Showing posts with label കാഫിർ. Show all posts
Showing posts with label കാഫിർ. Show all posts

12 June 2018

കാഫിർ എന്നാൽ അർത്ഥം

ഷാർജയിൽ ഉണ്ടായിരുന്ന കാലത്ത്   എന്റെ   ഒരു  ക്രിസ്ത്യാൻ  ഫ്രെണ്ട്   എന്നോട് സംസാരിച്ചപ്പോൾ  ഒരു കാര്യം പറഞ്ഞു;  അന്‍സാര്‍ ബായ്, നമ്മുടെ നാട്ടില്‍ നിങ്ങള്‍ മുസ്ലീങ്ങള്‍ ഞങ്ങളെ കാഫിര്‍ എന്ന് വിളിക്കില്ലല്ലോ, ഇവിടെ ഗള്‍ഫില്‍ വന്നപ്പോഴാണ് ഞങ്ങളൊക്കെ കാഫിര്‍ ആണെന്ന് മനസിലായതും അറബികളില്‍ നിന്ന് ആ വിളി കേട്ടു തുടങ്ങിയതും, ഞങ്ങളുടെ കുട്ടികളെ വരെ അറബികള്‍ അങ്ങനെ വിളിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ ചോദിച്ചു , കാഫിര്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ നിനക്ക്    എന്താണ് ഫീല്‍ ചെയ്യാറ്. ഞങ്ങള്‍ അമുസ്ലീങ്ങളൊക്കെ താഴ്ന്ന ജാതിക്കാർ  ആണെന്നും   നീചന്മാർ  ആണെന്നും   ഞങ്ങളെ   എന്തോ തെറി വിളിക്കുന്ന   പോലൊയുമാണ് ഫീല്‍ ചെയ്യാറ് എന്ന് അവന്‍.   നീചന്‍ എന്ന അര്‍ത്ഥത്തിലോ തെറിയായോ താഴ്ന്ന ജാതിക്കാരന്‍ എന്ന അര്‍ത്ഥത്തിലോ അല്ല അറബികള്‍ നിങ്ങളെ കാഫിര്‍ എന്ന് വിളിക്കുന്നത്‌, സംശയമുണ്ടെങ്കില്‍ നിനക്ക്  അറബി സംസാരിക്കാൻ   അറിയാമല്ലോ, ഒരു അറബിയോട് ഈ അര്‍ത്ഥത്തില്‍ ഒക്കെയാണോ അങ്ങനെ വിളിക്കുന്നത്‌ എന്നു ചോദിച്ചു നോക്കൂ എന്ന് ഞാന്‍.

പിന്നെ ഏതു അര്‍ത്ഥത്തിലാണ് അങ്ങനെ വിളിക്കുന്നത്‌ എന്ന് അവന്‍. മുസ്ലിമല്ലാത്ത നീ മുസ്ലിമല്ല എന്ന് സൂചിപ്പിക്കാന്‍ മലയാളത്തില്‍ ഏതു വാക്ക് ഉപയോഗിക്കാമെന്ന് തിരിച്ചു ഞാന്‍. "അമുസ്ലിം" എന്ന വാക്ക് ഉപയോഗിക്കാമെന്ന് അവന്‍. അത്രേ ഉള്ളൂ , അതിനു അവര്‍ ഉപയോഗിക്കുന്ന അറബി വാക്കാണ് "കാഫിര്‍" , അല്ലാതെ നിങ്ങള്‍ താഴ്ന്ന ജാതി ആയതുകൊണ്ടോ നിങ്ങളെ തെറി വിളിക്കുകയോ നിങ്ങള്‍ നീചന്മാരാണ് എന്ന് പറയുകയോ അല്ല അവര്‍ ചെയ്യുന്നതെന്ന് ഞാന്‍. ഓഹോ അത്രേ ഒള്ളോ എന്ന് അവന്‍.  അത്രേ ഉള്ളൂ എന്ന് ഞാന്‍. അപ്പോള്‍ നിങ്ങളുടെ ഖുര്‍ആനിലും മുസ്ലീങ്ങളല്ലാത്ത എല്ലാവരെയും കാഫിര്‍ എന്ന് വിളിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അതും അങ്ങനെ തന്നെ ആണോ എന്ന് അവന്‍. ഞങ്ങളുടെ ഖുര്‍ആന്‍ അല്ല, നമ്മള്‍ മനുഷ്യര്‍ക്കുള്ള ഖുര്‍ആന്‍, എല്ലാ മനുഷ്യര്‍ക്കും ഉള്ള ഖുര്‍ആന്‍, അങ്ങനെയാണ് ഖുര്‍ആനില്‍ ഉള്ളതെന്ന് ഞാന്‍. ഓഹോ എന്ന് അവന്‍.

നമ്മള്‍ മനുഷ്യര്‍ക്ക്‌ മൊത്തം അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനില്‍ ചിലര്‍ അവിശ്വസിക്കുമ്പോള്‍, ചിലര്‍ ഖുര്‍ആനെ നിഷേധിക്കുമ്പോള്‍ ഖുര്‍ആന്‍ അവരെ എന്ത് വിളിക്കണമെന്നാണ് നീ  പറയുന്നത് എന്ന്  ഞാന്‍. നീ വേദമായി കരുതുന്ന ബൈബിളില്‍ അവിശ്വസിക്കുന്നവരെ, ബൈബിളിനെ നിഷേധിക്കുന്നവരെ ബൈബിളിനു എന്ത് വിളിക്കാമെന്നാണ്  നീ കരുതുന്നതെന്ന്   വീണ്ടും ഞാൻ ചോദിച്ചു. അവരെ ആ ഗ്രന്ഥങ്ങള്‍ക്ക് നിഷേധികള്‍ എന്ന് വിളിക്കാം അല്ലെങ്കില്‍ അവിശ്വാസികള്‍ എന്ന് വിളിക്കാമെന്നു അവന്‍. അത്രേ ഉള്ളൂ, ഖുര്‍ആനില്‍ കാഫിര്‍ എന്ന് ഉപയോഗിച്ചത് ഖുര്‍ആനില്‍ അവിശ്വസിക്കുന്നവരെ അല്ലെങ്കില്‍ ഖുര്‍ആനെ നിഷേധിക്കുന്നവരെ സൂചിപ്പിക്കാനാണ്   എന്ന് ഞാന്‍. ഓഹോ അത്രേ ഒള്ളോ എന്ന് അവന്‍.  അത്രേ ഉള്ളൂ എന്ന് ഞാന്‍. എന്നാ നമുക്കോരോ ചായ കുടിക്കാലെ എന്ന് അവന്‍. എന്നാ നമുക്കോരോ ചായ മാത്രമല്ല എന്‍റെ വക നല്ല പലഹാരവും കൂട്ടി കുടിക്കാം എന്ന് ഞാന്‍.

ആ ക്രിസ്ത്യാനി ഫ്രെണ്ടിന്റെ തോളില്‍ കയ്യിട്ടു ചായക്കടയിലേക്ക് നടക്കുമ്പോള്‍ എനിക്കൊരു ബോധം ഉണ്ടായിരുന്നു, അവനും ആദമിന്‍റെ പുത്രന്‍ ആണെന്നും എന്‍റെ സഹോദരന്‍ ആണെന്നുമുള്ള ബോധം. 

അൻസാർ  അലി  നിലമ്പൂർ