Showing posts with label ഹിസ്റ്ററി. Show all posts
Showing posts with label ഹിസ്റ്ററി. Show all posts

22 June 2018

മുഹമ്മദ് നബിയുടെ വിശുദ്ധി

മുഹമ്മദ് നബിയെ  വളരെ മോശമായി ചിത്രീകരിക്കൽ  ഇസ്‌ലാം മതത്തോട് അന്ധമായ വിരോധമുള്ള നമ്മുടെ നാട്ടിലെ  നിരീശ്വര-യുക്തി വാദികളുടെ  ശീലമാണ്.  തോമസ് കാർലൈൽ, ലിയോ ടോൾസ്റ്റോയ്, ജോർജ് ബർണാഡ് ഷാ, കരൻ ആംസ്ട്രോങ്,  വിവേകാനന്ദ സ്വാമികൾ...   എന്നിങ്ങനെ എത്രയോ  അമുസ്ലീങ്ങളായ മഹൽ വ്യക്തിത്വങ്ങൾ  മുഹമ്മദ്  നബിയെ  നന്നായി പഠിച്ചു മികച്ച  അഭിപ്രായം  പറഞ്ഞിട്ടുണ്ട്. എന്നാലും  ഇസ്‌ലാം വിരോധം കൊണ്ടു ഭ്രാന്ത് പിടിച്ചവർ മുഹമ്മദ് നബിയെ കുറിച്ചു  നല്ലതൊന്നും പറയാതിരിക്കാൻ ശ്രദ്ധിക്കുന്നുവെന്നു മാത്രമല്ല,  വളരെ മോശമായി നിന്ദിക്കുകയും ചെയ്യുന്നു. പല മഹാന്മാരും നബിയെ നിരൂപണം ചെയ്തിട്ടുണ്ട്. എന്നാൽ  നിരൂപണവും നിന്ദയും നമുക്ക് തിരിച്ചറിയാൻ കഴിയും.

മുസ്ലീങ്ങളിൽ ചിലരെങ്കിലും  നബി നിന്ദാ പ്രചാരണങ്ങളിൽ  പെട്ടുപോയി  മുഹമ്മദ് നബിയെ കുറിച്ചു  മോശം  വിചാരിക്കാൻ സാധ്യതയുണ്ട്. അതിനാൽ  ഓരോ മുസ്ലിമും  മുഹമ്മദ് നബിയുടെ സ്വഭാവ വിശുദ്ധിയെ കുറിച്ചു  പഠിച്ചു അവിടുത്തെ കുറിച്ചു നല്ലൊരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്.  മുഹമ്മദ് നബിയെ കുറിച്ചു  മോശം വിചാരിക്കൽ  ഈമാനിലുള്ള കളങ്കമാണ് എന്നു മനസ്സിലാക്കണം.  മുഹമ്മദ് നബിയെ കുറിച്ചു പഠിക്കാൻ  അവിടുത്തെ വികൃത വൽക്കരിച്ചു രചിക്കപ്പെട്ട  കൃതികൾ അവലംബിക്കാനും പറ്റില്ല.  

മുഹമ്മദ് നബി  ലോകർക്ക് കാരുണ്യമായാണ്  നിയോഗിക്കപ്പെട്ടത്  എന്നു  അല്ലാഹു  ഖുർആനിൽ  പറയുന്നു.  അവിടുന്നു മഹത്തായ  സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു  എന്നും  ഖുർആനിൽ ഉണ്ട്.  അവിടുന്നു പരുഷ സ്വഭാവി ആയിരുന്നെങ്കിൽ  ജനങ്ങൾ  അവിടുത്തെ  തിരു സന്നിധിയിൽ നിൽക്കാതെ ഓടി പ്പോകുമായിരുന്നു  എന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്.  ഇതെല്ലാം അല്ലാഹുവിന്റെ സാക്ഷ്യങ്ങൾ ആണ്. ഇതിനെക്കാൾ മികച്ച  സാക്ഷ്യമില്ല.  ലോകർക്ക്  മാതൃകയായി അല്ലാഹു  ഒരാളെ നിയോഗിക്കുമ്പോൾ  ആ വ്യക്തി   ലോകോത്തമൻ  ആയിരിക്കണം എന്നത് യുക്തി പരമായ കാര്യമാണ്. മുഹമ്മദ് നബിയുടെ സൽ ഗുണങ്ങളെ സംബന്ധിച്ചു അവിടുത്തെ അനുചരന്മാരുടെ സാക്ഷ്യങ്ങളും ഒട്ടനവധിയുണ്ട്.  

നബി ചരിത്ര രചനയുടെ ആദ്യ കാലങ്ങളിൽ   മുസ്ലീങ്ങളുടെ  വീക്ഷണ കോണിൽ നിന്നുള്ള രചനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട്  ഇസ്‍ലാമിനോടു  ജന്മ ശത്രുതയുള്ള  ജൂത-ക്രൈസ്തവ ചരിത്രകാരന്മാർ  നബി ചരിത്രം വികലമായി  അവതരിപ്പിക്കാൻ തുടങ്ങി.  ആധുനിക ചരിത്ര രചനയുടെ ആരംഭം മുതൽ ഇസ്‌ലാമിനേയും പൗരസ്ത്യ ലോകത്തെയും പറ്റി പഠിക്കാൻ  ഓറിയന്റലിസം എന്ന വൈജ്ഞാനിക  ശാഖ  ഉൽഭവിച്ചു. കുരിശു യുദ്ധങ്ങളുടെ സ്വാധീനം കാരണം ആദ്യ കാലങ്ങളിൽ ഓറിയന്റലിസ്റ്റുകളായ അമുസ്ലീങ്ങൾ രചിച്ച നബി  ചരിത്രങ്ങളിൽ മുഹമ്മദ് നബിയുടെ ജീവിതത്തെ തെറ്റായി ചിത്രീകരിക്കുന്ന പ്രവണത ശക്തമായിരുന്നു.  ഇത്തരം കൃതികളാണ് ഇന്നും  യുക്തിവാദികൾ നബി നിന്ദക്ക് വേണ്ടി ഉപയോഗിക്കുന്നത്. 

ചരിത്രം സൃഷ്ടിച്ച യുഗ പുരുഷന്മാരെ പറ്റി പത്തൊൻപതാം  നൂറ്റാണ്ടിൽ  ഇംഗ്ളീഷ് ചരിത്രകാരനായ തോമസ് കാർലൈൽ നടത്തിയ പഠനത്തിൽ മുഹമ്മദ് നബിക്ക് ഉന്നത സ്ഥാനം നൽകിയതാണ് പാശ്ചാത്യ ലോകത്ത് നബി പഠനങ്ങളിൽ ദിശാ മാറ്റം ഉണ്ടാക്കിയത്. 1841 ൽ പ്രസിദ്ധീകരിച്ച 'ഓൺ ഹീറോസ്, ഹീറോ വർഷിപ്പ് ആൻഡ് ദി ഹീറോയിക്ക് ഇൻ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിലാണ് നബിയെപ്പറ്റി അദ്ദേഹം പരാമർശിക്കുന്നത്. ചരിത്രത്തിലെ ധീര നായകരെ കണ്ടെത്തുകയാണ്  അദ്ദേഹം തന്റെ കൃതിയിൽ. പ്രവാചകന്മാരുടെ  കൂട്ടത്തിൽ മുഹമ്മദ് നബിക്കാണ് അദ്ദേഹം ഒന്നാം സ്ഥാനം നൽകുന്നത്. സൂത്ര ശാലിയായ കപടൻ, അസത്യത്തിന്റെ മൂർത്തി...  തുടങ്ങി നബിയുടെ മേൽ ചാർത്തപ്പെട്ട മോശം  പ്രതിഛായകളെ കാർലൈൽ തകർക്കുകയും നാട്യങ്ങൾ തീരെയില്ലാത്ത മനുഷ്യൻ എന്ന  അസ്തിത്വം അവിടുത്തേക്ക്  നൽകുകയും ചെയ്യുന്നു. 

പ്രശസ്ത നാടക കൃത്തായ ജോർജ്  ബർണാർഡ് ഷാക്ക് മുഹമ്മദ് നബി ഒരത്ഭുത മനുഷ്യനായിരുന്നു. അദ്ദേഹത്തെ മനുഷ്യ വംശത്തിന്റെ മോചകനായി കാണണം എന്നാണ് ഷായുടെ അഭിപ്രായം. ഷാ  തന്റെ  Genuine Islam എന്ന കൃതിയിൽ  ഇത്ര കൂടിപ്പറഞ്ഞു: "അദ്ദേഹത്തെ പ്പോലെയുള്ള ഒരാൾ ആധുനിക ലോകത്തിന്റെ സമസ്ത  അധികാരങ്ങളും ഏറെറടുത്താൽ നമുക്ക് ഏറ്റവും ആവശ്യമായ സമാധാനവും സന്തോഷവും നില നിൽക്കുന്ന തരത്തിൽ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും വിജയകരമായി കൈകാര്യം ചെയ്യപ്പെട്ടേനെ".

മനുഷ്യ ചരിത്രത്തെ സ്വാധീനിച്ച നൂറു പ്രമുഖ വ്യക്തികളെ പറ്റിയുള്ള പഠനമാണ് ജൂത മത വിശ്വാസിയും ആസ്ട്രോ ഫിസിസ്റ്റുമായിരുന്ന  മൈക്കൾ എച്ച് ഹാർട്ടിന്റെ The Hundred: A ranking of the most influential persons in History എന്ന കൃതി. അത്ഭുതകരമെന്ന് പറയട്ടെ മുഹമ്മദ് നബിക്കാണ് അദ്ദേഹം അതിൽ ഒന്നാം സ്ഥാനം നൽകുന്നത്. മുഹമ്മദ് നബിയെക്കുറിച്ച് മൈക്കൾ ഹാർട്ട് പറയുന്നത് മത കാര്യങ്ങളിലെന്ന പോലെ ലൗകിക കാര്യങ്ങളിലും അവിടുന്നു നേതാവാണെന്നാണ്. 

ഒരു റോമൻ കത്തോലിക്കാ  കന്യാസ്ത്രീയും ചരിത്ര ഗവേഷകയും ആയിരുന്ന കരൻ ആംസ്ട്രോങ്ങിന്റെ Muhammed, a western attempt to understand Islam എന്ന കൃതിയിൽ മുഹമ്മദ് നബിയെ പാശ്ചാത്യ ലോകത്തിന്റെ ശത്രുതാ പരമായ നിലപാടുകളുടെ പശ്ചാത്തലത്തിൽ  നന്നായി വിലയിരുത്തുണ്ട്‌. ഇസ്ലാമിനെതിരായ മുൻ വിധികൾക്ക് നബിയെ  കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ വഴി വെച്ചുവെന്ന് അവർ സമർത്ഥിക്കുന്നു. 

അവർ പറയുന്നു:  രാഷ്ട്രീയവും ആത്മീയതയും എല്ലായ്‌പ്പോഴും ഒരുമിച്ച് പോകുകയില്ലെങ്കിലും അസാധാരണമായ രാഷ്ട്രീയ ചാതുര്യവും ആത്മീയ പ്രഭാവവും മുഹമ്മദിന്റെ പ്രത്യേകതയായിരുന്നു. അതുകൊണ്ട് തന്നെ നീതി പൂര്‍ണമായ ഒരു നല്ല സമൂഹം സൃഷ്ടിക്കുന്നതിന് എല്ലാ മത വിശ്വാസികള്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം ചില സമയങ്ങളില്‍ ഇരുണ്ട ക്രോധവും പ്രീണനത്തിന് വഴങ്ങാത്ത നിഷ്പക്ഷതയും പ്രകടിപ്പിച്ചു. അതേ സമയം സൗമ്യനും ഹൃദയാലുവും ആര്‍ദ്രചിത്തനും ആയിരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ചിരിക്കുന്ന ക്രിസ്തുവിനെ പറ്റി നാം വായിച്ചിട്ടില്ല. എന്നാല്‍, പുഞ്ചിരിക്കുകയും കുസൃതി പറയുകയും ചെയ്യുന്ന മുഹമ്മദിനെ നമുക്ക് കാണാന്‍ കഴിയും. അദ്ദേഹം കുട്ടികള്‍ക്കൊപ്പം കളിചിരി തമാശകള്‍ക്ക്  സന്നദ്ധനായി. മറ്റു ചിലപ്പോള്‍ ഭാര്യമാരോട് ദേഷ്യപ്പെട്ടു. പ്രിയപ്പെട്ട സുഹൃത്തിന്റെ മരണത്തില്‍ തേങ്ങി ക്കരഞ്ഞു. കുഞ്ഞുണ്ടായപ്പോള്‍ മറ്റേതൊരു ആഹ്ലാദവാനായ പിതാവിനെയും പോലെ കുഞ്ഞിനെ കയ്യിലെടുത്തു അദ്ദേഹം സന്ദര്‍ശകര്‍ക്ക് കാണിച്ചു കൊടുത്തു. ചരിത്രത്തിലെ മറ്റു മഹാ പുരുഷന്മാരെ വീക്ഷിക്കുന്നതു പോലെ നാം മുഹമ്മദിനെയും കാണുകയാണെങ്കില്‍ ലോകം കണ്ടിട്ടുള്ള മഹാ പ്രതിഭാ ശാലികളില്‍ ഒരാളായി  അദ്ദേഹത്തെ തീര്‍ച്ചയായും പരിഗണിക്കേണ്ടി വരും. മഹത്തായ ഒരു കൃതി, മഹത്തായ ഒരു മതം, പുതിയൊരു ലോക ശക്തി എന്നീ നേട്ടങ്ങള്‍ അത്ര നിസ്സാരമല്ലല്ലോ".

റഷ്യൻ സാഹിത്യകാരനായ  ലിയോ ടോൾസ്റ്റോയ്  മുഹമ്മദ് നബിയെ വിലയിരുത്തിയത് ഇങ്ങനെയാണ്;  "മഹാന്മാരായ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളാണ് മുഹമ്മദ് നബി. അദ്ദേഹം മനുഷ്യ സമൂഹത്തിന് വലിയ സേവനങ്ങളാണ് ചെയ്തത്. ഒരു സമൂഹത്തെ ഒന്നടങ്കം അദ്ദേഹം സന്മാര്‍ഗ്ഗത്തിലേക്ക് നയിച്ചു. ശാന്തിയിലേക്കും സമാധാനത്തിലേക്കും അവരെ വഴി നടത്തി. അവരെ ഇഹലോക വിരക്തിയോടെ ജീവിക്കാന്‍ പഠിപ്പിച്ചു. രക്തം ചിന്തുന്നതു തടഞ്ഞു. മനുഷ്യ ബലിക്ക് അറുതി വരുത്തി. നാഗരികതയുടെയും വികസനത്തിന്റെയും പാത തുറന്നിട്ടു. ഒരു മഹാ വ്യക്തിത്വത്തിനു മാത്രമേ ഇതൊക്കെ നിര്‍വഹിക്കാന്‍ സാധിക്കൂ. അത്തരമൊരു വ്യക്തി നമ്മുടെയൊക്കെ ആദരവിന് എന്തു കൊണ്ടും അര്‍ഹനാണ്" 

എഴുത്തുകാരനും ചരിത്രകാരനു മായിരുന്ന  വാഷിംഗ്ടൻ  ഇർവിങ്  Mahomet and his successors  എന്ന  തന്റെ  കൃതിയിൽ പറഞ്ഞതു ഇങ്ങനെയാണ്; "സൈനിക വിജയങ്ങള്‍ അദ്ദേഹത്തിന്റെ അഹന്തയോ ദുരഭിമാനമോ ഉയര്‍ത്തുകയുണ്ടായില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടിയായിരുന്നു അവ നേടിയിരുന്നത് എങ്കിൽ അങ്ങനെ സംഭവിക്കേണ്ട തായിരുന്നു. തനിക്ക് ഏറ്റവും വലിയ അധികാരം ലഭ്യമായ കാലത്തും അതില്ലാതിരുന്ന കാലത്തെ സ്വഭാവ ലാളിത്യം അദ്ദേഹം നിലനിര്‍ത്തി. താന്‍ ഒരു മുറിയില്‍ പ്രവേശിച്ചാല്‍ ബഹുമാനത്തിന്റെ അസാധാരണമായ വല്ല ആചാരവും പ്രകടിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നു. സാര്‍വ്വ ലൗകികമായ ആധിപത്യം അദ്ദേഹം ഉദ്ദേശിച്ചുവെങ്കില്‍ അത് വിശ്വാസത്തിന്റെ ആധിപത്യം മാത്രമായിരുന്നു. തന്റെ പക്കല്‍ വളര്‍ന്നുവന്ന താല്‍ക്കാലികമായ അധികാരം യാതൊരു നാട്യവുമില്ലാതെയാണ് അദ്ദേഹം ഉപയോഗിച്ചത്. അതിനാല്‍, തന്റെ കുടുംബത്തില്‍ അത് നിലനിര്‍ത്താന്‍ ഒരു നടപടിയും അദ്ദേഹം കൈക്കൊണ്ടില്ല".

ഫ്രഞ്ച് ചരിത്രകാരനും കവിയും രാഷ്ട്ര തന്ത്രജ്ഞനും ആയിരുന്ന ലമാർട്ടിൻ തന്റെ  Histoire De La Turquie പറഞ്ഞത്  ഇങ്ങനെയാണ്, "ദാര്‍ശനികന്‍, പ്രസംഗകന്‍, പ്രവാചകന്‍, നിയമ നിര്‍മാതാവ്, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, യുക്തി സിദ്ധാങ്ങളുടെ പുനഃസ്ഥാപകന്‍, ഭാവനകളില്ലാത്ത ഭാവത്തോടു കൂടിയവന്‍, ഇരുപത്  സാമ്രാജ്യങ്ങളെയും ഒരു ആത്മീയ സാമ്രാജ്യത്തിന്റെയും സ്ഥാപകന്‍, അതാണ് മുഹമ്മദ്. മനുഷ്യ മാഹാത്മ്യത്തിന്റെ എല്ലാ മാന ദണ്ഡങ്ങളും വച്ചു നോക്കിയാല്‍ നമുക്കു ചോദിക്കാം അദ്ദേഹത്തേക്കാള്‍ മഹാനായി ആരെങ്കലുമുണ്ടോ?" 

സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇങ്ങനെ: "അതാ വരുന്നു; സമത്വത്തിന്റെ സന്ദേശ വാഹകനായ മുഹമ്മദ്. നിങ്ങള്‍ ചോദിക്കുന്നു: അദ്ദേഹത്തിന്റെ മതത്തില്‍ എന്തു നന്മയാണുണ്ടാവുക? നന്മയില്ലെങ്കില്‍ അതെങ്ങനെ ജീവിക്കുന്നു? നല്ലതേ പുലരൂ; അതു മാത്രമേ നിലനില്‍ക്കൂ. കാരണം നല്ലതിനേ കരുത്തുളളൂ. അതിനാലത് നിലനില്‍ക്കും. ഈ ജീവിതത്തില്‍ തന്നെ അസാന്മാര്‍ഗിയുടെ ജീവിതം എത്ര നാളേക്കുണ്ട്. പവിത്ര ചരിതന്റെ ജീവിതം കൂടുതല്‍ നീണ്ടു നില്‍ക്കുന്നില്ലേ? എന്തെന്നാല്‍ പവിത്രത ബലമാണ്. നന്മ ഉറപ്പാണ്. മുഹമ്മദീയ മതത്തില്‍ നല്ലതൊന്നും ഇല്ലായിരുന്നെങ്കില്‍ അതിനെങ്ങനെ ജീവിച്ചു പോരാന്‍ കഴിയും?. നന്മ ധാരാളമുണ്ട്. സമത്വത്തിന്റെ, മാനവ സാഹോദര്യത്തിന്റെ, സര്‍വ മുസ്‌ലിം സാഹോദര്യത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ്". (Complete works of Swami Vivekananda)

കാത്തലിക്  എൻസൈക്ളോപീഡിയ 1911  പറയുന്നത്  ഇങ്ങനെയാണ്:  "മാർട്ടിൻ ലൂതറും  മറ്റു ചിലരും  മുഹമ്മദിനെ  ദുഷ്ടനായ കാപട്യക്കാരൻ, ഭീരുവായ നുണയൻ, മനപ്പൂർവം ചതിക്കുന്നവൻ  എന്നൊക്കെ  വിളിച്ചത്  വസ്തുതക്ക് നിരക്കാത്തതും  വകതിരിവ് ഇല്ലാത്ത ആക്ഷേപവും ആണ്.  എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിലെ  പണ്ഡിതരായ Aloys Sprenger, Theodor Noldeke, Gustav Weil, William Muir, Sigismund Koelle, Grimme, D. S. Margoliouth  എന്നിവർ  നമുക്ക്   മുഹമ്മദിന്റെ  ജീവിതത്തെയും  പ്രവാചകത്വത്തെയും സ്വഭാവത്തെയും  യോഗ്യതയെയും  ആത്മാർത്ഥത യെയും   കുറിച്ച കൂടുതൽ കൃത്യമായ വിവരണം  നൽകുന്നുണ്ട്"

മേൽ ഉദ്ധരിച്ചത്  ചില സാമ്പിളുകൾ മാത്രം. ഇനിയുമെത്രയോ  സാക്ഷ്യങ്ങൾ  ഉണ്ട്.  മാനസിക  രോഗി  എന്നു ശത്രുക്കളാൽ  വിളിക്കപ്പെടുന്ന  ഒരു മനുഷ്യൻ  മഹാനായ പ്രവാചകനായി  മാറി  തന്റെ മേലുള്ള ദുരാരോപണം തെറ്റാണെന്നും  താൻ  ദൈവത്തിൽ നിന്നുള്ള സത്യ പ്രവാചകനാണന്നും തെളിയിക്കുന്നത്  നമുക്കവയിൽ കാണാം. 

അൻസാർ  അലി  നിലമ്പൂർ

10 June 2018

ഒരു നിരീശ്വര വാദിയുടെ കൂട്ടക്കൊലകൾ

നിരീശ്വര വാദിയായ ഒരു മനുഷ്യന്  ഒരു ഇസത്തിന്റെ പേരും പറഞ്ഞ് എങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലയാളി ആകാമെന്ന്  തെളിയിച്ച കുപ്രസിദ്ധനാണ് ജോസഫ് സ്റ്റാലിൻ. കഴിഞ്ഞ നൂറ്റാണ്ടിലെ കിരാതരായ നാലു ഭരണാധികാരികൾ ആയിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍, ബെനിറ്റോ മുസോളിനി, മാവോ സേതുംഗ്, ജോസഫ് സ്റ്റാലിന്‍. ഇവർ കൊന്നു തള്ളിയത് രണ്ടു കോടിയോളം മനുഷ്യരെയാണ്. യഹൂദരെ കൂട്ടത്തോടെ സംഹരിച്ച വ്യക്തിയാണ് ഹിറ്റ്‌ലര്‍. ഇരുപതു ലക്ഷം മനുഷ്യരെ ഹിറ്റ്ലർ കൊന്നെന്ന  കണക്കില്‍ അതിശയോക്തി ഉണ്ടെന്നും പറയപ്പെടുന്നു. ഹിറ്റ്‌ലറുടെ സമകാലികൻ ആയിരുന്ന ജോസഫ് സ്റ്റാലിന്‍ വധിച്ച യഹൂദരുടെ കണക്കും ഹിറ്റ്ലറുടെ  അക്കൗണ്ടിൽ പെടുത്തി എന്നതാണ് യാഥാര്‍ത്ഥ്യം.  

ഇരുപതു ലക്ഷത്തോളം എന്ന ഹിറ്റ്‌ലറുടെ കണക്കിലും അനേകം മടങ്ങ്‌ മനുഷ്യരെ കൊന്നൊടുക്കിയ ജോസഫ് സ്റ്റാലിന്‍ ഇന്നും ആദരിക്ക പ്പെടുന്നത് വിചിത്രമാണ്!. ഒന്നര ക്കോടിയോളം നിരപരാധികളെ കൊന്നൊടുക്കിയ ആ രക്ത ദാഹിയുടെ ചിത്രം പൂമാലയിട്ടു ആദരിക്കപ്പെടുന്ന വിചിത്ര ലോകം!!! രണ്ടു കോടിയോളം മനുഷ്യരെ നാലു പേര്‍ ചേര്‍ന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ കൊന്നു തള്ളിയതില്‍ ഇരുപതു ലക്ഷം ഹിറ്റ്‌ലറുടെ അക്കൗണ്ടിൽ പെടുത്താം. മുസോളിനി യുടെയും മാവോയുടെയും കൊലപ്പട്ടിക ഹിറ്റ്‌ലറുടേതിനെ അപേക്ഷിച്ച് കുറവാണ്. അങ്ങനെയെങ്കില്‍, ഇവര്‍ മൂവരും ചേര്‍ന്നു വധിച്ചത് അര ക്കോടിയില്‍ അധികമുണ്ടാവില്ല. ഈ കണക്കുകള്‍  നോക്കുമ്പോഴാണ് ജോസഫ് സ്റ്റാലിന്‍ എന്ന നരഭോജി നിരീശ്വര വാദിയുടെ യഥാര്‍ത്ഥ പൈശാചികത വെളിപ്പെടുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റഷ്യയിലെ സര്‍ ഭരണ കൂടത്തി നെതിരെ പ്രവർത്തിച്ചു കൊണ്ടാണ് ജോസഫ്‌ സ്റ്റാലിന്‍ ‍രാഷ്ട്രീയത്തിൽ വന്നത്. വളരെ പെട്ടെന്നു അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലാവുകയും സൈബീരിയ യിലേക്കു നാട് കടത്ത പ്പെടുകയും ചെയ്തു. വീണ്ടും സ്റ്റാലിനെ കാണുന്നത് സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയില്‍ ജൂലിയസ് മാര്‍തോവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്തുവന്ന വ്ലാഡിമര്‍ ലെനിന്റെ ബോള്‍ ഷെവിക്സ് എന്ന പുതിയ ഗ്രൂപ്പിന കത്താണ്. പിന്നീട് ഇയാള്‍ സെന്റ്‌പീറ്റര്‍സ് ബര്‍ഗില്‍ വന്ന്‍   ആദ്യകാല കമ്മ്യുണിസ്റ്റ് പ്രസിദ്ധീക രണമായ പ്രവ്ദ യുടെ പത്രാധിപരായി. വീണ്ടും സൈബീരിയ യിലേക്ക്‌ നാടു കടത്തപ്പെട്ട സ്റ്റാലിന്‍ സര്‍ നിക്കോളാസ് രണ്ടാമന്റെ  പതനത്തോടെ റഷ്യയില്‍ തിരിച്ചെത്തി പ്രവ്ദ യുടെ പ്രവര്‍ത്ത നങ്ങളില്‍ സജീവമായി.

രാഷ്ട്രീയത്തിലും അധികാരത്തിലും തന്നെ കൈ പിടിച്ചുയര്‍ത്തിയ ലെനിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റാലിന്‍ നടത്തിയ നീക്കങ്ങള്‍ ചരിത്രത്തില്‍ കാണാം. 1922-ല്‍ സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആകുവാന്‍ സ്റ്റാലിന് അവസരം ഒരുക്കി ക്കൊടുത്ത ലെനിനെ ആദ്യമൊക്കെ ഇയാള്‍ പിന്തുണച്ചുവെങ്കിലും പിന്നീട് അതുണ്ടായില്ല. ലെനിന്റെ വിദേശ വ്യാപാര നയത്തെ പരസ്യമായി എതിര്‍ത്ത സ്റ്റാലിന്‍ പാര്‍ട്ടിയിലെ മുഴുവന്‍ എതിര്‍ ശബ്ദങ്ങളെയും പിടിച്ചു കെട്ടി. പാര്‍ട്ടിയിലെ സ്റ്റാലിന്‍ വിരുദ്ധ ചേരിയിലെ പ്രമുഖനായ ലിയോ ട്രോഡ്സ്കിയുടെ അനുയായികളെ ഏറെയും ‍സ്റ്റാലിന്‍ പുറത്താക്കുകയോ കൊല്ലുകയോ ചെയ്തു. ലെനിന്‍ തീര്‍ത്തും അവശനാണെന്ന് കണ്ടതോടെ സ്റ്റാലിന്‍ പാര്‍ട്ടിയെ വരിഞ്ഞു മുറുക്കി. ഭരണ കേന്ദ്രങ്ങളില്‍ തന്റെ വാലാട്ടികളെ മാത്രം പ്രതിഷ്ഠിച്ചു.

പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയില്‍ വ്യാപാര നയം ചര്‍ച്ചക്ക്  വന്നപ്പോള്‍ സ്റ്റാലിന്റെ നിലപാട്  അംഗീകരിക്ക പ്പെട്ടതോടെ പാര്‍ട്ടി സ്റ്റാലിനാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടതായി ലെനിന്‍ തിരിച്ചറിഞ്ഞു. ഇതോടെ ലെനിന്‍ ട്രോഡ്സ്കി ക്കൊരു കത്തെഴുതി. പാര്‍ട്ടിയിലെ അവശേഷി ക്കുന്ന സ്റ്റാലിന്‍ വിരുദ്ധരെ ഒന്നിപ്പിച്ച് വ്യാപാര നയത്തെ പുന പരിശോധന യ്ക്ക്‌ വിധേയ മാക്കാന്‍ ശ്രമിക്കണ മെന്ന അഭ്യര്‍ത്ഥന യായിരുന്നു കത്തിന്റെ ഉള്ളടക്കം. പിന്നീടു വന്ന പാര്‍ട്ടി സീ സിയില്‍ സ്റ്റാലിന്റെ വിദേശ നയത്തെ തിരുത്തുന്നതില്‍ ട്രോഡ്സ്കിയും കൂട്ടരും വിജയം കണ്ടു. അതോടെ വിമത ശബ്ദങ്ങള്‍ ക്കെതിരെ സ്റ്റാലിന്‍ കൂടുതല്‍ കര്‍ക്കശമായി നീങ്ങി. 

സ്റ്റാലിന്റെ  ഭാര്യ ലെനിന്റെ പ്രൈവറ്റ് ഓഫീസില്‍നിന്നും അദ്ദേഹം ട്രോഡ് സ്കിക്കെഴുതിയ കത്ത് കണ്ടെടു ക്കുകയും അത് സ്റ്റാലിനു കൈമാറുകയും ചെയ്തതോടെ രംഗം കൂടുതല്‍ വഷളായി. ആ ചൂടില്‍ ലെനിന്റെ ഭാര്യയെ വിളിച്ചു സ്റ്റാലിന്‍ തെറിയഭിഷേകം നടത്തി. ഇതോടെ മരണാസന്ന നായിരുന്ന ലെനിന്‍ തന്റെ സെക്രട്ടറിയെ ക്കൊണ്ട് മരണ പത്രമെഴുതിച്ചു. അധികാരങ്ങളൊക്കെ കയ്യടക്കിയിരിക്കുന്ന സഖാവ് സ്റ്റാലിന്‍ ഈ അധികാരങ്ങളെ ക്രിയാത്മകമായി ഉപയോഗ പ്പെടുത്തുമെന്ന് തനിക്കൊരു വിശ്വാസവും ഇല്ലെന്നും അതുകൊണ്ടു സഖാക്കള്‍ സ്റ്റാലിനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തു പകരം കുറേക്കൂടെ  സഹിഷ്ണുവും വിശ്വസ്തനും വിനയാന്വിതനും സഖാക്കളെ മാന്യമായി പരിഗണിക്കുന്ന വനുമായ ഒരാളെ തല്‍സ്ഥാനത്ത് കൊണ്ടു വരണ മെന്നുമായിരുന്നു ഒസ്യത്തിന്റെ ഉള്ളടക്കം.

അധികം വൈകാതെ ലെനിന്‍ മരിച്ചു. ഒസ്സ്യത്തെഴുതി ഏറെക്കഴിയും മുമ്പേ സംഭവിച്ച ലെനിന്റെ മരണത്തിനു പിന്നില്‍ സ്റ്റാലിനെ സംശയിക്കപ്പെടുന്നു. ലെനിന്‍ യുഗം അവസാനിച്ചതോടെ പിന്നീട്  സ്റ്റാലിന്റെ അതികിരാതമായ സ്വേച്ചാധിപത്യ നാളുകളായിരുന്നു സോവിയറ്റ് യൂണിയനിലും സമീപ പ്രദേശങ്ങളിലും. സ്വന്തമായി അല്പം കൃഷി ഭൂമിയുള്ള കര്‍ഷക തൊഴിലാളി കളായ കുളകുകളിലെ ആയിരങ്ങളെ കൊന്നു തള്ളിയും അഞ്ചു ലക്ഷത്തോളം  പേരെ മധ്യേഷ്യ യിലേക്കും സൈബീരിയ യിലേക്കും നാട് കടത്തിയും ആ കൃഷി ഭൂമിയെല്ലാം സ്റ്റേറ്റിന്റെതാക്കി മാറ്റി. നാട് കടത്തപ്പെട്ടവരില്‍ മുക്കാല്‍ ശതമാനം മാത്രമാണ് സൈബീരിയയിൽ എത്തിയപ്പോൾ  ബാക്കിയായത്. ലെനിന്‍ അവസാനിച്ചതോടെ സ്റ്റാലിന്റെ അടുത്ത ഉന്നം സ്വാഭാവികമായും ട്രോഡ് സ്കിയിലേക്ക് തിരിഞ്ഞു. പോളിറ്റ് ബ്യുറോ അംഗങ്ങളായ ഗ്രിഗറി സിനോവിച്ചിനെയും ലെവ് കാമിനെവിനെയും ഉപയോഗിച്ച് ട്രോഡ് സ്ക്കിക്കെതിരെ കരുക്കള്‍ നീക്കി.

ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദി ക്കാത്ത സ്വേച്ചാധിപതിയെന്നു ട്രോഡ് സ്കി സ്റ്റാലിനെ വിമര്‍ശിച്ചപ്പോള്‍ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കുകയാണ് ട്രോഡ് സ്കിയെന്നു സ്റ്റാലിനും വാദിച്ചു. സ്റ്റാലിന്റെ തനിനിറം വ്യക്തമാക്കാന്‍ ലെനിന്‍ സഖാക്കള്‍ ക്കായി എഴുതിയ ഒസ്യത്ത് പാര്‍ട്ടി സീ സിയില്‍ പ്രസിദ്ധപ്പെ ടുത്തണമെന്ന ആവശ്യവുമായി ട്രോഡ് സ്കിയും ലെനിന്റെ വിധവയും രംഗത്തു വന്നു. അതോടെ സ്റ്റാലിന്‍ ട്രോഡ് സ്കിയെ അധികാരത്തില്‍ നിന്നു പുറത്താക്കി കസാക്കി സ്ഥാനിലേക്ക് നാടുകടത്തി. പാര്‍ട്ടിയിലെ തന്റെ പ്രമാണിത്വം ഉറപ്പിക്കുക യായിരുന്നു സ്റ്റാലിന്‍.

ദ്രുതഗതിയിലുള്ള വ്യവസായ വല്‍ക്കരണ ത്തിന്റെ പേര് പറഞ്ഞു പിന്നീടങ്ങോട്ട് രാജ്യത്തെ തൊഴിലാളി കള്‍ക്ക് പീഡനങ്ങളുടെ ദുരിതകാലം സ്റ്റാലിന്‍ സമ്മാനിച്ചു. ഇരുന്നൂറും മുന്നൂറുമൊക്കെ ശതമാനം ഉത്പാദന ലക്‌ഷ്യം അടിച്ചേല്‍പ്പിച്ച് ടാര്‍ഗെറ്റ് എത്താന്‍ കഴിയാത്തവരെ ക്രൂരമായി പീഡിപ്പിക്കുന്ന ശൈലിയാണ് ഇയാള്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ വളര്‍ച്ചക്ക് വിഘാതമാകുന്ന ഒറ്റുകാരെന്നു പറഞ്ഞു ഒരുപാട് തൊഴിലാളികളെ വെടിവെച്ച് കൊന്നു. ഫാക്ടറിക്ക് മുന്നില്‍ ഓരോ തൊഴിലാളി യുടെയും ഉത്പാദന ക്ഷമത വലിയ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ച് അവരുടെ മനോവീര്യവും ഈ നരാധമന്‍ കവര്‍ന്നു. യുക്തി രഹിതമായ ഇത്തരം ടാര്‍ഗെറ്റുകളില്‍ എത്താന്‍ കഴിയാതെ മരവിച്ചു പോയ തൊഴിലാളികളെ പിടിച്ചു ബാള്‍ട്ടിക് കടലിടുക്കിലെയും സൈബീരിയന്‍ റെയില്‍ നിര്‍മാണ മേഖലയിലെയും അതി കഠിനമായ ജോലി സ്ഥലങ്ങളില്‍ കൊണ്ടു തള്ളി.

സ്റ്റാലിന്റെ തെമ്മാടിത്തത്തില്‍ മനം മടുത്ത പാര്‍ട്ടിയിലെ  ഒരു വിഭാഗം ട്രോഡ് സ്കിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന് പീ ബിയില്‍ ആവശ്യ മുന്നയിച്ചു. പാര്‍ട്ടിയിലെ ഇത്തരം വിമര്‍ശകരെ അറസ്റ്റ് ചെയ്തു വിചാരണ ചെയ്യാനാണ് സ്റ്റാലിന്റെ ആഹ്വാന മുണ്ടായത്. ഇതോടെ സ്റ്റാലിന്‍ അനുകൂലി യായിരുന്ന സെര്‍ഗി കിരോവ് അടക്കമുള്ളവര്‍ സ്റ്റാലിനെതിരെ രംഗത്ത് വന്നു. വ്യാവസായിക വല്‍ക്കരണ ത്തിന്റെയും കൃഷി ഭൂമി പിടിച്ചെടു ക്കലിന്റെയും ഭാഗമായി അന്യായമായി ജയിലിൽ അടക്കപ്പെട്ടവരെ ഉടന്‍ മോചിപ്പി ക്കണമെന്ന് ആവശ്യപ്പെട്ടു കിരോവ് പീ ബിയില്‍ തെറ്റു തിരുത്തല്‍ രേഖ കൊണ്ടുവന്നു. ഇതോടെ കിരോവിനെ അനുനയിപ്പിച്ചു കൂടെ നിര്‍ത്താന്‍ ലെനിന്‍ ഗ്രാഡില്‍ ആയിരുന്ന കിരോവിനെ സ്റ്റാലിന്‍ മോസ്കോ വിലേക്കു വിളിപ്പിച്ചെങ്കിലും ഇയാളുടെ നയങ്ങളെ പിന്താങ്ങാന്‍ കിരോവ് തയ്യാറായില്ല. തൊട്ടടുത്ത ഏതാനും നാളുകള്‍ക്കുള്ളില്‍  സെര്‍ഗി കിരോവ് ക്രൂരമായി വധിക്കപട്ടു. കൊലയുടെ  പിന്നില്‍ ട്രോഡ് സ്കിയുടെ ആളുകളാണെന്ന് പ്രചരിപ്പിച്ച സ്റ്റാലിന്‍ ‍നേരത്തെ തന്നെ സഹായിച്ച പീ ബി അംഗങ്ങളായിരുന്ന ഗ്രിഗറി സിനോവിച്ചിനെയും ലെവ് കാമിനെവിനെയും അടക്കം പതിനഞ്ചോളം പാര്‍ട്ടി ഉന്നതരെ തൂക്കിലേറ്റി.

NKVD  എന്ന സോവിയറ്റ് രഹസ്യ പോലിസിനെ ഉപയോഗിച്ച് പാര്‍ട്ടിയില്‍ തനിക്കെതിരെ സംസാരിക്കുന്ന മുഴുവന്‍ സഖാക്കളെയും അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു അവരെക്കൊണ്ട് ട്രോഡ് സ്കിയോടൊപ്പം ചേര്‍ന്നു രാജ്യദ്രോഹം ചെയ്തുവെന്ന് കള്ള കുറ്റസമ്മതം ചെയ്യിപ്പിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു  ശേഷം ഇവരെ യൊക്കെ തൂക്കിലേറ്റി പാര്‍ട്ടിയില്‍ തന്റെ ആധിപത്യം സ്റ്റാലിന്‍ ശക്തമാക്കി. അടുത്ത നീക്കം റെഡ് ആര്‍മി എന്ന തന്റെ സൈനിക ഗ്രൂപ്പിലേക്കായിരുന്നു. ജര്‍മ്മനിയുമായി ചേര്‍ന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തിയവര്‍ സൈന്യത്തിലുണ്ടെന്നു വരുത്തി തീര്‍ത്തു ഏതാണ്ട് 30,000 ആര്‍മി ഓഫീസര്‍മാരെ സ്റ്റാലിന്‍ വക വരുത്തി. മൊത്തം ഉന്നത ആര്‍മി ഓഫീസര്‍മാരുടെ പകുതിയോളം വരും ഈ സംഖ്യ.

എതിരാളികളെയും തന്റെ സ്ഥാനത്തിനു ഭീഷണിയായി വരാന്‍ സാധ്യതയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന സഖാക്കളെ യുമൊക്കെ അതി വിദഗ്ദ്ധമായി ഉന്മൂലനം ചെയ്യാന്‍ തനിക്കു ഉപകരണമായി വര്‍ത്തിച്ച NKVD എന്ന രഹസ്യ പോലിസ് ആയിരുന്നു സ്റ്റാലിന്റെ അടുത്ത ഉന്നം. തന്റെ യഥാര്‍ത്ഥ മുഖം ഒരിക്കലും അനാവരണം ചെയ്യപ്പെ ടരുതെന്ന നിര്‍ബന്ധം ആയിരുന്നു ഈയൊരു നീക്കത്തിന് പിന്നില്‍. NKVD യിലെ തന്റെ രഹസ്യങ്ങള്‍ അറിയാ വുന്നവരെ കശാപ്പു ചെയ്യാനുള്ള നീക്കത്തെ ന്യായീക രിക്കാന്‍ സ്റ്റാലിന്‍ ഒരു കഥയുണ്ടാക്കി. രാജ്യത്തെ ഒട്ടനവധി നിരപരാധികളുടെ കൂട്ട ക്കുരുതിക്ക് കാരണം രഹസ്യ പോലീസി നകത്തെ ചില ഫാസിസ്റ്റുകൾ ആണെന്നായിരുന്നു ഇയാള്‍ പടച്ചുവിട്ട നുണ. രഹസ്യ പൊലീസിനു എതിരെയുള്ള  ഈ നുണ ബോംബിനു ശേഷം മുഴുവന്‍ സീനിയര്‍ ഓഫീസര്‍ മാരെയും സ്റ്റാലിന്‍ കൊന്നു തള്ളി.

രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി ജര്‍മ്മനിയുമായുള്ള യുദ്ധത്തില്‍ ചെകുത്താനും കടലിനുമിടയില്‍ പെട്ട പരുവത്തിലായിരുന്നു സോവിയറ്റ് പട്ടാളം. ജര്‍മ്മന്‍ സൈന്യത്തിന്റെ കയ്യില്‍ പെട്ടാല്‍ ക്രൂരമായ പീഡനം; മറിച്ച്, പരിക്കുകളുമായി സ്വന്തം ക്യാമ്പിലേക്കു മടങ്ങിയെത്തിയാല്‍ കഴിവ് കെട്ടവനെന്ന മുദ്ര ചാര്‍ത്തി സ്റ്റാലിന്റെ ഓര്‍ഡര്‍ പ്രകാരം തലയ്ക്കു പിന്നില്‍ വെടി വെച്ച് കൊല്ലൽ. അതുകൊണ്ടു പരാജയം മണക്കു മ്പോൾ തന്ത്രപരമായ ഒരു പിന്മാറ്റം പോലും സാധ്യമാകാതെ ഓരോ സൈനികനും സ്വന്തം മരണം ഉറപ്പാക്കാതെ യുദ്ധ വഴിയില്‍ നിന്നു മാറാന്‍ കഴിയാത്ത അവസ്ഥ യിലായിരുന്നു.

രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജര്‍മനിയ്ക്കുമേല്‍ റഷ്യയ്ക്കു വിജയം നല്‍കുന്നതില്‍ പ്രധാന പങ്കു വഹിച്ച സൈനിക മുഖ്യന്‍ ഗോഗിഴുകോവിനെ തനിക്കൊരു പാരയായി വരുമോ എന്ന ഭയത്താല്‍ സ്റ്റാലിന്‍ അധികാരത്തില്‍ നിന്നു പുറത്താക്കി. പ്രായാധിക്യത്താല്‍ രോഗങ്ങള്‍കൊണ്ട് വലഞ്ഞു തുടങ്ങിയ സ്റ്റാലിന്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ സ്വാധീനിച്ച്  തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണ ത്തോടെ പി ബിയിലെ പല പ്രമുഖരെയും കശാപ്പു ചെയ്യാന്‍ രഹസ്യ പോലീസിനെ ചട്ടം കെട്ടിയെങ്കിലും അതിനു മുമ്പേ ഈ ശപിക്കപ്പെട്ടവന്‍ ചത്തു പോയതിനാല്‍ അതു നടന്നില്ല.

ലോക ചരിത്രത്തിലെ ഒട്ടേറെ ഭീകരതകളില്‍ മുന്നിട്ടു നില്‍ക്കുന്നത്   സ്റ്റാലിന്റെ കാലം തന്നെയാണ്. 7 ലക്ഷം പേരെയാണ്  തലയ്ക്കു പിന്നില്‍ വെടിയുതിര്‍ത്തു ഈ യുക്തിവാദി ഭീകരന്‍ കൊന്നത്. സോവിയറ്റ് യൂണിയനിൽ ഇയാൾ സംഘടിപ്പിച്ച നിർമ്മത കാമ്പയിനിൽ  ഏറ്റവും കൂടുതൽ നഷ്ടം ഏറ്റു വാങ്ങേണ്ടി വന്നത് റഷ്യൻ ഓർത്തഡോക്സ് വിഭാഗമാണ്.  ഈ വിഭാഗത്തിന്റെ പാതിരിമാരെ മിക്കവാറും സ്റ്റാലിൻ കൊന്നു തീർത്തു. 1937 ൽ മാത്രം 85000 ത്തോളം പാതിരിമാർ കൊല്ലപ്പെട്ടു. ചർച്ചിന്റെ പ്രസിദ്ധീ കരണങ്ങൾ നിരോധിച്ചു. സെമിനാരികൾ അടച്ചു പൂട്ടി. മുപ്പതിനായിര ത്തോളം ചർച്ചുകൾ ഉണ്ടായിരുന്നത് തകർത്തു അഞ്ഞൂറോളം ആക്കി.  

മുസ്ലീങ്ങളും സ്റ്റാലിനെ അനുഭവിച്ചു. ഇരുപതിനായിര ത്തോളം മുസ്ലിം പള്ളികൾ ഉണ്ടായിരുന്നത്  തകർത്തു 1930 കളിൽ അതു വെറും നാലായിര മാക്കി. 1935 കളിൽ അതു വെറും അറുപതോളം ആക്കി. അനേകായിരം മുസ്ലിം ഇമാമുമാരെ കൊന്നൊടുക്കി.   റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ പാതിരിമാരും കന്യാ സ്ത്രീകളുമടക്കം ഒരു ലക്ഷത്തോളം പേരെയും  ഭൂമി പിടിച്ചെടുക്കല്‍ കാലത്ത് കര്‍ഷകരായ മൂന്നു ലക്ഷത്തി എഴുപതി നായിരത്തോളം കുളകുകളെയും പോളണ്ട് അധിനിവേശ ക്കാലത്ത് 22000 ത്തോളം പേരെയും സ്റ്റാലിന്‍ വധിച്ചു. ഇതു കൂടാതെ രഹസ്യ പോലീസിനെ ക്കൊണ്ട് സ്വന്തം പാര്‍ട്ടി സഖാക്കളായ മൂന്നു ലക്ഷത്തോളം പേരെ ‍ കൊന്നൊടുക്കി. ഇങ്ങനെ ചരിത്രത്തില്‍ കുറിക്കപ്പെട്ടതും പെടാത്തതുമായ ഒന്നര കോടിയോളം  മനുഷ്യർ ഈ നര ഭോജിയുടെ കൊല വെറിക്ക്  ഇരയായി. ഒരു വലിയ നിലവിളിയായി ഇന്നും ലോക മനസ്സാക്ഷിക്കു മുന്നില്‍ ഇത് പ്രതി ധ്വനിക്കുന്നു.

സ്റ്റാലിന്റെ മരണ ശേഷം പാര്‍ട്ടി നേതൃത്വത്തിലും ഭരണത്തിന്റെ തലപ്പത്തു മെത്തിയ ക്രൂഷ്ചേവ്
പിന്നാലെ വന്ന ഇരുപതാം പാര്‍ട്ടി കോണ്ഗ്രസ്സില്‍ സഖാവ് സ്റ്റാലിന്റെ തനിരൂപം സഖാക്കള്‍ക്കു മുന്നില്‍ അനാവരണം  ചെയ്യുകയുണ്ടായി. ഭരണ കൂട ഭീകരതയുടെ പ്രതീകമായിരുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്നും ആളുകളെ മോചിപ്പിച്ചു. ക്യാമ്പിലെ പീഡാനുഭവങ്ങള്‍ ലോകത്തോടെ വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് നല്‍കി. അങ്ങനെയാണ് അലക്സാണ്ടര്‍ സോള്‍സെനിറ്റ്സന്‍ ലോക മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞ സ്റ്റാലിന്റെ  ക്രൂരതാ കഥകളുമായി  'ഇവാന്‍ ഡെനി സോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം'  എന്ന പുസ്തകം എഴുതുന്നത്‌. സ്റ്റാലിന്റെ പ്രതിമകളും ചിത്രങ്ങളും പൊതു നിരത്തുകളില്‍ നിന്നും തച്ചുടച്ചു മാറ്റിക്കളഞ്ഞ ക്രൂഷ്ചേവ് സ്റ്റാലിന്‍ ഗ്രാഡ് എന്ന പട്ടണത്തെ വോള്‍ഗ ഗ്രാഡ് എന്ന് പുനര്‍ നാമകരണം ചെയ്ത് റഷ്യന്‍ ജനതയുടെ പകല്‍ സ്വപ്നങ്ങളില്‍ പ്പോലും ഈ ഭീകരന്റെ ചിത്രം വരില്ലെന്ന് ഉറപ്പു വരുത്തി.

തീർത്തും നിരീശ്വര വാദിയായിരുന്ന ജോസഫ് സ്റ്റാലിൻ  നിരീശ്വര വാദത്തിൽ നിറഞ്ഞാടിയ  ഒരു  ഇസത്തിനു വേണ്ടി കാണിച്ചു കൂട്ടിയ ഭീകരതകളാണ് നാം വായിച്ചത്.  മതത്തിന്റെയും ദൈവ ത്തിന്റെയും പേരിലാണ് ലോകത്ത് ഏറ്റവും കൂടുതൽ സംഘർഷങ്ങൾ നടന്നത്  എന്നു തെറ്റായി വിലയിരു ത്തുമ്പോൾ  ഈ ചരിത്രങ്ങൾ കൂടി ഓർക്കുന്നത് നന്ന്. കൂടെ മാവോ യുടെയും പോൾ പൊട്ടിന്റേയും ക്രൂരതകളും മതത്തിനോ ദൈവ ത്തിനോ വേണ്ടി അല്ലാതെ വികസിത രാഷ്ട്രങ്ങൾ സംഘടിപ്പിച്ച ഒന്നും രണ്ടും ലോക മഹായുദ്ധ ചരിത്രങ്ങൾ കൂടി ചേർത്തു വെക്കുക. അപ്പോൾ ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ സംഘടി പ്പിക്കപ്പെട്ട സംഘർഷങ്ങളുടെ നിസാരത ബോധ്യപ്പെടും. നൊബേൽ സാഹിത്യ പുരസ്കാരം നേടിയ സോൾ സെനിറ്റ്‌സൻ  ലണ്ടനിൽ നൽകപ്പെട്ട സ്വീകരണത്തിൽ സ്റ്റാലിന്റെ ക്രൂരതകൾ വിവരിച്ച ശേഷം പറഞ്ഞു, "മനുഷ്യൻ ദൈവത്തെ മറന്നത് കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്". മത വിശ്വാസികളും ദൈവത്തെ മറക്കു മ്പോഴാണ് അനാവശ്യ സംഘർഷങ്ങൾ സംഘടിപ്പിക്കുന്നത്.  

അൻസാർ അലി നിലമ്പൂർ

7 June 2018

മുഹമ്മദ് നബിയുടെ പ്രണയം

ദാമ്പത്യത്തില്‍ പ്രണയമില്ലെങ്കില്‍ ഇടയ്ക്കിടെ  അതിന്റെ പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരിക്കും.    മുഹമ്മദ്‌ നബി(സ)യുടെ പ്രണയത്തെ കുറിച്ചു എഴുതണമെന്നു തോന്നി. അവിടുന്നല്ലോ  മനുഷ്യര്‍ക്ക്‌ മഹത്തായ മാതൃക. ഇരുപത്തി അഞ്ചു വയസുള്ളപ്പോഴാണ് മക്കയിലെ വന്‍ കച്ചവടക്കാരിയായ ഖദീജ(റ)ക്ക് വേണ്ടി മുഹമ്മദ് നബി  സിറിയയിലേക്ക് കച്ചവട യാത്ര നടത്തിയത്. കൂലിക്ക് വേണ്ടിയായിരുന്നു യാത്ര. കൂടെ ഖദീജയുടെ ഭൃത്യന്‍ മൈസറയും ഉണ്ടായിരുന്നു. കച്ചവട സംഘം തിരികെ വന്നപ്പോള്‍ യാത്രയില്‍ നബിയിലൂടെ വെളിപ്പെട്ട അത്ഭുതങ്ങളും നബിയുടെ കഴിവിനെയും സല്‍ സ്വഭാവത്തെയും സത്യ സന്ധതയെയും മാന്യതയെയും കുറിച്ചും മൈസറ ഖദീജയെ ധരിപ്പിച്ചു. ഉദ്ദേശിച്ചതിനെക്കാള്‍ ഇരട്ടി ലാഭം നബി ചെയ്ത കച്ചവടത്തില്‍ നിന്ന് ഖദീജക്ക് ലഭിക്കുകയും ചെയ്തു. എല്ലാം കൂടി ഖദീജക്ക് നബിയില്‍ വല്ലാത്തൊരു താല്‍പര്യം ഉണ്ടാക്കി.

അന്ന് ഖദീജ  സമ്പന്നയും കുലീനയും ഒന്നിലധികം പ്രാവശ്യം കല്യാണം കഴിക്കപ്പെടുകയും പ്രസവിക്കുകയും ചെയ്ത ഒരു  വിധവയായിരുന്നു. അവരെ പലരും വിവാഹം ആലോചിച്ചിരുന്നു എങ്കിലും ഇനി ഒരു വിവാഹം വേണ്ട എന്ന തീരുമാനത്തിലായിരുന്നു അവര്‍. നബിയെ കുറിച്ച് എല്ലാം കൂടി കേട്ടപ്പോള്‍ അവര്‍ക്ക് നബിയെ ഭര്‍ത്താവായി ലഭിച്ചാല്‍ കൊള്ളാമെന്ന് തോന്നി . അവര്‍ തന്നെയാണ് നബിയുടെ അടുത്തേക്ക് വിവാഹ ആലോചനയുമായി ആളെ പറഞ്ഞയച്ചതും. അവര്‍ നേരിട്ട് നബിയോട് ചോദിക്കുകയാണ് ചെയ്തതെന്നും ചരിത്രത്തില്‍ വായിച്ച ഓര്‍മ്മയുണ്ട്. ആലോചന കേട്ടപ്പോള്‍ നബി  ഒന്ന് മടിച്ചു. സമ്പന്നയായ ഖദീജയെ ഭാര്യയാക്കാന്‍ തക്ക സാമ്പത്തിക ശേഷി തനിക്കില്ല എന്നതായിരുന്നു അവിടുത്തെ  ടെന്‍ഷന്‍. അത് ആലോചനയുമായി ചെന്ന ആള്‍ തന്നെ പറഞ്ഞു തിരുത്തി. ഇങ്ങനെയാണ് നബിയാകുന്നതിനു മുമ്പ് തന്നെ പരിശുദ്ധനായിരുന്ന മുഹമ്മദ് നബി യുടെ ആദ്യ വിവാഹം നടന്നത്.

സത്യത്തില്‍ നബിയേക്കാള്‍ ഖദീജക്ക് കുറച്ചു കൂടുതല്‍ പ്രായമുണ്ടായിരുന്നു എങ്കിലും നബിയും ഖദീജയും തമ്മിലുള്ള ദാമ്പത്യത്തില്‍ അതൊരു  പ്രശ്നവും ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല അത്യധികം പ്രേമ നിബദ്ധമായിരുന്നു അവരുടെ ജീവിതം. ഇരുവരും തമ്മില്‍ ചെറിയ അസ്വാരസ്യം ഉണ്ടായതായി പ്പോലും ഒരു ചരിത്രവുമില്ല. ശരിക്കും പ്രണയം തന്നെ ആയിരുന്നു അവരുടെ ജീവിതം. ഖദീജ മരിക്കുന്നത് വരെ നബി മറ്റൊരു വിവാഹം കഴിച്ചില്ല. നീണ്ട ഇരുപത്തി അഞ്ചുവര്‍ഷം ആ ദാമ്പത്യം നിലനിന്നു. ആറു മക്കള്‍ പിറന്നു. തന്‍റെ അറുപത്തി അഞ്ചാം വയസ്സില്‍ ഖദീജ നിര്യാതയായി. നബി ക്ക് അപ്പോള്‍ അമ്പതു വയസ് പ്രായം. ഖദീജ  മരിച്ച വര്‍ഷത്തെ നബി ദുഖവര്‍ഷം എന്ന് വിശേഷിപ്പിച്ചതില്‍ നിന്ന് തന്നെ നബി എത്രമാത്രം ഖദീജയെ പ്രേമിച്ചിരുന്നു എന്ന് വ്യക്തമാണ്.

ഖദീജയുമായുള്ള ബന്ധം പതിനഞ്ചു വര്‍ഷം പിന്നിട്ടപ്പോഴാണ് നബിയില്‍ അല്ലാഹു ഏകാന്തവാസത്തോട് താല്പര്യം ഉണ്ടാക്കിയത്. അതിനുവേണ്ടി ഖദീജ ഭക്ഷണവും വെള്ളവും ഒരുക്കി കൊടുത്തു ഭര്‍ത്താവിനോട് സഹകരിച്ചു. ഭര്‍ത്താവില്‍ സംഭവിക്കുന്ന ആത്മീയ മാറ്റങ്ങളെല്ലാം അവര്‍ ഉള്‍ക്കൊണ്ടു. ഏകാന്ത വാസത്തിനൊടുവില്‍ നബിക്ക് വെളിപാട് ലഭിച്ചു നബിയായി. ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകനായി നിയമിക്കപ്പെട്ടിരിക്കുന്നു എന്ന് ആരോട് പറഞ്ഞാലും അവിശ്വസിക്കപ്പെടുന്ന ആ കാലത്ത് നബിയില്‍ ആദ്യം വിശ്വസിച്ച് മുസ്ലിമായത് ഖദീജ തന്നെ ആയിരുന്നു. അവര്‍ക്കവരുടെ ഭര്‍ത്താവ് ഒരിക്കലും കളവു പറയില്ലെന്ന വിശ്വാസം ഉറച്ചതായിരുന്നു. 

ഹിറാ ഗുഹയില്‍ വെച്ച് ജിബ്രീല്‍ മാലാഖയെ കണ്ടു പേടിച്ചു പനിച്ചു ഓടിവന്ന നബിയെ പുതപ്പിച്ചു കൊടുത്ത് അവര്‍ ആശ്വസിപ്പിക്കുന്നത് പ്രണയ ചരിത്രത്തില്‍ തുല്യതയില്ലാത്ത വാക്കുകളിലൂടെയാണ്. "ഇല്ല, താങ്കളെ അല്ലാഹു വിഷമിപ്പിക്കില്ല, താങ്കള്‍ അയല്‍വാസികളെ സ്നേഹിക്കുന്നു, പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നു, കുടുംബ ബന്ധങ്ങള്‍ പരിപാലിക്കുന്നു, അതിഥികളെ ആദരിക്കുന്നു , ജനങ്ങളുടെ മേലുള്ള ഭാരങ്ങള്‍ ഇറക്കി വെക്കുന്നു, ഇങ്ങനെയുള്ള താങ്കളെ അല്ലാഹു എങ്ങനെ കൈവിടാനാണ്" എന്നൊക്കെ ഖദീജ പറഞ്ഞതായി ചരിത്രത്തില്‍ വായിക്കാം. തന്നെക്കാള്‍ സ്ഥാനവും സമ്പത്തും കുറഞ്ഞ, ഒരു കാലത്ത് വെറും ആട്ടിടയനായിരുന്ന തന്‍റെ ഭര്‍ത്താവിനെ അവര്‍ അത്യധികം സ്നേഹിച്ചു.

ഇസ്ലാമിക പ്രചരണത്തിന് നബിക്ക് ഖദീജ വലിയ പ്രേരണയും പ്രചോദനവും സഹായവും ആയിരുന്നത് ചരിത്രങ്ങളില്‍ വായിക്കാം. ആദ്യ കാലത്ത് ഇസ്ലാം സ്വീകരിച്ച പാവപ്പെട്ട മുസ്ലീങ്ങളെ ഖദീജ  ഊട്ടുകയും ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ കഷ്ടപ്പെട്ട അടിമകളെ അവര്‍ പണം നല്‍കി മോചിപ്പിക്കുകയും ചെയ്തു. ഖദീജയുടെ കുടുംബ ബലവും കുലീനതയും നബിക്ക് പ്രബോധന രംഗത്ത്‌ വലിയ സഹായകമായി. മരിക്കുന്നത് വരെ അവര്‍ ഭര്‍ത്താവിനു വലിയ സഹായമായി നിലകൊണ്ടു.

ഖദീജ മരിച്ച ശേഷം നബി വേറെ വിവാഹം ചെയ്തെങ്കിലും എന്നും നബിക്ക് ഖദീജ  ഒരു പ്രേമ വികാരം തന്നെ ആയിരുന്നുവെന്ന് പിന്നീട് അവിടുന്ന് ഖദീജയെ കുറിച്ച് പറഞ്ഞതില്‍ നിന്നെല്ലാം മനസിലാക്കാം. ഒരിക്കല്‍ നബി  അവിടുത്തെ പത്നി ആഇഷയോട് ഖദീജയെ കുറിച്ച് പറഞ്ഞപ്പോള്‍ ആഇഷയുടെ പ്രതികരണം അവര്‍ ഒരു കിഴവി ആയിരുന്നില്ലേ, അവരെക്കാള്‍ മികച്ച ഭാര്യയെ അല്ലാഹു താങ്കള്‍ക്ക് പകരം നല്‍കിയല്ലോ എന്നായിരുന്നു. അതിനു നബി പറഞ്ഞ മറുപടി ആഇഷയെ നിശബ്ദയാക്കി. അവിടുന്ന് പറഞ്ഞു: "ഇല്ല, ഖദീജയെക്കാള്‍ മികച്ച ഒരു ഭാര്യയെ അല്ലാഹു എനിക്ക് പകരം നല്‍കിയിട്ടില്ല, ജനം എന്നെ നിരസിച്ചപ്പോള്‍ ഖദീജ എന്നെ സ്വീകരിച്ചു, ജനം എന്നെ സംശയിച്ചപ്പോള്‍ ഖദീജ എന്നില്‍ വിശ്വസിച്ചു, ജനം എന്നെ ഉപരോധിച്ചപ്പോള്‍ ഖദീജ അവളുടെ സമ്പത്ത് എനിക്ക് നല്‍കി, അല്ലാഹു ഖദീജയിലൂടെ മാത്രം എനിക്ക് കുട്ടികളെ നല്‍കി". 

നബി ഖദീജയെ കുറിച്ച് പറയുമ്പോള്‍ എനിക്ക് ഖദീജയോട് അസൂയ തോന്നിയിരുന്നു എന്ന് ആഇഷ  പറഞ്ഞതും ചരിത്രത്തില്‍ വായിക്കാം. "താങ്കള്‍ക്ക് എപ്പോഴും ഖദീജയാണല്ലോ വലിയ കാര്യം" എന്ന് ഒരിക്കല്‍ ആഇഷ പറഞ്ഞപ്പോള്‍ നബി  അത് ശരിവെച്ചു കൊണ്ട് "അതെ അല്ലാഹു ഖദീജയോടുള്ള പ്രേമം എന്‍റെ മനസില്‍ പരിപാലിച്ചിരിക്കുന്നു" എന്ന് പറയുകയുണ്ടായി. മറ്റൊരിക്കല്‍ "ഖദീജ ഉത്തമ മാതാവും സുശീലയായ ഗൃഹ നായികയുമായിരുന്നു'' എന്ന് നബി  പറഞ്ഞതും ചരിത്രത്തില്‍ വായിക്കാം.  അവരോടുള്ള  ആദരവ്  കൊണ്ട്  അവരുടെ  മരണ  ശേഷം  നബി  ബലി നടത്തുമ്പോൾ  അതിൽ  നിന്ന്  അവരുടെ  കൂട്ടുകാരികൾക്ക്  മാംസം കൊടുത്തയച്ചിരുന്നതായും  ഹദീസുകളിൽ  വായിക്കാം. 

അൻസാർ  അലി  നിലമ്പൂർ

മുഹമ്മദ് നബിയുടെ രൂപം

മുഹമ്മദ് നബി(സ) യുടെ    ശാരീരിക  രൂപത്തെ  സംബന്ധിച്ചു  റിപ്പോർട്ട്  ചെയ്യപ്പെട്ട ചില ഹദീസുകൾ പരിചയപ്പെടുത്തുകയാണ്  ഇവിടെ;

1) അബൂഹുറൈറ(റ) വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: "റസൂല്‍ (സ) നല്ല വെളുത്ത ആളായിരുന്നു" (മുസ്ലിം, തിര്‍മിദി)

2 ) അബൂ ഇസ്ഹാക്ക്(റ) വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: "ഒരാള്‍ ബറാഅ(റ) വിനോട് ചോദിച്ചു: "റസൂല്‍(സ) യുടെ മുഖം തിളക്കത്തില്‍ വാളു പോലെ ആയിരുന്നോ...? ബറാഅ (റ) പറഞ്ഞു: "അല്ല ചന്ദ്രനെ പോലെ ആയിരുന്നു" (ബുഖാരി, മുസ്ലിം)

3 ) ജാബിര്‍ ബിന്‍ സമുറ(റ) വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: "പൂര്‍ണ ചന്ദ്രന്‍ പ്രകാശിച്ചു നില്‍ക്കുന്ന രാത്രിയില്‍ ഞാന്‍ യമനില്‍ നിര്‍മിച്ച ചുവപ്പും കറുപ്പും വരകള്‍ ഉള്ള വസ്ത്രമണിഞ്ഞ റസൂലിനെ കാണുകയുണ്ടായി. ഞാന്‍ റസൂലിനെയും പൂര്‍ണ ചന്ദ്രനേയും മാറി മാറി നോക്കി. റസൂലിനെയായിരുന്നു എനിക്ക് പൂര്‍ണ ചന്ദ്രനേക്കാള്‍ സൌന്ദര്യമുള്ളതായി തോന്നിയത്"  (തിര്‍മിദി, ഹാകിം)

4) ബറാഅ(റ) വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു :"റസൂല്‍(സ) ശരാശരി ഉയരമുള്ളവരായിരുന്നു. എപ്പോഴും മുടി ചീകി ഒതുക്കിയിരുന്നു. അവിടുത്തെ  ഇരു ചുമലുകളും വിശാലമായിരുന്നു. ചെവിക്കുറ്റി വരെ തിങ്ങി നില്‍ക്കുന്ന മുടിയുള്ളവരായിരുന്നു. യമനില്‍ നിര്‍മിച്ച ചുവപ്പും കറുപ്പും വരകള്‍ ഉള്ള വസ്ത്രമണിഞ്ഞ റസൂലിനെക്കാള്‍ സൌന്ദര്യമുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല" (മുസ്ലിം, തിര്‍മിദി)

5) അനസ്(റ) വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: "റസൂല്‍(സ) ശരാശരി ഉയരക്കാരനായിരുന്നു. നീണ്ടവരോ കുറിയവരോ ആയിരുന്നില്ല. ഭംഗിയുള്ള ശരീരമുള്ളവരായിരുന്നു. അവിടുത്തെ മുടി  മുടി നീണ്ടതോ ചുരുണ്ടതോ ആയിരുന്നില്ല. അവിടുത്തേക്ക്   ഇളം ചുവപ്പ് നിറമായിരുന്നു. നടക്കുമ്പോള്‍ മുന്നോട്ടല്‍പം ചാഞ്ഞിരുന്നു" (തിര്‍മിദി)

6 ) അലി(റ) വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: "റസൂല്‍(സ) നീണ്ടവരോ കുറിയവരോ ആയിരുന്നില്ല. കരുത്തുള്ള കൈകളും കാലുകളും ഒത്ത തലയും തടിച്ച സന്ധിയെല്ലുകളും രോമാവൃതമായ  നെഞ്ചുള്ളവരുമായിരുന്നു. നടക്കുമ്പോള്‍ ഉയരങ്ങളില്‍ നിന്ന് ഇറങ്ങി  വരുന്ന  പോലെ മുന്നോട്ടു അല്‍പം ചാഞ്ഞിരുന്നു. റസൂലിനെ പോലെ ഒരാളെ മുമ്പോ പിമ്പോ ഞാന്‍ കണ്ടിട്ടില്ല" (തിര്‍മിദി, അഹ് മദ്)

7) ജാബിര്‍ ബിന്‍ സമുറ(റ) വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: "റസൂല്‍(സ) ഒത്ത വായയുള്ള ഇളം ചുവപ്പ് കലര്‍ന്ന നിറമുള്ള വെളുത്ത കണ്ണുകള്‍ ഉള്ള മെലിഞ്ഞ മടമ്പോടു കൂടിയ ആളായിരുന്നു. ഈ ഹദീസിന്‍റെ നിവേദകരില്‍ പെട്ട ശുഅബ(റ) അദ്ദേഹത്തിന്‍റെ മുകളിലെ നിവേദകന്‍ സമ്മാക്ക്(റ) വിനോട് ചോദിച്ചു: "എന്താണ് ഒത്ത വായുള്ള എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്...? സമ്മാക്ക് (റ) പറഞ്ഞു: "പ്രൌഡമായ വായുള്ളവന്‍". അദ്ദേഹം വീണ്ടും ചോദിച്ചു: "ഇളം ചുവപ്പ് കലര്‍ന്ന വെളുത്ത കണ്ണുകള്‍ കൊണ്ടോ...?.  സമ്മാക്ക്(റ) പറഞ്ഞു: "വിശാലമായ കണ്ണുകള്‍" അദ്ദേഹം വീണ്ടും ചോദിച്ചു: "എന്താണ് മെലിഞ്ഞ മടമ്പ്...? സമ്മാക്ക് (റ) പറഞ്ഞു: "കാല്‍ മടമ്പില്‍ മാസം കുറഞ്ഞവന്‍" (മുസ്ലിം, തിര്‍മിദി)

ദുർബലതകൾ  ഒന്നുമില്ലാത്ത ഹദീസുകളാണ് മുകളിൽ കൊടുത്തവ. ഇൻഷാ അല്ലാഹ് സമയം കിട്ടുമ്പോൾ  ഈ വിഷയത്തിലുള്ള ഹദീസുകളുടെ എണ്ണം വർധിപ്പിക്കാം. 

അൻസാർ അലി നിലമ്പൂർ

6 June 2018

മുഹമ്മദ് നബിയുടെ വരുമാനം

ഒരു യുക്തിവാദി സഹോദരന്‍ മുഹമ്മദ് നബിയുടെയും കുടുംബത്തിന്‍റെയും വരുമാന മാര്‍ഗത്തെ കുറിച്ച് തനി നിന്ദയോടെ എഴുതിയത് വായിക്കാനിടയായി.  ആ സഹോദരനെ മുഹമ്മദ്‌ നബി  എന്താണ് ചെയ്തത് എന്ന് മനസ്സിലായില്ല. യുക്തിവാദി സഹോദരങ്ങളെ, നിങ്ങള്‍ മുഹമ്മദ്‌ നബിയെ വിമര്‍ശിച്ചു കൊള്ളൂ, എന്തിനാണ് വൃത്തികെട്ട ശൈലിയില്‍ നിന്ദിക്കുന്നത്. അതിന്‍റെ ആവശ്യം എന്താണ് എന്ന് മനസ്സിലാകുന്നില്ല. അത് നിങ്ങളുടെ ഒരു പൊതു അജണ്ടയാണോ...?.  പ്രസ്തുത യുക്തിവാദി സഹോദരന് ഒരു മറുപടി കൊടുക്കാം എന്ന് കരുതി. 

എന്തായിരുന്നു മുഹമ്മദ്‌ നബിയുടെ  വരുമാന മാര്‍ഗം....?. മുസ്ലിമീങ്ങള്‍ക്ക് തന്നെ അറിയാത്ത പോലാണ് അക്കാര്യം. ഭൂരിപക്ഷം മുസ്ലീങ്ങളുടെ മനസ്സിലും മുഹമ്മദ് നബി   ഒരു പട്ടിണി കഥാപാത്രമാണ്. പട്ടിണി അവിടുത്തെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇല്ലെന്നു പറയുന്നില്ല. പക്ഷെ എന്നും വെറും പട്ടിണിയും  കൊണ്ടായിരുന്നില്ല മുഹമ്മദ് നബിയും  കുടുംബവും ജീവിച്ചത്. മുഹമ്മദ് നബി  ഒരിക്കലും ഇസ്ലാമിനെ വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്നില്ല എന്ന് നമുക്കറിയാം. പള്ളീയില്‍ ഇമാം ആയതിനും ഖാളി ആയതിനും  രാഷ്ട്രം ഭരിച്ചതിനും ജനത്തെ ഖുര്‍ആന്‍ പഠിപ്പിച്ചതിനും... ഒന്നിനും   പ്രവാചകന്‍  കൂലി വാങ്ങിയ ചരിത്രമില്ല. എനിക്കുള്ള കൂലി അല്ലാഹുവിങ്കല്‍ ആണ് എന്ന് പ്രഖ്യാപിക്കാനാണ് ഖുര്‍ആന്‍ പ്രവാചകനോട് പറഞ്ഞത്.

മുഹമ്മദ് നബി  എങ്ങനെ ജീവിത വരുമാനം കണ്ടെത്തി എന്ന് ചരിത്രത്തില്‍ നിന്ന് പഠിക്കുക തന്നെ വേണം. ഹദീസുകളില്‍ ഇല്ലാത്ത ഒന്നും പറയാന്‍ എനിക്ക് ഉദ്ദേശ്യമില്ല. ചെറുപ്പത്തില്‍ മുഹമ്മദ് നബിക്ക്  ജോലി ഖുറൈഷി പ്രമാണിമാരുടെ ആട് മേയ്ക്കല്‍ ആയിരുന്നു. മറ്റു പല പ്രവാചകന്മാരെ പോലെയും കൂലി  വാങ്ങി തന്നെയാണ് അത് ചെയ്തത്. അവിടുന്നു  വലുതായപ്പോള്‍ മറ്റു ഖുറൈശികളെ പോലെ കച്ചവടം ചെയ്യാന്‍ തുടങ്ങി. ഖുറൈശികൾ മൊത്തത്തിൽ  അന്ന് കച്ചവടക്കാരാണ്. മുഹമ്മദ് നബി  കൂലിക്ക് കച്ചവടം ചെയ്തു, അല്ലാതെയും  ചെയ്തു. അങ്ങനെ ഒരു കച്ചവട ഇടപാടിനു ഇടയിലാണ് ഖദീജ(റ)യെ വിവാഹം ചെയ്തത്. അവര്‍   പണക്കാരി ആയിരുന്നു. അപ്പോള്‍ മുഹമ്മദ്   നബിക്ക് ബിസിനസ് ഒന്നൂകൂടി എളുപ്പായി. ഖദീജ നബിയോട് കാണിച്ച സഹകരണം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. മദീന ഹിജ്രക്ക് മുമ്പുവരെ മുഹമ്മദ് നബിക്ക്   കച്ചവടവും കച്ചവട യാത്രകളും തന്നെ ആയിരുന്നു ഉപജീവന മാര്‍ഗം .

ഹിജ്ര ചെയ്തു മുഹമ്മദ് നബി   മദീനയില്‍ എത്തിയല്ലോ. അവിടെയുള്ളത് അന്‍സാരികള്‍ (റ) ആണ്.  മക്കയില്‍ നിന്ന് ഹിജ്ര ചെയ്തു വന്നവരെ സ്വന്തം ജീവനായി കരുതി സംരക്ഷിച്ച ടീമാണ് അവര്‍, മുഹമ്മദ്  നബിക്ക് വേണ്ടി ജീവന്‍ കളയാന്‍ തയാറായവര്‍. അതിനാൽ    മുഹമ്മദ്   നബിക്ക് വേണ്ട ഭക്ഷണവും വസ്ത്രവും മറ്റു സൌകര്യങ്ങളും  ഒരു പ്രശ്നമെ  ആയില്ല.   നബിയുടെ കാര്യങ്ങള്‍ മുഴുവന്‍ അബൂ അയൂബില്‍ അന്‍സാരി(റ) ഏറ്റെടുത്തു നടത്തി. എന്നാലും മറ്റു അന്‍സാരികള്‍ ചുമ്മാ ഇരുന്നില്ല. അവര്‍ പ്രവാചകന് വേണ്ടി നിരന്തരം ഭക്ഷണം പാചകം ചെയ്തും മറ്റു സമ്മാനങ്ങള്‍ നല്‍കിയും പോന്നു.

സകാത്ത് പ്രവാചകന് അല്ലാഹു നിഷിദ്ധമാക്കി. കാരണം പറഞ്ഞത് അത് ജനത്തിന്‍റെ സമ്പത്തിലെ മാലിന്യമാണ് എന്നായിരുന്നു. നബിക്കും    പള്ളിയില്‍ താമസിച്ചിരുന്ന എഴുപത്തി ചില്വാനം അഗതികള്‍ക്കും ഭക്ഷണവും വസ്ത്രവും അന്‍സാരികള്‍ നല്‍കിപ്പോന്നു. ഡെയിലി പ്രവാചകന് പാല്‍ എത്തിച്ചു കൊടുത്തിരുന്ന ഒരു സ്വഹാബി ഉണ്ടായിരുന്നു. നബിക്ക് കിട്ടിയ സമ്മാനങ്ങളുടെ കൂട്ടത്തില്‍ കറവ ആടുകളും ഒട്ടകങ്ങളുമായിരുന്നു കൂടുതല്‍. അവയുടെ പാല്‍ കൊണ്ട് തന്നെ പ്രവാചക കുടുംബം സുഭിക്ഷമായി ജീവിച്ചു പോന്നു. സമ്മാനം കിട്ടുന്ന പോലെ തന്നെ നബി  എമ്പാടും  സമ്മാനം തിരിച്ചും  കൊടുത്തു.  അവിടുത്തേക്ക്‌ സമ്പത്ത് കൂട്ടി വെക്കുന്നത് ഇഷ്ടമായിരുന്നില്ല. ചില പ്രവാചക പത്നിമാര്‍ സമ്പന്നകള്‍ ആയിരുന്നു. അവരില്‍ തോട്ടങ്ങള്‍ ഉള്ളവര്‍ ഉണ്ടായിരുന്നു. അല്ലാത്ത സമ്പത്ത് ഉള്ളവരും ഉണ്ടായിരുന്നു.

മദീനയില്‍ പ്രവാചകന്‍ ആയിരിക്കെ തന്നെ മുഹമ്മദ് നബി  കച്ചവടങ്ങള്‍ നടത്തിയതും ഹദീസില്‍ കാണാം. പ്രവാചകന്‍ യുദ്ധം ചെയ്തു. എല്ലാ പടയാളികളെയും പോലെ പ്രവാചകനും യുദ്ധ മുതല്‍ ഓഹരി കിട്ടി. യുദ്ധം കുറെ നടന്നല്ലോ. വിജയങ്ങളും എമ്പാടും ഉണ്ടായി. ഉഹുദു യുദ്ധത്തില്‍ മുസ്ലീങ്ങളുടെ ഭാഗത്ത്‌ നിന്നുകൊണ്ട് ഒരു ജൂതന്‍ മുസ്ലീങ്ങളെ സഹായിക്കാന്‍ വേണ്ടി യുദ്ധം ചെയ്തിരുന്നു. ആ മഹാന്‍ അവസാനം മുസ്ലിമായി എന്നും ചരിത്രമുണ്ട് .  അദ്ദേഹം വലിയ സമ്പന്നന്‍ ആയിരുന്നു. മുഖൈരിഖ് (റ) എന്നായിരുന്നു പേര്‍. അദ്ദേഹം യുദ്ധത്തില്‍ രക്തസാക്ഷി ആയപ്പോള്‍ നബിക്ക് തന്‍റെ ഏഴു തോട്ടങ്ങള്‍ സമ്മാനം നല്‍കിയാണ്‌ മരിച്ചത്. അത് മതിയായിരുന്നു പ്രവാചകനും കുടുംബത്തിനും ജീവിക്കാന്‍. പക്ഷെ മുഹമ്മദ് നബി  ദാരിദ്ര്യം ഭയക്കാതെ അടിച്ചു വീശുന്ന കാറ്റിനെ പോലെ ധര്‍മ്മം ചെയ്തു.  ഒരിക്കല്‍ ജമാഅത് നമസ്കാരം കഴിഞ്ഞ് എണീറ്റ്‌ ഓടിയ നബിയോട് സ്വഹാബികള്‍ എവിടെപ്പോയെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി  സമ്മാനം കിട്ടിയ സ്വര്‍ണ്ണം ദാനം ചെയ്യാന്‍ പോയാതാണ്  അത് നമസ്കാരത്തില്‍ നിന്ന് തന്റെ   ശ്രദ്ധ തെറ്റിച്ചു എന്നായിരുന്നു. 

കിട്ടിയ വരുമാനത്തേക്കാള്‍ അധികമായി ദാനം നല്‍കുന്ന സ്വഭാവം ആയതുകൊണ്ട് പ്രത്യേകിച്ച് വമ്പിച്ച സ്വത്തുക്കള്‍ ഒന്നും ബാക്കി  വെക്കാതെയാണ് മുഹമ്മദ് നബി  വഫാതായത്. അവിടുന്ന് വമ്പിച്ച പട്ടിണി അനുഭവിച്ചു ജൂതന്‍റെ അടുക്കല്‍ നിന്ന്  കടം മേടിച്ചിട്ടുണ്ട്. അതുപോലെ തന്നെ  സുഭിക്ഷതയും അനുഭവിച്ചിട്ടുണ്ട്. മുഹമ്മദ് നബി  സമ്പൂര്‍ണ്ണ മനുഷ്യനായിരുന്നു. ജീവിതത്തിലെ എല്ലാം അനുഭവിച്ച പച്ച മനുഷ്യന്‍. അവിടുന്ന് ബാക്കി വെച്ചു പോയ ധനം ഇസ്ലാമിക ജ്ഞാനമാണ്. അതിന്‍റെ അനന്തരക്കാര്‍  പണ്ഡിതര്‍ ആണ് എന്ന് അവിടുന്ന് പഠിപ്പിച്ചു (തിര്‍മിദി). 

അൻസാർ അലി നിലമ്പൂർ