Showing posts with label എവലൂഷൻ. Show all posts
Showing posts with label എവലൂഷൻ. Show all posts

5 June 2018

ഭൂമിയുടെയും മനുഷ്യന്റെയും പരിണാമം

മനുഷ്യൻ ഭൂമിയെന്ന ഗ്രഹത്തിന് അനുയോജ്യനായ വിധത്തിൽ രൂപം കൊണ്ടവനാണോ അതോ   മനുഷ്യനെന്ന ജീവിക്കു നിലനിൽക്കാൻ അനുയോജ്യമായ വിധത്തിൽ രൂപം കൊണ്ട ഗ്രഹമാണോ ഭൂമി എന്നതൊരു ചിന്തനീയമായ ചോദ്യമാണ്. നമ്മുടെ സൗരയൂഥത്തിൽ ഭൂമിയല്ലാത്ത മറ്റൊരു ഗ്രഹത്തിലും ഭൂമിയിലെ പോലുള്ള വിധം സ്വാഭാവികമായ മനുഷ്യവാസം സാധ്യമല്ലാത്ത സ്ഥിതിക്ക് ഭൂമി മനുഷ്യനു അനുയോജ്യമായ വിധത്തിൽ രൂപം കൊണ്ടതാണ് എന്ന് പറയാം. നമ്മുടെ സൗരയൂഥത്തിൽ ഭൂമിയിൽ അല്ലാത്ത മറ്റൊരു ഗ്രഹത്തിലും മനുഷ്യ വാസം ഇല്ലാത്തത് കൊണ്ട് മനുഷ്യൻ ഭൂമിക്ക് അനുയോജ്യനായ വിധത്തിൽ രൂപം കൊണ്ടവനാണ് എന്നും പറയാം. രണ്ടും തെറ്റല്ല. 

മനുഷ്യന്റെ കാര്യം മാത്രം എന്തിനെടുക്കുന്നു, മനുഷ്യേതര ജീവികളും അങ്ങനെതന്നെ അല്ലെ എന്നു ചോദിച്ചേക്കാം. മനുഷ്യനു ഉപകാരപ്പെടുന്ന വിധം മറ്റൊരു ജീവിക്കും ഭൂമി ഉപകാരപ്പെടുന്നില്ല എന്നാണ് ഉത്തരം. മനുഷ്യൻ കടലിൽ നിന്നും കാട്ടിൽ നിന്നും കൃഷിയിടത്തിൽ നിന്നും ആഹാരം ശേഖരിക്കുന്നു. അവൻ വായുവിലൂടെയും കരയിലൂടെയും കടലിലൂടെയും സഞ്ചരിക്കുന്നു. മനുഷ്യനെ പ്പോലെ ഭൂമിയെ ഉപയോഗ പ്പെടുത്തുന്ന യുക്തിയുള്ള മറ്റൊരു ജീവിയും ഭൂമുഖത്തില്ല. ഇവിടെ മനുഷ്യന് ഭൂമിയെയും ഭൂമിക്ക് മനുഷ്യനെയും അനുയോജ്യ മാക്കിയതിൽ ഒരു പൊതു ബോധം പ്രവർത്തിച്ചിട്ടുണ്ടോ എന്ന ചിന്തക്ക് ന്യായമായും പ്രസക്തിയുണ്ട്.

സൂര്യൻ രൂപമെടുത്ത ശേഷം ബാക്കി വന്ന ഖര-വാതക പടലങ്ങളിൽ നിന്നാണ് സൂര്യന് ചുറ്റും ഭ്രമണം നടത്തുന്ന മറ്റു എട്ടു ഗ്രഹങ്ങളും രൂപമെടുത്തത് എന്നാണ് ശാസ്ത്ര നിഗമനം. രൂപമെടുത്ത കാലത്ത് ഭൂമി ഇങ്ങനെ സുന്ദരമായ വിധത്തിൽ, മനുഷ്യനു വസിക്കാൻ പറ്റിയ രൂപത്തിൽ ആയിരുന്നില്ല. കാലാന്തരത്തിൽ പരിണമിച്ചു ഇങ്ങനെ ആയതാണ്.   പക്ഷെ മറ്റു ഏഴു ഗ്രഹങ്ങൾക്കും ഭൂമിക്ക് സംഭവിച്ചത് പോലുള്ള ഒരു പരിണാമം സംഭവിച്ചില്ല. രൂപമെടുത്ത കാലത്തും ഇന്നും അവ മനുഷ്യനു വസിക്കാൻ പറ്റാത്ത രൂപത്തിലാണ് ഉള്ളത്. അപ്പോൾ ഭൂമിക്ക് ഇവ്വിധം പരിണാമം സംഭവിച്ചത് മനുഷ്യനു വേണ്ടിയാണ് എന്ന് മനുഷ്യൻ അനുമാനിക്കൽ സ്വാഭാവികമാണ്.

മനുഷ്യനു ജീവിക്കാൻ ജലം അത്യാവശ്യമാണ്. ഖര വാതക ദ്രാവക രൂപത്തിൽ ഭൂമിയിൽ കാണപ്പെടുന്ന പോലെ സുലഭമായ ജലം മറ്റൊരു ഗ്രഹത്തിലുമില്ല. തോടും തടാകവും പുഴയും കടലും മറ്റൊരു ഗ്രഹത്തിലുമില്ല. മനുഷ്യന് ജീവിക്കാൻ പറ്റിയ ചൂടും തണുപ്പും ഭൂമിയിലെ ഉള്ളൂ, മറ്റൊരു ഗ്രഹത്തിലുമില്ല. മഴയെന്ന പ്രതിഭാസം നാം ഭൂമിയിൽ മാത്രമാണ് കാണുന്നത്. മനുഷ്യനു വേവിച്ചു തിന്നാൻ പറ്റിയ മൃഗങ്ങളും സസ്യങ്ങളും മത്സ്യങ്ങളും ഭൂമിയിൽ അല്ലാതെ മറ്റൊരു ഗ്രഹത്തിലുമില്ല. മനുഷ്യനു അപകടകരമായ സൂര്യനിൽ നിന്നുള്ള വികിരണങ്ങളെ തടഞ്ഞു കൊണ്ട് ഭൂമിക്ക് മുകളിലാണ് ഓസോൺ പാളിയുള്ളത്. ഇങ്ങനെ വിവരിക്കാൻ തുനിഞ്ഞാൽ ഭൂമിക്ക് പ്രത്യേക മായുള്ളതും മറ്റു ഗ്രഹങ്ങൾക്ക് ഇല്ലാത്തതുമായ വിശേഷതകൾ അനവധിയാണ്.

മേൽ വിവരിച്ച ഭൂമിയുടെയും മനുഷ്യന്റെയും പാരസ്പര്യത്തെ സംബന്ധിച്ച് ദൈവ വിശ്വാസികൾ മനസിലാക്കുന്നത് അതിന് പിന്നിലൊരു പൊതു ബോധം വേണമെന്നും അത് ദൈവം ആണെന്നും മനുഷ്യനു വസിക്കാൻ പറ്റിയ വിധത്തിൽ ദൈവം ഭൂമിയെ കാലാന്തര ങ്ങളിൽ പരിണമിപ്പിച്ചു കൊണ്ടു വന്ന ശേഷം അതിൽ മനുഷ്യനെ സംവിധാനിച്ചു എന്നുമാണ്. ഭൂമിയോളം പഴക്കം മനുഷ്യന് ഇല്ലെന്നത് ഉറപ്പാണ്. ഭൂമിയുടെയും മനുഷ്യന്റെയും പരിണാമത്തിനു പിന്നിൽ പ്രവർത്തിച്ച പൊതു ബോധ ത്തെയാണ് (Universal Conciousness) വിശ്വാസികൾ ദൈവമെന്നു വിളിക്കുന്നത്. മറ്റു ഗ്രഹങ്ങൾക്ക് നൽകാത്ത, മനുഷ്യനു വസിക്കാൻ വേണ്ടി ഭൂമിക്ക് മാത്രമായി ദൈവം നൽകിയ വിശേഷതകൾ അന്ത്യ വേദ ഗ്രന്ഥമായ ഖുർആനിലൂടെ അല്ലാഹു ഇങ്ങനെ പഠിപ്പിക്കുന്നു;

"ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകൾ മാറിമാറി വരുന്നതിലും മനുഷ്യർക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന വാഹനത്തിലും ആകാശത്തുനിന്നു അല്ലാഹു മഴ ചൊരിഞ്ഞിട്ട് നിർജ്ജീവാ വസ്ഥക്ക് ശേഷം അവൻ ഭൂമിക്ക് ജീവൻ നൽകിയതിലും ഭൂമിയിൽ എല്ലാതരം ജന്തു വർഗങ്ങളെയും വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ക്രമത്തിലും ആകാശത്തിനും ഭൂമിക്കും ഇടയിലായി നിയന്ത്രിച്ചു നിർത്തപ്പെടുന്ന മേഘത്തിലും യുക്തി പ്രയോഗിക്കുന്ന ജനത്തിന് പല തെളിവുകളും ഉണ്ട്,തീർച്ച" (ഖുർആൻ  2:164)

മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനു വസിക്കാനായി ഭൂമിക്ക് മാത്രമായി ദൈവം നൽകിയ വിശേഷതകൾ വിവരിക്കുന്ന ഇതു പോലുള്ള ഒരുപാട് സൂക്തങ്ങൾ ഖുർആനിലുണ്ട്. അതിനാൽ മനുഷ്യനു വേണ്ടി ദൈവം സംവിധാനിച്ച ഭൂമിയിൽ മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് നിർണയി ക്കാനുള്ള അവകാശം കൂടി   സ്വാഭാവികമായും അല്ലാഹുവിനുണ്ട് എന്നാണ് വിശുദ്ധ ഖുർആൻ സമർത്ഥിക്കുന്നത്. 


അൻസാർ അലി നിലമ്പൂർ