Showing posts with label പ്രവാചകത്വം. Show all posts
Showing posts with label പ്രവാചകത്വം. Show all posts

8 June 2018

വെളിപാടിന്റെ ആധികാരികത

ഉത്തരേന്ത്യയിൽ  ഒരു അമ്മ  ദൈവത്തിന്റെ  വെളിപാട്   ലഭിച്ചത്  അനുസരിച്ചു  സ്വന്തം  കുഞ്ഞിനെ  ദൈവത്തിനു  വേണ്ടി  ബലി അർപ്പിച്ചതായി  വായിച്ചിരിക്കുമല്ലോ,  ഇസ്‌ലാം  മത  വിശ്വാസികൾ  ഇങ്ങനെയൊന്നും  ചെയ്യുന്നതായി  കാണുന്നില്ല,  അതെസമയം അവർ  ദൈവിക വെളിപാടുകളിൽ  വിശ്വാസിക്കുന്നതായും  കാണപ്പെടുന്നു.  ഇക്കാര്യത്തെ   ഇസ്‌ലാം മതം അനുസരിച്ചു  വിലയിരുത്താൻ  ഒരു അമുസ്ലിം  സഹോദരൻ  ആവശ്യപ്പെട്ടു.  

മുസ്ലീങ്ങളിൽ  മേൽ സൂചിപ്പിച്ച    പോലുള്ള  വ്യക്തിപരമായ   വെളിപാടുകളുടെ   അടിസ്ഥാനത്തിലുള്ള        ദുചാരങ്ങൾ  ഇല്ലാത്തത്  മുസ്ലീങ്ങൾ  താഴെപ്പറയുന്ന   ചില അടിസ്ഥാന  ഇസ്‌ലാമിക  തത്വങ്ങളിൽ  വിശ്വസിക്കുന്നത്  കൊണ്ടാണ്.  

1. ഇസ്‌ലാം മതം പൂർത്തീകരിക്കപ്പെട്ട  മതമാണ്  എന്നു  അല്ലാഹു  വിശുദ്ധ  ഖുർആനിൽ  പ്രഖ്യാപിച്ചിട്ടുണ്ട്.   അതുകൊണ്ടു   ഇസ്‌ലാം  മതത്തിനു  വിരുദ്ധമായ  ഒരു  വെളിപാടും  മുസ്ലീങ്ങൾ  അംഗീകരിക്കാൻ  തയാറല്ല.  എല്ലാ വ്യക്തിപരമായ  തോന്നലുകളും  യുക്തികളും   ഇസ്‌ലാമുമായി  ഒത്തുനോക്കിയ  ശേഷമെ  മുസ്ലീങ്ങൾ  കണക്കിലെടുക്കൂ.

2. സ്വന്തം  കുഞ്ഞിനെ  ബലി  അർപ്പിക്കാൻ  ലഭിച്ച  വെളിപാടൊക്കെ  ഇസ്‌ലാമിന്റെ  വെളിച്ചത്തിൽ പരിശോധിക്കണമെന്നും   ഇസ്‌ലാമിൽ  അതൊരു  വൻ  കുറ്റമാണ്  എന്നു  മനസിലാക്കി  തള്ളി കളയണമെന്നും   മുസ്ലീങ്ങൾക്ക്  അറിയാം.   മനുഷ്യന്മാർ   വ്യക്തിഗത  മതങ്ങൾ  ഉണ്ടാക്കാതിരിക്കാനും    അതിനവരെക്കൊണ്ടു    കഴിയില്ല  എന്നത്  കൊണ്ടുമാണ്   നന്മ  തിന്മകൾ  വേർതിരിച്ചു  കൊണ്ടു  അല്ലാഹു  ഇസ്‌ലാമിനെ അവതരിപ്പിച്ചത്  എന്നു  മുസ്ലീങ്ങൾ  വിശ്വസിക്കുന്നു.

3. ഭൂലോകത്തു  മതം  പഠിപ്പിക്കാൻ    അനവധി  പ്രവാചകന്മാർ  നിയോഗിക്കപ്പെട്ടിട്ടുണ്ട്.   അവർക്കെല്ലാം  ലഭിച്ച  ദിവ്യ  വെളിപാടുകളുടെ  ആകെത്തുക  ഒരു  തത്വവും  വിട്ടു പോകാതെയും  അവരെയെല്ലാം  ശരിവെച്ചു  കൊണ്ടും  പഠിപ്പിച്ച  അന്ത്യ  പ്രവാചകനാണ്  മുഹമ്മദ്  നബി.   ഇനി പുതിയ വെളിപാടുമായി  പ്രവാചകനാണ്  എന്ന അവകാശ വാദമുന്നയിച്ചു  ആരു വന്നാലും മുസ്ലീങ്ങൾ അംഗീകരിക്കില്ല.

4. പ്രവാചകന്മാർക്ക്  ലഭിച്ച  ദിവ്യ വെളിപാടുകൾ പോലെയല്ലെങ്കിലും   അല്ലാഹുവിനോട്  വളരെ അടുത്ത  ചില മഹത്തുക്കൾക്ക്  അല്ലാഹു  ചില ദിവ്യ പ്രേരണകൾ നൽകാറുണ്ട്  എന്നതിനെ  ഇസ്‌ലാം അംഗീകരിക്കുന്നു.  അതിനനുസരിച്ചു  അവർ എഴുതുകയും  പ്രസംഗിക്കുകയും  പാടുകയും  ചെയ്യാറുണ്ട്.   എന്നാൽ  എനിക്ക് ദിവ്യവെളിപാടുകൾ  ലഭിക്കുന്നുണ്ട്  എന്നോ  ഞാൻ എന്റെ  കൈകൊണ്ടു  എഴുതിയതൊക്കെ  അല്ലാഹുവിൽ  നിന്നു  എനിക്ക് ലഭിച്ച വെളിപാടുകൾ മൂലമാണ്  എന്നോ  ഒരു മഹാനും മുസ്ലീങ്ങളിൽ അവകാശപ്പെടാറില്ല.  

5. അല്ലാഹു  മാത്രമല്ല  പിശാചും  മനുഷ്യന്  വെളിപാടുകൾ നൽകാറുണ്ട്  എന്നാണ്  ഇസ്‌ലാമിക  വിശ്വാസം.  വെളിപാടുകളെ  ഇസ്‌ലാം നല്ലതെന്നും  ചീത്തയെന്നും  വേർതിരിക്കുന്നു.  നല്ല  വെളിപാടുകൾ   അല്ലാഹുവിൽ  നിന്നും   ചീത്ത  വെളിപാടുകൾ  പിശാചിൽ  നിന്നുമാണ്.  രണ്ടും  വേർതിരിച്ചു  മനസിലാക്കാനുള്ള  കഴിവ്  നേടാൻ  മനുഷ്യരോട്    ഇസ്‌ലാം  കൽപ്പിക്കുന്നു.

6. വെളിപാടുകളെ   വേർ തിരിക്കാനുള്ള  കഴിവ്  നേടാനും      അല്ലാഹുവിൽ  നിന്നു  നല്ല  വെളിപാടുകൾ  ലഭിച്ചു  കൊണ്ടിരിക്കാനും     മനസും  ശരീരവും  ശുദ്ധമാക്കി  വെക്കാനും   സൽക്കർമ്മങ്ങളിൽ  മുഴുകാനും  ഇസ്‌ലാം  മുസ്ലീങ്ങളോട്  കൽപ്പിക്കുന്നു.

7. ഇസ്‌ലാമിൽ  ദൈവമെന്നത് വൈരുധ്യങ്ങളുടെ  കൂടാരമല്ല.  വൈരുധ്യങ്ങൾ  പറയാത്ത    സർവജ്ഞാനിയും  യുക്തിമാനുമാണ്. അവൻ   അഭിപ്രായങ്ങൾ  അവൻ  മാറ്റിമാറ്റി പറയാറില്ല.   അതുകൊണ്ടു  അല്ലാഹു  അവതരിപ്പിച്ച  മതത്തിൽ  അവനൊന്നു  പറയുകയും   എന്നാൽ  ചില  വ്യക്തികളോട്  അതിനു  വിരുദ്ധമായി  മാറ്റിപ്പറയുകയും  ചെയ്യേണ്ട  ഗതികേട്  അല്ലാഹുവിനില്ലെന്നു  മുസ്ലീങ്ങൾ  വിശ്വസിക്കുന്നു. 

അൻസാർ  അലി  നിലമ്പൂർ

14 November 2017

പ്രവാചകത്വം യുക്തിചിന്തയിലൂടെ

മുഹമ്മദ്‌ നബി അല്ലാഹുവിന്‍റെ പ്രവാചകൻ ആണ് എന്നതിന് യുക്തി പരമായ ന്യായങ്ങൾ പറയാൻ ശ്രമിക്കുന്നു

1) നാല്‍പതു വയസു വരെ നാട്ടുകാര്‍ക്ക് ഇടയിൽ തീര്‍ത്തും വിശ്വസ്തന്‍ എന്ന് അറിയപ്പെട്ടിരുന്ന ഒരു വ്യക്തി നാല്‍പതാം വയസ്സില്‍ ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകനാണ്‌ എന്ന് കളവു പറഞ്ഞു   സാഹസികനായി രംഗത്ത്‌ വരുന്നതിനു പകരം മരണം വരെ തന്‍റെ വിശ്വാസ്യത കാത്തു സൂക്ഷിക്കാനാണ് പരിശ്രമിക്കുക. പക്ഷെ മുഹമ്മദ് നബി സത്യ പ്രവാചകന്‍ ആയതു കൊണ്ട് പ്രവാചകത്വം വാദിക്കുക എന്ന   സാഹസത്തിനു മുതിര്‍ന്നു.   

2) ഒരാള്‍ക്ക് പ്രവാചകത്വം വാദിച്ചു രംഗത്ത്‌ വരാന്‍ പലതും   പ്രേരണയ ആകാറുണ്ട്.  ഭൌതിക സുഖ സൗകര്യങ്ങള്‍ അതില്‍ പെട്ടതാണ്.   പക്ഷെ മുഹമ്മദ് നബിക്ക് പ്രവാചകത്വം   വാദിക്കുന്നത് കൊണ്ട് മക്കക്കാരുടെ ശത്രുതയാണ് ലഭിക്കുക എന്ന പൂര്‍ണ്ണ ബോധ്യം ഉണ്ടായിരുന്നു. പ്രവാചകത്വം   വാദിച്ചാല്‍ എല്ലാവരും പൂമാലയിട്ടു സ്വീകരിക്കുമെങ്കില്‍ ഒരുപാട് പേര്‍ അതിനു തയാറാകും. നാട്ടുകാര്‍ മുഴുവന്‍ തന്‍റെ ശത്രുക്കള്‍ ആകുമെന്നും തന്നെ കൊല്ലാന്‍ ശ്രമിക്കുമെന്നും തോന്നിയാല്‍ സത്യ പ്രവാചകനല്ലാതെ യുക്തിയുള്ള   മറ്റാരും പ്രവാചകത്വം വാദിക്കാന്‍ ശ്രമിക്കില്ല.    

3) ഞാന്‍ പ്രവാചകനാണ്‌ എന്ന് വാദിച്ച വ്യക്തി അതുകൊണ്ട് പീഡനം അല്ലാതെ മറ്റൊരു നേട്ടവും ലഭിക്കുന്നില്ല എന്ന് തോന്നിയാല്‍ തന്‍റെ അവകാശ വാദത്തില്‍ നിന്നും പിന്മാറുമായിരുന്നു. പക്ഷെ മുഹമ്മദ് നബി നീണ്ട പതിമൂന്നു കൊല്ലം മക്കയില്‍ നാട്ടുകാരുടെ ഉപരോധം അടക്കമുള്ള പല   പീഡനങ്ങളും സഹിച്ചാണ്  ജീവിച്ചത്.   ജീവിതാവസാനം വരെ ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ തന്നെ എന്ന വാദത്തില്‍ അവിടുന്ന് ഉറച്ചു നിന്നു.   

4) മുഹമ്മദ് നബി ഒരു കവി ആയിരുന്നില്ല, പക്ഷെ പ്രസിദ്ധ കവികള്‍ അവിടുത്തെ പ്രവാചകത്വതില്‍ വിശ്വസിച്ചു. ഒരു ജാല വിദ്യക്കാരന്‍ ആയിരുന്നില്ല. പക്ഷെ പ്രസിദ്ധ ജാലവിദ്യക്കാര്‍ അവിടുത്തെ പ്രവാചകത്വതില്‍ വിശ്വസിച്ചു.  അവിടുന്ന് ഒരു കാഥികന്‍ ആയിരുന്നില്ല. പക്ഷെ കാഥികര്‍ അവിടുത്തെ പ്രവാചകത്വത്തില്‍ വിശ്വസിച്ചു.   ഇവരെയൊക്കെ വചനങ്ങള്‍ കൊണ്ടും ആശയങ്ങള്‍ കൊണ്ടും പ്രവര്‍ത്തനം കൊണ്ടും വെല്ലാന്‍ ഒരു സാധാരണ കൂലി കച്ചവടക്കാരനും മരുഭൂ വാസിയുമായ മുഹമ്മദ് നബിക്ക്     കഴിയുക എന്നത് അസാധാരണ കാര്യമാണ്.   

5) മക്കയിലെ തിന്മയുടെ ശക്തികള്‍ക്ക് എതിരെ പ്രബോധനം നിര്‍വഹിച്ചത് ഒരു കള്ള പ്രവാചകന്‍ ആയിരുന്നെങ്കില്‍ അവരുടെ പ്രലോഭനങ്ങള്‍ വരുമ്പോള്‍ കള്ള പ്രവാചകന്‍ അത് നിര്‍ത്തി വെക്കുമായിരുന്നു. മക്കാ മുശ്രിക്കുകള്‍ രാജാധിപത്യം അടക്കം പല ഓഫറുകളും   മുഹമ്മദ് നബിക്ക് നല്‍കിയെങ്കിലും അവിടുന്ന് പ്രബോധനം നിര്‍ത്തി വെച്ചില്ല.   

6) മുഹമ്മദ് നബിയില്‍ അക്കാലത്ത് വിശ്വസിച്ചത് വെറും സാധാരണക്കാര്‍   മാത്രം ആയിരുന്നില്ല. ഉമറിനെ പോലുള്ള അതി ബുദ്ധിമാന്മാര്‍ വരെ അവരില്‍ ഉണ്ടായിരുന്നു.  ഒരു കള്ള പ്രവാചകനില്‍ നിന്ന് ഉണ്ടാവുന്ന വല്ല കാപട്യവും മുഹമ്മദ് നബിയില്‍ നിന്ന് ഉണ്ടായിരുന്നു എങ്കില്‍ ബുദ്ധിമാന്മാരായ അനുയായികള്‍ അത് പിടികൂടിയിരുന്നു. ഇന്ന് വ്യാജ സിദ്ധന്‍മാരെ ജനം പിടികൂടുന്ന പോലെ തന്നെ. പക്ഷെ നാള്‍ക്കു നാള്‍ മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരുടെ സംഖ്യ കൂടുകയാണ് ഉണ്ടായത്.   

7) ഒരു സാധാരണ കൂലി കച്ചവടക്കാരനായ മുഹമ്മദ് നബിയില്‍ നിന്നു തങ്ങളുടെ കവിതകളെയും സാഹിത്യങ്ങളെയും വെല്ലുന്ന വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ അത്ഭുതപ്പെട്ട  ജനത്തെ കബളിപ്പിക്കാന്‍ ഖുര്‍ആന്‍ ഞാന്‍ സ്വയം   മൊഴിയുന്നതാണ് എന്ന് മുഹമ്മദ് നബി ഒരു കള്ള പ്രവാചകന്‍ ആയിരുന്നെങ്കില്‍ പറയാമായിരുന്നു. പക്ഷെ ഇത് എന്‍റെ വാക്കുകള്‍ അല്ല അല്ലാഹുവില്‍  നിന്ന് തനിക്ക് അവതരിച്ചു കിട്ടുന്നതാണ് എന്നായിരുന്നു അവിടുന്ന് വാദിച്ചത്.  

8) മക്കയില്‍ നിന്നും അധികമൊന്നും പുറത്തു പോയിട്ടില്ലാത്ത, ഒരു ഗുരുവിന്‍റെയും ശിഷ്യത്വം സ്വീകരിക്കുകയോ മുന്‍ വേദങ്ങള്‍   വായിച്ചു പഠിക്കാന്‍ വിദ്യ നേടുകയോ ചെയ്തിട്ടില്ലാത്ത മുഹമ്മദ്‌ നബി   അസാധാരണമായ ആത്മ വിശ്വാസത്തോടെ ഒരു ദിവസം  ചരിത്രങ്ങളും പ്രാപഞ്ചിക സത്യങ്ങളും പുലരുന്ന പ്രവചനങ്ങളും ധാര്‍മ്മിക ഉപദേശങ്ങളും വാചാലമായി സംസാരിച്ചു കൊണ്ട് രംഗത്ത്‌ വരിക എന്നത്   അവിടുത്തെ പ്രവാചകത്വത്തിനുള്ള മതിയായ തെളിവായാണ് അന്നും ഇന്നും ബുദ്ധിമാന്മാര്‍ മനസ്സിലാക്കുന്നത്.   ഇതിനു കാരണം മുഹമ്മദ് നബിയുടെ മാനസിക തകരാര്‍ ആണ് എന്ന് വാദിക്കുന്നവര്‍ മുഹമ്മദ് നബിയല്ലാത്ത മറ്റൊരു മാനസിക തകരാര്‍ ബാധിച്ചവനും ഒരു കാലത്തും മുഹമ്മദ് നബിയെ പോലെ ജന കോടികളുടെ   മനസ്സില്‍ ജീവിച്ചിട്ടില്ല എന്ന് മനസിലാക്കണം.  

9) ഏതൊരു കള്ള പ്രവാചകനെ പരിശോധിച്ചാലും അയാള്‍ക്ക് പുതിയ വല്ലതും അവതരിപ്പിക്കാന്‍ ഉണ്ടാകും.   അതിന്‍റെ ക്രെഡിറ്റ് തനിക്ക് മാത്ര മായിരിക്കണം എന്നും  അയാള്‍ ആഗ്രഹിക്കും. പക്ഷെ മുഹമ്മദ് നബി പറഞ്ഞത് ഞാന്‍ മുന്‍ പ്രവാചകരെ ശരി വെക്കുന്നവനും മുന്‍ വേദങ്ങളെ സത്യപ്പെടുത്തുന്ന വനുമാണ്‌ എന്നായിരുന്നു. ഞാന്‍ പറയുന്നതും ചെയ്യുന്നതും എന്‍റെ വകയല്ല അവയെല്ലാം അല്ലാഹുവില്‍ നിന്നാണ്, ഞാന്‍ നിങ്ങളെ പോലെ ഒരു മനുഷ്യന്‍ മാത്രമാണ് എന്ന് അവിടുത്തെ അധ്യാപനം കള്ള പ്രവാചകരെ പോലെ   ഒരു  വ്യക്തിപരമായ നേട്ടവും മുഹമ്മദ് നബി ലക്ഷ്യം വെച്ചില്ല എന്ന് വ്യക്തമാക്കുന്നു. അവിടുന്ന് കാര്യമായ ഒരു സമ്പത്തും ബാക്കി വെക്കാതെയാണ് ഈ ലോകത്തോട്‌ വിട പറഞ്ഞത്.   

10) മുന്‍ വേദങ്ങളില്‍ കാണപ്പെടുന്ന മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാതെ  ഇന്നും നില നില്‍ക്കുന്നു. തനിക്ക് ശേഷം ഒരു പ്രവാചകന്‍ വരാനുണ്ട് എന്ന യേശുവിന്‍റെ പരാമര്‍ശം ബൈബിളില്‍ നില നില്‍ക്കുമ്പോള്‍ അതാരെന്നു നിര്‍വചിക്കാന്‍ കഴിയാതെ ക്രിസ്ത്യാനികള്‍ ഇരുട്ടില്‍ തപ്പുന്നു. വരാനുള്ള പ്രവാചകന്‍ യേശുവല്ല എന്ന് പ്രഖ്യാപിച്ച് പിന്നെ അതാരെന്നു പറയാന്‍ കഴിയാതെ യഹൂദികളും ഇരുട്ടില്‍ തപ്പുന്നു. ഹൈന്ദവ വേദങ്ങളും മുഹമ്മദ് നബിയുടെ പ്രവാചകത്വതെ  കുറിച്ച് പറയുന്നു. 

ഈ വസ്തുതകളെല്ലാം മുഹമ്മദ് നബി സത്യ പ്രവാചകനാണ്‌  എന്നല്ലാതെ മറ്റൊരു നിഗമനത്തിലേക്കും യുക്തിമാന്മാരെ കൊണ്ടെത്തിക്കില്ല.

അന്‍സാര്‍  അലി  നിലമ്പൂര്‍.