Showing posts with label സൈക്കോളജി. Show all posts
Showing posts with label സൈക്കോളജി. Show all posts

19 September 2018

മതവിശ്വാസം ഒരു മനോരോഗമാണോ..?

നിരീശ്വര വാദികളായ സിഗ്മണ്ട് ഫ്രോയ്ഡും റിച്ചാർഡ് ഡോക്കിൻസും സാം ഹാരിസു മൊക്കെ മത വിശ്വാസത്തെ ഒരു മനോ രോഗമായി പൊതു വൽക്കരിച്ചു പറയുന്നത് അവരുടെ ചില പുസ്തകങ്ങളിൽ നമുക്ക് വായിക്കാം. ഫ്രോയ്ഡ് പറഞ്ഞതു മത വിശ്വാസം ഒരു ന്യൂറോസിസ് ആണെന്നാണ്. അവരുടെ അഭിപ്രായത്തിൽ മത വിശ്വാസി കളെക്കാൾ മാനസിക ആരോഗ്യം കൂടുതൽ ഉള്ളത് നിരീശ്വര വാദികൾക്ക് ആണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വായനയിൽ നിന്ന് എനിക്ക് മനസ്സിലായത് അവരുടെ ഈ അഭിപ്രായം അനുഭവ യാഥാർഥ്യത്തിനും യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത വിഡ്ഢി വാദം ആണെന്നാണ്. വളരെ കുറച്ച് സൈക്കോളജിസ്റ്റുകൾ മാത്രമാണ് മത വിശ്വാസത്തെ ഒരു ന്യൂറോസിസ് ആയോ ഡില്യൂഷൻ ആയോ കാണുന്നത്.

എല്ലാ മത വിശ്വാസികളും മതം കൊണ്ടു മാനസിക പ്രശ്നം അനുഭവിക്കുന്നവർ അല്ലെന്നു മത വിശ്വാസികളെ  മൊത്തത്തിൽ നിരീക്ഷിച്ചാൽ നമുക്ക് മനസിലാക്കാം. മനുഷ്യരിൽ ഭൂരിപക്ഷം മത വിശ്വാസികളാണ്, അവരെല്ലാം മനോരോഗം ബാധിച്ചവരുമാണ് എന്നത് ബാലിശമായ അഭിപ്രായം മാത്രമാണ്. മത വിശ്വാസം കൊണ്ടു മനോരോഗം വന്ന ചെറിയൊരു വിഭാഗം മത വിശ്വാസികൾ നിലവിൽ ഉള്ളപ്പോൾ എല്ലാ മത വിശ്വാസി കളെയും മനോരോഗം ഉള്ളവരായി കാണണോ എന്ന് നിരീശ്വര വാദികൾ ചിന്തിച്ചു നോക്കണം. കേവല മത വിശ്വാസം ഒരു മനോ രോഗമല്ല. മനോ രോഗങ്ങളെ കാറ്റഗറൈസ് ചെയ്തിട്ടുള്ള DSM, ICD മാനുവലു കളിലൊന്നും നാം അങ്ങനെ കാണുന്നുമില്ല.

യുക്തിപര മല്ലാത്തതും അന്ധവും തീവ്രവുമായ മത വിശ്വാസം ചിലർക്ക് മനോരോഗം ഉണ്ടാക്കാറുണ്ട് എന്നതിനെ നിഷേധിക്കാൻ നമുക്ക് കഴിയില്ല. ലോകത്തുള്ള എല്ലാ മത വിശ്വാസങ്ങളും അത്ര യുക്തിപരമല്ല. ചിലത് മനുഷ്യന് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കി യില്ലെങ്കിലെ അത്ഭുതമുള്ളൂ എന്ന് വിചിത്രമായ ചില മത വിശ്വാസങ്ങളെ കുറിച്ച് പഠിച്ചാൽ നമുക്ക് ബോധ്യപ്പെടും. ഡ്യൂക്ക് യൂണിവേഴ്‌സിറ്റി സൈക്യാട്രി പ്രൊഫസർ Harold Koenig ഇക്കാര്യത്തിൽ ധാരാളം പഠനങ്ങൾ നടത്തിയ വ്യക്തിയാണ്. അദ്ദേഹം പറയുന്നത് മൂന്നിലൊന്നു സൈക്കോസിസ് കേസുകളിലും മതപരമായ മിഥ്യാ ഭ്രമങ്ങൾ (Delusions) കാണപ്പെടുന്നു എന്നാണ്. എങ്കിലും കേവല മത വിശ്വാസങ്ങൾ മനോ രോഗങ്ങൾക്ക് കാരണമല്ല എന്നു തന്നെയാണ് ഭൂരിപക്ഷം മനശാസ്ത്ര വിദഗ്ധരുടെയും വീക്ഷണം.

മത വിശ്വാസം ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. നല്ല രൂപത്തിൽ മനസിലാക്കി സ്വീകരിച്ചാൽ അതു മനുഷ്യന് നല്ല മാനസിക ആരോഗ്യം നൽകും. തെറ്റായ രൂപത്തിൽ മനസിലാക്കി അതിൽ അമിതത്വം കാണിച്ചാൽ അത് മാനസിക പ്രശ്നങ്ങളും നൽകും. ഭക്തി കൂടി സൈക്കോസിസ് ആവുന്ന അവസ്ഥ സ്വാഭാവികമാണ്. യാഥാർഥ്യത്തിൽ നിന്നുള്ള മനസ്സിന്റെ ബന്ധ വിച്ഛേദനവും വ്യക്തിത്വത്തിൽ തന്നെ വരുന്ന മാറ്റവും ഭൂതം, ജിന്ന്, പിശാച് പോലുള്ള മായാ കാഴ്ചകൾ കണ്ട് ഞെട്ടി നിലവിളിക്കലും ഇല്ലാത്ത ശബ്ദങ്ങളും അശരീരികളും കേൾക്കലും സൈക്കോസിസ് ആണ്. ഭക്തി കൂടി ഞാൻ ദൈവമാണ്, പ്രവാചകനാണ്, ദൈവ അവതാരമാണ് എന്നൊക്കെ പുലമ്പുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. ചിലർ അവരുടെ മനോ ഭ്രമങ്ങളിൽ ദേവ കല്പന കേട്ടെന്നും പറഞ്ഞു സ്വന്തം മക്കളെ തന്നെ ദേവ പ്രീതിക്കായി ബലി അർപ്പിക്കുന്നു. കടുത്ത മത വിശ്വാസം മൂലം ഉടലെടുക്കുന്ന മാനസിക പ്രശ്നങ്ങൾ സൈക്യാട്രിയിൽ ഹൈപ്പർ റിലീജ്യോസിറ്റി എന്ന പേരിൽ പ്രത്യേകം പഠിക്കപ്പെടുന്നു.
 
അബദ്ധങ്ങളിൽ നിന്നും അന്ധ വിശ്വാസ ങ്ങളിൽ നിന്നും മുക്തമായ കേവല മത വിശ്വാസം ഒരു മനോ രോഗമോ (Mental Disorder or Illness) മിഥ്യാ ഭ്രമമോ (Delusion) അല്ല. ആണെന്ന് ആർക്കും ശാസ്ത്രീയമായി തെളിയിക്കാനും കഴിഞ്ഞിട്ടില്ല. കേവല വിശ്വാസങ്ങൾക്ക് സൈക്യാട്രിയിൽ മിഥ്യാഭ്രമം എന്നു പറയില്ല. ഫ്രോയ്ഡിന്റെ അഭിപ്രായ പ്രകടനം നിരുത്തര വാദപരമായ ഒന്നായതിനാൽ സൈക്കോളജിയിലോ സൈക്യാട്രിയിലോ അതു അംഗീകരിക്ക പ്പെട്ടിട്ടുമില്ല. മനോ രോഗങ്ങൾ ഉള്ളവരുടെ പ്രധാന ലക്ഷണം അവർക്ക് ശരിയായ വിധം സമൂഹത്തിൽ ഇടപെടാൻ കഴിയില്ല എന്നതാണ്. വളരെ നന്നായി സമൂഹത്തിൽ ഇടപഴകി ജീവിക്കുന്ന അനേകം മത വിശ്വാസികളെ നാം കാണുന്നു. ഒരാൾ ചില വിശ്വാസങ്ങൾ മുറുകെ പിടിക്കുന്നു എന്നത് ഒരു മനോ രോഗമായി കണ്ടാൽ മനുഷ്യർ മൊത്തത്തിൽ മനോ രോഗികൾ ആണ് എന്നു പറയേണ്ടി വരും. കാരണം, നിരീശ്വര വാദികൾ അടക്കം എന്തെങ്കിലും വിശ്വാസങ്ങൾ ഇല്ലാത്ത ആരെയും ഭൂമിയിൽ കണ്ടേക്കില്ല.

കേവല മത വിശ്വാസം ഒരു മനോ രോഗം അല്ലെന്ന് മാത്രമല്ല മികച്ച മതങ്ങൾ അതിന്റെ അനുയായികൾക്ക് മികച്ച മാനസിക ആരോഗ്യം നൽകുന്നു എന്നതാണ് സത്യം. ചില മനോരോഗങ്ങൾ എളുപ്പത്തിൽ സുഖപ്പെടാൻ മതം സഹായിക്കുന്നു എന്നും മനോ രോഗങ്ങൾ പിടിപെടാതെ അത് വിശ്വാസികളെ സംരക്ഷിക്കുന്നു എന്നും വിവിധ മനശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു. മതം വിശ്വാസികളിലെ ആത്മഹത്യയും വിഷാദവും ഉൽക്കണ്ഠയും സ്ട്രെസ്സും കുറയ്ക്കുന്നു. മത ആചാരങ്ങൾ മാനസിക പ്രയാസമുള്ള വിശ്വാസിയെ കൂട്ടായ്മ കളിലേക്ക് കൊണ്ടു വരുന്നു. അവയിലുള്ള മറ്റു വിശ്വാസികൾ അവന് ആശ്വാസവും പുതിയ ചിന്തകളും നൽകുന്നു.  വേൾഡ് സൈക്യാട്രിക് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന ദിനേശ് ബുഗ്ര മതപരമായ കൂടിച്ചേരൽ വിശ്വാസിയെ മാനസികമായി ഒരുപാട് സഹായിക്കുന്നു എന്ന് പറഞ്ഞത് വായിച്ചിട്ടുണ്ട്.

പ്രൊഫസർ എലിൻ സാക്‌സ് സ്കിസോ ഫ്രീനിയയിൽ നിന്നും മുക്തരായ കുറേപേരെ വെച്ചു നടത്തിയ പഠനത്തിൽ മതപരമായ കൂടിച്ചേരൽ അവരുടെ രോഗ മുക്തിക്ക് വളരെ സഹായിച്ചതായി കണ്ടെത്തി. ഇത്തരം ഒരുപാട് മനശാസ്ത്ര പഠനങ്ങൾ ഇന്ന് ലഭ്യമാണ്. കൂടുതൽ അറിയാൻ ഡ്യൂക്ക് യൂണിവേഴ്സിറ്റി സൈക്യാട്രി പ്രൊഫസർ Harold Koenig ന്റെ “Is Religion Good for Your Health? The Effects of Religion on Physical and Mental Health” (1997), “Handbook of Religion and Mental Health” (1998) എന്നീ കൃതികൾ വായിക്കുക. മതപരമായ മിഥ്യാ ഭ്രമങ്ങൾ ബാധിക്കുന്ന അധിക പേരും അത്ര വലിയ മത വിശ്വാസികൾ അല്ലെന്നും ഒരു മത വിഭാഗത്തിന്റെയും സപ്പോട്ട് ഇല്ലാത്തവരാണ് അവരെന്നുമുള്ള ഇദ്ദേഹത്തിന്റെ വീക്ഷണം നമുക്ക് ഈ കൃതികളിൽ വായിക്കാം. നല്ല മത വിശ്വാസികൾക്ക് വിഷാദ രോഗത്തിന്റെ കുറഞ്ഞ ലക്ഷണങ്ങൾ മാത്രമെ ഉണ്ടാകൂ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഫിലാഡൽഫിയ തോമസ് ജെഫേഴ്‌സൻ യൂണിവേഴ്‌സിറ്റി സയന്റിസ്റ്റ്  Andrew Newberg പറയുന്നത് മതങ്ങളിലെ ധ്യാനാത്മക പ്രാർത്ഥനകൾ വൈകാരിക പ്രതികരണ ങ്ങൾക്ക് കാരണമായ ബ്രെയിനിലെ ഏരിയകളെ, വിശിഷ്യാ ഫ്രോണ്ടൽ ലോബിനെ ഉത്തേജിപ്പിക്കാൻ വളരെയധികം സഹായിക്കുന്നു എന്നാണ്. ചില മതങ്ങൾ പുകവലിയും മദ്യപാനവും അമിത ഭക്ഷണവും വിരോധിച്ചത് ബ്രെയിനിനെ അതിന്റെ ധർമ്മങ്ങൾ ശരിയാം വണ്ണം നിർവഹിക്കാൻ സഹായിക്കുന്നു എന്നും അദ്ദേഹം പറയുന്നു. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ മതവും മാനസിക ആരോഗ്യവും തമ്മിലുള്ള അഭേദ്യമായ ബന്ധം നിരീക്ഷിച്ചു മനസിലാക്കിയ ശേഷം മത പുരോഹിതർക്ക് ഒരു മെന്റൽ ഹെൽത്ത് ഗൈഡ് തയ്യാറാക്കി വിതരണം ചെയ്തത് ശ്രദ്ധിക്കണം. ഇതിനു പറഞ്ഞ ന്യായം മതത്തിനു മാനസിക രോഗങ്ങൾ സുഖപ്പെടുത്തുന്നതിൽ അപാര പങ്കുണ്ടെന്നും ഇതിൽ മത പുരോഹിതർക്ക് വലിയ പങ്കു നിർവഹിക്കാൻ ഉണ്ടെന്നുമാണ്.

മതം എപ്പോഴും മനുഷ്യരുടെ മാനസിക ആരോഗ്യത്തെ വർധിപ്പിക്കുന്ന വിധമാകണം. ഭക്തി കൂടി വട്ടാകുന്ന പ്രതിഭാസം മതങ്ങൾ നിരുത്സാഹ പ്പെടുത്തണം. മനുഷ്യന്റെ ഭക്തി ഇല്ലെങ്കിലും ദൈവം പരിപൂർണ്ണ ധന്യനാണ് എന്നാണ് മതങ്ങൾ പഠിപ്പിക്കുന്നത്. അപ്പോൾ ദൈവത്തിന്റെ പേരിലുള്ള അന്തക്കേടുകൾ ഒട്ടും ആവശ്യമില്ല. മാനസിക സുഖത്തിനും പുരോഗതിക്കും വേണ്ടിയാകണം മനുഷ്യർ മതം സ്വീകരിക്കേണ്ടത്, കുഴപ്പങ്ങൾ ഉണ്ടാക്കാൻ വേണ്ടി ആകരുത്. മതം കുറെ വൈകാരിക ആവേശങ്ങൾ ആകരുത്, അത് മനുഷ്യർക്ക് വിവേകമാണ് നൽകേണ്ടത്. മാനസിക പ്രശ്നങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കാതെ മതം മനുഷ്യർക്ക് സമാധാനം നൽകണം. അന്യ മതക്കാരോട് വെറുപ്പും വിരോധവും മതങ്ങൾ ഉൽപാദി പ്പിക്കരുത്, വർഗീയ രോഗികളെ സൃഷ്ടിക്കരുത്. വ്യത്യസ്ത മത വിശ്വാസികൾ എപ്പോഴും കടിപിടി കൂടിയാൽ മനുഷ്യന്റെ നിലനിൽപ്പ് തന്നെ ഭൂമിയിൽ ചോദ്യം ചെയ്യപ്പെടും. മനുഷ്യ സമൂഹത്തിനു പുരോഗതിയും വികാസവും ഉണ്ടാകുന്നത് യുദ്ധങ്ങളും കലഹങ്ങളും ഇല്ലാതിരി ക്കുമ്പോൾ ആണ്.

അൻസാർ അലി നിലമ്പൂർ

12 September 2018

പണം കൊടുത്താൽ കിട്ടാത്തവ

മനുഷ്യൻ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളെ പണം കൊണ്ട് വാങ്ങാൻ കഴിയുന്നത് എന്നും കഴിയാത്തത് എന്നും തരം തിരിക്കാം. പണം കൊണ്ട് വിലയിടാൻ കഴിയുന്നതിനൊക്കെ മനുഷ്യൻ കാലങ്ങളായി വിലയിട്ടു കൊണ്ടിരിക്കുന്നു. ബാക്കി വിലയിടാൻ കഴിയാത്ത ചില അമൂല്യ കാര്യങ്ങളാണ് മനുഷ്യനെ കേവലമൊരു ഭൗതിക ജീവി എന്നതിന് അപ്പുറം ആത്മീയ ജീവിയും സാമൂഹ്യ ജീവിയുമാക്കി നിലനിർ ത്തുന്നത്. അതിനാൽ ജീവിതത്തിൽ പണത്തിനു എത്രത്തോളം പ്രാധാന്യം നൽകാം എന്നതൊരു പ്രധാന ചിന്താ വിഷയമാണ്. പണത്തിന് അർഹമായ പ്രാധാന്യം നൽകുന്നതിൽ ഉള്ള ഏറ്റകുറച്ചിലുകൾ ചില മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മണി ഡിസോഡേഴ്‌സ് എന്ന പേരിൽ സൈക്കോളജിയിൽ അവ അറിയപ്പെടുന്നു 

മനുഷ്യന് ആവശ്യമുള്ളതും പണം കൊണ്ട് വാങ്ങാൻ കഴിയാത്തതുമായ കുറെയേറെ സുഖങ്ങൾ ഭൂമിയിൽ ഉള്ളതിനാൽ ധാരാളം പണം ഉണ്ടായത് കൊണ്ട് മാത്രം ആരും പൂർണ്ണ ധാന്യരാകില്ല എന്ന് മനസ്സിലാക്കാം. താൻ ധന്യനാണോ എന്ന് നോക്കുമ്പോൾ പണം കൊണ്ട് വാങ്ങാൻ കിട്ടാത്തതായി തനിക്ക് എന്തൊക്കെ സുഖ സൗകര്യങ്ങൾ ഉണ്ടെന്നത് കൂടി ഒരാൾ കണക്കിൽ എടുക്കണം. പണം കൊണ്ട് മനുഷ്യന് പൂർത്തീകരിക്കാൻ കഴിയുക പ്രധാനമായും  ഭൗതിക ആവശ്യങ്ങൾ മാത്രമാണ്. മനുഷ്യന്റെ മാനസികവും ബൗദ്ധികവും ആത്മീയവും സാമൂഹികവുമായ മിക്ക ആവശ്യങ്ങളും പണം കൊണ്ട് നേടാൻ കഴിയുന്നവയല്ല. 

വാങ്ങാൻ കിട്ടുന്നതൊക്കെ വാങ്ങാനുള്ള കഴിവ് പണം നമുക്ക് തരുന്നുണ്ട്‌. വാങ്ങാനുള്ള കഴിവ് തന്നെ ഇല്ലെങ്കിൽ, അതായത് വല്ലതും വാങ്ങി അനുഭവിക്കണം എന്ന് ആഗ്രഹി ക്കാനുള്ള ബോധം തന്നെ ഇല്ലെങ്കിൽ അതും പണം കൊടുത്തു വാങ്ങാൻ പറ്റില്ല. പണത്തെ കുറിച്ചുള്ള ബോധം തന്നെ ഇല്ലാത്ത മനുഷ്യർക്ക് ഇടയിലാണ് നാം ജനിച്ചത് എങ്കിലുള്ള കാര്യം ആലോചിച്ചു നോക്കുക. ഇപ്പോഴും ഭൂമിയിൽ പണം കണ്ടിട്ടു പോലുമില്ലാത്ത ചില ആദിവാസി വർഗ്ഗങ്ങൾ ജീവിക്കുന്നുണ്ട്. പണം ഒരു ആവശ്യമാണ് എന്ന് അവർക്ക് തോന്നിയിട്ടില്ല. എങ്കിലും അവർ സന്തോഷത്താൽ പൊട്ടിച്ചിരിക്കുന്നു, നൃത്തം ചെയ്യുന്നു. പണം ഇല്ലെങ്കിലും ജീവിക്കാം, മുമ്പു മനുഷ്യർ പണം ഇല്ലാതെ ജീവിച്ചിരുന്നു എന്നർത്ഥം. പണം കൊടുത്താൽ വാങ്ങാൻ കിട്ടുന്ന ഭൗതിക ചരക്കുകളുടെ ആധിക്യം പണം കൊണ്ട് എന്തും നേടാൻ കഴിയുമെന്നൊരു മിഥ്യാ ധാരണ മനുഷ്യന് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. 

പണം കൊണ്ട് വാങ്ങാൻ കിട്ടുന്നതിനൊക്കെ നിശ്ചിത മൂല്യമുണ്ട്.  എന്നാൽ പണം കൊണ്ട് വാങ്ങാൻ കിട്ടാത്ത സുഖങ്ങൾ എല്ലാം അമൂല്യമാണ്. പണം കൊടുത്തു ഭക്ഷണം വാങ്ങി, പക്ഷെ കഴിക്കാൻ കഴിയുന്നില്ല, തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല. പണം കൊടുത്തു പുസ്തകം വാങ്ങി, പക്ഷെ വായിക്കാൻ അറിയില്ല, പഠിച്ചിട്ടില്ല. പണം കൊടുത്തു ഭംഗിയുള്ള വീട് വാങ്ങി, പക്ഷെ കണ്ട് ആസ്വദിക്കാൻ കണ്ണിനു കാഴ്ചയില്ല. പണം കൊടുത്തു പാടുന്ന പക്ഷിയെ വാങ്ങി, പക്ഷെ അതിന്റെ പാട്ടു കേൾക്കാൻ കേൾവി ശക്തിയില്ല.  ഇങ്ങനെ നോക്കിയാൽ ഒരു കൂട്ടം കഴിവുകൾ ഇല്ലെങ്കിൽ മനുഷ്യന് കുറെ പണം ഉണ്ടായിട്ട് യാതൊരു കാര്യവുമില്ല എന്നു മനസിലാക്കാം. പണത്തിന്റെ ആവശ്യങ്ങൾ മനുഷ്യന്റെ കഴിവു കളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആ കഴിവുകൾ മനുഷ്യന് പണം കൊടുത്തു വാങ്ങാനും കഴിയില്ല. 

പണം കൊടുത്തു വാങ്ങാൻ പറ്റാത്ത ഒന്നാണ് അറിവ്. പണം ഉണ്ടായാൽ മനുഷ്യന് അറിവ് ഉണ്ടാകണം എന്നില്ല. പണം കൊണ്ട് പുസ്തകം വാങ്ങാം, വിദ്യാലയത്തിൽ ചേരാം, പക്ഷെ അറിവ് ഉണ്ടാകാൻ അധ്വാനിച്ചു പഠിക്കുക തന്നെ വേണം. അല്ലെങ്കിൽ വല്ല വെളിപാടും കിട്ടണം. അത് പണം കൊണ്ട് കിട്ടില്ലല്ലോ. ഇതിനാൽ എല്ലാ ധനികരും അറിവു ള്ളവർ ആയി കാണപ്പെടുന്നില്ല.

പണം കൊടുത്തു വാങ്ങാൻ കഴിയാത്ത മറ്റൊന്നാണ് മനുഷ്യന്റെ ആകാരഭംഗി. ഒരാളുടെ ആകാര ഭംഗി നിർണ്ണ യിക്കുന്നത് അയാളുടെ ജനിതക ഘടനയാണ്. ജീനുകളിൽ ഉൾക്കൊള്ളുന്ന വിവരങ്ങൾക്ക് അനുസരിച്ചു കോശങ്ങളും ശരീരം മൊത്തത്തിലും രൂപപ്പെടുന്നു. ഒരാളുടെ മുഴുവൻ കോശങ്ങളിലെയും ജനിതക കോഡ് മുഴുവൻ മാറ്റി എഴുതാൻ കഴിയില്ല. കഴിഞ്ഞിരുന്നു എങ്കിൽ എല്ലാ ധനികരും അത്യധികം ആകാര ഭംഗി ഉള്ളവരായി കാണപ്പെട്ടിരുന്നു. 

സൽസ്വഭാവം പണം കൊടുത്താൽ കിട്ടാത്ത മറ്റൊരു കാര്യമാണ്. സൽസ്വഭാവം മനുഷ്യർ മൊത്തത്തിൽ ഇഷ്ടപ്പെടുന്ന കാര്യമാണ് എങ്കിലും ധനികരെല്ലാം സൽസ്വഭാവികൾ അല്ല. മനുഷ്യനിൽ സൽസ്വഭാവം എങ്ങനെ യാണ് രൂപപ്പെടുന്നത് എന്ന് ഇന്നും മനശാസ്ത്രം പഠിച്ചു കൊണ്ടിരി ക്കുകയാണ്. മനുഷ്യന്റെ പാരമ്പര്യത്തിനും ബാല്യകാല അനുഭവങ്ങൾക്കും വളർന്ന ചുറ്റു പാടിനും നേടിയ വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിൽ പങ്കുണ്ട് എന്ന് നമുക്കറിയാം. എങ്കിലും സൽസ്വഭാവം പണം കൊണ്ട് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല. 

പണം കൊടുത്താൽ കിട്ടാത്ത മറ്റൊന്നാണ് സമയം അല്ലെങ്കിൽ ആയുസ്. മനുഷ്യനു ജീവിക്കാനും ഉദ്ദേശിച്ചത് ചെയ്യാനും ലഭിക്കുന്ന വിലപ്പെട്ട അവസരമാണ് സമയം. ഒരാൾ മരിച്ചാൽ അയാൾക്ക് അനുഭവപ്പെട്ട സമയം എന്ന അവസരം കഴിഞ്ഞു. സമയവും ആയുസും പണം കൊണ്ട് വാങ്ങാൻ കിട്ടിയിരുന്നു എങ്കിൽ ധനികർ ഒരിക്കലും മരിക്കില്ലായിരുന്നു. ഏതു ധനികനും മരിക്കാൻ നേരം കുറച്ചു കൂടി ആയുസ് കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കാൻ മാത്രമെ കഴിയൂ. മരിക്കേണ്ട നേരത്തു ആരും മരിച്ചെ പറ്റൂ. മാക്സിമം എത്ര പ്രാവശ്യം വരെ നമ്മുടെ ശരീരത്തിലെ കോശങ്ങൾ വിഭജിക്കണം എന്ന ജനിതക പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ട അറിവും പേറിയാണ് നാം ജീവിക്കുന്നത്. 

കോമ്മൻ സെൻസും ബുദ്ധിയും പണം കൊടുത്തു വാങ്ങാൻ കഴിയാത്ത മറ്റു ഗുണങ്ങൾ ആണ്. മനുഷ്യന് ബുദ്ധി കൂടുതലും ബുദ്ധി കുറവും മന്ദബുദ്ധിയും ഉണ്ടാകുന്നത് എങ്ങനെയാണ് എന്നു കൃത്യമായി നമുക്ക് അറിയില്ല. അതിനും കാരണം പാരമ്പര്യം, ജനിതകം, ആർജ്ജിത വിദ്യാഭ്യാസം എന്നൊക്കെ യാണ് നമ്മുടെ ഉത്തരം. ഇക്കാര്യത്തിലും പണത്തിനു ഒരു റോളും ഇല്ല. ഉണ്ടായിരുന്നു എങ്കിൽ ധനികരുടെ കൂട്ടത്തിൽ വിഡ്ഢികൾ ഉണ്ടാവില്ലായിരുന്നു. 

കാശു കൊടുത്തു വാങ്ങാൻ പറ്റാത്ത മറ്റൊന്നാണ് ആത്മാർത്ഥ സ്നേഹം. ശമ്പളം കൊടുത്തു സ്നേഹിക്കാൻ ആളെ വെച്ചിട്ട് കിട്ടുന്ന സ്നേഹത്തിന് ആത്മാർത്ഥ സ്നേഹം എന്ന് പറയില്ലല്ലോ. പറയുമെങ്കിൽ ഒരു സർവൻറ് റോബോട്ടിൽ നിന്നു കിട്ടുന്ന സേവനത്തിനും അങ്ങനെ പറയേണ്ടി വരും. വാർധക്യത്തിൽ പരിചരിക്കാനും സ്നേഹിക്കാനും ചിലർ നഴ്‌സുമാരെ ശമ്പളം കൊടുത്തു നിയമിക്കുന്നു. അങ്ങനെ ഡെയ്‌ലി എട്ടോ പത്തോ മണിക്കൂർ  സ്നേഹം ചുരത്തി ഡ്യൂട്ടി സമയം കഴിഞ്ഞാൽ അവർ പോകുന്നു. സ്നേഹത്തിനു ഞായർ ഒഴിവാണ്.

കാശു കൊടുത്താൽ കിട്ടാത്ത മറ്റൊന്നാണ് സന്തോഷം എന്ന മൂഡ്. കിട്ടിയിരുന്നു എങ്കിൽ ധനികരെല്ലാം കിലോ കണക്കിന് സന്തോഷം വാങ്ങി എപ്പോഴും സന്തോഷിച്ചു ഇരിക്കുന്നത് നമുക്ക് കാണാമായിരുന്നു. ചില ധനികർ ദുഃഖിക്കുന്നത് എന്തു കൊണ്ടാണ് എന്നു ചോദിച്ചാൽ സന്തോഷം കാശു കൊടുത്തു വാങ്ങാൻ പറ്റാത്ത ഒന്നു ആയത് കൊണ്ടു തന്നെ എന്നാണ് ഉത്തരം. 

ഇങ്ങനെ പണം കൊടുത്താൽ കിട്ടാത്ത മിനിമം അമ്പത് കാര്യങ്ങളെങ്കിലും ആലോചിച്ചാൽ ആർക്കും കണ്ടുപിടിക്കാം.  വിനിമയത്തിനുള്ള ഒരു മാർഗമായാണ് മനുഷ്യൻ പണം കണ്ടുപിടിച്ചത്. അതിനപ്പുറം പണത്തെ ഒരു ജീവിത ലക്ഷ്യമായി കണ്ട് ജീവിക്കുന്നവൻ കാലക്രമേണ  മാനസികമായി ഒരു സാമ്പത്തിക ജീവിയായി പരിണമിക്കുന്നു. മനുഷ്യൻ പണം ഉണ്ടാക്കുന്നു. ആ പണം മനുഷ്യനെ തന്റെ അടിമയാക്കുന്നു. ആ അടിമത്തത്തിന്റെ ലഹരിയിൽ അങ്ങനെ ജീവിക്കുന്നതിന് ഇടയിൽ പണം കൊടുത്താൽ കിട്ടാത്ത ഒരു സുഖം മനുഷ്യന് നഷ്ടപ്പെടുമ്പോൾ അവന്റെ അകക്കണ്ണ് തുറക്കുന്നു. അപ്പോഴാണ് പണമൂല്യം ഉള്ളവ മാത്രമല്ല അമൂല്യ മായവയും ഭൂമിയിൽ ഉണ്ടെന്നും അവയാണ് മനുഷ്യ ജീവിതത്തിൽ പ്രധാന റോൾ നിർവഹിക്കുന്നത് എന്നും മനസ്സിലാവുക. പണം കൊടുത്താലും എന്ത് പരിശ്രമം നടത്തിയാലും കിട്ടാത്ത, മനുഷ്യന് ആവശ്യമുള്ള ചിലത് നിലനിൽക്കുന്ന കാലത്തോളം പ്രാർത്ഥന വളരെ പ്രസക്തമാണ്. 

അൻസാർ അലി നിലമ്പൂർ

29 August 2018

ദൈവത്തോട് മനുഷ്യന് ഉള്ളത്..

ഭൂമിയിലെ അനേകം മതങ്ങളിലും സംസ്കാര ങ്ങളിലും സമൂഹങ്ങളിലും വിവിധ തരത്തിലുള്ള ദൈവ വിശ്വാസങ്ങൾ ഉള്ളതായി നമുക്ക് കാണാം. ഏക ദൈവ, ബഹുദൈവ, അദ്വൈത, ത്രിത്വ, അവതാര വിശ്വാസങ്ങൾ അവയിൽ ചിലത് മാത്രമാണ്.  മനുഷ്യൻ വിവിധ കാലങ്ങളിൽ അവനിഷ്ടപ്പെട്ട പോലൊക്കെ ദൈവങ്ങളെ സങ്കൽപ്പിച്ചു വിശ്വസിച്ചു പോന്നു. ഇങ്ങനൊക്കെ ആണെങ്കിലും ദൈവം എന്നു കേൾക്കു മ്പോൾ ദൈവ വിശ്വാസി കളുടെ മനസ്സിൽ ചില വികാരങ്ങൾ ഉണ്ടാകുന്നു. ദൈവത്തെ കുറിച്ചുള്ള ചില പൊതു വിശ്വാസ ങ്ങൾ ആണ് അത്തരം വികാരങ്ങൾ മനുഷ്യന് ദൈവത്തോട് ഉണ്ടാക്കുന്നത്. അവനവൻ വിശ്വസിക്കുന്ന ദൈവം ഏതാണ് എങ്കിലും ആ ദൈവം സർവ ശക്തനും സർവജ്ഞനും ദയാലുവും ആണെന്ന് വിശ്വസിക്കുന്ന മനുഷ്യർ ക്കാണ് അത്തരം വികാരങ്ങൾ ദൈവത്തോട് തോന്നുന്നത്. ദൈവത്തോട് മനുഷ്യർക്ക് തോന്നുന്ന പൊതു വികാരങ്ങൾ ഏതൊക്കെ എന്നു നോക്കാം. 

1) ദൈവ വിശ്വാസികൾക്ക് ദൈവത്തോട് തോന്നുന്ന പ്രധാന വികാരം ഭയം തന്നെയാണ്. കുറ്റങ്ങൾ ചെയ്താൽ ദൈവം കോപിക്കും, ശിക്ഷിക്കും എന്ന വിശ്വാസമാണ് ഇത്തരമൊരു ഭയം ദൈവ വിശ്വാസി യിൽ ഉണ്ടാക്കുന്നത്. ഇനി കുറ്റങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും ദൈവം പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാക്കുമെന്നും ആപത്തുകൾ കൊണ്ട് പരീക്ഷിക്കു മെന്നും ദൈവ വിശ്വാസികൾ കരുതുമ്പോൾ ദൈവത്തോട് ഭയം ഉടലെടുക്കുന്നു. ദൈവഭയം പരിധി വിടുമ്പോൾ അതിനെ തിയോ ഫോബിയ എന്നു വിളിക്കുന്നു. അതൊരു മാനസിക പ്രശ്നമാണ്, ചികിൽസിക്കണം. ദൈവ ഭയം കൊണ്ടു കുറെയേറെ ഗുണങ്ങൾ ഉണ്ട്. നന്മകളിൽ മുന്നേറാനും തിന്മകളിൽ നിന്നു വിട്ടു നിൽക്കാനും അതു മനുഷ്യനെ പ്രേരിപ്പിക്കുന്നു. 

2) ദൈവ വിശ്വാസികൾക്ക് ദൈവത്തോട് തോന്നുന്ന മറ്റൊരു വികാരം സ്നേഹമാണ്. അനുഗ്രഹ ദാതാവാണ് ദൈവം എന്നു കരുതുന്ന ദൈവ വിശ്വാസിക്ക് ദൈവ ത്തോട് സ്നേഹം തോന്നൽ സ്വാഭാവിക മാണ്. താൻ അനുഭവിക്കുന്ന അനുഗ്രഹ ങ്ങൾ എല്ലാം തനിക്ക് നൽകിയതും അതിനെ നില നിർത്തുന്നതും ദൈവമാണ് എന്നു കരുതുമ്പോൾ ദൈവത്തോട് മനുഷ്യന് സ്നേഹം ഉടലെടുക്കുന്നു. ദൈവം സകല സൽഗുണ സമ്പന്നനും സൗന്ദര്യവും സൗന്ദര്യ ബോധവും ഒത്തിണ ങ്ങിയവനും ആണെന്നു കരുതുമ്പോഴും ദൈവത്തോട് സ്നേഹം തോന്നുന്നു. ദൈവം തന്നെ സ്നേഹിക്കുന്നു എന്നു കരുതുന്നവർ ദൈവത്തെയും സ്നേഹിച്ചു വരുന്നു. മറ്റു ചിലർ ആരെയും സ്നേഹിക്കാൻ കിട്ടാത്തത് കൊണ്ടു ദൈവത്തെ സ്നേഹിച്ചു വരുന്നു. 

3) സ്നേഹം പോലെ തന്നെ ദൈവ വിശ്വാസി കൾക്ക് ദൈവത്തോട് തോന്നുന്ന മറ്റൊരു വികാരമാണ് നന്ദി. തനിക്ക് ദൈവം ചെയ്തു തന്നതിനെല്ലാം ദൈവത്തോട് നന്ദി ഉള്ളവനാകണം എന്നും നന്ദിയോടെ ദൈവത്തിനു തിരിച്ചും വല്ലതും നൽകണം എന്നും ദൈവ വിശ്വാസികൾ കരുതുന്നു. നന്ദി ചെയ്താൽ ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകുമെന്നും നന്ദികേട് ചെയ്താൽ ദൈവം കോപിക്കുമെന്നും ദൈവ വിശ്വാസികൾ കരുതുന്നു. നന്ദികേട് പൊതുവെ മനുഷ്യർ ഇഷ്ടപ്പെടാത്ത ഒരു ഗുണമാണ് എന്നത് കൊണ്ടും മനുഷ്യൻ ദൈവത്തോട് നന്ദി കാണിക്കുന്നു. 

4) ദൈവത്തിൽ പ്രതീക്ഷയും ദൈവിക സഹായത്തോട് ആഗ്രഹവും പുലർത്തലാണ് ദൈവ വിശ്വാസികൾ ദൈവത്തോട് കാണിക്കുന്ന മറ്റൊരു വികാരം. എല്ലാ പ്രതീക്ഷകളും കൈവിട്ടാലും ചിലർ ദൈവത്തിലുള്ള പ്രതീക്ഷ കൈവിടാതെ മുറുകെ പിടിക്കുന്നു. ദൈവം എല്ലാം കാണുന്നു, എല്ലാം കേൾക്കുന്നു, ദൈവത്തിനു തന്നെ സഹായിക്കൽ ഒരു പ്രയാസവും ഇല്ലാത്ത കാര്യമാണ്, ഏതു വിധേനയും ആ സഹായം തനിക്ക് കിട്ടിയേക്കാം എന്നൊക്കെ ദൈവ വിശ്വാസികൾ പ്രതീക്ഷിക്കുന്നു. കരുണ കാണിക്കൽ ദൈവത്തിന്റെ ഒരു സ്വഭാവമാണ് എന്നു വിശ്വസിക്കുന്നത് കൊണ്ടു കൂടിയാണ് ദൈവത്തിലുള്ള പ്രതീക്ഷ മനുഷ്യനിൽ അതിന്റെ പാരമ്യത്തിൽ എത്തുന്നത്. 

5) ദൈവത്തോട് വിശ്വാസികൾ കാണിക്കുന്ന തൃപ്തിയാണ് മറ്റൊരു വികാരം. ദൈവ വിശ്വാസികൾ പൊതുവെ ദൈവത്തിൽ തൃപ്തി കാണിച്ചു വരുന്നു. തനിക്ക് പ്രതികൂലമെന്നു തോന്നുന്ന പ്രയാസങ്ങൾ വരുമ്പോൾ ആണ് അവൻ ദൈവത്തിൽ തൃപ്തി കണ്ടെത്താൻ ശ്രമിക്കുന്നത്. തനിക്ക് ഭവിച്ചത് ദൈവ നിശ്ചയ പ്രകാര മാണെന്നും, താൻ കാണാത്ത യുക്തി അതിൽ ദൈവം കാണുന്നു എന്നും, ദൈവം അതു കൊണ്ടു തനിക്ക് ഗുണമാണ് ഉദ്ദേശിച്ചിരിക്കുക എന്നും ദൈവ വിശ്വാസി കരുതുമ്പോൾ അവനു ദൈവത്തോട് തൃപ്തി തോന്നുന്നു. 

6) ബഹുമാനമാണ് മറ്റൊരു വികാരം. ദൈവ വിശ്വാസികൾക്ക് പൊതുവെ ദൈവത്തോട് അപാര ബഹുമാനവും ആദരവും ആണ്. ദൈവത്തിനു അപാര ഗാഭീര്യവും കഴിവുകളും ഉണ്ടെന്നും കോടാനു കോടി ഗ്രഹങ്ങളും നക്ഷത്രങ്ങളും മറ്റും ഉൾക്കൊള്ളുന്ന ഈ പ്രപഞ്ചം അവന്റെ സൃഷ്ടിപ്പ് ആണെന്നും അവനാണ് അതൊക്കെ പരിപാലിച്ചു പോരുന്നത് എന്നും കണ്ടാണ് പൊതുവെ ദൈവത്തോട് വിശ്വാസികൾക്ക് ബഹുമാനം തോന്നി വരുന്നത്. ദൈവത്തിനു ഉത്തമ സ്വഭാവ ഗുണങ്ങൾ ഉണ്ടെന്നു വിശ്വസി ക്കുന്നവരും ദൈവത്തോട് ബഹുമാനവും ആദരവും പുലർത്തി വരുന്നു. 

7) അടിമ ബോധമാണ് മറ്റൊരു വികാരം. ദൈവ വിശ്വാസികൾ പൊതുവെ ദൈവത്തോട് ഒരു അടിമ ഉടമ വികാരം സൂക്ഷിച്ചു വരുന്നു. ദൈവം കല്പിക്കുന്ന യജമാനനും മനുഷ്യൻ അതു പാലിക്കുന്ന അടിമയും ആവൽ ആണ് ഇതു കൊണ്ട് ദൈവ വിശ്വാസികൾ ഉദ്ദേശിക്കുന്നത്. ചില മതങ്ങളിൽ മനുഷ്യർ ദൈവത്തിന്റെ മക്കൾ ആണെന്നും ബന്ധുക്കൾ ആണെന്നും മറ്റുമുള്ള വിശ്വാസങ്ങളും കാണാം. എന്നാൽ പൊതുവെ ദൈവ വിശ്വാസികൾ ദൈവത്തെ യജമാനൻ ആയും തങ്ങളെ അവന്റെ അടിമകൾ ആയും കാണുന്നു. അടിമ ബോധം മനുഷ്യന് ദൈവത്തോട് അങ്ങേ യറ്റത്തെ വിനയവും വണക്കവും കീഴൊതുക്കവും ഉണ്ടാക്കി തീർക്കുന്നു. ദൈവത്തിനു മുന്നിൽ അഹങ്കരിക്കാൻ പൊതുവെ ദൈവ വിശ്വാസികൾ ഇഷ്ടപ്പെടുന്നില്ല. 

8) ദൈവത്തോട് ജാഗ്രത പുലർത്തലാണ് മറ്റൊരു വികാരം. ദൈവത്തിന്റെ അറിവ് എപ്പോഴും തന്നെ ചൂഴ്ന്നു നിൽക്കുന്നു, ദൈവം എപ്പോഴും തന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നു കരുതുന്ന വിശ്വാസികൾ ദൈവത്തോട്‌ എപ്പോഴും ജാഗ്രത പുലർത്തുന്നു. മോഷ്ടിക്കുന്ന സ്വഭാവം ഉള്ളവൻ ഒരു ഷോപ്പിൽ കയറിയാൽ അവിടെ സിസി ടിവി കാമറ ഉണ്ടെന്നു കണ്ടാൽ പുലർത്തുന്ന ജാഗ്രത പോലെ ദൈവ വിശ്വാസികൾ തിന്മകൾ ചെയ്യാൻ തോന്നുമ്പോൾ ദൈവം നിരീക്ഷിക്കുന്നു എന്ന ജാഗ്രതയും കരുതലും സൂക്ഷ്മതയും പുലർത്തുന്നു. 

9) പശ്ചാത്താപം ആണ് മറ്റൊരു വികാരം. ദൈവത്തിൽ വിശ്വസിക്കുന്നു എങ്കിലും ഇടയ്ക്ക് ദൈവത്തിനു നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്ന സ്വഭാവം കൂടിയുള്ള മനുഷ്യൻ എപ്പോഴും താൻ ചെയ്ത കുറ്റങ്ങൾക്ക് ദൈവത്തോട് പശ്ചാത്താപ മനസ്ഥിതി പുലർത്തി പോരുന്നു. ദൈവത്തിനു എതിരായി ചെയ്തു പോയതിൽ ഖേദമുണ്ട്, അതിനെന്നെ ദൈവം ശിക്ഷിക്കരുത് എന്ന വിശ്വാസമാണ് മനുഷ്യനിൽ ദൈവത്തോട് പശ്ചാത്താപം ഉണ്ടാക്കുന്നത്. 

10) ആരാധനാ മനസ്ഥിതി ആണ് മറ്റൊരു വികാരം. ദൈവ വിശ്വാസികൾക്ക് മൊത്തത്തിൽ ദൈവത്തോട് ആരാധന തോന്നുന്നു. അതിനൊരുപാട് കാരണങ്ങൾ കാണാം. ദൈവത്തെ ഒരു സൂപ്പർ ബീയിങ്  ആയി വിശ്വാസികൾ കാണുന്നതാണ് ആരാധനാ മനോഭാവത്തിനുള്ള പ്രധാന കാരണം. 

11) പ്രാർത്ഥന നിറഞ്ഞ മനസ്  ആണ് മറ്റൊരു വികാരം. പ്രത്യക്ഷത്തിൽ ദൈവ ആരാധനകളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കാത്ത ദൈവ വിശ്വാസികളും ഇടയ്ക്കിടെ ദൈവത്തോട് മനസ്സു കൊണ്ട് സംസാരിച്ചും പ്രാർത്ഥിച്ചും വരുന്നു. ദൈവമേ കാക്കണേ, പടച്ചോനെ രക്ഷിക്കണേ, എന്നൊക്കെ യുള്ള മനോഗതങ്ങൾ മനുഷ്യൻ അറിയാതെ തന്നെ അവന്റെ മനസ്സിൽ നിന്നു ഉയരുന്നു. ആരൊക്കെ സഹായിക്കാൻ ഉണ്ടെങ്കിലും സഹായിച്ചു കൊണ്ടിരിക്കുന്നു എങ്കിലും അവൻ ദൈവത്തെ കൂടി മനസു കൊണ്ട് വിളിച്ചു കൊണ്ടിരിക്കുന്നു. ചില മനുഷ്യരുടെ യുക്തി ദൈവത്തെ നിഷേധി ക്കുമെങ്കിലും അവരുടെ മനസ്സിന് അങ്ങനെ യൊന്നും ആകില്ല. മനുഷ്യ മനസ്സിന് ഇടയ്ക്കിടെ ദൈവത്തെ ആവശ്യമായി വരുന്നു. 

ഇതൊക്കെയാണ് ഏതാണ്ട് എല്ലാ ദൈവ വിശ്വാസികൾക്കും ദൈവത്തോട് തോന്നുന്ന കാര്യങ്ങൾ. ഇതിലെ ഏറ്റ കുറച്ചിലുകൾ ഓരോരുത്തരുടെ ദൈവ വിശ്വാസത്തിന്റെ ദൃഢതക്കും ആഴത്തിനും പരപ്പിനും അനുസരി ച്ചിരിക്കും. ദൈവ വിശ്വാസിയുടെ മനസ് ഒരു പ്രത്യേക സൈക്കോളജി ഉള്ളതാണ്. ദൈവ വിശ്വാസി അല്ലാത്ത ഒരാൾ ദൈവ വിശ്വാസി ആകുമ്പോൾ തീർച്ചയായും അയാളുടെ സൈക്കോളജിയും മാറുന്നു എന്നു വിവിധ മനശാസ്ത്ര പഠനങ്ങൾ പറയുന്നു. ഇപ്പോൾ ദൈവ വിശ്വാസം കൊണ്ടു മനുഷ്യ മനസ്സിനും ശരീരത്തിനും ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ചും സൈക്കോളജിയിൽ ധാരാളം പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. 

അൻസാർ അലി നിലമ്പൂർ

28 August 2018

അസ്തിത്വ പ്രതിസന്ധിയും ഇസ്‌ലാമും

എന്തിനാണ് ഭൂമിയിൽ ജനിച്ചതെന്നോ എന്തിനാണ് ഭൂമിയിൽ ജീവിക്കുന്നത് എന്നോ എന്തിനാണ് മരിക്കുന്നത് എന്നോ എന്താണ് ജീവിതത്തിന്റെ അർത്ഥവും മൂല്യവും ലക്ഷ്യവും എന്നോ നിശ്ചയ മില്ലാതെ മനുഷ്യ മനസങ്ങനെ അപഥ സഞ്ചാരവും അന്വേഷണവും നടത്തുന്ന പ്രതിഭാസമാണ് അസ്തിത്വ പ്രതിസന്ധി (Existential Crisis) എന്നു അറിയ പ്പെടുന്നത്. മനുഷ്യ ജീവിത ത്തിന്‍റെ മുഖ്യ ലക്‌ഷ്യം അസ്തിത്വത്തെ കുറിച്ചുള്ള അന്വേഷണമാണ് എന്ന് കരുതുന്ന ഇസങ്ങൾ ഉണ്ട്. ഫിലോസഫി യില്‍ എക്സിസ്റ്റൻഷ്യലിസം അസ്തിത്വ അന്വേഷണം തന്നെയാണ് പ്രധാനമെന്ന് കരുതുന്നു. ഹൈന്ദവതയിൽ ഊന്നി പറയപ്പെട്ട ധര്‍മ്മ അന്വേഷണവും ഇത് തന്നെയാണ് എന്നു തോന്നുന്നു.  

അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യർ എക്കാലത്തും ഉണ്ടെങ്കിലും ആധുനിക കാല സാഹിത്യമാണ് അതിനെ വലിയ വിഷയമാക്കിയത്. ഫിലോസഫി യാണ് അസ്തിത്വ പ്രതിസന്ധിയുടെ വിളനിലം എങ്കിലും സാഹിത്യമാണ് അതിനെ പ്രചാരത്തില്‍ കൊണ്ടു വന്നത്. ഷേക്സ്പിയര്‍ കൃതികളില്‍ പോലും അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന കഥാ പാത്രങ്ങളെ കാണാം. പാശ്ചാത്യ സാഹിത്യത്തിൽ സാർത്രും കമ്മ്യുവും അവരുടെ കാലത്ത് അസ്തിത്വ പ്രതിസന്ധിയുടെ ആകുലതകൾ പങ്കുവെച്ചു നിറഞ്ഞാടി. മലയാളത്തിൽ ഒട്ടനവധി നോവലുകള്‍ അസ്തിത്വ പ്രതിസന്ധി വിഷയമാക്കി പുറത്തി റങ്ങി.  ഈ ഉത്തരാധുനിക കാലത്ത് അതിന്‍റെ പ്രസക്തി പറ്റെ കുറഞ്ഞെന്നു മാത്രം.    

ഒന്നിലും വിശ്വസിക്കാനോ വിശ്വസി ക്കുന്നതിന് അനുസരിച്ച് ജീവിതം ക്രമീകരിക്കാനോ കഴിയാത്ത തരത്തിൽ അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യ മനസൊരു വലിയ ഭാരവും പ്രശ്നവുമാണ്. അതിന്‍റെ പ്രയാസം അനുഭവിച്ച ആളുകള്‍ക്ക് മാത്രമേ അതെന്തെന്ന് അറിയൂ. മുകളില്‍ ആകാശം, താഴെ ഭൂമി, അതിനിടക്ക് കാറ്റത്ത്‌ പാറി കളിക്കുന്ന തൂവല്‍ പോലെ അസ്തിത്വ പ്രതിസന്ധി പേറുന്ന മനുഷ്യനും.   എവിടെയും ഉറച്ചു നില്‍ക്കാനോ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാനോ കഴിയാത്ത ദുരവസ്ഥ. വല്ല വികാരത്തില്‍ വല്ലതും ചെയ്‌താല്‍ തന്നെ അതിനു ശേഷം വീര്‍പ്പു മുട്ടിക്കുന്ന ശൂന്യത മാത്രം. അസ്തിത്വ പ്രതിസന്ധി സൈക്കോള ജിയിൽ സൂക്ഷമമായി പഠന വിധേയ മായിട്ടുണ്ട്. ചില ന്യൂറോ വൈകല്യങ്ങളും അപ്രതീ ക്ഷിതമായി മനസ്സിനെ ഉലക്കുന്ന സംഭവങ്ങളും അതിനു കാരണമാകുന്നു എന്നു നിരീക്ഷിക്ക പ്പെടുന്നു. അതിന്റെ അടിസ്ഥാനത്തിൽ സൈക്കോ തെറാപ്പിയും നിലവിലുണ്ട്. എന്നാൽ ദാർശനിക പ്രതിസന്ധിയാൽ ഉണ്ടാകുന്ന അസ്തിത്വ ദുഃഖത്തിന്റെ കാര്യത്തിൽ സൈക്കോളജിക്കും ഒന്നും ചെയ്യാനില്ല എന്നതാണ് വസ്തുത. 

അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന ചിലര്‍ ആത്യന്തികമായി ഒരു ജ്ഞാനവും മനുഷ്യന് ആർജ്ജിക്കാൻ കഴിയില്ലെന്നും പ്രപഞ്ചത്തിനൊരു അർത്ഥവും നിശ്ചിതത്വവും ഇല്ലെന്നും മനുഷ്യ സത്ത മനുഷ്യന് മുന്നിൽ എന്നുമൊരു അന്വേഷണ വിഷയമാണ് എന്നും ഒരു അർത്ഥവും മനുഷ്യ  ജീവിതത്തിനു ഇല്ലെന്നും അങ്ങനെ ഒന്നു കണ്ടു പിടിക്കാൻ മനുഷ്യന് ആവി ല്ലെന്നും കണ്ട്  ജീവിതം മടുത്തു ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യയെ മഹത്വ വൽക്കരിക്കുന്ന ചില ചിന്തകൾ ഉടലെടുക്കുന്നത് ഇങ്ങനെയാണ്. ആത്മ ഹത്യയിലും അർത്ഥം കാണാത്ത ചിലർ അന്വേഷണാത്മക മനസുമായി അസ്തിത്വ ദുഖവും പേറി അലയുന്നു. മറ്റു ചിലര്‍ കാല ക്രമത്തില്‍ വല്ലതിലും വിശ്വസിച്ചു ജീവിതം ക്രമപ്പെടുത്തുന്നു. 

പതിനെട്ടു പത്തൊന്‍പതു വയസു മുതല്‍  ഇരുപത്തി അഞ്ചു വയസു വരെ എനിക്കും അസ്തിത്വത്തെ കുറിച്ചുള്ള ആധി ഉണ്ടായിരുന്നു. ജീവിതം എന്താകും എന്നൊരു ടെൻഷനും കൺഫ്യുഷനും. അതെസമയം എന്തായാലും ഞാന്‍ അസ്തിത്വ പ്രതിസന്ധിയെ മറികടക്കും എന്നൊരു ആത്മ വിശ്വാസവും ഉണ്ടായിരുന്നു. കൊടു മുടികളില്‍ കേറി കൂരിരുട്ടു നിറഞ്ഞ മനസോടെ മുകളിലേക്ക് കണ്ണയച്ചു ഇരിക്കുമ്പോഴും മനസ്സില്‍  ഒരിക്കല്‍ പ്രകാശം കടന്നു വരുമെന്ന് തോന്നിയിരുന്നു. ഞാൻ ആരാണ്, ആരാകണം എന്ന ആലോചനക്ക് ഇടയിൽ വ്യത്യസ്ത ഇമേജുകൾ മനസ്സിലേക്ക് തള്ളി കേറി കടന്നു വന്നു ഒരു സംതൃപ്തിയും തരാതെ കടന്നു പോയി. 

എന്റെ അന്വേഷണത്തിന്റെ അവസാനം ദിവ്യ പ്രകാശം ഇസ്ലാമിന്റെ രൂപത്തില്‍ കടന്നു വന്നു എന്റെ മനസ്സിനെ ശാന്തമാക്കി. പിന്നീട് ഒരു അസ്തിത്വ പ്രതിസന്ധിയും ഇല്ല. എനിക്ക് സഞ്ചരി ക്കാനുള്ള രാജപാത എന്റെ മുന്നിൽ വെട്ടി തിളങ്ങി. അതിലൂടെ മുന്നേറി യാൽ മതി. പ്രതിസന്ധിയില്ല, ബോറടിയില്ല. കര്‍മ്മ ഭൂമി മുന്നിൽ നിരന്നു കിടക്കുന്നു. ഈമാന്‍  നമ്മുടെ മൂര്‍ച്ചയുള്ള വാളാണ്. തഖവ നമ്മുടെ പടച്ചട്ടയാണ്. ശരീരം ആത്മാവിനു മുന്നോട്ടു കുതിക്കാനുള്ള കുതിരയാണ്. ജ്ഞാനം നമ്മുടെ യുദ്ധ തന്ത്രങ്ങള്‍ ആണ്. പിശാചിനും അവന്റെ സൈന്യ ങ്ങൾക്കും എതിരായ ജിഹാദിലാണ് നമ്മുടെ ആനന്ദം. നമസ്കാരം നമുക്ക് ലഹരിയാണ്. നാം എല്ലാ അസ്തിത്വ പ്രതിസന്ധി കളിൽ നിന്നും അല്ലാഹു വിലേക്ക് ഓടി രക്ഷപ്പെട്ടു അല്ലാഹു വിനെ അണഞ്ഞു മുറുകെ പിടിക്കുന്നു.
    
അസ്തിത്വ പ്രതിസന്ധി എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരിക വിശുദ്ധ ഖുര്‍ആനിലെ അല്ലാഹുവിന്റെ ഒരു പരാമര്‍ശമാണ്. അല്ലാഹുവില്‍ നിന്ന് പിടുത്തം വിട്ടവന്‍ ആകാശത്ത് നിന്ന് വീണവനെ പോലാണ്, അവനെ പക്ഷികള്‍ റാഞ്ചി കൊണ്ട് പോവുന്നു, അല്ലെങ്കില്‍ കാറ്റ് എവിടെയോ കൊണ്ട് പോയി തള്ളുന്നു എന്നാണ് അല്ലാഹു പറയുന്നത്.  പ്രപഞ്ചത്തെ അടക്കി ഭരിക്കുന്ന ഒരു സൂപ്പര്‍ പവറിനെ കുറിച്ചുള്ള വിശ്വാസം മനസില്‍ ഇല്ലെങ്കില്‍ / നിയതമായ വല്ല ഫിലോസ ഫിയിലും വിശ്വാസം ഇല്ലെങ്കില്‍ പിന്നെ അവിടെ ഉണ്ടാവുക വീർപ്പു മുട്ടിക്കുന്ന ശൂന്യതയും അസ്തിത്വ പ്രതിസന്ധി യുമാണ്. മതങ്ങളും ഇസങ്ങളും ഫലശൂന്യമാണ് എന്ന മുൻവിധിയാണ് അസ്തിത്വ പ്രതിസന്ധിയുടെ കാലത്തു മനുഷ്യ മനസ്സിൽ അപാര പ്രവർത്തനം നടത്തുന്നത്. 

ഇസ്ലാമികമായി അസ്തിത്വ പ്രതിസന്ധിയെ വിലയിരുത്താന്‍ പ്രത്യേകിച്ച് ഒന്നുമില്ല. അസ്തിത്വ പ്രതിസന്ധി, വല്ല ഫിലോസഫിയോ മതമോ കൊണ്ടു മനസ്‌ ശാന്തമാകല്‍, പിന്നീട്  ഈമാന്‍റെ ദിവ്യ പ്രകാശം മനസ്സിലേക്ക് വന്നു ഭവിക്കല്‍... ഇസ്‌ലാമി കമായി നോക്കിയാൽ ഇവയൊക്കെ ജീവിതത്തിലെ ഓരോ ഘട്ടങ്ങള്‍ ആണ്. ഈമാന്‍ കടന്നു വരുന്നതോടെ മനസ്സിലേക്ക് നിത്യ വസന്തമാണ് വരുന്നത്. പിന്നീട് മനസ്സിന് അനിശ്ചിത അവസ്ഥകള്‍ ഒട്ടുമില്ല. മനുഷ്യൻ ആദ്യം ജീവിക്കുന്നു, അങ്ങനെ എന്തെങ്കിലും ആയിത്തീരുന്നു എന്ന സാർത്രിന്റെ അനിശ്ചിത വാദമല്ല, മനുഷ്യൻ എന്തായി തീരണം എന്ന കൃത്യമായ ഇമേജ് ആണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു നല്‍കുന്ന മാർഗ ദർശനം തന്നെ പ്രധാനം. അതിന്റെ അനുഭൂതി അനുഭവിച്ചു തന്നെ അറിയണം. ഇസ്‌ലാം ഒരു യുക്തി മാർഗം എന്നതി നേക്കാൾ ഒരു അനുഭവ മാർഗമാണ് എന്ന് തസവ്വുഫ് ഊന്നി പ്പറയുന്നു.

അന്‍സാര്‍  അലി  നിലമ്പൂര്‍.

24 August 2018

വർഗീയതയുടെ രോഗ ലക്ഷണങ്ങൾ

ഷിക്കാഗോയിലെ ഇല്ലിനോയ്‌ യൂണിവേഴ്‌സിറ്റി പ്രഫസറും 575 ഓളം സൈക്യാട്രി പഠനങ്ങളുടെ രചയിതാവും ലോക പ്രശസ്ത സൈക്യാട്രിസ്റ്റുമായ കാൾ സി ബെൽ വർഗീയതയെ ഒരു മാനസിക വൈകല്യമായി വിവരിച്ചത് ഈയിടെ ഒരു പഠനത്തിൽ ഞാൻ വായിച്ചു. വർഗീയത വളരെ കൂടിയ അളവിൽ മനസിനെ ബാധിച്ച ഒരു മാനസിക രോഗിയുടെ ലക്ഷണങ്ങൾ അദ്ദേഹം അതിൽ വിവരിക്കുന്നു. അമേരിക്കയിൽ നടന്ന 235 ഓളം വർഗീയ കൂട്ട കൊലകളെ അദ്ദേഹം പഠന വിധേയമാക്കി. വര്‍ഗമുള്ള ആരെയും ബാധിക്കാവുന്ന മാനസിക വൈകല്യമാണ് വര്‍ഗീയത (Racism, Communalism, Bigotry). ഹിന്ദു, മുസ്‌ലിം, കൃസ്ത്യന്‍, മാര്‍ക്സിസ്റ്റ്, ദളിതന്‍, യുക്തിവാദി... വര്‍ഗമുള്ള ആരെയും അത് ബാധിക്കാം. വര്‍ഗമുള്ള എല്ലാരെയും അത് ബാധിക്കണം എന്നില്ല. എന്നാൽ വർഗമുള്ളവരിൽ എല്ലാം കുറഞ്ഞ അളവിലെങ്കിലും വർഗീയത കാണപ്പെടുന്നു. കുറഞ്ഞ അളവ് നാം കാര്യമാക്കുന്നില്ല.

വര്‍ഗീയത ഒരാളെ കൂടിയ അളവിൽ ബാധിച്ച് അയാൾ ഒരു സാമൂഹ്യ ഭീഷണി ആയാൽ അയാൾക്ക് മനശാസ്ത്ര ചികിത്സ വേണ്ടി വരുന്നു. പ്രാഥമിക ഘട്ടത്തിൽ സൈക്കോളജിസ്റ്റിനെ ആണ് കാണിക്കേണ്ടത്. നിവാരണത്തിന് സൈക്കോ തെറാപ്പിയും കൌണ്‍സ ലിങ്ങും ആവശ്യമായി വരുന്നു. മറ്റു മാനസിക രോഗികളെ പോലെ വര്‍ഗീയ രോഗിയും തനിക്ക്‌ മാനസിക പ്രശ്നം ഉണ്ടെന്ന് സമ്മതിക്കില്ല. കുടുംബങ്ങളോ കൂട്ടുകാരോ വര്‍ഗീയ രോഗിയെ കണ്ടെത്തി സൈക്കോളജിസ്റ്റിനെ കാണിക്കണം. അതിനാദ്യം വര്‍ഗീയ രോഗിയുടെ ലക്ഷണങ്ങള്‍ അറിയണ മല്ലോ. താഴെ പറയുന്ന ലക്ഷണങ്ങളില്‍ ഭൂരിഭാഗവും ഒരാളില്‍ കാണുന്നെങ്കില്‍ അയാളെ വര്‍ഗീയ രോഗിയായി കണ്ട് ചികില്‍സ തുടങ്ങണം. 

1) വര്‍ഗീയ രോഗിയുടെ പ്രധാന ലക്ഷണം തന്റെ വർഗത്തെ ശ്രേഷ്ഠ വർഗ്ഗമായും എതിര്‍ വര്‍ഗക്കാരെ നീചരും മ്ലേച്ഛരുമായിട്ട് കാണുന്നു എന്നതാണ്. തന്‍റെ വര്‍ഗത്തിന്‍റെ ഔന്നിത്യവും ശ്രേഷ്ഠതയും അവന്‍റെ സംസാരത്തില്‍ നിന്നു മനസിലാക്കാന്‍ കഴിയും. എതിര്‍ വര്‍ഗക്കാരെ കുറിച്ചു പറയുമ്പോൾ അവനു മാന്യമായ ഭാഷ തന്നെ ഉണ്ടായിരിക്കില്ല. എതിര്‍ വര്‍ഗ ക്കാരോട് കഠിനമായ വെറുപ്പും വിദ്വേഷവും അകല്‍ച്ചയും അവൻ സൂക്ഷിക്കുന്നു. 

2) എതിര്‍ വര്‍ഗക്കാരും അവരുടെ സ്വത്തും ശക്തി യുമെല്ലാം നശിക്കണ മെന്നും അവരെ നശിപ്പിക്കണമെന്നും വര്‍ഗീയ രോഗി കരുതുന്നു. അവനെ ക്കൊണ്ടു കഴിയുന്ന വിധം അവനതിനു ശ്രമിച്ചു കൊണ്ടി രിക്കുന്നു. ആ ലക്ഷ്യ ത്തിനു വേണ്ടി ശ്രമിക്കുന്നവരെ അവന്‍ സഹായിക്കുന്നു.

3) വര്‍ഗീയ രോഗി മിക്കപ്പോഴും തന്നെയാരോ ആക്രമിക്കാന്‍ വരുന്നു എന്നതു പോലെ പേടിയും ജാഗ്രതയും കാണിക്കും. മന:ശാന്തി അവന് കിട്ടാക്കനി ആയിരിക്കും. ഈ അസ്വസ്ഥ തകളെ അവൻ വർഗ സ്നേഹം, കൂറ് എന്നൊക്കെ വിളിക്കുന്നു. കഴിയുന്നത്ര ആയോധന മുറകള്‍ അവൻ അഭ്യസി ക്കാന്‍ ശ്രമിക്കും, കഴിയുമെങ്കിൽ ആയുധവും കൊണ്ടു നടക്കും. കഴിയി ല്ലെങ്കിൽ എളുപ്പം കിട്ടാവുന്നിടത്തു സൂക്ഷിക്കും

4) സ്വന്തം തിന്മകളെയും സ്വന്തം വര്‍ഗക്കാരുടെ തിന്മകളെയും വര്‍ഗീയ രോഗി അന്ധമായി ന്യായീകരിക്കും. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കും.   അവനെ ഉപദേശിക്കാന്‍ ചെല്ലുന്നവന്‍റെ തിന്‍മകളെ എടുത്തു കാണിച്ച് അവന്‍ പ്രതിരോധം തീര്‍ക്കും. എതിര്‍ വര്‍ഗ ക്കാരുടെ ചെറിയ ദോഷങ്ങളെ പോലും പെരുപ്പിക്കുകയും അതിന്‍റെ പേരില്‍ അവരെ അടച്ചു ആക്ഷേപ്പിക്കുകയും ചെയ്യും. എതിര്‍ വര്‍ഗത്തിലെ ഒരാളുടെ ദോഷം ആ വര്‍ഗത്തിന്‍റെ പൊതു സ്വഭാവമായി പൊക്കി ക്കാണിക്കും.

5) വര്‍ഗീയ രോഗി സ്വന്തം വര്‍ഗക്കാര്‍ ചെയ്യുന്ന നന്മകളില്‍ മാത്രമെ സഹകരിക്കൂ. അവരുടെ ചെറിയ നന്മകളെ പോലും അവന്‍ അമിതമായി പ്രശംസിക്കും. എതിര്‍ വര്‍ഗക്കാര്‍ എത്ര വലിയ നന്‍മ ചെയ്താലും അവന്‍ അതില്‍ സഹകരിക്കില്ല. അതിനെ ചെറുതായി പ്പോലും പ്രശംസിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കും. കഴിയുമെങ്കില്‍ അവരുടെ നന്‍മയെ ചെറുതാക്കാനും വിമര്‍ശിക്കാനും ശ്രമിക്കും.

6) തന്‍റെ വര്‍ഗ നേതാക്കളെ വര്‍ഗീയ രോഗി വളരെ ഭവ്യതയോടെ പരാമ ര്‍ശിക്കും. അവരെ അപമാനിക്കുന്നത് അവന് സഹിക്കില്ല. എന്നാല്‍ എതിര്‍ വര്‍ഗത്തിന്‍റെ നേതാക്കളോട് അവന് യാതൊരു ആദരവും കാണില്ല. അവരെ മോശം വാക്കുകളാല്‍ വിശേഷിപ്പിക്കും. അവരെത്ര വലിയ സംഭാവനകള്‍ മനുഷ്യര്‍ക്കു ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം അവന്‍ നിസാരമാക്കും. ആ നേതാക്കള്‍ക്ക് എന്തെങ്കിലും ന്യൂനതകളുണ്ടോ എന്ന് ചികഞ്ഞു അന്വേഷിക്കും. സ്വന്തം നേതാക്കളുടെ കല്‍പനകളെയും വീക്ഷണങ്ങളെയും അന്ധമായി പിന്‍പറ്റും. അവയെ നിരൂപണം ചെയ്ത് സ്വീകരിക്കാനുള്ള വിവേചന ബുദ്ധി അവന് കാണില്ല. വർഗീയത മികച്ചു നിൽക്കുന്നിടത്തു സ്വതന്ത്ര ബുദ്ധി കാണാൻ പ്രയാസമാണ്. 

7) മനുഷ്യരുടെ യാതൊരു പൊതു ഐക്യവും സാദ്ധ്യമല്ല എന്ന് വര്‍ഗീയ രോഗി കരുതുന്നു. എല്ലാവരും എന്‍റെ വര്‍ഗത്തില്‍ ചേരുക എന്നാല്‍ ഐക്യപ്പെടാം എന്നായിരിക്കും അവന്‍റെ നിലപാട്. പൊതു കൂട്ടായ്മകളായ ക്ലബ്ബുകളിലും, വായന ശാലകളിലും, സാംസ്കാരിക സംഘടനകളിലും അവന് താല്‍പര്യം കാണില്ല. അവയിൽ ചേരിതിരിവ് ഉണ്ടാക്കാനും അവയെ പിടിച്ചെടുക്കാനും അതിന് കഴിയി ല്ലെങ്കില്‍ അവയെ നശിപ്പിക്കാനും ആയിരിക്കും അവന്‍റെയും കൂട്ടാളി കളുടെയും ശ്രമം. അവന്‍റെ കൂട്ടുകാര്‍ സ്വന്തം വര്‍ഗക്കാർ മാത്രമായിരിക്കും.

8) വര്‍ഗീയ രോഗിയുടെ വായന സ്വന്തം വര്‍ഗക്കാരുടെ രചനകളില്‍ മാത്രം ഒതുങ്ങും. മറ്റു വര്‍ഗക്കാരുടെ രചനകള്‍ എത്ര മഹത്തര മാണെങ്കിലും നിരൂപണം ചെയ്യാന്‍ പോലും അവ മുഴുവന്‍  വായിക്കില്ല. അവയെ പറ്റി അവന്‍റെ പണ്ഡിതന്മാര്‍ പറഞ്ഞതു മാത്രമായിരിക്കും അവന്‍റെ ആകെ യുള്ള അറിവ്. എച്ചില്‍ മാത്രം തിന്നാന്‍ വിധിക്കപ്പെട്ടവന്‍ !!! ഇക്കാരണത്താല്‍ സ്വതന്ത്ര ബുദ്ധിയും അവന് കുറവായിരിക്കും.

9) വര്‍ഗീയ രോഗി കഴിയുമെങ്കില്‍ എതിര്‍ വര്‍ഗക്കാര്‍ക്ക്‌ യാതൊരു സഹായവും ചെയ്യില്ല. സ്വന്തം വര്‍ഗ ത്തിന്‍റെ ആശുപത്രികള്‍ പോലുള്ള സംരംഭങ്ങളില്‍ ആനുകൂല്യം നല്‍ക പ്പെടേണ്ടത് സ്വന്തം വര്‍ഗക്കാര്‍ക്കു മാത്രമാക്കണം എന്നവന്‍ ശക്തമായി വാദിക്കും. എതിര്‍ വര്‍ഗക്കാരുടെ സഹായം കഴിയുമെങ്കില്‍ അവന്‍ സ്വീകരിക്കില്ല. വല്ല നിര്‍ബന്ധിത സാഹചര്യത്തിലും സ്വീകരിക്കേണ്ടി വന്നാല്‍ അത് അറപ്പോടെയും വെറുപ്പോടെയും ആയിരിക്കും.

10) വര്‍ഗീയ രോഗിക്ക് സ്വന്തം വര്‍ഗത്തിന്‍റെ മത വിശ്വാസ- ആചാര-  അനുഷ്ഠാന- ധാർമ്മിക പദ്ധതിയിൽ വലിയ നിഷ്ഠയൊന്നും കാണില്ല. അവയില്‍ അറിവും കുറവായിരിക്കും. അതിനു പകരം അവന് എതിര്‍ വര്‍ഗത്തിന്‍റെ മേല്‍ കുതിര കയറാനായിരിക്കും താല്‍പര്യം. എന്നാല്‍ സ്വന്തം വര്‍ഗത്തെ മറ്റു വര്‍ഗങ്ങളില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്ന കാര്യങ്ങളെ പറ്റി അവന് നല്ല അറിവും അവ പാലിക്കുന്നതില്‍ നിഷ്ഠയും ഉണ്ടായിരിക്കും.

11) സ്വവര്‍ഗക്കാരെ കണ്ടാൽ വര്‍ഗീയ രോഗിയുടെ കാര്യമായ സംഭാഷണം തന്‍റെ വര്‍ഗീയ രോഗം അവരിലേക്കും പകരുന്ന വിധമായിരിക്കും. എതിര്‍ വര്‍ഗത്തോടുള്ള വെറുപ്പും വിദ്വേഷവും അവരിലും അവന്‍ ആളി ക്കത്തിക്കും. അതിനായി തെളിവില്ലാത്ത വാര്‍ത്ത കള്‍ മെനയും കളവു പറയും. വര്‍ഗീയ വിഷം ചീറ്റുന്ന ലഘു ലേഖകളും പുസ്ത കങ്ങളും പ്രചരിപ്പിക്കും. എതിർ വർഗത്തെ കുറിച്ചു സ്വയം സൃഷ്ടി ച്ചെടുത്ത കുറെ തെറ്റിദ്ധാരണകളും മുൻ വിധികളും കൊണ്ടു നിറഞ്ഞ താവും അവന്റെ മനസ്. 

12)  ഒരു പൊതു സംഭവത്തില്‍ ഉള്‍പ്പെട്ട വരുടെ വര്‍ഗം നോക്കല്‍ വര്‍ഗീയ രോഗിയുടെ മുഖ്യ ലക്ഷണമാണ്. ഉദാഹരണം: ഒരു ബസ്സപകടം നടന്നാൽ അവന്‍ നോക്കുക അതില്‍ സ്വന്തം വര്‍ഗക്കാര്‍ ആരെങ്കിലും ഉണ്ടോ എന്നായി രിക്കും. ഒരു പൊതു പരീക്ഷ യുടെ ഫലം വന്നാല്‍ അവന്‍റെ നോട്ടം അതില്‍ സ്വവര്‍ഗക്കാര്‍ എത്രയുണ്ട് എന്നായി രിക്കും. എതിര്‍ വര്‍ഗക്കാരുടെ മരണവും പരിക്കും തോല്‍വി യുമൊന്നും അവന്‍ ശ്രദ്ധിക്കില്ല. 

13) സ്വവര്‍ഗത്തിന് നേട്ടമുണ്ടായാല്‍ വര്‍ഗീയ രോഗി അമിതമായി സന്തോഷിക്കും. എതിര്‍ വര്‍ഗത്തിന് നേട്ടമുണ്ടായാല്‍ അസ്വസ്ഥത കാണിക്കും. സ്വവര്‍ഗത്തിന് ദുഖമു ണ്ടായാല്‍ അവന്‍ ദുഖിക്കും. എതിര്‍ വര്‍ഗത്തിനു ദുഖമുണ്ടായാല്‍ സന്തോ ഷിക്കും. അവന്‍റെ സന്തോഷ- ദുഃഖ പ്രകടനങ്ങള്‍ കൊണ്ട് പൊതുജനം കഷ്ടപ്പെടും. എതിര്‍ വര്‍ഗക്കാരുടെ സന്തോഷ- ദുഃഖ പ്രകടനങ്ങളെ പറ്റി അവന്‍റെ അഭിപ്രായം 'പൊതു ജനത്തെ കഷ്ടപ്പെടുത്താൻ ഓരോ ഏര്‍പ്പാടുകള്‍' എന്നായിരിക്കും. 

14) മറ്റു വര്‍ഗക്കാരുടെ ഷോപ്പുകളിൽ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ലഭ്യമെങ്കിലും വര്‍ഗീയ രോഗി സ്വന്തം വര്‍ഗക്കാരുടെ ഷോപ്പിൽ നിന്നെ വാങ്ങൂ. നിലവാരമുള്ള പത്രങ്ങള്‍ വേറെയു ണ്ടെങ്കിലും വര്‍ഗീയ രോഗി സ്വന്തം വര്‍ഗത്തിന്‍റെ പത്രമെ വാങ്ങൂ. നിലവാരമുള്ള പ്രോഗ്രാമുകള്‍ വേറെ ചാനലില്‍ ഉണ്ടെങ്കിലും സ്വന്തം വര്‍ഗ ത്തിന്‍റെ ചാനലെ വര്‍ഗീയ രോഗി കാണൂ. നിലവാരമുള്ള സ്കൂളുകള്‍ വേറെ ഉണ്ടെങ്കിലും വര്‍ഗീയ രോഗി മക്കളെ ചേര്‍ക്കല്‍ സ്വന്തം വര്‍ഗ ത്തിന്‍റെ  സ്കൂളിലായിരിക്കും. വർഗീയ രോഗി എവിടെയും യുക്തി പരമായി ചിന്തിക്കാതെ സ്വവർഗത്തെ കെട്ടിപ്പിടിച്ചു നിർവൃതി കൊള്ളുന്നു. 

15) വര്‍ഗീയ രോഗി മിക്കവാറും സജീവ  സംഘടനാ പ്രവര്‍ത്തകൻ ആയിരിക്കും.  സജീവ സംഘടനാ പ്രവര്‍ത്തകരെല്ലാം  വര്‍ഗീയത ഉള്ളവര്‍ ആകണമെന്നില്ല.  എന്നാല്‍ എല്ലാ വര്‍ഗീയ രോഗികളും സജീവ സംഘടനാ പ്രവര്‍ത്തകരായി കാണപ്പെടും. വർഗ്ഗ ബോധം ജ്വലിപ്പിച്ചു നിർത്താൻ അവർ സംഘടനയെ വലിയൊരു മാർഗമായി കാണുന്നു.

16) സ്വന്തം മതമാണ് സത്യം, സ്വന്തം പാർട്ടിയാണ് സത്യം, സ്വന്തം ഇസമാണ് സത്യം എന്നൊക്കെ ഏതാണ്ട് ഭൂമുഖ ത്തെ എല്ലാ മനുഷ്യരും വിശ്വസി ക്കുന്നു. ആ വിശ്വാസം പൊതുവെ മനുഷ്യർ ഒരു പ്രശ്നമായി കാണുന്നില്ല. എന്നാൽ ആ വിശ്വാസത്തോട് കൂടെ എന്റെ അല്ലാത്ത മറ്റൊരു മതവും പാർട്ടിയും ഇസവും ഇവിടെ നില നിൽക്കാൻ പാടില്ല, നശിക്കണം, ഗുണം പിടിക്കരുത് എന്നൊക്കെ ഓവറായി ചിന്തിക്കു ന്നവനും പ്രചരിപ്പിക്കുന്നവനും ആണ് വർഗീയ രോഗി. 

എല്ലാ മത, നിർമത, രാഷ്ട്രീയ സംഘടനകളിലും വര്‍ഗീയ രോഗികള്‍   ഉണ്ടെന്നും അവരാണ് ഇടയ്ക്കിടെ വർഗ കലഹങ്ങൾ ഉണ്ടാക്കുന്ന തെന്നും അവരെ കണ്ടെത്തി ചികില്‍സിക്കാന്‍ അതതു സംഘടനകള്‍ തന്നെ മനോരോഗ ചികില്‍സ കനെയും മനോ രോഗ കേന്ദ്രവും ഏര്‍പ്പെടുത്തുന്നത് നന്നാകുമെന്നും ഈയുള്ളവൻ കരുതുന്നു. മാനവ സാഹോദര്യം വെറും ആശയം മാത്രമല്ല, ഇമ്മാതിരി പ്രവർത്തന പരിപാടികൾ കൂടി അതിനു ഉണ്ട്. 

അൻസാർ അലി നിലമ്പൂർ

24 July 2018

ഹിപ്നോട്ടിസം ഹറാമോ ഹലാലോ ..?

മനുഷ്യ മനസ്സിനു ബോധാവസ്ഥ, അബോധാവസ്ഥ, ഉപ ബോധാവസ്ഥ, അര്‍ദ്ധ ബോധാവസ്ഥ, എന്നിങ്ങനെ പല അവസ്ഥകളും ഉണ്ടെന്നു നമുക്കറിയാം. ഉണര്‍ന്നിരിക്കുന്ന ഒരാളുടെയും ഉറങ്ങുന്നവന്‍റെയും മദ്യപിച്ചവന്‍റെയും തലക്കടിയേറ്റ് അനക്കമില്ലാതെ കിടക്കുന്നവന്‍റെയും ഒരു വസ്തുവില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചവന്‍റെയും മനസുകള്‍ ബോധത്തിന്‍റെ കാര്യത്തില്‍ വ്യത്യസ്തമാണ്. അത്തരം അവസ്ഥകളില്‍ പെട്ട മനസിന്‍റെ ഒരു പ്രത്യേക അവസ്ഥയാണ്‌ ഹിപ്നോസിസ്. അതൊരു തരം മയക്കമോ അര്‍ദ്ധ നിദ്രയോ ആണ്. അതിൽ ബോധം പൂര്‍ണ്ണമായി നഷ്ടപ്പെടില്ല, എന്നാല്‍ മനസിനുമേല്‍ ബുദ്ധിയുടെ നിയന്ത്രണം ഏതാണ്ട് നഷ്ടപ്പെട്ടിരിക്കും. പ്രസ്തുത അവസ്ഥയിൽ ഉള്ളവനോട് ആശയ വിനിമയം നടത്താം. മനുഷ്യനെ ഹിപ്നോസിസില്‍ എത്തിക്കുന്ന വിദ്യയാണ് ഹിപ്നോട്ടിസം. ഇത് ചെയ്യാന്‍ പഠിച്ചവര്‍ക്ക് ചെയ്യപ്പെടുന്ന ആളുടെ സഹകരണം ഉണ്ടെങ്കിൽ അയാളെ ഹിപ്നോസിസില്‍ എത്തിക്കാം. സഹകരണം ഇല്ലാതെ നടക്കുകയുമില്ല.

ഒരാളെ ഹിപ്നോസിസ് നിദ്രയിൽ ആക്കി ആശയ വിനിമയം നടത്തി സമര്‍ഥമായി നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം അയാള്‍ ഉണര്‍ന്നാല്‍ മിക്കപ്പോഴും ആ നിര്‍ദേശങ്ങള്‍ അയാളില്‍ സ്വാധീനം ചെലുത്തുന്നത് കാണാം. ഉദാഹരണം, പുകവലി നിര്‍ത്താന്‍ അതിയായ താല്‍പര്യമുള്ള ഒരാളെ ഹിപ്നോസിസ് നിദ്രയിലാക്കി അയാളെ ഇനി പുകവലിക്കില്ല എന്ന് സമ്മതിപ്പിച്ചു പറയിപ്പിച്ച ശേഷം അയാൾ ഉണര്‍ന്നാല്‍ മിക്കപ്പോഴും അയാളുടെ അര്‍ദ്ധ ബോധത്തില്‍ അയാളെടുത്ത പ്രതിജ്ഞ അറിയാതെ തന്നെ അയാള്‍ പാലിച്ചേക്കാം. അങ്ങനെ എത്രയോ സംഭവങ്ങൾ ഉണ്ട്. ഹിപ്നോസിസിന്‍റെ ഈ സാധ്യത കാരണം മാനസിക ചികിത്സാ രംഗത്ത്‌ അത് ഉപയോഗ പെടുത്തുന്നു. ചികിത്സക്കായി അത് ഉപയോഗിക്കുമ്പോള്‍ ഹിപ്നോ തെറാപ്പി എന്നറിയപ്പെടുന്നു. ഭയം, പിരിമുറുക്കം, അമിത കോപം, നൈരാശ്യം, വിഷാദം, ഉറക്ക ക്കുറവ്, ആത്മഹത്യാ പ്രവണത, നഖം കടി..  തുടങ്ങിയ ലഘു മാനസിക പ്രശ്നങ്ങള്‍ക്ക് ഹിപ്നോ തെറാപ്പി കൊണ്ട് ഗുണം ലഭിച്ചതായി ചികിത്സകരും എത്രയോ ആളുകളും സാക്ഷ്യ പ്പെടുത്തുന്നു.

ഹിപ്നോട്ടിസ്റ്റിന്‍റെ മാനസിക ശക്തി ഉപയോഗിച്ച് തളര്‍ത്തിയ രോഗിയെ പതുക്കെ മയക്കത്തിലേക്ക് നയിക്കുകയും ശേഷം മാനസിക പ്രശ്നവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി രോഗ വിമുക്തി നല്‍കുകയും ചെയ്യുന്ന പ്രക്രിയയാണ് ഹിപ്നോ തെറാപ്പി. ഹിപ്നോട്ടിസ്റ്റ് ഉറക്കത്തിനു വേണ്ട സാഹചര്യങ്ങള് ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്. പ്രകാശമുള്ള വസ്തുവില് ശ്രദ്ധ കേന്ദ്രീകരിപ്പിക്കുക, ഒരേ താളത്തിലുള്ള നിര്‍ദേശം കേൾപ്പിക്കുക.. തുടങ്ങിയവ ഒരാളെ ഹിപ്നോസിസ് നിദ്രയിലേക്ക് നയിക്കും. ഹിപ്നോസിസ് നിദ്രയിൽ ആയിരിക്കുമ്പോൾ തന്നെ വ്യക്തിയുമായി ആശയ വിനിമയം നടത്താൻ ഹിപ്നോട്ടിസ്റ്റ് ഒരു സെൻട്രി പോസ്റ്റ് നില നിർത്തുന്നു. ഉദാഹരണത്തിനു ആ വ്യക്തിയുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ, നിദ്രയിലായാലും ആശയ വിനിമയം സാധ്യമാകുന്നു.

വളരെ ലളിതമായി മേല്‍ പറഞ്ഞതാണ് ഹിപ്നോട്ടിസം. ഹിപ്നോട്ടിസം മാനസിക ചികിത്സക്ക് ഉപയോഗിക്കല്‍ ഈ ആധുനിക കാലത്ത് തുടങ്ങിയതല്ല. പുരാതന ഗ്രീസിലും ഇന്ത്യയിലും അറേബ്യയിലും അത് ഉപയോഗിച്ചിരുന്നു. ഇബ്നു സീനയെ പോലുള്ള വൈദ്യന്മാര്‍ അത് മുമ്പേ ഉപയോഗിച്ചവരും വിവരിച്ചവരുമാണ്. ഹിപ്നോ തെറാപ്പിയെ കുറിച്ച് ആഗോള മുസ്ലിം പണ്ഡിതര്‍ക്ക് ഇടയിൽ അത് ഹലാലാണെന്നും ഹറാമാണെന്നും ഉപാധികളോടെ ഹലാലാണെന്നും അഭിപ്രായങ്ങള്‍ ഉണ്ട്. ഹറാം എന്ന് പറയാന്‍ നിരത്തുന്ന കാര്യങ്ങള്‍ ഇങ്ങനെ പറയാം, ഒരാളെ ഹിപ്നോസിസില്‍ ആക്കാന്‍ ജിന്നിനെ ഉപയോഗിക്കുന്നു, ജിന്നിനോടാണ് ഹിപ്നോട്ടിസ്റ്റ് സംസാരിക്കുന്നത്, ജിന്നാണ് മറുപടി പറയുന്നത്, അതൊരു തരം സിഹ്ര്‍ ആണ്, ജിന്ന് സേവയാണ്. രണ്ടു മലയാള പുസ്തകങ്ങളിലും സൗദി ഫതവ ബോഡ് ലജന ദാഇമയും ആണ് ഈ വാദങ്ങള്‍ ഞാൻ വായിച്ചിട്ടുള്ളത്. ഈ വാദങ്ങളെ അനവധി പ്രസിദ്ധ മുസ്ലിം ഹിപ്നോ തെറാപ്പി വിദഗ്ദരും മുസ്ലിം മന ശാസ്ത്രജ്ഞരും എതിര്‍ത്തിട്ടുണ്ട്. പ്രസ്തുത വാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇസ്ലാമികമായ തെളിവുകളും ഇല്ലെന്നാണ് അവര്‍ പറയുന്നത്. തെളിവുകള്‍ ഞാനും കുറെ അന്വേഷിച്ചു നോക്കിയെങ്കിലും കണ്ടില്ല.

ഹിപ്നോ തെറാപ്പി നടത്താന്‍ ഒരു ജിന്നിന്‍റെയും ആവശ്യമില്ല, അതില്‍ ജിന്നിനോട് സംസാരിക്കുന്നുമില്ല, ജിന്നും സംസാരിക്കുന്നില്ല എന്നാണ് മുസ്ലിം ഹിപ്നോ തെറാപ്പിസ്റ്റുകള്‍ പറയുന്നത്. ദൈവത്തിലും മതത്തിലും ജിന്നിലും വിശ്വാസമില്ലാത്ത വിദഗ്ദരും ഹിപ്നോ തെറാപ്പി നടത്തുന്നു എന്നവര്‍ ചൂണ്ടി ക്കാട്ടുന്നു. അവർ ഏതായാലും ജിന്നിനെ സേവിക്കില്ലല്ലോ. സിഹ്ര്‍ ചെയ്താണ് മയക്കുന്നത് എന്ന വാദത്തിന് മുസ്ലിം ഹിപ്നോ തെറാപ്പിസ്റ്റുകള്‍ പറയുന്ന മറുപടി അപ്പോള്‍ ഉമ്മ കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്നതും സിഹ്ര്‍ ആണെന്ന് പറയേണ്ടി വരും എന്നാണ്. കാരണം അതു പോലാണ് ഹിപ്നോ തെറാപ്പിസ്റ്റ് രോഗിയെ ഉറക്കുന്നതത്രെ. രോഗിയല്ല സംസാരിക്കുന്നത് ജിന്നാണ് സംസാരിക്കുന്നത് എന്ന വാദത്തിനു മറുപടിയായി ഹിപ്നോ തെറാപ്പിസ്സ്റ്റുകള്‍ പറയുന്നത് അങ്ങനെയെങ്കില്‍ നമ്മള്‍ ഉറക്കത്തില്‍ സംസാരിക്കുന്നതും ജിന്നാണ് എന്ന് പറയേണ്ടി വരും എന്നാണ്. മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്തും ഹിപ്നോട്ടിസം ഉണ്ട്.  ഹറാം ആയിരുന്നു എങ്കിൽ മുഹമ്മദ് നബി അതു വിലക്കുമായിരുന്നു എന്നും അവർ പറയുന്നു. ചുരുക്കത്തില്‍ ഹിപ്നോ തെറാപ്പി തികച്ചും ഹറാമാണ് എന്നു പറയാന്‍ തെളിവുകള്‍ ഇല്ലെന്നു മനസ്സിലാകുന്നു.

ഹിപ്നോട്ടിക് നിദ്രയില്‍ ആകുന്ന വ്യക്തി മദ്യം കഴിച്ചവനെ പോലെയാണ്, അതു കൊണ്ട് ഹിപ്നോട്ടിസം ഹറാമാണ് എന്ന് പറയുന്നവരും മുസ്ലീങ്ങളില്‍ ഉണ്ട്. മദ്യം കഴിക്കാതെ മദ്യം കഴിച്ച അവസ്ഥ ഏതായാലും ഉണ്ടാകില്ലല്ലോ. അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു എങ്കില്‍ ഇസ്ലാം അത് എന്നെ വിലക്കിയിരുന്നു എന്നു മുസ്ലിം ഹിപ്നോട്ടിസ്റ്റുകൾ പറയുന്നു. മുസ്ലിം പണ്ഡിതന്മാരുടെ കൂട്ടത്തില്‍ ഹിപ്നോട്ടിസത്തെ ഉപാധികളോടെ ഹലാലായി കാണുന്നവര്‍ ഉണ്ട്. അവരാണ് ഭൂരി ഭാഗമെന്ന് പറയാം. ഇന്ത്യയിലെ ദയൂബന്ദ് ദാറുല്‍ ഇഫ്തായിലെ അടക്കം അമേരിക്ക, ആഫ്രിക്ക, പോലുള്ള രാജ്യങ്ങളിലെ ദാറുല്‍ ഇഫ്താ മുഫ്തികള്‍ എല്ലാം ഹിപ്നോട്ടിസം നല്ലതിനെങ്കില്‍ ചെയ്യാം ചീത്തക്ക് എങ്കില്‍ ചെയ്യാന്‍ പാടില്ല എന്ന അഭിപ്രായക്കാര്‍ ആണ്. ഒരാളെ ഹിപ്നോസിസിൽ ആക്കി തെറ്റായ നിര്‍ദേശങ്ങള്‍ നല്‍കി അയാളെ നാശത്തിലും പെടുത്താമല്ലോ. അപ്പോള്‍ അത് ഹറാമാകും. മാനസിക പ്രശ്നങ്ങള്‍ക്കുള്ള ചികിത്സക്ക് ആണ് എങ്കില്‍ ഹിപ്നോട്ടിസം കൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് അവര്‍ പറയുന്നു. കൂടുതല്‍ നന്നായി അല്ലാഹുവിനു അറിയാം. 

അൻസാർ അലി നിലമ്പൂർ

17 June 2018

ദൈവ വിശ്വാസം നൈസർഗികമോ..?

ഇസ്‌ലാമിക വിശ്വാസം  അനുസരിച്ചു   ഏതൊരു മനുഷ്യ  ശിശുവും  ഭൂമിയിലേക്ക് ജനിച്ചു വീഴുന്നത്  മനസ്സിൽ  ദൈവ വിശ്വാസവും  കൊണ്ടാണ്. ദൈവ വിശ്വാസം ശിശുക്കളിൽ   നൈസർഗ്ഗികമാണ്.    കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അവരുടെ  മനസ്സിൽ യാതൊരു മതവും വിശ്വാസവും  ഇല്ലാതെ ശുദ്ധമായ മനസോടെ ആണ്  എന്ന് മുസ്ലീങ്ങള്‍ തന്നെ  പറയുന്നതു  ശരിയല്ല. ഓരോ ശിശുവും പിറന്നു വീഴുന്നത് മുസ്ലിമായിട്ടാണ് എന്ന് ഖുര്‍ആനിന്‍റെയും ഹദീസുകളുടെയും അവ രണ്ടിനെയും വ്യാഖ്യാനിച്ച മുൻകാല ഇമാമുകളുടെയും  വാക്കുകളിൽ നിന്നു  മനസിലാകുന്നു.  ഖുര്‍ആനിലെ ഒരു വചനം നോക്കൂ. അല്ലാഹു പറഞ്ഞു: 

"നിന്‍റെ റബ്ബ് ആദമിന്‍റെ സന്തതികളില്‍ പെട്ടവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും അവരുടെ കാര്യത്തിന് അവരെ തന്നെ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭത്തില്‍ (അവന്‍ അവരോടു ചോദിച്ചു) ഞാന്‍ നിങ്ങളുടെ ദൈവമല്ലയോ...?. അവര്‍ പറഞ്ഞു: "അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു". (അപ്പോള്‍ അല്ലാഹു പറഞ്ഞു): തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെ പറ്റി ബോധമില്ലാത്തവർ ആയിരുന്നു എന്ന് നിങ്ങള്‍ പുനരുത്ഥാന നാളില്‍ പറഞ്ഞേക്കും എന്നതിനാലാണ് (നാം ഇങ്ങനെ ചെയ്തത്)"(7:172). 

ഈ വചനത്തില്‍ നിന്ന് മനസിലാകുന്നത് അല്ലാഹുവിന്‍റെ സന്നിധിയില്‍ വെച്ച് കൃത്യമായ ഏകദൈവ വിശ്വാസം സ്വീകരിച്ചാണ് എല്ലാ ശിശുക്കളും ഭൂമിയില്‍ ജനിച്ചു വീഴുന്നത് എന്നാണ്. നമുക്കാ സംഭവം ഓര്‍മയില്ലല്ലോ എന്ന് ചിലര്‍ പറഞ്ഞേക്കാം. അത് മനസിലാകാന്‍ ഏറെ  വിശദീകരിക്കണം എന്നതിനാൽ അതിനു മുതിരുന്നില്ല. മനുഷ്യ മനസ്‌ ഏറെ സവിശേഷതകള്‍ ഉള്ള ഒന്നാണ് എന്ന് മനസ്സിലാക്കുക. നാല്പതു വയസുള്ള ഒരാളോട് നിനക്ക് സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിച്ചപ്പോള്‍ മൊത്തം  എത്ര മാര്‍ക്ക് കിട്ടി എന്ന് ചോദിച്ചാല്‍ അയാള്‍ മിഴിച്ചു നോക്കുമല്ലോ. മറ്റൊരു ഖുര്‍ആന്‍ വചനം കാണുക. അല്ലാഹു പറഞ്ഞു:

"ആകയാല്‍ നേരെ നില കൊള്ളുന്നവനായി നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല. "(30:30). 

ഈ വചനത്തില്‍ പറയുന്ന അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച  പ്രകൃതി ഇസ്ലാം മതമാണ്‌ എന്ന് വ്യക്തമാണ്. മുഹമ്മദ്  നബി അത് വിശദീകരിച്ചു. അവിടുന്നു പറഞ്ഞു: "എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ഒരു പ്രകൃതിയിലായി ക്കൊണ്ടാണ്, പിന്നെ ആ കുഞ്ഞിനെ യഹൂദൻ ആക്കുന്നതും ക്രിസ്ത്യാനി   ആക്കുന്നതും അഗ്നിയാരാധകൻ  ആക്കുന്നതും അവന്‍റെ മാതാപിതാക്കളാണ്"(ബുഖാരി). 

ഈ വചനത്തില്‍ കുഞ്ഞിനെ മുസ്ലിമാക്കുന്നത് അവന്‍റെ മാതാപിതാക്കളാണ് എന്ന് നബി പറഞ്ഞില്ല. കാരണം കുഞ്ഞു പിറക്കുമ്പോള്‍ തന്നെ മുസ്‌ലിമായതു കൊണ്ടാണ് അങ്ങനെ പറയാതിരുന്നത്. ജനിച്ച ശേഷം പിന്നീട് കുഞ്ഞു മതം മാറുകയോ അവനെ മാറ്റുകയോ ആണ് ചെയ്യുകയാണ്. ചുരുക്കത്തില്‍, എല്ലാ കുഞ്ഞുങ്ങളും ഭൂമിയില്‍ ജനിക്കുന്നത് മുസ്ലീങ്ങളായിട്ടാണ്  എന്നാണ് ഇസ്‌ലാമിക വിശ്വാസം.

കുഞ്ഞുങ്ങള്‍ പിറക്കുന്ന പ്രകൃതി ഏതാണ് എന്ന് നബി വിശദീകരിച്ചത് മറ്റൊരു ഹദീസിലും കാണാം. നബി പറഞ്ഞു: "ഒരു മില്ലത്തില്‍ ആയിട്ടല്ലാതെ ഒരു കുഞ്ഞും പിറക്കുന്നില്ല" (ഇമാം മുസ്ലിം പറയുന്നു: അബൂ മുആവിയയില്‍ നിന്നുള്ള അബൂബക്കറിന്‍റെ റിപ്പോര്‍ട്ടില്‍ ഈ മില്ലത്തിലായി ക്കൊണ്ടല്ലാതെ എന്നാണ് ഉള്ളത്)". നബി 'ഈ മില്ലത്ത്‌' എന്ന് പറയുന്നത് ഇസ്ലാമിക മില്ലത്തിനെ പറ്റിയാണല്ലോ. മില്ലത്ത് എന്നാല്‍ മാര്‍ഗം, ചര്യ എന്നൊക്കെയാണ് അര്‍ത്ഥം. അപ്പോള്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഇസ്ലാമിക മാര്‍ഗത്തില്‍ അല്ലെങ്കില്‍ ഇസ്‌ലാം മതത്തില്‍ ആയിക്കൊണ്ടാണ് എന്ന് മനസിലാക്കാം. 

വളരെ കുറഞ്ഞ അളവില്‍ ആണെങ്കിലും ശിശുവിന് മതവും  ദൈവ വിശ്വാസവും ജനിക്കുമ്പോള്‍ തന്നെ ഉണ്ട് എന്ന് പറയാം. പല മുസ്ലീങ്ങള്‍ക്കും അറിയാത്ത ഈ കാര്യം ശാസ്ത്ര സാഹിത്യ പരിഷത്തിലെ ബുദ്ധിജീവികള്‍ മനസിലാക്കി കുഞ്ഞുങ്ങളുടെ മതം കളയാന്‍ മതമില്ലാത്ത ജീവനുമായി വന്നിരുന്നുവല്ലോ മുമ്പ്. ഇക്കാര്യത്തെ പറ്റി അറിവുള്ള മുസ്‌ലിം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ അതിനെ എതിര്‍ക്കുകയും ചെയ്തു. മത രഹിതരായി പരിഷത്തുകാരന്‍റെ മക്കള്‍ തന്നെ വളര്‍ന്നാല്‍ മതി, മുസ്‌ലിം കുഞ്ഞുങ്ങള്‍ അവര്‍ അല്ലാഹുവിന്‍റെ സന്നിധിയില്‍ വെച്ചു സ്വീകരിച്ച മതവുമായി വളരട്ടെ എന്നാണ് മുസ്ലീങ്ങള്‍ പറയുന്നത്. 

ശിശുക്കളുടെ ദൈവ വിശ്വാസത്തെ കുറിച്ച് മറ്റു മതങ്ങള്‍ക്കു പല കാഴ്ചപ്പാടുകളും ഉണ്ടാവും. ഇവിടെ  ഇസ്‌ലാമിക വിശ്വാസം പറഞ്ഞുവെന്നു മാത്രം. ഓരോ അമുസ്ലിമും ഇസ്ലാം സ്വീകരിക്കുമ്പോള്‍ അവന്‍ CONVERTED പരിവര്‍ത്തിതന്‍ ആവുകയല്ല ചെയ്യുന്നത് മറിച്ച് REVERTED മടങ്ങി വന്നവൻ  ആവുകയാണ് ചെയ്യുന്നത്.  അതായത് ജനിച്ചപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന ഇസ്‌ലാം മതത്തിലേക്ക് തന്നെ തിരിച്ചു വന്നവന്‍ ആവുകയാണ് ചെയ്യുന്നത്.  

അൻസാർ അലി നിലമ്പൂർ

4 June 2018

ദൈവത്തിന്റെ ആവശ്യമെന്ത്...?

ദൈവമില്ലെന്നു കരുതുന്നവർ പോലും ചില സന്ദർഭ ങ്ങളിൽ ദൈവത്തെ അറിയാതെ വിളിച്ചു പോകാറുണ്ട്. ദൈവം ഇല്ല, പക്ഷെ നീതിമാനായ ഒരു ദൈവം ഉണ്ടായിരു ന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു എന്നു പറഞ്ഞ നിരീശ്വര വാദികൾ ഉണ്ട്. ദൈവം ഇല്ലെങ്കിൽ ഉടനെ നാമൊരു ദൈവത്തെ കണ്ടുപിടി ക്കേണ്ടതുണ്ട് എന്നു പറഞ്ഞ ചിന്തകരുമുണ്ട്. ദൈവം ഇല്ല, പക്ഷെ ഞാൻ കരുതുന്ന ഗുണങ്ങൾ എല്ലാമുള്ള ഒരു ദൈവം ഉണ്ടാകു ന്നതിൽ എനിക്ക് സന്തോഷ മെയുള്ളൂ എന്നു പറഞ്ഞ ചിന്തക രുമുണ്ട്. ഇതെല്ലാം കാണി ക്കുന്നത് ദൈവം മനുഷ്യ മനസ്സിന്റെ തീവ്രമായ ഒരു അഭിലാഷ മാണ് എന്നാണ്.   

ആരും ആർക്കും ദൈവത്തെ കുറിച്ചു പറഞ്ഞു കൊടുത്തി ല്ലെങ്കിൽ പോലും മനുഷ്യ മനസ്സിൽ ദൈവത്തിന്റെ ആവശ്യം അവനറിയാതെ അങ്കുരിച്ചു വരുന്നു. ദൈവം ഇല്ലെന്നു കരുതിയിരു ന്നെങ്കിൽ ഇന്ന് ദൈവത്തെ പേടിച്ചു നല്ല മനുഷ്യരായി ജീവിക്കുന്നവർ മോശമായി ജീവിക്കുന്നവർ ആയിരു ന്നേക്കാം. ദൈവമില്ലെന്നു കരുതിയിരു ന്നുവെങ്കിൽ ഭൂമിയിൽ അത്ര വലിയ നന്മകളൊന്നും കണ്ടില്ലെന്നും വന്നേക്കാം. ദൈവ മുണ്ടെന്നു കരുതുന്നത് കൊണ്ടു ആരുമില്ലാ ത്തവന് തുണയായി അവൻ ദൈവത്തെ കാണുന്നു. മനുഷ്യരെ കൊണ്ടു നിവൃത്തിക്കാൻ കഴിയാത്ത ദുഃഖങ്ങളിൽ ദൈവത്തിൽ ആശ്വാസം കണ്ടെത്തു ന്നവർ നിരവധിയാണ്. ചികിത്സയുടെ അവസാനം ഇനി നിങ്ങൾ ദൈവത്തോട് പ്രാർഥിക്കൂ എന്നു നിരീശ്വര വാദിയായ ഡോക്ടർക്ക് പോലും രോഗിയോട് പറയേണ്ടി വരുന്നു. ദൈവം ആശ്വാസമാണ്, സമാധാനമാണ്. 

അക്രമികളെ പ്രതിരോധി ക്കാൻ കഴിയാതാ കുമ്പോൾ കൈ മേലോട്ടു യർത്തി സഹായം ചോദിക്കാൻ മനുഷ്യനൊരു ദൈവത്തെ അത്യാവശ്യ മായിരിക്കുന്നു. മനുഷ്യരെ പരമാവധി ഉപദ്രവിച്ചു അതിനു ശിക്ഷയൊന്നും അനുഭവിക്കാതെ സമർഥമായി മരിച്ചു പോകുന്നവരെ പിടികൂടാൻ ഒരു ദൈവം ഉണ്ടായിരു ന്നെങ്കിലെന്നു മനുഷ്യൻ ആഗ്രഹിച്ചു പോകുന്നു. ഇവിടുത്തെ ന്യായാധിപരിൽ നിന്നു നീതി കിട്ടാതാ വുമ്പോൾ കൃത്യമായ നീതി നൽകുന്ന ഒരു ന്യായാധി പനായി മനുഷ്യർ ദൈവത്തെ കാണുന്നു. ദൈവം മർദ്ധിതർക്ക് വേണ്ടി നടപടികൾ എടുക്കുന്ന വനാണ് എന്നവർ കരുതുന്നു.

ഗവേഷണങ്ങളും ചോദ്യങ്ങളും ഉത്തര ങ്ങളില്ലാതെ വഴിമുട്ടുമ്പോൾ എല്ലാറ്റിനും അവസാന കാരണം ദൈവമാണ് എന്നു മനുഷ്യർ കരുതിപ്പോവുന്നു. ഗണിത- ഭൗതിക നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രപഞ്ചത്തിന്റെ സൂപ്പർ ബ്രെയിനായി, സൂപ്പർ ഡിസൈനറായി ഒരു ദൈവം ഇല്ലെന്നു ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത വരുണ്ട്. ശക്തരായ ഭരണാധി കാരികൾ തകർന്ന ടിയുന്നത് കാണുമ്പോൾ അതിനു കാരണ ക്കാരനായി സർവ ശക്തനായ മറ്റൊരു ഭരണാധി കാരിയായി ദൈവത്തെ മനുഷ്യർ സങ്കൽപ്പിച്ചു പോകൽ സ്വാഭാവി കമാണ്. ഭരണാധി കാരികളുടെ പിടിപ്പ് കേട് കൊണ്ടു രാജ്യങ്ങൾ അസ്ഥിര മാകുമ്പോൾ മനുഷ്യർ ദൈവം ഭരണാധി കാരിയായ ഒരു ദൈവരാജ്യം കൊതിച്ചു പോവലും സ്വാഭാവികമാണ്.  

ചിലർ അവരുടെ ചിട്ടയാർന്ന ജീവിതത്തിനു കാരണ ക്കാരനായി ദൈവത്തെ കാണുന്നു. മറ്റു ചിലർ അവരുടെ ധാർമ്മിക വിശുദ്ധി യുടെയും മാനസിക വികാസ ത്തിന്റെയും കാരണമായി ദൈവത്തെ കാണുന്നു. മറ്റു ചിലർ സകല ഭയങ്ങളിൽ നിന്നും ദൈവത്തിലൂടെ മോചനം കണ്ടെ ത്തുന്നു. ചിലർ സാമൂഹ്യ പരിവർത്തന ങ്ങളുടെ ചാലക ശക്തിയായി ദൈവത്തെ കാണുന്നു. ദൈവമില്ലാത്ത അവസ്ഥയെ പറ്റി ചിന്തിക്കാൻ കഴിയാത്ത വരുണ്ട് മനുഷ്യരിൽ. ദൈവത്തിനു പകരം വെക്കാൻ മറ്റൊരു സംവിധാനം മനശാസ്ത്രം കണ്ടുപിടി ച്ചിട്ടില്ല. അതെ, ദൈവം ബോധ മനസ്സിന്റെയും ഉപബോധ മനസ്സിന്റെയും ഒരാവശ്യമായി നിലകൊള്ളുന്നു. ദൈവ വിശ്വാസി കളെയുംനിരീശ്വര വാദികളെയും ഒരുമിച്ചു മനശാസ്ത്ര പരീക്ഷണത്തിന് വിധേയ മാക്കിയപ്പോൾ അതാണ് തെളിഞ്ഞു വന്നത്. എല്ലാ മനുഷ്യ രുടെയും മനസ്സിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പോലെ.....

അൻസാർ അലി നിലമ്പൂ