Showing posts with label എക്കണോമിക്‌സ്. Show all posts
Showing posts with label എക്കണോമിക്‌സ്. Show all posts

12 September 2018

പണം കൊടുത്താൽ കിട്ടാത്തവ

മനുഷ്യൻ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളെ പണം കൊണ്ട് വാങ്ങാൻ കഴിയുന്നത് എന്നും കഴിയാത്തത് എന്നും തരം തിരിക്കാം. പണം കൊണ്ട് വിലയിടാൻ കഴിയുന്നതിനൊക്കെ മനുഷ്യൻ കാലങ്ങളായി വിലയിട്ടു കൊണ്ടിരിക്കുന്നു. ബാക്കി വിലയിടാൻ കഴിയാത്ത ചില അമൂല്യ കാര്യങ്ങളാണ് മനുഷ്യനെ കേവലമൊരു ഭൗതിക ജീവി എന്നതിന് അപ്പുറം ആത്മീയ ജീവിയും സാമൂഹ്യ ജീവിയുമാക്കി നിലനിർ ത്തുന്നത്. അതിനാൽ ജീവിതത്തിൽ പണത്തിനു എത്രത്തോളം പ്രാധാന്യം നൽകാം എന്നതൊരു പ്രധാന ചിന്താ വിഷയമാണ്. പണത്തിന് അർഹമായ പ്രാധാന്യം നൽകുന്നതിൽ ഉള്ള ഏറ്റകുറച്ചിലുകൾ ചില മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മണി ഡിസോഡേഴ്‌സ് എന്ന പേരിൽ സൈക്കോളജിയിൽ അവ അറിയപ്പെടുന്നു 

മനുഷ്യന് ആവശ്യമുള്ളതും പണം കൊണ്ട് വാങ്ങാൻ കഴിയാത്തതുമായ കുറെയേറെ സുഖങ്ങൾ ഭൂമിയിൽ ഉള്ളതിനാൽ ധാരാളം പണം ഉണ്ടായത് കൊണ്ട് മാത്രം ആരും പൂർണ്ണ ധാന്യരാകില്ല എന്ന് മനസ്സിലാക്കാം. താൻ ധന്യനാണോ എന്ന് നോക്കുമ്പോൾ പണം കൊണ്ട് വാങ്ങാൻ കിട്ടാത്തതായി തനിക്ക് എന്തൊക്കെ സുഖ സൗകര്യങ്ങൾ ഉണ്ടെന്നത് കൂടി ഒരാൾ കണക്കിൽ എടുക്കണം. പണം കൊണ്ട് മനുഷ്യന് പൂർത്തീകരിക്കാൻ കഴിയുക പ്രധാനമായും  ഭൗതിക ആവശ്യങ്ങൾ മാത്രമാണ്. മനുഷ്യന്റെ മാനസികവും ബൗദ്ധികവും ആത്മീയവും സാമൂഹികവുമായ മിക്ക ആവശ്യങ്ങളും പണം കൊണ്ട് നേടാൻ കഴിയുന്നവയല്ല. 

വാങ്ങാൻ കിട്ടുന്നതൊക്കെ വാങ്ങാനുള്ള കഴിവ് പണം നമുക്ക് തരുന്നുണ്ട്‌. വാങ്ങാനുള്ള കഴിവ് തന്നെ ഇല്ലെങ്കിൽ, അതായത് വല്ലതും വാങ്ങി അനുഭവിക്കണം എന്ന് ആഗ്രഹി ക്കാനുള്ള ബോധം തന്നെ ഇല്ലെങ്കിൽ അതും പണം കൊടുത്തു വാങ്ങാൻ പറ്റില്ല. പണത്തെ കുറിച്ചുള്ള ബോധം തന്നെ ഇല്ലാത്ത മനുഷ്യർക്ക് ഇടയിലാണ് നാം ജനിച്ചത് എങ്കിലുള്ള കാര്യം ആലോചിച്ചു നോക്കുക. ഇപ്പോഴും ഭൂമിയിൽ പണം കണ്ടിട്ടു പോലുമില്ലാത്ത ചില ആദിവാസി വർഗ്ഗങ്ങൾ ജീവിക്കുന്നുണ്ട്. പണം ഒരു ആവശ്യമാണ് എന്ന് അവർക്ക് തോന്നിയിട്ടില്ല. എങ്കിലും അവർ സന്തോഷത്താൽ പൊട്ടിച്ചിരിക്കുന്നു, നൃത്തം ചെയ്യുന്നു. പണം ഇല്ലെങ്കിലും ജീവിക്കാം, മുമ്പു മനുഷ്യർ പണം ഇല്ലാതെ ജീവിച്ചിരുന്നു എന്നർത്ഥം. പണം കൊടുത്താൽ വാങ്ങാൻ കിട്ടുന്ന ഭൗതിക ചരക്കുകളുടെ ആധിക്യം പണം കൊണ്ട് എന്തും നേടാൻ കഴിയുമെന്നൊരു മിഥ്യാ ധാരണ മനുഷ്യന് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. 

പണം കൊണ്ട് വാങ്ങാൻ കിട്ടുന്നതിനൊക്കെ നിശ്ചിത മൂല്യമുണ്ട്.  എന്നാൽ പണം കൊണ്ട് വാങ്ങാൻ കിട്ടാത്ത സുഖങ്ങൾ എല്ലാം അമൂല്യമാണ്. പണം കൊടുത്തു ഭക്ഷണം വാങ്ങി, പക്ഷെ കഴിക്കാൻ കഴിയുന്നില്ല, തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല. പണം കൊടുത്തു പുസ്തകം വാങ്ങി, പക്ഷെ വായിക്കാൻ അറിയില്ല, പഠിച്ചിട്ടില്ല. പണം കൊടുത്തു ഭംഗിയുള്ള വീട് വാങ്ങി, പക്ഷെ കണ്ട് ആസ്വദിക്കാൻ കണ്ണിനു കാഴ്ചയില്ല. പണം കൊടുത്തു പാടുന്ന പക്ഷിയെ വാങ്ങി, പക്ഷെ അതിന്റെ പാട്ടു കേൾക്കാൻ കേൾവി ശക്തിയില്ല.  ഇങ്ങനെ നോക്കിയാൽ ഒരു കൂട്ടം കഴിവുകൾ ഇല്ലെങ്കിൽ മനുഷ്യന് കുറെ പണം ഉണ്ടായിട്ട് യാതൊരു കാര്യവുമില്ല എന്നു മനസിലാക്കാം. പണത്തിന്റെ ആവശ്യങ്ങൾ മനുഷ്യന്റെ കഴിവു കളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആ കഴിവുകൾ മനുഷ്യന് പണം കൊടുത്തു വാങ്ങാനും കഴിയില്ല. 

പണം കൊടുത്തു വാങ്ങാൻ പറ്റാത്ത ഒന്നാണ് അറിവ്. പണം ഉണ്ടായാൽ മനുഷ്യന് അറിവ് ഉണ്ടാകണം എന്നില്ല. പണം കൊണ്ട് പുസ്തകം വാങ്ങാം, വിദ്യാലയത്തിൽ ചേരാം, പക്ഷെ അറിവ് ഉണ്ടാകാൻ അധ്വാനിച്ചു പഠിക്കുക തന്നെ വേണം. അല്ലെങ്കിൽ വല്ല വെളിപാടും കിട്ടണം. അത് പണം കൊണ്ട് കിട്ടില്ലല്ലോ. ഇതിനാൽ എല്ലാ ധനികരും അറിവു ള്ളവർ ആയി കാണപ്പെടുന്നില്ല.

പണം കൊടുത്തു വാങ്ങാൻ കഴിയാത്ത മറ്റൊന്നാണ് മനുഷ്യന്റെ ആകാരഭംഗി. ഒരാളുടെ ആകാര ഭംഗി നിർണ്ണ യിക്കുന്നത് അയാളുടെ ജനിതക ഘടനയാണ്. ജീനുകളിൽ ഉൾക്കൊള്ളുന്ന വിവരങ്ങൾക്ക് അനുസരിച്ചു കോശങ്ങളും ശരീരം മൊത്തത്തിലും രൂപപ്പെടുന്നു. ഒരാളുടെ മുഴുവൻ കോശങ്ങളിലെയും ജനിതക കോഡ് മുഴുവൻ മാറ്റി എഴുതാൻ കഴിയില്ല. കഴിഞ്ഞിരുന്നു എങ്കിൽ എല്ലാ ധനികരും അത്യധികം ആകാര ഭംഗി ഉള്ളവരായി കാണപ്പെട്ടിരുന്നു. 

സൽസ്വഭാവം പണം കൊടുത്താൽ കിട്ടാത്ത മറ്റൊരു കാര്യമാണ്. സൽസ്വഭാവം മനുഷ്യർ മൊത്തത്തിൽ ഇഷ്ടപ്പെടുന്ന കാര്യമാണ് എങ്കിലും ധനികരെല്ലാം സൽസ്വഭാവികൾ അല്ല. മനുഷ്യനിൽ സൽസ്വഭാവം എങ്ങനെ യാണ് രൂപപ്പെടുന്നത് എന്ന് ഇന്നും മനശാസ്ത്രം പഠിച്ചു കൊണ്ടിരി ക്കുകയാണ്. മനുഷ്യന്റെ പാരമ്പര്യത്തിനും ബാല്യകാല അനുഭവങ്ങൾക്കും വളർന്ന ചുറ്റു പാടിനും നേടിയ വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിൽ പങ്കുണ്ട് എന്ന് നമുക്കറിയാം. എങ്കിലും സൽസ്വഭാവം പണം കൊണ്ട് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല. 

പണം കൊടുത്താൽ കിട്ടാത്ത മറ്റൊന്നാണ് സമയം അല്ലെങ്കിൽ ആയുസ്. മനുഷ്യനു ജീവിക്കാനും ഉദ്ദേശിച്ചത് ചെയ്യാനും ലഭിക്കുന്ന വിലപ്പെട്ട അവസരമാണ് സമയം. ഒരാൾ മരിച്ചാൽ അയാൾക്ക് അനുഭവപ്പെട്ട സമയം എന്ന അവസരം കഴിഞ്ഞു. സമയവും ആയുസും പണം കൊണ്ട് വാങ്ങാൻ കിട്ടിയിരുന്നു എങ്കിൽ ധനികർ ഒരിക്കലും മരിക്കില്ലായിരുന്നു. ഏതു ധനികനും മരിക്കാൻ നേരം കുറച്ചു കൂടി ആയുസ് കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കാൻ മാത്രമെ കഴിയൂ. മരിക്കേണ്ട നേരത്തു ആരും മരിച്ചെ പറ്റൂ. മാക്സിമം എത്ര പ്രാവശ്യം വരെ നമ്മുടെ ശരീരത്തിലെ കോശങ്ങൾ വിഭജിക്കണം എന്ന ജനിതക പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ട അറിവും പേറിയാണ് നാം ജീവിക്കുന്നത്. 

കോമ്മൻ സെൻസും ബുദ്ധിയും പണം കൊടുത്തു വാങ്ങാൻ കഴിയാത്ത മറ്റു ഗുണങ്ങൾ ആണ്. മനുഷ്യന് ബുദ്ധി കൂടുതലും ബുദ്ധി കുറവും മന്ദബുദ്ധിയും ഉണ്ടാകുന്നത് എങ്ങനെയാണ് എന്നു കൃത്യമായി നമുക്ക് അറിയില്ല. അതിനും കാരണം പാരമ്പര്യം, ജനിതകം, ആർജ്ജിത വിദ്യാഭ്യാസം എന്നൊക്കെ യാണ് നമ്മുടെ ഉത്തരം. ഇക്കാര്യത്തിലും പണത്തിനു ഒരു റോളും ഇല്ല. ഉണ്ടായിരുന്നു എങ്കിൽ ധനികരുടെ കൂട്ടത്തിൽ വിഡ്ഢികൾ ഉണ്ടാവില്ലായിരുന്നു. 

കാശു കൊടുത്തു വാങ്ങാൻ പറ്റാത്ത മറ്റൊന്നാണ് ആത്മാർത്ഥ സ്നേഹം. ശമ്പളം കൊടുത്തു സ്നേഹിക്കാൻ ആളെ വെച്ചിട്ട് കിട്ടുന്ന സ്നേഹത്തിന് ആത്മാർത്ഥ സ്നേഹം എന്ന് പറയില്ലല്ലോ. പറയുമെങ്കിൽ ഒരു സർവൻറ് റോബോട്ടിൽ നിന്നു കിട്ടുന്ന സേവനത്തിനും അങ്ങനെ പറയേണ്ടി വരും. വാർധക്യത്തിൽ പരിചരിക്കാനും സ്നേഹിക്കാനും ചിലർ നഴ്‌സുമാരെ ശമ്പളം കൊടുത്തു നിയമിക്കുന്നു. അങ്ങനെ ഡെയ്‌ലി എട്ടോ പത്തോ മണിക്കൂർ  സ്നേഹം ചുരത്തി ഡ്യൂട്ടി സമയം കഴിഞ്ഞാൽ അവർ പോകുന്നു. സ്നേഹത്തിനു ഞായർ ഒഴിവാണ്.

കാശു കൊടുത്താൽ കിട്ടാത്ത മറ്റൊന്നാണ് സന്തോഷം എന്ന മൂഡ്. കിട്ടിയിരുന്നു എങ്കിൽ ധനികരെല്ലാം കിലോ കണക്കിന് സന്തോഷം വാങ്ങി എപ്പോഴും സന്തോഷിച്ചു ഇരിക്കുന്നത് നമുക്ക് കാണാമായിരുന്നു. ചില ധനികർ ദുഃഖിക്കുന്നത് എന്തു കൊണ്ടാണ് എന്നു ചോദിച്ചാൽ സന്തോഷം കാശു കൊടുത്തു വാങ്ങാൻ പറ്റാത്ത ഒന്നു ആയത് കൊണ്ടു തന്നെ എന്നാണ് ഉത്തരം. 

ഇങ്ങനെ പണം കൊടുത്താൽ കിട്ടാത്ത മിനിമം അമ്പത് കാര്യങ്ങളെങ്കിലും ആലോചിച്ചാൽ ആർക്കും കണ്ടുപിടിക്കാം.  വിനിമയത്തിനുള്ള ഒരു മാർഗമായാണ് മനുഷ്യൻ പണം കണ്ടുപിടിച്ചത്. അതിനപ്പുറം പണത്തെ ഒരു ജീവിത ലക്ഷ്യമായി കണ്ട് ജീവിക്കുന്നവൻ കാലക്രമേണ  മാനസികമായി ഒരു സാമ്പത്തിക ജീവിയായി പരിണമിക്കുന്നു. മനുഷ്യൻ പണം ഉണ്ടാക്കുന്നു. ആ പണം മനുഷ്യനെ തന്റെ അടിമയാക്കുന്നു. ആ അടിമത്തത്തിന്റെ ലഹരിയിൽ അങ്ങനെ ജീവിക്കുന്നതിന് ഇടയിൽ പണം കൊടുത്താൽ കിട്ടാത്ത ഒരു സുഖം മനുഷ്യന് നഷ്ടപ്പെടുമ്പോൾ അവന്റെ അകക്കണ്ണ് തുറക്കുന്നു. അപ്പോഴാണ് പണമൂല്യം ഉള്ളവ മാത്രമല്ല അമൂല്യ മായവയും ഭൂമിയിൽ ഉണ്ടെന്നും അവയാണ് മനുഷ്യ ജീവിതത്തിൽ പ്രധാന റോൾ നിർവഹിക്കുന്നത് എന്നും മനസ്സിലാവുക. പണം കൊടുത്താലും എന്ത് പരിശ്രമം നടത്തിയാലും കിട്ടാത്ത, മനുഷ്യന് ആവശ്യമുള്ള ചിലത് നിലനിൽക്കുന്ന കാലത്തോളം പ്രാർത്ഥന വളരെ പ്രസക്തമാണ്. 

അൻസാർ അലി നിലമ്പൂർ

20 August 2018

ബേങ്ക് പലിശ എന്ത് ചെയ്യണം..?

പലിശ ഇസ്‌ലാമിൽ വന്‍ പാപമാണ് എന്ന കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് സംശയം കാണില്ല. പലിശ വാങ്ങുന്ന വനെയും കൊടുക്കുന്ന വനെയും അതിന്റെ കണക്ക് എഴുതുന്ന വനെയും അതിന്റെ സാക്ഷികളെയും മുഹമ്മദ് നബി ശപിച്ചതായി ഹദീസിൽ കാണാം. അവരെല്ലാം പലിശയുടെ പാപത്തില്‍ ഒരു പോലെ കുറ്റക്കാര്‍ ആണെന്നും നബി പറഞ്ഞിട്ടുണ്ട് (മുസ്ലിം 1598)  ഒരു സംശയവും ഇല്ലാത്ത വിധം പലിശ ക്കെതിരെ ഇസ്ലാമിന്‍റെ നിലപാട് കര്‍ശനമാണ്‌ എന്ന് മനസിലാക്കാം. പലിശ ക്കെതിരെ അല്ലാഹു യുദ്ധം പ്രഖ്യാപിച്ചതും പലിശയെ തുടച്ചു നീക്കുമെന്നു പറഞ്ഞതും വിശുദ്ധ ഖുര്‍ആനില്‍ കാണാം (2:276, 279)

പലിശ എന്നു കേൾക്കുമ്പോൾ നമുക്ക് ബേങ്കുകളെ ഓർമ്മ വരുന്നു. ഇക്കാലത്തു കാര്യമായി പലിശ വാങ്ങുന്നതും കൊടുക്കുന്നതും ബേങ്കുകൾ ആണല്ലോ. ഇന്ത്യാ രാജ്യത്ത് ഒരു ലക്ഷത്തില്‍ പരം ബ്രാഞ്ചുകളില്‍ കൂടി പതിനൊന്നു ലക്ഷത്തില്‍ പരം ജോലിക്കാരെ ഉപയോഗിച്ച് ബേങ്കിങ്‌ കമ്പനികൾ പലിശ ഇടപാടുകൾ നടത്തുന്നു. പൊതുജനം പണം ബേങ്കില്‍ നിക്ഷേപിക്കുന്നു. ബേങ്ക് അത് ആവശ്യക്കാർക്ക് ലോണായി നല്‍കി പലിശ സമ്പാദിക്കുന്നു. ഏകദേശം അറുപതു ലക്ഷം കോടിയോളം രൂപയാണ് ഇന്ത്യന്‍ ബേങ്കുകളില്‍ പൊതുജനം ഡെപ്പോസിറ്റ് ചെയ്തി രിക്കുന്നത്. അതിന്റെ അറുപതു ശതമാനത്തോളം അതായത് മുപ്പത്തിയാറ് ലക്ഷം കോടി രൂപ ബേങ്കുകള്‍ പലിശക്ക് ലോണായി നല്‍കുന്നു. മിനിമം പത്തു ശതമാനം വാര്‍ഷിക പലിശ കണക്കു കൂട്ടിയാല്‍ മൂന്നര ലക്ഷം കോടി രൂപയോളം പലിശയായി ബേങ്കുകള്‍ വർഷം തോറും സമ്പാദിക്കുന്നു. പ്രസ്തുത പലിശയില്‍ നിന്ന് നിക്ഷേപകര്‍ക്കു ബേങ്ക് പലിശ നൽകുന്നു, ബേങ്ക് കളുടെ ചെലവു കള്‍ക്കുള്ള പണവും കണ്ടെത്തുന്നു. എന്നാലും കോടികൾ ബാക്കിയാണ്. അത് വീണ്ടും പലിശ വ്യാപാരത്തിലേക്ക് ഇറക്കുന്നു. 

ഇന്ത്യന്‍ ബേങ്കുകള്‍ക്ക് പലിശ ഇടപാട് നടത്താനുള്ള പണം ഇറക്കി കൊടുക്കു ന്നത് നിക്ഷേപകര്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. അതു കൊണ്ടാണല്ലോ ബേങ്കുകൾ നിക്ഷേപ സമാഹരണ യജ്ഞം നടത്തി ജനങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കുന്നത്. കറന്റ് അക്കൌണ്ടില്‍ ഉള്ളതാണെങ്കിലും എസ്ബി അക്കൌ ണ്ടില്‍ ഉള്ളതാണെങ്കിലും അക്കൌ ണ്ടില്‍ ഉള്ള പണം എടുത്ത് ബാങ്ക് പലിശക്ക് ലോണ് കൊടുക്കും. കറന്റ് അക്കൌണ്ടില്‍ ഉള്ളതിന് പലിശ നമുക്ക് കിട്ടില്ല എസ്ബിയിലും എഫ്ഡിയിലും ഉള്ളതിന് കിട്ടും എന്ന വ്യത്യസമെ ഉള്ളൂ. കറന്റ് അക്കൌ ണ്ടിലെ കാശ് ലോണായി ബേങ്ക് നല്‍കില്ല, അത് നൽകാ തിരിക്കാന്‍ നിയമമുണ്ട് എന്നു പറയുന്നത് ശരിയല്ല. ഒരു ബാങ്കിംഗ് അക്ടസ് ആന്‍ഡ് റൂള്സിലും അങ്ങനെ ഉള്ളതായി കണ്ടിട്ടില്ല. ഇന്ത്യയിലെ ബാങ്കുകളുടെ ലോണ്‍ടു ഡെപ്പോസിറ്റ് റേഷ്യോ പരിശോധിച്ചാല്‍ തന്നെ അത് മനസിലാക്കാം. കറന്റ് അക്കൗണ്ടിൽ നിന്നാണ് ബേങ്കുകൾ ഓവർഡ്രാഫ്റ്റ് അനുവദിക്കുന്നത്. 

ബേങ്കിൽ അക്കൗണ്ട് തുടങ്ങലും അതിൽ പണം നിക്ഷേപിക്കലും ഇന്ന് നമുക്ക് ഇന്ത്യാ രാജ്യത്ത് പലപ്പോഴും ആവശ്യവും അത്യാവശ്യവും നിർബന്ധവും ആയി വരുന്നു. അക്കൗണ്ടിൽ പണം നിക്ഷേപിച്ചാൽ ബാങ്ക് അതിന്റെ പലിശ അതിന്റെ സമയത്തു തന്നെ നമ്മുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തു തരും. ഒരു മുസ്ലിം ബേങ്കില്‍ പണം നിക്ഷേപിക്കുകയും അയാളുടെ അക്കൗണ്ടില്‍ പലിശ വരികയും ചെയ്‌താല്‍ അല്ലെങ്കിൽ മറ്റേതെങ്കിലും രൂപത്തില്‍ പലിശപ്പണം കയ്യിലെ ത്തിയാല്‍ അത് ഇസ്‌ലാമിക വീക്ഷണത്തിൽ എന്തു ചെയ്യണം എന്നതൊരു ചോദ്യമാണ്. ഞാനിക്കാര്യം കുറച്ചു കൂടുതൽ വായിച്ചപ്പോൾ മനസ്സിലായ കാര്യങ്ങൾ കുറിക്കു കയാണ്. ആഗ്രഹിച്ചിട്ടും ആഗ്രഹി ക്കാതെയും അക്കൗണ്ടിൽ വരുന്ന പലിശപ്പണം ഇക്കാലത്തു മുസ്ലീങ്ങൾ അഞ്ചു വിധത്തിലാണ് കൈകാര്യം ചെയ്യുന്നത്.   

1) ചില മുസ്ലീങ്ങൾ പലിശപ്പണം അക്കൗണ്ടിൽ നിന്നെടുത്തു സ്വന്തമായി ഉപയോഗിക്കുന്നു. ബേങ്ക് പലിശ ഇസ്‌ലാം വിരോധിച്ച പലിശയല്ല എന്ന വിശ്വാസക്കാർ ഇവരിൽ ഉണ്ട്. കറൻസിക്ക് ഇസ്‌ലാമിൽ സകാത്തും പലിശയും ബാധകമല്ല എന്നു കരുതുന്നവരും ഇവരിൽ ഉണ്ട്. ബേങ്ക് തരുന്നത് പലിശയല്ല ലാഭ വിഹിതമാണ് എന്നു കരുതുന്നവരും ഇവരിൽ ഉണ്ട്. പലിശ തിന്നാൻ പാടില്ല എന്നാണ് ഇസ്‌ലാം പറഞ്ഞതു, അതു കൊണ്ടു തിന്നേണ്ട, എന്നാൽ അതുകൊണ്ടു വാഹനത്തില്‍ ഇന്ധനം നിറക്കാം, സർക്കാരിന് ടാക്സു കൊടുക്കാം, ടോയിലെറ്റു നിർമ്മിക്കാം എന്നു കരുതുന്നവരും ഇവരിൽ ഉണ്ട്. പണത്തിനു മൂല്യ ശോഷണം സംഭവിക്കുന്നു, പ്രസ്തുത നഷ്ടത്തിന് ബേങ്ക് നൽകുന്ന പരിഹാരമാണ് പലിശ എന്നു കരുതുന്നവരും ഇവരിൽ ഉണ്ട്. ഇതൊന്നും ഇസ്‍ലാമിക പ്രമാണ ങ്ങളോട് യോജിക്കുന്ന ന്യായങ്ങൾ അല്ലെന്നു മുസ്ലിം പണ്ഡിതർ പറയുന്നു. പാവങ്ങൾക്കും മറ്റും ലോണ് നൽകി ബേങ്ക് അവരിൽ നിന്ന് വാങ്ങുന്ന പലിശയാണ് നമ്മുടെ അക്കൗണ്ടിൽ വരുന്ന പലിശ എന്നത് ഉറപ്പാണ്, അതു ഉപയോഗിക്കൽ ഇസ്‌ലാമികമായി ശരിയല്ല എന്ന് പണ്ഡിതർ പറയുന്നു.  

2) ചില മുസ്‌ലിം പണ്ഡിതർ തന്നെ നമ്മുടെ അക്കൗണ്ടിൽ വരുന്ന പലിശ സ്വന്തമായി ഉപയോഗിക്കേണ്ട, എന്നാൽ അത് പാവങ്ങൾക്ക് നൽകാം, ദുരിതാ ശ്വാസത്തിനു നൽകാം, പള്ളിക്ക് നൽകാം, അനാഥാ ലയത്തിനു നല്‍കാം, പൊതു റോഡ് ഉണ്ടാക്കാൻ നൽകാം എന്നൊക്കെ പറയുന്നു. മറ്റു ചില പണ്ഡിതർ ഈ വാദത്തെ എതിർക്കുന്നു. സ്വന്തമായി ഉപയോഗി ക്കാൻ പറ്റാത്തത് മറ്റുള്ളവർക്കും നൽകരുത് എന്നവർ പറയുന്നു. ബേങ്ക് പാവങ്ങളിൽ നിന്നും മറ്റും അന്യായമായി വാങ്ങിയ പലിശ എങ്ങനെ പള്ളിക്കും മറ്റും ഉപയോഗിക്കാൻ പറ്റുമെന്ന് അവർ ചോദിക്കുന്നു. അങ്ങനെ ആണെങ്കിൽ കൊള്ളയടിച്ചും മോഷ്ടിച്ചും അങ്ങ നൊക്കെ ചെയ്യാമല്ലോ എന്നും അവർ പറയുന്നു. ഒരുകൂട്ടരുടെ പണം മറ്റൊരു കൂട്ടര്‍ക്ക് അന്യായമായി എടുത്തു കൊടുക്കുന്നതില്‍ എന്ത് നന്മയാണ് ഉള്ളത് എന്നു അവർ ചോദിക്കുന്നു. അന്യായമായ ധനമാണ് എന്നറിഞ്ഞാൽ ധാർമ്മിക ബോധമുള്ള പള്ളിക്കാരും പാവങ്ങളും ആ പണം സ്വീകരി ക്കില്ലെന്നും സ്വീകരിക്കാൻ പാടില്ലെന്നും അവർ പറയുന്നു. പലിശയുടെ പണമാണ് എന്നു പറയാതെ കൊടുത്താൽ അത് വാങ്ങുന്നവരെ കബളിപ്പിച്ച കുറ്റം കൂടി കൊടുക്കു ന്നവൻ പേറേണ്ടി വരുമെന്ന് അവർ പറയുന്നു. 

3) അക്കൗണ്ടിൽ വരുന്ന പലിശ എടുക്കാതെ അതിൽ തന്നെ വെക്കുക, എടുത്താൽ മാത്രമെ നമുക്ക് കുറ്റം ഉള്ളൂ എന്നു പറയുന്ന മുസ്ലീങ്ങളും ഉണ്ട്. ഈ വാദത്തെ ചില മുസ്ലിം പണ്ഡിതർ എതിർക്കുന്നു. ബേങ്ക് അന്യായമായി നേടി നമ്മുടെ അക്കൗണ്ടിലേക്ക് ഇട്ടുതന്ന പലിശ കഴിയുമെങ്കില്‍ ഒരു നിമിഷം പോലും സ്വന്തം അക്കൗണ്ടില്‍ വെക്കാന്‍ പാടില്ല എന്ന് അവർ പറയുന്നു. അതൊരു കൊള്ളക്കാരന്‍ അയാളുടെ കൊള്ള മുതല്‍ നമ്മുടെ അറിവോടെ നമ്മുടെ വീട്ടില്‍ സൂക്ഷിക്കു ന്നതിനു തുല്യമാണ് എന്ന് അവർ പറയുന്നു. പലിശപ്പണം എത്രയും വേഗം സ്വന്തം അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യുകയാണ് വേണ്ടത്‌, അല്ലെങ്കില്‍ അതും നമ്മുടെ മുതലിന്‍റെ ഭാഗമായി പലിശക്കു മേല്‍ പലിശ എന്ന അവസ്ഥ വരും,  അപ്പോൾ ഏതാണ് പലിശ ഏതാണ് മുതൽ എന്നറിയാതെ ഹറാമും ഹലാലും കൂടിക്കലരൽ സംഭവിക്കുമെന്ന് ഇവർ പറയുന്നു. 

4) പലിശ വാങ്ങുന്നത് ശരിയല്ല എന്ന് കണ്ട് ചില മുസ്ലീങ്ങൾ അവർ  ബേങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണത്തിനു പലിശ വേണ്ട എന്നു മുൻകൂട്ടി ബാങ്കിന് എഴുതി ഒപ്പിട്ടു കൊടുക്കുന്നു. ചിലർ അക്കൗണ്ട് അവസാനിപ്പി ക്കുമ്പോൾ ഇങ്ങനെ ചെയ്യുന്നു. ഇങ്ങനെ ചെയ്താൽ പലിശ വാങ്ങി എന്ന കുറ്റം ഉണ്ടാവില്ല എന്നവർ കരുതുന്നു. എന്നാൽ ഈ നിലപാടിനെ ചില മുസ്‌ലിം പണ്ഡിതർ എതിർക്കുന്നു. നമ്മുടെ പണം ഉപയോഗിച്ചു ബേങ്ക് സമ്പാദിച്ച പലിശ നമുക്ക് തന്നെ വെച്ചു നീട്ടുമ്പോൾ വേണ്ട എന്നു പറഞ്ഞാൽ ആ പണം ബേങ്ക് മറ്റു പലതിനും ഉപയോഗിച്ചേക്കാം, ചിലപ്പോൾ നമുക്ക് എതിരായും ഉപയോഗിച്ചേക്കാം, അല്ലെങ്കിൽ ബേങ്ക് അതു കൊണ്ടു വീണ്ടും പലിശ ഇടപാട് നടത്താം എന്നു അവർ പറയുന്നു. അങ്ങനെ ഉപയോഗി ച്ചാൽ അതിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ് എന്നവർ പറയുന്നു. ബേങ്കിൽ നിന്നും പലിശ വാങ്ങിയാലും ഇല്ലെങ്കിലും നമ്മൾ നിക്ഷേപിച്ച പണം കൊണ്ടാണ് ബേങ്ക് ആ പലിശ നേടിയത് എന്നതിന്റെ ഉത്തരവാദി ത്വത്തിൽ നിന്നു നമുക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ല എന്നും അവർ പറയുന്നു. അതു കൊണ്ടു ഒരിക്കലും പലിശ വേണ്ടെന്നു ബേങ്കിന് എഴുതി ഒപ്പിട്ടു കൊടുക്കരുത് എന്ന് അവർ പറയുന്നു. 
  
5) ചില മുസ്ലിം പണ്ഡിതർ പറയുന്നത് നമ്മുടെ ബേങ്ക് അക്കൗണ്ടിൽ വരുന്ന പലിശപ്പണം ഉടനെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു പലിശ കൊണ്ടു കഷ്ടപ്പെടു ന്നവരെ സഹായിക്കാൻ ഉപയോഗി ക്കണം എന്നാണ്. ഇങ്ങനെ പറയുന്ന വരിൽ കുറച്ചു സൂക്ഷ്മത കൂടിയവർ പറയുന്നത് നമുക്കു ഏതു ബേങ്കിൽ നിന്നാണോ പലിശ കിട്ടിയതു ആ ബേങ്കിൽ പലിശ ഒടുക്കേണ്ടി വന്ന പാവങ്ങൾക്ക് തന്നെ അത് നൽകണം, എന്നാലെ ആ പാപത്തിൽ നിന്നു നമുക്ക് രക്ഷപ്പെടാൻ പറ്റൂ എന്നാണ്. അതു അവരുടെ പണമാണ് എന്നതാണ് ന്യായം.  ബേങ്ക് ആരില്‍ നിന്നാണോ അന്യായമായി പലിശ വാങ്ങിയത് ആ അവകാശിക്ക് അത് തിരിച്ചു നല്‍കണം, അതു വ്യക്തിയെങ്കില്‍ വ്യക്തി, രാഷ്ട്രമെങ്കില്‍ രാഷ്ട്രം, അങ്ങനെ ചെയ്തി ല്ലെങ്കില്‍ നാം കുറ്റക്കാരാവും എന്നിവർ പറയുന്നു. ഒരാൾ മറ്റൊരാ ളിൽ നിന്നു തട്ടിയെടുത്ത പണം നമ്മുടെ കയ്യിൽ എത്തിയാൽ അതിന്റെ അവകാശിയെ നമുക്ക് അറിയാ മെങ്കിൽ അതു ആ അവകാശിക്ക് നൽകാൻ നാം ബാധ്യസ്ഥ രാണ് എന്നതു പോലെയാണ് ഇത് എന്നവർ പറയുന്നു. 

മുകളിൽ വിവരിച്ച നിലപാടുകളിൽ ഇസ്‍ലാമിനോടു നീതി പുലർത്തുന്ന, തഖവ സ്ഫുരിക്കുന്ന നിലപാട് സ്വീകരിച്ചു കൊള്ളുക. പലിശ ഇടപാട് നടത്തുന്ന ബേങ്കുകളെ അതിനു സഹായിക്കുന്ന വിധം അവയിൽ പണം നിക്ഷേപിച്ചു സഹകരിച്ചു കൊടുക്കുന്നതിൽ നിന്നും കഴിവതും മുസ്ലീങ്ങൾ വിട്ടു നിൽക്കണം എന്നും നിവൃത്തി ഇല്ലെങ്കിൽ മാത്രമെ അങ്ങനെ ചെയ്യാവൂ എന്നും മുസ്ലിം പണ്ഡിതർ ഉണർത്തുന്നു. അത്തരം നിവൃത്തി കേടുകളാൽ അക്കൗണ്ടിൽ വരുന്ന പലിശ എന്തു ചെയ്യണം എന്നാണ് മുകളിൽ പറഞ്ഞത്. 

അൻസാർ അലി നിലമ്പൂർ

31 July 2018

പണത്തോട് കൂടെ പിറക്കുന്നവ

ധനം ആരുടെ കൂടെയുണ്ടോ മിക്കപ്പോഴും അയാളുടെ കൂടെ ചില ദുർഗുണങ്ങളും നാം കണ്ടു വരുന്നു. അവ കൊണ്ടും ധനികൻ ധന്യനാവുന്നു എന്നർത്ഥം. ധനികനായാല്‍  അതൊന്നും എന്നെ ബാധിക്കില്ലെന്ന് ആർക്കും വീരവാദം മുഴക്കാം. പക്ഷെ താഴെ പറയുന്ന പകുതി കാര്യങ്ങളിൽ നിന്നെങ്കിലും മുക്തനായ ഒരു ധനികൻ ആകാൻ കഴിഞ്ഞാൽ ഭാഗ്യം തന്നെയാണ് അത്.

1) തന്‍റെ ധനം ആരെങ്കിലും കവരുമോ എന്ന ഭയം ധനികന്‍റെ കൂടപ്പിറപ്പാണ്. അവന്‍റെ മനസ് ആ ഭയത്തില്‍ നിന്നും ഒഴിവാകില്ല. യേശു ബൈബിളിൽ പറഞ്ഞു: "ഭൂമിയില്‍ നിക്ഷേപം കരുതി വെക്കരുത്, തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും, കള്ളന്മാര്‍ മോഷ്ടിക്കും, എന്നാല്‍ സ്വര്‍ഗത്തില്‍ നിക്ഷേപങ്ങള്‍ കരുതിവെക്കുക, അവിടെ തുരുമ്പും കീടങ്ങളും നശിപ്പിക്കില്ല, കള്ളന്മാര്‍ മോഷ്ടിക്കില്ല, നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെ ആയിരിക്കും നിങ്ങളുടെ മനസ്" (മത്തായി 6:19-21). താനും മക്കളും കിഡ്നാപ്പ് ചെയ്യപ്പെടുമോ എന്നതു മിക്ക ധനികരുടെയും ഒരു ഭയമാണ് എന്നു പാശ്ചാത്യ പഠനങ്ങൾ പറയുന്നു. ധനികർ അനുഭവിക്കുന്ന ഭയങ്ങൾ വേറെയുമുണ്ട്. 

2) അഹങ്കാരത്തെ ധനം വര്‍ദ്ധിപ്പിക്കുന്നു. തന്നെക്കാള്‍ സമ്പത്ത് കുറഞ്ഞവനെ നിസാരനായി കാണല്‍,  അവന്‍ സത്യം പറഞ്ഞാല്‍ അതിനെ നിഷേധിക്കല്‍, അവനില്‍ നിന്ന് മുഖം തിരിച്ചു കളയല്‍, അവനെ അകറ്റി നിര്‍ത്തലും ഒഴിവാക്കലും, അവനില്‍ നിന്നെന്തെങ്കിലും സഹായം സ്വീകരിക്കേണ്ടി വന്നാല്‍ മാനക്കേട് തോന്നല്‍...  ഇങ്ങനെ പോകുന്നു അഹങ്കാര പ്രകടനങ്ങള്‍. മുഹമ്മദ്‌ നബി പറഞ്ഞു:  "മനസ്സില്‍ അണുവോളം അഹങ്കാരം ഉള്ളവൻ സ്വര്‍ഗത്തില്‍ കടക്കില്ല" (മുസ്‌ലിം)  

3) ധനത്തോടുള്ള ആര്‍ത്തി ധനികര്‍ക്കാണ് കൂടുതല്‍. ധനം കൂടുന്തോറും ധനത്തോടുള്ള ആര്‍ത്തിയും കൂടുന്നു. മുഹമ്മദ്‌ നബി പറഞ്ഞു:  "സ്വര്‍ണത്തിന്‍റെ ഒരു താഴ് വര സ്വന്തമായി ഉള്ളവന്‍ രണ്ടാമതൊരു താഴ് വര കൂടി ഉണ്ടാകാൻ ആര്‍ത്തി കാണിക്കും.  അതവന് നല്‍കപ്പെട്ടാല്‍ മൂന്നാമത് ഒന്നിനോട് അവന്‍ ആര്‍ത്തി കാണിക്കും. മനുഷ്യന്‍റെ വയറ് മണ്ണു കൊണ്ടല്ലാതെ നിറയില്ല" (ബുഖാരി). ധനികനെ മരിച്ചു മണ്ണില്‍ മറ മാടിയാലെ അവന്റെ ആര്‍ത്തി തീരൂ എന്ന്. 

4) ധനികർക്ക് ഇടയിലെ മല്‍സരം മറ്റാരിലെങ്കിലും കാണുമോ..?  ധനത്തിന്‍റെ, വീടിന്‍റെ, കാറിന്‍റെ.. ഇങ്ങനെ ധാരാളം ഇനങ്ങളിലാണ് ധനികർ തമ്മിലുള്ള മല്‍സരം. അവർ ഖബ്റിൽ എത്തുന്നത് വരെ മത്സരിച്ചു കൊണ്ടിരിക്കുന്നു. മത്സരം ഇല്ലാത്ത ജീവിതത്തിന്റെ സുഖം അനുഭവിക്കാന്‍ കഴിയാത്ത ദരിദ്രരാണ് ഭൂരിഭാഗം ധനികരും. 

5) പിശുക്കും ധൂര്‍ത്തും നിന്ദ്യമായ സ്വഭാവങ്ങളാണ്. രണ്ടും ധനികരുടെ കൂടെയാണ് അധികവും കാണുന്നത്. പത്തു രൂപ ചെലവാക്കിയാല്‍ കിട്ടുന്നതിന് ഇരുപതു ചെലവാക്കലും ആവശ്യത്തിനു ചെലവാക്കാതെ ഇരിക്കലും ശരിയല്ല. ധനികനാണ് പിശുക്കനാകാനും ധൂര്‍ത്തനാകാനും കഴിയുക. പിശുക്കന്‍ അല്ലെങ്കില്‍ ധൂര്‍ത്തന്‍ എന്നല്ലാതെ    രണ്ടിന്‍റെയും ഇടക്കുള്ള ധനികർ അപൂര്‍വമാണ്.  

6) എന്തു വന്നാലും ഞാനുണ്ട് എന്ന ഒരുതരം വ്യാജ ധൈര്യം ധനം അതിന്റെ ഉടമകൾക്ക് നല്‍കുന്നു. ധനം കൊണ്ട് നേടാന്‍ കഴിയാത്ത കാര്യങ്ങള്‍ ഭൂമിയിൽ അനവധിയുണ്ട് എന്ന് മിക്ക ധനികരും അറിയില്ല. അവസാനം മരുന്ന് കണ്ടു പിടിക്കാത്ത വല്ല രോഗവും ബാധിച്ചു അവർ മരിച്ചു പോവുന്നു. അവരുടെ ധനം അവർക്ക് ഉപകാരപ്പെടാതെ...

7) മിക്ക ധനികരുടെയും മനസില്‍ പണത്തിനു മൂല്യം കുറവായിരിക്കും. ദിവസം നൂറു രൂപക്ക് ജോലി ചെയ്യുന്നവന് നൂറു രൂപയുടെ ഒരു നോട്ട് വളരെ പ്രിയപ്പെട്ടത് ആയിരിക്കും. എന്നാൽ അത് ചുരുട്ടി ചെവിയില്‍ തോണ്ടുന്ന ധാരാളം ധനികരെ കണ്ടിട്ടുണ്ട്. ഇതൊരു തരം അനുഗ്രഹത്തെ നിസാരമാക്കലാണ്. തൊഴിലാളി നൂറു രൂപയില്‍ കാണുന്ന മൂല്യം ധനികൻ അതിൽ കാണാത്തത് ധൂര്‍ത്തിന്‍റെ പ്രധാന കാരണമാണ്.    

8) മിക്ക ധനികരും സല്‍ പേരിനു വേണ്ടി ദാനം ചെയ്യുന്നു. മഹത്തായ ഒരു സല്‍ കര്‍മ്മത്തെ ദുരുപയോഗം ചെയ്യലാണ് അത്. പണം നേടിക്കഴിഞ്ഞാൽ പിന്നെ പ്രസിദ്ധി ആണല്ലോ മനുഷ്യന്റെ അടുത്ത നോട്ടം. അതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പ്രസിദ്ധി ഉണ്ടാകാൻ കൊതിച്ചു തിരക്ക് കൂട്ടുന്ന ധനികരെ കൊണ്ടു ചിലപ്പോൾ നമുക്ക് വഴി നടക്കാൻ പറ്റാതെ പോകാറുണ്ട്

9) ധനികരിൽ ജ്ഞാനികള്‍ അപൂര്‍വം ആയിരിക്കും. ജ്ഞാനികളില്‍ ധനികരും അപൂര്‍വം ആയിരിക്കും. ജ്ഞാനം നേടുന്നതില്‍ നിന്നും ധനം മനുഷ്യനെ തടയുന്നു. സദാ സമയവും കച്ചവട - വ്യവസായ - കാര്‍ഷിക ചിന്തകള്‍ നടക്കുന്ന മനസില്‍ ജ്ഞാനത്തിന് കേറി കിടക്കാന്‍ സ്ഥലം കിട്ടാത്തത് സ്വാഭാവികമാണ്. ജ്ഞാനം ഇല്ലാത്തതു കൊണ്ടു താൻ തട്ടിപ്പു മാർഗങ്ങളിൽ കൂടിയാണ് ധനം സമ്പാദിക്കുന്നത് എന്നു ധനികർക്ക് അറിയാതെ പോവുന്നു. കരിഞ്ചന്ത, അഴിമതി, മോഷണം, പിടിച്ചുപറി, കൊള്ളലാഭം, പലിശ, പൂഴ്ത്തിവെപ്പ്... തട്ടിപ്പ് മാർഗങ്ങൾ ഏറെയുണ്ട്. എന്‍റെ  ധനം തികച്ചും ശുദ്ധമാണ് എന്ന് ഒരു ധനികന്‍ വീമ്പിളക്കുന്നതില്‍ കാര്യമില്ല.  ഒരു ജ്ഞാനിയാണ് അതു പറയേണ്ടത്. ഇതൊരു വലിയ കെണിയാണ്.  

10) എമ്പാടും ധനമുണ്ടെങ്കില്‍ സുഖങ്ങളെല്ലാം അനുഭവിക്കാന്‍ തോന്നൽ സ്വാഭാവികമാണ്. അപ്പോള്‍ ധർമ്മ ചിന്ത നഷ്ടമാകലും സ്വാഭാവികമാണ്. മുന്തിയ തരം മദ്യങ്ങള്‍, മയക്കു മരുന്നു, വേശ്യകൾ, സിഗരറ്റുകള്‍..  ഇവയുടെ പ്രധാന ഉപഭോക്താക്കള്‍ ധനികരാണല്ലോ. ഫലം ധനികരിലെ ധാര്‍മ്മിക തകര്‍ച്ചയും. ധനത്തോട് കൂടെ പിശാച് വസിക്കുന്നു.

11) ശാരീരിക അദ്ധ്വാനമില്ലാതെ തിന്നും കുടിച്ചും സുഖിച്ചും ജീവിക്കുന്ന ധനികരെ മാത്രം ബാധിക്കുന്ന രോഗങ്ങളുണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ എന്നാണ് അവ അറിയപ്പെടുന്നത്.  

12) പെട്ടെന്നു ധനികരായ ചിലർ ബന്ധം മുറിക്കുന്നു. അതുവരെ കൂടെ ഉണ്ടായിരുന്ന പാവങ്ങളായ കൂട്ടുകാരും കുടുംബക്കാരും ഭാര്യയും പിന്നെ കണ്ണിൽ പിടിക്കാതാവുന്നു. അവർക്ക് വല്ലതും കൊടുക്കേണ്ടി വരുമെന്ന ചിന്തയാവും. എല്ലാവരും തന്റെ ധനം മോഹിച്ചാണ് തന്നെ സ്നേഹിക്കുന്നത് എന്നും ചിന്തിച്ചു പോവുന്നു. പിന്നീട് ധനികരുടെ കൂട്ടുകാര്‍ മിക്കപ്പോഴും സഹായങ്ങളൊന്നും നല്‍കേണ്ട ആവശ്യം ഇല്ലാത്ത മറ്റു ധനികർ ആയി മാറുന്നു. മുഹമ്മദ്‌ നബി പറഞ്ഞു: "ബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ കടക്കില്ല "(ബുഖാരി)".

13) ധനികർക്കാണ് വെട്ടിപ്പ് നടത്താൻ തോന്നുക. ദരിദ്രർക്ക് വെട്ടിക്കാൻ അവരുടെ പക്കൽ ധനം ഇല്ലല്ലോ. ധനികർ പലതരം വെട്ടിപ്പുകള്‍ നടത്തുന്നു. സര്‍ക്കാരിനുള്ള നികുതി വെട്ടിപ്പും സർക്കാർ സേവനങ്ങൾക്ക് ഉള്ള നിശ്ചിത ഫീ വെട്ടിപ്പും ദരിദ്രർക്കുള്ള സകാത്ത് വെട്ടിപ്പും അവയിൽ ചിലത് മാത്രമാണ്.

14) പ്രകൃതിയെയും മനുഷ്യരെയും എങ്ങനെ ചൂഷണം ചെയ്തു കൂടുതൽ ധനം നേടാമെന്നു മിക്ക ധനികരും ഉറക്കത്തിലും ചിന്തിച്ചു പോകുന്നു. മറ്റുള്ളവര്‍ക്ക് എന്ത് നഷ്ടം വന്നാലും വേണ്ടില്ല എനിക്ക് ധനമുണ്ടാകണം എന്ന ചിന്ത എല്ലാ കാലത്തും മനുഷ്യരും പ്രകൃതിയും സഹിക്കില്ലല്ലോ. വിപ്ലവങ്ങളും പ്രകൃതി ദുരന്തങ്ങളും ചൂഷകരായ ധനികര്‍ മിക്കപ്പോഴും ഇരന്നു വാങ്ങുകയാണ് ചെയ്യുന്നത്.

15) വിഭവങ്ങളെ നിസാരമാക്കലും പാഴാക്കലും മിക്ക ധനികരുടെയും സ്വഭാവമാണ്. ഒരു ഉരുള ചോറിന് ദരിദ്രന്‍ കൊതിക്കുമ്പോള്‍ ധനികരുടെ വീടിനു പിന്നില്‍ വെയിസ്റ്റ് ബക്കറ്റില്‍ പ്ലെയിറ്റ് കണക്കിന് ചോറ് കിടക്കുന്നത് കാണാം. തിന്നുമ്പോള്‍ നിലത്തു വീഴുന്നതിലെ അഴുക്ക് കളഞ്ഞ്  തിന്നണമെന്ന് മുഹമ്മദ്‌ നബി പറഞ്ഞത് ധനികരോടു കൂടിയാണ്. 

16) ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്ത് അവരെ വഷളാക്കുന്നത് ധനികരാണ്. പെട്ടെന്ന് കാര്യം നടന്നു കിട്ടാനാണ്‌ അങ്ങനെ ചെയ്യുന്നത്. അതില്‍ കുടുങ്ങുന്നത് ദരിദ്രരാണ്. കൈക്കൂലി കിട്ടി ശീലിച്ച ഉദ്യോഗസ്ഥർ ദരിദ്രനെ നടത്തിച്ചു കൊല്ലാ ക്കൊല ചെയ്യുന്നു. 

17) ധനികരിൽ ദൈവ ദാസന്മാർ കുറവാണ്. മിക്ക ധനികരും പിശാചിന്‍റെ അടിമകളാണ്. ധനത്തിന്റെയും സുഖങ്ങളുടെയും പിന്നാലെയുള്ള പാച്ചിലിനിടക്ക് ദൈവ മാർഗം പഠിക്കാനും ദൈവത്തെ സ്മരിക്കാനും ആരാധിക്കാനും സമയം കിട്ടാത്തവരാണ് മിക്ക ധനികരും. മനസ്സിൽ ദൈവം ഇല്ലെങ്കിൽ അവിടെ പിശാച് കേറി ആധിപത്യം സ്ഥാപിക്കുന്നു. സാമ്പത്തിക ഏർപ്പാടുകൾ കൂടുമ്പോൾ ദൈവത്തെ സ്മരിക്കാൻ മാത്രമല്ല, മര്യാദക്കു ഉറങ്ങാനും കുടുംബത്തെ പരിചരിക്കാനും വരെ നേരം കിട്ടില്ല. അമിത ധനം മനുഷ്യനെ പലപ്പോഴും ഒരു റോബോട്ട് ആക്കുന്നു. ധനികർ പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗമാണ് എന്നർത്ഥം.

18) ധനികരുടെ മക്കൾ എങ്ങനെ ഒന്നിനും കൊള്ളാത്ത ദുർവൃത്തർ ആയി മാറുന്നു എന്നത് കണ്ണു തുറന്നു കാണണം.  അപ്പൻ കഷ്ടപ്പെട്ടു സമ്പാദിച്ചത് നിസാരമാക്കി ധൂർത്തടിച്ചു കളയുന്ന മക്കൾ ഉണ്ടാകുന്നത് എങ്ങനെ എന്നതിനെ കുറിച്ചു പല പാശ്ചാത്യ പഠനങ്ങളും നടന്നിട്ടുണ്ട്.  മുതലാളിയുടെ മകൻ എരപ്പാളി എന്നൊരു ചൊല്ലു തന്നെ നമുക്കിടയിൽ ഉണ്ടല്ലോ. 

19) ധനം സമ്പാദിക്കുന്ന ഏർപ്പാടുകൾക്ക് ഇടയിൽ കേസ് കൊടുക്കപ്പെട്ടു കോടതി കേറേണ്ടി വരൽ സ്വാഭാവികമാണ്.  അതുകൊണ്ടു തന്നെ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർമാർ കേസിൽ പെടേണ്ടി വരുന്ന നിക്ഷേപ മാർഗങ്ങൾ ധനികർക്ക് ചൂണ്ടി കാണിച്ചു കൊടുക്കാൻ മടിക്കുന്നു. ഇക്കാര്യം ശ്രദ്ധിക്കാത്ത ധനികർ നിയമ വലകളിൽ പെട്ടു ഉഴലുന്നു.

ധനം മനുഷ്യനെ അവൻ അറിയാതെ പല തിന്മകളിലേക്കും എത്തിക്കുന്നു. ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് കരുതിയ പലരും ധനത്തിന്‍റെ കെണിയില്‍ അറിയാതെ  കുടുങ്ങുന്നു. കുടുങ്ങി എന്ന തിരിച്ചറിവ് പോലുമില്ലാത്ത ധനികരാണ് ഏറെയും. ധനത്തിന്റെ കെണികളില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് തോന്നിയത് കൊണ്ടാവാം മുഹമ്മദ്‌ നബി ഇങ്ങനെ പ്രാര്‍ത്ഥിച്ചത്: "അല്ലാഹുവേ, എന്നെ ദരിദ്രനായി ജീവിപ്പിക്കുകയും ദരിദ്രനായി മരിപ്പിക്കുകയും ദരിദ്രന്മാരുടെ കൂട്ടത്തിലായി പരലോകത്ത് ഒരുമിച്ചു കൂട്ടുകയും ചെയ്യേണമേ" 
(തിര്‍മിദി) "എല്ലാ ജനതക്കും ഓരോ പരീക്ഷണം ഉണ്ട്. എന്‍റെ ജനതക്കുള്ള പരീക്ഷണം ധനമാണ്"(തിര്‍മിദി)

ധനം സമ്പാദിക്കുന്നതില്‍ നിന്ന് ആരെയും തടയുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. മറിച്ച്, ധനം നേടുന്നതിന് അനുസരിച്ച് ചില ദുര്‍ ഗുണങ്ങള്‍ മനുഷ്യനെ അറിയാതെ ബാധിക്കുമെന്നും ജാഗ്രത വേണമെന്നും അറിയിക്കലാണ്. ദരിദ്രൻ ആയതിൽ അപകർഷ ബോധവും വേണ്ട. മേൽ പറഞ്ഞ മിക്ക തിന്മകളിൽ നിന്നും അപ്പോൾ രക്ഷപ്പെട്ടല്ലോ. അല്ലാഹുവേ ഇഹലോകത്തും പരലോകത്തും എനിക്ക് ഗുണം നല്‍കണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ ബാധ്യസ്ഥനായ മുസ്‌ലിം ധനത്തെയോ ധനികരെയോ വെറുക്കേണ്ട ആവശ്യമില്ല. "ദൈവഭയം ഉള്ളവന് ധനമുണ്ടെങ്കില്‍ ഒരു പ്രശ്നവുമില്ല" എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. പക്ഷെ ദൈവഭയം വേണം. ധനികർ സവിശേഷ മാനസിക അവസ്ഥയുള്ള ഒരു വിഭാഗമാണ്.

അന്‍സാര്‍ അലി നിലമ്പൂര്‍.

16 July 2018

പലിശയുടെ യുക്തി വിചാരണ

1) പ്രത്യേക അധ്വാനമോ വളർച്ചയെ കുറിച്ച അനിശ്ചിതത്വമോ ഇല്ലാതെ മറ്റുള്ളവരെ ഉപയോഗിച്ചു തന്ത്രപരമായി സ്വന്തം സമ്പത്ത് വളർത്തി എടുക്കുന്ന മാർഗങ്ങളിൽ ഒന്നാണ് പലിശ. 

2) അവനവന്റെ സ്വത്തു വളരാനുള്ള ചെലവ് അവനവൻ തന്നെ വഹിക്കണം എന്നതാണല്ലോ ന്യായം.  പലിശയിലൂടെ സമ്പത്തു വളർത്തുന്നവന് പ്രസ്തുത പരിപാടിക്ക് പറയാൻ തക്ക ചെലവൊന്നും ഇല്ല. 

3) മനുഷ്യ ശരീരം അധ്വാനം ആവശ്യപ്പെടുന്നു. അധ്വാനിച്ചു സമ്പത്തു വളർത്തുക എന്ന ഏർപ്പാടിനു എതിരാണ് പലിശ. ഉള്ള സമ്പത്തു പലിശക്ക് കൊടുത്തു കട്ടൻ ചായ കുടിച്ചു ചാരു കസേരയിൽ മുതലാളി ചമഞ്ഞു ചാരി കിടക്കൽ  ആണ് പലിശയിൽ കാര്യമായി ഉള്ളത്. അധ്വാനികളുടെ സമൂഹത്തിൽ ഒരു ഉൽപാദന ക്ഷമതയും ഇല്ലാത്തവരാണ് പലിശക്കാർ. 

4) പലിശക്കാർ മറ്റുള്ളവരുടെ  അധ്വാന ഫലം പതുക്കെ കാർന്നു തിന്നുന്നു. ശരീരത്തിൽ നിന്ന് പോഷണം വലിച്ചെടുത്തു വളർന്നു ശരീരത്തിന് ദോഷം ചെയ്യുന്ന കാൻസർ കോശങ്ങൾ പോലെയാണ് അവർ.  പലിശക്ക് കടം വാങ്ങി ബിസിനസ് തുടങ്ങി കിട്ടുന്ന ലാഭം കൂട്ടു പലിശ കൊടുക്കാനെ ഉള്ളൂവെങ്കിൽ അവിടെ ആർക്ക് വേണ്ടിയാണ് ബിസിനസുകാരൻ അധ്വാനിച്ചത് എന്നു ചിന്തിച്ചാൽ പെട്ടെന്ന് ഉത്തരം കിട്ടും.   

5) സ്വന്തം സമ്പത്തു വളർത്താൻ മറ്റുള്ളവരുടെ കഷ്ടപ്പാടിനെ ചൂഷണം ചെയ്യൽ കൂടി ആവുമ്പോൾ പലിശയുടെ ഭീകരത വർധിക്കുന്നു.  ആളുകൾ പണത്തിനു കുടുങ്ങി കണ്ണീരും നീട്ടിയ കൈകളുമായി തന്റെ മുന്നിൽ വന്നു യാചിക്കുന്നത് ഏറെ ഇഷ്ടപ്പെട്ട ഏർപ്പാടാണ് പലിശക്കാരന്.  അവരുടെ കണ്ണീരിൽ കൂടി വേണമല്ലോ പലിശക്കാരനു വളരാൻ. 

6) പലിശ ഒരു സമൂഹത്തിൽ വ്യാപകമായാൽ അവിടെ സഹായിക്കാനായി കടം കൊടുക്കുക എന്ന സേവന മനസ്ഥിതി ഇല്ലാതാവുന്നു. അത് മനുഷ്യത്വത്തിനു എതിരാണ്. പരസ്പരാശ്രയം ഇല്ലാതെ സാമൂഹ്യ ജീവിയായ മനുഷ്യന് നിലനിൽക്കാൻ പ്രയാസമാണ്. 

7) കടം നൽകൽ കരാറിൽ പലിശ കേറി വരുമ്പോൾ കടമിടപാടിൽ പെട്ട വ്യക്തികൾ തമ്മിൽ മാനുഷിക ബന്ധം ഇല്ലാതായി ഒരുതരം യാന്ത്രിക ബന്ധം കൈവരുന്നു.  യന്ത്രം മനുഷ്യനോട് ദയയില്ലാതെ പെരുമാറുന്നു. മനുഷ്യൻ യന്ത്രത്തോടും ദയയില്ലാതെ പെരുമാറുന്നു. 

8) പലിശ വ്യാപകമായ സമൂഹത്തിൽ ബന്ധങ്ങൾക്ക് എന്ത് പ്രസക്തി എന്നു ചിന്തിക്കാം.  പിതാവ് മകന് കടം കൊടുത്തതിനും  ജ്യേഷ്ഠൻ അനിയന് കടം കൊടുത്തതിനും കണക്ക് പറഞ്ഞു പലിശ വാങ്ങുമ്പോൾ  അവിടെ ബന്ധങ്ങളുടെ ഇഴകൾ പിഞ്ഞി പ്പോകുന്നു.

9) ജ്യേഷ്ഠൻ അനിയന് പലിശക്ക് കടം കൊടുത്തത്  അനിയനെ കൊണ്ടു നേരത്തിനു തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, വൈകുന്തോറും ജ്യേഷ്ഠൻ പലിശക്ക് മേൽ പലിശ വർധിപ്പിച്ചാൽ, അതിനു അനുസരിച്ച് അനിയന് ജ്യേഷ്ഠനോട്  വിരോധവും വർധിക്കുന്നു. 

10) പലിശക്ക് കടം വാങ്ങിയ സംഖ്യ നേരത്തിനു തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ  കടബാധ്യത ചുമ്മാ പലിശ കേറി വർധിക്കുന്നു. ഇതു കടം വാങ്ങിയവനിൽ വല്ലാത്തൊരു  ടെൻഷൻ ഉണ്ടാക്കുന്നു.  ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന ജപ്തി നോട്ടീസ് അവന്റെ ഉറക്കം കെടുത്തുന്നു. 

11) പണക്കാർ അവരുടെ സമ്പത്ത് പാവങ്ങൾക്ക് പലിശക്ക് കടം കൊടുത്തു കൊണ്ടിരുന്നാൽ  പണക്കാർ വീണ്ടും പണക്കാർ ആവുന്നു. പാവങ്ങൾ വീണ്ടും പാവങ്ങളും ആവുന്നു. ഫലമോ, പണക്കാരും പാവങ്ങളും തമ്മിലുള്ള വിടവ് വർധിക്കുകയും അവസാനം പാവങ്ങൾ  വിപ്ലവം ഉണ്ടാക്കി പണക്കാരെ കുത്തി മലർത്തുകയും ചെയ്യുന്നു.  

12) പലിശക്ക് കടം കൊടുക്കുന്നവൻ അതു തിരിച്ചു വാങ്ങാനും കൂടി കഴിയുന്നവൻ ആകുമല്ലോ.  അവൻ ഒരുത്തനെ കൊണ്ടു അതിനു കഴിയണം എന്നില്ല. അപ്പോൾ അവൻ ഗുണ്ടാ സംഘത്തെ വളർത്തുന്നു.  കടം വാങ്ങിയവനും ഗുണ്ടകൾ ഉണ്ടെങ്കിൽ ഫലം അടിപിടി തന്നെ.  ഈ അടിപിടി തീർക്കാൻ പൊതുജനം നികുതി കൊടുത്തു പോലീസ്, കോടതി പോലുള്ള സംവിധാനങ്ങളെ താങ്ങി നിർത്തണം.  

13) പലിശയും അടിമത്തവും ചരിത്രത്തിൽ ചങ്ങാതിമാർ ആയിരുന്നു. കടം വാങ്ങിയവൻ പലിശക്ക് മേൽ പലിശ കേറി അതു തിരിച്ചു കൊടുക്കാൻ കഴിയാതെ പലിശക്കാരായ ഷൈലോക്കുമാരുടെ   അടിമകൾ ആകുമായിരുന്നു.  അങ്ങനെ സ്വതന്ത്രൻ അടിമ ആകുന്ന ഏർപ്പാട് ഇസ്‌ലാം വിരോധിച്ചു. പലിശയും നിരോധിച്ചു. അപ്പോൾ പലിശ മാഫിയകൾക്ക് ഇസ്‍ലാമിനോട് വിരോധം സ്വാഭാവികം. ഇപ്പോഴും. 

14) പലിശ വ്യവസ്ഥിതിയിൽ സമ്പത്തു കെട്ടി കിടക്കുന്നു.  അലമാരയിൽ പണം പൂഴ്ത്തി വെക്കാതെ, ബാങ്കിൽ പൂഴ്ത്തി വെക്കാതെ പലിശക്കാരൻ എവിടുന്നു എടുത്തു  പലിശക്ക് കൊടുക്കും. പണം ഉൽപാദന ക്ഷമമായ കാര്യങ്ങൾക്ക് ഉപയോഗിക്കാതെ സൂക്ഷിച്ചു വെക്കലും ഒരു പൂഴ്ത്തി വെപ്പാണ്. ഇന്ത്യയിലെ ബാങ്കുകളിൽ കെട്ടി കിടക്കുന്ന പണം എത്രമാത്രം ഉണ്ടെന്നു പഠിക്കുക, ശേഷം ഞെട്ടുക. 

15) വ്യക്തികൾ പലിശക്ക് കടം വാങ്ങുന്ന പോലല്ല രാഷ്ട്രം കടം വാങ്ങുന്നത്. അതിന്റെ പ്രത്യാഘാതം സമ്പദ് വ്യവസ്ഥയിൽ വളരെ  വലുതാണ്. നമുക്ക് നൈജീരിയൻ പ്രസിഡന്റ് ആയിരുന്ന Obasanjo രണ്ടായിരം ആണ്ടിൽ പറഞ്ഞതു നോക്കാം; "1985 - 86 കാലയളവിൽ നാം 500 കോടി ഡോളർ വിദേശ കടം വാങ്ങി.  അതിലേക്ക് ഇതുവരെ നാം 1600 കോടി ഡോളർ തിരിച്ചടച്ചു.  ഇനിയും 2800 കോടി ഡോളർ കൂടി നാം തിരിച്ചടക്കണം എന്നു പറയുന്നു. അതു നമുക്ക് കടം തന്നവരുടെ അനീതി നിറഞ്ഞ പലിശ നിരക്ക് കൊണ്ടു ഉണ്ടായതാണ്.  ലോകത്തെ ഏറ്റവും മോശപ്പെട്ട കാര്യം ഏതെന്നു ചോദിച്ചാൽ കൂട്ടുപലിശ എന്നാണ് എനിക്ക് പറയാനുള്ളത്" (ജൂബിലി 2000 ന്യൂസ് അപ്‌ഡേറ്റ്, 2000 ആഗസ്റ്റ്)

16) കൂട്ടുപലിശ കൊണ്ടു വർഷം തോറും പെരുകി വരുന്ന വിദേശ കടം തിരിച്ചടക്കാൻ  പൗരന്മാരിൽ നിന്നും വികസ്വര രാഷ്ട്രങ്ങൾ കഴുത്തറപ്പൻ നികുതി വാങ്ങുന്നു. പലിശ പൊതു ജനത്തിന് മേൽ പെരും ഭാരം വരുത്തി വെക്കുന്നു എന്നർത്ഥം. 

17) സാമ്പത്തികമായി പതുക്കെ വികസിച്ചു  വരുന്ന ഒരു രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്‌ഥയിൽ അവിടുത്തെ കേന്ദ്ര ബാങ്ക് പലിശ നിരക്കുകൾ വർധിപ്പിച്ചാൽ അതോടെ സമ്പദ് വ്യവസ്ഥ താഴോട്ടു കൂപ്പു കുത്താൻ തുടങ്ങുന്നു.  പലിശ വർധിക്കാതെ ഇരിക്കുന്നത് ജനത്തിന്റെ കയ്യിൽ കൂടുതൽ പണം ഉണ്ടാകാനും സാധന സേവനങ്ങൾക്ക് കൂടുതൽ ഡിമാൻഡും ഉണ്ടാക്കുന്നു. അപ്പോൾ സമ്പദ് വ്യവസ്ഥ വളരുന്നു. 

കേന്ദ്ര ബാങ്കിന്റെ വർധിച്ച നോട്ടടിയുടെയും പണ പെരുപ്പത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും പിന്നിൽ പലിശക്ക് വലിയ റോളുണ്ട്.  ഒരു സമ്പദ് വ്യവസ്ഥയിൽ പലിശ എന്ത് പ്രത്യാഘാതം ഉണ്ടാക്കുന്നു എന്നത് മറ്റൊരു പോസ്റ്റിൽ കൂടുതൽ വിവരിക്കാം.  

അൻസാർ അലി നിലമ്പൂർ

9 July 2018

വരുമാനവും ചെലവും കൂട്ടിമുട്ടിക്കൽ

ഉപഭോഗത്തെ കുറിച്ചുള്ള തിയറികളിൽ പ്രധാനപ്പെട്ട കീനേഷ്യൻ തിയറി പറയുന്നത്  നമ്മുടെ വരുമാനമാണ് പ്രധാനമായും നമ്മുടെ ജീവിത ചെലവുകളെ /നിലവാരത്തെ നിശ്ചയിക്കുന്നത് എന്നാണ്. വരുമാനം കൂടുമ്പോൾ നാം ജീവിത ചെലവുകൾ കൂട്ടുന്നു.  വരുമാനം കുറയുമ്പോൾ നാം ചെലവുകൾ ചുരുക്കുന്നു. ചിലർക്ക് വരുമാനം കുറയുന്നതിന് അനുസരിച്ചു ജീവിത ചെലവുകൾ കുറക്കാൻ കഴിയില്ല. അവർ ചെലവുകൾ കുറയ്ക്കാതെ വരുമാനം കൂട്ടാനുള്ള മാർഗം തേടുന്നു.  വരുമാനവും ജീവിത ചെലവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.  വരുമാനവും ചെലവും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റാണ് ജീവിതം എന്നു പറയാറുണ്ട്.

വരുമാനം കൂട്ടാൻ മാർഗമില്ലെങ്കിൽ വരുമാനത്തിന് അനുസരിച്ചു ജീവിത നിലവാരം ക്രമീകരിക്കൽ യുക്തി പരമാണ്. കുറഞ്ഞു വരുന്ന വരുമാനം ശ്രദ്ധിക്കാതെ അമിതമായി ചെലവഴിച്ചാൽ നാം താമസിയാതെ കടം കൊണ്ടു കുടുങ്ങും.  കിട്ടുന്ന വരുമാനം  കുറഞ്ഞു വരുമ്പോഴും പറ്റെ നിലക്കുമ്പോഴും സ്വാഭാവികമായും  നാം ജീവിത ചെലവുകൾ ചുരുക്കാനുള്ള മാർഗങ്ങൾ തേടുന്നു. ചെലവ് ചുരുക്കലും ഒരർത്ഥത്തിൽ ഒരു വരുമാന മാർഗമാണ്. ഇവിടെ ചില സാമ്പത്തിക അതിജീവന മാർഗങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. 

1) ഏതാനും  മാസങ്ങളിലെ ജീവിത ചെലവുകൾ  എഴുതി  വെച്ചു അതു ശ്രദ്ധിക്കുകയും കിട്ടുന്ന വരുമാനവുമായി അതിനെ ഒത്തു നോക്കുകയും  ചെയ്താൽ   ഉന്നത, മധ്യ, താഴ്ന്ന  ജീവിത  നിലവാരങ്ങളിൽ നമ്മൾ ഏതു സ്വീകരിക്കണമെന്ന് പെട്ടെന്ന്  മനസിലാകും.  അപ്പോൾ  നിയന്ത്രിക്കേണ്ട  ചെലവുകൾ  ഏതെന്നും  മനസ്സിലാകും. വരുമാനം  വർധിപ്പിക്കാൻ  മാർഗ്ഗമെന്തെന്നും  അപ്പോൾ തേടി ത്തുടങ്ങും.

2) വരാൻ  പോകുന്ന  വലിയ  ചെലവുകളും  സ്വന്തം  വീടു പോലെ  ജീവിതത്തിൽ അത്യാവശ്യമായി നേടിയെടുക്കേണ്ട   കാര്യങ്ങളും മുൻകൂട്ടി കണ്ടു വേണം  ഇപ്പോഴത്തെ ജീവിത നിലവാരം  നിശ്ചയിക്കാൻ.   കിട്ടുന്നത് തുച്ഛം വരുമാനം ആണെങ്കിലും അതിൽ നിന്നല്പമെങ്കിലും സേവ് ചെയ്യൽ  പിന്നീട് ഉപകരിക്കും.     

3) പാർട്ട് ടൈം ജോലികളിലും  ഓണലൈൻ  ജോബുകളിലും  ഏർപ്പെടൽ വഴി  വരുമാനം  വർധിപ്പിക്കാം. കാറ്ററിങ്  സർവീസുകാർ,  ടൂഷൻ  സെന്ററുകൾ..  പോലുള്ളവരോട് ചേർന്നു സൈഡായി ജോലി ചെയ്താൽ ഒഴിവു ദിനങ്ങളും  വരുമാനം ഉള്ളതാക്കാം.

4) വീട്ടിലിരുന്നു ചെയ്യാവുന്ന ഓണലൈൻ  ബിസിനസുകൾ  വമ്പിച്ച  പ്രചാരം  നേടിയിരിക്കുന്നു. വസ്ത്രങ്ങൾ,  കരകൗശല വസ്തുക്കൾ,  എളുപ്പം കേടാകാത്ത ഭക്ഷണ  പദാർത്ഥങ്ങൾ...   അങ്ങനെ  എന്തും  ഓണ്ലൈനായി  വിറ്റഴിക്കാൻ ശ്രമിക്കാം. ആമസോണും ഫ്ലിപ് കാർട്ടും അതിനും പറ്റും.

5) സർക്കാർ  സഹായങ്ങളെ   കുറിച്ചും  വിവിധതരം   സർക്കാർ പെൻഷനുകളെ  കുറിച്ചും പലിശ രഹിത വായ്പ നൽകുന്ന സംരംഭങ്ങളെ  കുറിച്ചുമുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കണം. അവസരങ്ങൾ തനിക്ക് പറ്റിയത് അല്ലെങ്കിലും മറ്റുള്ളവർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാം.

6) സ്ഥലം മുടക്കി കിടക്കുന്ന  ഉപകാരമില്ലാത്തതും  മൂല്യ വർധന  ഇല്ലാത്തതുമായ  പഴയ  ഉപകരണങ്ങളും  മറ്റും  വിറ്റു ഒഴിവാക്കി  ആ  കാശു കൊണ്ടു  മറ്റു ആവശ്യങ്ങൾ നിറവേറ്റാം.

7) പലിശ രഹിത ചിട്ടികൾ സാമ്പാദ്യ ശീലം വളർത്താനും വലിയ  ആവശ്യങ്ങൾ  ഓരോർത്തർക്ക്  വഴിക്ക് വഴിയായി നിറവേറ്റാനും  ഉപകാരപ്പെടും. അതിലൂടെ നല്ലൊരു കൂട്ടായ്മ രൂപപ്പെടും. പരസ്പര സഹായത്തിനുള്ള വഴികൾ തെളിയും. 

8) കൂട്ടായ  സകാത്  ഫണ്ടുകളും  ക്ഷേമനിധികളും  രൂപീകരിച്ചാൽ  കഷ്ടപ്പെടുന്നവരെ  സഹായിക്കാം.

9) കാശ് വീട്ടിൽ സൂക്ഷിച്ചാലും ബാങ്കിൽ  സൂക്ഷിച്ചാലും  അതിന്റെ  മൂല്യം കുറഞ്ഞു കൊണ്ടിരിക്കും.   യുക്തിപരവും  മൂല്യ  വർദ്ധന  ഉണ്ടാക്കുന്നതുമായ വിധത്തിൽ  അതിനെ  നിക്ഷേപിക്കുകയാണ്  വേണ്ടത്. 

10) പോഷ് ഏരിയകളിൽ  നിന്നു  മാറി താമസിക്കുന്നത്  വാടകയും  ജീവിത  ചെലവുകളും  കുറയ്ക്കും,  മനസ്സുഖം വർധിപ്പിക്കും. അപ്പോൾ അയൽ വാസികളുമായി സ്വന്തം ജീവിത നിലവാരം താരതമ്യം ചെയ്ത് ടെൻഷൻ ആവേണ്ടതില്ല.  

11) വീട്ടിൽ ചെറിയ പച്ചക്കറി തോട്ടം ഉണ്ടാക്കലും  കോഴി, കാട,  മുയൽ... പോലുള്ളവ  വളർത്തലും   ശാരീരികവും  സാമ്പത്തികവുമായ  നേട്ടമുണ്ടാക്കും

12) കുറേപേർ   ചേർന്നു  സഹകരണ  സ്റ്റോർ  തുടങ്ങി  നിത്യോപയോഗ  സാധനങ്ങൾ  അംഗങ്ങൾക്ക്  കുറഞ്ഞ  വിലയ്ക്ക്  ലഭ്യമാക്കാം. അല്ലെങ്കിൽ  സാദാ വിലക്ക്  തന്നെ  വിറ്റു  ലാഭം  അംഗങ്ങൾക്ക് ഇടയിൽ  അവരുടെ  പർച്ചേസ്  വോള്യത്തിനു   അനുസരിച്ചു  വീതിക്കാം.

13) സൂപ്പർ  മാർക്കറ്റുകളിലെ  ഓഫറുകളും കൂപ്പണുകളും പരമാവധി ഉപയോഗിക്കാം.  നീതി  സ്റ്റോറുകളും കാരുണ്യ സ്റ്റോറുകളും റേഷൻ കടയും മാവേലി സ്റ്റോറും പരമാവധി  ഉപയോഗിക്കാം.

14) ബസ്‌  ചാര്ജും  സമയവും മുടക്കി  കറണ്ട്  ബില്ലു  അടക്കാൻ  പോയി ക്യൂ നിൽക്കുന്നതി നെക്കാൾ  ലാഭകരം  അതിനു  ഏതെങ്കിലും മൊബൈൽ   ആപ്പ്  ഉപയോഗിക്കലാണ്.  വിവിധതരം  ആപ്പുകൾ  നമ്മുടെ ജീവിതം  ഏറെ എളുപ്പമുള്ള താക്കുന്നു. അവയിൽ നിന്നു ധാരാളം കിഴിവുകളും കിട്ടുന്നു

15) ഷോപ്പിംഗ്  മാളുകളിൽ  ചെന്നാൽ അവിടെ  എല്ലാം നമുക്ക്  വാങ്ങാൻ പറ്റിയതെ  കാണൂ.  വാങ്ങേണ്ടവയുടെ  ലിസ്റ്റും  അതിനുള്ള  കാശും  കൊണ്ടു  പോയാൽ  പ്രലോഭനങ്ങളിൽ  പെട്ടു  അതുമിതും  വാങ്ങി ക്കൂട്ടുന്നത്  ഒഴിവാക്കാം

16) ചില  വസ്തുക്കൾ  സുലഭമായി  ലഭിക്കുന്ന  സീസണുകൾ  ഉണ്ട്.  അപ്പോൾ  അവയ്ക്ക്  വില കുറവായിരിക്കും.  അവയുടെ അപ്പോഴുള്ള വർദ്ധിച്ച വിളവാണ് കാരണം. എല്ലാ  കാലത്തും  എല്ലാ വസ്തുക്കളും  ഒരു പോലെ  വാങ്ങണമെന്ന്  നാം വാശി പിടിക്കരുത്. സീസൺ നോക്കി നമുക്ക് വാങ്ങലുകൾ ക്രമീകരിക്കാം. 

17) പ്രവർത്തനം നിർത്താൻ  പോകുന്ന  കടകൾ  കുറഞ്ഞ  വിലയ്ക്ക്  വിറ്റു  ഒഴിവാക്കുന്ന ചരക്കുകൾ വില കുറച്ചു വാങ്ങാം. നിത്യോപയോഗ സാധനങ്ങൾ ആണെങ്കിൽ കേടാകില്ലെങ്കിൽ അപ്പോൾ കുറച്ചു കൂടുതലും വാങ്ങി വെക്കാം. 

18) കേടുവരാത്ത  വസ്തുക്കൾ  കുറച്ചു  കൂടുതൽ  വാങ്ങിയാൽ  ഹോൾ സെയിൽ   റേറ്റിൽ  കിട്ടുന്നത്  ഷോപ്പിംഗ് നടത്തുമ്പോൾ ഓർമ്മിക്കണം. വാങ്ങുന്നതിന്റെ അളവ് കുറയുന്തോറും വില കൂടുകയും കൂടുന്തോറും ഒരു പരിധി വരെ വില കുറയുകയും ചെയ്യാറുണ്ട്. 

19) ചില വസ്തുക്കൾക്ക് സീസൺ ആകുമ്പോൾ വില കൂടും. അതിനു മുമ്പായി  വാങ്ങി  വെച്ചാൽ  വില ക്കയറ്റത്തിൽ  നിന്നു  ഒഴിവാകാം. മഴക്കാലം വരുന്നതിനു  മുമ്പ്  തന്നെ കുടയും സ്‌കൂൾ  തുറക്കുന്നതിന്  വളരെ മുമ്പ്  തന്നെ സ്‌കൂൾ ബാഗും നോട്ട്  ബുക്കും  വാങ്ങി  വെക്കാം.

20) ഉപകരണങ്ങൾ  വാങ്ങുമ്പോൾ  പുതിയതിന്  പകരം യൂസ്ഡ് കിട്ടുമോ എന്ന് നോക്കണം. ഫ്രഷും യൂസ്ഡും തമ്മിൽ വലിയ വില വ്യത്യാസം ഉണ്ടാകും. ബേങ്കുകൾ  നടത്തുന്ന  ഭൂമി, വാഹന, ആഭരണ  ലേലങ്ങൾ  ശ്രദ്ധിക്കുക.

21) കുറഞ്ഞ  വൈദ്യുതി മതിയാവുന്ന  നിലവാരമുള്ള വൈദ്യുത ഉപകരണങ്ങൾ വാങ്ങുക,  അവ  വൈദുതി  കുറഞ്ഞ രൂപത്തിൽ  എങ്ങനെ   ഉപയോഗിക്കാം എന്നു പഠിക്കുക.

22) വീട്ടിൽ  ഒരു  റെഫ്രിജറേറ്റർ  എന്തു കൊണ്ടും  നല്ലതാണ്. ഭക്ഷണ സാധനങ്ങൾ കേട് വന്നു  നഷ്ടപ്പെടുന്നത്  തടയാം. പാചകം ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ  തണുപ്പിച്ചു സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. പാചകം ചെയ്യാത്തത് തണുപ്പിക്കാം. വീട്ടിലൊരു  തയ്യൽ മെഷീന്റെ  ഉപകാരം അപാരമാണ്.

23) സർക്കാർ  സ്‌കൂളുകളിൽ  ഇപ്പോൾ  തരക്കേടില്ലാത്ത  നിലവാരമുണ്ട്. കുട്ടികളെ  അവിടെ  പഠിപ്പിക്കാം. സർക്കാർ സ്‌കൂളുകൾ  നടന്നു  പോകാൻ  നാം നികുതിയും നൽകണം, സ്വകാര്യ  സ്‌കൂളിൽ  പഠിക്കുന്ന  നമ്മുടെ  കുട്ടിയുടെ  ഫീയും നാം നൽകണം  എന്നത്  അത്ര  യുക്തി പരമായ  കാര്യമല്ല.  ഹോസ്പിറ്റലും  അങ്ങനെ  തന്നെ.

24) സ്വന്തം വാഹനം  ഉപയോഗിക്കുന്നതിനു  പകരം  പൊതു  ഗതാഗതവും  പങ്കാളിത്ത  ഗതാഗതവും  ഉപയോഗിക്കാം. നമുക്ക് കുറച്ചിൽ ആണെങ്കിലും പാശ്ചാത്യ  വികസിത  രാജ്യങ്ങളിൽ  സൈക്കിൾ  ഇന്നും  നല്ലൊരു  വാഹനമാണ്. അവിടെ സിറ്റിയുടെ ചില ഭാഗങ്ങളിൽ സൈക്കിൾ മാത്രമെ പറ്റൂ എന്നുണ്ട്.   

25) ചെലവേറിയ  വിനോദങ്ങൾ  മാത്രമല്ല   പണം കൊടുക്കാതെ  ആസ്വദിക്കാൻ  പറ്റിയ  പാർക്കുകളും  പ്രകൃതി  ഭംഗികളും  നമ്മുടെ  നാട്ടിലുണ്ട്.  വായിക്കാൻ  ലൈബ്രറി  പുസ്തകങ്ങളും  ഫ്രീയായി  ഡൗണ്ലോട്‌   ചെയ്യാവുന്ന  ഇബുക്‌സും  ഉപയോഗിക്കാം.

26) പിശുക്കാതെ, വേസ്റ്റാക്കി  കളയാതെ മിതമായി ചെലവഴിക്കൽ മിക്ക മതങ്ങളും മുന്നോട്ടു വെക്കുന്ന മികച്ച ഒരു  ആശയമാണ്. Philosophy of Frugality യിൽ  എന്താണ് മിതവ്യയം കൊണ്ടു ഉദ്ദേശിക്ക പെടുന്നതെന്നു വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.  എത്രയോ മനുഷ്യർ മുമ്പ് അമിതമായി ചെലവഴിച്ചതിനും  വേസ്റ്റാക്കി കളഞ്ഞതിനും  പിന്നീട് ഇല്ലായ്മകൾ കൊണ്ടു വലയുമ്പോൾ നന്നായി ദുഃഖിക്കുന്നതു കണ്ടിട്ടുണ്ട്.  

ചുരുക്കി പറഞ്ഞതാണ്. കൂടുതൽ അതിജീവന മാർഗങ്ങൾ അന്വേഷിക്കാം, പഠിക്കാം.

അൻസാർ  അലി  നിലമ്പൂർ

19 June 2018

ബിസിനസിന് പിന്നിലെ മാജിക്ക്

ജോലി ചെയ്‌താൽ ശമ്പളം കിട്ടും.   അതിൽ ബാക്കി ആകുന്നത് കൂട്ടി വെച്ചാൽ വലിയൊരു സംഖ്യയാകും. അപ്പോൾ അതു കൊണ്ടൊരു ബിസിനസ് തുടങ്ങി സ്വന്തം കാലിൽ നിൽക്കാൻ തോന്നും. വെറുതെ എന്തിനു മുതലാളിയുടെ ആട്ടും തുപ്പും ഏറ്റു വാങ്ങി ജോലി ചെയ്യണം, സ്വന്തമായി ഒരു ബിസിനസ് തുടങ്ങിയാൽ പോരെ എന്ന ചിന്തയെ കുറ്റം പറയാൻ ഒക്കില്ല. അങ്ങനെ ഉള്ള ജോലി കളഞ്ഞു ആരുടെയോ ഉപദേശം കേട്ടു കയ്യിലുള്ളതു കൊണ്ടും  കുറച്ചു കടവും വാങ്ങി ബിസിനസ് തുടങ്ങും.  

ദീർഘ വീക്ഷണ ത്തിന്റെ കുറവ് കൊണ്ടും യുക്തി പരമല്ലാത്ത പ്രതീക്ഷകൾ കൊണ്ടും പ്രതീക്ഷി ക്കാത്ത പ്രതിസന്ധികൾ കൊണ്ടും ബിസിനസ് ഏറെ കഴിയും മുമ്പെ നഷ്ടത്തിലാവും. അപ്പോൾ കിട്ടിയ സംഖ്യക്ക് അതിനെ വിറ്റൊഴിവാക്കും. അങ്ങനെ വമ്പിച്ച കടം കുടുങ്ങി അത് വീട്ടാൻ വീണ്ടും ജോലിക്കിറങ്ങും. ഇതു നമുക്കി ടയിലെ ഒരു സ്ഥിരം പ്രതിഭാസമാണ്. മലപ്പുറം ജില്ലയിൽ മാത്രം ഇങ്ങനത്തെ നൂറു കണക്കിന് ഹോട്ടലുകളും ബേക്കറികളും കൂൾബാറുകളും  റെഡിമെയ്ഡ് ഷോപ്പുകളും പലചരക്ക് കടകളും   മെഡിക്കൽ സ്റ്റോറുകളും പരാജയപ്പെട്ടു വിൽക്കാൻ വെച്ചിട്ടുണ്ട്. 

ധാരാളം പ്രവാസികൾ ഗൾഫ് ജീവിതം നിർത്തി നാട്ടിൽ എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്ന് പറയാറുണ്ട്. തുടങ്ങിയാൽ അതു വിജയിക്കുന്ന കാര്യം അല്ലാഹു വിങ്കലാണ്. എങ്കിലും ബിസിനസ് പരാജയ പ്പെട്ടു കാശ് നഷ്ടപ്പെട്ടു കടം കുടുങ്ങാ തിരിക്കാൻ ബിസിനസ് തുടങ്ങുന്നതിനു മുമ്പ്  താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാകും.

1) നല്ലൊരു ബിസിനസ് ഐഡിയ ആയിരിക്കണം നിങ്ങളുടേത്. ആരും കണ്ടുപിടി ക്കാത്തതു തന്നെ വേണ മെന്നില്ല. പക്ഷെ വിജയ സാധ്യത ഉള്ളതാണോ എന്ന് ഉറപ്പ് വരുത്തണം. തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രദേശത്ത് ആരൊക്കെ ആ ബിസിനസ് ചെയ്യുന്നു എന്ന് നോക്കുന്നത് നന്നാകും. 

2) ബിസിനസ് ഐഡിയ കണ്ടുപിടിച്ചാൽ അതു നടപ്പിലാ ക്കാനൊരു ബിസിനസ് പ്ലാൻ വേണം. പ്ലാൻ ഇല്ലാതെ വീടു വെക്കാൻ പറ്റാത്തതു പോലെ ബിസിനസ് സ്ഥാപിക്കാനും പറ്റില്ല. വിദഗ്ധരോട് കാര്യങ്ങൾ കൂടി ആലോചിക്കാൻ കയ്യിൽ ബിസിനസ് പ്ലാൻ വേണം. അതുണ്ടാ ക്കാനുള്ള മാതൃകകൾ നെറ്റിൽ സുലഭമാണ്

3) ഗൗരവമായ കൂടിയാലോ ചനകളും   അന്വേഷണങ്ങളും നടത്തിയിരിക്കണം. മൂന്ന് കൂട്ടരോട് കൂടിയാ ലോചിക്കാം.   ഒന്നാമത് ബിസിനസ് വിദഗ്ധരോട്, രണ്ടാമത് ഉദ്ദേശിക്കുന്ന ബിസിനസ് ചെയ്തു വിജയിച്ച വരോട്, മൂന്നാമത്   ആ ബിസിനസ് ചെയ്തു പരാജയ പ്പെട്ടവരോട്. ഇതിൽ പരാജയ പ്പെട്ടവരിൽ നിന്നാകും കൂടുതൽ മികച്ച ഉപദേശ നിർദേശങ്ങൾ ലഭിക്കുക.

4) എന്തെങ്കിലും വസ്തുക്കൾ ഉൽപാദി പ്പിക്കാനാണ്  ഉദ്ദേശിക്കുന്ന തെങ്കിൽ   അതിന്റെ മാർക്കറ്റിങ് കൂടി ചെയ്യൽ വിഷമകര മാകാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കാണണം.  

5) ബിസിനസ് തുടങ്ങി എല്ലാരും സ്വാഭാവികമായി അതിനെ അറിഞ്ഞു വരുമ്പോഴേക്കും കാലങ്ങൾ പിടിക്കും.   അതു കൊണ്ട് തുടക്കത്തിൽ തന്നെ പരസ്യങ്ങൾ പരമാവധി ചെയ്തി രിക്കണം

6) പാർട്ണർ ഷിപ്പായി ബിസിനസ് തുടങ്ങുക യാണങ്കിൽ ആദ്യം പാർട്ടണർ ഷിപ്‌ എഗ്രിമെന്റ് ഉണ്ടാക്കി രെജിസ്റ്റർ ചെയ്യുകയും മാനേജിംഗ് പാർട്ടണർ ആരെന്നു തീരുമാനിക്കുകയും ചെയ്യണം. പാർട്ട്ണർ മാരെല്ലാം കൂടി കേറി നിരങ്ങി ബിസിനസ് നാശാക്കരുത്

7) പ്രത്യേക ജോലിക്കാരനെ /ക്കാരെ അപേക്ഷിച്ചാണ്‌  ബിസിനസിന്റെ നില നിൽപ്പ് എങ്കിൽ അവരുടെ ലഭ്യത ഉറപ്പു വരുത്തണം. അവർ ഇടയ്ക്കിടെ മാറു മെങ്കിൽ മുൻകരുതൽ സ്വീകരി ച്ചിരിക്കണം. ജോലിക്കാരൻ പോയാൽ ബിസിനസ് കുളത്തിൽ ഇറങ്ങു മെങ്കിൽ അത്തരം ബിസിനസുകൾ തുടങ്ങാതെ ഇരിക്കലാണ് നല്ലത്. 

8) ബിസിനസും വ്യക്തി ജീവിതവും കൂട്ടി ക്കുഴക്കരുത്. ബിസിനസിലെ കാശെല്ലാം എടുത്തോണ്ട് പോയി വീടു പണിക്കും മോളുടെ കല്യാണം നടത്താനും ഉപയോഗിച്ചു ബിസി നസിനെ കുഴീൽ ഇറക്കരുത്.

9) തുടക്കത്തിൽ തന്നെ വലിയ സംഖ്യ ചെലവാ ക്കിയുള്ള മോടി വരുത്തലും   പുതിയ ഉപകര ണങ്ങൾ വാങ്ങലും അബദ്ധമാണ്. യൂസ്ഡ് ഉപകര ണങ്ങൾ എമ്പാടും മാർക്കറ്റിൽ കിട്ടും.   ബിസിനസ് തന്നെ പുതിയത് തുടങ്ങണോ അതോ നിലവി ലുള്ളത് വാങ്ങണോ എന്നു ആലോചി ക്കുന്നത് നന്നാകും

10) ഉള്ള ചരക്കെല്ലാം കടം കൊടുത്തു കാശ് കിട്ടാതെ ബിസിനസ് പൊളിയൽ സ്വാഭാവി കമാണ്. കടമായി ചരക്ക് വിൽക്കുമ്പോൾ ചെക്ക് വാങ്ങിയും വ്യവസ്ഥ ഉണ്ടാക്കിയും വിൽക്കണം.

11) അറിയാത്ത ഫീൽഡിൽ അറിയു മെന്നു നടിച്ചു തലവെച്ചു കൊടുത്തു പരാജയം വാങ്ങുന്ന തിനേക്കാൾ നല്ലത് അറിയുന്ന ഫീൽഡിൽ ബിസിനസ് ചെയ്യലാണ്.

12) ബിസിനസ് പൊളിഞ്ഞാൽ എന്തൊക്കെ സംഭവിക്കു മെന്നൊരു ധാരണ മുൻകൂട്ടി ഉണ്ടാകുന്നത് നല്ലതാണ്. തുടക്കക്കാർ വലിയ അപകട സാധ്യതയുള്ള  ബിസിനസു കളിൽ തുടക്കത്തിൽ കൈ വെക്കാതി രിക്കൽ നന്നാകും

13) കാര്യമായ ബിസിന സൊന്നും നടന്നില്ലെങ്കിലും ഒന്നുരണ്ടു വർഷം ബിസിനസ്  നടത്തി ക്കൊണ്ടു പോകാനുള്ള കരുതൽ ഉണ്ടാകുന്നത് നന്നാകും. എല്ലാരും ബിസിന സിനെ പറ്റി അറിഞ്ഞു വരുമ്പോ ഴേക്കും പൂട്ടി പോകരുത്.

14) ബിസിന സിനെ പലിശ യുമായി ബന്ധിപ്പി ക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. പലിശ ഉൾപ്പെട്ടതിനു ബറകത്തു  കുറവായിരിക്കും എന്നതാണ് നമ്മുടെ  ഇസ്ലാമിക വിശ്വാസം

15) ബിസിനസ്  വാടകയ്‌ ക്കെടുത്തു നടത്തുമ്പോൾ  അത് മെച്ച പ്പെട്ടാൽ വാടകയ്ക്ക് നൽകിയവൻ തന്നെ അതു തിരിച്ചെ ടുക്കുമെന്നും മനസി ലാക്കണം. തൊട്ടടുത്ത് മത്സരി ക്കാനായി മറ്റൊരു ബിസിനസ് വരുന്നതിനെ കുറിച്ചും ആലോചിക്കണം. 

16) പൊതു ജനം കേറിയി റങ്ങുന്ന സ്ഥലത്തും അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലത്തും മാത്രം ബിസിനസ് സ്ഥാപിക്കുക.  

കാര്യത്തിന്റെ ഗൗരവം മനസി ലാക്കാൻ ഇത്രയും മതിയല്ലോ. കൂടുതലായി അനുഭവ സ്ഥർക്ക്  കൂട്ടി ചേർക്കാം. 

അൻസാർ അലി നിലമ്പൂർ

29 October 2017

പലിശ ഇസ്‌ലാമിൽ

പലിശ  വാങ്ങുന്നതും  കൊടുക്കുന്നതും  ഇസ്‌ലാം  വൻ കുറ്റമായി കാണുന്നു.   അതുമായി  ബന്ധപ്പെട്ട  ഖുർആൻ വചനങ്ങളും  മുഹമ്മദ് നബിയുടെ  ഹദീസുകളും  താഴെ  കൊടുക്കുന്നു.

അല്ലാഹു  പറഞ്ഞു: "പലിശ തിന്നുന്നവര്‍ പിശാച്‌ ബാധ നിമിത്തം മറിഞ്ഞു  വീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത്‌ പോലെയല്ലാതെ എഴുന്നേല്‍ക്കില്ല. കച്ചവടവും പലിശ പോലെ തന്നെയാണ്‌ എന്ന്‌ അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിച്ചു പലിശ നിഷിദ്ധമാക്കി. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നു കിട്ടിയിട്ട്‌ (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ്‌ വാങ്ങിയത്‌ അവനുള്ളത്‌ തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന് അനുസരിച്ച് ആയിരിക്കും. ഇനി ആരെങ്കിലും (പലിശയിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യ വാസികളായിരിക്കും" (ഖുർആൻ  2: 275)

അല്ലാഹു  പറഞ്ഞു:  "അല്ലാഹു പലിശയെ തുടച്ചു നീക്കുകയും  ദാനധര്‍മ്മങ്ങളെ വളർത്തുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല" (ഖുർആൻ 2: 276)

അല്ലാഹു  പറഞ്ഞു:   "ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക്‌ കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത്‌ വളരുകയില്ല. അല്ലാഹുവിന്‍റെ പ്രീതി ലക്ഷ്യമാക്കി നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരാണ് ഇരട്ടി സമ്പാദിക്കുന്നവര്‍" (ഖുർആൻ  30: 39)

അല്ലാഹു  പറഞ്ഞു:  "വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും പലിശ വകയില്‍ ബാക്കി കിട്ടാനുള്ളത്‌ വിട്ടുകളയുകയും ചെയ്യുക, നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികൾ ആണെങ്കിൽ. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റേയും റസൂലിന്റേയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരായ) യുദ്ധ പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞു കൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങള്‍ അക്രമം ചെയ്യരുത്‌. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്‌". (ഖുർആൻ  2: 278, 279)

അല്ലാഹു പറഞ്ഞു:    "വിശ്വാസികളേ, നിങ്ങള്‍ ഇരട്ടി ഇരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം".(ഖുർആൻ  3: 130)

അല്ലാഹു  പറഞ്ഞു:  "പലിശ അവര്‍ക്ക്‌ (വേദക്കാർക്ക്)  നിരോധിക്കപ്പെട്ടത് ആയിട്ടും അവരത്‌ വാങ്ങിയതു കൊണ്ടും, ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതു കൊണ്ടും കൂടിയാണ്‌ (അത്‌ നിഷിദ്ധമാക്കപ്പെട്ടത്‌) അവരില്‍ നിന്നുള്ള നിഷേധികള്‍ക്ക്‌ നാം വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട്‌".(ഖുർആൻ  4:161)

നബി(സ)  പറഞ്ഞു:  "പലിശയുടെ ഒരു ദിര്‍ഹം പോലും 36 പ്രാവശ്യം വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ കുറ്റമാണ്" (അഹമദ്). 

നബി(സ)  പറഞ്ഞു:  "പലിശ എഴുപതു തരമുണ്ട്.  അതില്‍ ചെറിയ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതി നേക്കാള്‍ വലിയ കുറ്റമാണ്"  (തിര്‍മിദി)

നബി(സ) അരുളി: "നിങ്ങള്‍ ഏഴ്   വൻ  പാപങ്ങളെ വര്‍ജ്ജിക്കുവീന്‍. അനുചരന്മാര്‍ ചോദിച്ചു. അവ ഏതെല്ലാമാണ് പ്രവാചകരേ? നബി(സ) അരുളി:  "അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, മാരണം, നിരപരാധിയെ വധിക്കല്‍, പലിശ തിന്നല്‍, അനാഥയുടെ ധനം ഭക്ഷിക്കല്‍, യുദ്ധത്തില്‍ പിന്തിരിഞ്ഞോടല്‍, പതിവ്രതകളും ശുദ്ധ മനസ്കരുമായ  വിശ്വാസിനികളുടെ പേരില്‍ അപരാധം പറയല്‍ എന്നിവയാണവ". (ബുഖാരി)

ആഇഷ:(റ) പറഞ്ഞു: "അല്‍ബഖറ സൂറത്തിലെ പലിശ സംബന്ധിച്ചുള്ള വാക്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നബി(സ) പള്ളിയിലേക്ക് പുറപ്പെട്ടു. എന്നിട്ട് ആ കല്‍പ്പനകള്‍ ഓതി ക്കേള്‍പ്പിച്ചു. പിന്നീട് പള്ളിയില്‍വെച്ച് തന്നെ മദ്യ വ്യാപാരം നിഷിദ്ധമാക്കി പ്രഖ്യാപിക്കുകയും ചെയ്തു" (ബുഖാരി)

ഔന് ബിന്‍ അബീജുഹൈഫ(റ) പറയുന്നു: "എന്റെ പിതാവ് കൊമ്പ് വെക്കുന്ന ഒരടിമയെ വിലക്കു വാങ്ങി. ഇതിനെ ക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി(സ) നായയുടെയും രക്തത്തിന്റെയും വില വിരോധിച്ചിരിക്കുന്നു. അവിടുന്ന് പച്ച കുത്തുന്നതും കുത്തിക്കുന്നതും പലിശ തിന്നുന്നതും പലിശ തീറ്റിക്കുന്നതും വിരോധിച്ചിരിക്കുന്നു. അതുപോലെ രൂപങ്ങള്‍ നിര്‍മ്മിക്കുന്നവനെ ശപിച്ചിരിക്കുന്നു" (ബുഖാരി)

നബി(സ) അരുളി: "സ്വര്‍ണ്ണം നല്‍കി സ്വര്‍ണ്ണം കൈമാറുന്നത് പലിശയാണ്. എന്നാല്‍ റൊക്കമായിട്ടു  ആണെങ്കില്‍ വിരോധമില്ല. ഗോതമ്പ് കൊടുത്ത് ഗോതമ്പ് കൈമാറുന്നതു പലിശയാണ്. എന്നാല്‍ റൊക്കമാണെങ്കില്‍ വിരോധമില്ല. ഈത്തപ്പഴം കൊടുത്തു ഈത്തപ്പഴം കൈമാറുന്നത് പലിശയാണ്. എന്നാൽ റൊക്കമാണെങ്കില്‍ വിരോധമില്ല. ബാര്‍ലി കൊടുത്തു ബാര്‍ലി വാങ്ങുന്നതു പലിശയാണ്. റൊക്കമാണെങ്കില്‍ വിരോധമില്ല." (ബുഖാരി)

അബൂസഈദ്(റ) പറഞ്ഞു: ബിലാല്‍ ഒരിക്കല്‍ നബി(സ)യുടെ അടുത്തു ബര്‍നി ഇനത്തില്‍പ്പെട്ട കുറച്ചു ഈത്തപ്പഴം  കൊണ്ടുവന്നു. ഇതെവിടെ നിന്ന് കിട്ടി? നബി(സ) ചോദിച്ചു: എന്റെയടുക്കല്‍ കേടുവന്ന കുറച്ച് ഈത്തപ്പഴം ഉണ്ടായിരുന്നു. അതു രണ്ടു സ്വാഅ് കൊടുത്തു നബി(സ)ക്ക് വേണ്ടി ഒരു സ്വാഅ് പകരം വാങ്ങിയെന്ന് ബിലാല്‍(റ) മറുപടി പറഞ്ഞു. നബി(സ) ആ സന്ദര്‍ഭത്തില്‍ പറഞ്ഞു: മോശം! മോശം! തനിപ്പലിശ, തനിപ്പലിശ, മേലില്‍ അങ്ങനെ ചെയ്യരുത്, നീ നല്ലത് വാങ്ങാന്‍ ഉദ്ദേശിച്ചാൽ ആ താഴ്ന്ന ഇനം കിട്ടുന്ന വിലക്ക് വിറ്റിട്ട് അതുകൊണ്ട് ഇതു വിലക്ക് വാങ്ങുക". (ബുഖാരി)

ജാബിര്‍(റ) പറഞ്ഞു: "അല്ലാഹുവിന്റെ ദൂതന്‍(സ) പലിശ വാങ്ങുന്നവനെയും പലിശ കൊടുക്കുന്നവനെയും ആ ഇടപാടു എഴുതുന്നവനെയും അതിന്റെ രണ്ടു സാക്ഷികളേയും ശപിക്കുകയും പറയുകയും ചെയ്തു, അവര്‍  എല്ലാവരും ഒരു പോലെ ആണ്" (മുസ്ലിം)

നബി(സ)  പറഞ്ഞു: "പലിശ തിന്നാത്തവരായി ആരും തന്നെ ഇല്ലാതാകുന്ന ഒരു കാലം ജനങ്ങളുടെ മേല്‍വരും: ഒരുവന്‍ അതു തിന്നില്ലെങ്കിലും, അതിന്റെ ആവി അവനില്‍ എത്തിച്ചേരും" (അബൂദാവൂദ്)

അബൂജുഹൈഫ(റ) പറയുന്നു: നബി(സ) പലിശ തിന്നുന്നവനേയും തീറ്റിക്കുന്നവനേയും പച്ച കുത്തുന്നവനേയും അതിന് ആവശ്യപ്പെടുന്നവനെയും ചിത്രം വരക്കുന്നവനെയും ശപിച്ചിരിക്കുന്നു. (ബുഖാരി.) 


അൻസാർ  അലി  നിലമ്പൂർ