Showing posts with label തിയോളജി. Show all posts
Showing posts with label തിയോളജി. Show all posts

5 September 2018

അസമത്വം ഉണ്ടാക്കിയത് ദൈവമല്ലേ..?

എന്തു കൊണ്ടാണ് ദൈവം ചിലരെ ആരോഗ്യത്തോടെയും ചിലരെ വൈകല്യങ്ങളോടെയും ചിലരെ വെളുത്തവർ ആയും ചിലരെ കറുത്തവർ ആയും ചിലരെ ധനികരുടെ വീട്ടിലും ചിലരെ ദരിദ്രരുടെ വീട്ടിലും ചിലരെ നല്ലവരുടെ കൂട്ടത്തിലും ചിലരെ മോശക്കാരുടെ കൂട്ടത്തിലും ജനിപ്പിക്കുന്നത്, നീതിമാൻ എന്നറിയ പ്പെടുന്ന ദൈവം ഇങ്ങനെ ചെയ്യുന്നത് അനീതിയല്ലേ, എല്ലാവരെയും തുല്യരായി ജനിപ്പിക്കുകയല്ലേ വേണ്ടത്..

ഈ ചോദ്യം കാലങ്ങളായി ചിന്തിക്കുന്ന മനുഷ്യരിൽ നിന്ന് ഉയരുന്നതാണ്. ദൈവ വിശ്വാസികളും നിഷേധികളും ഇതു ചോദിക്കാറുണ്ട്. സെമിറ്റിക് മതങ്ങളായ ജൂത ക്രിസ്ത്യൻ ഇസ്‌ലാം മതങ്ങളുടെ ദൈവ ശാസ്ത്രത്തിൽ ഇതിനു പല വിധ മറുപടികളും കാണാം. അവ ചുരുക്കി താഴെ വിവരിക്കുന്നു. 

1) സകല മനുഷ്യരെയും ഒരേ അച്ചിൽ വാർത്ത പോലെ സകല കാര്യത്തിലും സമന്മാരായി ജനിപ്പിച്ചു കൊള്ളാം എന്ന് ദൈവം എവിടെയും പറഞ്ഞിട്ടില്ല. അത്തരത്തിൽ താൻ നീതി ചെയ്തോളാമെന്ന് ദൈവം എവിടെയും മനുഷ്യർക്ക് വാഗ്ദാനം നൽകിയിട്ടുമില്ല. അങ്ങനൊരു വാഗ്ദാനം ദൈവം നൽകിയെങ്കിൽ മാത്രമെ ദൈവത്തെ അക്കാര്യത്തിൽ വിമർശിക്കുന്നതിൽ അർത്ഥമുള്ളൂ. 

2) ഓരോ മനുഷ്യനും വെവ്വേറെ വ്യക്തിത്വവും അതുല്യതയും ഐഡന്റിറ്റിയും നൽകുക എന്നതാണ് ദൈവത്തിന്റെ രീതി. അതിൽ ദൈവം മനുഷ്യന് അറിയാത്ത പല യുക്തികളും കാണുന്നു. സർവജ്ഞനും യുക്തിമാനും ആയ ദൈവത്തെ മനുഷ്യർ സൃഷ്ടിപ്പ് പഠിപ്പിക്കേണ്ട ആവശ്യമില്ല. 

3) ബാധ്യതയും അവകാശവും ഉള്ളിടത്തു മാത്രമെ നീതിയും അനീതിയും കടന്നു വരുന്നുള്ളൂ. തനിക്ക് ഇഷ്ടപ്പെട്ട രൂപത്തിൽ തന്നെ ജനിപ്പിക്കണം എന്നു ദൈവത്തോട് പറയാൻ ഒരു മനുഷ്യനും ദൈവത്തിന്റെ അടുക്കൽ ഒരു അവകാശവും ഇല്ല. മനുഷ്യർ ഇഷ്ടപ്പെടുന്ന രൂപത്തിൽ അവരെ സൃഷ്ടിച്ചു കൊടുക്കാൻ ദൈവത്തിനു അവരോടു യാതൊരു ബാധ്യതയും ഇല്ല. ഓരോ മനുഷ്യനും നന്മയായി എന്തുണ്ടോ അതൊക്കെ ദൈവത്തിന്റെ ഔദാര്യം ആണ്. ഔദാര്യം ഓരോരുത്തർക്കും ദൈവം ഉദ്ദേശിക്കുന്ന അളവിൽ നൽകുന്നു. ഔദാര്യം ചെയ്യുന്നതിൽ സമത്വം പാലിക്കും എന്ന് ദൈവം എവിടെയും പറഞ്ഞിട്ടില്ല.

4) ഒരു പിതാവിന്റെ ബീജങ്ങളിൽ നിന്നുണ്ടായ അഞ്ചു മക്കളിൽ എല്ലാവരോടും പിതാവിന് തുല്യ ബാധ്യത ഉണ്ട്, എല്ലാ മക്കൾക്കും പിതാവിൽ തുല്യ അവകാശവും ഉണ്ട്. പിതാവ് ഒരു മകന് മാത്രം വല്ലതും നൽകിയാൽ അത് മറ്റു മക്കളോട് ചെയ്യുന്ന അനീതിയാണ്. ദൈവത്തിനു ഒരു മനുഷ്യനോടും ഒരു ബാധ്യതയും ഇല്ല ഒരു മനുഷ്യനും ദൈവത്തിന്റെ അടുക്കൽ ഒരു അവകാശവും ഇല്ല. അതിനാൽ ജനന കാര്യത്തിൽ ദൈവം അനീതി ചെയ്യുന്നു എന്ന വാദത്തിന് ഒരു പ്രസക്തിയും ഇല്ല. 

5) ദൈവം പരമാധികാരിയാണ്. അവന് യുക്തമെന്നു തോന്നിയ രൂപത്തിൽ അവൻ ഓരോരുത്തരെയും ജനിപ്പിക്കുന്നു. ഒരു ശില്പി അയാളുടെ അടുത്തുള്ള കല്ലിൽ അയാൾക്ക് യുക്തമെന്നു തോന്നിയ ശിൽപം കൊത്തിയെടുക്കുന്നു. ഇവിടെ ശില്പിക്ക് ശില്പത്തോട് ഒരു ബാധ്യതയും ഇല്ല. ശില്പത്തിന് ശില്പിയുടെ അടുക്കൽ ഒരു അവകാശവും ഇല്ല. ശില്പി പരമാധി കാരിയാണ്. ദൈവം പരിപൂർണ്ണ പരമാധികാരിയാണ്. 

6) ദൈവം ഓരോ മനുഷ്യനെയും ഭൂമിയിൽ ജനിപ്പിക്കുന്നത് പരീക്ഷിക്കാൻ ആണെന്നും ഓരോ മനുഷ്യനും വെവ്വേറെ പരീക്ഷ നടത്താനാണ് ദൈവം ഉദ്ദേശിക്കുന്നത് എന്നുമാണ് ജൂത ക്രിസ്ത്യൻ ഇസ്‌ലാം പോലുള്ള സെമിറ്റിക് മതങ്ങളുടെ ദൈവ വിശ്വാസങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. എല്ലാ മനുഷ്യർക്കും ഒരേ ചോദ്യ പേപ്പർ അല്ല. 

7) ഓരോ മനുഷ്യനും എന്തുണ്ടോ അതെല്ലാം ദൈവം പരീക്ഷിക്കാൻ വേണ്ടിയാണ്  നൽകിയത് എന്നു സെമിറ്റിക് മതങ്ങൾ പറയുന്നു. ധനം, ദാരിദ്ര്യം, ആരോഗ്യം, രോഗം, സൗന്ദര്യം, വൈരൂപ്യം, വൈകല്യം... എല്ലാം ദൈവം പരീക്ഷക്കായി നൽകുന്നു. മനുഷ്യർ പരസ്പരം തന്നെ പരീക്ഷയാണ്. ദരിദ്രർ ധനികർക്ക് ഉള്ള പരീക്ഷയാണ്. രോഗികൾ ആരോഗ്യമുള്ളവർക്ക് ഉള്ള പരീക്ഷയാണ്. കുഞ്ഞുങ്ങൾ മാതാപിതാക്കൾക്ക് ഉള്ള പരീക്ഷയാണ്. വൃദ്ധ മാതാപിതാക്കൾ മക്കൾക്കുള്ള പരീക്ഷയാണ്. എല്ലാ മനുഷ്യരും ഒരു പോലെ ആയാൽ പരീക്ഷക്ക് വലിയ പ്രാധാന്യം ഇല്ലല്ലോ. 

8) ദൈവം മനുഷ്യന് പരീക്ഷ നടത്തുന്നത് ദൈവത്തിനു എന്തെങ്കിലും അറിയാൻ വേണ്ടിയല്ല, ഭൂമിയിൽ ജനിക്കാൻ അവസരവും കൂടെ കഴിവും സ്വാതന്ത്ര്യവും കിട്ടിയിട്ട് മനുഷ്യൻ എന്ത് ചെയ്തു എന്നു മനുഷ്യർക്ക് തന്നെ അറിയാൻ വേണ്ടിയാണ്. ദൈവം പരീക്ഷ നടത്തുന്നത് മനുഷ്യന് ജയിക്കാനും ഉന്നത സ്ഥാനത്തു എത്താനും വേണ്ടിയാണ്. മനുഷ്യൻ തോൽക്കുന്നത് അവന്റെ തന്നെ ചെയ്‌തിയാണ്.  

9) പരീക്ഷ നടത്തിപ്പിൽ ആരോടും ദൈവം അക്രമം ചെയ്യില്ല, അനീതി ചെയ്യില്ല, റിസൽറ്റുകൾ മാറ്റി മറിക്കില്ല, അവയിൽ കൃത്രിമം കാണിക്കില്ല എന്ന് മിക്ക വേദ ഗ്രന്ഥങ്ങളിലും ദൈവം ഉറപ്പിച്ചു പറയുന്നു. 

10) രണ്ടു മനുഷ്യരെ തമ്മിൽ താരതമ്യം ചെയ്തിട്ടു ഒരാൾക്ക് ദൈവം കൂടുതൽ കൊടുത്തു മറ്റെയാൾക്ക് ദൈവം കുറച്ചു കൊടുത്തു എന്ന് നമുക്ക് തോന്നിയേക്കും. എന്നാൽ കുറച്ചു കിട്ടിയവൻ അവനുള്ള പരീക്ഷയാണ് നേരിടുന്നത്. കൂടുതൽ കിട്ടിയവൻ അവനുള്ള പരീക്ഷയും. മനുഷ്യർ വ്യത്യസ്തരായി ജനിച്ചതിനാൽ വ്യത്യസ്ത പരീക്ഷകൾ നേരിടുന്നു. 

11) ചില മനുഷ്യർക്ക് കടുത്ത പരീക്ഷയാണ് ദൈവം ഏർപ്പെടു ത്തുന്നത്, ചിലർക്ക് ലഘുവായ പരീക്ഷയും. എല്ലാവരെയും ഒരു പോലെ ജനിപ്പിക്കാം എന്നോ എല്ലാർക്കും ഒരേ പരീക്ഷ തന്നെ നടത്താമെന്നോ ദൈവം പറഞ്ഞിട്ടില്ല. കടുത്ത പരീക്ഷയിൽ ജയിച്ചവൻ അതിനുള്ള നേട്ടവും ലഘുവായ പരീക്ഷ ജയിച്ചവൻ അതിനുള്ള നേട്ടവും ദൈവത്തിൽ നിന്നു കരസ്ഥമാക്കുന്നു. അക്കാര്യത്തിൽ ദൈവം അനീതി കാണിക്കില്ല. ഉള്ളവന് ഉള്ളത് ദൈവം വകവെച്ചു കൊടുക്കുന്നു.

12) സകല കാര്യത്തിലും മനുഷ്യർ ഭൂമിയിൽ തുല്യരായി ജനിക്കുക എന്നത് അത്ര യുക്തി പരമായ കാര്യമല്ല. അങ്ങനെ ആവുമ്പോൾ മനുഷ്യ സമൂഹം നില നിൽക്കാൻ പ്രയാസപ്പെടും. എല്ലാവരും തൊഴിലാളികൾ ആയാൽ ആര് തൊഴിൽ നൽകും, എല്ലാവരും മുതലാളിമാർ ആയാൽ ആര് തൊഴിൽ ചെയ്യും, എല്ലാവരും പുരുഷന്മാർ ആയാൽ മനുഷ്യ സമൂഹം എങ്ങനെ നിൽക്കും, എല്ലാ മൃഗങ്ങളും സിംഹമായി ജനിച്ചാൽ അവ എന്തിനെ തിന്നു വിശപ്പടക്കും. എല്ലാ മനുഷ്യരും ഭൂമിയിലേക്ക് ഒരേ അച്ചിൽ വാർക്കപ്പെട്ട റോബോട്ടുകൾ ആയി ജനിച്ചിരുന്നു എങ്കിൽ ആരെയും തിരിച്ചറിയാത്ത ഒരു അറുബോറ് പരിപാടി ആയേനെ അത്. 

13) ദൈവം ഭൂമിയിൽ മനുഷ്യരെ യുക്തി ഭദ്രമായ രൂപത്തിൽ വ്യത്യസ്തമായി വിന്യസിച്ചിരിക്കുന്നു. ദൈവിക യുക്തി മിക്കപ്പോഴും മനുഷ്യന് മനസ്സിലാകണം എന്നില്ല. ചിന്തിക്കുന്നവർക്ക് കുറച്ചേറെ കാര്യങ്ങൾ മനസ്സിലാവാം. എല്ലാ കാര്യത്തിലും തുല്യതയുള്ള മനുഷ്യരെ കൊണ്ടു ഭൂമിയെ സമത്വ സുന്ദര ലോകം ആക്കാമെന്നു ദൈവം നിശ്ചയിച്ചിട്ടില്ല. സകല കാര്യത്തിലും തുല്യതയുള്ള ഒരു സമൂഹത്തെ ഉണ്ടാക്കാൻ ചരിത്രത്തിൽ ഇന്നേവരെ ഒരു സാമൂഹ്യ വ്യവസ്ഥക്കും കഴിഞ്ഞിട്ടുമില്ല. 

14) വ്യത്യസ്ത കഴിവുകളോടെ ഭൂമിയിൽ ജനിച്ചു വ്യത്യസ്ത പരീക്ഷകൾ നേരിട്ട മനുഷ്യർ പ്രസ്തുത പരീക്ഷയിലെ ജയ പരാജയങ്ങളുടെ അടിസ്ഥാനത്തിൽ മരണ ശേഷമുള്ള ജീവിതത്തിലും പരലോകത്തും വ്യത്യസ്ത പദവികളിൽ ആയിരിക്കും എന്നാണ് സെമിറ്റിക് മതങ്ങൾ പഠിപ്പിക്കുന്നത്. സ്വർഗത്തിൽ പോലും സമത്വം ഉണ്ടെന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല. 

15) ജനിക്കുന്ന കുഞ്ഞുങ്ങളെ എല്ലാം ദൈവം ഒരു പോലെ ജനിപ്പിച്ചാലും ജനനം മുതൽ അവർ അതുല്യരാവാൻ തുടങ്ങുന്നു. ഭൂമിയിൽ മനുഷ്യർ തന്നെ സംവിധാനിച്ച അസമത്വം നിറഞ്ഞ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളും നിയമങ്ങളും മനുഷ്യരെ കൂടുതൽ അസമരാക്കുന്നു. മനുഷ്യർ ഉണ്ടാക്കി വെച്ച എല്ലാ അസ്വമത്വങ്ങളും ദൈവത്തിനു മേൽ ചുമത്തിയിട്ടു കാര്യമില്ല. 

16) രോഗങ്ങളും വൈകല്യങ്ങളും കൊണ്ടു കുഞ്ഞുങ്ങൾ ജനിക്കുന്നതിനെല്ലാം കാരണം ദൈവമാണ് എന്നു പറയുന്നതിൽ വസ്തുതയില്ല. മനുഷ്യർ ഉണ്ടാക്കി വെച്ച കാരണങ്ങൾ കൊണ്ട് തന്നെയാണ് ജന്മ വൈകല്യങ്ങൾ അധികവും സംഭവിക്കുന്നത്. വികലാംഗരെ ജനിപ്പിക്കുന്നത് ദൈവമല്ലെ എന്ന എന്റെ ബ്ലോഗ് പോസ്റ്റിൽ ഇത് വിവരിച്ചിട്ടുണ്ട്.

17) സുഖ സമ്പൂർണ്ണ ജീവിതം നയിക്കുന്നവർക്ക് മാത്രം ദൈവം കുഞ്ഞുങ്ങളെ നൽകുകയും കഷ്ടതകളിൽ ജീവിക്കുന്നവർക്ക് കുഞ്ഞുങ്ങളെ നൽകാതിരിക്കുകയും ചെയ്യുമ്പോൾ ദൈവം മുതലാളിമാരുടെ മാത്രം ആളായി മാറുന്നു. കുഞ്ഞു ങ്ങൾക്ക് വേണ്ടി ദൈവത്തോട് തേടുന്ന പാവങ്ങളുടെ പ്രാർത്ഥന ദൈവത്തിന് തള്ളി കളയേണ്ടി വരുന്നു. ദൈവം അങ്ങനെയല്ല, ദൈവം സകല മനുഷ്യരുടെയും ദൈവമാണ്. കുഞ്ഞുങ്ങൾ വ്യത്യസ്തരായി ജനിക്കാനുള്ള ഒരു കാരണം ആണിത്.

18) നാടകത്തിന്റെ ആദ്യ സീനുകൾ കണ്ട ശേഷം കാണികളിൽ ഒട്ടേറെ ചോദ്യങ്ങൾ ഉണ്ടാകൽ സ്വാഭാവികമാണ്. നാടകം മുഴുവൻ കാണുമ്പോൾ അവയ്ക്കുള്ള ഉത്തരങ്ങൾ കിട്ടും. ഇപ്പോൾ മുന്നിലുള്ള മനുഷ്യരെ കാണുമ്പോൾ ദൈവത്തോട് ഒട്ടേറെ ചോദ്യങ്ങൾ ചോദിക്കാൻ തോന്നൽ സ്വാഭാവികമാണ്. പക്ഷെ ഇഹലോകം തീർന്നിട്ടില്ല. തീരാത്തത് കൊണ്ടാണ് ചോദ്യങ്ങൾ ഉണ്ടാവുന്നത്. ഇഹലോകം തീർന്നാൽ പരലോകമുണ്ട്. അവിടുത്തെ സീനുകളും കഴിയുമ്പോൾ ആണ് എന്ത് യുക്തിയുടെയും നീതിയുടെയും അടിസ്ഥാനത്തിൽ ആണ് ദൈവം ഭൂമിയിൽ മനുഷ്യരെ വ്യത്യസ്തരായി ജനിപ്പിച്ചത് എന്നു മനുഷ്യർക്ക് പൂർണ്ണമായി മനസ്സിലാകുക. 

അൻസാർ അലി നിലമ്പൂർ

4 September 2018

വികലാംഗരെ ജനിപ്പിക്കുന്നത് ദൈവമല്ലേ..?

ദൈവം കാരുണ്യവാനും മികച്ച സൃഷ്ടാവും ആയിട്ട് എന്തു കൊണ്ടാണ് ചില കുഞ്ഞുങ്ങൾ ജന്മ വൈകല്യങ്ങളും മാരക രോഗങ്ങളും കൊണ്ട് ജനിക്കുന്നത്, എന്തു കുറ്റം ചെയ്തിട്ടാണ് കുഞ്ഞുങ്ങൾക്ക് വൈകല്യങ്ങളും രോഗങ്ങളും ദൈവം നൽകുന്നത്, പരീക്ഷണം നേരിടാൻ ബുദ്ധിയും കഴിവും ഇല്ലാത്ത അവർക്ക് എന്ത് പരീക്ഷണം ആണ് അതിലൂടെ ദൈവം ഉദ്ദേശിക്കുന്നത്..? 

ഈ ചോദ്യം പണ്ട് മുതലെ ദൈവ വിശ്വാസികളും നിഷേധികളുമായ മനുഷ്യർ ചോദിച്ചു വരുന്നതാണ്. അന്ന് മുതലെ പ്രവാചകന്മാരും വിവിധ മതക്കാരായ ദൈവ ശാസ്ത്രജ്ഞരും ഇതിനു മറുപടിയും പറഞ്ഞു വരുന്നു. പ്രസ്തുത മറുപടികൾ ഇങ്ങനെ ചുരുക്കി വിവരിക്കാം. 

1) യാതൊരു ജന്മ വൈകല്യങ്ങളും രോഗങ്ങളും ഇല്ലാതെ ജനിച്ച് ആരോഗ്യത്തോടെ നോർമലായി ജീവിച്ചു പോകുന്ന കോടാനു കോടി മനുഷ്യരെയും മറ്റു ജീവികളെയും കണ്ടാൽ തന്നെ അറിയാം ദൈവം മികച്ചൊരു സൃഷ്ടാവ് ആണെന്ന്.  

2) ചില കുഞ്ഞുങ്ങൾ വൈകല്യങ്ങളോടെ ജനിക്കുന്നത് ദൈവത്തിനു ആ കുഞ്ഞുങ്ങളോട് വിരോധം ഉണ്ടായിട്ടല്ല. ആർക്കെങ്കിലും ഉള്ള ദൈവിക ശിക്ഷ ആയിട്ടുമല്ല. മാരക രോഗങ്ങ ളോടെയും വൈകല്യ ങ്ങളോടെയും ജനിക്കുന്ന കുഞ്ഞുങ്ങൾ എല്ലാം അങ്ങനെ ജനിക്കാൻ കാരണം താനാണ് എന്ന് ദൈവം എവിടെയും പറഞ്ഞിട്ടുമില്ല.

3) കുഞ്ഞുങ്ങൾ കേടുപാടുകൾ ഇല്ലാതെ പൂർണ്ണരായി ജനിക്കണം എന്നതാണ്  ദൈവം നിശ്‌ചയിച്ച പ്രകൃതി വ്യവസ്ഥ. അതിൽ ആരൊക്കെയോ താള പിഴവുകൾ വരുത്തുന്നതാണ് ജനന വൈകല്യ ങ്ങൾക്കുള്ള മുഖ്യ കാരണം.

4) ചില കുഞ്ഞുങ്ങൾ മാരക രോഗങ്ങളോടെ ജനിക്കുന്നത് അവരുടെ മാതാ പിതാക്കൾ അവർക്കാ രോഗങ്ങൾ നൽകിയതു കൊണ്ടാണ്. മാതാ പിതാക്കൾക്ക് എയിഡ്സ്  ഉണ്ടായാൽ ജനിക്കുന്ന കുഞ്ഞിനും എയിഡ്സ് ഉണ്ടാകൽ സ്വാഭാവികമാണ്. 

5) മാതാവ് ഗർഭ കാലത്തു ചില കടുത്ത മരുന്നുകൾ ഉപയോഗിച്ചാൽ ജനിക്കുന്ന കുഞ്ഞിന് വൈകല്യം ഉണ്ടാകൽ സ്വാഭാവികമാണ്. 

6) റേഡിയേഷൻ വമിക്കുന്ന കെമിക്കലുകൾ കൊണ്ടും വിഷ വാതകങ്ങൾ കൊണ്ടും മനുഷ്യർ പരിസ്ഥിതിയെ മലിനമാക്കുമ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങൾ വൈകല്യത്തോടെ ജനിക്കൽ സ്വാഭാവികമാണ്. അണുബോംബ് വർഷിക്കപ്പെട്ട ഹിരോഷിമയിലും നാഗസാക്കിയിലും ജനിച്ച കുഞ്ഞുങ്ങൾക്ക് വൈകല്യം ഉണ്ടായത് ദൈവം കാരണമല്ല. 

7) മാതാ പിതാക്കൾ മദ്യപിക്കുകയും മയക്കു മരുന്നു ഉപയോഗിക്കുകയും പുക വലിക്കുകയും ചെയ്യുമ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വൈകല്യങ്ങളും രോഗങ്ങളും ഉണ്ടാകൽ സ്വാഭാവികമാണ്. 

8) ഗർഭ കാലത്ത് മാതാവിന് ഏൽക്കുന്ന അണു ബാധകൾ ജനിക്കുന്ന കുഞ്ഞിന് വൈകല്യങ്ങളും രോഗങ്ങളും ഉണ്ടാക്കുന്നു. 

9) ജനിതക ക്രമക്കേടുകളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് രോഗങ്ങളും വൈകല്യങ്ങളും ഉണ്ടാകുന്നു. ശരീര കോശ കേന്ദ്രത്തിൽ 46 ക്രോമോസോമുകൾ ഉണ്ടെന്നും ക്രോമോസോമുകളിൽ ഡി എൻ എ ഉണ്ടെന്നും ഡി എൻ എ കളിൽ ജീനുകൾ ഉണ്ടെന്നും മൊത്തം ജീനുകൾ 35000 ത്തോളം ആണെന്നും നമുക്കറിയാം. മാതാവിന്റെ 23 ക്രോമോസോമുകളും പിതാവിന്റെ 23 ക്രോമോസോമുകളും ചേർന്നാണ് കുഞ്ഞിന്റെ കോശം രൂപപ്പെടുന്നത്. കേടുള്ളതും രോഗകാരികളും ആയ ജീനുകൾ മാതാ പിതാക്കളിൽ നിന്ന് കുഞ്ഞിൽ എത്തുമ്പോൾ കുഞ്ഞിന് രോഗങ്ങളും വൈകല്യങ്ങളും ഉണ്ടാകുന്നു. ജനിതക ക്രമക്കേടുകൾ ആണ് ജനന വൈകല്യ ങ്ങളുടെ മുഖ്യ കാരണം. 

10) എന്തു കൊണ്ടാണ് ജനിതക ക്രമക്കേടുകൾ ഉണ്ടാകുന്നത് എന്ന് കണ്ടെത്താൻ പഠനങ്ങൾ എമ്പാടും നടന്നിട്ടുണ്ട്. മനുഷ്യന്റെ അതിക്രമങ്ങൾ തന്നെയാണ് മിക്ക ക്രമക്കേടു കളുടെയും കാരണം. എല്ലാ മനുഷ്യരിലും രോഗങ്ങൾക്ക് കാരണമാകുന്ന കുറച്ചെണ്ണം അപകട കാരികൾ ആയ ജീനുകൾ കാണപ്പെടുന്നു. അവ ഉണ്ടെന്നതിനാൽ രോഗം വരണം എന്നില്ല. ചില ബാഹ്യമായ ഘടകങ്ങൾ അവയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി അവ പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്. ബ്ലഡ് കാൻസറിന്‌ കാരണമായ ജീൻ ഒരാളിൽ നിന്നു അയാളുടെ മക്കളിലേക്ക് പകർന്നാൽ എല്ലാ മക്കൾക്കും ബ്ലഡ് കാൻസർ വരണമെന്നില്ല. അപകട കാരികൾ ആയ ജീനുകൾ ഉണ്ടാകുന്നതിനു പിന്നിലും കാരണങ്ങൾ ഉണ്ട്.  

11) ചുരുക്കി പറഞ്ഞാൽ കൃത്യമായ കാരണങ്ങൾ ഇല്ലാതെ ഒരു കുഞ്ഞും രോഗങ്ങളും വൈകല്യങ്ങളും കൊണ്ടു ജനിക്കുന്നില്ല. അവയിൽ ഏകദേശം മുപ്പതു ശതമാനത്തോളം കാരണങ്ങൾ മാത്രമാണ് ഇക്കാലം വരെ ശാസ്ത്രം കണ്ടുപിടിച്ചത്. മറ്റു കാരണങ്ങൾ അജ്ഞാതമാണ്, കണ്ടെത്താൻ ശാസ്ത്രം ശ്രമിച്ചു കൊണ്ടിരിക്കുന്നു. 

12) ദൈവമാണ് കാരണ- ഫല വ്യവസ്‌ഥ നിശ്ചയിച്ചത് എന്നാണ് ദൈവ വിശ്വാസികൾ കരുതുന്നത്. അതിനർത്ഥം എല്ലാ കാരണവും ദൈവം പ്രവർത്തി ക്കുന്നു എന്നല്ല. ഒരു ഫലം ഉണ്ടാകാൻ ദൈവം നിശ്‌ചയിച്ച കാരണം ആരെങ്കിലും  പ്രവർത്തിച്ചാൽ അതിനു ഫലം ഉണ്ടാകുന്നു. മദ്യപിക്കുക എന്നതൊരു കാരണം ആണ്. മദ്യപിച്ചാൽ കരൾ വീക്കം ഉണ്ടാവുക എന്നത് അതിന്റെ ഫലമാണ്. മനുഷ്യനാണ് കാരണം പ്രവർത്തി ക്കുന്നത്. ദൈവമല്ല. ആരെങ്കിലും പ്രവർത്തിക്കുന്ന കാരണം കൊണ്ട് ഉണ്ടാകുന്ന ഫലങ്ങൾ എല്ലാം ദൈവത്തിൽ ചാർത്തേണ്ട ആവശ്യമില്ല. അങ്ങനെയുള്ള എല്ലാറ്റിനും ദൈവം ഉത്തരവാദിയല്ല എന്നാണ് ദൈവ വിശ്വാസികൾ കരുതുന്നത്. 

13) മനുഷ്യേതര ജീവികളുടെ കുഞ്ഞുങ്ങളും രോഗങ്ങളും വൈകല്യങ്ങളും കൊണ്ടു ജനിക്കുന്നല്ലോ എന്നു ചോദിച്ചാൽ അവിടെയും പ്രവർത്തിക്കുന്നത് കാരണങ്ങൾ തന്നെയാണ്. റേഡിയേഷനും പാരിസ്ഥിതി മലിനീകരണവും കോസ്മിക് രശ്മികളും മനുഷ്യരെ മാത്രമല്ല സകല ജീവികളെയും ബാധിക്കുകയും അവയുടെ ജനിതക ഘടനകളിൽ മാറ്റം വരികയും രോഗങ്ങളും ജന്മ വൈകല്യങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. 

14) മിക്ക ജന്മ വൈകല്യങ്ങളും രോഗങ്ങളും ഉണ്ടാക്കുന്നത് ദൈവം അല്ലെങ്കിൽ ദൈവത്തിനു അത്തരം കുഞ്ഞുങ്ങൾ ജനിക്കുന്നത് തടഞ്ഞു കൂടെ എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ എന്തു കൊണ്ട്  ചില ക്രൂരതകളും തിന്മകളും ദൈവം തടയുന്നില്ല എന്ന എന്റെ ബ്ലോഗ് പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. വായിക്കുക. 

15) ജന്മ വൈകല്യങ്ങൾക്കും രോഗങ്ങൾക്കും മുഴുവൻ കാരണം ദൈവമല്ല എന്ന് നാം കണ്ടു കഴിഞ്ഞു. എന്നാൽ ചില കുഞ്ഞുങ്ങളെ ദൈവം തന്നെ വൈകല്യങ്ങളും രോഗങ്ങളും കൊണ്ടു ജനിപ്പിക്കാറുണ്ട്. ദൈവം മനുഷ്യന് അവൻ ഇഷ്ടപ്പെടുന്നത് മാത്രമല്ല ഇഷ്ടപ്പെടാ ത്തതും നൽകാറുണ്ട് എന്നത് ദൈവ വിശ്വാസത്തിന്റെ കാതലായ വശമാണ്. മനുഷ്യന് ഇഷ്ടപ്പെടുന്നത് മാത്രം നൽകാൻ ദൈവം മനുഷ്യന്റെ അടിമയല്ലല്ലോ. 

16) വല്ല കുഞ്ഞിനെയും ദൈവം തന്നെ വൈകല്യങ്ങൾ കൊണ്ടു ജനിപ്പിക്കുന്നു എങ്കിൽ അത് ആത്യന്തികമായ ഗുണം കണ്ട് ദൈവം തന്റെ യുക്തിയുടെ അടിസ്ഥാന ത്തിൽ ചെയ്യുന്നതാണ്. കേവലം നൈമിഷികമായ കാരുണ്യം ചെയ്യുക എന്നതിനപ്പുറം സകലതിലും ദൈവം  ആത്യന്തികമായ നന്മ നടപ്പിലാക്കുന്നു. ഇത് മനുഷ്യന് പെട്ടെന്ന് മനസ്സിലാകണം എന്നില്ല. മനുഷ്യ യുക്തിക്ക് പരിമിതികൾ ഉണ്ട്. ഇത് മനുഷ്യ യുക്തിയുടെ പരിമിതികൾ എന്ന എന്റെ ബ്ലോഗ് പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. 

17) വർഷങ്ങളോളം കുഞ്ഞുങ്ങൾ ഇല്ലാതെ അവസാനം ഒരു കുഞ്ഞു ഉണ്ടായത് വികലാംഗൻ. ഒന്നുമില്ലാത്തതിലും ഭേദം ഇതെന്ന് കരുതി മാതാപിതാക്കൾ ആ കുഞ്ഞിനെ സ്നേഹിച്ചു വളർത്തി. വികലാംഗൻ ആയ കാരണം പെട്ടെന്ന് സർക്കാർ ജോലി കിട്ടി. മാതാപിതാ ക്കൾക്ക് താങ്ങും തണലും ആകാൻ കഴിഞ്ഞു. ജോലിയുള്ള ഒരു വികലാംഗ പെണ്കുട്ടിയെ കല്യാണം കഴിച്ചപ്പോൾ ഒരു കേടുപാടും ഇല്ലാത്ത കുഞ്ഞുങ്ങൾ ഉണ്ടായി. സ്വസ്ഥം സുന്ദരം ആ കുടുംബ ജീവിതം!!. ഇത് നേർക്ക് നേർ കണ്ട അനുഭവം. മനുഷ്യൻ ഉദ്ദേശിക്കുന്ന പോലെ തന്നെ ദൈവം പ്രവർത്തിക്കണം എന്നു ദൈവ നിഷേധികൾ വാശി പിടിക്കരുത്. 

അൻസാർ അലി നിലമ്പൂർ

1 September 2018

ക്രൂരതകൾ തടയാത്ത ദൈവമോ.. ?

ദൈവം സർവജ്ഞനും സർവ ശക്തനും പരമ കാരുണികനും ആയിട്ടു എന്തു കൊണ്ട് ഭൂമിയിൽ നടക്കുന്ന തിന്മകളും ക്രൂരതകളും തടയുന്നില്ല, ഇതു ദൈവമില്ല എന്നതിന് തെളിവാണ്, ദൈവവും തിന്മകളും ഒരുമിച്ചു നില നിൽക്കില്ല, ഒരുമിച്ചു നില നിൽക്കുന്നു എങ്കിൽ അതിനർത്ഥം ദൈവം കാരുണ്യവാനോ സർവ ശക്തനോ അല്ലെന്നാണ് ... ഈ വാദമാണ് ഫിലോസഫിയിൽ തിന്മയുടെ പ്രശ്നം (Problem of Evil) എന്ന് അറിയ പ്പെടുന്നത്. ദൈവമില്ല എന്നു പറയാൻ വേണ്ടി പണ്ടു കാലം മുതലെ ബുദ്ധിയുള്ള മനുഷ്യർ ഈ പ്രശ്നം ഉന്നയിച്ചു വരുന്നു. അറിയപ്പെട്ട ചരിത്രത്തിൽ ഗ്രീക്ക് ഫിലോസഫർ എപ്പിക്യൂറസ് ആണ് ഈ പ്രശ്നം ആദ്യം ഉന്നയിച്ചത് എന്നു കാണുന്നു. 

പിഞ്ചു കുഞ്ഞുങ്ങളും മൃഗങ്ങളും അനുഭവിക്കുന്ന ക്രൂരതകൾ അവർ വല്ല കുറ്റവും ചെയ്തിട്ടു ദൈവം ശിക്ഷിക്കുക യാണ് എന്നു പറഞ്ഞു കൂടാ, ബുദ്ധിയില്ലാത്ത അവരെ ദൈവം പരീക്ഷിക്കുന്നു എന്നും പറഞ്ഞു കൂടാ, കാട്ടു തീയിൽ വെന്തെരിയുന്ന കാട്ടു മൃഗങ്ങൾ എന്തു കുറ്റം ചെയ്തു, പ്രളയത്തിൽ മുങ്ങി ചാകുന്ന ജീവികൾ എന്തു കുറ്റം ചെയ്തു, ഇതെല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും സർവ ശക്തനും കാരുണ്യവാനും ആയ ദൈവം ചുമ്മാ നോക്കി നിൽക്കുവാണോ, എന്തു കൊണ്ട് തടയുന്നില്ല, എന്നാണ് ദൈവ നിഷേധികൾ ചോദിക്കുന്നത്. ഈ ചോദ്യത്തിന് കാലങ്ങളായി ദൈവ ശാസ്ത്രജ്ഞർ പല ഉത്തരങ്ങളും പറഞ്ഞു വരുന്നു. ഇപ്പോഴും ഈ ചോദ്യം ഉയരുന്നു, അതോടൊപ്പം ഉത്തരങ്ങളും. ഈ ചോദ്യം ഉയരാൻ തുടങ്ങിയ ഗ്രീക്ക് ഫിലോസഫിയുടെ കാലം മുതൽ ദൈവ ശാസ്ത്രജ്ഞർ പറഞ്ഞു വരുന്ന പ്രധാന ഉത്തരങ്ങൾ (Theodicy) ആണ് താഴെ കൊടുക്കുന്നത്. 

1) കാരുണ്യവാനായ ദൈവം ഉണ്ടെങ്കിൽ എന്തു കൊണ്ട് ആ ദൈവം തിന്മകൾ തടയുന്നില്ല എന്ന ചോദ്യം ദൈവ നിഷേധികൾക്ക് ചോദിക്കാൻ അർഹത ഇല്ലെന്നു പറയപ്പെടുന്നു. ഈ ചോദ്യം ചോദിക്കാൻ ആദ്യം ദൈവം ഉണ്ടെന്നു സമ്മതിക്കണമല്ലോ. തിന്മകൾ ഉണ്ട്, പക്ഷെ ദൈവം ഇല്ല എന്നു പറഞ്ഞാൽ ഈ ചോദ്യം ശരിയല്ല. തിന്മകൾ ഉണ്ട്, ദൈവവും ഉണ്ട്, പക്ഷെ ദൈവം തിന്മകൾ തടയുന്നില്ല എന്നു പറഞ്ഞാൽ ഈ ചോദ്യം ശരിയാണ്. ദൈവം ഇല്ലാഞ്ഞിട്ടു എന്തു കൊണ്ട് തിന്മകൾ തടയുന്നില്ല എന്നല്ലല്ലോ ചോദ്യം. ദൈവം ഉണ്ടായിട്ടു എന്തുകൊണ്ട് തിന്മകൾ തടയുന്നില്ല എന്നാണ്. അപ്പോൾ ഒരു ദൈവ നിഷേധി ഈ ചോദ്യം ചോദിക്കൽ യുക്തിപരമല്ല. ദൈവം ഉണ്ടെന്നു സമ്മതിച്ചാൽ മാത്രം സാധുവാകുന്ന ഈ ചോദ്യം ഒരു ദൈവ വിശ്വാസിക്ക് ചോദിക്കാം. 

2) സർവ ശക്തനും സർവജ്ഞനും കാരുണ്യവാനും ആയ ദൈവം എന്തു കൊണ്ട് ക്രൂരതകൾ തടയുന്നില്ല എന്ന ചോദ്യത്തിന് പറയപ്പെടുന്ന മറ്റൊരു ഉത്തരം ഇങ്ങനെയാണ്; ദൈവം കാരുണ്യവാൻ മാത്രമല്ല, അത്യധികം യുക്തിമാനും കൂടിയാണ്, ദൈവത്തിന്റെ യുക്തി പ്രകാരം പ്രപഞ്ചത്തെ സംബന്ധിച്ചു ദൈവത്തിന് ഒരു പ്ലാനും ഉന്നതമായ ലക്ഷ്യവും ഉണ്ട്, ആ പ്ലാനിനും ലക്ഷ്യത്തിനും അനുസരിച്ച് ദൈവം അപാര കാരുണ്യം ചെയ്യുന്നുമുണ്ട്, തടയേണ്ട ക്രൂരതകൾ ദൈവം തടയുന്നുമുണ്ട്, എന്നാൽ ചിലത് ദൈവം തടയാതെ വിടുന്നുമുണ്ട്, ദൈവം തടയാതെ വിടുന്ന ക്രൂരതകൾക്ക് പിന്നിൽ എന്താണ് ദൈവത്തിന്റെ യുക്തി എന്നു അല്പജ്ഞരായ മനുഷ്യർക്ക് അറിയില്ല, സകല ക്രൂരതകളും തടഞ്ഞാൽ മാത്രമെ ദൈവം കാരുണ്യവാൻ ആകൂ എന്നില്ല, ഒരു രാജ്യം ഭരിക്കുന്നവൻ ചില അനീതികൾ തടയാതെ ഇരിക്കുന്നതിന് പിന്നിൽ ചില യുക്തികൾ ഉണ്ടാകും, അത് പ്രജകൾ അറിയണം എന്നില്ല, ഇതൊക്കെ ദൈവത്തിന്റെ സ്വന്തം കാര്യവും പരമാധികാരവും മനുഷ്യർക്ക് ദുർഗ്രാഹ്യവും ആണ്. 

3) ദൈവം ഭൂമിയിൽ നടക്കുന്ന പല തിന്മകളും ക്രൂരതകളും തടയാത്തത് അതിന് ദൈവത്തിന് കഴിവ് ഇല്ലാഞ്ഞിട്ടോ അത് ദൈവത്തിന് ഇഷ്ടമായിട്ടോ അല്ല, ദൈവം കാരുണ്യവാൻ അല്ലാഞ്ഞിട്ടുമല്ല, പിന്നെയോ, ചില ക്രൂരതകൾ കൊണ്ടും തിന്മകൾ കൊണ്ടും ദൈവം വലിയ നേട്ടങ്ങൾ ഭൂമിക്ക് തിരിച്ചു നൽകാറുണ്ട്, ചിലപ്പോൾ ഒരു ചെറിയ ക്രൂരത നടക്കുന്നത് കൊണ്ടു അതിനേക്കാൾ വലിയൊരു ക്രൂരതയെ ദൈവം വഴി തിരിച്ചു വിടാറുമുണ്ട് എന്നത് കൊണ്ടാണ് എന്നു പറയപ്പെടുന്നു. ഒരു കാലത്തു ഭൂമി അടക്കി വാണിരുന്ന വമ്പൻ ജീവികളായ ദിനോസർകൾ പ്രകൃതി ക്ഷോഭം വഴി നശിച്ചത് കൊണ്ടാണ് ഇന്ന് ഫോസിൽ ഇന്ധനം ഭൂമിയിൽ നിന്ന് സുലഭമായി ലഭിക്കുന്നത് പോലുള്ള ഉദാഹരണങ്ങൾ ഈ ഉത്തരത്തിനു പിൻബലമായി പറയപ്പെടുന്നു. തിന്മകളും ക്രൂരതകളും ചിലർക്ക് ദോഷമായി ഭവിക്കുന്നു എങ്കിലും അതു കൊണ്ടു മറ്റു ചില വലിയ ഗുണങ്ങൾ സമൂഹത്തിന് കിട്ടിയേക്കാം എന്നർത്ഥം. യുക്തിപരമല്ലാത്ത നൈമിഷിക കാരുണ്യമല്ല ആത്യന്തികമായ നന്മയാണ് ദൈവം ഉദ്ദേശിക്കുന്നത്.

4) മറ്റൊരു ഉത്തരം, അന്യായമായി വേദനയും യാതനയും സഹിക്കേണ്ടി വന്ന ഏതൊരു ജീവിക്കും ദൈവം പിന്നീട് അതിനു തൃപ്തി വരുന്നത്ര നന്മ ചെയ്യും എന്നതാണ്. ദൈവം നിശ്ചയിച്ച ഒരു അവധിക്ക് ശേഷം ദൈവത്തിന്റെ അപാര കാരുണ്യം സൃഷ്ടികൾക്ക് മേൽ ചൊരിയാനുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് പലർക്കും പലതും കാരണമില്ലാതെ ഭൂമിയിൽ വെച്ച് സഹിക്കേണ്ടി വരുന്നത് എന്നു പറയപ്പെടുന്നു. പരലോകം ഭൂമിയിൽ വെച്ച് ജീവികൾ സഹിച്ച എല്ലാ കഷ്ടപ്പാടും മായ്ച്ചു കളയുമത്രെ. എന്തെങ്കിലും സഹിച്ചാൽ ആണ് വല്ലതും നേടാനാവുക, വല്ലതും സഹിച്ചാൽ അപ്പേരിൽ ദൈവത്തിനു കരുണ ചെയ്യാമല്ലോ എന്നാണ്.

5) മനുഷ്യൻ ക്രൂരതകൾ ചെയ്യുമ്പോൾ ദൈവം അതു കണ്ട് അതു തടയാതെ നിൽക്കുന്നത് മനുഷ്യന് നൽകിയ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ദൈവം ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ടാണ് എന്നും പറയപ്പെടുന്നു. ദൈവത്തിന് ഇഷ്ടമില്ലാത്ത എല്ലാറ്റിലും കേറി ദൈവം ഇടപെട്ടാൽ മനുഷ്യൻ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാത്ത ഒരു റോബോട്ട് ആയി മാറുന്നു. പ്രവർത്തന സ്വാതന്ത്ര്യം നൽകിയ ശേഷം മനുഷ്യൻ എന്തു ചെയ്യുന്നു എന്ന് പരീക്ഷ നടത്തി അവനെ ബോധിപ്പിക്കാൻ ആണ് ദൈവം ഉദ്ദേശിക്കുന്നത് എന്നു പറയപ്പെടുന്നു. ഇതു കരുതി ദൈവം ഒന്നിലും ഇടപെടാതെ മാറി നിൽക്കുന്നുമില്ല, ദൈവത്തിന്റെ യുക്തി അനുസരിച്ച് ചില തിന്മകളൊക്കെ അവൻ  തടയുന്നുമുണ്ട്‌, തിന്മകളും ക്രൂരതകളും ദൈവം ഉദ്ദേശിക്കുന്ന വിധത്തിലുള്ള ലോകം സജ്ജമാകാൻ പ്രധാന പങ്കു വഹിക്കുന്നു എന്നും പറയപ്പെടുന്നു. 

6) പ്രകൃതി ക്ഷോഭങ്ങളും ഭൂകമ്പങ്ങളും പ്രളയങ്ങളും ഏലിയൻസും പിശാചുക്കളും (Demons) പോലുള്ള അഭൗതിക ജീവികൾ  ഉണ്ടാക്കുന്ന അക്രമങ്ങൾ ആണെന്നും ദൈവം അവർക്ക് നൽകിയ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ഉദ്ദേശിക്കാത്തത് കൊണ്ടാണ് അവയിൽ പലതും തടയാത്തത് എന്നും പറയപ്പെടുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ട് എന്താണ് പ്രവർത്തിച്ചത് എന്നു അവർക്കും പരീക്ഷ നടത്തി അവരെ ബോധിപ്പി ക്കാൻ വേണ്ടിയാണ് ദൈവം അവർ ഉണ്ടാക്കുന്ന അക്രമങ്ങൾ തടയാത്തത് എന്നും പറയപ്പെടുന്നു.  ഇവരുടെ അക്രമങ്ങൾ ദൈവം തീരെ തടയാതെ ഇരുന്നാൽ എന്നോ ഇവർ ആവാസ വ്യവസ്ഥകൾ എല്ലാം തകിടം മറിച്ചിരുന്നു എന്നും തടയേണ്ടതൊക്കെ ദൈവം തടയുന്നത് കൊണ്ടാണ് ഇതൊക്കെ ഇങ്ങനെ നിലനിൽക്കുന്നത് എന്നും പറയപ്പെടുന്നു. 

7) പ്രകൃതി ക്ഷോഭങ്ങൾ പലതും മനുഷ്യർ പ്രകൃതിയിൽ നടത്തുന്ന ക്രമക്കേടുകൾ കൊണ്ടാണ് ഉണ്ടാകുന്നത് എന്നും അതു മനുഷ്യർക്കുള്ള ശിക്ഷ ആയാണ് ദൈവം കാണുന്നത് എന്നും അതിനാൽ അത് ദൈവം തടയേണ്ട ആവശ്യമില്ല എന്നും പറയപ്പെടുന്നു. ദൈവം കരുണ മാത്രം ചെയ്യുന്ന ഒരു റോബോട്ട് അല്ല, മറിച്ചു ദൈവത്തിനും വ്യക്തി സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉണ്ട്, ദൈവം ശിക്ഷിക്കുന്നു, കരുണയും കാണിക്കുന്നു. ഇത് രണ്ടും വിരുദ്ധ സ്വഭാവങ്ങൾ ആയതിനാൽ  ദൈവമില്ല എന്നു പറയാൻ പറ്റില്ല, കാരുണികനായ ദൈവമുണ്ട്, തിന്മയും ഉണ്ട് എന്നീ വാദങ്ങളിൽ വൈരുദ്ധ്യം കണ്ടെത്തി ദൈവമില്ല എന്നു പറയുന്നത് വിഡ്ഢിത്തം ആണെന്നും പറയപ്പെടുന്നു. 

8) ചില പ്രയാസങ്ങളും വേദനകളും ദൈവം തടയാത്തത് അവ കൊണ്ടു മനുഷ്യന് മാനസികമായ ഉന്നമനം ഉണ്ടാകാൻ വേണ്ടിയാണ്, തിന്മകളും ക്രൂരത കളുമൊക്ക ഉണ്ടാകുമ്പോഴേ നന്മകൾക്കും കാരുണ്യത്തിനും വിലയുള്ളൂ എന്നും പറയപ്പെടുന്നു. എല്ലാവരെയും സ്വർഗ്ഗത്തിലാണ് സൃഷ്ടിച്ചിരുന്നത് എങ്കിൽ അവിടുള്ള ഒന്നിന്റെയും വില മനുഷ്യർ അറിയില്ല. കഷ്ടപ്പാടും ദുരിതങ്ങളും ഇല്ലെങ്കിൽ ഭൂമി സ്വർഗ്ഗമാകും. ഭൂമി സ്വർഗമല്ലെന്നും സ്വർഗ്ഗത്തിന് മുന്നോടിയായ ഇടമാണ് എന്നും പറയപ്പെടുന്നു. 

9) ചില തിന്മകളും ക്രൂരതകളും ദൈവം തടയാത്തത് അതു തടയൽ മനുഷ്യന്റെയും മറ്റു അഭൗതിക ജീവികളുടെയും മേൽ ബാധ്യതയായി ദൈവം നിശ്ചയിച്ചത് കൊണ്ടാണ് എന്നു പറയപ്പെടുന്നു. ദൈവത്തിനു മാത്രമല്ല തിന്മ തടയാൻ കഴിയുക, മനുഷ്യനും കഴിയും, ദൈവം തടയട്ടെ എന്നു കരുതി മനുഷ്യർ ചുമ്മാ ഇരിക്കേണ്ട, അതൊക്കെ തടയാനാണ് ദൈവം മനുഷ്യർക്ക് കഴിവും ശക്തിയും ധാർമ്മികതയും നൽകിയത് എന്നർത്ഥം. തടയാൻ കഴിയുന്നത് തടയാതെ ആ ബാധ്യത ദൈവത്തിനു മേൽ ചാരി വെക്കേണ്ടതില്ല, ദൈവം തടയുക എന്നാൽ ദൈവം നേരിട്ടു ഇറങ്ങി വന്നു തടയൽ അല്ല, ഒരു കൂട്ടരെ കൊണ്ടു മറ്റൊരു കൂട്ടരെ തടയലാണ് എന്നു പറയപ്പെടുന്നു. ദൈവം ആകാശത്തു നിന്നു ഇറങ്ങി വന്നു ക്രൂരതകൾ തടയുന്നോ എന്നു നോക്കി ഇരുന്നിട്ടു കാര്യമില്ല, ജീവികൾ പരസ്പരം സഹായിക്കേണ്ട വിധത്തിലാണ് ദൈവം അവരെ ഭൂമിയിൽ സംവിധാനിച്ചത് എന്നും പറയപ്പെടുന്നു. 

10) മനുഷ്യരെ ദൈവം സംവിധാനിച്ചത് അവർക്ക് ജീവിക്കാൻ യാതൊരു സൗകര്യവും ഇല്ലാത്ത ഒരു ഗ്രഹത്തിൽ അല്ല, എല്ലാ സൗകര്യങ്ങളും ഉള്ള ഭൂമി എന്ന ഗ്രഹത്തിലാണ്. സകല മനുഷ്യർക്കും ജീവിക്കാൻ ആവശ്യമായ ഭക്ഷണത്തിനും മരുന്നിനും വസ്ത്രത്തിനും പാർപ്പിടത്തിനും എന്നു വേണ്ട എല്ലാം ദൈവം ഭൂമിയിൽ ഒരുക്കി വെച്ചു. എന്നാൽ മനുഷ്യർ തന്നെ ഉണ്ടാക്കിയ നിയമങ്ങളും വ്യവസ്ഥകളും കൊണ്ട് എല്ലാം എല്ലാർക്കും ലഭ്യമാകുന്നില്ല. വളരെ കുറഞ്ഞ പേർ സമ്പത്തിന്റെ ബഹു ഭൂരിപക്ഷവും കയ്യടക്കി വെച്ചിരിക്കുന്നു. അതിനാൽ ഭൂമിയിൽ ദാരിദ്ര്യവും പട്ടിണിയും ദുരിതങ്ങളും വ്യാപകമാണ്. ഇതിനു നല്ലൊരളവിൽ മനുഷ്യനെ കൊണ്ടു തന്നെ പരിഹാരം കാണാൻ കഴിയും. അത്തരം പരിഹാരങ്ങൾ മനുഷ്യർ കണ്ടതിനു എത്രയോ ഉദാഹരണം ചരിത്രത്തിൽ കാണാം. മനുഷ്യർക്ക് ആവശ്യം ഉണ്ടെങ്കിൽ ദൈവം അതിനു സഹായിക്കും. മനുഷ്യർക്ക് ആവശ്യ ബോധവുമില്ല, അത് നിവൃത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നില്ലെങ്കിൽ ദൈവവും നിസംഗത പുലർത്തുന്നു എന്നും പറയപ്പെടുന്നു. 

11) ദൈവം ചില പ്രകൃതി പരിണാമ വ്യവസ്ഥകൾ നിശ്ചയിച്ചിരിക്കുന്നു, അവ മുറയ്ക്ക് നടന്നു കൊണ്ടിരിക്കുന്നു, അത് പ്രകാരമാണ് കോടാനു കോടി വർഷങ്ങൾക്ക് മുമ്പ് മഹാസ്ഫോടനം ഉണ്ടായതും നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപപ്പെട്ടതും, സൂര്യനിൽ നിന്ന് വേർപ്പെട്ടാണ് ഭൂമി ഉണ്ടായത്, ഭൂമിക്കും കാല ക്രമത്തിൽ പരിണാമങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു, പ്രകൃതി ക്ഷോഭങ്ങൾ എന്നു വിളിക്കുന്ന പ്രതിഭാസങ്ങളും മറ്റും അതിന്റെ ഭാഗമാണ്, മനുഷ്യരും മറ്റു ജീവികളും വസിക്കുന്ന ഇടങ്ങളിലും വാസിക്കാത്ത ഇടങ്ങളിലും പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്നു, പ്രകൃതി പ്രതിഭാസങ്ങളെ ദൈവം തടഞ്ഞാൽ നടക്കേണ്ട അനിവാര്യമായ പ്രകൃതി പരിണാമങ്ങൾ നടക്കില്ല, പ്രകൃതി ക്ഷോഭങ്ങൾ നടക്കാൻ നിശ്ചയിച്ചിടത്തു മനുഷ്യനും മറ്റു ജീവികളും വസിക്കുന്നത് ദൈവം പറഞ്ഞിട്ടല്ല, അത് അവരുടെ നിർഭാഗ്യമാണ്, എന്നാൽ അവർ അനുഭവിക്കുന്ന കഷ്ട നഷ്ടങ്ങൾക്ക് ദൈവം തിരിച്ചു കരുണ ചെയ്യുന്നതാണ് എന്നും പറയപ്പെടുന്നു. 

പ്രോബ്ലം ഓഫ് ഈവിളിന് ന്യായമായി പറയപ്പെടുന്ന വലിയ പ്രാധാന്യം ഇല്ലാത്ത ചില തിയോഡിസികൾ കൂടിയുണ്ട്. അവ ഞാൻ വിട്ടു കളഞ്ഞിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെ കുറിച്ചു നമുക്ക് ഒരു ദൈവ വിശ്വാസി ആയിട്ടോ ദൈവ നിഷേധി ആയിട്ടോ ചിന്തിക്കാം. ദൈവ നിഷേധി ആയി പലരും ചിന്തിച്ചപ്പോൾ കിട്ടിയതാണ്  Atheism, Agonosticism, Skepticism, Nihilism, Existentialism, Evolusionism, Materialism, Deism പോലുള്ള ഇസങ്ങൾ. ഇനിയും അതൊക്കെ തന്നെയാണ് കിട്ടാൻ പോകുന്നത്. ധാർമ്മിക പ്രതിസന്ധിയും അസ്തിത്വ ദുഖവും അരാജകത്വവും ഈ ഇസങ്ങളുടെ പ്രത്യേകതകൾ ആണ്. ഒരാൾ ദൈവ വിശ്വാസിയായി ചിന്തിക്കുമ്പോൾ അവനും കുറെ ഉത്തരങ്ങൾ കിട്ടുന്നു. അതു കൊണ്ടു അവനു മനശാന്തി കിട്ടുന്നു. ഉദാഹരണം ഈയുള്ളവൻ തന്നെ. 

അൻസാർ അലി നിലമ്പൂർ

29 August 2018

ദൈവത്തോട് മനുഷ്യന് ഉള്ളത്..

ഭൂമിയിലെ അനേകം മതങ്ങളിലും സംസ്കാര ങ്ങളിലും സമൂഹങ്ങളിലും വിവിധ തരത്തിലുള്ള ദൈവ വിശ്വാസങ്ങൾ ഉള്ളതായി നമുക്ക് കാണാം. ഏക ദൈവ, ബഹുദൈവ, അദ്വൈത, ത്രിത്വ, അവതാര വിശ്വാസങ്ങൾ അവയിൽ ചിലത് മാത്രമാണ്.  മനുഷ്യൻ വിവിധ കാലങ്ങളിൽ അവനിഷ്ടപ്പെട്ട പോലൊക്കെ ദൈവങ്ങളെ സങ്കൽപ്പിച്ചു വിശ്വസിച്ചു പോന്നു. ഇങ്ങനൊക്കെ ആണെങ്കിലും ദൈവം എന്നു കേൾക്കു മ്പോൾ ദൈവ വിശ്വാസി കളുടെ മനസ്സിൽ ചില വികാരങ്ങൾ ഉണ്ടാകുന്നു. ദൈവത്തെ കുറിച്ചുള്ള ചില പൊതു വിശ്വാസ ങ്ങൾ ആണ് അത്തരം വികാരങ്ങൾ മനുഷ്യന് ദൈവത്തോട് ഉണ്ടാക്കുന്നത്. അവനവൻ വിശ്വസിക്കുന്ന ദൈവം ഏതാണ് എങ്കിലും ആ ദൈവം സർവ ശക്തനും സർവജ്ഞനും ദയാലുവും ആണെന്ന് വിശ്വസിക്കുന്ന മനുഷ്യർ ക്കാണ് അത്തരം വികാരങ്ങൾ ദൈവത്തോട് തോന്നുന്നത്. ദൈവത്തോട് മനുഷ്യർക്ക് തോന്നുന്ന പൊതു വികാരങ്ങൾ ഏതൊക്കെ എന്നു നോക്കാം. 

1) ദൈവ വിശ്വാസികൾക്ക് ദൈവത്തോട് തോന്നുന്ന പ്രധാന വികാരം ഭയം തന്നെയാണ്. കുറ്റങ്ങൾ ചെയ്താൽ ദൈവം കോപിക്കും, ശിക്ഷിക്കും എന്ന വിശ്വാസമാണ് ഇത്തരമൊരു ഭയം ദൈവ വിശ്വാസി യിൽ ഉണ്ടാക്കുന്നത്. ഇനി കുറ്റങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും ദൈവം പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാക്കുമെന്നും ആപത്തുകൾ കൊണ്ട് പരീക്ഷിക്കു മെന്നും ദൈവ വിശ്വാസികൾ കരുതുമ്പോൾ ദൈവത്തോട് ഭയം ഉടലെടുക്കുന്നു. ദൈവഭയം പരിധി വിടുമ്പോൾ അതിനെ തിയോ ഫോബിയ എന്നു വിളിക്കുന്നു. അതൊരു മാനസിക പ്രശ്നമാണ്, ചികിൽസിക്കണം. ദൈവ ഭയം കൊണ്ടു കുറെയേറെ ഗുണങ്ങൾ ഉണ്ട്. നന്മകളിൽ മുന്നേറാനും തിന്മകളിൽ നിന്നു വിട്ടു നിൽക്കാനും അതു മനുഷ്യനെ പ്രേരിപ്പിക്കുന്നു. 

2) ദൈവ വിശ്വാസികൾക്ക് ദൈവത്തോട് തോന്നുന്ന മറ്റൊരു വികാരം സ്നേഹമാണ്. അനുഗ്രഹ ദാതാവാണ് ദൈവം എന്നു കരുതുന്ന ദൈവ വിശ്വാസിക്ക് ദൈവ ത്തോട് സ്നേഹം തോന്നൽ സ്വാഭാവിക മാണ്. താൻ അനുഭവിക്കുന്ന അനുഗ്രഹ ങ്ങൾ എല്ലാം തനിക്ക് നൽകിയതും അതിനെ നില നിർത്തുന്നതും ദൈവമാണ് എന്നു കരുതുമ്പോൾ ദൈവത്തോട് മനുഷ്യന് സ്നേഹം ഉടലെടുക്കുന്നു. ദൈവം സകല സൽഗുണ സമ്പന്നനും സൗന്ദര്യവും സൗന്ദര്യ ബോധവും ഒത്തിണ ങ്ങിയവനും ആണെന്നു കരുതുമ്പോഴും ദൈവത്തോട് സ്നേഹം തോന്നുന്നു. ദൈവം തന്നെ സ്നേഹിക്കുന്നു എന്നു കരുതുന്നവർ ദൈവത്തെയും സ്നേഹിച്ചു വരുന്നു. മറ്റു ചിലർ ആരെയും സ്നേഹിക്കാൻ കിട്ടാത്തത് കൊണ്ടു ദൈവത്തെ സ്നേഹിച്ചു വരുന്നു. 

3) സ്നേഹം പോലെ തന്നെ ദൈവ വിശ്വാസി കൾക്ക് ദൈവത്തോട് തോന്നുന്ന മറ്റൊരു വികാരമാണ് നന്ദി. തനിക്ക് ദൈവം ചെയ്തു തന്നതിനെല്ലാം ദൈവത്തോട് നന്ദി ഉള്ളവനാകണം എന്നും നന്ദിയോടെ ദൈവത്തിനു തിരിച്ചും വല്ലതും നൽകണം എന്നും ദൈവ വിശ്വാസികൾ കരുതുന്നു. നന്ദി ചെയ്താൽ ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകുമെന്നും നന്ദികേട് ചെയ്താൽ ദൈവം കോപിക്കുമെന്നും ദൈവ വിശ്വാസികൾ കരുതുന്നു. നന്ദികേട് പൊതുവെ മനുഷ്യർ ഇഷ്ടപ്പെടാത്ത ഒരു ഗുണമാണ് എന്നത് കൊണ്ടും മനുഷ്യൻ ദൈവത്തോട് നന്ദി കാണിക്കുന്നു. 

4) ദൈവത്തിൽ പ്രതീക്ഷയും ദൈവിക സഹായത്തോട് ആഗ്രഹവും പുലർത്തലാണ് ദൈവ വിശ്വാസികൾ ദൈവത്തോട് കാണിക്കുന്ന മറ്റൊരു വികാരം. എല്ലാ പ്രതീക്ഷകളും കൈവിട്ടാലും ചിലർ ദൈവത്തിലുള്ള പ്രതീക്ഷ കൈവിടാതെ മുറുകെ പിടിക്കുന്നു. ദൈവം എല്ലാം കാണുന്നു, എല്ലാം കേൾക്കുന്നു, ദൈവത്തിനു തന്നെ സഹായിക്കൽ ഒരു പ്രയാസവും ഇല്ലാത്ത കാര്യമാണ്, ഏതു വിധേനയും ആ സഹായം തനിക്ക് കിട്ടിയേക്കാം എന്നൊക്കെ ദൈവ വിശ്വാസികൾ പ്രതീക്ഷിക്കുന്നു. കരുണ കാണിക്കൽ ദൈവത്തിന്റെ ഒരു സ്വഭാവമാണ് എന്നു വിശ്വസിക്കുന്നത് കൊണ്ടു കൂടിയാണ് ദൈവത്തിലുള്ള പ്രതീക്ഷ മനുഷ്യനിൽ അതിന്റെ പാരമ്യത്തിൽ എത്തുന്നത്. 

5) ദൈവത്തോട് വിശ്വാസികൾ കാണിക്കുന്ന തൃപ്തിയാണ് മറ്റൊരു വികാരം. ദൈവ വിശ്വാസികൾ പൊതുവെ ദൈവത്തിൽ തൃപ്തി കാണിച്ചു വരുന്നു. തനിക്ക് പ്രതികൂലമെന്നു തോന്നുന്ന പ്രയാസങ്ങൾ വരുമ്പോൾ ആണ് അവൻ ദൈവത്തിൽ തൃപ്തി കണ്ടെത്താൻ ശ്രമിക്കുന്നത്. തനിക്ക് ഭവിച്ചത് ദൈവ നിശ്ചയ പ്രകാര മാണെന്നും, താൻ കാണാത്ത യുക്തി അതിൽ ദൈവം കാണുന്നു എന്നും, ദൈവം അതു കൊണ്ടു തനിക്ക് ഗുണമാണ് ഉദ്ദേശിച്ചിരിക്കുക എന്നും ദൈവ വിശ്വാസി കരുതുമ്പോൾ അവനു ദൈവത്തോട് തൃപ്തി തോന്നുന്നു. 

6) ബഹുമാനമാണ് മറ്റൊരു വികാരം. ദൈവ വിശ്വാസികൾക്ക് പൊതുവെ ദൈവത്തോട് അപാര ബഹുമാനവും ആദരവും ആണ്. ദൈവത്തിനു അപാര ഗാഭീര്യവും കഴിവുകളും ഉണ്ടെന്നും കോടാനു കോടി ഗ്രഹങ്ങളും നക്ഷത്രങ്ങളും മറ്റും ഉൾക്കൊള്ളുന്ന ഈ പ്രപഞ്ചം അവന്റെ സൃഷ്ടിപ്പ് ആണെന്നും അവനാണ് അതൊക്കെ പരിപാലിച്ചു പോരുന്നത് എന്നും കണ്ടാണ് പൊതുവെ ദൈവത്തോട് വിശ്വാസികൾക്ക് ബഹുമാനം തോന്നി വരുന്നത്. ദൈവത്തിനു ഉത്തമ സ്വഭാവ ഗുണങ്ങൾ ഉണ്ടെന്നു വിശ്വസി ക്കുന്നവരും ദൈവത്തോട് ബഹുമാനവും ആദരവും പുലർത്തി വരുന്നു. 

7) അടിമ ബോധമാണ് മറ്റൊരു വികാരം. ദൈവ വിശ്വാസികൾ പൊതുവെ ദൈവത്തോട് ഒരു അടിമ ഉടമ വികാരം സൂക്ഷിച്ചു വരുന്നു. ദൈവം കല്പിക്കുന്ന യജമാനനും മനുഷ്യൻ അതു പാലിക്കുന്ന അടിമയും ആവൽ ആണ് ഇതു കൊണ്ട് ദൈവ വിശ്വാസികൾ ഉദ്ദേശിക്കുന്നത്. ചില മതങ്ങളിൽ മനുഷ്യർ ദൈവത്തിന്റെ മക്കൾ ആണെന്നും ബന്ധുക്കൾ ആണെന്നും മറ്റുമുള്ള വിശ്വാസങ്ങളും കാണാം. എന്നാൽ പൊതുവെ ദൈവ വിശ്വാസികൾ ദൈവത്തെ യജമാനൻ ആയും തങ്ങളെ അവന്റെ അടിമകൾ ആയും കാണുന്നു. അടിമ ബോധം മനുഷ്യന് ദൈവത്തോട് അങ്ങേ യറ്റത്തെ വിനയവും വണക്കവും കീഴൊതുക്കവും ഉണ്ടാക്കി തീർക്കുന്നു. ദൈവത്തിനു മുന്നിൽ അഹങ്കരിക്കാൻ പൊതുവെ ദൈവ വിശ്വാസികൾ ഇഷ്ടപ്പെടുന്നില്ല. 

8) ദൈവത്തോട് ജാഗ്രത പുലർത്തലാണ് മറ്റൊരു വികാരം. ദൈവത്തിന്റെ അറിവ് എപ്പോഴും തന്നെ ചൂഴ്ന്നു നിൽക്കുന്നു, ദൈവം എപ്പോഴും തന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നു കരുതുന്ന വിശ്വാസികൾ ദൈവത്തോട്‌ എപ്പോഴും ജാഗ്രത പുലർത്തുന്നു. മോഷ്ടിക്കുന്ന സ്വഭാവം ഉള്ളവൻ ഒരു ഷോപ്പിൽ കയറിയാൽ അവിടെ സിസി ടിവി കാമറ ഉണ്ടെന്നു കണ്ടാൽ പുലർത്തുന്ന ജാഗ്രത പോലെ ദൈവ വിശ്വാസികൾ തിന്മകൾ ചെയ്യാൻ തോന്നുമ്പോൾ ദൈവം നിരീക്ഷിക്കുന്നു എന്ന ജാഗ്രതയും കരുതലും സൂക്ഷ്മതയും പുലർത്തുന്നു. 

9) പശ്ചാത്താപം ആണ് മറ്റൊരു വികാരം. ദൈവത്തിൽ വിശ്വസിക്കുന്നു എങ്കിലും ഇടയ്ക്ക് ദൈവത്തിനു നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്ന സ്വഭാവം കൂടിയുള്ള മനുഷ്യൻ എപ്പോഴും താൻ ചെയ്ത കുറ്റങ്ങൾക്ക് ദൈവത്തോട് പശ്ചാത്താപ മനസ്ഥിതി പുലർത്തി പോരുന്നു. ദൈവത്തിനു എതിരായി ചെയ്തു പോയതിൽ ഖേദമുണ്ട്, അതിനെന്നെ ദൈവം ശിക്ഷിക്കരുത് എന്ന വിശ്വാസമാണ് മനുഷ്യനിൽ ദൈവത്തോട് പശ്ചാത്താപം ഉണ്ടാക്കുന്നത്. 

10) ആരാധനാ മനസ്ഥിതി ആണ് മറ്റൊരു വികാരം. ദൈവ വിശ്വാസികൾക്ക് മൊത്തത്തിൽ ദൈവത്തോട് ആരാധന തോന്നുന്നു. അതിനൊരുപാട് കാരണങ്ങൾ കാണാം. ദൈവത്തെ ഒരു സൂപ്പർ ബീയിങ്  ആയി വിശ്വാസികൾ കാണുന്നതാണ് ആരാധനാ മനോഭാവത്തിനുള്ള പ്രധാന കാരണം. 

11) പ്രാർത്ഥന നിറഞ്ഞ മനസ്  ആണ് മറ്റൊരു വികാരം. പ്രത്യക്ഷത്തിൽ ദൈവ ആരാധനകളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കാത്ത ദൈവ വിശ്വാസികളും ഇടയ്ക്കിടെ ദൈവത്തോട് മനസ്സു കൊണ്ട് സംസാരിച്ചും പ്രാർത്ഥിച്ചും വരുന്നു. ദൈവമേ കാക്കണേ, പടച്ചോനെ രക്ഷിക്കണേ, എന്നൊക്കെ യുള്ള മനോഗതങ്ങൾ മനുഷ്യൻ അറിയാതെ തന്നെ അവന്റെ മനസ്സിൽ നിന്നു ഉയരുന്നു. ആരൊക്കെ സഹായിക്കാൻ ഉണ്ടെങ്കിലും സഹായിച്ചു കൊണ്ടിരിക്കുന്നു എങ്കിലും അവൻ ദൈവത്തെ കൂടി മനസു കൊണ്ട് വിളിച്ചു കൊണ്ടിരിക്കുന്നു. ചില മനുഷ്യരുടെ യുക്തി ദൈവത്തെ നിഷേധി ക്കുമെങ്കിലും അവരുടെ മനസ്സിന് അങ്ങനെ യൊന്നും ആകില്ല. മനുഷ്യ മനസ്സിന് ഇടയ്ക്കിടെ ദൈവത്തെ ആവശ്യമായി വരുന്നു. 

ഇതൊക്കെയാണ് ഏതാണ്ട് എല്ലാ ദൈവ വിശ്വാസികൾക്കും ദൈവത്തോട് തോന്നുന്ന കാര്യങ്ങൾ. ഇതിലെ ഏറ്റ കുറച്ചിലുകൾ ഓരോരുത്തരുടെ ദൈവ വിശ്വാസത്തിന്റെ ദൃഢതക്കും ആഴത്തിനും പരപ്പിനും അനുസരി ച്ചിരിക്കും. ദൈവ വിശ്വാസിയുടെ മനസ് ഒരു പ്രത്യേക സൈക്കോളജി ഉള്ളതാണ്. ദൈവ വിശ്വാസി അല്ലാത്ത ഒരാൾ ദൈവ വിശ്വാസി ആകുമ്പോൾ തീർച്ചയായും അയാളുടെ സൈക്കോളജിയും മാറുന്നു എന്നു വിവിധ മനശാസ്ത്ര പഠനങ്ങൾ പറയുന്നു. ഇപ്പോൾ ദൈവ വിശ്വാസം കൊണ്ടു മനുഷ്യ മനസ്സിനും ശരീരത്തിനും ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ചും സൈക്കോളജിയിൽ ധാരാളം പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. 

അൻസാർ അലി നിലമ്പൂർ

17 June 2018

ദൈവ വിശ്വാസം നൈസർഗികമോ..?

ഇസ്‌ലാമിക വിശ്വാസം  അനുസരിച്ചു   ഏതൊരു മനുഷ്യ  ശിശുവും  ഭൂമിയിലേക്ക് ജനിച്ചു വീഴുന്നത്  മനസ്സിൽ  ദൈവ വിശ്വാസവും  കൊണ്ടാണ്. ദൈവ വിശ്വാസം ശിശുക്കളിൽ   നൈസർഗ്ഗികമാണ്.    കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അവരുടെ  മനസ്സിൽ യാതൊരു മതവും വിശ്വാസവും  ഇല്ലാതെ ശുദ്ധമായ മനസോടെ ആണ്  എന്ന് മുസ്ലീങ്ങള്‍ തന്നെ  പറയുന്നതു  ശരിയല്ല. ഓരോ ശിശുവും പിറന്നു വീഴുന്നത് മുസ്ലിമായിട്ടാണ് എന്ന് ഖുര്‍ആനിന്‍റെയും ഹദീസുകളുടെയും അവ രണ്ടിനെയും വ്യാഖ്യാനിച്ച മുൻകാല ഇമാമുകളുടെയും  വാക്കുകളിൽ നിന്നു  മനസിലാകുന്നു.  ഖുര്‍ആനിലെ ഒരു വചനം നോക്കൂ. അല്ലാഹു പറഞ്ഞു: 

"നിന്‍റെ റബ്ബ് ആദമിന്‍റെ സന്തതികളില്‍ പെട്ടവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും അവരുടെ കാര്യത്തിന് അവരെ തന്നെ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭത്തില്‍ (അവന്‍ അവരോടു ചോദിച്ചു) ഞാന്‍ നിങ്ങളുടെ ദൈവമല്ലയോ...?. അവര്‍ പറഞ്ഞു: "അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു". (അപ്പോള്‍ അല്ലാഹു പറഞ്ഞു): തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെ പറ്റി ബോധമില്ലാത്തവർ ആയിരുന്നു എന്ന് നിങ്ങള്‍ പുനരുത്ഥാന നാളില്‍ പറഞ്ഞേക്കും എന്നതിനാലാണ് (നാം ഇങ്ങനെ ചെയ്തത്)"(7:172). 

ഈ വചനത്തില്‍ നിന്ന് മനസിലാകുന്നത് അല്ലാഹുവിന്‍റെ സന്നിധിയില്‍ വെച്ച് കൃത്യമായ ഏകദൈവ വിശ്വാസം സ്വീകരിച്ചാണ് എല്ലാ ശിശുക്കളും ഭൂമിയില്‍ ജനിച്ചു വീഴുന്നത് എന്നാണ്. നമുക്കാ സംഭവം ഓര്‍മയില്ലല്ലോ എന്ന് ചിലര്‍ പറഞ്ഞേക്കാം. അത് മനസിലാകാന്‍ ഏറെ  വിശദീകരിക്കണം എന്നതിനാൽ അതിനു മുതിരുന്നില്ല. മനുഷ്യ മനസ്‌ ഏറെ സവിശേഷതകള്‍ ഉള്ള ഒന്നാണ് എന്ന് മനസ്സിലാക്കുക. നാല്പതു വയസുള്ള ഒരാളോട് നിനക്ക് സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിച്ചപ്പോള്‍ മൊത്തം  എത്ര മാര്‍ക്ക് കിട്ടി എന്ന് ചോദിച്ചാല്‍ അയാള്‍ മിഴിച്ചു നോക്കുമല്ലോ. മറ്റൊരു ഖുര്‍ആന്‍ വചനം കാണുക. അല്ലാഹു പറഞ്ഞു:

"ആകയാല്‍ നേരെ നില കൊള്ളുന്നവനായി നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല. "(30:30). 

ഈ വചനത്തില്‍ പറയുന്ന അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച  പ്രകൃതി ഇസ്ലാം മതമാണ്‌ എന്ന് വ്യക്തമാണ്. മുഹമ്മദ്  നബി അത് വിശദീകരിച്ചു. അവിടുന്നു പറഞ്ഞു: "എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ഒരു പ്രകൃതിയിലായി ക്കൊണ്ടാണ്, പിന്നെ ആ കുഞ്ഞിനെ യഹൂദൻ ആക്കുന്നതും ക്രിസ്ത്യാനി   ആക്കുന്നതും അഗ്നിയാരാധകൻ  ആക്കുന്നതും അവന്‍റെ മാതാപിതാക്കളാണ്"(ബുഖാരി). 

ഈ വചനത്തില്‍ കുഞ്ഞിനെ മുസ്ലിമാക്കുന്നത് അവന്‍റെ മാതാപിതാക്കളാണ് എന്ന് നബി പറഞ്ഞില്ല. കാരണം കുഞ്ഞു പിറക്കുമ്പോള്‍ തന്നെ മുസ്‌ലിമായതു കൊണ്ടാണ് അങ്ങനെ പറയാതിരുന്നത്. ജനിച്ച ശേഷം പിന്നീട് കുഞ്ഞു മതം മാറുകയോ അവനെ മാറ്റുകയോ ആണ് ചെയ്യുകയാണ്. ചുരുക്കത്തില്‍, എല്ലാ കുഞ്ഞുങ്ങളും ഭൂമിയില്‍ ജനിക്കുന്നത് മുസ്ലീങ്ങളായിട്ടാണ്  എന്നാണ് ഇസ്‌ലാമിക വിശ്വാസം.

കുഞ്ഞുങ്ങള്‍ പിറക്കുന്ന പ്രകൃതി ഏതാണ് എന്ന് നബി വിശദീകരിച്ചത് മറ്റൊരു ഹദീസിലും കാണാം. നബി പറഞ്ഞു: "ഒരു മില്ലത്തില്‍ ആയിട്ടല്ലാതെ ഒരു കുഞ്ഞും പിറക്കുന്നില്ല" (ഇമാം മുസ്ലിം പറയുന്നു: അബൂ മുആവിയയില്‍ നിന്നുള്ള അബൂബക്കറിന്‍റെ റിപ്പോര്‍ട്ടില്‍ ഈ മില്ലത്തിലായി ക്കൊണ്ടല്ലാതെ എന്നാണ് ഉള്ളത്)". നബി 'ഈ മില്ലത്ത്‌' എന്ന് പറയുന്നത് ഇസ്ലാമിക മില്ലത്തിനെ പറ്റിയാണല്ലോ. മില്ലത്ത് എന്നാല്‍ മാര്‍ഗം, ചര്യ എന്നൊക്കെയാണ് അര്‍ത്ഥം. അപ്പോള്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഇസ്ലാമിക മാര്‍ഗത്തില്‍ അല്ലെങ്കില്‍ ഇസ്‌ലാം മതത്തില്‍ ആയിക്കൊണ്ടാണ് എന്ന് മനസിലാക്കാം. 

വളരെ കുറഞ്ഞ അളവില്‍ ആണെങ്കിലും ശിശുവിന് മതവും  ദൈവ വിശ്വാസവും ജനിക്കുമ്പോള്‍ തന്നെ ഉണ്ട് എന്ന് പറയാം. പല മുസ്ലീങ്ങള്‍ക്കും അറിയാത്ത ഈ കാര്യം ശാസ്ത്ര സാഹിത്യ പരിഷത്തിലെ ബുദ്ധിജീവികള്‍ മനസിലാക്കി കുഞ്ഞുങ്ങളുടെ മതം കളയാന്‍ മതമില്ലാത്ത ജീവനുമായി വന്നിരുന്നുവല്ലോ മുമ്പ്. ഇക്കാര്യത്തെ പറ്റി അറിവുള്ള മുസ്‌ലിം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ അതിനെ എതിര്‍ക്കുകയും ചെയ്തു. മത രഹിതരായി പരിഷത്തുകാരന്‍റെ മക്കള്‍ തന്നെ വളര്‍ന്നാല്‍ മതി, മുസ്‌ലിം കുഞ്ഞുങ്ങള്‍ അവര്‍ അല്ലാഹുവിന്‍റെ സന്നിധിയില്‍ വെച്ചു സ്വീകരിച്ച മതവുമായി വളരട്ടെ എന്നാണ് മുസ്ലീങ്ങള്‍ പറയുന്നത്. 

ശിശുക്കളുടെ ദൈവ വിശ്വാസത്തെ കുറിച്ച് മറ്റു മതങ്ങള്‍ക്കു പല കാഴ്ചപ്പാടുകളും ഉണ്ടാവും. ഇവിടെ  ഇസ്‌ലാമിക വിശ്വാസം പറഞ്ഞുവെന്നു മാത്രം. ഓരോ അമുസ്ലിമും ഇസ്ലാം സ്വീകരിക്കുമ്പോള്‍ അവന്‍ CONVERTED പരിവര്‍ത്തിതന്‍ ആവുകയല്ല ചെയ്യുന്നത് മറിച്ച് REVERTED മടങ്ങി വന്നവൻ  ആവുകയാണ് ചെയ്യുന്നത്.  അതായത് ജനിച്ചപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന ഇസ്‌ലാം മതത്തിലേക്ക് തന്നെ തിരിച്ചു വന്നവന്‍ ആവുകയാണ് ചെയ്യുന്നത്.  

അൻസാർ അലി നിലമ്പൂർ

16 June 2018

ദൈവ വിശ്വാസത്തിന്റെ യുക്തികൾ

കാര്യ കാരണ  സഹിതം  ചിന്തിക്കാനും  മനസ്സിലാക്കാനും  നിഗമനങ്ങൾ  രൂപീകരിക്കാനുമുള്ള  മനുഷ്യ കഴിവിനാണ്  യുക്തി എന്നു  നാം പറയുന്നത്.  ദൈവമുണ്ട് എന്നത്  സകല മനുഷ്യർക്കും ഉൾക്കൊള്ളാൻ കഴിയുന്ന  യുക്തി ഭദ്രമായ  കാര്യമാണ്.  ചിലർ  അതിനെ ബോധപൂർവം നിഷേധിക്കുമെങ്കിലും  മറ്റെല്ലാ മനുഷ്യർക്കും സാധ്യമായത്  കൊണ്ടു അവർക്കും  അതു സാധ്യമാണ്.  

മനുഷ്യർക്ക്  യുക്തി ചിന്തയിലൂടെ ദൈവമുണ്ട് എന്നു മനസ്സിലാക്കാൻ പ്രയാസമില്ല. അതിനു മനുഷ്യൻ  തന്റെ  നിരീക്ഷണ പാടവം പ്രപഞ്ചത്തിലേക്കും ചരിത്രത്തിലേക്കും   തുറന്നു വെക്കുകയും  അവിടെ കാണപ്പെടുന്ന  പ്രതിഭാസങ്ങളെ കുറിച്ചു   യുക്തിപരമായി ചിന്തിക്കുകയും വേണം. പ്രസ്തുത ചിന്തക്ക്  ബലമേകുന്ന  ചില  കാര്യങ്ങളാണ്  താഴെ കൊടുക്കുന്നത്...

1) ദൈവ വിശ്വാസം  എക്കാലത്തും  ബഹു ഭൂരിപക്ഷം മനുഷ്യരുടെയും വിശ്വാസമാണ്.  മത വിശ്വാസികളിൽ  ദൈവത്തിന്റെ  കാര്യത്തിൽ  ചില അഭിപ്രായ  വ്യത്യാസങ്ങൾ കണ്ടേക്കാമെങ്കിലും   സർവ ശക്തനായ  ഒരു ദൈവത്തിൽ വിശ്വാസിക്കാത്ത ജനത  ഭൂമിയിൽ  എക്കാലത്തും തുലോം തുച്ഛമാണ്. ദൈവ ബോധം ഇല്ലാതിരുന്ന ഒരു പ്രാചീന ഗോത്രത്തേയും ഇന്നുവരെ കണ്ടെത്തിയിട്ടില്ല എന്ന് സാമുഹ്യ ശാസ്ത്രഞ്ജരും നരവംശ ശാസ്ത്രഞ്ജരും പറയുന്നു. മനുഷ്യരിൽ  ദൈവത്തെ  കുറിച്ച  ബോധം  നൈസർഗ്ഗികമാണ്   എന്നു തോന്നുമാറു  മനുഷ്യർ  ദൈവത്തിന്റെ  അസ്തിത്വം യുക്തിപരമായി കണ്ടെത്തി കൊണ്ടേയിരിക്കുന്നു. 

2) മാനവ ചരിത്രത്തിൽ  ജീവിച്ചു മരിച്ചു പോയ  സകല പ്രവാചകന്മാരും പുണ്യ പുരുഷന്മാരും  ദൈവത്തെ കുറിച്ചു ജനത്തെ പഠിപ്പിക്കാൻ  ശ്രദ്ധാലുക്കൾ ആയിരുന്നു.  ദൈവ നിഷേധം പഠിപ്പിച്ച   ഒരു  പ്രവാചകനും ചരിത്രത്തിൽ കഴിഞ്ഞു പോയിട്ടില്ല. ദൈവത്തിന്റെ  കാര്യത്തിൽ  ഇത്രയധികം പ്രവാചകന്മാർക്ക്  ഒരുമിച്ചു കളവ് പറയേണ്ട ഒരു   ആവശ്യവും നമ്മുടെ യുക്തിക്ക് ബോധ്യപ്പെടില്ല.  പ്രവാചകന്മാരിലൂടെ   വെളിപ്പെട്ട  അത്ഭുതങ്ങളും  അവരുടെ ദിവ്യാനുഭവങ്ങളും ചരിത്ര സത്യങ്ങളാണ്. വേദ ഗ്രന്ഥങ്ങൾ  തലമുറകളിൽ കൂടി കൈമാറ്റം ചെയ്യപ്പെട്ട മികച്ച ചരിത്ര പുസ്തകങ്ങൾ കൂടിയാണ്. പിന്നെങ്ങനെ മനുഷ്യർ  ദൈവ വിശ്വാസികൾ ആകാണ്ടിരിക്കും.  

3) വിവിധ ഭാഷകളിൽ, വിവിധ നാടുകളിൽ  കാണപ്പെടുന്ന സകല വേദ ഗ്രന്ഥങ്ങളിലും ദൈവമാണ് കേന്ദ്ര   കഥാപാത്രം.    ദൈവ നിഷേധം പഠിപ്പിക്കാനോ  ദൈവമില്ലെന്നു സ്ഥാപിക്കാനോ വേദ ഗ്രന്ഥങ്ങൾ കാണപ്പെടുന്നില്ല.  വേദ ഗ്രന്ഥങ്ങളിൽ കൈകടത്തലുകൾ  നടത്തിയവർ പോലും അവയിലേക്ക്   നിരീശ്വരത്വം   എഴുതി ചേർത്തില്ല.  എല്ലാ വേദ ഗ്രന്ഥങ്ങളും  ഒരുമിച്ചു ദൈവമുണ്ടെന്നു  കളവ് പറയുമെന്ന്  കരുതാൻ  യുക്തി വിസമ്മതിക്കുന്നു.  അറബി ഭാഷാ പടുക്കൾക്കൊക്കെ  പണ്ടുമുതലെ   വിശുദ്ധ ഖുർആൻ ഒരു  ഭാഷാ  അത്ഭുതമാണ്.  ശാസ്ത്രം പരീക്ഷണങ്ങളിൽ കൂടി തെളിയിച്ച  പലതും വേദഗ്രന്ഥങ്ങളിൽ  മുമ്പെ  പ്രതിപാദിക്കപ്പെട്ടത്  ശാസ്ത്രജ്ഞർക്ക് ഒരു  അത്ഭുതമാണ്.  വേദ ഗ്രന്ഥങ്ങളുടെ അമാനുഷികത  ദൈവത്തിലേക്ക്  വിരൽ  ചൂണ്ടുന്നത്  സ്വാഭാവികമാണ്.  

4) പ്രപഞ്ച  പ്രതിഭാസങ്ങൾക്ക്  പിന്നിലെ  കാര്യ കാരണങ്ങളുടെ  ചങ്ങല ഭൂത കാലത്തേക്ക്    നീണ്ടു കിടക്കുന്നു.  ആ ചങ്ങലക്ക്  ഒടുവിൽ ഒരു ആദ്യ കാരണം ഇല്ലെന്നും  ചങ്ങല അറ്റമില്ലാതെ   അനന്തമായി  ഭൂതകാലത്തേക്ക് നീണ്ടു കിടക്കുകയാണ് എന്നും കരുതാൻ  യുക്തി വിസമ്മതിക്കുന്നു.  അതിനേക്കാൾ യുക്തിക്ക്  കഴിയുന്നത്  എല്ലാറ്റിനുമൊരു  ആദ്യ കാരണം ഉണ്ടെന്നു  കരുതാനാണ്.   പ്രപഞ്ചത്തിന്റെ തുടക്കം എക്കാലത്തും യുക്തിമാന്മാർ അന്വേഷിച്ചു പോരുന്നതു  അതിനൊരു  തുടക്കമുണ്ട് എന്നു അവരുടെ യുക്തി കരുതുന്നത് കൊണ്ടാണല്ലോ.  പ്രപഞ്ചത്തിന്റെ   ആദ്യ കാരണം ശാസ്ത്രീയമായി  കണ്ടു പിടിക്കാൻ കഴിയുന്നില്ല എന്നത്  അങ്ങനെ ഒന്നില്ലെന്നു പറയാനുള്ള യുക്തിപരമായ ന്യായമല്ല

5) പ്രപഞ്ചത്തിനും  അതിലെ വസ്തുക്കൾക്കും ജീവികൾക്കും ഘടനയിലും  മറ്റും  ഒരു  ക്രമം  ഉണ്ട്.    ചില ഗണിത-ഭൗതിക  നിയമങ്ങൾ  അനുസരിച്ചാണ്  എല്ലാം ഉണ്ടാകുന്നതും ചലിക്കുന്നതും.   പ്രസ്തുത നിയമങ്ങൾ  യാദൃശിച്ചകമായി  ഉരുത്തിരിഞ്ഞതാണ്  എന്നും  പ്രകൃതി എല്ലാം  ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു  എന്നും പറയുന്നത്  യുക്തിക്ക് ഉൾക്കൊള്ളാൻ  കഴിയില്ല. പ്രകൃതി നല്ലൊരു ഗണിത ശാസ്ത്ര വിദഗ്ദനോ യുക്തിമാനോ അല്ല.  ചില പ്രാപഞ്ചിക നിയമങ്ങളൊക്കെ  യാദൃശ്ചികമായി ഉണ്ടായതാണ് എന്നു യുക്തി സമ്മതിച്ചേക്കും.   എന്നാൽ പരിപൂർണ്ണ  യാദൃശ്ചികത എന്നതൊരു യുക്തി കേടാണ്. പ്രപഞ്ചം സ്വയം  ഉണ്ടാവുകയും  ഇത്രയും ആസൂത്രിതമായി സ്വയം  ക്രമീകരിക്കുകയും   ചെയ്തു എന്നു പറയൽ നമ്മൾ നമ്മളെ തന്നെ  പ്രസവിക്കുകയാണ് എന്നു പറയുന്ന പോലുള്ള ഒരു വിഡ്ഢി വാദമാണ്. അതിനാൽ  പ്രപഞ്ചത്തിന്റെ  ആദ്യ കാരണം  കേവലം  ജഡ  പദാർത്ഥം  അല്ലെന്നു ഉറപ്പായി. ജഡ പദാർത്ഥങ്ങൾക്ക്  ഒന്നും  ബുദ്ധിപരമായി  ഡിസൈൻ ചെയ്യാൻ കഴിയില്ല.  അപ്പോൾ അപാര  യുക്തി ബോധമുള്ള  ഒരു അസ്തിത്വം  തന്നെയാണ്  ആദ്യ കാരണം.

6) ശുദ്ധ ശൂന്യതയിൽ നിന്നു പ്രപഞ്ച ഘടകങ്ങൾ  ചുമ്മാ  ഉടലെടുക്കുക, എന്നിട്ടു  അവ ചലിക്കാനും  കറങ്ങാനും തുടങ്ങുക എന്നതൊന്നും യുക്തിക്ക് നിരക്കുന്ന കാര്യമല്ല.  ന്യുട്ടൻറെ ഒന്നാം ചലന നിയമമനുസരിച്ച് ബാഹ്യ ബലമില്ലാതെ ഒരു പ്രപഞ്ച ചലനം പോലും സാധ്യമല്ല.  അപ്പോൾ  ആദ്യ   ചലനം നടക്കാനുള്ള  ബാഹ്യബലം  എവിടുന്നു വന്നു  എന്നത്  ഉത്തരം  കണ്ടെത്തേണ്ട  ചോദ്യമാണ്.

അൻസാർ അലി നിലമ്പൂർ

6 June 2018

ദൈവം ഇപ്പോൾ അത്ഭുതങ്ങൾ കാണിക്കാറില്ലേ..?

മുഹമ്മദ് നബിയുടെയും മറ്റു പ്രവാചകരുടെയും കാലത്ത് സംഭവിച്ച പോലുള്ള അത്ഭുതങ്ങൾ ഇന്ന് എന്തു കൊണ്ട് സംഭവിക്കുന്നില്ല എന്ന് മുസ്ലിമായ ഒരാൾ എന്നോട് ചോദിച്ചു. 

എന്റെ മറുപടി:  ഈ ചോദ്യത്തിന് ഇസ്‌ലാമിക ഭൂമികയിൽ നിന്നു കൊണ്ട് മറുപടി പറയാൻ ശ്രമിക്കുകയാണ്. അത്ഭുതങ്ങൾ എന്നത് കൊണ്ട് ഉദശിച്ചത് മുഅജിസതുകൾ ആണെന്ന് കരുതുന്നു. പ്രവാചകന്മാർ ഇല്ലാത്തത് കൊണ്ടാണ് അവരിലൂടെ വെളിപ്പെട്ട പോലുള്ള അത്ഭുതങ്ങൾ ഇന്ന്  ഇല്ലാത്തത്. ഇന്ന് അല്ലാഹുവിന്റെ അനുമതി പ്രകാരം വടി നിലത്തിട്ടു സർപ്പമാക്കി കാണിച്ചു തരാൻ മൂസാ നബിയില്ല. മരിച്ചവരെ ജീവിപ്പിച്ചു കാണിക്കാൻ ഈസാ നബിയുമില്ല. പ്രവാചകന്മാരുടെ വിശ്വാസ്യത മനുഷ്യ  സമൂഹത്തിനു ബോധ്യപ്പെടാൻ വേണ്ടിയാണല്ലോ അല്ലാഹു അവരിലൂടെ പല അത്ഭുതങ്ങളും ചെയ്യുന്നത്. അവരില്ലാത്തതു കൊണ്ട് അത്തരം അത്ഭുതങ്ങളുമില്ല.  

എന്നാൽ നിത്യത്ഭുതമായ വിശുദ്ധ ഖുർആൻ വിട്ടേച്ചു കൊണ്ടാണല്ലോ മുഹമ്മദ് നബി വഫാത്തായത്. അതു അന്ത്യനാൾ വരെയുള്ള മനുഷ്യർക്ക് ഒരു നിത്യ അത്ഭുതമാണ്. ശൈലി കൊണ്ടും ആശയം കൊണ്ടും സകല അറബ് സാഹിത്യങ്ങളേയും വെല്ലുന്ന വിശുദ്ധ ഖുർആൻ അഭ്യസ്ത വിദ്യനല്ലാത്ത മുഹമ്മദ് നബിയിലൂടെ ലോകത്തിനു ലഭിച്ചുവെന്നത് ഒരു അത്ഭുതമാണ്. വിശുദ്ധ ഖുർആൻ സ്വയം ഒരത്ഭുതവും അതിൽ പല അത്ഭുതങ്ങൾ ചിതറി കിടക്കുകയും ചെയ്യുന്നു. 

ചരിത്ര പുരുഷനായ മുഹമ്മദ് നബി മറ്റൊരു അത്ഭുതമാണ്. ഉന്നത സംസ്കാരമോ ഗുരുക്കന്മാരോ ഗുരു കുലങ്ങളോ വേദഗ്രന്ഥങ്ങളോ ഇല്ലാത്ത ഒരു പ്രാകൃത മരുഭൂ സമൂഹത്തിൽ, വെറും കൊള്ളയും യുദ്ധവും ലൈംഗീക അരാജകത്വ ങ്ങളുമായി ജീവിച്ചിരുന്ന ഒരു സമൂഹത്തിൽ നിന്നു അത്യുന്നത സംസ്കാരമുള്ള ഒരു വ്യക്തി ഉണ്ടായതും ആ വ്യക്തിയെ കോടാനു കോടി മനുഷ്യർ അനുകരിച്ചു ജീവിക്കുന്നു എന്നതും ഒരു അത്ഭുതമാണല്ലോ.

പ്രവാചകന്മാരല്ലാത്ത വ്യക്തി കളിലൂടെയും അല്ലാഹു അത്ഭുതങ്ങൾ കാണിക്കാറുണ്ട്. അത് ഇക്കാല ത്തുമുണ്ട്. എക്കാലത്തു മുണ്ടാകും. പക്ഷെ അവയ്ക്ക് മുസ്‌ലിം   സമൂഹത്തിൽ വലിയ മാർക്കറ്റില്ല. വ്യക്തിപരമായ അത്ഭുതങ്ങൾ സമൂഹത്തിനു വെളിപ്പെടുത്തി കൊടുത്തു മുസ്ലീങ്ങളിൽ ഭൂരിപക്ഷവും  'വലിയ്യ്‌ ' ചമയാൻ ശ്രമിക്കാറില്ല. വ്യക്തികളിലൂടെ അല്ലാഹു കാണിക്കുന്ന അത്ഭുതങ്ങൾ മിക്കപ്പോഴും ആ വ്യക്തിയുടെ തന്നെ ദൈവ വിശ്വാസം ഉറപ്പിക്കാൻ വേണ്ടിയായിരിക്കും. ഇബ്രാഹീം നബിക്ക് വിശ്വാസ ദൃഢത ഉണ്ടാകാൻ വേണ്ടി അല്ലാഹു ഇബ്രാഹീം നബി കഷ്ണിച്ചു വെച്ച പക്ഷിക്ക് ജീവൻ നൽകിയ പോലെ. 

വ്യക്തിപരമായ അത്ഭുതങ്ങൾ പറഞ്ഞാൽ ജനം വിശ്വസിക്കണമെന്നു നിർബന്ധമില്ലല്ലോ. ആൾക്കൂട്ട ത്തിനിടയിൽ വെച്ചു മൂസാ നബി വടി നിലത്തിട്ടു അതിനെ സർപ്പ മാക്കുമ്പോൾ മാത്രമാണ് അതൊരു പൊതുവായ തെളിവും അത്ഭുത വുമാകുന്നത്. അല്ലാതെ ഇക്കാലത്ത് സകരിയ്യാ നബിയുടെ മച്ചിയായ ഭാര്യ പ്രസവിച്ച പോലെ ചില മച്ചികൾ പ്രാർത്ഥന കൊണ്ട് പ്രസവിക്കാത്തതു കൊണ്ടല്ല. മാറാരോഗം ബാധിച്ചവരിൽ ചിലരെങ്കിലും പ്രാർത്ഥന കൊണ്ട് സുഖപ്പെടാതെ ഇരിക്കുന്നുമില്ല. ഞാൻ തന്നെ മൂന്നു തവണ അത്ഭുത കരമായി മരണത്തിൽ നിന്നു രക്ഷപ്പെട്ടിട്ടുണ്ട്. അതു പ്രാർത്ഥന കൊണ്ടാണ് എന്ന് വിശ്വസി ക്കാനാണ് എനിക്കിഷ്ടം. നമുക്കെല്ലാം ഇത്തരം അനുഭവങ്ങൾ ഉണ്ടാകും. 

മേൽ പറഞ്ഞ പോലെ എത്രയോ അത്ഭുതങ്ങൾ നടക്കുന്നു. ഞാൻ ഷാർജയിൽ ആയിരുന്ന സമയത്ത്   ഒരിക്കൽ മഴക്ക് വേണ്ടി നമസ്കരിച്ചു  ഇമാമിന്റെ പ്രാർത്ഥന കഴിഞ്ഞ ഉടനെ മഴ പെയ്ത ഒരനുഭവം എനിക്കുണ്ട്. പക്ഷെ ഇതൊക്കെ പ്രാർത്ഥന കൊണ്ട് സംഭവിച്ചതാണ് എന്ന് യുക്തി വാദി നിരീശ്വര വാദികളെ കൊണ്ടു വന്നു ലാബിൽ വെച്ചു തെളിയിച്ചു കൊടുക്കാൻ നമുക്കാവില്ല. പക്ഷെ വിശ്വാസികൾക്ക്  അവരുടെ വിശ്വാസം ഉറപ്പിക്കാൻ പറ്റിയ അത്ഭുതങ്ങൾ ഇക്കാല ത്തെന്നല്ല എക്കാലത്തു മുണ്ട്. 
  
വ്യക്തി പരമായ അത്ഭുതങ്ങളും പൊതു അത്ഭുതങ്ങളും ഇന്നും സംഭവി ക്കുന്നുണ്ട് . ഭൂമിയിൽ ചില സ്ഥലങ്ങളിൽ പെയ്യപ്പെട്ട മൽസ്യ മഴ ഒരു ഉദാഹരണമാണ്. ആകാശത്തു നിന്നും നാം നിങ്ങൾക്ക് ഭക്ഷണം ഇറക്കിത്തരും എന്ന് അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞപ്പോൾ അതെങ്ങനെ എന്ന് എനിക്ക് പിടുത്തം കിട്ടിയിരുന്നില്ല. മീൻ മഴ പെയ്തപ്പോൾ അതു ബോധ്യമായി. അപ്പോൾ അത്ഭുതങ്ങൾ ഇല്ലാത്തതല്ല കുഴപ്പം. മനുഷ്യർക്ക് വിശ്വാസം ഉണ്ടാകാ ത്തതാണ്. 

അൻസാർ  അലി  നിലമ്പൂർ

4 June 2018

ദൈവത്തിന്റെ ആവശ്യമെന്ത്...?

ദൈവമില്ലെന്നു കരുതുന്നവർ പോലും ചില സന്ദർഭ ങ്ങളിൽ ദൈവത്തെ അറിയാതെ വിളിച്ചു പോകാറുണ്ട്. ദൈവം ഇല്ല, പക്ഷെ നീതിമാനായ ഒരു ദൈവം ഉണ്ടായിരു ന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു എന്നു പറഞ്ഞ നിരീശ്വര വാദികൾ ഉണ്ട്. ദൈവം ഇല്ലെങ്കിൽ ഉടനെ നാമൊരു ദൈവത്തെ കണ്ടുപിടി ക്കേണ്ടതുണ്ട് എന്നു പറഞ്ഞ ചിന്തകരുമുണ്ട്. ദൈവം ഇല്ല, പക്ഷെ ഞാൻ കരുതുന്ന ഗുണങ്ങൾ എല്ലാമുള്ള ഒരു ദൈവം ഉണ്ടാകു ന്നതിൽ എനിക്ക് സന്തോഷ മെയുള്ളൂ എന്നു പറഞ്ഞ ചിന്തക രുമുണ്ട്. ഇതെല്ലാം കാണി ക്കുന്നത് ദൈവം മനുഷ്യ മനസ്സിന്റെ തീവ്രമായ ഒരു അഭിലാഷ മാണ് എന്നാണ്.   

ആരും ആർക്കും ദൈവത്തെ കുറിച്ചു പറഞ്ഞു കൊടുത്തി ല്ലെങ്കിൽ പോലും മനുഷ്യ മനസ്സിൽ ദൈവത്തിന്റെ ആവശ്യം അവനറിയാതെ അങ്കുരിച്ചു വരുന്നു. ദൈവം ഇല്ലെന്നു കരുതിയിരു ന്നെങ്കിൽ ഇന്ന് ദൈവത്തെ പേടിച്ചു നല്ല മനുഷ്യരായി ജീവിക്കുന്നവർ മോശമായി ജീവിക്കുന്നവർ ആയിരു ന്നേക്കാം. ദൈവമില്ലെന്നു കരുതിയിരു ന്നുവെങ്കിൽ ഭൂമിയിൽ അത്ര വലിയ നന്മകളൊന്നും കണ്ടില്ലെന്നും വന്നേക്കാം. ദൈവ മുണ്ടെന്നു കരുതുന്നത് കൊണ്ടു ആരുമില്ലാ ത്തവന് തുണയായി അവൻ ദൈവത്തെ കാണുന്നു. മനുഷ്യരെ കൊണ്ടു നിവൃത്തിക്കാൻ കഴിയാത്ത ദുഃഖങ്ങളിൽ ദൈവത്തിൽ ആശ്വാസം കണ്ടെത്തു ന്നവർ നിരവധിയാണ്. ചികിത്സയുടെ അവസാനം ഇനി നിങ്ങൾ ദൈവത്തോട് പ്രാർഥിക്കൂ എന്നു നിരീശ്വര വാദിയായ ഡോക്ടർക്ക് പോലും രോഗിയോട് പറയേണ്ടി വരുന്നു. ദൈവം ആശ്വാസമാണ്, സമാധാനമാണ്. 

അക്രമികളെ പ്രതിരോധി ക്കാൻ കഴിയാതാ കുമ്പോൾ കൈ മേലോട്ടു യർത്തി സഹായം ചോദിക്കാൻ മനുഷ്യനൊരു ദൈവത്തെ അത്യാവശ്യ മായിരിക്കുന്നു. മനുഷ്യരെ പരമാവധി ഉപദ്രവിച്ചു അതിനു ശിക്ഷയൊന്നും അനുഭവിക്കാതെ സമർഥമായി മരിച്ചു പോകുന്നവരെ പിടികൂടാൻ ഒരു ദൈവം ഉണ്ടായിരു ന്നെങ്കിലെന്നു മനുഷ്യൻ ആഗ്രഹിച്ചു പോകുന്നു. ഇവിടുത്തെ ന്യായാധിപരിൽ നിന്നു നീതി കിട്ടാതാ വുമ്പോൾ കൃത്യമായ നീതി നൽകുന്ന ഒരു ന്യായാധി പനായി മനുഷ്യർ ദൈവത്തെ കാണുന്നു. ദൈവം മർദ്ധിതർക്ക് വേണ്ടി നടപടികൾ എടുക്കുന്ന വനാണ് എന്നവർ കരുതുന്നു.

ഗവേഷണങ്ങളും ചോദ്യങ്ങളും ഉത്തര ങ്ങളില്ലാതെ വഴിമുട്ടുമ്പോൾ എല്ലാറ്റിനും അവസാന കാരണം ദൈവമാണ് എന്നു മനുഷ്യർ കരുതിപ്പോവുന്നു. ഗണിത- ഭൗതിക നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രപഞ്ചത്തിന്റെ സൂപ്പർ ബ്രെയിനായി, സൂപ്പർ ഡിസൈനറായി ഒരു ദൈവം ഇല്ലെന്നു ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത വരുണ്ട്. ശക്തരായ ഭരണാധി കാരികൾ തകർന്ന ടിയുന്നത് കാണുമ്പോൾ അതിനു കാരണ ക്കാരനായി സർവ ശക്തനായ മറ്റൊരു ഭരണാധി കാരിയായി ദൈവത്തെ മനുഷ്യർ സങ്കൽപ്പിച്ചു പോകൽ സ്വാഭാവി കമാണ്. ഭരണാധി കാരികളുടെ പിടിപ്പ് കേട് കൊണ്ടു രാജ്യങ്ങൾ അസ്ഥിര മാകുമ്പോൾ മനുഷ്യർ ദൈവം ഭരണാധി കാരിയായ ഒരു ദൈവരാജ്യം കൊതിച്ചു പോവലും സ്വാഭാവികമാണ്.  

ചിലർ അവരുടെ ചിട്ടയാർന്ന ജീവിതത്തിനു കാരണ ക്കാരനായി ദൈവത്തെ കാണുന്നു. മറ്റു ചിലർ അവരുടെ ധാർമ്മിക വിശുദ്ധി യുടെയും മാനസിക വികാസ ത്തിന്റെയും കാരണമായി ദൈവത്തെ കാണുന്നു. മറ്റു ചിലർ സകല ഭയങ്ങളിൽ നിന്നും ദൈവത്തിലൂടെ മോചനം കണ്ടെ ത്തുന്നു. ചിലർ സാമൂഹ്യ പരിവർത്തന ങ്ങളുടെ ചാലക ശക്തിയായി ദൈവത്തെ കാണുന്നു. ദൈവമില്ലാത്ത അവസ്ഥയെ പറ്റി ചിന്തിക്കാൻ കഴിയാത്ത വരുണ്ട് മനുഷ്യരിൽ. ദൈവത്തിനു പകരം വെക്കാൻ മറ്റൊരു സംവിധാനം മനശാസ്ത്രം കണ്ടുപിടി ച്ചിട്ടില്ല. അതെ, ദൈവം ബോധ മനസ്സിന്റെയും ഉപബോധ മനസ്സിന്റെയും ഒരാവശ്യമായി നിലകൊള്ളുന്നു. ദൈവ വിശ്വാസി കളെയുംനിരീശ്വര വാദികളെയും ഒരുമിച്ചു മനശാസ്ത്ര പരീക്ഷണത്തിന് വിധേയ മാക്കിയപ്പോൾ അതാണ് തെളിഞ്ഞു വന്നത്. എല്ലാ മനുഷ്യ രുടെയും മനസ്സിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പോലെ.....

അൻസാർ അലി നിലമ്പൂ

2 June 2018

സർവജ്ഞനായ ദൈവത്തിന് പരീക്ഷിക്കണോ..?

സർവജ്ഞനായ ദൈവം പിന്നെ എന്തറിയാനാണ് മനുഷ്യനെ   പരീക്ഷിക്കുന്നത്, ദൈവത്തിന് എല്ലാവരുടെയും ത്രികാലങ്ങളും അറിയാമല്ലോ എന്ന ചോദ്യം എക്കാലത്തും ഉയർന്നു വന്നിട്ടുണ്ട്. കാലാ കാലങ്ങളിൽ ദൈവ ശാസ്ത്രജ്ഞർ ഈ ചോദ്യത്തിന് മറുപടി പറഞ്ഞിട്ടുണ്ട്. പ്രധാനമായും ജൂത ക്രിസ്ത്യൻ ഇസ്‌ലാം തുടങ്ങിയ സെമിറ്റിക് മതങ്ങളാണ് മനുഷ്യ ജീവിതം ദൈവത്തിന്റെ ഒരു പരീക്ഷയാണ് എന്നു പഠിപ്പിക്കുന്നത്. ദൈവത്തിനു പുതുതായി ഒന്നും അറിയാൻ വേണ്ടിയല്ല മറിച്ചു സ്വാതന്ത്ര്യം നൽകിയിട്ട് മനുഷ്യൻ എന്തു പ്രവർത്തിച്ചു എന്നു അവനെ ബോധ്യപ്പെ ടുത്താൻ ആണ് ദൈവം മനുഷ്യനെ പരീക്ഷിക്കുന്നത് എന്നാണ് ഈ മതങ്ങൾ പഠിപ്പിക്കുന്നത്.  

വിദ്യാർത്ഥി ജയിക്കുമോ ഇല്ലേ എന്നൊക്കെ ഒരു അധ്യാപകന് ഏകദേശ ധാരണ ഉണ്ടാവുമെങ്കിലും അധ്യാപകൻ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥിയുടെ കഴിവും യോഗ്യതയും അവനെ ബോധ്യപ്പെടുത്താൻ ആണ്. പരീക്ഷ നടത്തി നീ ജയിച്ചു അല്ലെങ്കിൽ തോറ്റു എന്നു വിദ്യാർത്ഥിക്ക് ബോധ്യം വരുത്തി കൊടുത്താലെ അവന് ഉപരി പഠനത്തിന് പോകാനോ പോകാതെ ഇരിക്കാനോ കഴിയൂ. ജയിച്ചാൽ അവനു തുടർന്നു പഠിക്കാം, അല്ലെങ്കിൽ ജോലിക്ക് ശ്രമിക്കാം. തോറ്റാൽ വീണ്ടും പഠിച്ചു ജയിക്കാൻ നോക്കാം. ഇവിടെ വിദ്യാർത്ഥി ജയിച്ചോ തോറ്റോ എന്നറിയൽ അധ്യാപകന്റെ ആവശ്യമല്ല, വിദ്യാർത്ഥിയുടെ ആവശ്യമാണ്. 

അധ്യാപകൻ വിദ്യാർത്ഥിയുടെ വിജയ സാധ്യതയെ കുറിച്ചു അറിയുന്നവൻ ആണെങ്കിലും അല്ലെങ്കിലും പരീക്ഷ നടത്തൽ വിദ്യാർത്ഥിയെ സംബന്ധിച്ചു പ്രധാനമാണ്. ഇതു പോലെ ദൈവം സർവജ്ഞൻ ആയതു കൊണ്ട് മാത്രം   താൻ എങ്ങനെ സ്വർഗ്ഗത്തിൽ എത്തി അല്ലെങ്കിൽ നരകത്തിൽ എത്തി എന്നൊന്നും മനുഷ്യന് അറിയില്ല. ദൈവം നടത്തിയ ജീവിത പരീക്ഷയിൽ ജയിച്ചത് കൊണ്ടാണ് അല്ലെങ്കിൽ തോറ്റത് കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത് എന്നു മനുഷ്യന് ബോധ്യപ്പെ ടേണ്ടതുണ്ട്. ബോധ്യപ്പെ ടുത്താതെ കുറേപേരെ പിടിച്ചു നരകത്തിൽ ഇടുന്നത് നീതിയല്ലല്ലോ. ദൈവം നീതിമാനാണ് എന്നാണ് സെമിറ്റിക് മതങ്ങൾ പഠിപ്പിക്കുന്നത്. ഇതിനാണ് ദൈവം മനുഷ്യനെ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ ദൈവം നടത്തുന്ന നമ്മുടെ ജീവിതം ആകുന്ന പരീക്ഷയിൽ നമുക്ക് വിജയിക്കാൻ   ശ്രമിക്കാം.

അൻസാർ  അലി നിലമ്പൂർ