Showing posts with label ഫിസിയോളജി. Show all posts
Showing posts with label ഫിസിയോളജി. Show all posts

15 July 2018

പ്രായം കൂടുമ്പോൾ സംഭവിക്കുന്നത്.

നമുക്ക് പ്രായം കൂടുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ. എല്ലാ മനുഷ്യരും അനുഭവിക്കേണ്ട ഒന്നാണല്ലോ അത്.  നല്ല ബലവും ആരോഗ്യവുമുള്ള സമയത്തു അതിന്റെ പ്രയാസങ്ങൾ നമുക്ക് മനസ്സിലാകില്ല. അതു കൊണ്ടാണ് പ്രായമായവർക്കു നാം അവർ അർഹിക്കുന്ന പരിഗണനയും കരുതലും നൽകാത്തത് എന്നു തോന്നാറുണ്ട്. മനുഷ്യന് പ്രായം കൂടുമ്പോൾ അവന്റെ ശേഷികൾ കുറഞ്ഞു കൊണ്ടിരിക്കുന്നു. പ്രായം പതുക്കെയാണ് മനുഷ്യനെ കാർന്നു തിന്നുന്നത്.  ഒരർത്ഥത്തിൽ പ്രായമാവുക എന്നാൽ പതുക്കെ മരിച്ചു കൊണ്ടിരിക്കലാണ് എന്നും പറയാം. 

എങ്ങനെയാണ് നമുക്ക് പ്രായം കൂടുന്നത്..? നമ്മുടെ ശരീരത്തിൽ പുതിയ കോശങ്ങൾ ഉണ്ടാവുകയും ഉള്ള കോശങ്ങൾ നശിക്കുകയും ചെയ്യുന്നുണ്ട് എന്നു നമുക്കറിയാം. നമ്മൾ വളരുമ്പോൾ പുതിയ കോശങ്ങൾ ഉണ്ടാകുന്നത് വളരെ കൂടുതലും നശിക്കുന്ന കോശങ്ങളുടെ എണ്ണം കുറവുമായിരിക്കും. എന്നാൽ ഏതാണ്ട് പതിനെട്ട് വയസ്സോടെ നമ്മുടെ വളര്‍ച്ച നിലക്കുന്നു. പിന്നീടു നശിക്കുന്ന കോശങ്ങളുടെ എണ്ണം പുതുതായി ഉണ്ടാകുന്ന കോശങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുന്നു. അതോടെ പ്രായം കൂടുന്നതിന്റെ പ്രയാസങ്ങൾ തുടങ്ങുന്നു. 

കോടാനുകോടി കോശങ്ങളുണ്ട് നമ്മുടെ ശരീരത്തില്‍. ദിവസേന നശിക്കുന്ന കോശങ്ങളുടെ എണ്ണം ഏതാനും ആയിരങ്ങൾ  ആണ്. അതിനാൽ പതുക്കെയാണ് മനുഷ്യര്‍ക്ക് പ്രായമാകുന്നത്. പുതിയ കോശങ്ങൾ ഉണ്ടാകുന്നതിലെ കുറവാണ് പ്രായം കൂടുന്നതിന് കാരണമെങ്കിലും എന്തു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നതിന് ഇപ്പോൾ കൃത്യമായ ഉത്തരമില്ല. ചില ശാസ്ത്ര സിദ്ധാന്തങ്ങൾ ഉണ്ടെന്നു മാത്രം. പ്രായം കൂടുമ്പോൾ ശരീരത്തിന് പല അപചയങ്ങളും സംഭവിക്കുന്നു എന്നു നമുക്കറിയാം.  അവയിൽ പ്രധാനപ്പെട്ടവ അറിയുന്നത് നമുക്ക് നമ്മെ കുറിച്ചും പ്രായം കൂടിയവരെ കുറിച്ചും ഒരു കാഴ്ചപ്പാട് ഉണ്ടാകാൻ ഉപകരിക്കും. 

1) പ്രായം കൂടുമ്പോൾ തലച്ചോറിലെ ന്യൂറോണുകളുടെ എണ്ണം കുറയുന്നു. അവ പുതുതായി ഉണ്ടാകുന്നത് പതുക്കെയാവുന്നു. അവയുടെ വലിപ്പവും ചുരുങ്ങുന്നു. അങ്ങനെ തലച്ചോറിന്റെ വലിപ്പം പതുക്കെ കുറയുന്നു. പ്രായമാകുമ്പോള്‍ അടിസ്ഥാന ശ്രദ്ധക്കോ ജാഗ്രതക്കോ കുറവൊന്നും സംഭവിക്കുന്നില്ല. എന്നാൽ വിഭജിത ശ്രദ്ധ കുറയുന്നു. ഒരേസമയം ശ്രദ്ധയെ ഒന്നിലധികം കാര്യങ്ങളിലേക്ക് പതിപ്പിക്കലാണ് വിഭജിത ശ്രദ്ധ. 

2) പ്രായം കൂടുമ്പോൾ ഏറ്റവും കാര്യമായ ഇടിവു സംഭവിക്കുന്നത് തലച്ചോറിന്റെ പ്രോസസിംഗ് സ്പീഡിനാണ്. പ്രായം കൂടുന്തോറും കാര്യങ്ങൾ പിടുത്തം കിട്ടി വരുന്നതിന്റെ വേഗത കുറയുന്നു എന്നർത്ഥം.  പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനും അവ ഓര്‍ത്തു എടുക്കാനുമുള്ള കഴിവ് ദുര്‍ബലമാകുന്നു. ഓർമ്മയുടെയും ചിന്തയുടെയും വേഗത കുറയുന്നു. 

3) പ്രായം കൂടുമ്പോൾ ചില ഹോർമോണുകൾ ഉണ്ടാകുന്നത് കുറയുന്നു. ചിലതു ഉണ്ടാകുന്നത് കൂടുന്നു.  രക്തത്തിൽ വെച്ചു ഹോർമോണുകൾ  വിഘടിക്കുന്നതിന്റെ തോത് കുറയുന്നു.  ഇതെല്ലാം ശരീരത്തിൽ പലവിധ അപചയങ്ങളും ഉണ്ടാക്കുന്നു. 

4) പ്രായം കൂടുന്തോറും മനുഷ്യന്റെ രോഗ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നത് പതുക്കെയാവുന്നു. അതിനാൽ പെട്ടെന്ന് രോഗങ്ങൾ ബാധിക്കുന്നു. രോഗങ്ങൾ സുഖപ്പെടുന്നതും പതുക്കെ ആവുന്നു. രോഗ പ്രതിരോധ സംവിധാനമാണ് പുറത്തു നിന്നുള്ള വൈറസ്, ബാക്ടീരിയ, വിഷങ്ങൾ,  കാൻസർ സെല്ലുകൾ... പോലുള്ളവയെ തടയാനുള്ള ആന്റി ബോഡികൾ ശരീരത്തിൽ ഉണ്ടാക്കുന്നത്.  

5) പ്രായം കൂടുമ്പോൾ ഹൃദയ ഭിത്തികൾക്കും വാൽവുകൾക്കും കാഠിന്യം കൂടുന്നു. എന്തെങ്കിലും അധ്വാന ശേഷം ഹൃദയ മിടിപ്പും കിതപ്പും നോർമൽ ആകുന്നതിന്റെ സ്പീഡ് കുറയുന്നു. ഹൃദയത്തിൽ രക്തം നിറയുന്നത് പതുക്കെ ആവുന്നു. ചീത്ത കൊളസ്ട്രോളും  ഡയസ്റ്റൊളിക് രക്ത സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നു. രക്ത കുഴലുകളില്‍ കൊഴുപ്പടിയുന്നു, അവയുടെ ഇലാസ്തികത കുറയുന്നു. രക്തത്തിന്റെ വോള്യം കുറഞ്ഞു വരുന്നു. ഇവയൊക്കെ ഹൃദയ പ്രവര്‍ത്തനം പതുക്കെയാക്കുന്നു.

6) പ്രായം കൂടുന്തോറും ശ്വാസ കോശങ്ങളിലെ വായു അറകളുടെ ഭിത്തികള്‍ ദൃഢമാവുകയും അവയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്യുന്നു. ശ്വാസ കോശത്തിന്‍െറ കാര്യക്ഷമത കുറയുന്നതോടൊപ്പം ശ്വാസോച്ഛ്വാസത്തിന്‍റ വേഗതയും ശക്തിയും കുറയുന്നു. അതു നടക്കാൻ കൂടുതൽ ശ്രമത്തോടെ വലിച്ചു വിടേണ്ടി വരുന്നു. 

7) ചെവിക്ക് രണ്ടു ധർമ്മങ്ങൾ ആണുള്ളത്.  കേൾവിയും ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കലും. പ്രായം കൂടുന്തോറും ശ്രവണ ശേഷി കുറയുന്നു. ഉയര്‍ന്ന ആവൃത്തിയില്‍ ഉള്ള ശബ്ദം തിരിച്ചറിയാന്‍ ഉള്ള ശേഷി കുറയുന്നു. ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കാനുള്ള കഴിവും കുറയുന്നു. അപ്പോൾ നാം അറിയാതെ തന്നെ വീണു പോവുന്നു.

8) പ്രായം കൂടുമ്പോൾ ലൈംഗീക ശേഷി കുറയുന്നു. ലിംഗ ഉദ്ധാരണം പതുക്കെയാവുന്നു. ബീജങ്ങൾ ഉണ്ടാകുന്നത് കുറയുന്നു, പതുക്കെ ആവുന്നു.  സ്ത്രീകളില്‍ പ്രത്യുല്‍പാദന ശേഷി കുറയുന്നു. മാസ മുറ നില്‍ക്കുന്നു. അമ്പത് കഴിയുന്നതോടെ സംഭവിക്കുന്ന ഹോര്മോണ് വ്യതിയാനത്തിന്റെ ഫലമായുള്ള ആര്‍ത്തവ വിരാമം അവരുടെ മാനസിക നിലയെ കാര്യമായി ബാധിക്കുന്നു. ഹോര്‍മോണ്‍ വ്യതിയാനം തലച്ചോറിനെയും മനസ്സിനെ നിയന്ത്രിക്കുന്ന ഘടകങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ഇത് ലൈംഗിക തൃഷ്ണയെ കുറയ്ക്കുന്നു.

9) പ്രായം കൂടുമ്പോൾ കാഴ്ച ശക്തിയും കുറയുന്നു. ഹ്രസ്വ ദൃഷ്ടി കൂടിവരുന്നു. തിമിരം ബാധിക്കുന്നു. തീക്ഷണമായ പ്രകാശത്തെ നേരിടാൻ കഴിയാതാവുന്നു. കണ്ണിൽ ജലാംശം ഉണ്ടാകുന്നത് കുറയുന്നു. 

10) പ്രായം കൂടുമ്പോൾ നാവിലെ രുചി മുകുളങ്ങളുടെ എണ്ണം കുറയുന്നു. ഉള്ളവ ചുരുങ്ങാൻ തുടങ്ങുന്നു. രുചികളോട് നാവ് പ്രതികരിക്കുന്നത് കുറയുന്നു. ഉമിനീർ ഉൽപാദനം കുറയുന്നു. അതു രുചി തിരിച്ചറിയുന്നതിനെ ബാധിക്കുന്നു. മൂക്കിന്റെ വാസനിക്കാനുള്ള കഴിവും കുറയുന്നു. 

11) പ്രായം കൂടുമ്പോൾ പുരുഷന്‍മാരിലും സ്ത്രികളിലും  മുടി മുറിയുന്നു, കൊഴിഞ്ഞു തുടങ്ങുന്നു. മുടിയെയും രോമങ്ങളെയും പുരികങ്ങളെയും  നര ബാധിച്ചു തുടങ്ങുന്നു. ചിലർക്ക് കഷണ്ടി അധികരിച്ചു വരുന്നു. 

12) പ്രായം കൂടുമ്പോൾ നഖങ്ങളുടെ ശോഭ പോകുന്നു.  അവയ്ക്ക് കാഠിന്യം കൂടുന്നു. അവയ്ക്ക് ചെറിയ മഞ്ഞ നിറം വന്നു തുടങ്ങുന്നു. അവയുടെ വളർച്ച പതുക്കെ ആവുന്നു.

13) പ്രായം കൂടുമ്പോൾ സന്ധികളില്‍ അസ്ഥി ക്ഷയം സംഭവിക്കുന്നു. അസ്ഥികളില്‍ കാത്സ്യത്തിന്റെ തോത് കുറയുന്നു. അസ്ഥികളുടെ ദൃഢതയും പിണ്ഡവും സാന്ദ്രതയും കുറയുന്നു. അവ എളുപ്പം പൊട്ടുന്ന പ്രകൃതത്തിലേക്ക് മാറുന്നു. 

14) പ്രായം കൂടുമ്പോൾ പല്ലുകളുടെ ഇനാമൽ നഷ്ടപ്പെടുന്നു. പല്ലുകളുടെ കാഠിന്യവും കുറയുന്നു. അവ പൊട്ടാൻ തുടങ്ങുന്നു. ഉമിനീർ പല്ലുകളെ നാശത്തിൽ നിന്നു തടയുന്നു. പ്രായം കൂടുമ്പോൾ ഉമിനീർ ഉൽപാദനം കുറഞ്ഞു വായ വരളുന്നത് പല്ലുകളെ ബാധിക്കുന്നു. പല്ലുകൾ കൊഴിഞ്ഞു പോവുന്നത് മുഖത്തിന്റെ ഷെയ്പ്പിനെ ബാധിക്കുന്നു. 

15) പ്രായം കൂടുമ്പോൾ മസിലുകൾ ക്ഷയിക്കാൻ തുടങ്ങുന്നു. മസിലുകളുടെ ലാഘവം, ഇലാസ്തികത, വലിപ്പം, പിണ്ഡം, ശക്തി എന്നിവ കുറയുന്നു. ശരീരത്തിന്റെ സ്റ്റാമിന കുറയുന്നു.

16) പ്രായം കൂടുമ്പോൾ ചർമ്മം ചുളിയുകയും അയഞ്ഞു തൂങ്ങുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ദ്വാരങ്ങളുടെ വലുപ്പവും എണ്ണ മയവും കുറയുന്നു. സ്പര്‍ശനം, മർദ്ദം, ചൂട്, തണുപ്പ്, വൈബ്രെശൻ എന്നിവ  തിരിച്ചറിയാനുള്ള ചർമ്മത്തിന്റെ ശേഷി  കുറയുന്നു. ചര്‍മം നേര്‍മ്മ ഉള്ളതാകുന്നു, അതിന്റെ ഇലാസ്തികത കുറയുന്നു, ജലാംശം കുറയുന്നു. വിയർപ്പ് ഗ്രന്ഥികൾ വിയർപ്പ് ഉൽപാദനം കുറക്കുന്നു. മുറിവുകൾ ഉണങ്ങുന്നത് പതുക്കെ ആവുന്നു. 

17) പ്രായം കൂടുമ്പോൾ ശരീരത്തിന്റെ  ഉയരം വളരെ പതിയെ കുറയാൻ തുടങ്ങുന്നു. ഡിസ്കുകൾക്കു ഇടയിലെ ഫ്ലൂയിഡുകൾ കുറയുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ തുടങ്ങുന്നു.  വയര്‍, തുട എന്നീ ഭാഗങ്ങളിലെ കൊഴുപ്പ് കൂടുന്നു. 

18) പ്രായം കൂടുന്തോറും ക്ഷീണവും തളർച്ചയും കൂടുന്നു. ഓക്സിജൻ സപ്പ്ലൈ, ഹോര്മോണ് വ്യതിയാനം, മെറ്റബോളിസത്തിലെ ഏറ്റ കുറച്ചിലുകൾ... തുടങ്ങി ഒട്ടേറെ കാരണങ്ങൾ കൊണ്ട് ക്ഷീണം കൂടി വരുന്നു. അവസാനം എപ്പോഴും കിടക്കാൻ തോന്നുന്നു.

19) പ്രായം കൂടുന്തോറും വൃക്ക കോശങ്ങളുടെ  എണ്ണത്തിൽ കുറവ് വരുന്നു.  വൃക്കകളുടെ പ്രധാന ധര്‍മമായ രക്തം അരിച്ചെടുക്കല്‍ പ്രക്രിയ പതുക്കെ ആവുന്നു. അരിപ്പ യൂണിറ്റുകളായ നെഫ്രോണുകളുടെ എണ്ണം കുറയുന്നു. ഉപ്പും ജലവും പുറത്തു കളയാനുള്ള വൃക്കകളുടെ ശേഷി കുറയുന്നു.

20) പ്രായം കൂടുമ്പോൾ മൂത്രാശയ ഭിത്തികൾക്ക് കാഠിന്യം കൂടുന്നു. അവ അധികം വികസിക്കാതാവുന്നു. ഫലത്തിൽ അധികം മൂത്രം മൂത്രാശയത്തിൽ തങ്ങാനുള്ള ശേഷി കുറയുന്നു. മൂത്രം ഒഴിക്കാൻ തോന്നും, പക്ഷെ ചെറുപ്പത്തിലെ പോലെ ധാരാളം മൂത്രം ഉണ്ടാവില്ല.

21) പ്രായം കൂടുന്തോറും ഉറക്ക പ്രശ്നങ്ങളും കൂടുന്നു.  ഉറക്കം കുറയുന്നു. അഗാധമായി ഉറങ്ങാൻ കഴിയാതാവുന്നു. ഇടയ്ക്കിടെ ഉണരുന്നു.  ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രമേഹം, സന്ധി വേദന എന്നിവയും ഉറക്ക കുറവ് ഉണ്ടാക്കുന്നു. ഉറക്ക കുറവ് വീഴ്ചകള്‍ക്ക് കാരണമാകുന്നു. 

22) പ്രായം കൂടുന്തോറും ദഹന ശക്തി കുറയുന്നു. ദഹന വ്യവസ്ഥയിലെ പേശികൾക്ക് കാഠിന്യം കൂടുന്നു. അവ ദുർബലവും കാര്യക്ഷമത കുറഞ്ഞതും ആവുന്നു. മലം പതുക്കെ നീങ്ങാൻ തുടങ്ങുന്നു. പതുക്കെ നീങ്ങുമ്പോൾ മലത്തിൽ നിന്നും കൂടുതൽ ജലാംശം കുടൽ വലിച്ചെടുക്കുന്നു. അങ്ങനെ മലത്തിന്റെ കട്ടിയും മല ബന്ധവും കൂടുന്നു. 

23) പ്രായം കൂടുമ്പോൾ വിഷാദം കൂടിവരുന്നു. മൗനം കൂടുന്നു. മസ്തിഷ്ക രോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം, രക്ത സമ്മര്‍ദം, വൃക്ക രോഗങ്ങള്‍, ബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകള്‍, പങ്കാളിയുടെ വിയോഗം, അടുത്ത കൂട്ടുകാരുടെ വിയോഗം, കാഴ്ചയും കേള്‍വിയും കുറയൽ, വ്യക്തി പരമായ പരാജയങ്ങള്‍, നഷ്ടങ്ങള്‍, മക്കളോടുള്ള സുഖകരമല്ലാത്ത ബന്ധങ്ങള്‍, മക്കളുടെ ദുഃഖങ്ങൾ..  തുടങ്ങി കുറെ കാരണങ്ങൾ വിഷാദത്തിന്  ഇടയാക്കുന്നു. 

പ്രായം അധികരിച്ചു ഒരു പഴന്തുണി കെട്ടു പോലെ കട്ടിലിൽ ചുരുണ്ടു കിടക്കുമ്പോൾ നമുക്കൊന്നു നേരാം വണ്ണം ചിന്തിക്കാനുള്ള ശേഷി കൂടി കുറയുന്നു. പ്രായം കൂടുന്തോറും നാം കുട്ടികൾ ആയി കൊണ്ടിരിക്കുന്നു. കുട്ടികൾ അത്ര വലുതായി ചിന്തിക്കാറില്ലല്ലോ.

അൻസാർ അലി നിലമ്പൂർ

20 June 2018

അവയവ ദാനവും ഇസ്‌ലാമും

അവയവ ദാനത്തെ  എതിർക്കുന്നവരും  അനുകൂലിക്കുന്നവരും മുസ്ലീങ്ങളിലുണ്ട്.   മനുഷ്യ ശരീരം അല്ലാഹുവിന്‍റെയാണ്, ഒരാൾക്കും സ്വന്തം ശരീരത്തില്‍  ഉടമാവകാശമില്ല, അതിനാല്‍  ശരീരത്തില്‍  നിന്നു യാതൊന്നും മറ്റൊരുവന് നല്‍കല്‍  ശരിയല്ല എന്നു എതിർക്കുന്നവർ പറയുന്നു.  മനുഷ്യ ശരീരം മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാം അല്ലാഹുവിന്‍റെ താണ്, എന്നാലും  അല്ലാഹുവിന്‍റെ ഭൂമി നാം വില്‍ക്കുന്നു, വാങ്ങുന്നു, ദാനം ചെയ്യുന്നു, അപ്പോള്‍   അല്ലാഹുവിന്‍റെ ഉടമസ്ഥത എന്നത് പരമമാണ്,  അതുണ്ടെന്നു കരുതി വ്യക്തിക്ക് ഉടമാവകാശമില്ല എന്നർത്ഥമില്ല എന്ന് അനുകൂലിക്കുന്നവർ  മറുപടി പറയുന്നു.

വേണ്ടി വന്നാല്‍  ഒരു അവയവമല്ല, ശരീരം മുഴുക്കെ ദാനം ചെയ്യലാണ് ഇസ്‌ലാമിക അധ്യാപനം, ഇബ്രാഹീം നബി സ്വന്തത്തെ തീയില്‍  ത്യജിക്കാന്‍   തയാറായി, ഇസ്മാഈല്‍ നബി അറുക്കപ്പെടാൻ  കഴുത്തു നീട്ടി, പല സ്വഹാബികളും വീര മൃത്യു വരിച്ചു, യുദ്ധത്തില്‍  വെട്ടേറ്റ് കിടക്കുന്ന സ്വഹാബത്തിനു വെള്ളം നൽകിയാൽ  മറ്റവന് നല്‍കൂ  എന്ന് പറഞ്ഞു നിരസിച്ചു, കാരണം മറ്റൊരാളുടെ ജീവന്‍   രക്ഷിക്കാനുള്ള വ്യഗ്രത കൊണ്ടു,  ഒരാളുടെ ജീവന്‍   രക്ഷിച്ചാല്‍   അത് മനുഷ്യരുടെ മുഴുവന്‍   ജീവന്‍   രക്ഷിച്ചത് പോലെയാണ് എന്ന് ഖുര്‍ആന്‍  പറയുന്നു (5:32). ഇതില്‍  നിന്നെല്ലാം  മനസിലാവുന്നത് ഉദാത്തമായ ഉദ്ദേശ്യത്തിന്  വേണ്ടി അവയവങ്ങള്‍   ദാനം ചെയ്യല്‍   പുണ്യകരമാണ് എന്നാണ്.  ഇതൊക്കെയാണ്   അനുകൂലിക്കുന്നവരുടെ  ന്യായങ്ങൾ.

ശരീരം അല്ലാഹുവിന്‍റെയാണ് അതുകൊണ്ട് അതാര്‍ക്കും നല്‍കാന്‍  നമുക്ക് അവകാശമില്ല എന്ന് പറയുന്നവര്‍   മരിച്ചാല്‍  അതിനെ എന്തിന് പുഴുക്കള്‍ക്ക് തിന്നാന്‍  മണ്ണിലിട്ടു കൊടുക്കുന്നു, പുഴുക്കള്‍ക്ക് നല്‍കാം മനുഷ്യന് നല്‍കാന്‍പാടില്ല എന്ന് ബുദ്ധിയുള്ളവര്‍   പറയുമോ എന്നും  അനുകൂലിക്കുന്നവർ ചോദിക്കുന്നു.   

ആത്മാവ് ഉയര്‍ന്ന് പോയ ശരീരം മറമാടല്‍   നിര്‍ബന്ധമാണ്, കൂടുതല്‍   പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല, അതുകൊണ്ട് മരിച്ചയാളുടെ ശരീരത്തെ പഠിക്കാനോ പരീക്ഷണത്തിനോ വിട്ടു കൊടുക്കരുത്, അവയവങ്ങൾ മുറിച്ചു മാറ്റരുത്  എന്നിങ്ങനെ എതിർക്കുന്നവർ  പറയുന്നു. പ്രത്യേകിച്ച് നല്ല ഉദ്ദേശ്യമൊന്നും  ഇല്ലെങ്കില്‍   മരിച്ചയാളെ ഉടന്‍   മറവ് ചെയ്യല്‍  തന്നെയാണ് നല്ലത്, എന്നാല്‍  നല്ല ഉദ്ദേശ്യം ഉണ്ടെങ്കില്‍  മരിച്ചയാളെ എത്ര വേണമെങ്കിലും സൂക്ഷിക്കാം എന്നാണ്  ഫിര്‍ഔന്‍   ബോഡിയുടെ സംഭവത്തില്‍ നിന്നും നമുക്ക് മനസിലാകുന്നത് എന്നു  അനുകൂലിക്കുന്നവർ  പറയുന്നു.

നല്ല ഉദ്ദേശ്യത്തിന്  വേണ്ടി അവയവങ്ങളും രക്തവുമെല്ലാം ജീവനുള്ളപ്പോഴും മരിച്ച ശേഷവും ദാനം ചെയ്യുന്നത് പുണ്യകരമാണ്, അതാണ്‌ ഇസ്ലാമിന്‍റെ കാരുണ്യ മുഖത്തിന്‌ നിരക്കുന്ന നിലപാട്‌  എന്നു അനുകൂലിക്കുന്നവർ  പറയുന്നു.  ജീവനുള്ളപ്പോള്‍ സ്വന്തം ജീവനും ആരോഗ്യവും നിലനിര്‍ത്താന്‍  അത്യാവശ്യമല്ലാത്ത ഒരു അവയവം മറ്റൊരു മനുഷ്യന്‍റെ ജീവന്‍  നിലനിര്‍ത്താന്‍  വിട്ടുകൊടുക്കാം എന്ന് പറഞ്ഞാല്‍  അതിലും ലഘുവായ മരണ ശേഷം അങ്ങനെ ചെയ്യലും പുണ്യകരം തന്നെയാണ്  എന്നും അനുകൂലിക്കുന്നവർ പറയുന്നു. മരണ ശേഷം അവയവം ദാനം ചെയ്യണം എന്ന് മനസ്സില്‍  കരുതിയാല്‍  പോര,  മറ്റുള്ളവര്‍ അതറിയണം, അതിനാൽ മുൻകൂട്ടി സമ്മത പത്രത്തില്‍  ഒപ്പു വെക്കുന്നതും അനുവദനീയമാണ് എന്നും അനുകൂലിക്കുന്നവർ പറയുന്നു.   

ശരീരത്തിലെ അവയവങ്ങള്‍ മുറിച്ച് വില്‍ക്കുന്നതില്‍ യാതൊരു ഉദാത്തതയും ഇല്ല,  അത് ശരീരത്തെ നിന്ദിക്കലാണ്,  തല മുടിയുള്ളവന്‍ അതിനെ ആദരിക്കട്ടെ എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്‌,  അപ്പോള്‍ അവയവങ്ങളെ ആദരിക്കണം,  അതുകൊണ്ടു തന്നെ അവയവ വില്‍പന നിഷിദ്ധമാണ് എന്നു  അവയവ ദാനത്തെ  എതിർക്കുന്നവരും അനുകൂലിക്കുന്നവരും  പറയുന്നു. 

എന്നാൽ  ഒരാളുടെ ജീവന്‍  നിലനിര്‍ത്താന്‍   ആരും അവയവം ദാനം ചെയ്യുന്നില്ല, ആരോട് യാചിച്ചിട്ടും കിട്ടുന്നുമില്ല,  ഭാര്യയും മകനും പിതാവും ആരും ദാനം ചെയ്യാന്‍   തയാറില്ല, ഈ സന്ദർഭത്തിൽ  ആ അവയവം വില്‍ക്കുന്നവരില്‍  നിന്ന് വില കൊടുത്തു വാങ്ങല്‍  അനുവദനീയമാണ് എന്നു  പറയുന്നവരും ഉണ്ട്. വില്‍ക്കുന്നവന് അതു കൊണ്ട് ദോഷമില്ലെന്നു വാങ്ങുന്നവന്‍   ഉറപ്പു വരുത്തണം എന്നും അവർ പറയുന്നു.  കാരണം ആത്മഹത്യയും അതിനു പ്രേരിപ്പിക്കുന്നതും അത് ചെയ്യിപ്പിക്കുന്നതും ഇസ്ലാമില്‍   മഹാ കുറ്റമാണ്. അവയവം വില്‍ക്കല്‍   അനുവദനീയം അല്ലെങ്കിലും വാങ്ങല്‍    അനുവദനീയമാകുന്ന സന്ദര്‍ഭമാണിത്. നിർബന്ധിത സാഹചര്യത്തിൽ  നിഷിദ്ധവും അനുവദനീയം ആകുമെന്ന് അവർ പറയുന്നു. 

അവയവദാന വിഷയത്തില്‍ പല രാജ്യങ്ങളിലും പല അന്താരാഷ്‌ട്ര ഇസ്ലാമിക  സെമിനാറുകളും നടന്നിട്ടുണ്ട്. മലേഷ്യ, ഈജിപ്ത്, സൗദി, ജോര്‍ദാന്‍   എന്നിവിടങ്ങളില്‍  നടന്ന സെമിനാറുകള്‍ പ്രസക്തമാണ്. 1988 ൽ  സൌദിയില്‍  നടന്ന വേള്‍ഡ്‌  ഫിഖ്ഹ് കൌണ്‍സില്‍  കോണ്‍ഫെറെന്‍സ് ആണ് അവയില്‍  മുഖ്യമെന്നു തോന്നുന്നു. ആ കോണ്‍ഫെറന്‍സില്‍   അന്താരാഷ്‌ട്ര പണ്ഡിതരും ഡോക്ടേഴ്‌സും സ്പെഷ്യലിസ്റ്റുകളും പങ്കെടുത്തു. അവയവദാന വിഷയം കൂടുതല്‍  ചര്‍ച്ച ചെയ്യപ്പെട്ടതും  ചില നിബന്ധനകള്‍   ഉണ്ടാക്കിയതും അതില്‍  വെച്ചായിരുന്നു. പ്രസ്തുത നിബന്ധനകൾ ഇങ്ങനെ വായിക്കാം.

1) അവയവ ദാനം ചെയ്യുന്നവൻ  ബുദ്ധി മാന്ദ്യം ഉണ്ടാകരുത്. സ്വന്തമായി തീരുമാനം എടുക്കാനുള്ള ബുദ്ധിയും വിവേകവും ഉണ്ടാകണം. ബുദ്ധിമാന്ദ്യം ഉള്ളവര്‍   നടത്തുന്ന ഇടപാടുകള്‍  ഇസ്‌ലാം കണക്കിലെടുക്കുന്നില്ല. 

2) അവയവ ദാനം നടത്തുന്നവന് പ്രായ പൂര്‍ത്തി ആയിരിക്കണം,  പ്രായപൂര്‍ത്തി  ആകാത്തവന്‍   നടത്തുന്ന ഇടപാട് ഇസ്‌ലാം   കണക്കിലെടുക്കുന്നില്ല. 

3) അവയവം ദാനം ചെയ്യാന്‍  തീരുമാനിച്ചത് സ്വമേധയാ ആവണം. ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ട് ആകരുത് ആ തീരുമാനം.

4) നല്‍കിയാല്‍  സ്വജീവന്‍ അപകടത്തിൽ ആകുന്നതോ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതോ ആയ അവയവങ്ങളില്‍   ഒന്നാകരുത് ദാനമായി നല്‍കുന്നത്.

5) ലൈംഗിക  അവയവങ്ങള്‍  മാറ്റിവെക്കുന്നത് അനുവദനീയമല്ല. (ബീജ-അണ്ഡ  ഉൽപാദന അവയവങ്ങൾ  അല്ലാത്തത് പറ്റുമെന്നും പറയപ്പെടുന്നു)

6) മരിക്കുന്നതിന് മുമ്പ് തന്നെ അവയവ ദാനത്തിന്  സ്വമേധയാ നൽകിയ  സമ്മത പത്രം  ഉണ്ടായിരിക്കണം.

7) സമ്മത പത്രം ഇല്ലെങ്കിൽ മരണപ്പെട്ടവന്റെ  ഉറ്റ ബന്ധുക്കള്‍ക്ക്  അവയവങ്ങൾ ദാനം ചെയ്യണോ എന്ന കാര്യത്തിൽ  തീരുമാനമെടുക്കാം. 

(ഈ നിബന്ധന ഇസ്‌ലാമികമല്ല എന്നു പറയപ്പെടുന്നു. ഒരാളുടെ അനുവാദമില്ലാതെ  അയാളുടെ ജീവിത കാലത്തോ മരണ ശേഷമോ അയാളുടെ അവയവങ്ങള്‍ കവരാൻ ആര്‍ക്കും അവകാശമില്ല, അത് കൊള്ളയും നിഷിദ്ധവുമാണ്, അതിനെ ക്രിമിനല്‍ കുറ്റമായി കാണേണ്ടതാണ്  എന്നു ഇതിനെ എതിർക്കുന്നവർ പറയുന്നു.   മരിച്ചയാളുടെ സ്വത്തില്‍   മാത്രമെ അനന്തര  അവകാശം ഉള്ളൂ, ശരീരത്തില്‍  ഇല്ല, മുഹമ്മദ് നബി പറഞ്ഞു: "മരിച്ചവന്‍റെ എല്ല് പൊട്ടിക്കുന്നതും ജീവിച്ചിരിക്കുന്നവന്‍റെ എല്ല് പൊട്ടിക്കുന്നതും പാപത്തില്‍  സമമാണ്. (അബൂദാവൂദ്‌), യുദ്ധത്തിനു സൈന്യങ്ങളെ  അയക്കുമ്പോള്‍ മുഹമ്മദ് നബി  പറഞ്ഞിരുന്നു: "നിങ്ങള്‍  മൃതദേഹങ്ങളെ അംഗ വിചേദനം ചെയ്യരുത്" (മുസ്ലിം)

8) മറ്റൊരാളുടെ ജീവന്‍ നിലനിര്‍ത്താന്‍  ഉതകുന്ന അവയവം തന്നെയാണ് മരിച്ചവനില്‍നിന്ന്  എടുക്കുന്നതെന്ന് മെഡിക്കല്‍  സാക്ഷ്യങ്ങളോടെ ബോധ്യപ്പെട്ടിരിക്കണം.  

(ഈ നിബന്ധന ശരിയല്ലെന്നും പറയപ്പെടുന്നു. മരിച്ചയാളുടെ മുൻ സമ്മതം ഉണ്ടെങ്കില്‍  അയാളുടെ   ബീജോല്‍പാദന - അണ്ഡ ഉല്‍പാദന അവയവമല്ലാത്ത ഏതു അവയവും മറ്റൊരാള്‍ക്ക് മാറ്റി വെക്കാം. ജീവന്‍ നിലനിര്‍ത്തുക എന്നതല്ല മറ്റൊരാള്‍ക്ക് ഉപകാരപ്പെടുക എന്നതാണ് ചുമത്താന്‍   നല്ല നിബന്ധന എന്നു പറയപ്പെടുന്നു). 

9) വൈദ്യ ശാസ്ത്ര പരിശോധന വഴി മരണം ഉറപ്പാക്കിയ ശേഷമെ അവയവം എടുത്ത് മാറ്റാവൂ.

10) അപകടങ്ങളിലും മറ്റും മരണപ്പെട്ട അജ്ഞാതരുടെ അവയവങ്ങൾ ഒരു ജഡ്ജിയുടെ കർശന മേൽ നോട്ടത്തിൽ എടുക്കാം.  (ഈ നിബന്ധനയും  വിമർശിക്കപ്പെടുന്നു.  ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ജീവിത കാലത്തോ മരണ ശേഷമോ  അയാളുടെ അവയവങ്ങള്‍  എടുക്കാന്‍  ആര്‍ക്കും അവകാശമില്ല, അത് കൊള്ളയും നിഷിദ്ധവും ആണ് എന്നു പറയപ്പെടുന്നു)

അന്‍സാര്‍  അലി  നിലമ്പൂര്‍.

9 June 2018

നഖത്തിന്റെ മതവും യുക്തിയും

വേശ്യകളായ സ്ത്രീകളെ എങ്ങനെ തിരിച്ചറിയാം എന്ന ഉള്ളടക്കമുള്ള മനശാസ്ത്ര പ്രധാനമായ   ഒരു ലേഖനം വായിക്കാൻ ഇടയായി.  നിത്യവും സമൂഹത്തില്‍ ഇറങ്ങി വേശ്യകളെ അന്വേഷിക്കുന്ന അധര്‍മ്മികള്‍ക്ക് ആ ലേഖനം ഉപകാര പ്രദമാണ്. കൂടാതെ വേശ്യകള്‍ ആകാന്‍ പഠിക്കുന്ന അധര്‍മ്മികളായ സ്ത്രീകള്‍ക്കും അത് ഉപകാര പ്രദമാണ്. ഈയുള്ളവന്‍ അത് വായിച്ചത് വേറെ ഉദ്ദേശ്യത്തിലാണ്. നമ്മുടെ പെണ്‍കുട്ടികള്‍ അറിയാതെ   വേശ്യകളുടെ ശാരീരിക  പ്രത്യേകതകളും  കൊണ്ട് നടക്കുന്നെങ്കില്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കണമല്ലോ. ഇല്ലെങ്കില്‍ അവര്‍ തെറ്റു ധരിക്കപ്പെടും. നമ്മുടെ ചെറുപ്പക്കാരെ വേശ്യകളെ എളുപ്പം തിരിച്ചറിഞ്ഞു  അവരുടെ  കെണികളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യാം. 

ലേഖനത്തില്‍ വേശ്യകളുടെ ഒരു പ്രധാന സ്വഭാവമായി പറയുന്നത് അവര്‍ നഖങ്ങള്‍ നീട്ടി വളര്‍ത്തി അവക്ക് ചായം പൂശിയിരിക്കും എന്നാണ്. അതവരുടെ ഒരു പ്രധാന അടയാളം ആണ് പോലും. എനിക്കവരെ പരിചയം ഇല്ലാത്തത് കൊണ്ട് നിജസ്ഥിതി അറിയില്ല. പക്ഷെ മുമ്പ് ബാംഗ്ലൂര്‍ ടൌണില്‍ താമസിച്ചിരുന്ന കാലത്ത് ആണുങ്ങളെ വല വീശാന്‍ നടക്കുന്നവര്‍ എന്ന് തോന്നിയ പല സ്ത്രീകളുടെ  കയ്യിലും ചായം പൂശിയ  നീണ്ട നഖങ്ങള്‍ കണ്ടിട്ടുണ്ട്.  നഖങ്ങള്‍ നീട്ടി വളര്‍ത്തല്‍ മൃഗങ്ങളുടെ സ്വഭാവം ആണെന്നത് വ്യക്തമാണ്. മൃഗങ്ങൾ  നഖം വെട്ടാറില്ല.  ഇസ്ലാം മൃഗീയവും പ്രാകൃതവുമായ സ്വഭാവങ്ങള്‍ മനുഷ്യരില്‍ ഇല്ലാതാക്കാനാണല്ലോ അവതരിച്ചത്. മുഹമ്മദ് നബി  പഠിപ്പിച്ച വൃത്തിയും ശുദ്ധിയും വെടിപ്പും വളരെ മഹത്തായ  പ്രകൃതി മര്യാദകളും മറ്റു പല  മതങ്ങളിലും കാണപ്പെടുന്നില്ല. 

നഖം നീട്ടി വളര്‍ത്തല്‍ തീരെ ഒരു മുസ്ലിമിന് ചേര്‍ന്ന പരിപാടിയല്ല എന്നത്  മുഹമ്മദ് നബിയുടെ  വാക്കുകളില്‍ നിന്ന് വളരെ വ്യക്തമാണ്. ഇമാം ബുഖാരി  റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍  നഖം വെട്ടുന്നതിനെ ഒരു മുസ്ലിം നിര്‍വഹിക്കേണ്ട അഞ്ച് പ്രധാന പ്രകൃതി മര്യാദകളില്‍  മുഹമ്മദ് നബി  ഉള്‍പ്പെടുത്തിയതായി  കാണാം. ഇമാം മുസ്‌ലിം   റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഒരു മനുഷ്യന്‍ നിര്‍വഹിക്കേണ്ട പ്രധാനപ്പെട്ട പത്തു പ്രകൃതി മര്യാദകളിലും നഖം വെട്ടലിനെ  നബി  ഉള്‍പ്പെടുത്തി. ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ നബി  അവിടുത്തെ  അനുചരർക്ക്   നാല്‍പതു ദിവസം നഖം വെട്ടാനുള്ള സമയമായി നിശ്ചയിച്ചു കൊടുത്തു. അതായത് നാല്‍പതു ദിവസം കൂടുമ്പോള്‍ നിര്‍ബന്ധമായും നഖം വെട്ടിയിരിക്കണം എന്നര്‍ത്ഥം. അവിടുന്ന്  അത് വളരെ കര്‍ശനമായി തന്നെ പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും   അവിടുന്ന്  നഖം വെട്ടിയിരുന്നതായും  ഹദീസിൽ ഉണ്ട്.  രണ്ടാഴ്ച കൂടുമ്പോള്‍ ഒരു കാരണവശാലും അവിടുന്ന്  നഖം വെട്ടാതെ ഇരുന്നിരുന്നില്ല. നഖം വെട്ടാത്തവന്‍ എന്നില്‍ പെട്ടവനല്ല എന്ന് വരെ അവിടുന്ന് പറയുകയുണ്ടായി. ഇതൊക്കെ അവിടുത്തെ   ഹദീസുകളില്‍ ഉള്ള കാര്യങ്ങളാണ്

നഖം വളർത്തുന്ന  കാര്യത്തിലുള്ള ഇസ്‌ലാമിക അധ്യാപനം  തികച്ചും യുക്തിപരമാണ് എന്നു കാണാം.  നീണ്ട നഖം നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെ ശരീരത്തില്‍ പോലും പോറല്‍ വീഴ്ത്തും എന്ന് നമുക്കറിയാം. നീണ്ട നഖങ്ങൾ കൊണ്ടു  നാം അറിയാതെ ശരീരത്തിൽ   ചൊറിയുമ്പോൾ   അവിടെ മുറിവാകുന്നു. ഇൻഫെക്ഷൻ സംഭവിക്കുന്നു.  പിഞ്ചു കുട്ടികളെ താലോലിക്കുമ്പോള്‍ നീണ്ട നഖം ശ്രദ്ധിക്കണം. വളര്‍ന്ന നഖത്തിനിടയില്‍ ചെളിയും അഴുക്കും കേറിയിരിക്കും എന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. മല വിസര്‍ജനം നടത്തി വൃത്തിയാക്കുമ്പോഴും അതിനുള്ള സാധ്യത ഏറെയാണ്. നഖത്തിനടിയില്‍ മലവും പേറി നമസ്കരിച്ചാല്‍ നമസ്കാരം ശരിയാവില്ല എന്നതില്‍ യാതൊരു സംശയവുമില്ല. നീണ്ട നഖത്തിനടിയിലെ മലമൊക്കെ വളരെ സൂക്ഷ്മമായി വൃത്തിയാക്കി നടക്കുന്നവര്‍ ആരുണ്ട്‌. സെക്സിനിടയില്‍ നഖം കൊണ്ടുള്ള പ്രശ്നങ്ങള്‍ ഏറെയാണ്. 

അൻസാർ  അലി നിലമ്പൂർ

10 November 2017

വായ്നാറ്റത്തിന്റെ ശാസ്ത്രവും ഇസ്‌ലാമും

പലപ്പോഴും പള്ളികളില്‍ നിന്നും മറ്റും അനുഭവപ്പെടുന്ന പ്രശ്നമാണ് വായ് നാറ്റം. അടുത്ത് നില്‍ക്കുന്നവന്‍ ആമീന്‍ പറയാന്‍ വാ തുറന്നാല്‍ അവന്‍റെ വായ്‌ നാറ്റം നമുക്ക് അനുഭവപ്പെടുന്നു എങ്കില്‍ അതെത്ര രൂക്ഷമായിരിക്കും!!. പല കാരണങ്ങളാൽ വായിലുണ്ടാകുന്ന സള്‍ഫര്‍ ഘടകങ്ങളാണ് വായ്നാറ്റം ഉണ്ടാക്കുന്നത്‌. പൊതുവെ എല്ലാവരുടെയും വായില്‍ സള്‍ഫര്‍ ഘടകങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് 0 മുതല്‍ 100 വരെയാണു സാധാരണ ഒരാളില്‍ ഉണ്ടാകുക. 100 മുതല്‍ 300 വരെ ആണെങ്കില്‍ വായ്നാറ്റം മറ്റൊരാള്‍ക്ക് അനുഭവപ്പെടും. 300ന് മുകളിൽ ആണെങ്കില്‍ അയാള്‍ മുറിക്ക് അകത്തേക്ക് കയറുമ്പോഴേ നമുക്ക് വായ്നാറ്റം അനുഭവപ്പെടും.

വായ്‌ നാറ്റം വലിയൊരു ശാരീരിക  പ്രശ്നമാണ്. സ്വന്തം വായ്‌ നാറ്റം തിരിച്ചറിയാത്ത അനേകം സാധുക്കൾ ഉണ്ട്.  പലരോടും സ്വകാര്യമായി പറയാറുണ്ട്. ഭാര്യയോടു ഇടയ്ക്കിടെ വായ്‌ നാറ്റം ഉണ്ടോ എന്ന് ചോദിക്കുന്നതു   നല്ലതാണ്. ദാമ്പത്യ ബന്ധത്തില്‍ വായ്‌ നാറ്റം വലിയ പ്രശ്നമാണല്ലോ. വായ്‌ നാറ്റം ഉണ്ടോ എന്നറിയാന്‍ ഒരു മാര്‍ഗം ആരോടെങ്കിലും ചോദിച്ചു നോക്കുക എന്നതാണ്. മറ്റൊരു മാര്‍ഗം സ്വന്തം പുറം കയ്യില്‍ നാവു കൊണ്ട് നന്നായി ഒന്ന് നക്കുക, ശേഷം നക്കിയതിനെ രണ്ടു മിനുട്ട് ഉണങ്ങാന്‍ വിടുക, ശേഷം അത് വാസനിച്ചു നോക്കുക എന്നതാണ്. ദുർമണം വരുന്നെങ്കിൽ വായ്നാറ്റം ഉണ്ട്. 

വായയുടെ കാര്യത്തില്‍ ഇസ്ലാമിന് വലിയ നിഷ്കര്‍ഷയാണ്. അതു കൊണ്ടാണല്ലോ അത് പല്ല് തേപ്പിനെ വല്ലാതെ കർശനമാക്കിയത്. മുഹമ്മദ് നബി ഒരു ദിവസം പല സമയത്തായി പത്തു പ്രാവശ്യമെങ്കിലും പല്ല് തേച്ചിരുന്നതായി ഹദീസുകളില്‍ നിന്ന് മനസിലാകുന്നു. പല്ലു തേപ്പ് വായക്ക് ശുദ്ധീകരണവും അല്ലാഹുവിനു ഏറെ തൃപ്തികരവും ആണെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് പ്രയാസം ആകില്ലായിരുന്നു എങ്കിൽ എല്ലാ നമസ്കാരത്തിനും മുമ്പ് പല്ല് തേപ്പു ഞാന്‍ നിര്‍ബന്ധം ആക്കുമായിരുന്നു എന്നു മുഹമ്മദ് നബി പറഞ്ഞതായി ഒരു ഹദീസില്‍ ഉണ്ട്. 

ഉള്ളിയും വെളുത്തുള്ളിയും തിന്ന ശേഷം അതിന്‍റെ വാസന വായില്‍ നിന്ന് പോകാതെ നിങ്ങള്‍ പള്ളിയെ സമീപിക്കരുത് എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. ദുര്‍ഗന്ധം തന്നെ പ്രശ്നം. മലക്കുകള്‍ക്ക് അത് വലിയ പ്രയാസം ആണെന്ന് മുഹമ്മദ് നബി പറഞ്ഞു. ഉള്ളി തിന്നു വന്നവനെ ഉമര്‍(റ) പള്ളിയില്‍ നിന്നും ഓടിച്ചതായി ഹദീസിലുണ്ട്. ഉള്ളിയുടെ ദുർഗന്ധം സഹിക്കാം പക്ഷെ ചിലരുടെ വായ്നാറ്റം അസഹനീയം തന്നെ എന്ന് തോന്നാറുണ്ട്. ശുചിത്വം ഈമാന്‍റെ പകുതിയാണ് എന്ന നബിവചനം നമ്മുടെ  ഉള്ളിലേക്ക് ഇനിയും പ്രവേശിക്കാനുണ്ട്.

പുക വലി ശീല മാക്കിയാല്‍ വായ്നാറ്റം ഉറപ്പാണ്. അത് സാധാരണ വായ്‌ നാറ്റം ആയിരിക്കില്ല. പുക വലിക്കുന്നവരുടെ വായ ഏതാണ്ട് മലം നാറുന്ന പോലെ നാറും. പുക വലിക്കാരുടെ ഭാര്യമാരുടെ കാര്യം കഷ്ടം തന്നെ. ഈ ഒരൊറ്റ കാര്യം മതി സിഗരറ്റു വലിക്കലും വില്‍ക്കലും ഉണ്ടാക്കലും ഇസ്ലാമില്‍ കുറ്റകരം എന്ന് പറയാന്‍.  വായ്‌ നാറ്റത്തിനു ഇക്കാലത്ത് എത്രയോ തരം ചികിത്സകള്‍ പല വിധ ചികിത്സാ സമ്പ്രദായങ്ങളില്‍ ഉണ്ട്. പക്ഷെ ആദ്യം സ്വന്തം വായ നാറുന്നു എന്ന് തിരിച്ചറിയണം. അതിനെ കുറിച്ച് ഇടയ്ക്കിടെ ജാഗ്രത പാലിക്കണം. 

നബിചര്യ പാലിച്ചു കൊണ്ട് ഇടയ്ക്കിടെ   പല്ല് തേച്ചാല്‍ തന്നെ വായ്നാറ്റം ഉണ്ടാകില്ല. എങ്കിലും ചിലര്‍ക്ക് വായ്‌നാറ്റം ഒരു രോഗമായിരിക്കും. വളരെ ശ്രദ്ധിക്കണം. ചികിത്സ തേടണം. കേടുവന്ന പല്ലുകള്‍ ഉടനടി എന്തെങ്കിലും ചെയ്യണം. വായ്നാറ്റം ഉള്ളവനോട് അഭിമുഖം നിന്ന് സംസാരിക്കാന്‍ തന്നെ ജനത്തിന് മടിയായിരിക്കും. അവനെ എല്ലാവരും അകറ്റും. സ്വന്തം ഭാര്യ വെറുക്കും. മക്കള്‍ വെറുക്കും. മലക്കുകള്‍ വെറുക്കും. 

അൻസാർ അലി നിലമ്പൂർ