13 November 2017

സ്നേഹം ചില നിയമങ്ങളിലൂടെ

സ്നേഹമെന്ന  പ്രതിഭാസത്തെ  നിരീക്ഷിച്ചപ്പോൾ  എനിക്ക് മനസ്സിലായ  ചില  കാര്യങ്ങൾ  താഴെ  സംഗ്രഹിക്കുന്നു.   

1. നമ്മുടെ മനസ്സിൽ  ആരോടെങ്കിലും  സ്നേഹം  തോന്നുന്നത്   ഇല്ലാതാക്കാൻ  എപ്പോഴും  നമ്മെക്കൊണ്ടു കഴിഞ്ഞെന്നു  വരില്ല.  എന്നാൽ  സ്നേഹം തോന്നുന്ന  വ്യക്തിയോട്   വല്ല ബന്ധത്തിലും  ഏർപ്പെടാൻ  പോകുന്നതിനു  മുമ്പ്  നന്നായി  ആലോചിക്കണം.

2. സ്നേഹം  നിർബന്ധമായി  പിടിച്ചു വാങ്ങാൻ ശ്രമിച്ചാൽ  പലപ്പോഴും   കിട്ടുന്നത് സ്നേഹമായിരിക്കില്ല  വെറും  അഭിനയമായിരിക്കും.

3. ആർക്കെങ്കിലും  വേണ്ടി കാശു  ചെലവാക്കി  അവരിൽ നിന്ന് സ്നേഹം  വാങ്ങാൻ  ശ്രമിച്ചാൽ  അതു കിട്ടിക്കൊള്ളണം  എന്നില്ല.  കിട്ടിക്കൂടാ  എന്നുമില്ല.  സ്നേഹം കാശു കൊടുത്തു വാങ്ങാൻ ശ്രമിക്കൽ  അത്ര  യുക്തിപരമായ കാര്യമല്ല.  

4. ദുനിയാവിൽ  ആരും  എന്നെ സ്നേഹിക്കുന്നില്ലെങ്കിൽ  അതിനർത്ഥം   എല്ലാവർക്കും  തെറ്റുപറ്റി  എന്നല്ല.  കോടാനു കോടി മനുഷ്യർക്ക്  ഒരുമിച്ചു  തെറ്റു പറ്റില്ല.   എന്നെ   സ്നേഹിക്കാൻ  കൊള്ളാത്തതാണ്  കാരണം.  

5. നമുക്ക്  ആരോടെങ്കിലും  സ്നേഹം  തോന്നിയാൽ   അയാൾക്ക്  തിരിച്ചു നമ്മോടും  സ്നേഹം തോന്നണമെന്നില്ല.   നമ്മെ മറ്റുള്ളവർ സ്നേഹിക്കണമെങ്കിൽ  അതിനു  പറ്റിയ  എന്തെങ്കിലും  യോഗ്യത നമ്മിൽ   വേണം. 

6. സൗന്ദര്യം  കണ്ടു സ്നേഹിക്കാൻ പോയാൽ   അയാളുടെ  ദുസ്സ്വഭാവം  അറിയുമ്പോൾ അയാളോട്  തോന്നിയ   സ്നേഹം  ഇല്ലാതാവും.  മിന്നുന്നതെല്ലാം  പൊന്നല്ല.  പൊന്നിന്റെ  നിറം  മാത്രം ഉള്ളവയോട്  പൊന്നിനോട്  തോന്നുന്ന  സ്നേഹം  തോന്നില്ല.

7. സ്നേഹം  കൊണ്ട്   ഒരാളെ  ശല്യം ചെയ്യാൻ  പോയാൽ   ചിലപ്പോൾ  തിരികെ കിട്ടുന്നത്   ആട്ടും തുപ്പുമായിരിക്കും.   

8. സ്നേഹിക്കുന്നത് എങ്ങനെ  എന്നു  പഠിപ്പിക്കുന്നതിൽ  വലിയ  കഴമ്പില്ല.  ഒരാൾക്ക്  ആരോടെങ്കിലും   ഭയങ്കര സ്നേഹമുണ്ടെങ്കിൽ  അയാളോട്   സ്നേഹത്തോടെ  പെരുമാറാനും   അയാൾക്ക് വേണ്ടി  മരിക്കാനും വരെ അയാൾ തയാറാവും.  അത്  പഠിപ്പിക്കേണ്ട  ആവശ്യമില്ല.

9. സ്നേഹിക്കുന്നു  എന്നു  ആയിരം പ്രാവശ്യം പറഞ്ഞിട്ടും കാര്യമൊന്നുമില്ല. അങ്ങനെ പറഞ്ഞാൽ സ്നേഹമാകില്ല.   അത്തരം പറച്ചിലുകളെ  വലിയ വിശ്വാസത്തിൽ എടുക്കേണ്ടതുമില്ല.  മനസിലാണ്  യഥാർത്ഥ  സ്നേഹം ഉടലെടുക്കുന്നത്.   അതു പല രൂപത്തിൽ മനസിൽ നിന്നു പുറത്തു ചാടിക്കൊള്ളും.

10. ഇന്ന്  ഒരാളോട്  സ്നേഹം  തോന്നിയാൽ  അതു നാളെയും തോന്നണം  എന്നില്ല.  ചിലപ്പോൾ ഇന്ന്  സൂര്യൻ അസ്തമിക്കുന്നതോടെ ആ   സ്നേഹവും  അസ്തമിച്ചേക്കും.   എന്തെങ്കിലും  കാരണം  കൊണ്ട് സ്നേഹം തുടങ്ങുന്നു.  എന്തെങ്കിലും  കാരണം  കൊണ്ട്  അതു അവസാനിക്കുകയും ചെയ്യുന്നു.  ഒരു  ഗാരണ്ടിയുമില്ല.  

11. സ്നേഹിക്കൽ  കരാർ മുഖേന   ഒരു ബാധ്യത  ആകുമ്പോൾ  പലപ്പോഴും  അതിൽ  വീഴ്ചകൾ സംഭവിക്കും.   സ്വാഭാവികമായി  ഉടലെടുക്കുന്ന  സ്നേഹം  ഒരു ബാധ്യതയായി  അനുഭവപ്പെടില്ല.

12. കാര്യ  സാധ്യത്തിനു  വേണ്ടി  കപട  സ്നേഹം   കാണിക്കൽ  ഒരു മനുഷ്യ സ്വഭാവമാണ്.   സ്വന്തം കാര്യത്തിനായി   മനുഷ്യൻ    പല വേഷവും  കെട്ടുന്നു.    അതു  തിരിച്ചറിയാൻ  യുക്തിമാന്മാർക്ക്  കഴിയും.  അവരതിലൊന്നും  മയങ്ങി വീണു   പോവുകയുമില്ല. 

13. സ്നേഹത്തിനു വേണ്ടി  ദാഹിക്കുന്നതിലും വിശക്കുന്നതിലും  വലിയ കഴമ്പില്ല.  സ്നേഹിക്കപ്പെടാൻ യോഗ്യത ഉണ്ടെങ്കിൽ  സ്നേഹിക്കപ്പെടും.   ഇല്ലെങ്കിൽ സ്നേഹിക്കപ്പെടുകയുമില്ല. അക്കാര്യത്തിൽ   ടെൻഷൻ വേണ്ട.   

14. വളരെയധികം   സ്നേഹിച്ച  ഒരാൾ  ഉപേക്ഷിച്ചു  പോയാൽ  ഓർക്കുക,  ഇക്കാര്യത്തിൽ  ലോകത്തെ   ആദ്യത്തെ  ആളല്ല താങ്കൾ.  വാങ്ങിയ  ഉൽപന്നം  മോശമായിരുന്നു,    അല്ലെങ്കിൽ   അതിനെ   ഉപയോഗിച്ച രീതി ശരിയായില്ല.  അടുത്തത് വാങ്ങുമ്പോഴും  ഉപയോഗിക്കുമ്പോഴും   വളരെ ശ്രദ്ധിക്കുക.

15. യഥാർത്ഥത്തിൽ  സ്നേഹം തോന്നിയിട്ടു  സ്നേഹിക്കുമ്പോൾ  പരാതികളൊന്നും  കാണില്ല.  വെറും  കൊടുക്കൽ വാങ്ങൽ  ഉദ്ദേശ്യം  ആകുമ്പോൾ   പരാതികളുടെ  പ്രളയം തന്നെയായിരിക്കും.  

അൻസാർ  അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.