Showing posts with label സോഷ്യോളജി. Show all posts
Showing posts with label സോഷ്യോളജി. Show all posts

6 September 2018

നല്ല മതം എങ്ങനെ കണ്ടെത്താം..?

കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ച നാരായണ ഗുരു ചിന്തിച്ചു കണ്ടെത്തിയ ആശയമാണ് മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നത്. എല്ലാ മതങ്ങളും നല്ലതാണ്, എല്ലാം ദൈവത്തിലേക്ക് എത്തിക്കുന്നു എന്ന് ചിലർ പറയുന്നു. സർവ മത സത്യ വാദത്തിന്റെ ആളുകളെ നാം കണ്ടിട്ടുണ്ട്. മതങ്ങൾ കൂട്ടിക്കുഴച്ചു ആചരിക്കുന്ന വരെയും കണ്ടിട്ടുണ്ട്. എല്ലാ മത വിശ്വാസികളും തങ്ങളുടെ മതമാണ് സത്യമെന്നും നല്ലതെന്നും വിശ്വസി ക്കുന്നു. ഇങ്ങനൊക്കെ ആണെങ്കിലും അനുയായികൾ അല്ലാത്ത ആര് പരിശോധിച്ചാലും ചില മതങ്ങൾ ശരിയല്ല എന്ന് മനുഷ്യർക്ക് തോന്നാറുണ്ട്. പല മതങ്ങൾ ഉണ്ടല്ലോ, അവയിൽ ഏതു മതമാണ് ശരിയെന്ന് നിരീശ്വര വാദികൾ ചോദിക്കുന്നു. മതം കുറെ മനുഷ്യരുടെ പൊതു ബോധമാണ്. അവരുടെ ഒഴുക്കിന് അനുസരിച്ച് നീന്തേണ്ട സ്ഥിതി ഉള്ളപ്പോൾ യുക്തിമാനായ ഒരാൾക്ക്  ബോധ പൂർവം തെരഞ്ഞെടു ക്കേണ്ട ഒന്നായി മതം മാറുന്നു.

അവനവൻ ആചരിക്കുന്ന മതം തന്നെ ചീത്ത ആണെങ്കില്‍ ആ മതം അനുസരിച്ച് ജീവിക്കുന്ന മനുഷ്യന്‍ എങ്ങനെ നന്നാകും എന്നതൊരു ചോദ്യമാണ്. മതം നന്നാകാതെ മതാനുയായി നന്നാവില്ല എന്ന് തോന്നുന്നു. കഴിഞ്ഞ കാലങ്ങളിൽ മനുഷ്യർ പല മതങ്ങളും ആചാരങ്ങളും നിർമ്മിച്ചു. കാല ക്രമേണ അതിൽ പലതും ഇല്ലാതായി, പലതും ഉണ്ടായി. യുക്തിപരമല്ലാത്ത പല മതങ്ങളും ആചാരങ്ങളും ഉൾക്കൊള്ളാൻ കഴിയാത്ത കാരണം മനുഷ്യരിൽ നിർമ്മതർ ഉണ്ടായി. ഒരു മതം സ്വീകരിച്ചു ജീവിക്കണം എന്നു താല്പര്യമുള്ളവർ മതങ്ങളെ താരതമ്യം ചെയ്ത് പഠിക്കൽ സ്വാഭാവികമാണ്. ഇതിൽ ഒരു മാനദണ്ഡം ആണ് ഓരോ മതവും എത്രത്തോളം ആത്മ പീഡനത്തെ സപ്പോട്ട് ചെയ്യുന്നു എന്നത്. മനുഷ്യൻ സ്വയം പീഡിപ്പിച്ചാൽ മാത്രമെ ദൈവം പ്രസാദിക്കൂ എന്ന സങ്കല്പത്തെ ഓരോ മതങ്ങളും എത്രത്തോളം പിന്തുണ ക്കുന്നു എന്നാണ് പരിശോധിച്ചു നോക്കേണ്ടത്.

ഒരിക്കല്‍ തമിഴ്നാട്ടില്‍ കൂടി ഞാൻ ബൈക്കില്‍ പോകുമ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരു മത ഘോഷ യാത്ര കടന്നു പോവുകയാണ്. അതിനു മുന്നിലായി ചില മനുഷ്യരെ തൊലിയില്‍ കൂടി ഇരുമ്പിന്റെ കൊളുത്തുകളില്‍ കൊളുത്തി കെട്ടി തൂക്കിയിരിക്കുന്നു. അവര്‍ ഉയരത്തില്‍ തൂങ്ങി ആടുന്നു. ചോര ധാര ധാരയായി ഒലിക്കുന്നു. പിന്നാലെ മദ്യപിച്ചു കാതടിപ്പിക്കുന്ന ശബ്ദത്തില്‍ കുറേ പേർ ചെണ്ട മുട്ടി ആടി കളിക്കുന്നു. ഇതൊരു കൂട്ടരുടെ മത ആചാരമാണ്. ഈ സ്വയം പീഡന ആചാരം കണ്ടതിനു ശേഷം ഓരോ മതങ്ങളിലും സംസ്കാരങ്ങളിലും കാണപ്പെടുന്ന സ്വയം പീഡന ആചാരങ്ങളെ കുറിച്ചു എനിക്ക് പഠിക്കാൻ തോന്നി.

ഇതു പോലെ മറ്റൊരു സംഭവം ആണ് ശീഇകളുടെ ആശൂറാ ആചാരം. മുഹമ്മദ് നബിയുടെ പൗത്രൻ കൊല്ല പ്പെട്ടതിലുള്ള ദുഃഖാചാരമായി അവർ ആശൂറാ ദിവസം കത്തിയും വാളും മുള്ളുകൾ പിടിപ്പിച്ച ഇരുമ്പിന്റെ ചങ്ങലയും കൊണ്ടു സ്വശരീരം മുറിവ് ആക്കുകയും രക്തം ഒഴുക്കി കളയുകയും വേദന അനുഭവിക്കുകയും ചെയ്യുന്നു. ചില ക്രിസ്ത്യൻ വിഭാഗങ്ങൾ ദുഃഖ വെള്ളിയാഴ്ച ദിവസം ഫിലിപ്പീൻസിലും മെക്സി ക്കോയിലും ഇതു പോലെ സ്വയം പീഡനം നടത്തുന്നു. ഒരു കാലത്ത് ഇന്ത്യയിലും മറ്റു ചില രാജ്യങ്ങളിലും സതി എന്നൊരു മത ആചാരം ഉണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ചാൽ അല്ലെങ്കിൽ കൊല്ലപ്പെട്ടാൽ ഭാര്യ ആത്മഹത്യ ചെയ്യുന്ന ഏർപ്പാട്. ഹിന്ദു, മുസ്ലിം സ്ത്രീകൾ ഇത് ആചരിച്ചി രുന്നതായി ചരിത്രം പറയുന്നു. 

ഉറ്റവർ മരിച്ചാൽ വിരൽ തലപ്പുകൾ മുറിക്കുന്ന ഒരു ആചാരമുണ്ട് ഇന്തോ നേഷ്യയിലെയും ജപ്പാനിലെയും ചില വിഭാഗങ്ങളിൽ. ഗ്രീസ്, ബള്ഗേറിയ, സ്പെയിൻ, ജപ്പാൻ, പാക്കിസ്ഥാൻ എന്നിവിട ങ്ങളിൽ മനുഷ്യർ തീയിലൂടെ നടക്കുന്ന ഒരു മതാചാരം ഉണ്ട്. സുമാത്രയിൽ പെണ്കുട്ടി കളുടെ പല്ലുകൾ ഉളികൊണ്ടു മുറിച്ചു കളയുന്ന വേദനാ ജനകമായ ഒരു ആചാരം ഉണ്ട്. കാമറൂണ്, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ സ്ത്രീകളുടെ സ്തനങ്ങൾ അധികം വളരാതെ ഇരിക്കാൻ കല്ലുകൾ പഴുപ്പിച്ചു വെക്കുന്ന ഒരു ക്രൂരമായ ആചാരം ഉണ്ട്.  ചൈനയിൽ ചിലയിട ങ്ങളിൽ സ്ത്രീ പ്രസവിച്ചാൽ മറുപിള്ള അവൾ തന്നെ തിന്നു തീർക്കേണ്ട വൃത്തികെട്ട ഒരു ആചാരം ഉണ്ട്. തുർക്കിയിലെ ചില മത ഗ്രൂപ്പുകളിൽ സ്ത്രീകൾ യോനീ ദളങ്ങൾ തുളച്ചു ആഭരണം ധരിക്കണം. കിഴക്കൻ ആഫ്രിക്കയിലെ ചിലയിടങ്ങളിൽ സ്ത്രീകൾ യോനി കൂട്ടിത്തുന്നി മൂത്രം പോകാൻ മാത്രം ചെറിയൊരു വിടവ് ബാക്കി വെക്കുന്ന ആചാരം ഉണ്ട്. നാവു തുളച്ചു കമ്പി കേറ്റുന്ന ഒരു ആചാരം ഇന്ത്യയിൽ ചിലയിട ങ്ങളിൽ കാണുന്നു. 

ഇത്തരം ആത്മ പീഡന ആചാരങ്ങളുടെ വീഡിയോകൾ യൂടൂബിൽ എത്രയും കാണാം. ഇത്തരം ആചാരങ്ങൾ കാരുണ്യവാനായ, നീതിമാനായ, ആരുടെയും ആരാധനയോ ആശ്രയമോ ആവശ്യമില്ലാത്ത ദൈവം പറഞ്ഞിട്ടാണ് ചെയ്യുന്നത് എന്നു വിശ്വസിക്കാൻ എല്ലാ മനുഷ്യർക്കും കഴിഞ്ഞു കൊള്ളണം എന്നില്ല. ഇത്തരം ആത്മ പീഡന ആചാരങ്ങൾ വല്ല മത പുസ്തകത്തിലും ദൈവം പറയുന്ന തായി കണ്ടാലും യുക്തിമാന്മാർ അതിലൊന്നും വിശ്വസിക്കണം എന്നില്ല. ഇത്തരം ആത്മ പീഡന ആചാരങ്ങൾ ഉൾക്കൊള്ളുന്ന മതങ്ങൾ എത്രത്തോളം നല്ല മതങ്ങളാണ് എന്നു ഓരോ മനുഷ്യനും ചിന്തിച്ചു നോക്കാം. അങ്ങനെ ചിന്തിച്ചപ്പോൾ ആണ് മതക്കാരിൽ തന്നെ ആത്മ പീഡന ആചാരങ്ങളെ എതിർക്കുന്ന നവോത്ഥാന നായകർ ഉണ്ടായത്.

മനുഷ്യ പുരോഗതിക്ക് അനുസരിച്ചു മതങ്ങളും ആചാരങ്ങളും സംസ്കാര ങ്ങളും കാല ക്രമത്തിൽ നവീകരി ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതിനാൽ പല ആത്മ പീഡന ആചാരങ്ങളും ഇല്ലാതായി കൊണ്ടിരിക്കുന്നു. ആത്മ പീഡന ആചാരങ്ങൾ കൊണ്ട് സംഭവിക്കുന്നത് യുക്തി ബോധമുള്ള മനുഷ്യർ ദൈവത്തിൽ നിന്നും മതത്തിൽ നിന്നും അകലുന്നു എന്നതാണ്. ഇങ്ങനെ മതങ്ങൾ തന്നെ ദൈവ വിശ്വാസത്തെ സംഹരിച്ചു കളയുന്നു.

അൻസാർ അലി നിലമ്പൂർ

24 August 2018

വർഗീയതയുടെ രോഗ ലക്ഷണങ്ങൾ

ഷിക്കാഗോയിലെ ഇല്ലിനോയ്‌ യൂണിവേഴ്‌സിറ്റി പ്രഫസറും 575 ഓളം സൈക്യാട്രി പഠനങ്ങളുടെ രചയിതാവും ലോക പ്രശസ്ത സൈക്യാട്രിസ്റ്റുമായ കാൾ സി ബെൽ വർഗീയതയെ ഒരു മാനസിക വൈകല്യമായി വിവരിച്ചത് ഈയിടെ ഒരു പഠനത്തിൽ ഞാൻ വായിച്ചു. വർഗീയത വളരെ കൂടിയ അളവിൽ മനസിനെ ബാധിച്ച ഒരു മാനസിക രോഗിയുടെ ലക്ഷണങ്ങൾ അദ്ദേഹം അതിൽ വിവരിക്കുന്നു. അമേരിക്കയിൽ നടന്ന 235 ഓളം വർഗീയ കൂട്ട കൊലകളെ അദ്ദേഹം പഠന വിധേയമാക്കി. വര്‍ഗമുള്ള ആരെയും ബാധിക്കാവുന്ന മാനസിക വൈകല്യമാണ് വര്‍ഗീയത (Racism, Communalism, Bigotry). ഹിന്ദു, മുസ്‌ലിം, കൃസ്ത്യന്‍, മാര്‍ക്സിസ്റ്റ്, ദളിതന്‍, യുക്തിവാദി... വര്‍ഗമുള്ള ആരെയും അത് ബാധിക്കാം. വര്‍ഗമുള്ള എല്ലാരെയും അത് ബാധിക്കണം എന്നില്ല. എന്നാൽ വർഗമുള്ളവരിൽ എല്ലാം കുറഞ്ഞ അളവിലെങ്കിലും വർഗീയത കാണപ്പെടുന്നു. കുറഞ്ഞ അളവ് നാം കാര്യമാക്കുന്നില്ല.

വര്‍ഗീയത ഒരാളെ കൂടിയ അളവിൽ ബാധിച്ച് അയാൾ ഒരു സാമൂഹ്യ ഭീഷണി ആയാൽ അയാൾക്ക് മനശാസ്ത്ര ചികിത്സ വേണ്ടി വരുന്നു. പ്രാഥമിക ഘട്ടത്തിൽ സൈക്കോളജിസ്റ്റിനെ ആണ് കാണിക്കേണ്ടത്. നിവാരണത്തിന് സൈക്കോ തെറാപ്പിയും കൌണ്‍സ ലിങ്ങും ആവശ്യമായി വരുന്നു. മറ്റു മാനസിക രോഗികളെ പോലെ വര്‍ഗീയ രോഗിയും തനിക്ക്‌ മാനസിക പ്രശ്നം ഉണ്ടെന്ന് സമ്മതിക്കില്ല. കുടുംബങ്ങളോ കൂട്ടുകാരോ വര്‍ഗീയ രോഗിയെ കണ്ടെത്തി സൈക്കോളജിസ്റ്റിനെ കാണിക്കണം. അതിനാദ്യം വര്‍ഗീയ രോഗിയുടെ ലക്ഷണങ്ങള്‍ അറിയണ മല്ലോ. താഴെ പറയുന്ന ലക്ഷണങ്ങളില്‍ ഭൂരിഭാഗവും ഒരാളില്‍ കാണുന്നെങ്കില്‍ അയാളെ വര്‍ഗീയ രോഗിയായി കണ്ട് ചികില്‍സ തുടങ്ങണം. 

1) വര്‍ഗീയ രോഗിയുടെ പ്രധാന ലക്ഷണം തന്റെ വർഗത്തെ ശ്രേഷ്ഠ വർഗ്ഗമായും എതിര്‍ വര്‍ഗക്കാരെ നീചരും മ്ലേച്ഛരുമായിട്ട് കാണുന്നു എന്നതാണ്. തന്‍റെ വര്‍ഗത്തിന്‍റെ ഔന്നിത്യവും ശ്രേഷ്ഠതയും അവന്‍റെ സംസാരത്തില്‍ നിന്നു മനസിലാക്കാന്‍ കഴിയും. എതിര്‍ വര്‍ഗക്കാരെ കുറിച്ചു പറയുമ്പോൾ അവനു മാന്യമായ ഭാഷ തന്നെ ഉണ്ടായിരിക്കില്ല. എതിര്‍ വര്‍ഗ ക്കാരോട് കഠിനമായ വെറുപ്പും വിദ്വേഷവും അകല്‍ച്ചയും അവൻ സൂക്ഷിക്കുന്നു. 

2) എതിര്‍ വര്‍ഗക്കാരും അവരുടെ സ്വത്തും ശക്തി യുമെല്ലാം നശിക്കണ മെന്നും അവരെ നശിപ്പിക്കണമെന്നും വര്‍ഗീയ രോഗി കരുതുന്നു. അവനെ ക്കൊണ്ടു കഴിയുന്ന വിധം അവനതിനു ശ്രമിച്ചു കൊണ്ടി രിക്കുന്നു. ആ ലക്ഷ്യ ത്തിനു വേണ്ടി ശ്രമിക്കുന്നവരെ അവന്‍ സഹായിക്കുന്നു.

3) വര്‍ഗീയ രോഗി മിക്കപ്പോഴും തന്നെയാരോ ആക്രമിക്കാന്‍ വരുന്നു എന്നതു പോലെ പേടിയും ജാഗ്രതയും കാണിക്കും. മന:ശാന്തി അവന് കിട്ടാക്കനി ആയിരിക്കും. ഈ അസ്വസ്ഥ തകളെ അവൻ വർഗ സ്നേഹം, കൂറ് എന്നൊക്കെ വിളിക്കുന്നു. കഴിയുന്നത്ര ആയോധന മുറകള്‍ അവൻ അഭ്യസി ക്കാന്‍ ശ്രമിക്കും, കഴിയുമെങ്കിൽ ആയുധവും കൊണ്ടു നടക്കും. കഴിയി ല്ലെങ്കിൽ എളുപ്പം കിട്ടാവുന്നിടത്തു സൂക്ഷിക്കും

4) സ്വന്തം തിന്മകളെയും സ്വന്തം വര്‍ഗക്കാരുടെ തിന്മകളെയും വര്‍ഗീയ രോഗി അന്ധമായി ന്യായീകരിക്കും. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കും.   അവനെ ഉപദേശിക്കാന്‍ ചെല്ലുന്നവന്‍റെ തിന്‍മകളെ എടുത്തു കാണിച്ച് അവന്‍ പ്രതിരോധം തീര്‍ക്കും. എതിര്‍ വര്‍ഗ ക്കാരുടെ ചെറിയ ദോഷങ്ങളെ പോലും പെരുപ്പിക്കുകയും അതിന്‍റെ പേരില്‍ അവരെ അടച്ചു ആക്ഷേപ്പിക്കുകയും ചെയ്യും. എതിര്‍ വര്‍ഗത്തിലെ ഒരാളുടെ ദോഷം ആ വര്‍ഗത്തിന്‍റെ പൊതു സ്വഭാവമായി പൊക്കി ക്കാണിക്കും.

5) വര്‍ഗീയ രോഗി സ്വന്തം വര്‍ഗക്കാര്‍ ചെയ്യുന്ന നന്മകളില്‍ മാത്രമെ സഹകരിക്കൂ. അവരുടെ ചെറിയ നന്മകളെ പോലും അവന്‍ അമിതമായി പ്രശംസിക്കും. എതിര്‍ വര്‍ഗക്കാര്‍ എത്ര വലിയ നന്‍മ ചെയ്താലും അവന്‍ അതില്‍ സഹകരിക്കില്ല. അതിനെ ചെറുതായി പ്പോലും പ്രശംസിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കും. കഴിയുമെങ്കില്‍ അവരുടെ നന്‍മയെ ചെറുതാക്കാനും വിമര്‍ശിക്കാനും ശ്രമിക്കും.

6) തന്‍റെ വര്‍ഗ നേതാക്കളെ വര്‍ഗീയ രോഗി വളരെ ഭവ്യതയോടെ പരാമ ര്‍ശിക്കും. അവരെ അപമാനിക്കുന്നത് അവന് സഹിക്കില്ല. എന്നാല്‍ എതിര്‍ വര്‍ഗത്തിന്‍റെ നേതാക്കളോട് അവന് യാതൊരു ആദരവും കാണില്ല. അവരെ മോശം വാക്കുകളാല്‍ വിശേഷിപ്പിക്കും. അവരെത്ര വലിയ സംഭാവനകള്‍ മനുഷ്യര്‍ക്കു ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം അവന്‍ നിസാരമാക്കും. ആ നേതാക്കള്‍ക്ക് എന്തെങ്കിലും ന്യൂനതകളുണ്ടോ എന്ന് ചികഞ്ഞു അന്വേഷിക്കും. സ്വന്തം നേതാക്കളുടെ കല്‍പനകളെയും വീക്ഷണങ്ങളെയും അന്ധമായി പിന്‍പറ്റും. അവയെ നിരൂപണം ചെയ്ത് സ്വീകരിക്കാനുള്ള വിവേചന ബുദ്ധി അവന് കാണില്ല. വർഗീയത മികച്ചു നിൽക്കുന്നിടത്തു സ്വതന്ത്ര ബുദ്ധി കാണാൻ പ്രയാസമാണ്. 

7) മനുഷ്യരുടെ യാതൊരു പൊതു ഐക്യവും സാദ്ധ്യമല്ല എന്ന് വര്‍ഗീയ രോഗി കരുതുന്നു. എല്ലാവരും എന്‍റെ വര്‍ഗത്തില്‍ ചേരുക എന്നാല്‍ ഐക്യപ്പെടാം എന്നായിരിക്കും അവന്‍റെ നിലപാട്. പൊതു കൂട്ടായ്മകളായ ക്ലബ്ബുകളിലും, വായന ശാലകളിലും, സാംസ്കാരിക സംഘടനകളിലും അവന് താല്‍പര്യം കാണില്ല. അവയിൽ ചേരിതിരിവ് ഉണ്ടാക്കാനും അവയെ പിടിച്ചെടുക്കാനും അതിന് കഴിയി ല്ലെങ്കില്‍ അവയെ നശിപ്പിക്കാനും ആയിരിക്കും അവന്‍റെയും കൂട്ടാളി കളുടെയും ശ്രമം. അവന്‍റെ കൂട്ടുകാര്‍ സ്വന്തം വര്‍ഗക്കാർ മാത്രമായിരിക്കും.

8) വര്‍ഗീയ രോഗിയുടെ വായന സ്വന്തം വര്‍ഗക്കാരുടെ രചനകളില്‍ മാത്രം ഒതുങ്ങും. മറ്റു വര്‍ഗക്കാരുടെ രചനകള്‍ എത്ര മഹത്തര മാണെങ്കിലും നിരൂപണം ചെയ്യാന്‍ പോലും അവ മുഴുവന്‍  വായിക്കില്ല. അവയെ പറ്റി അവന്‍റെ പണ്ഡിതന്മാര്‍ പറഞ്ഞതു മാത്രമായിരിക്കും അവന്‍റെ ആകെ യുള്ള അറിവ്. എച്ചില്‍ മാത്രം തിന്നാന്‍ വിധിക്കപ്പെട്ടവന്‍ !!! ഇക്കാരണത്താല്‍ സ്വതന്ത്ര ബുദ്ധിയും അവന് കുറവായിരിക്കും.

9) വര്‍ഗീയ രോഗി കഴിയുമെങ്കില്‍ എതിര്‍ വര്‍ഗക്കാര്‍ക്ക്‌ യാതൊരു സഹായവും ചെയ്യില്ല. സ്വന്തം വര്‍ഗ ത്തിന്‍റെ ആശുപത്രികള്‍ പോലുള്ള സംരംഭങ്ങളില്‍ ആനുകൂല്യം നല്‍ക പ്പെടേണ്ടത് സ്വന്തം വര്‍ഗക്കാര്‍ക്കു മാത്രമാക്കണം എന്നവന്‍ ശക്തമായി വാദിക്കും. എതിര്‍ വര്‍ഗക്കാരുടെ സഹായം കഴിയുമെങ്കില്‍ അവന്‍ സ്വീകരിക്കില്ല. വല്ല നിര്‍ബന്ധിത സാഹചര്യത്തിലും സ്വീകരിക്കേണ്ടി വന്നാല്‍ അത് അറപ്പോടെയും വെറുപ്പോടെയും ആയിരിക്കും.

10) വര്‍ഗീയ രോഗിക്ക് സ്വന്തം വര്‍ഗത്തിന്‍റെ മത വിശ്വാസ- ആചാര-  അനുഷ്ഠാന- ധാർമ്മിക പദ്ധതിയിൽ വലിയ നിഷ്ഠയൊന്നും കാണില്ല. അവയില്‍ അറിവും കുറവായിരിക്കും. അതിനു പകരം അവന് എതിര്‍ വര്‍ഗത്തിന്‍റെ മേല്‍ കുതിര കയറാനായിരിക്കും താല്‍പര്യം. എന്നാല്‍ സ്വന്തം വര്‍ഗത്തെ മറ്റു വര്‍ഗങ്ങളില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്ന കാര്യങ്ങളെ പറ്റി അവന് നല്ല അറിവും അവ പാലിക്കുന്നതില്‍ നിഷ്ഠയും ഉണ്ടായിരിക്കും.

11) സ്വവര്‍ഗക്കാരെ കണ്ടാൽ വര്‍ഗീയ രോഗിയുടെ കാര്യമായ സംഭാഷണം തന്‍റെ വര്‍ഗീയ രോഗം അവരിലേക്കും പകരുന്ന വിധമായിരിക്കും. എതിര്‍ വര്‍ഗത്തോടുള്ള വെറുപ്പും വിദ്വേഷവും അവരിലും അവന്‍ ആളി ക്കത്തിക്കും. അതിനായി തെളിവില്ലാത്ത വാര്‍ത്ത കള്‍ മെനയും കളവു പറയും. വര്‍ഗീയ വിഷം ചീറ്റുന്ന ലഘു ലേഖകളും പുസ്ത കങ്ങളും പ്രചരിപ്പിക്കും. എതിർ വർഗത്തെ കുറിച്ചു സ്വയം സൃഷ്ടി ച്ചെടുത്ത കുറെ തെറ്റിദ്ധാരണകളും മുൻ വിധികളും കൊണ്ടു നിറഞ്ഞ താവും അവന്റെ മനസ്. 

12)  ഒരു പൊതു സംഭവത്തില്‍ ഉള്‍പ്പെട്ട വരുടെ വര്‍ഗം നോക്കല്‍ വര്‍ഗീയ രോഗിയുടെ മുഖ്യ ലക്ഷണമാണ്. ഉദാഹരണം: ഒരു ബസ്സപകടം നടന്നാൽ അവന്‍ നോക്കുക അതില്‍ സ്വന്തം വര്‍ഗക്കാര്‍ ആരെങ്കിലും ഉണ്ടോ എന്നായി രിക്കും. ഒരു പൊതു പരീക്ഷ യുടെ ഫലം വന്നാല്‍ അവന്‍റെ നോട്ടം അതില്‍ സ്വവര്‍ഗക്കാര്‍ എത്രയുണ്ട് എന്നായി രിക്കും. എതിര്‍ വര്‍ഗക്കാരുടെ മരണവും പരിക്കും തോല്‍വി യുമൊന്നും അവന്‍ ശ്രദ്ധിക്കില്ല. 

13) സ്വവര്‍ഗത്തിന് നേട്ടമുണ്ടായാല്‍ വര്‍ഗീയ രോഗി അമിതമായി സന്തോഷിക്കും. എതിര്‍ വര്‍ഗത്തിന് നേട്ടമുണ്ടായാല്‍ അസ്വസ്ഥത കാണിക്കും. സ്വവര്‍ഗത്തിന് ദുഖമു ണ്ടായാല്‍ അവന്‍ ദുഖിക്കും. എതിര്‍ വര്‍ഗത്തിനു ദുഖമുണ്ടായാല്‍ സന്തോ ഷിക്കും. അവന്‍റെ സന്തോഷ- ദുഃഖ പ്രകടനങ്ങള്‍ കൊണ്ട് പൊതുജനം കഷ്ടപ്പെടും. എതിര്‍ വര്‍ഗക്കാരുടെ സന്തോഷ- ദുഃഖ പ്രകടനങ്ങളെ പറ്റി അവന്‍റെ അഭിപ്രായം 'പൊതു ജനത്തെ കഷ്ടപ്പെടുത്താൻ ഓരോ ഏര്‍പ്പാടുകള്‍' എന്നായിരിക്കും. 

14) മറ്റു വര്‍ഗക്കാരുടെ ഷോപ്പുകളിൽ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ലഭ്യമെങ്കിലും വര്‍ഗീയ രോഗി സ്വന്തം വര്‍ഗക്കാരുടെ ഷോപ്പിൽ നിന്നെ വാങ്ങൂ. നിലവാരമുള്ള പത്രങ്ങള്‍ വേറെയു ണ്ടെങ്കിലും വര്‍ഗീയ രോഗി സ്വന്തം വര്‍ഗത്തിന്‍റെ പത്രമെ വാങ്ങൂ. നിലവാരമുള്ള പ്രോഗ്രാമുകള്‍ വേറെ ചാനലില്‍ ഉണ്ടെങ്കിലും സ്വന്തം വര്‍ഗ ത്തിന്‍റെ ചാനലെ വര്‍ഗീയ രോഗി കാണൂ. നിലവാരമുള്ള സ്കൂളുകള്‍ വേറെ ഉണ്ടെങ്കിലും വര്‍ഗീയ രോഗി മക്കളെ ചേര്‍ക്കല്‍ സ്വന്തം വര്‍ഗ ത്തിന്‍റെ  സ്കൂളിലായിരിക്കും. വർഗീയ രോഗി എവിടെയും യുക്തി പരമായി ചിന്തിക്കാതെ സ്വവർഗത്തെ കെട്ടിപ്പിടിച്ചു നിർവൃതി കൊള്ളുന്നു. 

15) വര്‍ഗീയ രോഗി മിക്കവാറും സജീവ  സംഘടനാ പ്രവര്‍ത്തകൻ ആയിരിക്കും.  സജീവ സംഘടനാ പ്രവര്‍ത്തകരെല്ലാം  വര്‍ഗീയത ഉള്ളവര്‍ ആകണമെന്നില്ല.  എന്നാല്‍ എല്ലാ വര്‍ഗീയ രോഗികളും സജീവ സംഘടനാ പ്രവര്‍ത്തകരായി കാണപ്പെടും. വർഗ്ഗ ബോധം ജ്വലിപ്പിച്ചു നിർത്താൻ അവർ സംഘടനയെ വലിയൊരു മാർഗമായി കാണുന്നു.

16) സ്വന്തം മതമാണ് സത്യം, സ്വന്തം പാർട്ടിയാണ് സത്യം, സ്വന്തം ഇസമാണ് സത്യം എന്നൊക്കെ ഏതാണ്ട് ഭൂമുഖ ത്തെ എല്ലാ മനുഷ്യരും വിശ്വസി ക്കുന്നു. ആ വിശ്വാസം പൊതുവെ മനുഷ്യർ ഒരു പ്രശ്നമായി കാണുന്നില്ല. എന്നാൽ ആ വിശ്വാസത്തോട് കൂടെ എന്റെ അല്ലാത്ത മറ്റൊരു മതവും പാർട്ടിയും ഇസവും ഇവിടെ നില നിൽക്കാൻ പാടില്ല, നശിക്കണം, ഗുണം പിടിക്കരുത് എന്നൊക്കെ ഓവറായി ചിന്തിക്കു ന്നവനും പ്രചരിപ്പിക്കുന്നവനും ആണ് വർഗീയ രോഗി. 

എല്ലാ മത, നിർമത, രാഷ്ട്രീയ സംഘടനകളിലും വര്‍ഗീയ രോഗികള്‍   ഉണ്ടെന്നും അവരാണ് ഇടയ്ക്കിടെ വർഗ കലഹങ്ങൾ ഉണ്ടാക്കുന്ന തെന്നും അവരെ കണ്ടെത്തി ചികില്‍സിക്കാന്‍ അതതു സംഘടനകള്‍ തന്നെ മനോരോഗ ചികില്‍സ കനെയും മനോ രോഗ കേന്ദ്രവും ഏര്‍പ്പെടുത്തുന്നത് നന്നാകുമെന്നും ഈയുള്ളവൻ കരുതുന്നു. മാനവ സാഹോദര്യം വെറും ആശയം മാത്രമല്ല, ഇമ്മാതിരി പ്രവർത്തന പരിപാടികൾ കൂടി അതിനു ഉണ്ട്. 

അൻസാർ അലി നിലമ്പൂർ

18 August 2018

മാനവ സാഹോദര്യവും ഇസ്‌ലാമും

ഞാനിത് എഴുതുമ്പോൾ ഭൂമിയിൽ അറുപതോളം സായുധ പോരാട്ടങ്ങൾ വിവിധ ഗ്രൂപ്പുകൾ തമ്മിൽ നടന്നു കൊണ്ടിരിക്കുകയാണ്. അതിലൊക്കെ ആയിര കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു. സയൻസ് പുരോഗമി ച്ചതോടെ സംഘട്ടനത്തിനുള്ള സംവിധാനങ്ങളും പുരോഗമിച്ചു. സയൻസിന് മനുഷ്യർക്കിടയിൽ സാഹോദര്യം വളർത്താൻ കഴിഞ്ഞതുമില്ല. മനുഷ്യർ തമ്മിൽ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും പേരിൽ ഇടികൂടി കൂടുന്ന പ്രതിഭാസം ഭൂമിയിൽ എന്നുമുണ്ട്.  അപ്പോഴെല്ലാം വകതിരിവുള്ള മനുഷ്യർ ചരിത്രത്തിൽ ഉടനീളം മാനവ സാഹോദര്യം (HUMAN BROTHERHOOD) എന്ന ആവശ്യം ഉയർത്തി പിടിച്ചത് നാം കാണുന്നു.

മാനവ സാഹോദര്യം എന്നത് വളരെ ശക്തമായ ഒരു ആശയമാണ്. ഹൈന്ദവ, ജൂത, ക്രിസ്ത്യൻ, ഇസ്‌ലാം, ബുദ്ധ മതങ്ങളെല്ലാം അതു പഠിപ്പിക്കുന്നു. ഇവയുടെ അനുയായികൾ തന്നെ അത് തകർക്കും വിധം പെരുമാറുകയും ചെയ്യുന്നു. ഇത് വലിയ വൈരുദ്ധ്യമാണ്. വിവിധ മതക്കാർ തമ്മിൽ മാത്രമല്ല അടികൂടുന്നത്, ഒരേ മതത്തിൽ വിശ്വസിക്കുന്നവർ തന്നെ ഗ്രൂപ്പുകളായി തിരിഞ്ഞു അടികൂടുന്നു. മതത്തിന്റെ പേരിൽ മാത്രമല്ല കൊളോണിയലിസം, ഇൻപീരിയലിസം, മാർക്സിസം, ഫാസിസം, നാസിസം പോലുള്ള ഫിലോസഫിക്കൽ ഇസങ്ങളുടെ പേരിലും ചരിത്രത്തിൽ കൊലകൾ അനവധി നടന്നിട്ടുണ്ട്. അവസാന മൂന്നു ഇസങ്ങൾ അണിനിരന്ന രണ്ടാം ലോക മഹാ യുദ്ധത്തിൽ എട്ടു കോടിയോളം മനുഷ്യരാണ് കൊല്ലപ്പെട്ടത്. കമ്മ്യൂണിസവും പറഞ്ഞു സോവിയറ്റ് യൂണിയനിൽ സ്റ്റാലിൻ കൊന്നൊടു ക്കിയത് ഒന്നര കോടിയോളം മനുഷ്യരെയാണ്. കൊലപാതകങ്ങൾ കൊണ്ടു മാനവരാശി എന്തു നേടി എന്ന് മനുഷ്യരെല്ലാം പഠിക്കേണ്ടതുണ്ട്.

ലോകത്തു സംഘട്ടനങ്ങൾ ഇല്ലാണ്ടി രിക്കാൻ പല ചിന്തകളും ഉണ്ടായിട്ടുണ്ട്. യുദ്ധ വിരുദ്ധ പ്രസ്ഥാനങ്ങളും പ്രവർത്തകരും ഉണ്ടായിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്തും തുടർന്നും യുദ്ധ രഹിത ലോകത്തിനു വേണ്ടി നിരന്തരം ശബ്ദിച്ചും പ്രവർത്തിച്ചും സമാധാന ത്തിനുള്ള നൊബേൽ പ്രൈസ് നേടിയ ബർട്രൻഡ് റസ്സലിനെ ഓർത്തു പോകുന്നു. മനുഷ്യർ തമ്മിലുള്ള സംഘട്ടനങ്ങൾക്ക് പിന്നിൽ പല കാരണങ്ങളും ഉണ്ടാകും. സുപ്രധാന കാരണം മനുഷ്യർ മാനവ സാഹോദര്യം എന്ന പ്രധാന മാനവിക ആശയം മറന്നു പോകുന്നതാണ്. അതിനെ എപ്പോഴും മനുഷ്യർക്കിടയിൽ  ജ്വലിപ്പിച്ചു നിർത്തുകയാണ് സംഘട്ടനങ്ങൾ ഇല്ലാതാക്കാനുള്ള പല വഴികളിൽ ഒന്ന്.

മനുഷ്യരെല്ലാം പരസ്പരം സഹോദരീ സഹോദരങ്ങളാണ്, ആരും അന്യരല്ല, ആരും വർണ്ണത്തിന്റെയോ വർഗ്ഗത്തിന്റെയോ കാര്യത്തിൽ ആരുടെയും മുകളിൽ അല്ല, തുല്യരാണ്, സാഹോദര്യ ബന്ധം പാലിച്ചു വേണം മനുഷ്യർ പരസ്പരം ഇടപഴകാൻ, സ്വന്തം സഹോദരങ്ങളായ മനുഷ്യരോട് അക്രമവും ഹിംസയും ചെയ്യരുത് എന്നൊക്കെയുള്ള മഹത്തായ ആശയമാണ് മാനവ സാഹോദര്യം. ഇതു പാലിക്കപ്പെടാതെ പോവുമ്പോൾ  മാനവ രാശിയുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആവുന്നു, പല രംഗങ്ങളിലും മുന്നേറിയ അതു വർഷങ്ങളോളം പിന്നിലേക്കായി പോവുന്നു.  മതങ്ങൾ മിക്കതും മാനവ സാഹോദര്യം നന്നായി പഠിപ്പിച്ചിട്ടുണ്ട് എന്നു പറഞ്ഞല്ലോ. ഇവിടെ എന്റെ വായനയിൽ നിന്നു മനസ്സിലായ വിധം ഇസ്‌ലാം മതം എങ്ങനെയാണ് മാനവ സാഹോദര്യം പ്രമോട്ട് ചെയ്യുന്നത് എന്ന് ചെറുതായി വിവരിക്കുന്നു. 

1) മനുഷ്യരെല്ലാം ആദ്യ മനുഷ്യരായ ആദമിൽ നിന്നും ഹവ്വയിൽ നിന്നും ഉണ്ടായി, അതിനാൽ അവർ പരസ്പരം സഹോദരങ്ങളാണ് എന്ന് കാര്യമായി പഠിപ്പിക്കുന്ന മതങ്ങളിൽ ഒന്നാണ് ഇസ്‌ലാം (വി.ഖുർആൻ 49:13) ഇതു പഠിപ്പിക്കുന്ന അബ്രഹാം പ്രവാചകന്റെ പാരമ്പര്യത്തിൽ ഉള്ള മറ്റു മതങ്ങൾ ജൂത മതവും ക്രിസ്തു മതവുമാണ്. വെറുതെ മാനവ സാഹോദര്യം വേണം എന്നു പറയുകയല്ല, അതിനു ഇങ്ങനെയൊരു ശക്തമായ കാരണം ഇസ്‌ലാം മുന്നോട്ടു വെക്കുന്നു. 

2) ആദം മണ്ണിൽ നിന്നുണ്ടായി, മറ്റു മനുഷ്യരെല്ലാം ആദമിൽ നിന്നുണ്ടായി എന്നാണ് വിശുദ്ധ ഖുർആൻ പഠിപ്പി ക്കുന്നത് (6:98) എല്ലാവരും മണ്ണിൽ നിന്നാണ്, എല്ലാവരും മണ്ണിലേക്കാണ് പോവുക, അതിനാൽ നെഗളിക്കാൻ ആർക്കും ഒരു അവകാശവും ഇല്ല എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന ആശയമാണ്. 

3) അല്ലാഹു മാനവരുടെ ദൈവം ആണെന്നും വിശുദ്ധ ഖുർആൻ മാനവർക്കുള്ള വേദഗ്രന്ഥം ആണെന്നും മുഹമ്മദ് നബി മൊത്തം മാനവരിലേക്ക് ഉള്ള ദൈവദൂതൻ ആണെന്നും വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു, ഇതിലൂടെ മനുഷ്യർ മനുഷ്യർക്ക് ഇടയിൽ സ്ഥാപിച്ച എല്ലാവിധ ദേശ, ഭാഷ, വർണ്ണ, അതിർ വരമ്പുകളെയും അതു നിരാകരിക്കുന്നു.

4) അല്ലാഹു സകല മനുഷ്യരെയും, ആദം സന്തതികളായ മനുഷ്യരെ മൊത്തത്തിൽ  ആദരിച്ചിരിക്കുന്നു എന്നു വിശുദ്ധ ഖുർആൻ പറയുന്നു (17: 70, 95:4)

5) ദേശ, വംശ, കുടുംബ മഹിമയല്ല അല്ലാഹുവിങ്കൽ ഒരാളുടെ പദവി നിർണ്ണയിക്കുക മറിച്ചു ഓരോരുത്തരും പുലർത്തുന്ന ധാർമ്മിക ബോധമാണ്  എന്നു വിശുദ്ധ ഖുർആൻ പറയുന്നു (49:13). "മനുഷ്യരെ നിങ്ങളുടെ ദൈവം ഒന്നാണ്,  നിങ്ങളുടെ പിതാവും ഒന്നാണ്, അറബിക്ക് അനറബിയുടെ മേൽ ഒരു ശ്രേഷ്ഠതയും ഇല്ല, അനറബിക്ക് അറബിയുടെ മേലും ഇല്ല, ചുവന്നവന് കറുത്തവന്റെ മേൽ ഒരു ശ്രേഷ്ഠതയും ഇല്ല, കറുത്തവനു ചുവന്നവന്റെ മേലും ഇല്ല, ധാർമ്മിക ബോധത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ" എന്നു മുഹമ്മദ് നബി പറയുന്നു. (അഹ്മദ് 23489)

6) മനുഷ്യർ ഭിന്ന ജാതിക്കാരും ഗോത്രക്കാരും രാജ്യക്കാരും ആയതു പരസ്പരം ഔന്നിത്യം കാണിക്കാനോ തമ്മിൽ അടിക്കാനോ അല്ല അവർ പരസ്പരം തിരിച്ചറിയാനുള്ള ഐഡന്റിറ്റിക്ക് വേണ്ടി മാത്രമാണ് എന്നു വിശുദ്ധ ഖുർആൻ പറയുന്നു (49:13)

7) ദേശവും വർണ്ണവും നോക്കാതെ, കറുത്ത കാപ്പിരിയായ ഒരു മനുഷ്യനാണ് നിങ്ങളുടെ നേതാവായി വരുന്നത് എങ്കിലും അയാളെ അനുസരിക്കണം എന്നു മുഹമ്മദ് നബി പറയുന്നു (ബുഖാരി 7142). വർണ്ണ വിവേചനം ഒരു രംഗത്തും ഇസ്‌ലാം അനുവദിക്കുന്നില്ല.

8) ഏതു വിഭാഗക്കാരനാണ് എന്ന് നോക്കാതെ, നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുക, അപ്പോൾ ആകാശത്തു ഉള്ളവൻ നിങ്ങളോടും കരുണ കാണിക്കുമെന്നു മുഹമ്മദ് നബി പറയുന്നു.(തിർമിദി 1924) ജനങ്ങളോട് കരുണ കാണിക്കാ ത്തവനോട് അല്ലാഹുവും കരുണ കാണിക്കില്ലെന്നു മുഹമ്മദ് നബി പറയുന്നു (ബുഖാരി 7376)

9) എല്ലാ വൈജാത്യങ്ങൾക്കും അപ്പുറം, പച്ചക്കരൾ ഉള്ള ഏതു ജീവിക്ക് ഉപകാരം ചെയ്തു കൊടുത്താലും അതു പടച്ച തമ്പുരാൻ സ്വീകരിച്ചു അതിനു പ്രതിഫലം നൽകുമെന്ന് മുഹമ്മദ് നബി പഠിപ്പിക്കുന്നു.(ബുഖാരി 2363) 

10) ഏതു ജാതിക്കാരനാണ് എന്നു നോക്കാതെ, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറയെ ഭക്ഷിക്കുന്നവൻ മുഹമ്മദ് നബിയുടെ കൂട്ടത്തിൽ പെട്ടവനല്ല എന്നു നബി പറയുന്നു (ത്വബ്‌ റാനി)

11) മുഹമ്മദ് നബി അമുസ്‌ലിം രോഗികളെ സന്ദർശിച്ചു, ആശ്വസി പ്പിച്ചിരുന്നു (ബുഖാരി 5657) മുഹമ്മദ് നബി അമുസ്ലീങ്ങളുടെ സൽക്കാരം സ്വീകരിച്ചിരുന്നു (ബുഖാരി 2617) മാനുഷികമായ ഒരു കാര്യത്തിനും ഇസ്‌ലാമിൽ മതമൊരു തടസ്സമല്ല എന്നർത്ഥം.

12) മതം മാറ്റം കൊണ്ടു രക്ത ബന്ധമോ കുടുംബ ബന്ധമോ മുറിക്കാൻ പാടില്ലെന്നും തന്നെ ആശ്രയി ക്കുന്നവർക്ക് നല്കി ക്കൊണ്ടിരുന്ന സഹായങ്ങൾ നിർത്താൻ പാടില്ലെന്നും മുഹമ്മദ് നബി പഠിപ്പിക്കുന്നു (ബുഖാരി 5979)

13) ഒരു ജൂതന്റെ ജഡം കൊണ്ടു വരുന്നത് കണ്ട മുഹമ്മദ് നബി എഴുന്നേറ്റു നിന്നു അതിനെ ആദരിച്ചു. അതൊരു ജൂതന്റെ ജഡം അല്ലെ എന്നു ചോദിച്ച അനുചരരോട്  അതൊരു മനുഷ്യൻ അല്ലെ എന്നായിരുന്നു പ്രവാചകന്റെ ചോദ്യം. ആരുടെ ജഡം ആണെങ്കിലും എഴുന്നേറ്റു നിൽക്കണം എന്നു നബി കല്പിച്ചു (ബുഖാരി 1311,1312)

14) ജാതിയോ മതമോ വംശമോ നോക്കാതെ, സ്വന്തക്കാരാണോ ബന്ധക്കാരാണോ അന്യായത്തിന്റെ കൂടെ ഉള്ളത് എന്നു നോക്കാതെ മനുഷ്യർക്കിടയിൽ കണിശമായ നീതി പുലർത്തണം എന്നു വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു (4:135, 5:8)

15) അധർമ്മത്തിൽ സ്വന്തം കൂട്ടരെ സഹായിക്കലും അവരോടൊപ്പം നിൽക്കലും തനി വർഗീയത ആണെന്ന് മുഹമ്മദ് നബി പറയുന്നു (അബൂദാവൂദ്‌ 5119)

16) വർഗീയതയിലേക്ക് ക്ഷണിച്ചവനും വർഗീയതയ്ക്ക് വേണ്ടി കൊല്ലപ്പെട്ടവനും മുഹമ്മദ് നബിയുടെ കൂട്ടത്തിൽ പെട്ടവനല്ല എന്ന് അവിടുന്നു പറയുന്നു (അബൂദാവൂദ്‌ 5121)

17) മതത്തിന്റെ കാര്യത്തിൽ മനുഷ്യർക്ക് ഇടയിൽ ഒരു ബല പ്രയോഗവും പാടില്ലെന്ന് വിശുദ്ധ ഖുർആൻ പറയുന്നു (2:256,10:99, 18:29)

18) ഒരു വിഭാഗത്തിന്റെയും ആരാധ്യ വസ്തുക്കളെ നിന്ദിക്കാൻ പാടില്ലെന്ന് വിശുദ്ധ ഖുർആൻ പറയുന്നു (6:108)

19) വളരെ സൗമ്യമായ രീതിയിൽ അല്ലാതെ മുസ്ലീങ്ങൾ അമുസ്ലീങ്ങളോട് മത പ്രബോധനം നടത്താൻ പാടില്ല എന്നു വിശുദ്ധ ഖുർആൻ പറയുന്നു (16:125)

20) മത വൈജാത്യങ്ങൾക്ക് അപ്പുറം അക്രമികളായ ഓരോ വിഭാഗത്തെയും അല്ലാഹു മറ്റൊരു വിഭാഗത്തെ കൊണ്ടു തടയുന്നു എന്നും അങ്ങനെയാണ് ജൂത, ക്രിസ്ത്യൻ, മുസ്ലിം ആരാധനാലയങ്ങൾ തകർക്കപ്പെടാതെ നില നിൽക്കുന്നത് എന്നും വിശുദ്ധ ഖുർആൻ പറയുന്നു (22:40)

21) മത സങ്കലനം ഇസ്‌ലാം മുസ്ലീങ്ങൾക്ക് അനുവദിച്ചിട്ടില്ല. മറ്റു മതക്കാരോട് നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്നാണ് ഒരു മുസ്ലിം പറയേണ്ടത് എന്നു വിശുദ്ധ ഖുർആൻ പറയുന്നു (109:6) എന്നാൽ ധാർമ്മികതയിലും നന്മയിലും ഏതു കൂട്ടരോടും സഹകരിക്കണം എന്നും  പാപത്തിലും ശത്രുതയിലും ഒരു കൂട്ടരോടും സഹകരിക്കരുത് എന്നും വിശുദ്ധ ഖുർആൻ പറയുന്നു (5:2)

22) തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ ഒരാളും വിശ്വാസി ആവുകയില്ല (ബുഖാരി 13), തനിക്ക് ഇഷ്ടപ്പെടുന്നത് ജനത്തിനും ഇഷ്ടപ്പെട്ടാൽ മാത്രമെ ഒരാൾ മുസ്ലിമാവൂ (തിർമിദി) എന്നൊക്കെ മുഹമ്മദ് നബി പറയുന്നു. തന്നിഷ്ടം അല്ല പൊതു ജനത്തിന്റെ  ഇഷ്ടമാണ് പ്രധാനം എന്നർത്ഥം. 

23) ശത്രുവിനോടും നല്ല നിലയിൽ പെരുമാറണം എന്നും തിന്മയെ നന്മ കൊണ്ടു പ്രതിരോധിക്കണം എന്നും അപ്പോൾ ഏതു ശത്രുവും മിത്രമായി മാറുമെന്നും വിശുദ്ധ ഖുർആൻ പറയുന്നു (41:34)

24) ഏതു വിഭാഗക്കാരൻ ആണെങ്കിലും, അന്യായമായി ഒരാളെ കൊന്നാൽ അതു മനുഷ്യരെ മുഴുവൻ കൊന്നതിന് തുല്യമാണ്, ഒരാളെ രക്ഷിച്ചാൽ അതു മനുഷ്യരെ മുഴുവൻ രക്ഷിച്ചതിനു തുല്യമാണ് എന്ന് വിശുദ്ധ ഖുർആൻ പറയുന്നു (5:32)

25) മുസ്ലീങ്ങളുമായി സന്ധി ചെയ്തു സമാധാനത്തിൽ ജീവിക്കുന്ന ഒരു അമുസ്ലിമിനെ കൊന്നാൽ കൊന്നവന് സ്വർഗ്ഗത്തിന്റെ വാസന പോലും ലഭിക്കില്ലെന്നു മുഹമ്മദ് നബി പറയുന്നു (ബുഖാരി 2995)

26) മുസ്ലീങ്ങളുമായി സന്ധി ചെയ്തു സമാധാനത്തിൽ ജീവിക്കുന്ന അമുസ്ലിമിനോട്  അക്രമം ചെയ്യുകയോ അവനിൽ നിന്ന് വല്ലതും കവരുകയോ അവന് കഴിയാത്ത വല്ലതും അവന്റെ മേൽ ചുമത്തുകയോ ചെയ്താൽ നാളെ പരലോകത്തു ആ അമുസ്ലിമിനു വേണ്ടി വാദിക്കുക മുഹമ്മദ് നബി ആയിരിക്കും എന്ന് നബി പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്‌ 3052)

27) മാനവ സാഹോദര്യം മാത്രമല്ല ഏക മാനവ സമുദായം എന്ന പ്രധാന ആശയവും വിശുദ്ധ ഖുർആൻ മുന്നോട്ടു വെക്കുന്നു (21:92, 23:52) മനുഷ്യർ വ്യത്യസ്ത സമുദായങ്ങൾ അല്ല മനുഷ്യർ എന്ന ഒരേ സമുദായമാണ് എന്നർത്ഥം. 

28) ഇസ്‌ലാമിനെ സമഗ്രമായി വായിച്ചാൽ നല്ലൊരു മനുഷ്യനാവാതെ നല്ലൊരു മുസ്ലിമാകാൻ കഴിയില്ലെന്നാണ് മൊത്തത്തിൽ മനസ്സിലാവുന്നത്. 

29) മാനവ സാഹോദര്യം ജീവിതത്തിൽ പുലർത്താത്ത ഒരാൾ എങ്ങനെ മറ്റു മനുഷ്യരോട് ധാർമ്മികത പുലർത്തും എന്നതൊരു പ്രധാന ചോദ്യമാണ്. എല്ലാ മനുഷ്യരും തന്റെ സഹോദരങ്ങൾ ആണെന്നു കരുതുന്നവനു അതു എളുപ്പമാണ്.  

30) ഹ്യുമാനിറ്റി, ഹ്യൂമനിസം എന്ന ആശയത്തെക്കാളും വിശാലമാണ് ഇസ്‌ലാമും മറ്റു മതങ്ങളും പഠിപ്പിക്കുന്ന മാനവ സാഹോദര്യം. അതു മാനവരാശിയെ സ്വന്തം കുടുംബമായി കാണുന്ന മാനസിക വിശാലതയാണ്.

അൻസാർ അലി നിലമ്പൂർ 

20 June 2018

കുടുംബ സംഗമത്തെ കുറിച്ച്...

2014 മേയ് മാസത്തിൽ ഒരു ദിവസമാണ് മലപ്പുറം ജില്ലയിലെ വലിയൊരു കുടുംബ സംഗമം വീക്ഷിക്കാനുള്ള അവസരം ലഭിച്ചത്. അനവധി പ്രോഗ്രാമുകൾ കണ്ടിട്ടുണ്ട് എങ്കിലും ആ കുടുംബ സംഗമം പോലെ മനസ്‌ നിറഞ്ഞ ഒരു പ്രോഗ്രാം ആദ്യമായി കാണുകയാണ്. ഒരേ വീട്ടു പേരുള്ള അനവധി കുടുംബങ്ങൾ ഒരിടത്ത് ഒരുമിച്ചിരിക്കുന്ന കാഴ്ച അതി ഗംഭീരമാണ്. ആദ്യമായാണ് അവരിങ്ങനെ ഒരു സംഗമം സംഘടിപ്പിക്കുന്നത്.  

പ്രോഗ്രാമിൽ എല്ലാവരും പരസ്പരം ആരെന്നു തിരക്കി സ്വന്തം കുടുംബ ത്തിന്‍റെ വലിപ്പം മനസിലാക്കി കൊണ്ടിരുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇടയില്‍ സ്‌ക്രീൻ വെച്ചു വേര്‍തിരിച്ച വലിയ പന്തലിട്ടു രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന നന്മകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രോഗ്രാം ആയിരുന്നു ആ കുടുംബ സംഗമം. കോഴിക്കോട് മുതല്‍ ഗൂടലൂര്‍ വരെയുള്ള രണ്ടായിര ത്തോളം കുടുംബങ്ങള്‍ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. ഭക്ഷണവും നമസ്കാരവും പന്തലില്‍ തന്നെ.

എന്തുകൊണ്ടും പ്രോത്സാഹി പ്പിക്കാന്‍ പറ്റിയ പ്രോഗ്രാമാണ് കുടുംബ സംഗമമെന്ന് തോന്നി. എന്തു കൊണ്ട് എന്‍റെ കുടുംബത്തിലും ഒന്ന് സംഘടിപ്പിച്ചു കൂടാ എന്ന് അത് കണ്ടപ്പോള്‍ ചിന്തിച്ചു പോയി. കുടുംബ സംഗമം ആര്‍ക്കും സംഘടിപ്പിക്കാം. ചെറുതങ്കില്‍ ചെറുത്‌. ഒരേ വീട്ടു പേരുള്ള എല്ലാ കുടുംബ ങ്ങളെയും ക്ഷണിച്ച് എല്ലാവരും ഒരുമിച്ചിരുന്നു ബന്ധം ചേർത്തു ഇണക്കുകയും കുടുംബ ക്ഷേമത്തിന് വേണ്ട ക്രിയാത്മകമായ എന്തെങ്കിലും പ്ലാൻ ചെയ്തു നടപ്പിലാക്കുക യുമാണ് കുടുംബ സംഗമം കൊണ്ടുള്ള ഉദ്ദേശ്യം. 

കുടുംബ സംഗമം പ്രോഗ്രാമിന് വേണ്ടി ഇറങ്ങി തിരിച്ചു അന്വേഷിച്ചു പോയാല്‍ ഒരേ വീട്ടു പേരുള്ള, പരസ്പരം കുടുംബ ബന്ധമുള്ള ഒരു പാട് കുടുംബങ്ങളെ കണ്ടെത്താം. മൂവായിരവും നാലായിരവും ആളുകള്‍ പങ്കെടുക്കുന്ന കുടുംബ സംഗമങ്ങള്‍ വരെ മലപ്പുറം ജില്ലയില്‍ നടക്കാറുണ്ട് എന്ന് കേള്‍ക്കുന്നു. വളരെ നല്ലത്. ഞാന്‍ പങ്കെടുത്ത കുടുംബ സംഗമത്തില്‍ കുടുംബ ബന്ധം ചേര്‍ക്കുന്നതിന്‍റെ ശ്രേഷ്ഠത വിവരിക്കുന്ന ഭക്തി നിര്‍ഭരമായ പ്രഭാഷണവും ഉണ്ടായിരുന്നു. കുടുംബ സംഗമങ്ങളില്‍ ഉപകാര പ്രദമായ പല ചുവടു വെപ്പുകളും നടത്താം. ആവുന്നത്ര കുടുംബത്തെ  ഒരുമിപ്പിക്കാനും സഹായിക്കാനും  അന്നത്തെ കുടുംബ സംഗമത്തില്‍ വലിയൊരു എക്സിക്യുട്ടീവ്‌ കമ്മിറ്റിയെയും ഒരു ചീഫ് എക്സിക്യുട്ടീവിനെയും തെരഞ്ഞെടുത്തു. 

കുടുംബ ബന്ധങ്ങള്‍ പരസ്പരം മനസി ലാക്കാനും പുതുക്കാനും കുടുംബ ത്തിലെ രോഗികളെ ചികിത്സിക്കാന്‍ മാര്‍ഗ മുണ്ടാക്കാനും പിണങ്ങി നില്‍ക്കുന്ന കുടുംബങ്ങളെ അടുപ്പിക്കാനും കുടുംബത്തിലെ സ്വത്തു തര്‍ക്കങ്ങൾ പരിഹരിക്കാനും വരുമാനമില്ലാത്ത വൃദ്ധന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കാനും യുവാക്കളെ കല്യാണം കഴിപ്പിക്കാനും യുവതികള്‍ക്ക്‌ കല്യാണം ഉണ്ടാക്കി കൊടുക്കാനും അനാഥകളെയും വിധവകളെയും കണ്ടെത്തി സഹായി ക്കാനും കുടുംബ സംഗമങ്ങൾ ഉപകരിക്കും. ഒരു കുടുംബത്തില്‍ തന്നെ സമ്പത്ത് കൂടിയവരും കുറഞ്ഞവരും ഉണ്ടാകുമല്ലോ. ഒത്തു പിടിച്ചാല്‍ പനയും പോരും. കുടുംബക്കാരെ കുടുംബക്കാര്‍ക്ക് അല്ലാതെ പിന്നെ ദുനിയാവില്‍ ആര്‍ക്കാണ് സഹായിക്കാന്‍ കൂടുതല്‍ ബാധ്യത, അതാണ്‌ കുടുംബ സംഗമം എന്തു കൊണ്ടും പ്രോത്സാഹി പ്പിക്കാന്‍ പറ്റിയ പ്രോഗ്രാമാണ് എന്ന് പറഞ്ഞത്.

കുടുംബ സംഗമത്തിന്‍റെ കാര്യത്തില്‍ ഇസ്ലാമിക മാതൃക തെരയുന്നവര്‍ക്ക് ചരിത്രത്തിൽ ഇങ്ങനെ കാണാം, മുഹമ്മദ് നബി പ്രബോധനം തുടങ്ങിയ ആദ്യ ഘട്ടത്തില്‍  സ്വന്തം കുടുംബത്തിലെ പ്രമുഖരെയെല്ലാം വിളിച്ചു കൂട്ടി നല്ലൊരു ഭക്ഷണം നല്‍കിയ ശേഷം വളരെ ആകര്‍ഷ കമായ രൂപത്തില്‍ തൌഹീദും രിസാലത്തും അവരുടെ മുന്നിൽ അവതരിപ്പിച്ചു. അപ്പോഴാണ്‌ കൂട്ടത്തില്‍ പെട്ട ഒരു ദുഷ്ടന്‍ മുഹമ്മദേ, നീ ഞങ്ങളുടെ ഇലാഹുകളെ എല്ലാം കൂടി അല്ലാഹു എന്ന ഒരൊറ്റ ഇലാഹില്‍ ഒതുക്കുക യാണോ എന്ന് ചോദിച്ചത്. ആ ഹോട്ട് സംഭാഷണത്തിന്‍റെ അവസാനം മുഹമ്മദ് നബി പറയുന്ന ഒരുകാര്യം അടിവരയിട്ടു മനസിലാക്കാം. അതിങ്ങനെ ആയിരുന്നു: "നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും എന്‍റെ ദൌത്യം ഞാന്‍ തുടരും, അതോടൊപ്പം നിങ്ങളോടുള്ള കുടുംബ ബന്ധം ഞാന്‍ വെള്ള മൊഴിച്ച് നട്ടു വളര്‍ത്തുകയും ചെയ്യും".

കാര്യം മനസിലാ യിരിക്കും എന്നു കരുതുന്നു. ആദര്‍ശം ഏതായാലും ഒരു കുടുംബത്തിലെ മുജാഹിദും  സുന്നിയും ജമാഅത്തെ ഇസ്ലാമിക്കാരനും ആദര്‍ശം പറഞ്ഞ് ഭിന്നിക്കാതെ കുടുംബ ബന്ധം വളര്‍ത്തുക തന്നെ വേണ മെന്നര്‍ത്ഥം. ആദര്‍ശ ബന്ധം ചേര്‍ത്തോ എന്ന് അല്ലാഹു ചോദ്യം ചെയ്യില്ല, എന്നാല്‍ രക്ത ബന്ധവും കുടുംബ ബന്ധ വുമൊക്കെ  ചോദ്യം ചെയ്യപ്പെ ടുമെന്ന്  ഉറപ്പാണ് എന്നാണ് എനിക്ക് ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്നു മനസ്സിലായത്. കുടുംബ ബന്ധം ചേര്‍ക്കുന്നതിന്‍റെ പ്രാധാന്യം ഖുര്‍ആനില്‍ നിന്നും നബി ചര്യയില്‍ നിന്നും എമ്പാടും നമ്മള്‍ മനസിലാ ക്കിയിട്ടുണ്ട്. 

അൻസാർ അലി നിലമ്പൂർ

9 November 2017

ഇസ്‌ലാമിലെ സാഹോദര്യ സങ്കല്പം

മുസ്ലീങ്ങൾ മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ് ഇസ്‌ലാമിലെ സാഹോദര്യ സങ്കല്പം. മുസ്ലീങ്ങൾക്ക് ഇടയിൽ സാഹോദര്യം കാണപ്പെടാതെ ആകു മ്പോഴാണ്‌ അതു ഇസ്‌ലാമിലെ ഒരു സങ്കല്പം മാത്രമായി മാറുന്നത്. ഇന്ന് മുസ്ലീങ്ങൾക്ക് ഇടയിൽ കാണപ്പെടുന്ന ഭിന്നിപ്പിനും ചേരി തിരിവിനും ഒരു   പ്രധാന കാരണം സാഹോദര്യമെന്ന സുപ്രധാന ഇസ്‌ലാമിക സങ്കൽപത്തെ കുറിച്ചു അധിക മുസ്ലീങ്ങളും ബോധ വാന്മാർ അല്ലാത്തതാണ്. ഗ്രൂപ്പുകൾക്കും സംഘടന കൾക്കും വർണ്ണത്തിനും കുടുംബ മഹിമക്കും മറ്റു വൈജാത്യങ്ങൾക്കും അപ്പുറം സകല മുസ്ലീങ്ങളും എന്‍റെ സഹോദരീ സഹോദര ന്മാരാണ് എന്ന ബോധമാണ് ഇസ്‌ലാമിക സാഹോദര്യം.

രക്ത ബന്ധത്തിനും കുടുംബ ബന്ധത്തിനും മറ്റെല്ലാ ബന്ധങ്ങള്‍ക്കും അപ്പുറം അല്ലാഹു മുസ്ലീങ്ങള്‍ക്ക് നിശ്ചയിച്ച ബന്ധമാണ് സാഹോദര്യ ബന്ധം. മുഹമ്മദ് നബി പ്രവാചകനായ ആദ്യ കാലത്തു തന്നെ അവിടുത്തെ ഒരു പ്രധാന ലക്ഷ്യ മായിരുന്നു പരസ്പരം പോരടിച്ചു വർഷങ്ങളോളം യുദ്ധം ചെയ്തിരുന്ന അറബ് ഗോത്രങ്ങൾക്ക് ഇടയിൽ ഇസ്‌ലാം കൊണ്ടു സാഹോദര്യം ഉണ്ടാക്കൽ. മുഹമ്മദ് നബി അക്കാര്യത്തിൽ വൻ വിജയമാണ് നേടിയത്. അതിന്റെ നേർചിത്രം നമുക്ക് മദീനയിൽ കാണാം.

മക്കയില്‍ നിന്നു എല്ലാം ഉപേക്ഷിച്ച് മദീനയിലേക്ക് ഹിജ്ര ചെയ്തു വന്ന സ്വഹാബത്തിനെ മദീനക്കാര്‍ സ്വീകരിച്ച വിധം അറിഞ്ഞാൽ നമ്മുടെ കണ്ണ് നനയും. മക്കയില്‍ നിന്നു വന്ന സ്വഹാബികളുമായി മദീനക്കാർ   സ്വത്തും തോട്ടവും കച്ചവടവും എല്ലാം പങ്കുവെച്ചു. അല്ലാഹു നിര്‍ദേശിച്ച സാഹോദര്യ ബന്ധം അവര്‍ ശരിക്കും പ്രവൃത്തി പഥത്തില്‍ കൊണ്ടുവന്നു. യുദ്ധത്തില്‍ വെട്ടേറ്റു മരണാ സന്നനായി കിടക്കുന്ന സ്വഹാബിയുടെ നേരെ വെള്ളം നീട്ടിയാല്‍, എനിക്കല്ല, അപ്പുറത്ത് മറ്റേ സഹോദരന് കൊടുക്കൂ എന്ന് പറഞ്ഞിരുന്നു അവര്‍. ഇസ്ലാമിക സാഹോദര്യം പഠിക്കല്‍ അല്ലാഹുവിന്‍റെ വാക്കുകളില്‍ നിന്ന് തുടങ്ങാം.

അല്ലാഹു പറയുന്നു: "ഇന്നമല്‍ മുഅമിനൂന ഇഖ് വ.... വിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാണ്" (വി.ഖുര്‍ആന്‍ 49:10)

ഈ വചനം വിശുദ്ധ ഖുർആനിലെ സാഹോദര്യത്തിന്റെ വചനം എന്നറിയപ്പെടുന്നു. ഈ വചനത്തെ വിശ്വാസികള്‍ സഹോദര ങ്ങളല്ലാതെ അല്ല എന്നു പരിഭാഷ ചെയ്താലും ശരിയാണ്. മുസ്ലീങ്ങളെല്ലാം സഹോദരങ്ങള്‍ തന്നെയെന്ന് അല്ലാഹു പറഞ്ഞാല്‍ അതിനപ്പുറം ഇല്ലല്ലോ. നമ്മിലെ പുരുഷന്മാര്‍ നമ്മുടെ സഹോദരന്മാരും നമ്മിലെ സ്ത്രീകള്‍ നമ്മുടെ സഹോദരിമാരും ആണ്. അപ്പോൾ എങ്ങനെയാണ് ഒരാൾക്ക് അയാളുടെ സഹോദരനെ അക്രമിക്കാനും സഹോദരിയെ മാനഭംഗ പെടുത്താനും കഴിയുക. ഇസ്‌ലാമിലെ ധാർമ്മികതയുടെ ആണിക്കല്ലാണ് സാഹോദര്യ സങ്കല്പം എന്നു നമുക്ക് കാണാം. അല്ലാഹു പറയുന്നു;

"നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കൾ ആയിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദര ങ്ങളായി. നിങ്ങള്‍ അഗ്നി കുണ്ഡ ത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു; നിങ്ങള്‍ നേര്‍ മാര്‍ഗം പ്രാപിക്കുവാന്‍" (വി.ഖുര്‍ആന്‍ 3:103)

അല്ലാഹു പറയുന്നു: "എന്നാല്‍ അവര്‍ (ബഹു ദൈവ വിശ്വാസികള്‍) പശ്ചാത്ത പിക്കുകയും നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദര ങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നു" (വി. ഖുര്‍ആന്‍ 9:11)

മുഹമ്മദ് നബിയുടെ വാക്കുകളില്‍ കൂടി ഇസ്‌ലാമിക സാഹോദര്യ ത്തിന്‍റെ കൂടുതല്‍ വിവരണം ലഭിക്കുന്നു.

മുഹമ്മദ് നബി പറഞ്ഞു: "ഒരു മുസ്‌ലിം മറ്റൊരു മുസ്ലിമിന്‍റെ സഹോദരനാണ്. അവന്‍ അവനെ അക്രമിക്കുകയോ ആക്രമിക്കാൻ വിട്ടു കൊടുക്കുകയോ ചെയ്യില്ല. വല്ലവനും തന്‍റെ സഹോദരന്‍റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാനുള്ള പരിശ്രമത്തില്‍ പ്രവേശിച്ചാല്‍ അവന്‍റെ ആവശ്യം അല്ലാഹുവും നിര്‍വ്വഹിച്ച് കൊടുക്കും.വല്ലവനും ഒരു മുസ്ലിമിനെ ബാധിച്ച പ്രയാസത്തില്‍ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോകത്തെ ദു:ഖത്തില്‍ നിന്ന് അല്ലാഹു അവനെയും മോചിപ്പിക്കും. ഒരു മുസ്ലിമിന്‍റെ പോരായ്മകള്‍ വല്ലവനും മറച്ചു വെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്‍റെ പോരായ്മകള്‍ അല്ലാഹുവും മറച്ചുവെക്കും" (ബുഖാരി)

മുഹമ്മദ് നബി പറഞ്ഞു: "പരസ്പര കാരുണ്യത്തിലും സ്നേഹത്തിലും വാത്സല്യത്തിലും വിശ്വാസികൾ ശരീരം പോലെയാണ്. ശരീരത്തിലെ ഒരു അംഗത്തിന് കേടു വന്നാല്‍ ശരീരം മുഴുക്കെ പനിച്ചും ഉറക്ക മൊഴിച്ചും അതിന്‍റെ വിഷമത്തില്‍ പങ്കെടുക്കുന്നത് പോലെ" (ബുഖാരി)

മുഹമ്മദ് നബി പറഞ്ഞു: "ഊഹത്തെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിശ്ചയം ഊഹം സംസാരങ്ങളില്‍ ഏറ്റവും വ്യാജം നിറഞ്ഞതാണ്. നിങ്ങള്‍ തെറ്റുകള്‍ രഹസ്യമായി അന്വേഷിക്കരുത്. പരസ്പരം അസൂയപ്പെടരുത്. പരസ്പരം കോപിക്കരുത്. നിങ്ങള്‍ പരസ്പരം സഹോദരന്മാർ ആകുവിൻ" (ബുഖാരി)

മുഹമ്മദ് നബി പറഞ്ഞു: "നിങ്ങള്‍ പരസ്പരം പകയും അസൂയയും വെച്ച് പുലര്‍ത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞു കളയരുത്. അല്ലാഹുവിന്റെ ദാസന്മാരും സഹോദര രുമായി ജീവിക്കുക. ഒരു മുസ്ലീമിന് മൂന്ന് ദിവസത്തിലധികം തന്‍റെ സഹോദരനെ വെടിഞ്ഞിരി ക്കാന്‍ പാടില്ല" (ബുഖാരി)

മുഹമ്മദ് നബി പറഞ്ഞു: "വിശ്വാസികൾ പരസ്പരം ഒരു കെട്ടിടം പോലെയാണ്. അതിന്‍റെ ഒരു ഭാഗം മറ്റു ഭാഗങ്ങളെ ശക്തി പ്പെടുത്തുന്നു. നബി തന്‍റെ വിരലുകള്‍ ചേര്‍ത്തു പിടിച്ചു കാണിച്ചു" (ബുഖാരി)

മുസ്ലിം സാഹോദര്യത്തെ ഉറപ്പിക്കുന്ന എത്രയോ നബി വചനങ്ങൾ കാണാം. പലപ്പോഴും നാം നമ്മുടെ മുസ്ലിം സഹോദരനെ കേവലം "ഫ്രെണ്ട്" എന്ന രൂപത്തില്‍ പരിചയ പ്പെടുത്തുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുസ്ലീങ്ങള്‍ കേവലം ഫ്രെണ്ടുകള്‍ അല്ല, സഹോദരന്മാരും സഹോദരിമാരും ആണല്ലോ. നമ്മള്‍ തമ്മിലുള്ള ബന്ധം കേവലം ഫ്രെണ്ട് ഷിപ്പും അല്ല. മറിച്ച്, അത് അല്ലാഹു വിനാല്‍ നിശ്ചയിക്കപ്പെട്ട സാഹോദര്യ ബന്ധമാണ്.

ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ ബ്രദർ, സിസ്റ്റർ, സഹോദരാ, സഹോദരീ എന്നൊക്കെ സ്നേഹത്തോടെ അഭി സംബോധന ചെയ്യൽ നല്ല കാര്യമാണ്. നമ്മുടെ സ്വന്തം സംഘടനക്കും ഗ്രൂപ്പിനും അപ്പുറ ത്തേക്ക് സകല മുസ്ലീങ്ങളി ലേക്കും നമ്മുടെ  ദീനീ സാഹോദര്യം കത്തിപ്പടരട്ടെ....

അൻസാർ അലി നിലമ്പൂർ

8 November 2017

ഹിജഡ ജീവിതവും ഇസ്‌ലാമും

ആണിന്‍റെ ശരീരവും പെണ്ണിന്‍റെ മനസും ശബ്ദവുമായി  ജീവിക്കേണ്ടി വരുന്ന ഹിജഡകളുടെ കാര്യം മഹാ കഷ്ടം  തന്നെ !!. സമൂഹത്തില്‍ നിന്നു ഹിജഡ കള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന പീഡനവും അവജ്ഞയും ആരുടെയും മനസ ലിയിക്കാന്‍ പോന്നതാണ്. അല്ലാഹു അങ്ങനെയൊരു ജീവിതം ചിലര്‍ക്ക് വിധിച്ചു.

ക്ഷമിക്കുകയും തഖവ പുലര്‍ത്തുകയും ചെയ്‌താല്‍ പരലോകത്ത് ഹിജഡ കള്‍ക്കു കൂടി വേണ്ടിയാണ് അല്ലാഹു സ്വര്‍ഗം ഒരുക്കി വെച്ചിരി ക്കുന്നത്. സ്വര്‍ഗത്തില്‍ ഹിജഡ കള്‍ക്ക് പൂര്‍ണ്ണ പുരുഷനാകാനോ സ്ത്രീയാകാനോ ഉള്ള ഓപ്ഷന്‍ അല്ലാഹു നൽകുമെന്ന് പ്രത്യാശിക്കാം. സ്വര്‍ഗത്തില്‍ ആർക്കും ഇഷ്ടമുള്ളത് നല്‍കല്‍ അല്ലാഹുവിനു പ്രയാസമുള്ള കാര്യമല്ല. അറിവില്ലാത്ത കാലത്തു എന്‍റെ മനസ്സില്‍ വല്ല അവജ്ഞയും ഹിജഡകളോട് തോന്നിയെങ്കില്‍ അല്ലാഹുവിലേക്ക് ഞാൻ ഖേദിച്ചു മടങ്ങിയിരിക്കുന്നു. 

ഇസ്‌ലാമിൽ എവിടെയും ഹിജഡകളെ തരം താഴ്ത്തുന്ന പരാമർശമില്ല. അവരെ ഒരു ലിംഗ വിഭാഗമായി അംഗീകരിച്ചത് ഖുർആനിൽ  കാണാം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള എല്ലാ അവകാശങ്ങളും ഹിജഡ കൾക്കും ഇസ്‌ലാം നൽകുന്നതായി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മനസിലാക്കാം. ജാഹിലിയാ കാലത്ത് ഹിജഡകളെ നിഷ്കരുണം കൊന്നു തള്ളുന്ന പതിവ് അറേബ്യയില്‍ ഉണ്ടായിരുന്നു. മുഹമ്മദ്  നബി അത് ശക്തമായി വിരോധിച്ചതായി ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. 

ഹിജഡകള്‍ക്ക് സാധാരണ മനുഷ്യര്‍ക്കിടയില്‍  അവഹേളനം സഹിച്ചു കഴിഞ്ഞു കൂടാന്‍ കഴിയില്ലെന്ന് നബിക്ക് നന്നായി അറിയാമായിരുന്നു. അവിടുന്ന് മനുഷ്യരോട് അങ്ങേയറ്റം കരുണ ഉള്ളവരായിരുന്നു. മറ്റുള്ളവരെ തെറ്റുകാരാക്കാനും പാടില്ലല്ലോ. അതു കൊണ്ട് ഹിജഡ കള്‍ക്ക് വേറിട്ട്‌ ജീവിക്കാന്‍ നബി മക്കയുടെയും മദീനയുടെയും ഇടയിലുള്ള നഖീ എന്ന സ്ഥലം നിര്‍ദേശിച്ചതായി ഇമാം അബൂ ദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം.

ഹിജഡകള്‍ മിക്കപ്പോഴും ആണും പെണ്ണും കൂടിയതാണല്ലോ. അവരില്‍ ആണിന്‍റെ അംശവും ഉണ്ട്. അതു കൊണ്ട് നബി അവിടുത്തെ ഭാര്യമാരോട് ഹിജഡകളെ ആണുങ്ങളെ പോലെ പരിഗണിക്കാന്‍ കല്‍പ്പിച്ചു അവരുടെ മുന്നില്‍ മറ സ്വീകരിക്കാന്‍ കല്‍പ്പിച്ചതായി ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനിയും ഒരുപാട് ഹദീസുകളില്‍ ഹിജഡകളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ കുറിപ്പിന്‍റെ ലക്‌ഷ്യം സഹ ജീവികള്‍ എന്ന നിലക്ക് അവരോട് ഒരു സോഫ്റ്റ്‌ കോര്‍ണര്‍ നമ്മുടെ മനസ്സില്‍ ഉണ്ടാകണം എന്ന് പറയല്‍ മാത്രമാണ്. സാഹചര്യങ്ങള്‍ അവരെ മിക്കപ്പോഴും വ്യഭിചാരം തൊഴിലായി സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു. വേറെ തൊഴില്‍ പലപ്പോഴും അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല. എല്ലാറ്റില്‍ നിന്നും മുഖ്യധാരാ സമൂഹം അവരെ ഓടിക്കുന്നു. എന്നാൽ ഇസ്‌ലാമിന്റെ അവരോടുള്ള സമീപനം മനസിലാക്കിയ മുഗൾ, ഓട്ടോമൻ രാജ വംശങ്ങൾ ഭരണത്തിൽ അവർക്ക് മുന്തിയ പരിഗണന നൽകിയിരുന്നു.  

ഇസ്‌ലാമിക നിയമങ്ങൾ ഇമാമുമാർ ക്രോഡീകരിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ  ഹിജഡകളെ കുറിച്ച നിയമങ്ങളും അതിലുണ്ട്.   ഇമാം നവവി(റ) പറഞ്ഞു: "ഒരു മനുഷ്യന്‍റെ ചലനങ്ങളിലും ഭാവങ്ങളിലും പെരുമാറ്റങ്ങളിലും ഭാഷയിലും അവന്‍ സ്ത്രീയെ പോലിരിക്കുമെങ്കില്‍ അവനാണ് ഹിജഡ. അവര്‍ രണ്ടു വിധമുണ്ട്. ഒന്ന് സ്ത്രീ പ്രകൃതം ജന്മനാ ലഭിച്ചവര്‍. അവര്‍ക്കത്‌ അഭിനയമല്ല. അവര്‍ അധാര്‍മ്മിക പ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ പാടില്ല, അവഹേളിക്കാന്‍ പാടില്ല, അവര്‍ ലജ്ജിക്കേണ്ട ആവശ്യവും ഇല്ല. രണ്ടാം തരക്കാര്‍ കുറച്ചൊക്കെ സ്ത്രൈണത ഉണ്ടെങ്കിലും അവര്‍ വ്യഭിചാരത്തിന് വേണ്ടി കൂടുതലും പെണ്ണായി അഭിനയി ക്കുന്നവരാണ്. അവന്‍ പാപിയാണ്, ആക്ഷേപാര്‍ഹനാണ്".

മിക്കപ്പോഴും പാകപ്പിഴവുകള്‍ സംഭവിക്കുന്നു എങ്കിലും അല്ലാഹുവിന്‍റെ ഓരോ സൃഷ്ടിക്കും അതര്‍ഹിക്കുന്ന ആദരവും ബഹുമാനവും നല്‍കാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ. അല്ലാഹുവിന്‍റെ സൃഷ്ടികളെ  അവഹേളിക്കാൻ പിശാചു നമ്മെ പ്രേരിപ്പിക്കുന്നതില്‍ നിന്നും അല്ലാഹു നമ്മെ രക്ഷിക്കട്ടെ...

അൻസാർ  അലി നിലമ്പൂർ