Showing posts with label ഫിലോസഫി. Show all posts
Showing posts with label ഫിലോസഫി. Show all posts

12 September 2018

പണം കൊടുത്താൽ കിട്ടാത്തവ

മനുഷ്യൻ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളെ പണം കൊണ്ട് വാങ്ങാൻ കഴിയുന്നത് എന്നും കഴിയാത്തത് എന്നും തരം തിരിക്കാം. പണം കൊണ്ട് വിലയിടാൻ കഴിയുന്നതിനൊക്കെ മനുഷ്യൻ കാലങ്ങളായി വിലയിട്ടു കൊണ്ടിരിക്കുന്നു. ബാക്കി വിലയിടാൻ കഴിയാത്ത ചില അമൂല്യ കാര്യങ്ങളാണ് മനുഷ്യനെ കേവലമൊരു ഭൗതിക ജീവി എന്നതിന് അപ്പുറം ആത്മീയ ജീവിയും സാമൂഹ്യ ജീവിയുമാക്കി നിലനിർ ത്തുന്നത്. അതിനാൽ ജീവിതത്തിൽ പണത്തിനു എത്രത്തോളം പ്രാധാന്യം നൽകാം എന്നതൊരു പ്രധാന ചിന്താ വിഷയമാണ്. പണത്തിന് അർഹമായ പ്രാധാന്യം നൽകുന്നതിൽ ഉള്ള ഏറ്റകുറച്ചിലുകൾ ചില മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മണി ഡിസോഡേഴ്‌സ് എന്ന പേരിൽ സൈക്കോളജിയിൽ അവ അറിയപ്പെടുന്നു 

മനുഷ്യന് ആവശ്യമുള്ളതും പണം കൊണ്ട് വാങ്ങാൻ കഴിയാത്തതുമായ കുറെയേറെ സുഖങ്ങൾ ഭൂമിയിൽ ഉള്ളതിനാൽ ധാരാളം പണം ഉണ്ടായത് കൊണ്ട് മാത്രം ആരും പൂർണ്ണ ധാന്യരാകില്ല എന്ന് മനസ്സിലാക്കാം. താൻ ധന്യനാണോ എന്ന് നോക്കുമ്പോൾ പണം കൊണ്ട് വാങ്ങാൻ കിട്ടാത്തതായി തനിക്ക് എന്തൊക്കെ സുഖ സൗകര്യങ്ങൾ ഉണ്ടെന്നത് കൂടി ഒരാൾ കണക്കിൽ എടുക്കണം. പണം കൊണ്ട് മനുഷ്യന് പൂർത്തീകരിക്കാൻ കഴിയുക പ്രധാനമായും  ഭൗതിക ആവശ്യങ്ങൾ മാത്രമാണ്. മനുഷ്യന്റെ മാനസികവും ബൗദ്ധികവും ആത്മീയവും സാമൂഹികവുമായ മിക്ക ആവശ്യങ്ങളും പണം കൊണ്ട് നേടാൻ കഴിയുന്നവയല്ല. 

വാങ്ങാൻ കിട്ടുന്നതൊക്കെ വാങ്ങാനുള്ള കഴിവ് പണം നമുക്ക് തരുന്നുണ്ട്‌. വാങ്ങാനുള്ള കഴിവ് തന്നെ ഇല്ലെങ്കിൽ, അതായത് വല്ലതും വാങ്ങി അനുഭവിക്കണം എന്ന് ആഗ്രഹി ക്കാനുള്ള ബോധം തന്നെ ഇല്ലെങ്കിൽ അതും പണം കൊടുത്തു വാങ്ങാൻ പറ്റില്ല. പണത്തെ കുറിച്ചുള്ള ബോധം തന്നെ ഇല്ലാത്ത മനുഷ്യർക്ക് ഇടയിലാണ് നാം ജനിച്ചത് എങ്കിലുള്ള കാര്യം ആലോചിച്ചു നോക്കുക. ഇപ്പോഴും ഭൂമിയിൽ പണം കണ്ടിട്ടു പോലുമില്ലാത്ത ചില ആദിവാസി വർഗ്ഗങ്ങൾ ജീവിക്കുന്നുണ്ട്. പണം ഒരു ആവശ്യമാണ് എന്ന് അവർക്ക് തോന്നിയിട്ടില്ല. എങ്കിലും അവർ സന്തോഷത്താൽ പൊട്ടിച്ചിരിക്കുന്നു, നൃത്തം ചെയ്യുന്നു. പണം ഇല്ലെങ്കിലും ജീവിക്കാം, മുമ്പു മനുഷ്യർ പണം ഇല്ലാതെ ജീവിച്ചിരുന്നു എന്നർത്ഥം. പണം കൊടുത്താൽ വാങ്ങാൻ കിട്ടുന്ന ഭൗതിക ചരക്കുകളുടെ ആധിക്യം പണം കൊണ്ട് എന്തും നേടാൻ കഴിയുമെന്നൊരു മിഥ്യാ ധാരണ മനുഷ്യന് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. 

പണം കൊണ്ട് വാങ്ങാൻ കിട്ടുന്നതിനൊക്കെ നിശ്ചിത മൂല്യമുണ്ട്.  എന്നാൽ പണം കൊണ്ട് വാങ്ങാൻ കിട്ടാത്ത സുഖങ്ങൾ എല്ലാം അമൂല്യമാണ്. പണം കൊടുത്തു ഭക്ഷണം വാങ്ങി, പക്ഷെ കഴിക്കാൻ കഴിയുന്നില്ല, തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല. പണം കൊടുത്തു പുസ്തകം വാങ്ങി, പക്ഷെ വായിക്കാൻ അറിയില്ല, പഠിച്ചിട്ടില്ല. പണം കൊടുത്തു ഭംഗിയുള്ള വീട് വാങ്ങി, പക്ഷെ കണ്ട് ആസ്വദിക്കാൻ കണ്ണിനു കാഴ്ചയില്ല. പണം കൊടുത്തു പാടുന്ന പക്ഷിയെ വാങ്ങി, പക്ഷെ അതിന്റെ പാട്ടു കേൾക്കാൻ കേൾവി ശക്തിയില്ല.  ഇങ്ങനെ നോക്കിയാൽ ഒരു കൂട്ടം കഴിവുകൾ ഇല്ലെങ്കിൽ മനുഷ്യന് കുറെ പണം ഉണ്ടായിട്ട് യാതൊരു കാര്യവുമില്ല എന്നു മനസിലാക്കാം. പണത്തിന്റെ ആവശ്യങ്ങൾ മനുഷ്യന്റെ കഴിവു കളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആ കഴിവുകൾ മനുഷ്യന് പണം കൊടുത്തു വാങ്ങാനും കഴിയില്ല. 

പണം കൊടുത്തു വാങ്ങാൻ പറ്റാത്ത ഒന്നാണ് അറിവ്. പണം ഉണ്ടായാൽ മനുഷ്യന് അറിവ് ഉണ്ടാകണം എന്നില്ല. പണം കൊണ്ട് പുസ്തകം വാങ്ങാം, വിദ്യാലയത്തിൽ ചേരാം, പക്ഷെ അറിവ് ഉണ്ടാകാൻ അധ്വാനിച്ചു പഠിക്കുക തന്നെ വേണം. അല്ലെങ്കിൽ വല്ല വെളിപാടും കിട്ടണം. അത് പണം കൊണ്ട് കിട്ടില്ലല്ലോ. ഇതിനാൽ എല്ലാ ധനികരും അറിവു ള്ളവർ ആയി കാണപ്പെടുന്നില്ല.

പണം കൊടുത്തു വാങ്ങാൻ കഴിയാത്ത മറ്റൊന്നാണ് മനുഷ്യന്റെ ആകാരഭംഗി. ഒരാളുടെ ആകാര ഭംഗി നിർണ്ണ യിക്കുന്നത് അയാളുടെ ജനിതക ഘടനയാണ്. ജീനുകളിൽ ഉൾക്കൊള്ളുന്ന വിവരങ്ങൾക്ക് അനുസരിച്ചു കോശങ്ങളും ശരീരം മൊത്തത്തിലും രൂപപ്പെടുന്നു. ഒരാളുടെ മുഴുവൻ കോശങ്ങളിലെയും ജനിതക കോഡ് മുഴുവൻ മാറ്റി എഴുതാൻ കഴിയില്ല. കഴിഞ്ഞിരുന്നു എങ്കിൽ എല്ലാ ധനികരും അത്യധികം ആകാര ഭംഗി ഉള്ളവരായി കാണപ്പെട്ടിരുന്നു. 

സൽസ്വഭാവം പണം കൊടുത്താൽ കിട്ടാത്ത മറ്റൊരു കാര്യമാണ്. സൽസ്വഭാവം മനുഷ്യർ മൊത്തത്തിൽ ഇഷ്ടപ്പെടുന്ന കാര്യമാണ് എങ്കിലും ധനികരെല്ലാം സൽസ്വഭാവികൾ അല്ല. മനുഷ്യനിൽ സൽസ്വഭാവം എങ്ങനെ യാണ് രൂപപ്പെടുന്നത് എന്ന് ഇന്നും മനശാസ്ത്രം പഠിച്ചു കൊണ്ടിരി ക്കുകയാണ്. മനുഷ്യന്റെ പാരമ്പര്യത്തിനും ബാല്യകാല അനുഭവങ്ങൾക്കും വളർന്ന ചുറ്റു പാടിനും നേടിയ വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിൽ പങ്കുണ്ട് എന്ന് നമുക്കറിയാം. എങ്കിലും സൽസ്വഭാവം പണം കൊണ്ട് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല. 

പണം കൊടുത്താൽ കിട്ടാത്ത മറ്റൊന്നാണ് സമയം അല്ലെങ്കിൽ ആയുസ്. മനുഷ്യനു ജീവിക്കാനും ഉദ്ദേശിച്ചത് ചെയ്യാനും ലഭിക്കുന്ന വിലപ്പെട്ട അവസരമാണ് സമയം. ഒരാൾ മരിച്ചാൽ അയാൾക്ക് അനുഭവപ്പെട്ട സമയം എന്ന അവസരം കഴിഞ്ഞു. സമയവും ആയുസും പണം കൊണ്ട് വാങ്ങാൻ കിട്ടിയിരുന്നു എങ്കിൽ ധനികർ ഒരിക്കലും മരിക്കില്ലായിരുന്നു. ഏതു ധനികനും മരിക്കാൻ നേരം കുറച്ചു കൂടി ആയുസ് കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കാൻ മാത്രമെ കഴിയൂ. മരിക്കേണ്ട നേരത്തു ആരും മരിച്ചെ പറ്റൂ. മാക്സിമം എത്ര പ്രാവശ്യം വരെ നമ്മുടെ ശരീരത്തിലെ കോശങ്ങൾ വിഭജിക്കണം എന്ന ജനിതക പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ട അറിവും പേറിയാണ് നാം ജീവിക്കുന്നത്. 

കോമ്മൻ സെൻസും ബുദ്ധിയും പണം കൊടുത്തു വാങ്ങാൻ കഴിയാത്ത മറ്റു ഗുണങ്ങൾ ആണ്. മനുഷ്യന് ബുദ്ധി കൂടുതലും ബുദ്ധി കുറവും മന്ദബുദ്ധിയും ഉണ്ടാകുന്നത് എങ്ങനെയാണ് എന്നു കൃത്യമായി നമുക്ക് അറിയില്ല. അതിനും കാരണം പാരമ്പര്യം, ജനിതകം, ആർജ്ജിത വിദ്യാഭ്യാസം എന്നൊക്കെ യാണ് നമ്മുടെ ഉത്തരം. ഇക്കാര്യത്തിലും പണത്തിനു ഒരു റോളും ഇല്ല. ഉണ്ടായിരുന്നു എങ്കിൽ ധനികരുടെ കൂട്ടത്തിൽ വിഡ്ഢികൾ ഉണ്ടാവില്ലായിരുന്നു. 

കാശു കൊടുത്തു വാങ്ങാൻ പറ്റാത്ത മറ്റൊന്നാണ് ആത്മാർത്ഥ സ്നേഹം. ശമ്പളം കൊടുത്തു സ്നേഹിക്കാൻ ആളെ വെച്ചിട്ട് കിട്ടുന്ന സ്നേഹത്തിന് ആത്മാർത്ഥ സ്നേഹം എന്ന് പറയില്ലല്ലോ. പറയുമെങ്കിൽ ഒരു സർവൻറ് റോബോട്ടിൽ നിന്നു കിട്ടുന്ന സേവനത്തിനും അങ്ങനെ പറയേണ്ടി വരും. വാർധക്യത്തിൽ പരിചരിക്കാനും സ്നേഹിക്കാനും ചിലർ നഴ്‌സുമാരെ ശമ്പളം കൊടുത്തു നിയമിക്കുന്നു. അങ്ങനെ ഡെയ്‌ലി എട്ടോ പത്തോ മണിക്കൂർ  സ്നേഹം ചുരത്തി ഡ്യൂട്ടി സമയം കഴിഞ്ഞാൽ അവർ പോകുന്നു. സ്നേഹത്തിനു ഞായർ ഒഴിവാണ്.

കാശു കൊടുത്താൽ കിട്ടാത്ത മറ്റൊന്നാണ് സന്തോഷം എന്ന മൂഡ്. കിട്ടിയിരുന്നു എങ്കിൽ ധനികരെല്ലാം കിലോ കണക്കിന് സന്തോഷം വാങ്ങി എപ്പോഴും സന്തോഷിച്ചു ഇരിക്കുന്നത് നമുക്ക് കാണാമായിരുന്നു. ചില ധനികർ ദുഃഖിക്കുന്നത് എന്തു കൊണ്ടാണ് എന്നു ചോദിച്ചാൽ സന്തോഷം കാശു കൊടുത്തു വാങ്ങാൻ പറ്റാത്ത ഒന്നു ആയത് കൊണ്ടു തന്നെ എന്നാണ് ഉത്തരം. 

ഇങ്ങനെ പണം കൊടുത്താൽ കിട്ടാത്ത മിനിമം അമ്പത് കാര്യങ്ങളെങ്കിലും ആലോചിച്ചാൽ ആർക്കും കണ്ടുപിടിക്കാം.  വിനിമയത്തിനുള്ള ഒരു മാർഗമായാണ് മനുഷ്യൻ പണം കണ്ടുപിടിച്ചത്. അതിനപ്പുറം പണത്തെ ഒരു ജീവിത ലക്ഷ്യമായി കണ്ട് ജീവിക്കുന്നവൻ കാലക്രമേണ  മാനസികമായി ഒരു സാമ്പത്തിക ജീവിയായി പരിണമിക്കുന്നു. മനുഷ്യൻ പണം ഉണ്ടാക്കുന്നു. ആ പണം മനുഷ്യനെ തന്റെ അടിമയാക്കുന്നു. ആ അടിമത്തത്തിന്റെ ലഹരിയിൽ അങ്ങനെ ജീവിക്കുന്നതിന് ഇടയിൽ പണം കൊടുത്താൽ കിട്ടാത്ത ഒരു സുഖം മനുഷ്യന് നഷ്ടപ്പെടുമ്പോൾ അവന്റെ അകക്കണ്ണ് തുറക്കുന്നു. അപ്പോഴാണ് പണമൂല്യം ഉള്ളവ മാത്രമല്ല അമൂല്യ മായവയും ഭൂമിയിൽ ഉണ്ടെന്നും അവയാണ് മനുഷ്യ ജീവിതത്തിൽ പ്രധാന റോൾ നിർവഹിക്കുന്നത് എന്നും മനസ്സിലാവുക. പണം കൊടുത്താലും എന്ത് പരിശ്രമം നടത്തിയാലും കിട്ടാത്ത, മനുഷ്യന് ആവശ്യമുള്ള ചിലത് നിലനിൽക്കുന്ന കാലത്തോളം പ്രാർത്ഥന വളരെ പ്രസക്തമാണ്. 

അൻസാർ അലി നിലമ്പൂർ

4 September 2018

വികലാംഗരെ ജനിപ്പിക്കുന്നത് ദൈവമല്ലേ..?

ദൈവം കാരുണ്യവാനും മികച്ച സൃഷ്ടാവും ആയിട്ട് എന്തു കൊണ്ടാണ് ചില കുഞ്ഞുങ്ങൾ ജന്മ വൈകല്യങ്ങളും മാരക രോഗങ്ങളും കൊണ്ട് ജനിക്കുന്നത്, എന്തു കുറ്റം ചെയ്തിട്ടാണ് കുഞ്ഞുങ്ങൾക്ക് വൈകല്യങ്ങളും രോഗങ്ങളും ദൈവം നൽകുന്നത്, പരീക്ഷണം നേരിടാൻ ബുദ്ധിയും കഴിവും ഇല്ലാത്ത അവർക്ക് എന്ത് പരീക്ഷണം ആണ് അതിലൂടെ ദൈവം ഉദ്ദേശിക്കുന്നത്..? 

ഈ ചോദ്യം പണ്ട് മുതലെ ദൈവ വിശ്വാസികളും നിഷേധികളുമായ മനുഷ്യർ ചോദിച്ചു വരുന്നതാണ്. അന്ന് മുതലെ പ്രവാചകന്മാരും വിവിധ മതക്കാരായ ദൈവ ശാസ്ത്രജ്ഞരും ഇതിനു മറുപടിയും പറഞ്ഞു വരുന്നു. പ്രസ്തുത മറുപടികൾ ഇങ്ങനെ ചുരുക്കി വിവരിക്കാം. 

1) യാതൊരു ജന്മ വൈകല്യങ്ങളും രോഗങ്ങളും ഇല്ലാതെ ജനിച്ച് ആരോഗ്യത്തോടെ നോർമലായി ജീവിച്ചു പോകുന്ന കോടാനു കോടി മനുഷ്യരെയും മറ്റു ജീവികളെയും കണ്ടാൽ തന്നെ അറിയാം ദൈവം മികച്ചൊരു സൃഷ്ടാവ് ആണെന്ന്.  

2) ചില കുഞ്ഞുങ്ങൾ വൈകല്യങ്ങളോടെ ജനിക്കുന്നത് ദൈവത്തിനു ആ കുഞ്ഞുങ്ങളോട് വിരോധം ഉണ്ടായിട്ടല്ല. ആർക്കെങ്കിലും ഉള്ള ദൈവിക ശിക്ഷ ആയിട്ടുമല്ല. മാരക രോഗങ്ങ ളോടെയും വൈകല്യ ങ്ങളോടെയും ജനിക്കുന്ന കുഞ്ഞുങ്ങൾ എല്ലാം അങ്ങനെ ജനിക്കാൻ കാരണം താനാണ് എന്ന് ദൈവം എവിടെയും പറഞ്ഞിട്ടുമില്ല.

3) കുഞ്ഞുങ്ങൾ കേടുപാടുകൾ ഇല്ലാതെ പൂർണ്ണരായി ജനിക്കണം എന്നതാണ്  ദൈവം നിശ്‌ചയിച്ച പ്രകൃതി വ്യവസ്ഥ. അതിൽ ആരൊക്കെയോ താള പിഴവുകൾ വരുത്തുന്നതാണ് ജനന വൈകല്യ ങ്ങൾക്കുള്ള മുഖ്യ കാരണം.

4) ചില കുഞ്ഞുങ്ങൾ മാരക രോഗങ്ങളോടെ ജനിക്കുന്നത് അവരുടെ മാതാ പിതാക്കൾ അവർക്കാ രോഗങ്ങൾ നൽകിയതു കൊണ്ടാണ്. മാതാ പിതാക്കൾക്ക് എയിഡ്സ്  ഉണ്ടായാൽ ജനിക്കുന്ന കുഞ്ഞിനും എയിഡ്സ് ഉണ്ടാകൽ സ്വാഭാവികമാണ്. 

5) മാതാവ് ഗർഭ കാലത്തു ചില കടുത്ത മരുന്നുകൾ ഉപയോഗിച്ചാൽ ജനിക്കുന്ന കുഞ്ഞിന് വൈകല്യം ഉണ്ടാകൽ സ്വാഭാവികമാണ്. 

6) റേഡിയേഷൻ വമിക്കുന്ന കെമിക്കലുകൾ കൊണ്ടും വിഷ വാതകങ്ങൾ കൊണ്ടും മനുഷ്യർ പരിസ്ഥിതിയെ മലിനമാക്കുമ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങൾ വൈകല്യത്തോടെ ജനിക്കൽ സ്വാഭാവികമാണ്. അണുബോംബ് വർഷിക്കപ്പെട്ട ഹിരോഷിമയിലും നാഗസാക്കിയിലും ജനിച്ച കുഞ്ഞുങ്ങൾക്ക് വൈകല്യം ഉണ്ടായത് ദൈവം കാരണമല്ല. 

7) മാതാ പിതാക്കൾ മദ്യപിക്കുകയും മയക്കു മരുന്നു ഉപയോഗിക്കുകയും പുക വലിക്കുകയും ചെയ്യുമ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വൈകല്യങ്ങളും രോഗങ്ങളും ഉണ്ടാകൽ സ്വാഭാവികമാണ്. 

8) ഗർഭ കാലത്ത് മാതാവിന് ഏൽക്കുന്ന അണു ബാധകൾ ജനിക്കുന്ന കുഞ്ഞിന് വൈകല്യങ്ങളും രോഗങ്ങളും ഉണ്ടാക്കുന്നു. 

9) ജനിതക ക്രമക്കേടുകളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് രോഗങ്ങളും വൈകല്യങ്ങളും ഉണ്ടാകുന്നു. ശരീര കോശ കേന്ദ്രത്തിൽ 46 ക്രോമോസോമുകൾ ഉണ്ടെന്നും ക്രോമോസോമുകളിൽ ഡി എൻ എ ഉണ്ടെന്നും ഡി എൻ എ കളിൽ ജീനുകൾ ഉണ്ടെന്നും മൊത്തം ജീനുകൾ 35000 ത്തോളം ആണെന്നും നമുക്കറിയാം. മാതാവിന്റെ 23 ക്രോമോസോമുകളും പിതാവിന്റെ 23 ക്രോമോസോമുകളും ചേർന്നാണ് കുഞ്ഞിന്റെ കോശം രൂപപ്പെടുന്നത്. കേടുള്ളതും രോഗകാരികളും ആയ ജീനുകൾ മാതാ പിതാക്കളിൽ നിന്ന് കുഞ്ഞിൽ എത്തുമ്പോൾ കുഞ്ഞിന് രോഗങ്ങളും വൈകല്യങ്ങളും ഉണ്ടാകുന്നു. ജനിതക ക്രമക്കേടുകൾ ആണ് ജനന വൈകല്യ ങ്ങളുടെ മുഖ്യ കാരണം. 

10) എന്തു കൊണ്ടാണ് ജനിതക ക്രമക്കേടുകൾ ഉണ്ടാകുന്നത് എന്ന് കണ്ടെത്താൻ പഠനങ്ങൾ എമ്പാടും നടന്നിട്ടുണ്ട്. മനുഷ്യന്റെ അതിക്രമങ്ങൾ തന്നെയാണ് മിക്ക ക്രമക്കേടു കളുടെയും കാരണം. എല്ലാ മനുഷ്യരിലും രോഗങ്ങൾക്ക് കാരണമാകുന്ന കുറച്ചെണ്ണം അപകട കാരികൾ ആയ ജീനുകൾ കാണപ്പെടുന്നു. അവ ഉണ്ടെന്നതിനാൽ രോഗം വരണം എന്നില്ല. ചില ബാഹ്യമായ ഘടകങ്ങൾ അവയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി അവ പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്. ബ്ലഡ് കാൻസറിന്‌ കാരണമായ ജീൻ ഒരാളിൽ നിന്നു അയാളുടെ മക്കളിലേക്ക് പകർന്നാൽ എല്ലാ മക്കൾക്കും ബ്ലഡ് കാൻസർ വരണമെന്നില്ല. അപകട കാരികൾ ആയ ജീനുകൾ ഉണ്ടാകുന്നതിനു പിന്നിലും കാരണങ്ങൾ ഉണ്ട്.  

11) ചുരുക്കി പറഞ്ഞാൽ കൃത്യമായ കാരണങ്ങൾ ഇല്ലാതെ ഒരു കുഞ്ഞും രോഗങ്ങളും വൈകല്യങ്ങളും കൊണ്ടു ജനിക്കുന്നില്ല. അവയിൽ ഏകദേശം മുപ്പതു ശതമാനത്തോളം കാരണങ്ങൾ മാത്രമാണ് ഇക്കാലം വരെ ശാസ്ത്രം കണ്ടുപിടിച്ചത്. മറ്റു കാരണങ്ങൾ അജ്ഞാതമാണ്, കണ്ടെത്താൻ ശാസ്ത്രം ശ്രമിച്ചു കൊണ്ടിരിക്കുന്നു. 

12) ദൈവമാണ് കാരണ- ഫല വ്യവസ്‌ഥ നിശ്ചയിച്ചത് എന്നാണ് ദൈവ വിശ്വാസികൾ കരുതുന്നത്. അതിനർത്ഥം എല്ലാ കാരണവും ദൈവം പ്രവർത്തി ക്കുന്നു എന്നല്ല. ഒരു ഫലം ഉണ്ടാകാൻ ദൈവം നിശ്‌ചയിച്ച കാരണം ആരെങ്കിലും  പ്രവർത്തിച്ചാൽ അതിനു ഫലം ഉണ്ടാകുന്നു. മദ്യപിക്കുക എന്നതൊരു കാരണം ആണ്. മദ്യപിച്ചാൽ കരൾ വീക്കം ഉണ്ടാവുക എന്നത് അതിന്റെ ഫലമാണ്. മനുഷ്യനാണ് കാരണം പ്രവർത്തി ക്കുന്നത്. ദൈവമല്ല. ആരെങ്കിലും പ്രവർത്തിക്കുന്ന കാരണം കൊണ്ട് ഉണ്ടാകുന്ന ഫലങ്ങൾ എല്ലാം ദൈവത്തിൽ ചാർത്തേണ്ട ആവശ്യമില്ല. അങ്ങനെയുള്ള എല്ലാറ്റിനും ദൈവം ഉത്തരവാദിയല്ല എന്നാണ് ദൈവ വിശ്വാസികൾ കരുതുന്നത്. 

13) മനുഷ്യേതര ജീവികളുടെ കുഞ്ഞുങ്ങളും രോഗങ്ങളും വൈകല്യങ്ങളും കൊണ്ടു ജനിക്കുന്നല്ലോ എന്നു ചോദിച്ചാൽ അവിടെയും പ്രവർത്തിക്കുന്നത് കാരണങ്ങൾ തന്നെയാണ്. റേഡിയേഷനും പാരിസ്ഥിതി മലിനീകരണവും കോസ്മിക് രശ്മികളും മനുഷ്യരെ മാത്രമല്ല സകല ജീവികളെയും ബാധിക്കുകയും അവയുടെ ജനിതക ഘടനകളിൽ മാറ്റം വരികയും രോഗങ്ങളും ജന്മ വൈകല്യങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. 

14) മിക്ക ജന്മ വൈകല്യങ്ങളും രോഗങ്ങളും ഉണ്ടാക്കുന്നത് ദൈവം അല്ലെങ്കിൽ ദൈവത്തിനു അത്തരം കുഞ്ഞുങ്ങൾ ജനിക്കുന്നത് തടഞ്ഞു കൂടെ എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ എന്തു കൊണ്ട്  ചില ക്രൂരതകളും തിന്മകളും ദൈവം തടയുന്നില്ല എന്ന എന്റെ ബ്ലോഗ് പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. വായിക്കുക. 

15) ജന്മ വൈകല്യങ്ങൾക്കും രോഗങ്ങൾക്കും മുഴുവൻ കാരണം ദൈവമല്ല എന്ന് നാം കണ്ടു കഴിഞ്ഞു. എന്നാൽ ചില കുഞ്ഞുങ്ങളെ ദൈവം തന്നെ വൈകല്യങ്ങളും രോഗങ്ങളും കൊണ്ടു ജനിപ്പിക്കാറുണ്ട്. ദൈവം മനുഷ്യന് അവൻ ഇഷ്ടപ്പെടുന്നത് മാത്രമല്ല ഇഷ്ടപ്പെടാ ത്തതും നൽകാറുണ്ട് എന്നത് ദൈവ വിശ്വാസത്തിന്റെ കാതലായ വശമാണ്. മനുഷ്യന് ഇഷ്ടപ്പെടുന്നത് മാത്രം നൽകാൻ ദൈവം മനുഷ്യന്റെ അടിമയല്ലല്ലോ. 

16) വല്ല കുഞ്ഞിനെയും ദൈവം തന്നെ വൈകല്യങ്ങൾ കൊണ്ടു ജനിപ്പിക്കുന്നു എങ്കിൽ അത് ആത്യന്തികമായ ഗുണം കണ്ട് ദൈവം തന്റെ യുക്തിയുടെ അടിസ്ഥാന ത്തിൽ ചെയ്യുന്നതാണ്. കേവലം നൈമിഷികമായ കാരുണ്യം ചെയ്യുക എന്നതിനപ്പുറം സകലതിലും ദൈവം  ആത്യന്തികമായ നന്മ നടപ്പിലാക്കുന്നു. ഇത് മനുഷ്യന് പെട്ടെന്ന് മനസ്സിലാകണം എന്നില്ല. മനുഷ്യ യുക്തിക്ക് പരിമിതികൾ ഉണ്ട്. ഇത് മനുഷ്യ യുക്തിയുടെ പരിമിതികൾ എന്ന എന്റെ ബ്ലോഗ് പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. 

17) വർഷങ്ങളോളം കുഞ്ഞുങ്ങൾ ഇല്ലാതെ അവസാനം ഒരു കുഞ്ഞു ഉണ്ടായത് വികലാംഗൻ. ഒന്നുമില്ലാത്തതിലും ഭേദം ഇതെന്ന് കരുതി മാതാപിതാക്കൾ ആ കുഞ്ഞിനെ സ്നേഹിച്ചു വളർത്തി. വികലാംഗൻ ആയ കാരണം പെട്ടെന്ന് സർക്കാർ ജോലി കിട്ടി. മാതാപിതാ ക്കൾക്ക് താങ്ങും തണലും ആകാൻ കഴിഞ്ഞു. ജോലിയുള്ള ഒരു വികലാംഗ പെണ്കുട്ടിയെ കല്യാണം കഴിച്ചപ്പോൾ ഒരു കേടുപാടും ഇല്ലാത്ത കുഞ്ഞുങ്ങൾ ഉണ്ടായി. സ്വസ്ഥം സുന്ദരം ആ കുടുംബ ജീവിതം!!. ഇത് നേർക്ക് നേർ കണ്ട അനുഭവം. മനുഷ്യൻ ഉദ്ദേശിക്കുന്ന പോലെ തന്നെ ദൈവം പ്രവർത്തിക്കണം എന്നു ദൈവ നിഷേധികൾ വാശി പിടിക്കരുത്. 

അൻസാർ അലി നിലമ്പൂർ

1 September 2018

ക്രൂരതകൾ തടയാത്ത ദൈവമോ.. ?

ദൈവം സർവജ്ഞനും സർവ ശക്തനും പരമ കാരുണികനും ആയിട്ടു എന്തു കൊണ്ട് ഭൂമിയിൽ നടക്കുന്ന തിന്മകളും ക്രൂരതകളും തടയുന്നില്ല, ഇതു ദൈവമില്ല എന്നതിന് തെളിവാണ്, ദൈവവും തിന്മകളും ഒരുമിച്ചു നില നിൽക്കില്ല, ഒരുമിച്ചു നില നിൽക്കുന്നു എങ്കിൽ അതിനർത്ഥം ദൈവം കാരുണ്യവാനോ സർവ ശക്തനോ അല്ലെന്നാണ് ... ഈ വാദമാണ് ഫിലോസഫിയിൽ തിന്മയുടെ പ്രശ്നം (Problem of Evil) എന്ന് അറിയ പ്പെടുന്നത്. ദൈവമില്ല എന്നു പറയാൻ വേണ്ടി പണ്ടു കാലം മുതലെ ബുദ്ധിയുള്ള മനുഷ്യർ ഈ പ്രശ്നം ഉന്നയിച്ചു വരുന്നു. അറിയപ്പെട്ട ചരിത്രത്തിൽ ഗ്രീക്ക് ഫിലോസഫർ എപ്പിക്യൂറസ് ആണ് ഈ പ്രശ്നം ആദ്യം ഉന്നയിച്ചത് എന്നു കാണുന്നു. 

പിഞ്ചു കുഞ്ഞുങ്ങളും മൃഗങ്ങളും അനുഭവിക്കുന്ന ക്രൂരതകൾ അവർ വല്ല കുറ്റവും ചെയ്തിട്ടു ദൈവം ശിക്ഷിക്കുക യാണ് എന്നു പറഞ്ഞു കൂടാ, ബുദ്ധിയില്ലാത്ത അവരെ ദൈവം പരീക്ഷിക്കുന്നു എന്നും പറഞ്ഞു കൂടാ, കാട്ടു തീയിൽ വെന്തെരിയുന്ന കാട്ടു മൃഗങ്ങൾ എന്തു കുറ്റം ചെയ്തു, പ്രളയത്തിൽ മുങ്ങി ചാകുന്ന ജീവികൾ എന്തു കുറ്റം ചെയ്തു, ഇതെല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും സർവ ശക്തനും കാരുണ്യവാനും ആയ ദൈവം ചുമ്മാ നോക്കി നിൽക്കുവാണോ, എന്തു കൊണ്ട് തടയുന്നില്ല, എന്നാണ് ദൈവ നിഷേധികൾ ചോദിക്കുന്നത്. ഈ ചോദ്യത്തിന് കാലങ്ങളായി ദൈവ ശാസ്ത്രജ്ഞർ പല ഉത്തരങ്ങളും പറഞ്ഞു വരുന്നു. ഇപ്പോഴും ഈ ചോദ്യം ഉയരുന്നു, അതോടൊപ്പം ഉത്തരങ്ങളും. ഈ ചോദ്യം ഉയരാൻ തുടങ്ങിയ ഗ്രീക്ക് ഫിലോസഫിയുടെ കാലം മുതൽ ദൈവ ശാസ്ത്രജ്ഞർ പറഞ്ഞു വരുന്ന പ്രധാന ഉത്തരങ്ങൾ (Theodicy) ആണ് താഴെ കൊടുക്കുന്നത്. 

1) കാരുണ്യവാനായ ദൈവം ഉണ്ടെങ്കിൽ എന്തു കൊണ്ട് ആ ദൈവം തിന്മകൾ തടയുന്നില്ല എന്ന ചോദ്യം ദൈവ നിഷേധികൾക്ക് ചോദിക്കാൻ അർഹത ഇല്ലെന്നു പറയപ്പെടുന്നു. ഈ ചോദ്യം ചോദിക്കാൻ ആദ്യം ദൈവം ഉണ്ടെന്നു സമ്മതിക്കണമല്ലോ. തിന്മകൾ ഉണ്ട്, പക്ഷെ ദൈവം ഇല്ല എന്നു പറഞ്ഞാൽ ഈ ചോദ്യം ശരിയല്ല. തിന്മകൾ ഉണ്ട്, ദൈവവും ഉണ്ട്, പക്ഷെ ദൈവം തിന്മകൾ തടയുന്നില്ല എന്നു പറഞ്ഞാൽ ഈ ചോദ്യം ശരിയാണ്. ദൈവം ഇല്ലാഞ്ഞിട്ടു എന്തു കൊണ്ട് തിന്മകൾ തടയുന്നില്ല എന്നല്ലല്ലോ ചോദ്യം. ദൈവം ഉണ്ടായിട്ടു എന്തുകൊണ്ട് തിന്മകൾ തടയുന്നില്ല എന്നാണ്. അപ്പോൾ ഒരു ദൈവ നിഷേധി ഈ ചോദ്യം ചോദിക്കൽ യുക്തിപരമല്ല. ദൈവം ഉണ്ടെന്നു സമ്മതിച്ചാൽ മാത്രം സാധുവാകുന്ന ഈ ചോദ്യം ഒരു ദൈവ വിശ്വാസിക്ക് ചോദിക്കാം. 

2) സർവ ശക്തനും സർവജ്ഞനും കാരുണ്യവാനും ആയ ദൈവം എന്തു കൊണ്ട് ക്രൂരതകൾ തടയുന്നില്ല എന്ന ചോദ്യത്തിന് പറയപ്പെടുന്ന മറ്റൊരു ഉത്തരം ഇങ്ങനെയാണ്; ദൈവം കാരുണ്യവാൻ മാത്രമല്ല, അത്യധികം യുക്തിമാനും കൂടിയാണ്, ദൈവത്തിന്റെ യുക്തി പ്രകാരം പ്രപഞ്ചത്തെ സംബന്ധിച്ചു ദൈവത്തിന് ഒരു പ്ലാനും ഉന്നതമായ ലക്ഷ്യവും ഉണ്ട്, ആ പ്ലാനിനും ലക്ഷ്യത്തിനും അനുസരിച്ച് ദൈവം അപാര കാരുണ്യം ചെയ്യുന്നുമുണ്ട്, തടയേണ്ട ക്രൂരതകൾ ദൈവം തടയുന്നുമുണ്ട്, എന്നാൽ ചിലത് ദൈവം തടയാതെ വിടുന്നുമുണ്ട്, ദൈവം തടയാതെ വിടുന്ന ക്രൂരതകൾക്ക് പിന്നിൽ എന്താണ് ദൈവത്തിന്റെ യുക്തി എന്നു അല്പജ്ഞരായ മനുഷ്യർക്ക് അറിയില്ല, സകല ക്രൂരതകളും തടഞ്ഞാൽ മാത്രമെ ദൈവം കാരുണ്യവാൻ ആകൂ എന്നില്ല, ഒരു രാജ്യം ഭരിക്കുന്നവൻ ചില അനീതികൾ തടയാതെ ഇരിക്കുന്നതിന് പിന്നിൽ ചില യുക്തികൾ ഉണ്ടാകും, അത് പ്രജകൾ അറിയണം എന്നില്ല, ഇതൊക്കെ ദൈവത്തിന്റെ സ്വന്തം കാര്യവും പരമാധികാരവും മനുഷ്യർക്ക് ദുർഗ്രാഹ്യവും ആണ്. 

3) ദൈവം ഭൂമിയിൽ നടക്കുന്ന പല തിന്മകളും ക്രൂരതകളും തടയാത്തത് അതിന് ദൈവത്തിന് കഴിവ് ഇല്ലാഞ്ഞിട്ടോ അത് ദൈവത്തിന് ഇഷ്ടമായിട്ടോ അല്ല, ദൈവം കാരുണ്യവാൻ അല്ലാഞ്ഞിട്ടുമല്ല, പിന്നെയോ, ചില ക്രൂരതകൾ കൊണ്ടും തിന്മകൾ കൊണ്ടും ദൈവം വലിയ നേട്ടങ്ങൾ ഭൂമിക്ക് തിരിച്ചു നൽകാറുണ്ട്, ചിലപ്പോൾ ഒരു ചെറിയ ക്രൂരത നടക്കുന്നത് കൊണ്ടു അതിനേക്കാൾ വലിയൊരു ക്രൂരതയെ ദൈവം വഴി തിരിച്ചു വിടാറുമുണ്ട് എന്നത് കൊണ്ടാണ് എന്നു പറയപ്പെടുന്നു. ഒരു കാലത്തു ഭൂമി അടക്കി വാണിരുന്ന വമ്പൻ ജീവികളായ ദിനോസർകൾ പ്രകൃതി ക്ഷോഭം വഴി നശിച്ചത് കൊണ്ടാണ് ഇന്ന് ഫോസിൽ ഇന്ധനം ഭൂമിയിൽ നിന്ന് സുലഭമായി ലഭിക്കുന്നത് പോലുള്ള ഉദാഹരണങ്ങൾ ഈ ഉത്തരത്തിനു പിൻബലമായി പറയപ്പെടുന്നു. തിന്മകളും ക്രൂരതകളും ചിലർക്ക് ദോഷമായി ഭവിക്കുന്നു എങ്കിലും അതു കൊണ്ടു മറ്റു ചില വലിയ ഗുണങ്ങൾ സമൂഹത്തിന് കിട്ടിയേക്കാം എന്നർത്ഥം. യുക്തിപരമല്ലാത്ത നൈമിഷിക കാരുണ്യമല്ല ആത്യന്തികമായ നന്മയാണ് ദൈവം ഉദ്ദേശിക്കുന്നത്.

4) മറ്റൊരു ഉത്തരം, അന്യായമായി വേദനയും യാതനയും സഹിക്കേണ്ടി വന്ന ഏതൊരു ജീവിക്കും ദൈവം പിന്നീട് അതിനു തൃപ്തി വരുന്നത്ര നന്മ ചെയ്യും എന്നതാണ്. ദൈവം നിശ്ചയിച്ച ഒരു അവധിക്ക് ശേഷം ദൈവത്തിന്റെ അപാര കാരുണ്യം സൃഷ്ടികൾക്ക് മേൽ ചൊരിയാനുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് പലർക്കും പലതും കാരണമില്ലാതെ ഭൂമിയിൽ വെച്ച് സഹിക്കേണ്ടി വരുന്നത് എന്നു പറയപ്പെടുന്നു. പരലോകം ഭൂമിയിൽ വെച്ച് ജീവികൾ സഹിച്ച എല്ലാ കഷ്ടപ്പാടും മായ്ച്ചു കളയുമത്രെ. എന്തെങ്കിലും സഹിച്ചാൽ ആണ് വല്ലതും നേടാനാവുക, വല്ലതും സഹിച്ചാൽ അപ്പേരിൽ ദൈവത്തിനു കരുണ ചെയ്യാമല്ലോ എന്നാണ്.

5) മനുഷ്യൻ ക്രൂരതകൾ ചെയ്യുമ്പോൾ ദൈവം അതു കണ്ട് അതു തടയാതെ നിൽക്കുന്നത് മനുഷ്യന് നൽകിയ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ദൈവം ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ടാണ് എന്നും പറയപ്പെടുന്നു. ദൈവത്തിന് ഇഷ്ടമില്ലാത്ത എല്ലാറ്റിലും കേറി ദൈവം ഇടപെട്ടാൽ മനുഷ്യൻ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാത്ത ഒരു റോബോട്ട് ആയി മാറുന്നു. പ്രവർത്തന സ്വാതന്ത്ര്യം നൽകിയ ശേഷം മനുഷ്യൻ എന്തു ചെയ്യുന്നു എന്ന് പരീക്ഷ നടത്തി അവനെ ബോധിപ്പിക്കാൻ ആണ് ദൈവം ഉദ്ദേശിക്കുന്നത് എന്നു പറയപ്പെടുന്നു. ഇതു കരുതി ദൈവം ഒന്നിലും ഇടപെടാതെ മാറി നിൽക്കുന്നുമില്ല, ദൈവത്തിന്റെ യുക്തി അനുസരിച്ച് ചില തിന്മകളൊക്കെ അവൻ  തടയുന്നുമുണ്ട്‌, തിന്മകളും ക്രൂരതകളും ദൈവം ഉദ്ദേശിക്കുന്ന വിധത്തിലുള്ള ലോകം സജ്ജമാകാൻ പ്രധാന പങ്കു വഹിക്കുന്നു എന്നും പറയപ്പെടുന്നു. 

6) പ്രകൃതി ക്ഷോഭങ്ങളും ഭൂകമ്പങ്ങളും പ്രളയങ്ങളും ഏലിയൻസും പിശാചുക്കളും (Demons) പോലുള്ള അഭൗതിക ജീവികൾ  ഉണ്ടാക്കുന്ന അക്രമങ്ങൾ ആണെന്നും ദൈവം അവർക്ക് നൽകിയ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ഉദ്ദേശിക്കാത്തത് കൊണ്ടാണ് അവയിൽ പലതും തടയാത്തത് എന്നും പറയപ്പെടുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ട് എന്താണ് പ്രവർത്തിച്ചത് എന്നു അവർക്കും പരീക്ഷ നടത്തി അവരെ ബോധിപ്പി ക്കാൻ വേണ്ടിയാണ് ദൈവം അവർ ഉണ്ടാക്കുന്ന അക്രമങ്ങൾ തടയാത്തത് എന്നും പറയപ്പെടുന്നു.  ഇവരുടെ അക്രമങ്ങൾ ദൈവം തീരെ തടയാതെ ഇരുന്നാൽ എന്നോ ഇവർ ആവാസ വ്യവസ്ഥകൾ എല്ലാം തകിടം മറിച്ചിരുന്നു എന്നും തടയേണ്ടതൊക്കെ ദൈവം തടയുന്നത് കൊണ്ടാണ് ഇതൊക്കെ ഇങ്ങനെ നിലനിൽക്കുന്നത് എന്നും പറയപ്പെടുന്നു. 

7) പ്രകൃതി ക്ഷോഭങ്ങൾ പലതും മനുഷ്യർ പ്രകൃതിയിൽ നടത്തുന്ന ക്രമക്കേടുകൾ കൊണ്ടാണ് ഉണ്ടാകുന്നത് എന്നും അതു മനുഷ്യർക്കുള്ള ശിക്ഷ ആയാണ് ദൈവം കാണുന്നത് എന്നും അതിനാൽ അത് ദൈവം തടയേണ്ട ആവശ്യമില്ല എന്നും പറയപ്പെടുന്നു. ദൈവം കരുണ മാത്രം ചെയ്യുന്ന ഒരു റോബോട്ട് അല്ല, മറിച്ചു ദൈവത്തിനും വ്യക്തി സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉണ്ട്, ദൈവം ശിക്ഷിക്കുന്നു, കരുണയും കാണിക്കുന്നു. ഇത് രണ്ടും വിരുദ്ധ സ്വഭാവങ്ങൾ ആയതിനാൽ  ദൈവമില്ല എന്നു പറയാൻ പറ്റില്ല, കാരുണികനായ ദൈവമുണ്ട്, തിന്മയും ഉണ്ട് എന്നീ വാദങ്ങളിൽ വൈരുദ്ധ്യം കണ്ടെത്തി ദൈവമില്ല എന്നു പറയുന്നത് വിഡ്ഢിത്തം ആണെന്നും പറയപ്പെടുന്നു. 

8) ചില പ്രയാസങ്ങളും വേദനകളും ദൈവം തടയാത്തത് അവ കൊണ്ടു മനുഷ്യന് മാനസികമായ ഉന്നമനം ഉണ്ടാകാൻ വേണ്ടിയാണ്, തിന്മകളും ക്രൂരത കളുമൊക്ക ഉണ്ടാകുമ്പോഴേ നന്മകൾക്കും കാരുണ്യത്തിനും വിലയുള്ളൂ എന്നും പറയപ്പെടുന്നു. എല്ലാവരെയും സ്വർഗ്ഗത്തിലാണ് സൃഷ്ടിച്ചിരുന്നത് എങ്കിൽ അവിടുള്ള ഒന്നിന്റെയും വില മനുഷ്യർ അറിയില്ല. കഷ്ടപ്പാടും ദുരിതങ്ങളും ഇല്ലെങ്കിൽ ഭൂമി സ്വർഗ്ഗമാകും. ഭൂമി സ്വർഗമല്ലെന്നും സ്വർഗ്ഗത്തിന് മുന്നോടിയായ ഇടമാണ് എന്നും പറയപ്പെടുന്നു. 

9) ചില തിന്മകളും ക്രൂരതകളും ദൈവം തടയാത്തത് അതു തടയൽ മനുഷ്യന്റെയും മറ്റു അഭൗതിക ജീവികളുടെയും മേൽ ബാധ്യതയായി ദൈവം നിശ്ചയിച്ചത് കൊണ്ടാണ് എന്നു പറയപ്പെടുന്നു. ദൈവത്തിനു മാത്രമല്ല തിന്മ തടയാൻ കഴിയുക, മനുഷ്യനും കഴിയും, ദൈവം തടയട്ടെ എന്നു കരുതി മനുഷ്യർ ചുമ്മാ ഇരിക്കേണ്ട, അതൊക്കെ തടയാനാണ് ദൈവം മനുഷ്യർക്ക് കഴിവും ശക്തിയും ധാർമ്മികതയും നൽകിയത് എന്നർത്ഥം. തടയാൻ കഴിയുന്നത് തടയാതെ ആ ബാധ്യത ദൈവത്തിനു മേൽ ചാരി വെക്കേണ്ടതില്ല, ദൈവം തടയുക എന്നാൽ ദൈവം നേരിട്ടു ഇറങ്ങി വന്നു തടയൽ അല്ല, ഒരു കൂട്ടരെ കൊണ്ടു മറ്റൊരു കൂട്ടരെ തടയലാണ് എന്നു പറയപ്പെടുന്നു. ദൈവം ആകാശത്തു നിന്നു ഇറങ്ങി വന്നു ക്രൂരതകൾ തടയുന്നോ എന്നു നോക്കി ഇരുന്നിട്ടു കാര്യമില്ല, ജീവികൾ പരസ്പരം സഹായിക്കേണ്ട വിധത്തിലാണ് ദൈവം അവരെ ഭൂമിയിൽ സംവിധാനിച്ചത് എന്നും പറയപ്പെടുന്നു. 

10) മനുഷ്യരെ ദൈവം സംവിധാനിച്ചത് അവർക്ക് ജീവിക്കാൻ യാതൊരു സൗകര്യവും ഇല്ലാത്ത ഒരു ഗ്രഹത്തിൽ അല്ല, എല്ലാ സൗകര്യങ്ങളും ഉള്ള ഭൂമി എന്ന ഗ്രഹത്തിലാണ്. സകല മനുഷ്യർക്കും ജീവിക്കാൻ ആവശ്യമായ ഭക്ഷണത്തിനും മരുന്നിനും വസ്ത്രത്തിനും പാർപ്പിടത്തിനും എന്നു വേണ്ട എല്ലാം ദൈവം ഭൂമിയിൽ ഒരുക്കി വെച്ചു. എന്നാൽ മനുഷ്യർ തന്നെ ഉണ്ടാക്കിയ നിയമങ്ങളും വ്യവസ്ഥകളും കൊണ്ട് എല്ലാം എല്ലാർക്കും ലഭ്യമാകുന്നില്ല. വളരെ കുറഞ്ഞ പേർ സമ്പത്തിന്റെ ബഹു ഭൂരിപക്ഷവും കയ്യടക്കി വെച്ചിരിക്കുന്നു. അതിനാൽ ഭൂമിയിൽ ദാരിദ്ര്യവും പട്ടിണിയും ദുരിതങ്ങളും വ്യാപകമാണ്. ഇതിനു നല്ലൊരളവിൽ മനുഷ്യനെ കൊണ്ടു തന്നെ പരിഹാരം കാണാൻ കഴിയും. അത്തരം പരിഹാരങ്ങൾ മനുഷ്യർ കണ്ടതിനു എത്രയോ ഉദാഹരണം ചരിത്രത്തിൽ കാണാം. മനുഷ്യർക്ക് ആവശ്യം ഉണ്ടെങ്കിൽ ദൈവം അതിനു സഹായിക്കും. മനുഷ്യർക്ക് ആവശ്യ ബോധവുമില്ല, അത് നിവൃത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നില്ലെങ്കിൽ ദൈവവും നിസംഗത പുലർത്തുന്നു എന്നും പറയപ്പെടുന്നു. 

11) ദൈവം ചില പ്രകൃതി പരിണാമ വ്യവസ്ഥകൾ നിശ്ചയിച്ചിരിക്കുന്നു, അവ മുറയ്ക്ക് നടന്നു കൊണ്ടിരിക്കുന്നു, അത് പ്രകാരമാണ് കോടാനു കോടി വർഷങ്ങൾക്ക് മുമ്പ് മഹാസ്ഫോടനം ഉണ്ടായതും നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപപ്പെട്ടതും, സൂര്യനിൽ നിന്ന് വേർപ്പെട്ടാണ് ഭൂമി ഉണ്ടായത്, ഭൂമിക്കും കാല ക്രമത്തിൽ പരിണാമങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു, പ്രകൃതി ക്ഷോഭങ്ങൾ എന്നു വിളിക്കുന്ന പ്രതിഭാസങ്ങളും മറ്റും അതിന്റെ ഭാഗമാണ്, മനുഷ്യരും മറ്റു ജീവികളും വസിക്കുന്ന ഇടങ്ങളിലും വാസിക്കാത്ത ഇടങ്ങളിലും പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്നു, പ്രകൃതി പ്രതിഭാസങ്ങളെ ദൈവം തടഞ്ഞാൽ നടക്കേണ്ട അനിവാര്യമായ പ്രകൃതി പരിണാമങ്ങൾ നടക്കില്ല, പ്രകൃതി ക്ഷോഭങ്ങൾ നടക്കാൻ നിശ്ചയിച്ചിടത്തു മനുഷ്യനും മറ്റു ജീവികളും വസിക്കുന്നത് ദൈവം പറഞ്ഞിട്ടല്ല, അത് അവരുടെ നിർഭാഗ്യമാണ്, എന്നാൽ അവർ അനുഭവിക്കുന്ന കഷ്ട നഷ്ടങ്ങൾക്ക് ദൈവം തിരിച്ചു കരുണ ചെയ്യുന്നതാണ് എന്നും പറയപ്പെടുന്നു. 

പ്രോബ്ലം ഓഫ് ഈവിളിന് ന്യായമായി പറയപ്പെടുന്ന വലിയ പ്രാധാന്യം ഇല്ലാത്ത ചില തിയോഡിസികൾ കൂടിയുണ്ട്. അവ ഞാൻ വിട്ടു കളഞ്ഞിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെ കുറിച്ചു നമുക്ക് ഒരു ദൈവ വിശ്വാസി ആയിട്ടോ ദൈവ നിഷേധി ആയിട്ടോ ചിന്തിക്കാം. ദൈവ നിഷേധി ആയി പലരും ചിന്തിച്ചപ്പോൾ കിട്ടിയതാണ്  Atheism, Agonosticism, Skepticism, Nihilism, Existentialism, Evolusionism, Materialism, Deism പോലുള്ള ഇസങ്ങൾ. ഇനിയും അതൊക്കെ തന്നെയാണ് കിട്ടാൻ പോകുന്നത്. ധാർമ്മിക പ്രതിസന്ധിയും അസ്തിത്വ ദുഖവും അരാജകത്വവും ഈ ഇസങ്ങളുടെ പ്രത്യേകതകൾ ആണ്. ഒരാൾ ദൈവ വിശ്വാസിയായി ചിന്തിക്കുമ്പോൾ അവനും കുറെ ഉത്തരങ്ങൾ കിട്ടുന്നു. അതു കൊണ്ടു അവനു മനശാന്തി കിട്ടുന്നു. ഉദാഹരണം ഈയുള്ളവൻ തന്നെ. 

അൻസാർ അലി നിലമ്പൂർ

28 August 2018

അസ്തിത്വ പ്രതിസന്ധിയും ഇസ്‌ലാമും

എന്തിനാണ് ഭൂമിയിൽ ജനിച്ചതെന്നോ എന്തിനാണ് ഭൂമിയിൽ ജീവിക്കുന്നത് എന്നോ എന്തിനാണ് മരിക്കുന്നത് എന്നോ എന്താണ് ജീവിതത്തിന്റെ അർത്ഥവും മൂല്യവും ലക്ഷ്യവും എന്നോ നിശ്ചയ മില്ലാതെ മനുഷ്യ മനസങ്ങനെ അപഥ സഞ്ചാരവും അന്വേഷണവും നടത്തുന്ന പ്രതിഭാസമാണ് അസ്തിത്വ പ്രതിസന്ധി (Existential Crisis) എന്നു അറിയ പ്പെടുന്നത്. മനുഷ്യ ജീവിത ത്തിന്‍റെ മുഖ്യ ലക്‌ഷ്യം അസ്തിത്വത്തെ കുറിച്ചുള്ള അന്വേഷണമാണ് എന്ന് കരുതുന്ന ഇസങ്ങൾ ഉണ്ട്. ഫിലോസഫി യില്‍ എക്സിസ്റ്റൻഷ്യലിസം അസ്തിത്വ അന്വേഷണം തന്നെയാണ് പ്രധാനമെന്ന് കരുതുന്നു. ഹൈന്ദവതയിൽ ഊന്നി പറയപ്പെട്ട ധര്‍മ്മ അന്വേഷണവും ഇത് തന്നെയാണ് എന്നു തോന്നുന്നു.  

അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യർ എക്കാലത്തും ഉണ്ടെങ്കിലും ആധുനിക കാല സാഹിത്യമാണ് അതിനെ വലിയ വിഷയമാക്കിയത്. ഫിലോസഫി യാണ് അസ്തിത്വ പ്രതിസന്ധിയുടെ വിളനിലം എങ്കിലും സാഹിത്യമാണ് അതിനെ പ്രചാരത്തില്‍ കൊണ്ടു വന്നത്. ഷേക്സ്പിയര്‍ കൃതികളില്‍ പോലും അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന കഥാ പാത്രങ്ങളെ കാണാം. പാശ്ചാത്യ സാഹിത്യത്തിൽ സാർത്രും കമ്മ്യുവും അവരുടെ കാലത്ത് അസ്തിത്വ പ്രതിസന്ധിയുടെ ആകുലതകൾ പങ്കുവെച്ചു നിറഞ്ഞാടി. മലയാളത്തിൽ ഒട്ടനവധി നോവലുകള്‍ അസ്തിത്വ പ്രതിസന്ധി വിഷയമാക്കി പുറത്തി റങ്ങി.  ഈ ഉത്തരാധുനിക കാലത്ത് അതിന്‍റെ പ്രസക്തി പറ്റെ കുറഞ്ഞെന്നു മാത്രം.    

ഒന്നിലും വിശ്വസിക്കാനോ വിശ്വസി ക്കുന്നതിന് അനുസരിച്ച് ജീവിതം ക്രമീകരിക്കാനോ കഴിയാത്ത തരത്തിൽ അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യ മനസൊരു വലിയ ഭാരവും പ്രശ്നവുമാണ്. അതിന്‍റെ പ്രയാസം അനുഭവിച്ച ആളുകള്‍ക്ക് മാത്രമേ അതെന്തെന്ന് അറിയൂ. മുകളില്‍ ആകാശം, താഴെ ഭൂമി, അതിനിടക്ക് കാറ്റത്ത്‌ പാറി കളിക്കുന്ന തൂവല്‍ പോലെ അസ്തിത്വ പ്രതിസന്ധി പേറുന്ന മനുഷ്യനും.   എവിടെയും ഉറച്ചു നില്‍ക്കാനോ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാനോ കഴിയാത്ത ദുരവസ്ഥ. വല്ല വികാരത്തില്‍ വല്ലതും ചെയ്‌താല്‍ തന്നെ അതിനു ശേഷം വീര്‍പ്പു മുട്ടിക്കുന്ന ശൂന്യത മാത്രം. അസ്തിത്വ പ്രതിസന്ധി സൈക്കോള ജിയിൽ സൂക്ഷമമായി പഠന വിധേയ മായിട്ടുണ്ട്. ചില ന്യൂറോ വൈകല്യങ്ങളും അപ്രതീ ക്ഷിതമായി മനസ്സിനെ ഉലക്കുന്ന സംഭവങ്ങളും അതിനു കാരണമാകുന്നു എന്നു നിരീക്ഷിക്ക പ്പെടുന്നു. അതിന്റെ അടിസ്ഥാനത്തിൽ സൈക്കോ തെറാപ്പിയും നിലവിലുണ്ട്. എന്നാൽ ദാർശനിക പ്രതിസന്ധിയാൽ ഉണ്ടാകുന്ന അസ്തിത്വ ദുഃഖത്തിന്റെ കാര്യത്തിൽ സൈക്കോളജിക്കും ഒന്നും ചെയ്യാനില്ല എന്നതാണ് വസ്തുത. 

അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന ചിലര്‍ ആത്യന്തികമായി ഒരു ജ്ഞാനവും മനുഷ്യന് ആർജ്ജിക്കാൻ കഴിയില്ലെന്നും പ്രപഞ്ചത്തിനൊരു അർത്ഥവും നിശ്ചിതത്വവും ഇല്ലെന്നും മനുഷ്യ സത്ത മനുഷ്യന് മുന്നിൽ എന്നുമൊരു അന്വേഷണ വിഷയമാണ് എന്നും ഒരു അർത്ഥവും മനുഷ്യ  ജീവിതത്തിനു ഇല്ലെന്നും അങ്ങനെ ഒന്നു കണ്ടു പിടിക്കാൻ മനുഷ്യന് ആവി ല്ലെന്നും കണ്ട്  ജീവിതം മടുത്തു ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യയെ മഹത്വ വൽക്കരിക്കുന്ന ചില ചിന്തകൾ ഉടലെടുക്കുന്നത് ഇങ്ങനെയാണ്. ആത്മ ഹത്യയിലും അർത്ഥം കാണാത്ത ചിലർ അന്വേഷണാത്മക മനസുമായി അസ്തിത്വ ദുഖവും പേറി അലയുന്നു. മറ്റു ചിലര്‍ കാല ക്രമത്തില്‍ വല്ലതിലും വിശ്വസിച്ചു ജീവിതം ക്രമപ്പെടുത്തുന്നു. 

പതിനെട്ടു പത്തൊന്‍പതു വയസു മുതല്‍  ഇരുപത്തി അഞ്ചു വയസു വരെ എനിക്കും അസ്തിത്വത്തെ കുറിച്ചുള്ള ആധി ഉണ്ടായിരുന്നു. ജീവിതം എന്താകും എന്നൊരു ടെൻഷനും കൺഫ്യുഷനും. അതെസമയം എന്തായാലും ഞാന്‍ അസ്തിത്വ പ്രതിസന്ധിയെ മറികടക്കും എന്നൊരു ആത്മ വിശ്വാസവും ഉണ്ടായിരുന്നു. കൊടു മുടികളില്‍ കേറി കൂരിരുട്ടു നിറഞ്ഞ മനസോടെ മുകളിലേക്ക് കണ്ണയച്ചു ഇരിക്കുമ്പോഴും മനസ്സില്‍  ഒരിക്കല്‍ പ്രകാശം കടന്നു വരുമെന്ന് തോന്നിയിരുന്നു. ഞാൻ ആരാണ്, ആരാകണം എന്ന ആലോചനക്ക് ഇടയിൽ വ്യത്യസ്ത ഇമേജുകൾ മനസ്സിലേക്ക് തള്ളി കേറി കടന്നു വന്നു ഒരു സംതൃപ്തിയും തരാതെ കടന്നു പോയി. 

എന്റെ അന്വേഷണത്തിന്റെ അവസാനം ദിവ്യ പ്രകാശം ഇസ്ലാമിന്റെ രൂപത്തില്‍ കടന്നു വന്നു എന്റെ മനസ്സിനെ ശാന്തമാക്കി. പിന്നീട് ഒരു അസ്തിത്വ പ്രതിസന്ധിയും ഇല്ല. എനിക്ക് സഞ്ചരി ക്കാനുള്ള രാജപാത എന്റെ മുന്നിൽ വെട്ടി തിളങ്ങി. അതിലൂടെ മുന്നേറി യാൽ മതി. പ്രതിസന്ധിയില്ല, ബോറടിയില്ല. കര്‍മ്മ ഭൂമി മുന്നിൽ നിരന്നു കിടക്കുന്നു. ഈമാന്‍  നമ്മുടെ മൂര്‍ച്ചയുള്ള വാളാണ്. തഖവ നമ്മുടെ പടച്ചട്ടയാണ്. ശരീരം ആത്മാവിനു മുന്നോട്ടു കുതിക്കാനുള്ള കുതിരയാണ്. ജ്ഞാനം നമ്മുടെ യുദ്ധ തന്ത്രങ്ങള്‍ ആണ്. പിശാചിനും അവന്റെ സൈന്യ ങ്ങൾക്കും എതിരായ ജിഹാദിലാണ് നമ്മുടെ ആനന്ദം. നമസ്കാരം നമുക്ക് ലഹരിയാണ്. നാം എല്ലാ അസ്തിത്വ പ്രതിസന്ധി കളിൽ നിന്നും അല്ലാഹു വിലേക്ക് ഓടി രക്ഷപ്പെട്ടു അല്ലാഹു വിനെ അണഞ്ഞു മുറുകെ പിടിക്കുന്നു.
    
അസ്തിത്വ പ്രതിസന്ധി എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരിക വിശുദ്ധ ഖുര്‍ആനിലെ അല്ലാഹുവിന്റെ ഒരു പരാമര്‍ശമാണ്. അല്ലാഹുവില്‍ നിന്ന് പിടുത്തം വിട്ടവന്‍ ആകാശത്ത് നിന്ന് വീണവനെ പോലാണ്, അവനെ പക്ഷികള്‍ റാഞ്ചി കൊണ്ട് പോവുന്നു, അല്ലെങ്കില്‍ കാറ്റ് എവിടെയോ കൊണ്ട് പോയി തള്ളുന്നു എന്നാണ് അല്ലാഹു പറയുന്നത്.  പ്രപഞ്ചത്തെ അടക്കി ഭരിക്കുന്ന ഒരു സൂപ്പര്‍ പവറിനെ കുറിച്ചുള്ള വിശ്വാസം മനസില്‍ ഇല്ലെങ്കില്‍ / നിയതമായ വല്ല ഫിലോസ ഫിയിലും വിശ്വാസം ഇല്ലെങ്കില്‍ പിന്നെ അവിടെ ഉണ്ടാവുക വീർപ്പു മുട്ടിക്കുന്ന ശൂന്യതയും അസ്തിത്വ പ്രതിസന്ധി യുമാണ്. മതങ്ങളും ഇസങ്ങളും ഫലശൂന്യമാണ് എന്ന മുൻവിധിയാണ് അസ്തിത്വ പ്രതിസന്ധിയുടെ കാലത്തു മനുഷ്യ മനസ്സിൽ അപാര പ്രവർത്തനം നടത്തുന്നത്. 

ഇസ്ലാമികമായി അസ്തിത്വ പ്രതിസന്ധിയെ വിലയിരുത്താന്‍ പ്രത്യേകിച്ച് ഒന്നുമില്ല. അസ്തിത്വ പ്രതിസന്ധി, വല്ല ഫിലോസഫിയോ മതമോ കൊണ്ടു മനസ്‌ ശാന്തമാകല്‍, പിന്നീട്  ഈമാന്‍റെ ദിവ്യ പ്രകാശം മനസ്സിലേക്ക് വന്നു ഭവിക്കല്‍... ഇസ്‌ലാമി കമായി നോക്കിയാൽ ഇവയൊക്കെ ജീവിതത്തിലെ ഓരോ ഘട്ടങ്ങള്‍ ആണ്. ഈമാന്‍ കടന്നു വരുന്നതോടെ മനസ്സിലേക്ക് നിത്യ വസന്തമാണ് വരുന്നത്. പിന്നീട് മനസ്സിന് അനിശ്ചിത അവസ്ഥകള്‍ ഒട്ടുമില്ല. മനുഷ്യൻ ആദ്യം ജീവിക്കുന്നു, അങ്ങനെ എന്തെങ്കിലും ആയിത്തീരുന്നു എന്ന സാർത്രിന്റെ അനിശ്ചിത വാദമല്ല, മനുഷ്യൻ എന്തായി തീരണം എന്ന കൃത്യമായ ഇമേജ് ആണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു നല്‍കുന്ന മാർഗ ദർശനം തന്നെ പ്രധാനം. അതിന്റെ അനുഭൂതി അനുഭവിച്ചു തന്നെ അറിയണം. ഇസ്‌ലാം ഒരു യുക്തി മാർഗം എന്നതി നേക്കാൾ ഒരു അനുഭവ മാർഗമാണ് എന്ന് തസവ്വുഫ് ഊന്നി പ്പറയുന്നു.

അന്‍സാര്‍  അലി  നിലമ്പൂര്‍.

15 August 2018

ധാർമ്മികതയുടെ ഇസ്‌ലാമിക വീക്ഷണം

ധാർമ്മികതയെ (MORALITY) കുറിച്ചു പണ്ട് മുതലെ പ്രവാചകന്മാരും വേദ ഗ്രന്ഥങ്ങളും മനുഷ്യരെ പഠിപ്പിച്ചു പോന്നതാണ്. കാലങ്ങളായി ഫിലോസഫിയിലും ധാർമ്മികതയെ കുറിച്ചുള്ള ധാരാളം ചിന്തകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാവുന്നു. മത വിശ്വാസികൾ ദൈവത്തിൽ നിന്ന് പ്രവാചകർക്ക് ലഭിച്ച ദിവ്യ വെളി പാടുകൾ ആണ് ധാർമ്മികത യുടെ പ്രധാന ആധാരമായി കാണുന്നത്. ഫിലോസഫർമാർ മനുഷ്യ യുക്തിക്കാണ് ധാർമ്മികത നിർണ്ണയി ക്കുന്നതിൽ പ്രധാന പങ്കെന്ന് കരുതുന്നു. പ്രവാചകന്മാർ പഠിപ്പിക്കാത്ത വല്ല ധാർമ്മികതയും പുതുതായി ഫിലോസഫിയിൽ ഉണ്ടായിട്ടുണ്ട് എന്നു തോന്നിയിട്ടില്ല. 

പലവിധ ഇസങ്ങൾ ധാർമ്മികതയെ കുറിച്ച് ഫിലോസഫിയിൽ ഉണ്ട്. യൂട്ടിലിറ്റേ റിയനിസം, റിലേറ്റിവിസം, ഡിഓന്റോളജി... എന്നിവ യൊക്കെ അവയിൽ പ്രസിദ്ധമാണ്. ധാർമ്മികത പ്രതി പാദിക്കുന്ന ഫിലോസഫി യുടെ ശാഖയാണ് എത്തിക്സ്. വിവിധ ഇസങ്ങൾ ധാർമ്മികതക്ക് നൽകുന്ന വിവരണ ങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിലും സമൂഹത്തിന്റെ നിലനിൽപ്പിൽ അപാര സ്വാധീനമുള്ള ധാർമ്മികതയെ അടച്ചു നിഷേധിച്ച ഫിലോസഫർമാർ അത്യപൂർവമാണ്. വിവിധ മതങ്ങൾക്കും മത രഹിതർക്കും ധാർമ്മികതയെ കുറിച്ചു പ്രത്യേക കാഴ്ചപ്പാടുകൾ ഉണ്ട്. മതങ്ങളും ഇസങ്ങളും പൊതുവായി കുറെ കാര്യങ്ങൾ ധാർമ്മികമായി കാണുന്നുമുണ്ട്. ഇവിടെ എന്റെ വായനയിൽ നിന്നും മനസ്സിലായ, ധാർമ്മികതയെ കുറിച്ചു ഇസ്‌ലാം പറയുന്ന കാര്യങ്ങളിൽ ചിലത് ചുരുക്കി വിവരിക്കുന്നു. 

1) ധാർമ്മികതക്ക് ഇസ്‌ലാമിൽ ഒരൊറ്റ സംജ്ഞാ നാമം ഇല്ല. ഈമാൻ, തഖ്‌വ, ഇഹ്‌സാൻ, മഅറൂഫ്, ബിറ്, ഹുസ്നുൽ ഖുൽഖ്, അമൽ സ്വാലിഹ് എന്നൊക്കെ പല പേരുകളിൽ അതു അറിയപ്പെടുന്നു. ഇതെല്ലാം ഒരുമിച്ചു കൂടുന്നതാണ് ഇസ്‌ലാമിലെ ധാർമ്മികത. കുഫ്ർ, ളുൽമ്, ഫിസ്ഖ്, ഫുജൂർ, ഇസ്‌മ്, സയ്യിഅ, ദൻ ബ്, മഅസിയ്യ, ഖത്തീഅ, ഫാഹിഷ എന്നീ പേരുകളാൽ അധാർമ്മി കതയും അറിയപ്പെടുന്നു. 

2) മനുഷ്യൻ ജന്മനാ പാപിയാണ് എന്ന സിദ്ധാന്തം ശരിയല്ല, മനുഷ്യൻ ജന്മനാ ധാർമ്മികനാണ് എന്നാണ് ഇസ്‌ലാം പറയുന്നത്. ഏതൊരു മനുഷ്യ കുഞ്ഞും ജനിക്കുന്നത് ദൈവ വിശ്വാസവും ധാർമ്മികതയും ഉള്ള ശുദ്ധ പ്രകൃതിയും കൊണ്ടാണ്, പിന്നീട് കാല ക്രമേണ അവൻ അധർമ്മം പഠിച്ചെടുക്കുന്നു എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത് (94:4, 5- 30:30)

3) മനുഷ്യന് സ്വന്തമായി നന്മയും തിന്മയും തിരിച്ചറിയാനുള്ള ശേഷി തീരെയില്ല, അക്കാര്യത്തിൽ അവൻ നന്മ തിന്മകൾ ഒട്ടും തിരിച്ചറിയാൻ കഴിയാത്ത മൃഗങ്ങളെ പോലെയാണ് എന്നു ഇസ്‌ലാം പറയുന്നില്ല. മറിച്ചു, യുക്തി പ്രയോഗം നടത്തി നന്മ തിന്മകൾ വിവേചിച്ചു അറിയാൻ ശ്രമിക്കാത്തവർ മൃഗങ്ങളാണ് എന്നാണ് വിശുദ്ധ ഖുർആൻ പറഞ്ഞതു (7:179, 25:44). അതെ സമയം എല്ലാ നന്മ തിന്മകളും മനുഷ്യന് യുക്തി പ്രയോഗം നടത്തി കണ്ടു പിടിക്കാൻ കഴിയില്ല എന്നും ഇസ്‌ലാം പറയുന്നു. ഇവിടെയാണ്  ഇസ്‌ലാമിൽ പ്രവാചക രുടെയും വേദ ഗ്രന്ഥ ങ്ങളുടെയും പ്രസക്തി ഉള്ളത്. 

4) മനുഷ്യൻ യുക്തി പ്രയോഗിച്ചു കൊണ്ട് കണ്ടെത്തുന്ന ധാർമ്മിക കാഴ്ച പ്പാടുകൾ ദിവ്യ വെളി പാടുമായി ഒത്തു നോക്കി വേണം അന്തിമ തീർപ്പിൽ എത്താൻ, അല്ലെങ്കിൽ അബദ്ധം പിണയും എന്നു ഇസ്‌ലാം പറയുന്നു. ദിവ്യ വെളിപാടും മനുഷ്യ യുക്തിയും സുന്ദരമായി യോജിപ്പിക്കൽ ആണ് ഇക്കാര്യത്തിൽ ഇസ്‌ലാമിന്റെ രീതി. 

5) ദിവ്യ വെളിപാടിൽ വ്യക്തമായി പറയാത്ത പുതിയ ധാർമ്മിക പ്രശ്നങ്ങൾ ദിവ്യ വെളിപാടിൽ വ്യക്തമായി പറഞ്ഞ കാര്യങ്ങളുമായി സാമ്യത പുലർത്തുന്നുണ്ടോ എന്നു പരിശോധിച്ചു അവയുടെ ധാർമ്മികത കണ്ടെത്താൻ ഇസ്‌ലാമിന് പ്രത്യേക സംവിധാനം ഉണ്ട്. ഇതു എക്കാലത്തും ഇസ്‌ലാമിന്റെ ധാർമ്മിക പ്രസക്തി നില നിർത്തുന്നു. അതിനാൽ ധാർമ്മിക പ്രതിസന്ധി എന്ന പ്രശ്നം ഇസ്‌ലാമിൽ ഇല്ല.

6) ധാർമ്മികതയുടെ അടിസ്ഥാനം ജനത്തിന്റെ ഭൂരിപക്ഷമല്ല എന്നു വിശുദ്ധ ഖുർആൻ പറയുന്നു (5:100, 6:116). ഭൂരിപക്ഷം ധർമ്മമായി കാണുന്നത് അങ്ങനെ ആകണം എന്നില്ല എന്നു സാരം. ധാർമ്മികത നിർണ്ണയി ക്കുന്നതിൽ ജനാധി പത്യത്തിന് ഇസ്‌ലാമിൽ റോളില്ല എന്നർത്ഥം. എന്നാൽ മനുഷ്യരുടെ പൊതു ബോധത്തിന് റോൾ ഉണ്ടുതാനും. എന്റെ ജനത അധർമ്മത്തിന്റെ കാര്യത്തിൽ ഏകാഭി പ്രായക്കാർ ആയിരിക്കില്ല എന്നു മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് (തിർമിദി 2167)

7) മുസ്ലീങ്ങൾ അല്ലാത്ത മറ്റു മതക്കാർക്കും നിർമതർക്കും ധാർമ്മികത തീരെ ഉണ്ടാവില്ല എന്ന വാദമൊന്നും ഇസ്‌ലാമിനില്ല. ധാർമ്മി കതയുടെ മൊത്തം കുത്തക ഇസ്ലാം അവകാശ പ്പെടുന്നുമില്ല. എല്ലാ മനുഷ്യ ആത്മാവിനും അതിന്റെതായ ധാർമ്മിക തയും അധാർമ്മികതയും ഉണ്ട്  എന്നു വിശുദ്ധ ഖുർആൻ പറയുന്നു (91: 7,8) 

8) മനുഷ്യനിൽ ധാർമ്മിക ബോധം കുറയുകയും കൂടുകയും ഇല്ലാതാ വുകയും ഉണ്ടാവുകയും ചെയ്യുന്ന മാനസിക ഗുണമാണ് എന്നു വിശുദ്ധ ഖുർആൻ പറയുന്നു. (47:17)

9) മുൻകാല സമൂഹങ്ങളിൽ ധാർമ്മിക ബോധം കുറഞ്ഞു അധാർമ്മികത വർധിച്ചപ്പോഴെല്ലാം അവരിലേക്ക് ധാർമ്മിക തയുടെ പ്രചാരകരായി അല്ലാഹുവിനാൽ  പ്രവാചകന്മാർ നിയോഗിത രായിട്ടുണ്ട് എന്നു വിശുദ്ധ ഖുർആൻ പറയുന്നു.

10) പ്രവാചകന്മാർ ഉന്നത ധാർമ്മിക നിലവാരം പുലർത്തി യിരുന്നവരും മാതൃകാ പുരുഷന്മാരും പരിശുദ്ധരും ആയിരുന്നെന്ന് ഇസ്‌ലാം പറയുന്നു. ധാർമ്മികത യുടെ പൂർണ്ണത നമുക്ക് അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയിൽ കാണാം എന്നു ഇസ്‌ലാം പറയുന്നു. 

11) പ്രവാചകന്മാരെ ധിക്കരിച്ചു ധാർമ്മിക അധഃപതനം സംഭവിച്ച  മുൻകാല സമൂഹങ്ങളെ അല്ലാഹു ഒന്നടങ്കം ശിക്ഷിച്ചതായും നശിപ്പി ച്ചതായും വിശുദ്ധ ഖുർആൻ പറയുന്നു. 

12) സമൂഹത്തിന്റെ ധാർമ്മികത സംരക്ഷി ക്കപ്പെടാൻ നിയമവും കോടതിയും ശിക്ഷയും അത്യാ വശ്യമാണ് എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. കൂടെ നല്ല ഉപദേശങ്ങളിൽ കൂടി അധർമ്മികളുടെ മാനസിക സംസ്കരണ ത്തിനും അതു ഊന്നൽ നൽകുന്നു. ധാർമ്മികത മുറുകെ പിടിക്കാനും അധാർമ്മികത വെടിയാനും വിശുദ്ധ ഖുർആനിൽ അല്ലാഹു വിവിധ രൂപത്തിൽ പ്രേരി പ്പിക്കുന്നു. അവന്റെ അനുഗ്രഹങ്ങളോട് ആഗ്രഹം ഉണ്ടാക്കലും അവന്റെ ശിക്ഷകളെ കുറിച്ചു ഭയപ്പെടുത്തുകയും ചെയ്യുന്നു.

13) സമൂഹത്തിൽ ധാർമ്മികത പ്രചരി പ്പിക്കൽ അഥവാ നന്മ പ്രചരിപ്പിക്കലും തിന്മ വിരോധിക്കലും ഇസ്‌ലാം ഓരോ മനുഷ്യന്റെയും അടിസ്ഥാന ബാധ്യതയായി കല്പിച്ചിട്ടുണ്ട്. അവർ പരസ്പരം അതു ചെയ്യണം എന്നാണ് ഇസ്‌ലാം പറയുന്നത്. 

14) ഒരു അധർമ്മം കണ്ടാൽ അതു കൈകൊണ്ടു തടയാൻ പറ്റുമെങ്കിൽ തടയണമെന്നും അതിനു കഴിയി ല്ലെങ്കിൽ അതിനെതിരെ ഉപദേശി ക്കണം എന്നും അതിനും കഴിയി ല്ലെങ്കിൽ അതിനെ മനസു കൊണ്ട് വെറുക്കണം എന്നും മുഹമ്മദ് നബി പറയുന്നു (മുസ്‌ലിം 49)

15) ഒരാൾ ഒരു നന്മ പ്രചരിപ്പിച്ചാൽ അതു പിൻപറ്റുന്ന ആളുകളുടെ മുഴുവൻ കർമ്മങ്ങളിൽ നിന്നും അയാൾക്ക് ഒരു  ഓഹരി പ്രതിഫലം അല്ലാഹുവിൽ നിന്നു കിട്ടുമെന്ന് മുഹമ്മദ് നബി പറയുന്നു. ഇതുപോലെ തന്നെയാണ് തിന്മയും. അതു ചെയ്ത എല്ലാവരുടെയും കർമ്മങ്ങളിൽ നിന്ന് ശിക്ഷയുടെ ഒരു ഓഹരി അതു പ്രചരി പ്പിച്ചവന് കിട്ടുമെന്നും നബി പറയുന്നു.(മുസ്‌ലിം 2674)

16) ഒരു നന്മ പ്രകൃതം കൊണ്ടു തന്നെ നന്മ ആയതു കൊണ്ടാണോ ദൈവം അത് നന്മയായി കല്പിച്ചത് അതോ ദൈവം കല്പിച്ചത് കൊണ്ടാണോ അതു നന്മ ആവുന്നത് എന്ന പ്രസിദ്ധ എത്തിക്കൽ പ്രോബ്ലം മുസ്ലീങ്ങളെ വല്ലാണ്ട് അലട്ടാറില്ല. ദൈവം പ്രകൃതത്തിൽ തന്നെ നല്ലവൻ ആണെന്നും അവൻ നല്ലതായി കണ്ട കാര്യങ്ങളാണ് അവൻ നന്മയായി കല്പിച്ചത് എന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു. 

17) പൊതുവെ മനുഷ്യ സമൂഹം ധർമ്മമായി കാണുന്നതിനെ ഇസ്‌ലാമും ധർമ്മമായി കാണുന്നു. മറ്റുള്ളവർ തന്നോട് എങ്ങനെ പെരുമാറണം എന്നു താൻ ആഗ്രഹി ക്കുന്നുവോ അതു പോലെ അവരോടും പെരുമാറണം എന്ന തത്വം ധാർമ്മികതയുടെ സ്വർണ്ണ നിയമം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഈ തത്വം പല മതങ്ങളിലും പല രൂപത്തിൽ കാണാം. ഉദാഹരണം, ക്രിസ്തു മതത്തിൽ ഇതു നിന്നെ നീ സ്നേഹി ക്കുന്ന പോലെ നിന്റെ അയൽക്കാര നെയും സ്നേഹിക്കണം എന്നാണ്. ഇസ്‌ലാം മതത്തിൽ നിനക്ക് ഇഷ്ടപ്പെടുന്നത് നിന്റെ സഹോദരനും ഇഷ്ടപ്പെടണം എന്നു പല രൂപത്തിൽ മുഹമ്മദ് നബി ആവർത്തിച്ചു പറഞ്ഞി രിക്കുന്നു (ബുഖാരി 13)

18) ചെയ്യുന്നവന് മാനസിക അസ്വസ്ഥത ഉണ്ടാക്കലും ചെയ്യുന്നത് ജനങ്ങൾക്ക് ഇടയിൽ പരസ്യ പ്പെടുന്നത് അവൻ വെറുക്കുകയും ചെയ്യൽ പാപത്തിന്റെ പ്രത്യേകതയായി മുഹമ്മദ് നബി പറയുന്നു. മനസ്സിന് സമാധാനം ഉണ്ടാക്കൽ പുണ്യത്തിന്റെ പ്രത്യേകത യായും അവിടുന്നു പറയുന്നു. (മുസ്‌ലിം 2553, അഹ്മദ് 17545)

19) യഥാർത്ഥ ത്തിൽ ലോകത്തു ധർമ്മ മായി എന്തുണ്ടോ അതെല്ലാം മനുഷ്യ നോട് വിശുദ്ധ ഖുർആൻ കൽപ്പിക്കുന്നു (6:160). സകല അധർമ്മങ്ങളും അത് മനുഷ്യന് വിലക്കുന്നു (7:33)

20) ഇസ്‌ലാമിൽ എല്ലാ ധാർമ്മിക ഗുണ ങ്ങൾക്കും ഒരേ പ്രാധാന്യം അല്ല ഉള്ളത്. ഏറ്റവും ഉയർന്ന ധാർമ്മിക ഗുണം ദൈവ ത്തിൽ, അല്ലാഹുവിൽ വിശ്വസി ക്കലാണ്. ഏറ്റവും താഴ്ന്നത്‌ ജനം സഞ്ചരിക്കുന്ന വഴിയിൽ നിന്നു തടസങ്ങൾ നീക്കലാണ്. ഇതിനിടയിൽ എഴുപത്തി ചില്ലാനം ധാർമ്മിക ഗുണങ്ങൾ ഉണ്ടെന്ന് മുഹമ്മദ് നബി പറയുന്നു (മുസ്‌ലിം 35)

21) കേവലം ബാഹ്യ പ്രകടനങ്ങൾക്ക് പകരം ഏതു കർമ്മങ്ങൾക്കും പിന്നിലുള്ള ഉദ്ദേശ്യവും മനസ്സിലെ ധാർമ്മികത യുമാണ്  അല്ലാഹുവിന്റെ അടുക്കൽ പരിഗണിക്ക പ്പെടുക എന്നു ഇസ്‌ലാം പഠിപ്പിക്കുന്നു. അല്ലാഹു കർമ്മങ്ങളുടെ പിന്നിലുള്ള മനസിലേക്ക് ആണ് നോക്കുക എന്ന് മുഹമ്മദ് നബി പറയുന്നു (മുസ്‌ലിം 6708)

22) ഉദ്ദേശ്യം നന്നായാൽ മാത്രം ഇസ്‌ലാ മിൽ ഒരു കർമ്മം ധർമ്മമാകണം എന്നില്ല. അതിന്റെ മറ്റു ഫലങ്ങളും പരിഗണിക്കണം. ഉദ്ദേശ്യം മോശം ആയാൽ നല്ലതെന്ന് കരുതപ്പെടുന്ന കർമ്മവും ഇസ്‌ലാമിൽ അധർമ്മം ആകും. 

23) പൊതുവെ തിന്മയായി കരുത പ്പെടുന്ന ചില കർമ്മങ്ങൾ അതിന്റെ സൽഫലങ്ങൾ പരിഗണിച്ചു നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്നത് ഇസ്‌ലാം പരിഗണിക്കുന്നു. ഉദാഹരണം, കൊല ചെയ്യൽ പൊതുവെ തിന്മയായി സമൂഹം കാണുന്നു. എന്നാൽ സമൂഹ ത്തിനു മൊത്തം ഭയങ്കര ഭീഷണിയായ ഒരുത്തന് വിചാരണ ചെയ്തു വധ ശിക്ഷ നൽകുന്നതിനെ സമൂഹം തിന്മ യായി കാണുന്നുമില്ല. ഇവിടെ നല്ല ഉദ്ദേശ്യവും ആപേക്ഷിക ഫലവും പരിഗ ണിക്കുന്നു. കളവ് പറയൽ അധർമ്മം ആയി സമൂഹം കാണുന്നു എങ്കിലും ഒരു നിരപരാധിയെ രക്ഷിക്കാൻ മറ്റാർക്കും ഉപദ്രവം ഇല്ലാത്ത കളവ് പറച്ചിലും ഇതു പോലാണ്. 

24) ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശി ച്ചിട്ടു അതു ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അയാൾക്ക് അതു ചെയ്ത പോലുള്ള പ്രതിഫലം അല്ലാഹു നൽകുമെന്നും യഥാർത്ഥ ത്തിൽ അയാൾ അതു ചെയ്താൽ പത്തു മുതൽ എഴുന്നൂറിൽ അധികം മടങ്ങു പ്രതിഫലം നൽകു മെന്നും മുഹമ്മദ് നബി പറയുന്നു (മുസ്‌ലിം 218). നന്മ ചെയ്യാനുള്ള ഉദ്ദേശ്യവും ഇസ്‌ലാമിൽ ഒരു നന്മയാണ് എന്നർത്ഥം. എന്നാൽ തിന്മ ചെയ്യാൻ ഉദ്ദേശിച്ചതു കൊണ്ടു മാത്രം ആർക്കും ശിക്ഷയില്ല. തിന്മ ചെയ്യാൻ ഉദ്ദേശിച്ചിട്ടു ചെയ്താൽ അതിനു ശിക്ഷ ഇരട്ടിക്കില്ല എന്നും മുഹമ്മദ് നബി പറയുന്നു. 

25) ധാർമ്മികതയുടെ അടിസ്ഥാന ത്തിലാണ് അല്ലാഹുവിങ്കൽ ഓരോ മനുഷ്യനുമുള്ള സ്ഥാനവും പദവിയും നിർണ്ണയി ക്കപ്പെടുക എന്നു വിശുദ്ധ ഖുർആൻ പറയുന്നു (49:13). കുടുംബ മഹിമ, തറവാട് മഹിമ, വംശമഹിമ, ഗോത്രമഹിമ, വർണ്ണ മഹിമ, ദേശ മഹിമ... ഇതൊന്നുമല്ല അല്ലാഹുവിങ്കൽ പരിഗണിക്കുക, മറിച്ചു ഓരോരുത്തരും പുലർത്തുന്ന ധാർമ്മിക ബോധത്തിന്റെ അളവാണ്. 

26) ഓരോ മനുഷ്യന്റെയും പാപ പുണ്യങ്ങൾ അല്ലാഹു കൃത്യമായി ഏടുകളിൽ രേഖപ്പെടുത്തുന്നു എന്നും പരലോക നാളിൽ അവന്റെ നന്മ തിന്മകൾ അല്ലാഹു തൂക്കി കണക്കാക്കി മനുഷ്യനെ ബോധ്യപ്പെടുത്തിയ ശേഷം ഒരു അനീതിയും കാണിക്കാതെ അതിന് ശിക്ഷയും പ്രതിഫലവും നൽകുമെന്നും ഇസ്‌ലാം പറയുന്നു. മനുഷ്യന്റെ സൃഷ്ടാവും സംരക്ഷകനും അനുഗ്രഹ ദാതാവും ആയ അല്ലാഹുവിനു ഇതിനുള്ള അധികാരം ഉണ്ടെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമാണ്. 

27) ധാർമ്മികത പാലിച്ചവന് പരലോക നാളിൽ മാത്രമല്ല ഇഹലോക ജീവിത ത്തിലും മരണാനന്തര ജീവിതത്തിലും അല്ലാഹുവിൽ നിന്നു അനുഗ്രഹങ്ങൾ ലഭിക്കും, ധാർമ്മികത വെടിഞ്ഞവന് ഇവിടങ്ങളിൽ ശിക്ഷകളും ലഭിക്കും എന്നും ഇസ്‌ലാം പറയുന്നു. 

28) ദേഹേച്ഛയും പിശാചും മനുഷ്യനെ ധാർമ്മികത വെടിയാൻ പ്രേരിപ്പിക്കുന്നു, മനുഷ്യന്റെ യുക്തിയും ധാർമ്മിക ബോധവും മാലാഖമാരും അവനെ ധാർമ്മി കതക്കും പ്രേരിപ്പിക്കുന്നു എന്നു ഇസ്‌ലാം പറയുന്നു. 

29) ദൃഢമായ ഇസ്‌ലാമിക വിശ്വാസവും ആഴത്തിലുള്ള വിജ്ഞാനവും ആത്മാർ ത്ഥമായ സൽ കർമ്മങ്ങളും ഒത്തു ചേർന്നാൽ മനുഷ്യ മനസ്സിൽ ധാർമ്മിക ബോധം ഉണ്ടാകുമെന്നു ഇസ്‌ലാം പഠിപ്പിക്കുന്നു. 

30) നമസ്കാരം, നോമ്പു പോലുള്ള ഇസ്‌ലാമിലെ ആരാധനകൾ കൊണ്ടുള്ള പല ലക്ഷ്യങ്ങളിൽ ഒന്ന് മനുഷ്യന് ധാർമ്മിക ബോധം ഉണ്ടാകലാണ് എന്നു വിശുദ്ധ ഖുർആൻ പറയുന്നു (2:183, 29:45)

അൻസാർ അലി നിലമ്പൂർ

12 July 2018

ധാർമ്മിക ജീവിതത്തിൻറെ ആവശ്യകത

നല്ല ജീവിതം, ചീത്ത ജീവിതം, നല്ലതും ചീത്തയും ഇടകലർന്ന ജീവിതം  എന്നിങ്ങനെ നമുക്ക് മനുഷ്യരുടെ ജീവിതങ്ങളെ ചില മാനദണ്ഡങ്ങൾ  വെച്ചു വിലയിരുത്താം.  ഇതിൽ ഏതിൽ പെടും സ്വന്തം ജീവിതമെന്നും നമുക്ക് ആലോചിക്കാം. ജീവിതം നല്ലതും ചീത്തയും ആയി മാറുന്നത് എങ്ങനെ എന്നാണ് മതങ്ങളും എത്തിക്കൽ ഫിലോസഫിയും കാര്യമായി വിവരിക്കുന്നത്.  സയൻസിന് ഇക്കാര്യത്തിൽ പ്രത്യേകിച്ചു ഒന്നും പറയാനില്ല.  നല്ല ജീവിതവും ചീത്ത ജീവിതവും സയൻസിന്റെ ടൂളുകൾ വെച്ചു നമുക്ക് വിവേചിക്കാനും കഴിയില്ല.  

നല്ല ജീവിതവും ചീത്ത ജീവിതവും എന്താണ്  എന്ന് ധാരാളം ഗ്രന്ഥങ്ങളിൽ നിന്നും മറ്റും നമുക്ക് പഠിക്കാൻ കഴിയും.  വിവരണങ്ങളിൽ മതങ്ങൾ തമ്മിലും ഇസങ്ങൾ തമ്മിലും അൽപം ഭിന്നതകൾ കണ്ടേക്കും.  എന്നാലും  നല്ലതും ചീത്തയുമായ ജീവിതങ്ങൾ ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ല.  ദുർഗുണങ്ങളും ദുശീലങ്ങളും ദുസ്സ്വഭാവങ്ങളും  ദുഷ് കർമ്മങ്ങളും ഇല്ലാത്ത  നന്മകൾ നിറഞ്ഞ ജീവിതം എന്നു ലളിതമായി നമുക്ക് നല്ല ജീവിതത്തെ (ethical living) നിർവചിക്കാം. അതിന്റെ വിപരീതം ചീത്ത ജീവിതവും. നല്ലതും ചീത്തയുമായ ജീവിതങ്ങൾ വേർതിരിക്കാൻ ഞാൻ ശ്രമിക്കുന്നില്ല.  എന്നാൽ നാം നല്ല ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു അല്പം പറഞ്ഞു കൊള്ളട്ടെ;

1) നന്നായും മോശമായും ജീവിക്കുന്നവരുടെ  മാനസിക നിലവാരം മനശാസ്ത്ര പഠനങ്ങൾക്ക്  വിധേയമായിട്ടുണ്ട്. നല്ല ജീവിതം നയിക്കുന്നവർ സ്ട്രെസ്സ് കുറഞ്ഞവരും പ്രത്യേക സന്തോഷം ഉള്ളവരും മാനസിക ആരോഗ്യം കൂടിയവരും ആണെന്ന് പഠനങ്ങളിൽ കാണുന്നു. ജീവ കാരുണ്യ സേവനങ്ങളിൽ ഏർപ്പെടുമ്പോൾ നമ്മുടെ  സ്ട്രെസ് ഹോർമോണുകൾ കുറയുന്നതായി കാണുന്നു. പിഞ്ചു കുഞ്ഞുങ്ങളെ മസ്സാജ് ചെയ്യാൻ പ്രായം ചെന്ന വളണ്ടിയർമാരെ ഏല്പിച്ചപ്പോൾ അവരുടെ സ്‌ട്രെസ് ഹോർമോണുകൾ കുറഞ്ഞതായി കാണുന്നു. നമ്മുടെ മനസ് തന്നെയാണ് നമ്മൾ കരുണാർദ്രമായ നല്ലൊരു ജീവിതം നയിക്കണമെന്നു ഏറ്റവും കൂടുതൽ കൊതിക്കുന്നത്.

2) ജീവിതം നല്ലതാണോ എന്നതും നമ്മുടെ മനഃശാന്തിയും തമ്മിൽ  അഭേദ്യമായ ബന്ധമുണ്ട്.  നല്ല ജീവിതം നയിക്കുന്നവൻ തിന്മകൾ ചെയ്യാത്തതിനാൽ അതിന്റെ പേരിൽ അവനു മനസ്സാക്ഷി കുത്തു ഉണ്ടാകുന്നില്ല. തിന്മ ചെയ്തതിന്റെ പേരിലുള്ള ഖേദവും ഉണ്ടാകില്ല. നന്മകൾ ചെയ്യുന്നതിൽ അവൻ പ്രത്യേക സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നു. നന്മകൾ ചെയ്യുമ്പോൾ നമ്മുടെ തലച്ചോറിൽ അതു  പല പോസിറ്റിവായ മാറ്റങ്ങൾക്കും കാരണമാകുന്നതും  നല്ല ഹോർമോണുകൾ ആയ എൻഡോർഫിനും ഓക്സിറ്റോസിനും  ഉണ്ടാകുന്നതും കണ്ടെത്തിയിട്ടുണ്ട്.  

3) മദ്യവും മയക്കു മരുന്നും പുകയിലയും ആസക്തികളും തെറ്റായ ജീവിത ചര്യയും തെറ്റായ ഭക്ഷണ ക്രമവുമായി ജീവിതം ചീത്ത ആക്കുന്നവരുടെ ശരീരത്തെ അവ പ്രതികൂലമായി ബാധിക്കുന്നു എന്നു അറിയാമല്ലോ. അതു കൊണ്ടാണ്  നല്ല ജീവിതക്കാരുടെയും ചീത്ത ജീവിതക്കാരുടെയും  ശാരീരിക താരതമ്യ പഠനങ്ങളിൽ  കൂടുതൽ ആയുസോടെ ജീവിക്കുന്നത് നല്ല ജീവിതം നയിക്കുന്നവരാണ് എന്നു കണ്ടെത്തിയത്.  നമ്മുടെ ശരീരവും നമ്മളൊന്നു നന്നായി തീർന്നെങ്കിൽ എന്നു കൊതിക്കുന്നു. 

4) നമ്മൾ മോശം ജീവിതമാണ് നയിക്കുന്നത് എങ്കിൽ പോലും മറ്റു മനുഷ്യരിൽ നിന്നു നമ്മൾ നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നു. എല്ലാവരും നമ്മോട് നല്ല നിലയിൽ വർത്തിക്കണം എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്.  നമ്മൾ നൽകാൻ തയാറില്ലാത്ത ഒന്നു നമ്മൾ കൊതിക്കുന്നത്  നീതിയല്ലല്ലോ. എല്ലാവരും എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നത് നല്ല ജീവിതമാണ് എങ്കിൽ എല്ലാവരും നല്ല ജീവിതം നയിക്കാൻ ബാധ്യസ്ഥരാണ് എന്നു കണ്ടെത്താൻ പ്രയാസമില്ല.

5) നമ്മൾ മറ്റുള്ളവരോട്  കാണിക്കുന്ന ദയയും സ്നേഹവും  അവരുടെ മനസ്സിൽ എത്രമാത്രം മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നു നിരീക്ഷിക്ക പ്പെട്ടിട്ടുണ്ട്.  രോഗം ഗുരുതരമാണ് എങ്കിലും ഡോക്ടർ രോഗിയോട്  സാരമില്ല, പേടിക്കാനില്ല എന്നൊക്കെ പറയുന്നത് രോഗിയിൽ വല്ലാത്ത ആശ്വാസവും സ്‌ട്രെസ് റിലീസിങ്ങും ഉണ്ടാക്കുന്നതായി  പഠനങ്ങൾ പറയുന്നു.  നമ്മൾ നന്നായി ഇടപെടുമ്പോൾ അതു കൊണ്ടു പലരും സന്തോഷിക്കുന്നു. അതിനാൽ എവിടെയും നമ്മൾ നന്നായി ഇടപെടാൻ ബാധ്യസ്ഥരാണ് എന്നു കാണാൻ പ്രയാസമില്ല.

6) നമ്മോട് ബന്ധപ്പെട്ട മാതാപിതാക്കൾ, ഭാര്യ, മക്കൾ, അയൽ വാസികൾ, നാട്ടുകാർ, ഗുരുനാഥന്മാർ...  ഇവരൊക്കെ  നമ്മൾ നല്ലൊരു ജീവിതം നയിക്കുമ്പോൾ ആണ് കൂടുതൽ സന്തോഷിക്കുക. അവരെല്ലാം നമ്മുടെ നല്ല ജീവിതമാണ് കൊതിക്കുന്നത്.  അവരുടെയെല്ലാം സന്തോഷവും നമ്മുടെ ജീവിതത്തിന്റെ ധാർമ്മികതയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. സ്ഥിരമായി മദ്യപിച്ചു ഭാര്യയെ തല്ലുന്ന ഒരുത്തൻ മദ്യപാനം നിർത്തിയാൽ അവന്റെ ഭാര്യയും മക്കളും എത്രമാത്രം സന്തോഷിക്കും എന്നതു തന്നെ മതിയാവും ഒരാൾക്ക് മദ്യപാനം നിർത്താനുള്ള കാരണമായിട്ട്, അയാൾക്ക് നല്ലൊരു മനസ് ഉണ്ടെങ്കിൽ. 

7) സാമൂഹ്യ ജീവിയെന്ന നിലക്ക് ബന്ധങ്ങൾ ഇല്ലാതെ മനുഷ്യന് ജീവിക്കാൻ പ്രയാസമാണ്. ജീവിതം നല്ലതാണോ എന്നത് ബന്ധങ്ങളെ ബാധിക്കുന്ന കാര്യമാണ്.  നല്ല ജീവിതം നയിക്കുന്നവൻ നല്ല ബന്ധങ്ങൾ പുലർത്തുന്നു. ചീത്ത ജീവിതം നയിക്കുന്നവർക്കും  ബന്ധങ്ങൾ ഉണ്ടാകുമെങ്കിലും അത് അധികവും 
ചീത്ത ജീവിതം നയിക്കുന്നവരോട് ആയിരിക്കും. ധാർമ്മികത ഇല്ലാത്തതു കൊണ്ടു ബന്ധങ്ങളിൽ വിള്ളലുകളും സ്വാഭാവികമാണ്.  നല്ല ജീവിതം നയിക്കുന്നവർ ചീത്ത ജീവിതം നയിക്കുന്നവരുമായി  ബന്ധങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുമില്ല.  ഫലത്തിൽ ചീത്ത ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മ രൂപപ്പെടുകയും അതൊരു നാശകരമായ ശക്തിയായി മാറുകയും ചെയ്യുന്നു. അങ്ങനെയാണ് കൊള്ള സംഘങ്ങളും കൊട്ടേഷൻ സംഘങ്ങളും രൂപം കൊള്ളുന്നത്. 

8) നല്ല ജീവിതങ്ങളാണ് നമ്മൾ ഏറെനാൾ ഓർക്കാൻ ആഗ്രഹിക്കുന്നതും  നമ്മെ പ്രചോദിപ്പിക്കുന്നതും നമുക്ക്  വഴി കാണിക്കുന്നതും.  ചീത്ത ജീവിതങ്ങൾ അവസാനിച്ചാലും അവ ദുസ്സ്വപ്‌നങ്ങൾ  ആയി കടന്നു വരുന്നു. ഹിറ്റ്ലറുടെ പീഡന ക്യാമ്പുകളിൽ വെച്ചു മനസിന്റെ താളം തെറ്റിയവർ  പിന്നീട് മാനസിക ആരോഗ്യം വീണ്ടെടുത്തു  അത്തരം ക്യാമ്പുകൾ വീണ്ടും  സന്ദർശിക്കാൻ ഇടവന്നപ്പോൾ വീണ്ടും അവരുടെ മനസ് ഇടറിയതായി വായിച്ചിട്ടുണ്ട്. സ്ഥിരമായി മദ്യപിച്ചു കരൾ രോഗം വന്നു മരിച്ച  ഒരാളെ കുറിച്ചു അയാളുടെ മകൻ പറയുന്നത്  പിതാവിന്റെ ജീവിതം ഉറക്കത്തിൽ പോലും അവൻ ഓർക്കാൻ ആഗ്രഹിക്കുന്നില്ല  എന്നാണ്.  നമ്മൾ ഓർക്കാൻ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ചില  ചീത്ത ജീവിതങ്ങൾ ദുസ്സ്വപ്നങ്ങൾ ആയി കടന്നു വന്നു ശല്യം ചെയ്യുന്നു. ചീത്ത ജീവിതക്കാർ മരിച്ചാലും അവരെ കൊണ്ടുള്ള ശല്യം തീരുന്നില്ല എന്നർത്ഥം. അവർ ഉണ്ടാക്കി വെച്ച ചീത്തപ്പേരും കൊണ്ട് അവരുടെ മക്കളും തലതാഴ്ത്തി ജീവിക്കേണ്ടി വരുന്നു. 

9) നമ്മൾ കോടതിയും ശിക്ഷയും ജയിലും നിയമ പാലകരും  നിയമവും അടങ്ങുന്ന  ഒരു വ്യവസ്ഥ തന്നെ സംവിധാനിച്ചു വെച്ചിരിക്കുന്നത്  കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാൻ വേണ്ടി മാത്രമല്ല, അതൊക്കെ കാണിച്ചു മനുഷ്യരെ പേടിപ്പിച്ചു അവരെ നല്ല ജീവിതത്തിനു പ്രേരിപ്പിക്കാൻ വേണ്ടി കൂടിയാണ്.  നമ്മൾ നല്ല ജീവിതം നയിക്കാൻ സ്വമേധയാ തീരുമാനിച്ചാൽ ഇത്തരം സംവിധാനങ്ങൾക്ക് എല്ലാം  ഒരുപാട് പണി കുറഞ്ഞു കിട്ടും. 

10) മനുഷ്യർ മൊത്തം കൊള്ളയും കൊലയും അക്രമവും കൊണ്ടു ചീത്ത ജീവിതം നയിക്കാൻ തുനിഞ്ഞാൽ  മനുഷ്യ വർഗത്തിന്റെ അവസ്ഥ എന്താവുമെന്നു ആലോചിച്ചു നോക്കുക.  മനുഷ്യ രാശിക്ക് ഒരു പുരോഗമനവും ഉണ്ടാവില്ലെന്ന് മാത്രമല്ല, അതിനു അധിക കാലം ഭൂമിയിൽ നില നിൽക്കൽ പോലും സാധ്യമാവില്ല.  അതെസമയം മനുഷ്യർ മുഴുവൻ നല്ല ജീവിതം നയിക്കാൻ തുടങ്ങിയാൽ മനുഷ്യർക്ക് ഇടയിലെ മിക്ക പ്രശ്നങ്ങളും ഇല്ലാതാവുന്നു. നല്ലൊരു ലോക സൃഷ്ടിക്കായി മനുഷ്യർ നല്ല ജീവിതം നയിക്കുകയല്ലാതെ  മറ്റൊരു മാർഗമില്ല. 

11) മനുഷ്യർ തന്നെ അനാവശ്യമായി ചൂഷണം ചെയ്യാതെ  നല്ല ജീവിതം നയിക്കണമെന്നു  പ്രകൃതിയും  ആഗ്രഹിക്കുന്നു.  മനുഷ്യൻ  പറ്റെ മോശമായി പ്രകൃതിയോട്  ഇടപെടുമ്പോൾ പ്രകൃതി ഇടയ്ക്കിടെ തന്റെ പ്രതിഷേധം മനുഷ്യനെ അറിയിച്ചു പോരുന്നു. കാലാവസ്ഥാ മാറ്റമായും വരൾച്ചയായും ദുരന്തമായും പകർച്ച വ്യാധികൾ ആയും രോഗങ്ങൾ ആയും മറ്റും.  

12) നല്ല ജീവിതം നയിക്കുന്ന വർക്കാണ് സമൂഹം അന്തസും മാന്യതയും ബഹുമാനവും കല്പിച്ചിരിക്കുന്നത്. സമൂഹത്തിന്റെ പൊതുബോധം നല്ലവരെ മാനിക്കുക എന്ന രൂപത്തിലാണ് സെറ്റ് ചെയ്തിട്ടുള്ളത്. അതു മാറ്റാൻ കഴിയില്ല. നല്ല പ്രവൃത്തികൾ ചെയ്യുമ്പോൾ സമൂഹം കയ്യടിക്കും. ചീത്ത ജീവിതം നയിക്കുന്നവർക്ക് വല്ല ബഹുമാനവും ലഭിക്കുന്നു എങ്കിൽ അതവരുടെ ധനബലം കൊണ്ടോ മറ്റോ അവർ നേടിയെടുക്കുന്ന താൽക്കാലിക പ്രതിഭാസം ആകാം.

13) നന്നായി ജീവിക്കാൻ തീരുമാനിച്ചു ആ വഴിയിൽ പ്രവേശിക്കുന്ന മനുഷ്യൻ അതിനുള്ള മാർഗങ്ങൾ കണ്ടെത്തി കൊണ്ടിരിക്കുകയും  അവൻ കൂടുതൽ നന്നായി തീരുകയും ചെയ്യുന്നു.  ചീത്ത ആകാൻ തീരുമാനിച്ചവൻ ചീത്ത വഴികൾ കണ്ടെത്തി കൂടുതൽ ചീത്തയാവുന്നു.  എന്തിലാണോ നമ്മൾ സമയം ചെലവഴിക്കുന്നത് അതാണ് നമ്മൾ ആയിത്തീരുന്നത്. ഇങ്ങനെയാണ് നമ്മുടെ ബ്രെയിനിന്റെ ഡിഫാൽട്ട് സെറ്റിങ് ഉള്ളത്. 

14) മരണ ശേഷമുള്ള രക്ഷാ ശിക്ഷകളിലും ദൈവത്തിലും വിശ്വാസം ഉണ്ടെങ്കിൽ തീർച്ചയായും ഭൂമിയിലെ നല്ല ജീവിതം നിങ്ങൾക്ക് മരണ ശേഷവും ഗുണം ചെയ്യും. ഇതിലൊന്നും വിശ്വാസം ഇല്ലെങ്കിലും നല്ല ജീവിതം അത്യാവശ്യമാണ് എന്നാണ് ഇതുവരെ പറഞ്ഞത്.

ചുരുക്കത്തിൽ, നമ്മുടെ മനസ്സും ശരീരവും കുടുംബവും അയൽവാസികളും സമൂഹവും രാജ്യവും പ്രകൃതിയും ജീവജാലങ്ങളും നമ്മൾ നല്ലൊരു ജീവിതം നയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. നല്ലൊരു ലോക സൃഷ്ടിക്കായി അതല്ലാത്ത മറ്റൊരു മാർഗം നമ്മുടെ മുമ്പിൽ ഇല്ല.  മനുഷ്യർ സ്വമേധയാ നല്ല ജീവിതം നയിക്കാൻ തുടങ്ങിയാൽ ലോകം എന്നെ ഫ്രീയായി നന്നായിപ്പോവും. ഇതു തന്നെയാണ് പടച്ച തമ്പുരാനും മനുഷ്യനോട് നിർദേശിച്ചത്.  

അൻസാർ അലി നിലമ്പൂർ

5 July 2018

ഇസ്‌ലാമിന് ഫിലോസഫിയുടെ ആവശ്യമുണ്ടോ...?

ഇസ്‌ലാമിന് ഫിലോസഫിയുടെ ആവശ്യമുണ്ടോ, ശാസ്ത്രത്തിന്റെ ആവശ്യമുണ്ടോ എന്നതൊക്കെ കാതലായ ചോദ്യങ്ങളാണ്. ശാസ്ത്രം നിരീക്ഷണ പരീക്ഷണങ്ങളിൽ കൂടി വസ്തുതകളും പ്രാപഞ്ചിക നിയമങ്ങളും കണ്ടു പിടിക്കുന്നു. ഇസ്‌ലാം മതം പ്രവാചകന്മാർക്ക് ലഭിച്ച ദൈവിക വെളിപാടുകൾ ആണ്. ഫിലോസഫി ആകട്ടെ മനുഷ്യ യുക്തി കൊണ്ടുള്ള അന്വേഷണമാണ്. മതവും ശാസ്ത്രവും അവസാനി ക്കുന്നിടത്തു സ്വാഭാവികമായും മനുഷ്യൻ അവന്റെ യുക്തി കൊണ്ടുള്ള അന്വേഷണം ആരംഭിക്കുന്നു.  

അതിശാസ്ത്ര വാദികളും അതിമത വാദികളും ഫിലോസഫിയെ കാലങ്ങളായി എതിർത്തു പോരുന്നു. ഫിലോസഫി കൊണ്ടൊരു ഗുണവു മില്ലെന്നു അവർ പറയുന്നു. എന്നാൽ ഇവർ രണ്ടു കൂട്ടരെ കൊണ്ടും എക്കാല ത്തുമുള്ള തത്വ ചിന്താപരമായ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയുന്നുണ്ടോ, ഇല്ല. ചിന്തിക്കുന്ന മനുഷ്യൻ അത്തരം ചോദ്യങ്ങളെ കുറിച്ചു സ്വാഭാവികമായി ചിന്തിച്ചു പോകുന്നു. ചിന്തക്ക് കൂച്ചു വിലങ്ങിടാൻ ആരെ ക്കൊണ്ടു  കഴിയും.  

നിഗമനങ്ങൾ രൂപീകരിക്കാൻ പര്യാപ്തമായ വിധം യുക്തി പക്വത പ്രാപിച്ചാൽ എല്ലാ മനുഷ്യരിലും അതിഭൗതിക ചിന്തകൾ നടക്കുകയും അതു തുടരുകയും ചെയ്യുമെന്ന് CRITIQUE OF PURE  REASON ൽ ഇമ്മാനുവൽ കാൻറ് പറയുന്നുണ്ട്. അതിമത വാദികളും അതിശാസ്ത്ര വാദികളും ഇതിൽ നിന്നൊഴിവല്ല. ചെറിയ അളവിലെങ്കിലും സകല മനുഷ്യരിലും തത്വചിന്ത നടക്കുന്നുണ്ട്. ഫിലോസഫി മരിച്ചെന്ന് പറഞ്ഞ സ്റ്റീഫൻ ഹോക്കിങിന്റെ ശാസ്ത്ര നിഗമന ങ്ങളിൽ പലതും ഫിലോസഫി യുടെ ടൂളുകൾ ഉപയോഗിച്ചുള്ള യുക്തി ചിന്തയുടെ ഫലമാണ് എന്നു ഈസിയായി തെളിയിക്കാം.

ഫിലോസഫിയുടെ  കഴമ്പ് അമൂർത്തമായ ആശയങ്ങളെ കുറിച്ചുള്ള കാര്യകാരണ സഹിതമുള്ള ചിന്തയാണ്. അതിശാസ്ത്ര വാദികൾക്കും അതിമത വാദികൾക്കും അവിടെ അസൗകര്യങ്ങൾ നേരിടൽ സ്വാഭാവികമാണ്. അവർക്ക് വിജ്ഞാനം സ്പൂണ് ഫീഡിങിന് പറ്റിയതാകണം.  ഫിലോസഫിയിൽ സ്പൂണ് ഫീഡിങ് ഇല്ല. തന്റെ ഗുരുവായ പ്ളേറ്റോ പറഞ്ഞെന്നു കരുതി ശിഷ്യനായ അരിസ്റ്റോട്ടിൽ ഒന്നും വിശ്വസിച്ചിട്ടില്ല. വിജ്ഞാനത്തിന്റെ സ്പൂണ് ഫീഡിങ് ഇല്ലാത്തതു ഫിലോസഫി യോടുള്ള ഇഷ്ട ക്കുറവിന് ഒരു കാരണമാണ്.

പ്രസ്താവനകൾ തമ്മിലുള്ള ബന്ധം പരിശോധിക്കുക, കാര്യ കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നിഗമനങ്ങളിൽ എത്തിച്ചേരുക, വ്യത്യസ്ത നിഗമന ങ്ങളുടെ സാധുത പരിശോധിക്കുക, വാദങ്ങളുടെ ബലാബലം പരിശോധിക്കുക, ഇതിനൊക്കെ  ശുദ്ധ യുക്തിയും ലോജിക്കും ഉപയോഗിക്കുക എന്ന ഏർപ്പാട് ആണല്ലോ  ഫിലോസഫി. അതൊരു യുക്തി പരമായ അധ്വാനമാണ്.  അതിനെ എതിർക്കുന്നവർ മനുഷ്യ യുക്തിയുടെ സാധ്യതകളെ തന്നെ നിഷേധിക്കുന്ന പോലെയാണ് എന്നർത്ഥം.  

ഇസ്‌ലാമിന് ഫിലോസഫിയുടെ സാധ്യതയെ എതിർക്കേണ്ട ഒരു ആവശ്യവുമില്ല. ഫിലോസഫർ മാരുടെ യുക്തി പരമല്ലാത്ത നിഗമനങ്ങളെ എതിർക്കാം. അതിനും ഫിലോസഫി യുടെ  ടൂളുകൾ തന്നെ ഉപയോ ഗിക്കണം. മാർക്സിസം എന്ന ഫിലോസഫിയെ ഖണ്ഡിക്കാൻ ഖുർആൻ ആയതും ഹദീസും ഓതിയിട്ടു ഒരു കാര്യവുമില്ല. അതിനു ഫിലോസഫി യുടെ ടൂളുകൾ തന്നെ ഉപയോഗിക്കണം. ഒരു കാലത്തു ഗ്രീക്ക് ഫിലോസഫി  മുസ്ലിം ലോകത്തേക്ക് വല്ലാണ്ട് കടന്നു കയറിയപ്പോൾ  മുസ്ലിം പണ്ഡിതർ അതിനെ ഖണ്ഡിക്കാൻ അതിന്റെ തന്നെ ടൂളുകൾ അവലംബി ച്ചിരുന്നു. അങ്ങനെയാണ് ഇല്മുൽ കലാം രൂപപ്പെട്ടത്. തുടക്കത്തിൽ ഇല്മുൽ കലാമിൽ അദില്ലത്തുൽ അഖ്‌ലിയ്യ എന്ന യുക്തി പരമായ തെളിവുകൾക്ക് ആയിരുന്നു പ്രാധാന്യം.

ഫിലോസഫി മുസ്ലീങ്ങളുടെ മാത്രം കുത്തക അല്ലാത്തതിനാൽ  അതിൽ ഇസ്‌ലാമിക വീക്ഷണത്തിൽ നോക്കുമ്പോൾ തെറ്റായ പ്രവണതകൾ ഉണ്ടാകൽ സ്വാഭാവികമാണ്.  തെറ്റായ ഫിലോസഫിയെ ശരിയായ ഫിലോസഫി കൊണ്ടു അവലോകനം ചെയ്യണം. അതാണ്  ഇമാം ഗസ്സാലി റഹിമഹുല്ലാഹ് അവിടുത്തെ തഫാഹത്തുൽ ഫലാസിഫ എന്ന കിതാബിൽ ചെയ്തത്. ഇമാം അബൂ ഹനീഫ, ഇമാം അശ്‌അരി, ഇമാം മാതുരീദി,  ഇമാം ഗസ്സാലി, ഇമാം ഇബ്നു റുഷ്ദ്, ഇമാം ഇബ്നു ഹസം, ഇമാം റാസി, ഇമാം തഫ്‌താസാനി... തുടങ്ങി അനേകം ഇമാമുകൾ നന്നായി ഫിലോസഫി പഠിക്കുകയും അതിനെ അതിന്റെ ടൂളുകൾ തന്നെ ഉപയോഗിച്ചു ഖണ്ഡിക്കുകയും അവലോകനം നടത്തുകയും ചെയ്തവരാണ്.  

യുക്തി കൊണ്ടുള്ള പരിശ്രമമാണ് ഫിലോസഫിയിൽ നടക്കുന്നത്. ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തിൽ ഇജ്തിഹാദ് എന്നൊരു പ്രക്രിയ ഉണ്ട്. ഖിയാസാക്കൽ എന്നും വിളിക്കാറുണ്ട് അതിനെ. വിശുദ്ധ ഖുർആനിലും തിരു സുന്നത്തിലും നേർക്ക് നേരെ  വിധി പറഞ്ഞിട്ടില്ലാത്ത മനുഷ്യ വ്യവഹാരങ്ങളുടെ  ഇസ്‌ലാമിക വിധി കണ്ടെത്താൻ അതിനു യോഗ്യതയുള്ള മുജ്തഹിദുകൾ നടത്തുന്ന പരിശ്രമം ആണത്. ഇസ്‌ലാമിക പ്രമാണവും പരിശോധി ക്കപ്പെടുന്ന പ്രശ്നവും തമ്മിലുള്ള പാരസ്പര്യം കണ്ടെത്തലാണ് അത്. ഇതൊരു തരം യുക്തി പരമായ അധ്വാനമാണ് എന്നു പറയേണ്ടതില്ല. യുക്തി പ്രയോഗി ക്കാതെ എങ്ങനെ യാണ് പാരസ്പര്യം കണ്ടെത്താൻ കഴിയുക. ഇതൊക്കെ തന്നെയാണ് ഫിലോസഫിയുടെ ഉപയോഗവും. 

ഫിലോസഫി എന്ന വാക്കിനർത്ഥം അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശം എന്നാണ്.  തീർച്ചയായും അപ്പോൾ ഫിലോസഫി അറിവ് ഉൽപാദിപ്പിക്കണം. ഇതിനു ഇസ്‌ലാമിക ഭൂമികയിൽ നിന്നൊരു  ഉദാഹരണം പറയാം. എന്റെ ദിക്ർ ഉണ്ടാകാനായി നീ നമസ്കരിക്കണം എന്നു അല്ലാഹു ഖുർആനിൽ പറയുന്നുണ്ട്. മറ്റൊരിടത്തു അല്ലാഹുവിന്റെ ദിക്റു കൊണ്ടു മനസുകൾ ശാന്തമാകും എന്നും പറയുന്നുണ്ട്. ഈ രണ്ടു പ്രസ്താവനകളും വെച്ചു യുക്തി ചിന്ത നടത്തുന്നവൻ  നമസ്കാരം കൊണ്ടു മനസു ശാന്തമാകുന്നു എന്നു കണ്ടെത്തുന്നു. രണ്ടു പ്രസ്താവനകൾ തമ്മിൽ ഇണ ചേർത്തു മൂന്നാമതൊരു അറിവ് ഉൽപ്പാദിപ്പിക്കുന്ന ഈ ഏർപ്പാടിനെ ഫിലോസഫിയിൽ DEDUCTIVE  REASONING എന്നു വിളിക്കുന്നു. മറ്റൊരു രീതി INDUCTIVE REASONING ആണ്.  ഈ രണ്ടു രീതികൾക്കും  ഇമാമുമാരുടെ കിതാബുകളിൽ എത്രയോ ഉദാഹരണ ങ്ങൾ കാണാം. അവ കണ്ടു അല്ലാഹുവും റസൂലും പറയാത്ത അറിവുകൾ ഇവർക്ക് എങ്ങനെ കിട്ടുന്നു എന്നു നമ്മൾ അത്ഭുതപ്പെട്ടു പോകും. അല്ലാഹുവിന്റെ വഴികളിൽ പരിശ്രമി ക്കുന്നവർക്ക്  അവന്റെ വഴികളിലേക്ക് അവൻ മാർഗ ദർശനം നൽകുന്നു. 

ഫിലോസഫിയിൽ വിദഗ്ധരായ മുൻകാല ഇമാമുകൾ ദൈവാസ്തിത്വം, പ്രവാചകത്വം, ഖുർആന്റെ ദൈവികത എന്നിവക്കുള്ള യുക്തി പരമായ ന്യായങ്ങളും,  ദീനീ വിധി വിലക്കു കൾക്കും ഇബാദത്തുകൾക്കും പിന്നിലുള്ള യുക്തിയും ആന്തരിക രഹസ്യങ്ങളും ... തുടങ്ങി ഒട്ടനേകം വിഷയങ്ങളിൽ കിതാബുകൾ രചിച്ചിട്ടുണ്ട്.  ഇവയൊക്കെ അവരുടെ യുക്തി പരമായ അധ്വാനത്തിനുള്ള തെളിവാണ്.  ഇമാം ഗസ്സാലി റഹിമഹുല്ലായുടെ ഇഹിയാഉൽ ഉലൂമിദ്ധീനും ഇമാം റാസിയുടെ ഖുർആൻ തഫ്സീറും ഷാഹ് വലിയ്യുല്ലാഹി ദഹലവിയുടെ ഹുജ്ജത്തില്ലാഹിൽ ബാലിഗ യുമൊക്കെ  ഇതിനുള്ള ഉദാഹരണങ്ങൾ ആണ്.  ഇവയൊക്കെ യുക്തിമാന്മാരെ ഇസ്‌ലാമിലേക്ക് അടുപ്പിക്കാനും മുസ്ലീങ്ങളെ ദീനിൽ ഉറപ്പിച്ചു നിർത്താനും നന്നായി സഹായിച്ചിട്ടുണ്ട്.  

വെറും ഖുർആനും സുന്നത്തും മതി, മറ്റൊരു വിജ്ഞാനവും ഇസ്‌ലാമിന് ആവശ്യമില്ല എന്ന ശൈലിയിലാണ് ചില അതിമത വാദികളുടെ അഭിപ്രായങ്ങൾ. ഇസ്‌ലാമിന് മറ്റു വിജ്ഞാനങ്ങൾ ആവശ്യമുണ്ടോ എന്നതല്ല, അവയൊക്കെ ഇസ്‌ലാമിനെ പരി പോഷിപ്പിക്കുമോ എന്നതാണ് പ്രധാനം. ഗണിതം പഠിക്കാതെ എങ്ങനെ സങ്കീർണ്ണമായ അനന്തര അവകാശ നിയമങ്ങൾ ഗ്രഹിക്കുമെന്നും  കോടനു കോടി രൂപയുടെ വരുമാന മുള്ളവൻ എങ്ങനെ സകാത് കണക്കു കൂട്ടുമെന്നും ഗോളശാസ്ത്ര കണക്കുകൾ എങ്ങനെ ഗ്രഹിക്കുമെന്നും ചിന്തിക്കണം. വൈദ്യശാസ്ത്രം ഇല്ലെങ്കിൽ ചികിൽസിക്കണം എന്ന റസൂലിന്റെ കല്പന എങ്ങനെ നിറവേറ്റുമെന്നും ശാസ്ത്രം പഠിക്കാതെ എങ്ങനെ ഖുർആനിലെ ശാസ്ത്രീയ സൂചനകൾ ഗ്രഹിക്കുമെന്നും ചിന്തിക്കണം. ഇങ്ങനെ ചിന്തിച്ചാൽ ഇസ്‌ലാമിനെ ബലപ്പെടു ത്തുന്ന വിജ്ഞാനങ്ങളുടെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടും. അതിൽ പെട്ട ഒന്നാണ് ഫിലോസഫിയും.  

പ്രവാചക ന്മാർക്ക് ലഭിച്ച വെളിപാടു കളുടെ സമാഹാരമായ ഇസ്‌ലാം ദീൻ പരമവും ശ്രേഷ്ഠവുമായ വിജ്ഞാനമാണ്. അതിനെ ബലപ്പെടു ത്താനും ശരിവെക്കാനും ഉതകുന്ന യുക്തിപരമായ ഏതു അധ്വാനവും പ്രശംസയും പ്രതിഫലവും അർഹിക്കുന്നു. യുക്തിമാനായ അല്ലാഹു അവന്റെ യുക്തിയുടെ പ്രകാശത്താൽ അവതരിപ്പിച്ച വിജ്ഞാനത്തെ മനുഷ്യൻ അവന്റെ യുക്തി കൊണ്ടു കണ്ടെത്തുകയും പ്രകാശിപ്പിക്കുകയും ചെയ്യൽ ശ്രേഷ്ഠകരമാണ്. അതു കൊണ്ടാണ് ഇമാം തഫ്താസാനി റഹിമഹുല്ലാ ഇല്മുൽ കലാമിനെ കുറിച്ചു അതു ദീനീ വിജ്ഞാനങ്ങളുടെ നേതാവും ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനവും ആണെന്ന് പറഞ്ഞത്.  

അൻസാർ അലി നിലമ്പൂർ

16 June 2018

ദൈവ വിശ്വാസത്തിന്റെ യുക്തികൾ

കാര്യ കാരണ  സഹിതം  ചിന്തിക്കാനും  മനസ്സിലാക്കാനും  നിഗമനങ്ങൾ  രൂപീകരിക്കാനുമുള്ള  മനുഷ്യ കഴിവിനാണ്  യുക്തി എന്നു  നാം പറയുന്നത്.  ദൈവമുണ്ട് എന്നത്  സകല മനുഷ്യർക്കും ഉൾക്കൊള്ളാൻ കഴിയുന്ന  യുക്തി ഭദ്രമായ  കാര്യമാണ്.  ചിലർ  അതിനെ ബോധപൂർവം നിഷേധിക്കുമെങ്കിലും  മറ്റെല്ലാ മനുഷ്യർക്കും സാധ്യമായത്  കൊണ്ടു അവർക്കും  അതു സാധ്യമാണ്.  

മനുഷ്യർക്ക്  യുക്തി ചിന്തയിലൂടെ ദൈവമുണ്ട് എന്നു മനസ്സിലാക്കാൻ പ്രയാസമില്ല. അതിനു മനുഷ്യൻ  തന്റെ  നിരീക്ഷണ പാടവം പ്രപഞ്ചത്തിലേക്കും ചരിത്രത്തിലേക്കും   തുറന്നു വെക്കുകയും  അവിടെ കാണപ്പെടുന്ന  പ്രതിഭാസങ്ങളെ കുറിച്ചു   യുക്തിപരമായി ചിന്തിക്കുകയും വേണം. പ്രസ്തുത ചിന്തക്ക്  ബലമേകുന്ന  ചില  കാര്യങ്ങളാണ്  താഴെ കൊടുക്കുന്നത്...

1) ദൈവ വിശ്വാസം  എക്കാലത്തും  ബഹു ഭൂരിപക്ഷം മനുഷ്യരുടെയും വിശ്വാസമാണ്.  മത വിശ്വാസികളിൽ  ദൈവത്തിന്റെ  കാര്യത്തിൽ  ചില അഭിപ്രായ  വ്യത്യാസങ്ങൾ കണ്ടേക്കാമെങ്കിലും   സർവ ശക്തനായ  ഒരു ദൈവത്തിൽ വിശ്വാസിക്കാത്ത ജനത  ഭൂമിയിൽ  എക്കാലത്തും തുലോം തുച്ഛമാണ്. ദൈവ ബോധം ഇല്ലാതിരുന്ന ഒരു പ്രാചീന ഗോത്രത്തേയും ഇന്നുവരെ കണ്ടെത്തിയിട്ടില്ല എന്ന് സാമുഹ്യ ശാസ്ത്രഞ്ജരും നരവംശ ശാസ്ത്രഞ്ജരും പറയുന്നു. മനുഷ്യരിൽ  ദൈവത്തെ  കുറിച്ച  ബോധം  നൈസർഗ്ഗികമാണ്   എന്നു തോന്നുമാറു  മനുഷ്യർ  ദൈവത്തിന്റെ  അസ്തിത്വം യുക്തിപരമായി കണ്ടെത്തി കൊണ്ടേയിരിക്കുന്നു. 

2) മാനവ ചരിത്രത്തിൽ  ജീവിച്ചു മരിച്ചു പോയ  സകല പ്രവാചകന്മാരും പുണ്യ പുരുഷന്മാരും  ദൈവത്തെ കുറിച്ചു ജനത്തെ പഠിപ്പിക്കാൻ  ശ്രദ്ധാലുക്കൾ ആയിരുന്നു.  ദൈവ നിഷേധം പഠിപ്പിച്ച   ഒരു  പ്രവാചകനും ചരിത്രത്തിൽ കഴിഞ്ഞു പോയിട്ടില്ല. ദൈവത്തിന്റെ  കാര്യത്തിൽ  ഇത്രയധികം പ്രവാചകന്മാർക്ക്  ഒരുമിച്ചു കളവ് പറയേണ്ട ഒരു   ആവശ്യവും നമ്മുടെ യുക്തിക്ക് ബോധ്യപ്പെടില്ല.  പ്രവാചകന്മാരിലൂടെ   വെളിപ്പെട്ട  അത്ഭുതങ്ങളും  അവരുടെ ദിവ്യാനുഭവങ്ങളും ചരിത്ര സത്യങ്ങളാണ്. വേദ ഗ്രന്ഥങ്ങൾ  തലമുറകളിൽ കൂടി കൈമാറ്റം ചെയ്യപ്പെട്ട മികച്ച ചരിത്ര പുസ്തകങ്ങൾ കൂടിയാണ്. പിന്നെങ്ങനെ മനുഷ്യർ  ദൈവ വിശ്വാസികൾ ആകാണ്ടിരിക്കും.  

3) വിവിധ ഭാഷകളിൽ, വിവിധ നാടുകളിൽ  കാണപ്പെടുന്ന സകല വേദ ഗ്രന്ഥങ്ങളിലും ദൈവമാണ് കേന്ദ്ര   കഥാപാത്രം.    ദൈവ നിഷേധം പഠിപ്പിക്കാനോ  ദൈവമില്ലെന്നു സ്ഥാപിക്കാനോ വേദ ഗ്രന്ഥങ്ങൾ കാണപ്പെടുന്നില്ല.  വേദ ഗ്രന്ഥങ്ങളിൽ കൈകടത്തലുകൾ  നടത്തിയവർ പോലും അവയിലേക്ക്   നിരീശ്വരത്വം   എഴുതി ചേർത്തില്ല.  എല്ലാ വേദ ഗ്രന്ഥങ്ങളും  ഒരുമിച്ചു ദൈവമുണ്ടെന്നു  കളവ് പറയുമെന്ന്  കരുതാൻ  യുക്തി വിസമ്മതിക്കുന്നു.  അറബി ഭാഷാ പടുക്കൾക്കൊക്കെ  പണ്ടുമുതലെ   വിശുദ്ധ ഖുർആൻ ഒരു  ഭാഷാ  അത്ഭുതമാണ്.  ശാസ്ത്രം പരീക്ഷണങ്ങളിൽ കൂടി തെളിയിച്ച  പലതും വേദഗ്രന്ഥങ്ങളിൽ  മുമ്പെ  പ്രതിപാദിക്കപ്പെട്ടത്  ശാസ്ത്രജ്ഞർക്ക് ഒരു  അത്ഭുതമാണ്.  വേദ ഗ്രന്ഥങ്ങളുടെ അമാനുഷികത  ദൈവത്തിലേക്ക്  വിരൽ  ചൂണ്ടുന്നത്  സ്വാഭാവികമാണ്.  

4) പ്രപഞ്ച  പ്രതിഭാസങ്ങൾക്ക്  പിന്നിലെ  കാര്യ കാരണങ്ങളുടെ  ചങ്ങല ഭൂത കാലത്തേക്ക്    നീണ്ടു കിടക്കുന്നു.  ആ ചങ്ങലക്ക്  ഒടുവിൽ ഒരു ആദ്യ കാരണം ഇല്ലെന്നും  ചങ്ങല അറ്റമില്ലാതെ   അനന്തമായി  ഭൂതകാലത്തേക്ക് നീണ്ടു കിടക്കുകയാണ് എന്നും കരുതാൻ  യുക്തി വിസമ്മതിക്കുന്നു.  അതിനേക്കാൾ യുക്തിക്ക്  കഴിയുന്നത്  എല്ലാറ്റിനുമൊരു  ആദ്യ കാരണം ഉണ്ടെന്നു  കരുതാനാണ്.   പ്രപഞ്ചത്തിന്റെ തുടക്കം എക്കാലത്തും യുക്തിമാന്മാർ അന്വേഷിച്ചു പോരുന്നതു  അതിനൊരു  തുടക്കമുണ്ട് എന്നു അവരുടെ യുക്തി കരുതുന്നത് കൊണ്ടാണല്ലോ.  പ്രപഞ്ചത്തിന്റെ   ആദ്യ കാരണം ശാസ്ത്രീയമായി  കണ്ടു പിടിക്കാൻ കഴിയുന്നില്ല എന്നത്  അങ്ങനെ ഒന്നില്ലെന്നു പറയാനുള്ള യുക്തിപരമായ ന്യായമല്ല

5) പ്രപഞ്ചത്തിനും  അതിലെ വസ്തുക്കൾക്കും ജീവികൾക്കും ഘടനയിലും  മറ്റും  ഒരു  ക്രമം  ഉണ്ട്.    ചില ഗണിത-ഭൗതിക  നിയമങ്ങൾ  അനുസരിച്ചാണ്  എല്ലാം ഉണ്ടാകുന്നതും ചലിക്കുന്നതും.   പ്രസ്തുത നിയമങ്ങൾ  യാദൃശിച്ചകമായി  ഉരുത്തിരിഞ്ഞതാണ്  എന്നും  പ്രകൃതി എല്ലാം  ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു  എന്നും പറയുന്നത്  യുക്തിക്ക് ഉൾക്കൊള്ളാൻ  കഴിയില്ല. പ്രകൃതി നല്ലൊരു ഗണിത ശാസ്ത്ര വിദഗ്ദനോ യുക്തിമാനോ അല്ല.  ചില പ്രാപഞ്ചിക നിയമങ്ങളൊക്കെ  യാദൃശ്ചികമായി ഉണ്ടായതാണ് എന്നു യുക്തി സമ്മതിച്ചേക്കും.   എന്നാൽ പരിപൂർണ്ണ  യാദൃശ്ചികത എന്നതൊരു യുക്തി കേടാണ്. പ്രപഞ്ചം സ്വയം  ഉണ്ടാവുകയും  ഇത്രയും ആസൂത്രിതമായി സ്വയം  ക്രമീകരിക്കുകയും   ചെയ്തു എന്നു പറയൽ നമ്മൾ നമ്മളെ തന്നെ  പ്രസവിക്കുകയാണ് എന്നു പറയുന്ന പോലുള്ള ഒരു വിഡ്ഢി വാദമാണ്. അതിനാൽ  പ്രപഞ്ചത്തിന്റെ  ആദ്യ കാരണം  കേവലം  ജഡ  പദാർത്ഥം  അല്ലെന്നു ഉറപ്പായി. ജഡ പദാർത്ഥങ്ങൾക്ക്  ഒന്നും  ബുദ്ധിപരമായി  ഡിസൈൻ ചെയ്യാൻ കഴിയില്ല.  അപ്പോൾ അപാര  യുക്തി ബോധമുള്ള  ഒരു അസ്തിത്വം  തന്നെയാണ്  ആദ്യ കാരണം.

6) ശുദ്ധ ശൂന്യതയിൽ നിന്നു പ്രപഞ്ച ഘടകങ്ങൾ  ചുമ്മാ  ഉടലെടുക്കുക, എന്നിട്ടു  അവ ചലിക്കാനും  കറങ്ങാനും തുടങ്ങുക എന്നതൊന്നും യുക്തിക്ക് നിരക്കുന്ന കാര്യമല്ല.  ന്യുട്ടൻറെ ഒന്നാം ചലന നിയമമനുസരിച്ച് ബാഹ്യ ബലമില്ലാതെ ഒരു പ്രപഞ്ച ചലനം പോലും സാധ്യമല്ല.  അപ്പോൾ  ആദ്യ   ചലനം നടക്കാനുള്ള  ബാഹ്യബലം  എവിടുന്നു വന്നു  എന്നത്  ഉത്തരം  കണ്ടെത്തേണ്ട  ചോദ്യമാണ്.

അൻസാർ അലി നിലമ്പൂർ

16 November 2017

മനുഷ്യ യുക്തിയുടെ പരിമിതികൾ

പ്രതിഭാസങ്ങളുടെ കാര്യ കാരണ ബന്ധം മനസ്സിലാക്കാനും അത് മുന്നിൽ വെച്ചു ചിന്തിക്കാനും നിഗമനങ്ങൾ രൂപീകരി ക്കാനുമുള്ള മനുഷ്യ കഴിവിനെയാണ് യുക്തി (Reason) എന്നു വിളിക്കുന്നത്. യുക്തിയാണ് പ്രധാനമായും മനുഷ്യന് അറിവ് നൽകുന്നത് എന്ന വാദമാണ് ഫിലോസഫിയിൽ റേഷണലിസം എന്ന് അറിയപ്പെടുന്നത്. അനുഭവങ്ങളാണ് മനുഷ്യന് അറിവ് നൽകുന്നത് എന്ന വാദം അതിനെതിരായി ഉണ്ട്. അതു ഇൻപീരീസിസം എന്ന് അറിയപ്പെടുന്നു. ഇവ രണ്ടും യോജിപ്പിച്ചു കൊണ്ടുള്ള വാദമാണ് ഇമ്മാനുവൽ കാൻറ്  Critiqe of Pure Reason എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചത്. 

മനുഷ്യന് അവന്റെ യുക്തി നൽകുന്ന നിഗമനങ്ങൾ എപ്പോഴും ശരിയാകണം എന്നില്ല. യുക്തിക്ക് പ്രകൃത്യാ പരിമിതികളും പോരായ്മകളും ഉണ്ടായത് കൊണ്ടാണത്. അര ലിറ്റർ വെള്ള ത്തിലേക്ക് അരലിറ്റർ ആൽക്കഹോൾ ഒഴിച്ചാൽ മൊത്തം ഒരു ലിറ്റർ ഉണ്ടാകുമെന്ന് നമ്മുടെ യുക്തി പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ ഒരു ലിറ്റർ ഉണ്ടാവില്ല. പത്തു സ്പൂണ് വെള്ളത്തിലേക്ക് ഒരു സ്പൂണ് ഉപ്പിട്ടാൽ വെള്ളം പതിനൊന്നു സ്പൂണായി വർധിക്കും എന്നു നമ്മുടെ യുക്തി പറയുമെങ്കിലും യഥാർത്ഥ ത്തിൽ വർധിക്കില്ല. മനുഷ്യ യുക്തിയെ ബാധിക്കുന്ന ചില പോരായ്മകളും പരിമിതികളും താഴെ കൊടുക്കുന്നു;

1) അജ്ഞത: തൊട്ടാൽ കൈ പൊള്ളും എന്ന് അറിയാത്തത് കൊണ്ടു കുട്ടികൾ എരിയുന്ന തീ കൊള്ളിമേൽ അതിന്റെ   ഭംഗി കണ്ടു കേറി പിടിക്കുന്നു. എന്തിനെയും ഭംഗി കണ്ടു വിലയിരു ത്തൽ എപ്പോഴും യുക്തി പരമല്ല എന്നർത്ഥം. അജ്ഞത യുക്തിയെ വഴി തെറ്റിക്കുന്നു.

2) മുൻവിധി: എന്തിനെ കുറിച്ചും മുൻ വിധി രൂപീകരിച്ചു മനസിൽ വെച്ചാൽ പിന്നെ അതിനെ കുറിച്ചൊന്നും കൂടുതൽ അന്വേഷിച്ചു ചിന്തിച്ചു സത്യം കണ്ടെത്തേണ്ടി വരില്ല. മുൻവിധി യുക്തിയെ വഴി തെറ്റിക്കുന്നു

3) ഭൂരിപക്ഷം: ഭൂരിപക്ഷം ആളുകൾ എന്താണോ ശരിയായി കാണുന്നത് അതു തന്നെയാണ് ശരി എന്ന് കരുതുന്നത് യുക്തിയെ വഴി തെറ്റിക്കുന്നു. സത്യം എപ്പോഴും ഭൂരിപക്ഷ ത്തിന്റെ കൂടെ ആകണ മെന്നില്ല.

4) പാരമ്പര്യം: പരമ്പരാഗത മായി പിന്തുടർന്നു പോരുന്ന രീതി എപ്പോഴും സത്യമായിരിക്കും എന്നു കരുതുന്ന വരുടെ യുക്തി പ്രയോഗവും പിഴച്ചേക്കാം.  

5) വർഗീയത: സ്വന്തം കൂട്ടർ ചെയ്യുന്നതെല്ലാം എപ്പോഴും ശരിയായി രിക്കും എന്നു കരുതുന്നവനും യുക്തി പ്രയോഗത്താൽ സത്യം കണ്ടെത്തു ന്നതിൽ പരാജയപ്പെടുന്നു

6) പ്രവർത്തന വൈരുധ്യം: ഒരു കൂട്ടർ ചെയ്യുന്നതാണ് അവരുടെ ആദർശം എന്ന തോന്നൽ യുക്തിയെ വഴി തെറ്റിക്കാം. സത്യത്തിൽ എന്തെങ്കിലും കാരണം കൊണ്ട് അവർ വിശ്വസിക്കുന്ന ആദര്ശത്തിനു വിരുദ്ധമായിരിക്കാം അവരുടെ  പ്രവർത്തനം.

7) സാമ്പിൾ റിവ്യൂ: ഒരു കൂട്ടരിലെ ഒരാൾ മോശമാണ് എന്നു കണ്ടു അവരെ മൊത്തം മോശക്കാരായി കാണുന്നവനും യുക്തി പ്രയോഗത്തിൽ തെറ്റു സംഭവിച്ചേക്കാം.   

8) എതിർപ്പില്ലായ്മ: ആർക്കും എതിർപ്പില്ല എന്നത് കൊണ്ടു ഒരു കാര്യത്തെ സത്യമായി കരുതുന്നവരും യുക്തി പ്രയോഗത്തിൽ പരാജയ പ്പെട്ടേക്കാം.

9) അടിമത്തം: അദ്ദേഹത്തിന് അത് ശരിയായി തോന്നുന്നു എങ്കിൽ എനിക്കും അത് ശരിയായി തോന്നുന്നു എന്ന മട്ടിലുള്ള അടിമത്ത മനസ്ഥിതി ഉള്ളവരും യുക്തി പ്രയോഗത്തിൽ സത്യം കണ്ടെത്തി എന്നു വരില്ല.

10) തെറ്റിലേക്കുള്ള  മാർഗം: കത്തി നിർമ്മിച്ചാൽ അതുകൊണ്ടു  മനുഷ്യർ കൊല പാതകം നടത്തും. അതു കൊണ്ടു കത്തി നിർമ്മാണം നിരോധിക്കണം എന്നപോലുള്ള ധാരണ വെച്ചു പുലർത്തുന്നവരും യുക്തി പ്രയോഗത്തിൽ പരാജയപ്പെട്ടേക്കാം. കത്തി കൊല്ലാൻ മാത്രമല്ല ഉപയോഗിക്കുക.

ഒരാൾ എത്ര നന്നായി യുക്തി പ്രയോഗിച്ചാലും സത്യം കണ്ടെത്തണം എന്ന് ഒരു നിർബന്ധവും ഇല്ല. മനുഷ്യ യുക്തിക്ക് അതിന്റെ  പ്രകൃതത്തിൽ തന്നെ ചില പോരായ്മകളും പരിമിതികളും  ഉണ്ട്.  

അൻസാർ അലി നിലമ്പൂർ


യുക്തി പ്രയോഗിക്കേണ്ട വിധം

നമസ്കരിച്ചില്ലെങ്കിൽ പടച്ചവൻ പിടിച്ചു നരകത്തിലിടും, അതു കൊണ്ടു നമസ്കരിക്കണം എന്നു കരുതുന്നത് ഹോംവർക്ക്  ചെയ്തില്ലെങ്കിൽ അധ്യാപകനിൽ നിന്നു പൂശു കിട്ടും, അതു കൊണ്ടു ഹോംവർക്ക് ചെയ്യണമെന്ന് ഒരു സ്‌കൂൾ വിദ്യാർത്ഥി കരുതുന്നത് പോലെയാണ്.   

ഇതിനപ്പുറം സ്‌കൂൾ എന്താണ്, അധ്യാപകൻ ആരാണ്, പാഠ പുസ്തകങ്ങൾ എന്താണ്, എന്തിനാണ് ഹോം വർക്ക് ചെയ്യുന്നത് എന്നൊക്കെ ചിന്തിക്കാൻ കഴിയുമെങ്കിൽ വിദ്യാർത്ഥിക്ക് കുറേക്കൂടി കാര്യക്ഷമമായി പഠിക്കാൻ കഴിയും, പഠിത്തത്തിൽ ആത്മാർത്ഥത കൂടും.   

മേൽ ഉദാഹരണം ഇസ്‌ലാം മനസിലാക്കാനും പ്രയോഗ വൽക്കരിക്കാനും ഒരു പ്രത്യേക രീതി ഉണ്ടെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു. ആ രീതിയെ യുക്തിപരമായ രീതി എന്നു വിളിക്കാം. മറ്റു പേരുകളിലും വിളിക്കാം. ഇസ്‌ലാമിക വിശ്വാസങ്ങളെ നിഷേധിക്കാൻ യുക്തി  പ്രയോഗി ക്കുന്നതിനു പകരം അതിനെ വളർത്താനും ശക്തമാക്കാനും   യുക്തിയെ  ഉപയോഗ പ്പെടുത്തുന്ന രീതിയാണിത്. താഴെ പറയുന്ന കാര്യങ്ങളാണ് ഈ രീതിയിൽ വരുന്നത്.

1) ദൈവമുണ്ടോ ഇല്ലേ എന്ന ചോദ്യത്തിന് ഏതൊരു മനുഷ്യനും ഉത്തരം കണ്ടു പിടിച്ചെ പറ്റൂ. ഇല്ലെന്നതിനും   ഉണ്ടെന്നതിനും വാദങ്ങൾ നിരത്തപ്പെടുന്നു. അല്ലാഹുവിന്റെ കരുണ ഉണ്ടെങ്കിൽ രണ്ടും പരിശോധിച്ചു യുക്തി വിചാരം നടത്തി ദൈവമുണ്ട് എന്നു വിശ്വസിക്കാൻ കഴിയും. ദൈവമെന്നത്   ഒരു അന്ധ വിശ്വാസമല്ല, യുക്തിപരമായ വിശ്വാസമാണ് എന്നു മനസിലാക്കാം.   

2) ഇസ്‌ലാമിന്റെ ദൈവികതയും മൗലികതയും അജയ്യതയും യുക്തി പരമായ തെളിവുകളിൽ കൂടി മനസിലാക്കാൻ കഴിയും. ഇസ്‌ലാമും മറ്റു മതങ്ങളും ഇസങ്ങളും തമ്മിലുള്ള താരതമ്യ പഠനം യുക്തി പരമായ അധ്വാനം ആവശ്യപ്പെടുന്നു. 

3) വിശുദ്ധ ഖുർആനും നബി ചര്യയും മതപരമായ കാര്യങ്ങളിൽ തമാശകൾ പറഞ്ഞിട്ടില്ല. മനുഷ്യന്റെ യുക്തിയോടാണ് അവ സംസാരിച്ചത്. ഖുർആനിലും മുഹമ്മദ് നബിയുടെ ജീവിതത്തിലുമുള്ള യുക്തിപരമായ തെളിവുകൾ മനസിലാക്കുക. ഒന്നിലധികം വാള്യങ്ങൾ   ഉള്ള കിതാബുകൾ തന്നെ ഈ വിഷയത്തിലുണ്ട്.  

4) അല്ലാഹു അവന്റെ സൃഷ്ടിപ്പിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങളും അത്ഭുതങ്ങളും ഇന്റലിജൻറ് ഡിസൈനും കണ്ടെത്തലാണ് സയൻസ്. അത് പഠിക്കുന്നതിൽ കൂടി അല്ലാഹുവിന്റെ അപാരമായ ശക്തിയും കഴിവും കൂടുതൽ ബോധ്യപ്പെടുന്നു. അത്  ഈമാൻ വർധിപ്പിക്കുന്നു. 

5) ഇസ്‌ലാമിക അനുഷ്ഠാനങ്ങൾക്ക് പിന്നിലുള്ള യുക്തി രഹസ്യങ്ങൾ പഠിക്കുക, അതു അനുഷ്ഠാനങ്ങൾ നിർവഹിക്കൽ എളുപ്പമാക്കി തീർക്കും. ഒരു കാര്യം ചെയ്യൽ ആവശ്യമാണ് എന്നു യുക്തിക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ അത് ചെയ്യാൻ മനസ് വിസമ്മതിച്ചേക്കും.   

6) ഇസ്‍ലാമെന്ന പേരിൽ പലതും പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഒരു തെരഞ്ഞെടുപ്പു നടത്തണമെങ്കിൽ അന്വേഷണം, പഠനം, ചിന്ത തുടങ്ങിയ യുക്തി പരമായ മാർഗങ്ങൾ   അവലംബിക്കുക അല്ലാതെ മാർഗമില്ല.

7) ഈ ആധുനിക കാലത്തെ പുതിയ പ്രശ്നങ്ങൾ ഇസ്‌ലാമുമായി ബന്ധിപ്പിക്കൽ ആവശ്യമാണ്. അവയും ഇസ്‌ലാമും തമ്മിലുള്ള സാദൃശ്യങ്ങൾ കണ്ടെത്തൽ, സാദൃശ്യങ്ങൾ   ഇല്ലെന്നുറപ്പിക്കൽ  യുക്തിപരമായ അധ്വാനമാണ്.

8) അല്ലാഹു അവന്റെ യുക്തി പ്രകാരം അവതരിപ്പിച്ച ഇസ്‌ലാമും മനുഷ്യ യുക്തിയും തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന ദിവ്യ പ്രകാശം ജീവിതത്തിൽ ഉണ്ടാകണം എന്നാണ് ഇസ്‌ലാമിന്റെ താൽപര്യം.  

അൻസാർ  അലി  നിലമ്പൂർ

   

മാർക്സിസവും ഇസ്‌ലാമും

1)മാർക്സിസം എന്നാൽ ഇക്കഴിഞ്ഞ പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മൻ തത്വ ചിന്തകരായ  കാൾ മാർക്‌സും ഫ്രെഡറിക് എംഗൽസും ചേർന്നു രൂപം നൽകിയ ചില സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സിദ്ധാന്തങ്ങളുടെ സമാഹാരമാണ്. ഇസ്‌ലാം എന്നാൽ മനുഷ്യൻ ഭൂമുഖത്ത് വന്നെത്തിയ കാലം മുതൽ അല്ലാഹു പ്രവാചകരിൽ കൂടി പഠിപ്പിച്ചു പോന്നതാണ്. മാർക്സിസം ദൈവികത അവകാശപ്പെടുന്നില്ല.  ഇസ്ലാം ദൈവികമാണ് എന്നു അവകാശപ്പെടുന്നു.

2) സാമൂഹ്യ പരിവർത്തനത്തെ   നിർണ്ണയിക്കുന്നതിൽ സാമ്പത്തിക ഘടകങ്ങൾക്കു അമിത പ്രാധാന്യം നൽകി മാർക്സിസം ചില സാമ്പത്തിക   പ്രശ്നങ്ങളെ  കുറിച്ചു മാത്രം പരാമർശിക്കുന്നു. ഇസ്‍ലാമാകട്ടെ വളരെ സമഗ്രവും വിശദവുമായ ജീവിത പദ്ധതിയും സാമൂഹ്യ ക്രമവും അവതരിപ്പിക്കുന്നു.  ഇസ്‌ലാമിക വീക്ഷണത്തിൽ  സാമ്പത്തിക ഘടകങ്ങൾ  മാത്രമല്ല  സാമൂഹ്യ മാറ്റത്തെ നിർണ്ണയിക്കുന്നത്. ധാർമ്മിക  ജീവിത രീതിക്ക്  മാർക്സിസം തീരെ ഊന്നൽ നൽകിയില്ല. ഇസ്‌ലാം മനുഷ്യൻ പാലിക്കേണ്ട ധാർമ്മിക ഗുണങ്ങളെ കുറിച്ചും ആത്മ സംസ്കരണത്തെ കുറിച്ചും ഏറെ പഠിപ്പിക്കുന്നു.

3) മാർക്സിസത്തിന്റെ  പ്രധാന വാദമാണ് വൈരുധ്യത്തിൽ അധിഷ്ഠിതമായ ഭൗതിക വാദം. വൈരുധ്യത്തിൽ അധിഷ്ഠിതം ആയാലും അല്ലെങ്കിലും ഭൗതിക വാദത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. നിലനിൽക്കുന്നു എന്ന് പറയാവുന്നത് ഭൗതിക പദാർത്ഥങ്ങൾ  മാത്രമാണെന്നും ദൈവം, ആത്മാവ്,.. തുടങ്ങിയ ഇന്ദ്രിയാതീത കാര്യങ്ങളൊന്നും ഇല്ലെന്നുമുള്ള വാദമാണ്  ഭൗതിക വാദം. എല്ലാ വസ്തുക്കളും ഉണ്ടായത് ഭൗതിക പദാർത്ഥങ്ങളാൽ  ആണെന്നും എല്ലാ പ്രതിഭാസങ്ങളും ഭൗതിക പദാർഥങ്ങളുടെ പരസ്പര ഇടപെടലിന്റെ ഫലമാണ് എന്ന വാദമാണ് ഭൗതികവാദം. 

4) മാർക്സിസ്റ്റ് ഭരണ വ്യവസ്ഥിതി മത വിശ്വാസികൾക്കും ഇതര ഇസക്കാർക്കും വേണ്ടത്ര സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഭരണ സംവിധാനത്തിൽ മറ്റു മതങ്ങൾക്കോ  ഇസങ്ങൾക്കോ നിരോധനം ഏർപ്പെടുത്തൽ  ഇല്ല.  മുഹമ്മദ് നബി ഭരിച്ച മദീനയിൽ  മുസ്ലീങ്ങളും മുശ്രിക്കുകളും യഹൂദരും  മത സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു.

5) നാളിതുവരെ ചരിത്രത്തിൽ കഴിഞ്ഞുപോയ  സമരങ്ങളെല്ലാം ഉള്ളവരും  ഇല്ലാത്തവരും  തമ്മിലുള്ള സംഘട്ടനങ്ങൾ  ആയിരുന്നു  എന്ന് മാർക്സിസം പറയുന്നു.  ചരിത്രത്തിൽ കഴിഞ്ഞു  പോയ സംഘട്ടനങ്ങൾ എല്ലാം ഉള്ളതിന്റെയും  ഇല്ലാത്തതിന്റെയും പേരിലായിരുന്നില്ല,  ആത്യന്തികമായി സത്യവും അസത്യവും തമ്മിലും നീതിയും അനീതിയും തമ്മിലായിരുന്നു  എന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

6) ഉത്പാദനത്തിനു  ഉപയോഗിക്കുന്ന സ്വത്തുക്കളുടെ  സ്വകാര്യ  ഉടമസ്ഥത ഇല്ലാതാക്കണമെന്ന  മാർക്സിയൻ വാദത്തെ  ഇസ്‌ലാം നിരാകരിക്കുന്നു. മനുഷ്യർക്ക്  പരമ്പരാഗതമായി ഉടമസ്ഥാവകാശം ലഭിച്ച സമ്പത്തുക്കൾ ഭരണകൂടം  കൈവശപ്പെടുത്തുന്നത് കൊള്ളയും  തട്ടിപ്പറിയുമാണ്  ഇസ്‌ലാമിക വീക്ഷണത്തിൽ.

7) രക്ത രൂക്ഷിതമായ വിപ്ലവങ്ങൾ ഉണ്ടാക്കി  തൊഴിലാളികൾ  അധികാരം പിടിച്ചെടുക്കണമെന്നും തൊഴിലാളി സർവധിപത്യത്തിൽ  കൂടി സോഷ്യലിസവും ശേഷം കമ്മ്യൂണിസവും നിലവിൽ  വരണമെന്നുമാണ് മാർക്സിസം പറയുന്നത്. ലക്ഷ്യം മാത്രം നന്നായാൽ പോര മാർഗവും നന്നാകണമെന്നും  ഇസ്‌ലാമിക വ്യവസ്ഥക്ക് വേണ്ടി  ബല പ്രയോഗം ഇല്ലെന്നും ഇസ്‌ലാം പറയുന്നു. ബല പ്രയോഗമല്ല  സ്വാഭാവിക മനം മാറ്റമാണ് ഇസ്‌ലാമിന്റെ മാർഗം

8) സ്വകാര്യ മൂല ധനത്തെയും മുതലാളിത്തത്തെയും പാടെ നിഷേധിച്ചു കൊണ്ടു  മാർക്സിസം അതിന്റെ കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. ഇസ്‌ലാം  മുതലാളിത്തത്തിന്റെ ഗുണങ്ങൾ അംഗീകരിക്കുകയും ദോഷങ്ങളെ  നിരാകരിക്കുകയും   ചെയ്യുന്നു. ഉള്ളവരെ നിർമാർജനം ചെയ്യാനല്ല  ഇസ്‌ലാം പറയുന്നത് ഇല്ലാത്തവനെ  ഉള്ളവൻ  നിർബന്ധമായും സംരക്ഷിച്ചു  കൊള്ളണ മെന്നാണ്.   എപ്പോഴും  വിപ്ലവങ്ങളും സമരങ്ങളും ഉണ്ടാകുന്നതിനെക്കാൾ  ഇസ്‌ലാം   സപ്പോട്ടു  ചെയ്യുന്നത്  വർഗങ്ങളുടെ ഐക്യത്തിലും സമാധാനപരമായ നിലനിൽപിലുമാണ്.

9) ഭരണ കൂടത്തിന്റെ ആജ്ഞ പ്രകാരം ഉൽപാദനം നടത്തുക,  ഉല്പാദിപ്പിച്ചത് ഭരണകൂടം എടുത്തോണ്ട് പോവുക, എന്നിട്ടു  ഉത്പാദിപ്പിച്ചവന്  റേഷൻ നൽകുക എന്ന മാർക്സിയൻ അധ്യാപനം മനുഷ്യന്റെ മേൽ അടിമത്തവും  യാന്ത്രികതയും ചുമത്തി അവന്റെ മേൽ വിലങ്ങിടുന്നു. ഭരണ കൂടത്തിന്  സാമൂഹ്യ ക്ഷേമത്തിനായി സകാത്തും വികസനത്തിനും  മറ്റു ചെലവുകൾക്കും നികുതിയും ജനങ്ങളിൽ നിന്ന് വാങ്ങാമെങ്കിലും ഇസ്‌ലാമിൽ ഭരണകൂടം  ജനത്തിനു മേൽ അടിമത്തം കെട്ടി ഏല്പിക്കുന്നില്ല.

അൻസാർ  അലി  നിലമ്പൂർ

14 November 2017

ഖുർആൻ യുക്തിചിന്തയിലൂടെ

ഖുര്‍ആന്‍ അവതരിക്കപ്പെട്ട  കാലത്ത്  അതിനോട്  കിടപിടിക്കുന്ന   മറ്റൊരു ഗ്രന്ഥം  ഒരു അറബിയെക്കൊണ്ടും  രചിക്കാന്‍ കഴിഞ്ഞില്ല  എന്നത്  പശ്ചാത്യനും  പൌരസ്ത്യനും  ഒരുപോലെ അംഗീകരിക്കുന്ന  സത്യമാണ്.  അതുപോലത്തെ  ഒന്ന് അക്കാലത്ത് രചിക്കപ്പെട്ടിരുന്നു    എങ്കില്‍  ഖുര്‍ആന്‍  പോലെ  ആ ഗ്രന്ഥവും  ഇന്ന് നിലനിന്നിരുന്നു.     

ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നല്ല ഒരു മനുഷ്യനില്‍ നിന്നാണ് എങ്കില്‍  അതുപോലത്തെ ഒരു ഗ്രന്ഥം  കൊണ്ട് വരൂ  അതിലെ ഒരു അദ്ധ്യായം പോലത്തെ ഒരു അദ്ധ്യായം കൊണ്ട് വരൂ എന്നൊക്കെ ഖുര്‍ആന്‍ ആവശ്യപ്പെട്ടു.  ആ  വെല്ലുവിളിയെ കുറിച്ച്   അക്കാലത്ത്  ആരും അറിഞ്ഞില്ല എന്ന് കരുതാന്‍ ന്യായമില്ല.   കാരണം  അക്കാലത്ത് ആ വെല്ലുവിളി   ഏറ്റെടുത്തു  പലരും  ദയനീയമായി പരാജയപ്പെട്ടതാണ്.    ഈ വസ്തുതകള്‍  താഴെ പറയുന്ന  കാര്യങ്ങള്‍ യുക്തി ചിന്തയിലൂടെ കണ്ടെത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

1. ഖുര്‍ആന്‍ അറബികളില്‍ പെട്ട  ആരില്‍ നിന്നുമല്ല വിരചിതമായത്  എന്നത് ഉറപ്പാണ്. കാരണം  ഖുര്‍ആന്‍ സകല അറബികളെയുമാണ്  ഖുര്‍ആന്‍ പോലെ  ഒന്ന് രചിക്കാന്‍ വേണ്ടി  വെല്ലുവിളിച്ചത്.

2.  ഖുര്‍ആന്‍ അനറബികളില്‍ പെട്ട  ആരില്‍  നിന്നുമല്ല വിരചിതമായത്   എന്നതും വ്യക്തമാണ്‌.  കാരണം അറബികള്‍ക്ക് കഴിയാത്തത് അനറബികള്‍ക്ക് കഴിയില്ലല്ലോ.  ഖുര്‍ആന്‍ പോലെ  ഒന്ന് രചിക്കണമെങ്കില്‍  അറബിക് ഭാഷയില്‍ വൈദഗ്ദ്യം അത്യാവശ്യമാണ്. 

3. ഖുര്‍ആന്‍ മുഹമ്മദ് നബിയില്‍ നിന്നല്ല എന്നതും വ്യക്തമാണ്‌.  കാരണം  ഒന്നാമതായി മുഹമ്മദ് നബി അത് തന്നില്‍ നിന്നാണ് എന്ന് അവകാശപ്പെട്ടിട്ടില്ല.   രണ്ടാമതായി മുഹമ്മദ് നബിയും ഒരു അറബിയാണ്. മുഹമ്മദ് നബിയെക്കാള്‍  അറബിക് ഭാഷയില്‍  വൈദഗ്ദ്യം  ഉണ്ടായിരുന്നവര്‍  ശ്രമിച്ചിട്ട് കഴിയാത്തത് മുഹമ്മദ് നബിക്കും കഴിയില്ല.  മൂന്നാമതായി   മുഹമ്മദ് നബി ജീവിതത്തില്‍ പല ദുരിതങ്ങളും അനുഭവിച്ചപ്പോഴും  ഖുര്‍ആനില്‍  അതിന്‍റെ  വൈകാരിക  പ്രകടനങ്ങള്‍ ഒന്നുമില്ല.  നാലാമതായി   മുഹമ്മദ് നബി വ്യക്തിപരമായി സംസാരിച്ചത് ഹദീസുകള്‍ എന്ന പേരില്‍ വേറെ സമാഹരിക്കപ്പെട്ടു.  ആ നബി വചനങ്ങള്‍ ഭാഷയിലോ ശൈലിയിലോ സൌന്ദര്യത്തിലോ   ഖുര്‍ആനോട് കിടപിടിക്കുന്നതല്ല.  മുഹമ്മദ് നബിയുടെ ഭാഷയും ശൈലിയും  നാം കാണുന്നത് ഹദീസുകളിലാണ്.  അതില്‍ നിന്ന്  വ്യത്യസ്തമാണ്  ഖുര്‍ആന്‍.  

4.  ഖുര്‍ആന്‍ മനുഷ്യനല്ലാത്ത  മറ്റു വല്ല ജീവിയില്‍ നിന്നും വിരചിതമായത്  ആണ് എന്ന്   കരുതാനും കഴിയില്ല. കാരണം  മറ്റു വല്ല  ജീവികളും     ഗ്രന്ഥങ്ങള്‍ രചിക്കുന്നത്‌  കഴിഞ്ഞ കാലങ്ങളിലോ  ഇന്നോ തെളിയിക്കപ്പെട്ട  ഒന്നല്ല.  

5. നിരക്ഷരനായിരുന്ന   മുഹമ്മദ്  നബി സ്വന്തം വചനങ്ങള്‍  എഴുത്ത് അറിയാവുന്ന   ആര്‍ക്കെങ്കിലും പറഞ്ഞു കൊടുത്തു എഴുതിച്ചത് ആകാനും  സാധ്യതയില്ല.   കാരണം മുഹമ്മദ് നബി പറഞ്ഞു കൊടുത്താല്‍  അതിന്‍റെ ശൈലി  ഹദീസുകളിലെ  പോലെ  വരണ്ട അറബി ശൈലി  തന്നെയേ  ആകൂ.  ഖുര്‍ആനില്‍  ആകട്ടെ ജീവസ്സുറ്റ ഭാഷയാണ് ഉള്ളത്.   ഇനി മുഹമ്മദ് നബി പറഞ്ഞു കൊടുത്ത ആശയങ്ങള്‍ കഴിവുള്ള വല്ലവരും  എഴുതിയത്  ആയിരുന്നു  എങ്കില്‍  അയാള്‍ക്ക്   ഖുര്‍ആന്‍  പോലെ മറ്റൊന്നും എഴുതാന്‍ കഴിയുമായിരുന്നു.    ആശയങ്ങള്‍   അന്നത്തെ തൌറാത്തില്‍  നിന്ന് എടുത്താല്‍ മതിയായിരുന്നു.    മാത്രമല്ല   അത്തരം കഴിവുള്ളവര്‍  അക്കാലത്ത് വേറെയും  ഉണ്ടാകുമല്ലോ.  അവര്‍ക്കും  അതിനെ അനുകരിക്കാമായിരുന്നു.   അങ്ങനെ അനുകരിക്കപ്പെട്ടത്‌  നാം കാണുന്നില്ല.  

6.   ഖുര്‍ആന്‍  പോലെ ഒന്ന്  രചിക്കാനുള്ള ഖുര്‍ആന്റെ വെല്ലുവിളി  ഏറ്റെടുക്കാന്‍  കഴിയാതിരുന്നത്    അക്കാലക്കാരില്‍ കഴിവുള്ള  ആരും   ഇല്ലാതിരുന്നിട്ടാണ്  എന്ന് പറയാനും  കഴിയില്ല.  കാരണം അറബി ഭാഷയും  അറബികളും   അറബി ഭാഷാ വിദഗ്ദരും   ഖുര്‍ആന്‍ അവതരിച്ചതു  മുതല്‍    ഇന്നുവരെ  എന്നും നിലനിന്നിട്ടുണ്ട്.  പതിനാലു നൂറ്റാണ്ടിനു ഇടയ്ക്ക്   ഖുര്‍ആനു സമാനമായ മറ്റൊരു ഗ്രന്ഥം രചിക്കാന്‍ പ്രാപ്തിയുള്ള   ഒരാള്‍ പോലും ഭൂമുഖത്   ജനിച്ചില്ല   എന്നത്  ഇനിയും  അങ്ങനെ ഒരാള്‍  ജനിക്കില്ല   എന്ന്  സൂചിപ്പിക്കുന്നു.    

 എല്ലാം വിരല്‍ ചൂണ്ടുന്നത്  ഖുര്‍ആന്‍  ആരില്‍ നിന്നാണ് എന്ന് ഖുര്‍ആന്‍ തന്നെ പറഞ്ഞതിലേക്ക്  ആണ്.  

تنزيل  من الرب العالمين

ലോകങ്ങളുടെ  റബ്ബില്‍  നിന്ന്   അവതീര്‍ണ്ണമായത്.

അൻസാർ  അലി  നിലമ്പൂർ

പ്രവാചകത്വം യുക്തിചിന്തയിലൂടെ

മുഹമ്മദ്‌ നബി അല്ലാഹുവിന്‍റെ പ്രവാചകൻ ആണ് എന്നതിന് യുക്തി പരമായ ന്യായങ്ങൾ പറയാൻ ശ്രമിക്കുന്നു

1) നാല്‍പതു വയസു വരെ നാട്ടുകാര്‍ക്ക് ഇടയിൽ തീര്‍ത്തും വിശ്വസ്തന്‍ എന്ന് അറിയപ്പെട്ടിരുന്ന ഒരു വ്യക്തി നാല്‍പതാം വയസ്സില്‍ ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകനാണ്‌ എന്ന് കളവു പറഞ്ഞു   സാഹസികനായി രംഗത്ത്‌ വരുന്നതിനു പകരം മരണം വരെ തന്‍റെ വിശ്വാസ്യത കാത്തു സൂക്ഷിക്കാനാണ് പരിശ്രമിക്കുക. പക്ഷെ മുഹമ്മദ് നബി സത്യ പ്രവാചകന്‍ ആയതു കൊണ്ട് പ്രവാചകത്വം വാദിക്കുക എന്ന   സാഹസത്തിനു മുതിര്‍ന്നു.   

2) ഒരാള്‍ക്ക് പ്രവാചകത്വം വാദിച്ചു രംഗത്ത്‌ വരാന്‍ പലതും   പ്രേരണയ ആകാറുണ്ട്.  ഭൌതിക സുഖ സൗകര്യങ്ങള്‍ അതില്‍ പെട്ടതാണ്.   പക്ഷെ മുഹമ്മദ് നബിക്ക് പ്രവാചകത്വം   വാദിക്കുന്നത് കൊണ്ട് മക്കക്കാരുടെ ശത്രുതയാണ് ലഭിക്കുക എന്ന പൂര്‍ണ്ണ ബോധ്യം ഉണ്ടായിരുന്നു. പ്രവാചകത്വം   വാദിച്ചാല്‍ എല്ലാവരും പൂമാലയിട്ടു സ്വീകരിക്കുമെങ്കില്‍ ഒരുപാട് പേര്‍ അതിനു തയാറാകും. നാട്ടുകാര്‍ മുഴുവന്‍ തന്‍റെ ശത്രുക്കള്‍ ആകുമെന്നും തന്നെ കൊല്ലാന്‍ ശ്രമിക്കുമെന്നും തോന്നിയാല്‍ സത്യ പ്രവാചകനല്ലാതെ യുക്തിയുള്ള   മറ്റാരും പ്രവാചകത്വം വാദിക്കാന്‍ ശ്രമിക്കില്ല.    

3) ഞാന്‍ പ്രവാചകനാണ്‌ എന്ന് വാദിച്ച വ്യക്തി അതുകൊണ്ട് പീഡനം അല്ലാതെ മറ്റൊരു നേട്ടവും ലഭിക്കുന്നില്ല എന്ന് തോന്നിയാല്‍ തന്‍റെ അവകാശ വാദത്തില്‍ നിന്നും പിന്മാറുമായിരുന്നു. പക്ഷെ മുഹമ്മദ് നബി നീണ്ട പതിമൂന്നു കൊല്ലം മക്കയില്‍ നാട്ടുകാരുടെ ഉപരോധം അടക്കമുള്ള പല   പീഡനങ്ങളും സഹിച്ചാണ്  ജീവിച്ചത്.   ജീവിതാവസാനം വരെ ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ തന്നെ എന്ന വാദത്തില്‍ അവിടുന്ന് ഉറച്ചു നിന്നു.   

4) മുഹമ്മദ് നബി ഒരു കവി ആയിരുന്നില്ല, പക്ഷെ പ്രസിദ്ധ കവികള്‍ അവിടുത്തെ പ്രവാചകത്വതില്‍ വിശ്വസിച്ചു. ഒരു ജാല വിദ്യക്കാരന്‍ ആയിരുന്നില്ല. പക്ഷെ പ്രസിദ്ധ ജാലവിദ്യക്കാര്‍ അവിടുത്തെ പ്രവാചകത്വതില്‍ വിശ്വസിച്ചു.  അവിടുന്ന് ഒരു കാഥികന്‍ ആയിരുന്നില്ല. പക്ഷെ കാഥികര്‍ അവിടുത്തെ പ്രവാചകത്വത്തില്‍ വിശ്വസിച്ചു.   ഇവരെയൊക്കെ വചനങ്ങള്‍ കൊണ്ടും ആശയങ്ങള്‍ കൊണ്ടും പ്രവര്‍ത്തനം കൊണ്ടും വെല്ലാന്‍ ഒരു സാധാരണ കൂലി കച്ചവടക്കാരനും മരുഭൂ വാസിയുമായ മുഹമ്മദ് നബിക്ക്     കഴിയുക എന്നത് അസാധാരണ കാര്യമാണ്.   

5) മക്കയിലെ തിന്മയുടെ ശക്തികള്‍ക്ക് എതിരെ പ്രബോധനം നിര്‍വഹിച്ചത് ഒരു കള്ള പ്രവാചകന്‍ ആയിരുന്നെങ്കില്‍ അവരുടെ പ്രലോഭനങ്ങള്‍ വരുമ്പോള്‍ കള്ള പ്രവാചകന്‍ അത് നിര്‍ത്തി വെക്കുമായിരുന്നു. മക്കാ മുശ്രിക്കുകള്‍ രാജാധിപത്യം അടക്കം പല ഓഫറുകളും   മുഹമ്മദ് നബിക്ക് നല്‍കിയെങ്കിലും അവിടുന്ന് പ്രബോധനം നിര്‍ത്തി വെച്ചില്ല.   

6) മുഹമ്മദ് നബിയില്‍ അക്കാലത്ത് വിശ്വസിച്ചത് വെറും സാധാരണക്കാര്‍   മാത്രം ആയിരുന്നില്ല. ഉമറിനെ പോലുള്ള അതി ബുദ്ധിമാന്മാര്‍ വരെ അവരില്‍ ഉണ്ടായിരുന്നു.  ഒരു കള്ള പ്രവാചകനില്‍ നിന്ന് ഉണ്ടാവുന്ന വല്ല കാപട്യവും മുഹമ്മദ് നബിയില്‍ നിന്ന് ഉണ്ടായിരുന്നു എങ്കില്‍ ബുദ്ധിമാന്മാരായ അനുയായികള്‍ അത് പിടികൂടിയിരുന്നു. ഇന്ന് വ്യാജ സിദ്ധന്‍മാരെ ജനം പിടികൂടുന്ന പോലെ തന്നെ. പക്ഷെ നാള്‍ക്കു നാള്‍ മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരുടെ സംഖ്യ കൂടുകയാണ് ഉണ്ടായത്.   

7) ഒരു സാധാരണ കൂലി കച്ചവടക്കാരനായ മുഹമ്മദ് നബിയില്‍ നിന്നു തങ്ങളുടെ കവിതകളെയും സാഹിത്യങ്ങളെയും വെല്ലുന്ന വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ അത്ഭുതപ്പെട്ട  ജനത്തെ കബളിപ്പിക്കാന്‍ ഖുര്‍ആന്‍ ഞാന്‍ സ്വയം   മൊഴിയുന്നതാണ് എന്ന് മുഹമ്മദ് നബി ഒരു കള്ള പ്രവാചകന്‍ ആയിരുന്നെങ്കില്‍ പറയാമായിരുന്നു. പക്ഷെ ഇത് എന്‍റെ വാക്കുകള്‍ അല്ല അല്ലാഹുവില്‍  നിന്ന് തനിക്ക് അവതരിച്ചു കിട്ടുന്നതാണ് എന്നായിരുന്നു അവിടുന്ന് വാദിച്ചത്.  

8) മക്കയില്‍ നിന്നും അധികമൊന്നും പുറത്തു പോയിട്ടില്ലാത്ത, ഒരു ഗുരുവിന്‍റെയും ശിഷ്യത്വം സ്വീകരിക്കുകയോ മുന്‍ വേദങ്ങള്‍   വായിച്ചു പഠിക്കാന്‍ വിദ്യ നേടുകയോ ചെയ്തിട്ടില്ലാത്ത മുഹമ്മദ്‌ നബി   അസാധാരണമായ ആത്മ വിശ്വാസത്തോടെ ഒരു ദിവസം  ചരിത്രങ്ങളും പ്രാപഞ്ചിക സത്യങ്ങളും പുലരുന്ന പ്രവചനങ്ങളും ധാര്‍മ്മിക ഉപദേശങ്ങളും വാചാലമായി സംസാരിച്ചു കൊണ്ട് രംഗത്ത്‌ വരിക എന്നത്   അവിടുത്തെ പ്രവാചകത്വത്തിനുള്ള മതിയായ തെളിവായാണ് അന്നും ഇന്നും ബുദ്ധിമാന്മാര്‍ മനസ്സിലാക്കുന്നത്.   ഇതിനു കാരണം മുഹമ്മദ് നബിയുടെ മാനസിക തകരാര്‍ ആണ് എന്ന് വാദിക്കുന്നവര്‍ മുഹമ്മദ് നബിയല്ലാത്ത മറ്റൊരു മാനസിക തകരാര്‍ ബാധിച്ചവനും ഒരു കാലത്തും മുഹമ്മദ് നബിയെ പോലെ ജന കോടികളുടെ   മനസ്സില്‍ ജീവിച്ചിട്ടില്ല എന്ന് മനസിലാക്കണം.  

9) ഏതൊരു കള്ള പ്രവാചകനെ പരിശോധിച്ചാലും അയാള്‍ക്ക് പുതിയ വല്ലതും അവതരിപ്പിക്കാന്‍ ഉണ്ടാകും.   അതിന്‍റെ ക്രെഡിറ്റ് തനിക്ക് മാത്ര മായിരിക്കണം എന്നും  അയാള്‍ ആഗ്രഹിക്കും. പക്ഷെ മുഹമ്മദ് നബി പറഞ്ഞത് ഞാന്‍ മുന്‍ പ്രവാചകരെ ശരി വെക്കുന്നവനും മുന്‍ വേദങ്ങളെ സത്യപ്പെടുത്തുന്ന വനുമാണ്‌ എന്നായിരുന്നു. ഞാന്‍ പറയുന്നതും ചെയ്യുന്നതും എന്‍റെ വകയല്ല അവയെല്ലാം അല്ലാഹുവില്‍ നിന്നാണ്, ഞാന്‍ നിങ്ങളെ പോലെ ഒരു മനുഷ്യന്‍ മാത്രമാണ് എന്ന് അവിടുത്തെ അധ്യാപനം കള്ള പ്രവാചകരെ പോലെ   ഒരു  വ്യക്തിപരമായ നേട്ടവും മുഹമ്മദ് നബി ലക്ഷ്യം വെച്ചില്ല എന്ന് വ്യക്തമാക്കുന്നു. അവിടുന്ന് കാര്യമായ ഒരു സമ്പത്തും ബാക്കി വെക്കാതെയാണ് ഈ ലോകത്തോട്‌ വിട പറഞ്ഞത്.   

10) മുന്‍ വേദങ്ങളില്‍ കാണപ്പെടുന്ന മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാതെ  ഇന്നും നില നില്‍ക്കുന്നു. തനിക്ക് ശേഷം ഒരു പ്രവാചകന്‍ വരാനുണ്ട് എന്ന യേശുവിന്‍റെ പരാമര്‍ശം ബൈബിളില്‍ നില നില്‍ക്കുമ്പോള്‍ അതാരെന്നു നിര്‍വചിക്കാന്‍ കഴിയാതെ ക്രിസ്ത്യാനികള്‍ ഇരുട്ടില്‍ തപ്പുന്നു. വരാനുള്ള പ്രവാചകന്‍ യേശുവല്ല എന്ന് പ്രഖ്യാപിച്ച് പിന്നെ അതാരെന്നു പറയാന്‍ കഴിയാതെ യഹൂദികളും ഇരുട്ടില്‍ തപ്പുന്നു. ഹൈന്ദവ വേദങ്ങളും മുഹമ്മദ് നബിയുടെ പ്രവാചകത്വതെ  കുറിച്ച് പറയുന്നു. 

ഈ വസ്തുതകളെല്ലാം മുഹമ്മദ് നബി സത്യ പ്രവാചകനാണ്‌  എന്നല്ലാതെ മറ്റൊരു നിഗമനത്തിലേക്കും യുക്തിമാന്മാരെ കൊണ്ടെത്തിക്കില്ല.

അന്‍സാര്‍  അലി  നിലമ്പൂര്‍.