിലരെങ്കിലും ചോദിക്കാറുണ്ട് ബഹു ഭാര്യാത്വം അനുവദിച്ച ഇസ്‌ലാം എന്തുകൊണ്ട് ബഹു ഭര്‍തൃത്വം അനുവദിച്ചില്ല എന്ന്‍. വളരെ ചുരുങ്ങിയ രൂപത്തില്‍ മറുപടി പറയാന്‍ ശ്രമിക്കാം. ഏതൊരാള്‍ക്കും ചിന്തിച്ചാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ മനസിലാക്കാം.

1 ഭര്‍ത്താക്കന്‍മാര്‍ കൂടുതല്‍ ഉണ്ടായാല്‍ ജനിക്കുന്ന കുഞ്ഞിന്‍റെ പിതാവിനെ മനസിലാക്കാന്‍ പ്രയാസമാവും. ഇക്കാലത്ത് DNA ടെസ്റ്റു പോലുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലും കഴിഞ്ഞ കാലങ്ങളില്‍ അത് ഉണ്ടായിരുന്നില്ല. ഇനി അതില്ലാത്ത ഒരു കാലം വരില്ല എന്നു പറയാനും കഴിയില്ല. ഇസ്ലാം എല്ലാ കാലത്തേക്കും പ്രായോഗികമാമാകണം. കാരണം അത് ദൈവിക മതമാണ്‌.

2 ഒന്നിലധികം ഭര്‍ത്താക്കന്‍മാരുള്ള ഒരു സ്ത്രീക്ക് എല്ലാ ഭര്‍ത്താക്കന്‍ മാരോടുമുള്ള ചുമതലകള്‍ വേണ്ടും വിധം ഒരേ സമയം നിര്‍വഹിക്കാന്‍ കഴിയില്ല.  അല്ലാഹു ഒരു സ്ത്രീയെയും കഷ്ടപ്പെടുത്തല്‍ അനുവദിക്കുകയില്ല. ശാരീരികമായി തന്നെ ബലം കൂടുതല്‍ പുരുഷനാണ് എന്നത് ബഹു ഭാര്യാത്വത്തെ ന്യായീകരിക്കുകയും  ബഹു ഭര്‍തൃത്വം ശരിയല്ല എന്നു വിളിച്ചോതുകയും ചെയ്യുന്നു.  ഒന്നിലധികം ഭാര്യമാരുള്ള ഒരു പുരുഷനും കഷ്ടപ്പാടാണല്ലോ എന്നു ചിലര്‍ പറഞ്ഞേക്കാം. അങ്ങനെ കഷ്ടപ്പാടുള്ളവര്‍ക്ക്  ഒന്നിലധികം വിവാഹം ചെയ്യാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല.

3 ബഹു ഭര്‍തൃത്വത്തില്‍ ലൈംഗീക രോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യത ബഹു ഭാര്യാത്വത്തിലേക്കാള്‍  കൂടുതലാണ്.  അല്ലെങ്കിലും ബഹു ഭാര്യാത്വം മൂലമല്ലല്ലോ ഇവിടെ പ്രധാനമായും ലൈംഗീക രോഗങ്ങള്‍ വ്യാപിക്കുന്നത്. ബഹു ഭര്‍തൃത്വം അഥവാ വേശ്യാ വൃത്തി മൂലമാണല്ലോ.  

4 ഒരു സ്ത്രീക്കുള്ള ഭര്‍ത്താക്കന്‍ മാരെല്ലാം  കൂടുതല്‍ മക്കള്‍ ഉണ്ടാകണം എന്നാ ഗ്രഹിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ ആണെങ്കില്‍ സ്ത്രീ പ്രസവിച്ചു പ്രയാസപ്പെടും. ഒന്നിലധികം ഭര്‍ത്താക്കന്മാരുടെ ആഗ്രഹം ഒരേ സമയം നടക്കുകയുമില്ല.  എല്ലാ മക്കളെയും പരിപാലിക്കാന്‍ സ്ത്രീ പ്രയാസപ്പെടുകയും ചെയ്യും.

5 സ്ത്രീയുടെ രക്ഷാധികാരി സ്ത്രീയുടെ സംരക്ഷണം വരനെ ഏല്‍പിക്കലാണല്ലോ വിവാഹം. ബഹു ഭര്‍തൃത്വത്തില്‍ സംരക്ഷണം ഒന്നിലധികം പേരെ ഏല്‍പിക്കേണ്ടി വരും. ഫലത്തില്‍ സ്ത്രീക്ക് വല്ല രോഗമോ പ്രയാസമോ വന്നാല്‍ ഒരു ഭര്‍ത്താവും സംരക്ഷിക്കാത്ത പ്രശ്നം വരാം.

ഇതെല്ലാം നമുക്ക് ചിന്തിച്ചാല്‍ കിട്ടുന്ന കാര്യങ്ങള്‍ മാത്രമാണ്. ബഹു ഭര്‍തൃത്വം അനുവദിക്കാതിരിക്കാന്‍ അല്ലാഹു വേറെയും കാരണങ്ങള്‍ കണ്ടിരിക്കും. എന്തായാലും മനുഷ്യര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് തീരെ ഹിതകരം അല്ലാത്തതിനാല്‍ ആണ് അല്ലാഹു  അത് അനുവദിക്കാതിരുന്നത് എന്നു മനസിലാക്കുക. 

അന്‍സാര്‍ അലി നിലമ്പൂര്‍.

ബഹു ഭാര്യാത്വത്തിന്റെ വശങ്ങൾ

ഒരു പുരുഷന് ഒന്നിലധികം ഭാര്യമാർ ഉണ്ടാകലാണ് ബഹു ഭാര്യാത്വം. ഇസ്‌ലാം അത് നാലു വരെ അനുവദിച്ചിട്ടുണ്ട്.   ബഹു ഭാര്യാത്വത്തിനു ചില വശങ്ങൾ ഉണ്ട്. അതറിഞ്ഞിട്ടല്ല പലരും അതിനു മുതിരുന്നത്. ബഹു ഭാര്യാത്വ രംഗത്തു പ്രവർത്തിച്ചു പരിചയം ഉള്ളത് കൊണ്ടും നിലവിൽ എനിക്ക് രണ്ടു ഭാര്യമാർ ഉള്ളത് കൊണ്ടും അതിന്റെ ചില വശങ്ങളെ കുറിച്ചു  എഴുതുന്നു.  

1) പൊതുവെ മലയാളി സമൂഹത്തിൽ വ്യഭിചാരത്തേക്കാൾ മോശമായ ഏർപ്പാടായി ബഹു ഭാര്യാത്വം കണക്കാക്ക പ്പെടുന്നു. എന്റെ ഭർത്താവ് വ്യഭിചരിച്ചാലും വേണ്ടില്ല രണ്ടാമത് കല്യാണം കഴിക്കരുത് എന്നതാണ് നമ്മുടെ സമൂഹത്തിൽ അംഗീകാരമുള്ള   നിലപാട്.  അപ്പോൾ  രണ്ടാമത് കല്യാണം കഴിച്ചാൽ സമൂഹത്തിൽ അതിന്റെ മാനക്കേട്  പുരുഷന് സ്വാഭാവികമാണ്.   

2) കെട്ടാൻ വരുന്നവൻ  മറ്റൊരു കല്യാണം കഴിക്കില്ല എന്നു മലയാളി മുസ്‌ലിം പെണ്കുട്ടികൾ അന്ധമായി വിശ്വസിക്കുന്നു. അപ്പോൾ ഒന്നാം ഭാര്യ ആകാൻ പോകുന്ന പെണ്കുട്ടിയോട് ഇനിയും കല്യാണം കഴിക്കും എന്നു മുമ്പെ പറയുന്നത്  നല്ലതാണ്, ആദ്യമെ ഒന്നിലധികം ഭാര്യമാരെ ആഗ്രഹിക്കുന്നു എങ്കിൽ. പെണ്കുട്ടികളും ഇതിനെ സംബന്ധിച്ചു ബോധവതികൾ ആകണം. ആദ്യ ഭാര്യയുടെ അന്ധ വിശ്വാസത്തെ   പെട്ടെന്ന് തകർക്കുമ്പോൾ പൊട്ടലും ചീറ്റലും സ്വാഭാവികമാണ്.

3) നിലവിലുള്ള ഭാര്യയെ തോല്പിക്കാനും പാഠം പഠിപ്പിക്കാനും രണ്ടാമത് കല്യാണം കഴിക്കുന്നവർ ആ നിയ്യത്ത് അത്ര ശരിയാണോ എന്ന് ചിന്തിക്കണം.  ആദ്യ ഭാര്യയുടെ മോശം കൊണ്ടു വളരെ പ്രതീക്ഷയോടെ രണ്ടാം വിവാഹം ചെയ്തു രണ്ടാം ഭാര്യയും മോശമായി കൂടെന്നില്ല. എല്ലാം അല്ലാഹുവിന്റെ   അടുക്കലാണ്.

4) രണ്ടാം ഭാര്യ ആകാൻ സമ്മതിക്കുന്നവൾ ഗതികേട്   കൊണ്ടായിരിക്കും അതിനു സമ്മതിക്കുന്നത്. എനിക്ക് ഗതികേട്  ഉണ്ട് ഇനി മറ്റൊരുവളുടെ അവകാശത്തിൽ പങ്കു ചേരാൻ പോയി അതിന്റെ ഗതികേടും ശാപവും കൂടി ഞാൻ വഹിക്കണോ എന്നു രണ്ടാം ഭാര്യ ആകാൻ  പോകുന്നവൾക്ക് ആലോചിക്കാം. മിക്ക പെണ്കുട്ടികളും   രണ്ടാം ഭാര്യയാകാൻ വിസമ്മതിക്കുന്നത്   ആദ്യ ഭാര്യയുടെ ദേഷ്യത്തിനും കുശുമ്പിനും ഇരയാകാൻ വയ്യെന്ന് കരുതിയാണ്.   

5) ആദ്യ കല്യാണം ശരിയായില്ല, ഇനി രണ്ടാം കല്യാണമെങ്കിലും നന്നാകണം എന്നു കരുതി ഭയങ്കര സ്വപനങ്ങളുമായി രണ്ടാം വിവാഹത്തിന് ഇറങ്ങുന്നവർ   സ്വപ്‍നത്തിലെ ഹൂറികളെയൊന്നും രണ്ടാം ഭാര്യയാകാൻ കിട്ടില്ലെന്ന്‌ ഓർക്കുക. രണ്ടാം ഭാര്യ ആകാൻ തന്നെ പെണ്കുട്ടികള്  ഒരുക്കമല്ല, അപ്പോൾ ഹൂറി വേണമെന്ന് കൂടി വാശി പിടിച്ചാലോ.

6) രണ്ടു ഭാര്യമാർക്ക് ഇടയിൽ  തുല്യനീതി പാലിച്ചില്ലെങ്കിൽ പരലോകത്ത് നേരിടേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചു മുഹമ്മദ് നബി പഠിപ്പിച്ചത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതിനു മുമ്പ് പഠിക്കുന്നത്  നല്ലതാണ്. പിന്നീട് ഖേദിക്കാതിരിക്കാൻ.

7) രണ്ടു ഭാര്യമാർ  രണ്ടു വീടുകളിൽ ആണെങ്കിൽ തന്നെ ഭർത്താവ് നല്ല ക്ഷമാലു ആകണം. അപ്പോൾ രണ്ടു ഭാര്യമാരും ഒരു വീട്ടിൽ ആണെങ്കിൽ ക്ഷമയുടെ മുരട് വരെ പോകേണ്ടി വരും. രണ്ടുപേർ ഇടികൂടാനും അസൂയയും വിദ്വേഷവും വെച്ചു പുലർത്താനും ഞാനൊരു കാരണം ആകണോ എന്നത് കാതലായ ചിന്തയാണ്.

8) രണ്ടാം വിവാഹം ചെയ്താൽ ആദ്യ ഭാര്യയുമായും കുട്ടികളുമായും ഉടക്കേണ്ടി വരികയാണ് എങ്കിൽ പിന്നെന്തിനു രണ്ടാം വിവാഹം ചെയ്യണമെന്ന് ആലോചിക്കണം. നല്ലൊരു നിയ്യത്ത് കരുതി രണ്ടാമത് വിവാഹം ചെയ്താലും അതു എന്റെ മോശം കൊണ്ടാണ് എന്നെ ആദ്യഭാര്യ  ചിന്തിക്കൂ.  ഇതവരിൽ ഒരുതരം ഡിപ്രഷൻ ഉണ്ടാക്കുന്നു.  

9) ഭാര്യ വ്യഭിചരിച്ചു എന്നറിയുമ്പോൾ ഭർത്താവിന് ഉണ്ടാകുന്ന ഷോക്ക് പോലെ ഒന്നാണ് ഭർത്താവ് രണ്ടാം വിവാഹം ചെയ്തു എന്ന് പെട്ടെന്ന് അറിയുമ്പോൾ ആദ്യ ഭാര്യക്ക് ഉണ്ടാകുന്നത്. പടി പടിയായുള്ള വിദ്യാഭ്യാസം ഫലം ചെയ്‌തേക്കും. രണ്ടാം വിവാഹം ചെയ്യുമ്പോൾ  ആദ്യ ഭാര്യ അനുഭവിക്കേണ്ടി വരുന്ന മാനസിക പ്രയാസങ്ങൾ എനിക്ക് വിവരിക്കാൻ കഴിയില്ല. അനുഭവിച്ചു  തന്നെ അറിയണം.

10) രണ്ടു ഭാര്യയുള്ള ആൾക്ക് രണ്ടിടത്തും വലിയ പരിഗണനയൊന്നും കിട്ടണം എന്നില്ല. പൊതു സ്വത്തു നന്നായി സൂക്ഷിക്കുന്നതി നെക്കാൾ സ്വന്തം സ്വത്തു സൂക്ഷിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്.

11) രണ്ടു കുടുംബം പുലർത്താൻ നല്ല ജോലിയും പണവും വേണം. ഇല്ലെങ്കിൽ ഒരു കുടുംബം പുലർത്താൻ പ്രയാസപ്പെടുന്ന പോലാകില്ല അത്.   മാന്യമായി രണ്ടു കുടുംബവും പുലർത്തണമെന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ചാണിത്. കല്യാണം കഴിക്കലും ത്വലാഖ് ചൊല്ലലും ഹോബി ആക്കിയവരോട് എന്ത് പറയാൻ.

12) രണ്ടാം ഭാര്യ ആയിരിക്കാൻ പൊതുവെ പുരോഗമന സ്വഭാവക്കാരായ പെണ്കുട്ടികളെ കിട്ടാൻ പാടാണ്. പൂർണ്ണ തൃപ്തിയോടെ അതിനു സമ്മതിക്കുന്നവർ അവരിൽ വളരെ കുറവാണ്. ബഹു ഭാര്യാത്വം   കൊടികുത്തി വാഴുന്ന പിന്നാക്ക ഭൂഖണ്ഡമായ ആഫ്രിക്ക പോലാകണം കേരളം എന്ന് ആഗ്രഹിച്ചിട്ടു കാര്യമൊന്നുമില്ല.

13) ഭാര്യയും ഭർത്താവും വഴക്കടിക്കുകയും ഭർത്താവ് ത്വലാഖിനോ രണ്ടാം വിവാഹത്തിനോ മുതിരുകയും ചെയ്യുമ്പോൾ   അതിലെല്ലാം  പ്രയാസപ്പെടുന്നത് കുട്ടികൾ ആണ്. അവർ ഭാവിയിൽ ആർക്കൊക്കെ മാപ്പ് നൽകുമെന്നത് കണ്ടറിയണം.

14) എല്ലാ വശങ്ങളും ചിന്തിച്ച ശേഷം തീരുമാനം എടുക്കേണ്ട ഒന്നാണ് രണ്ടാം വിവാഹം. ഒന്നിലധികം ഭാര്യമാരെയും അവരിലുള്ള  മക്കളെയും പുലർത്തൽ ഇസ്‌ലാമിൽ ശ്രേഷ്ഠമായ, പ്രതിഫലമുള്ള കാര്യം തന്നെയാണ്. അതിൽ സംശയമില്ല. പക്ഷെ അതിനു കഴിയണം.

അൻസാർ  അലി  നിലമ്പൂർ