ആദ്യരാത്രി തന്നെ ഭാര്യയുമായി ബന്ധപ്പെടണം, അവള്‍ വേദന കൊണ്ട് പുളയണം, അങ്ങനെ കന്യാചര്‍മ്മം പൊട്ടണം, കുറെ രക്തം വരണം, അങ്ങനെ അവള്‍ ചാരിത്ര്യവതി ആണെന്ന് തെളിയണം, ഇങ്ങനൊക്കെ പണ്ടു കാലത്ത് മനുഷ്യര്‍ക്ക് ഇടയിൽ ചില ധാരണകള്‍ ഉണ്ടായിരുന്നത് നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും. അക്കാലത്ത് അങ്ങനെ ചിന്തിക്കാനുള്ള ബുദ്ധിയും അറിവുമെ മനുഷ്യര്‍ക്ക് ഉണ്ടായിരുന്നുള്ളൂ എന്ന് വെക്കാം. എന്നാല്‍ ഇക്കാലത്തും ആ ഭാണ്ഡവും പേറി ജീവിക്കുന്ന ചിലരുണ്ട് എന്നത് അത്ഭുതമാണ്.
ആദ്യ രാത്രി തന്നെ നവ വധുവിന്‍റെ കന്യാ ചര്‍മ്മം പൊട്ടിച്ചു കളയണം എന്ന് ഇസ്‌ലാമിൽ ഒരു നിയമവും ഇല്ല. രക്തം വന്നോ എന്ന് നോക്കലും ഇസ്ലാമിക അധ്യാപനമല്ല. കന്യാ ചര്‍മ്മം പെണ്ണിന്‍റെ പരിശുദ്ധിക്കുള്ള തെളിവാണെന്ന് ഇസ്ലാം എവിടെയും പറയുന്നുമില്ല. ഇക്കാര്യം മുസ്ലിം പണ്ഡിതര്‍ തന്നെ വളരെ വ്യക്തമായി പറഞ്ഞത് വായിച്ചിട്ടുണ്ട്.
ഇസ്ലാമില്‍ ആണിനും പെണ്ണിനും ലൈംഗീക പരിശുദ്ധിക്കുള്ള തെളിവായി അല്ലാഹു ശാരീരികമായി ഒന്നും നിശ്ചയിച്ചിട്ടില്ല. കന്യാ ചര്‍മ്മം തീരെ ഇല്ലാതെയും പെണ്‍കുട്ടികള്‍ ജനിക്കാറുണ്ട്. കന്യാ ചര്‍മ്മം പൊട്ടാന്‍ സംയോഗം നടക്കണം എന്നുമില്ല. ഒന്ന് ആഞ്ഞു ചാടിയാല്‍, സൈക്കിള്‍ ചവിട്ടിയാല്‍, അല്ലെങ്കില്‍ ശക്തമായ ഒരു മെന്‍സസ് ഉണ്ടായാല്‍ പോലും കന്യാ ചര്‍മ്മം പൊട്ടിപ്പോകാം.
കന്യാ ചര്‍മ്മം പൊട്ടിയാല്‍ ഒന്നോ രണ്ടോ തുള്ളി രക്തമെ പലപ്പോഴും പുറത്തു വരികയുള്ളൂ. അത് മറ്റു സ്ഖലന ജലങ്ങളില്‍ ലയിച്ചു തീരെ കണ്ടില്ലെന്നും വരാം. അതുകൊണ്ട് കന്യാ ചര്‍മ്മത്തെയും രക്തത്തെയും കുറിച്ചുള്ള ഒരു ചിന്തക്കും മുസ്ലിം മനസ്സില്‍ സ്ഥാനമില്ല. ഇണയെ വേദനിപ്പിക്കുന്ന രൂപത്തില്‍ അതിനെ കുറിച്ച് ചോദിക്കുന്നത് പോലും ശരിയല്ല. വിവരമില്ലാത്തവന്‍ ചോദിച്ചാല്‍ "അത് എങ്ങനെയോ പൊട്ടിപ്പോയി" എന്ന് മറുപടി പറയാനുള്ള ബാദ്ധ്യതയെ പെണ്‍കുട്ടിക്ക് ഉള്ളൂ. മുമ്പ് അറിഞ്ഞു കൊണ്ടാണ് പൊട്ടിയത് എങ്കിലും അതൊന്നും വെളിപ്പെടുത്താന്‍ പെണ്‍കുട്ടിക്ക് ഒരു ബാധ്യതയുമില്ല.
വിവാഹ ശേഷം ആദ്യ സംയോഗം കഴിഞ്ഞാല്‍ രക്തത്തെയും കന്യാ ചര്‍മ്മത്തെയും കുറിച്ചുള്ള ചിന്ത ആണ്‍ മനസില്‍ തുടങ്ങുന്നതോടെ സംശയ രോഗം ഉല്‍ഘാടനം ചെയ്യപ്പെട്ടെന്നു പറയാം. കന്യാ ചര്‍മ്മവും രക്തവും നോക്കി പെണ്ണിന്‍റെ പരിശുദ്ധിയും വിശ്വാസ്യതയും അളക്കാന്‍ ഇസ്ലാമില്‍ ഒരു വകുപ്പും ഇല്ല. പെണ്ണിന്‍റെ പരിശുദ്ധിക്ക് കന്യാ ചര്‍മ്മം പൊട്ടിയോ എന്ന് നോക്കുന്നവര്‍ ആണിന്‍റെ പരിശുദ്ധിക്ക് എന്ത് നോക്കും, ഒന്നും നോക്കാനില്ല.
വധു തികച്ചും പരിശുദ്ധ ആകണം എന്ന വല്ലാത്ത ആഗ്രഹം വരന് ഉണ്ടെങ്കില്‍ നല്ല വിശ്വാസം ഉള്ളവളെ വിവാഹം കഴിക്കുക എന്നല്ലാതെ ഇസ്‌ലാമിൽ മറ്റു മാര്‍ഗമില്ല. അപ്പോഴും വിശ്വസിക്കല്‍ നിര്‍ബന്ധമായി വരും. വിശ്വാസം പരസ്പരം വെച്ചു പുലര്‍ത്താതെ മരിക്കുന്നത് വരെ ദമ്പതികളായി ജീവിക്കല്‍ ആരെ കൊണ്ടും സാദ്ധ്യമല്ല. എന്തിനെയും ആരെയും സംശയിക്കാന്‍ മാത്രം അറിയുന്നവര്‍ സ്വന്തം പിതൃത്വത്തില്‍ പോലും സംശയിക്കേണ്ടി വരും. ഇങ്ങനെ എപ്പോഴും ഒരു അവിശ്വാസിയുടെ മനസുമായി ഈ ഭൂമിയില്‍ ആര്‍ക്കും ജീവിക്കുക സാദ്ധ്യമല്ല. വിശ്വാസവും യുക്തിയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വിശ്വാസത്തിന്‍റെ മേന്മ മനസിലാകുന്ന ഒരു ഇടമാണിത്.
കുറച്ചു മുമ്പുവരെ ചില രാജ്യങ്ങളില്‍ കന്യകാത്വം പരിശോധിക്കുന്ന ടെസ്റ്റുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലായിടത്തും അത് നിരോധിക്കപ്പെടുകയും തികച്ചും മെഡിക്കല്‍ എത്തിക്സിനു എതിരാണ് അത്തരം ടെസ്റ്റുകള്‍ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു എന്നാണ് എന്‍റെ അറിവ്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ കന്യകാത്വ പരിശോധനാ ടെസ്റ്റിനെ വിശേഷിപ്പിച്ചത് Nothing less than torture എന്നാണ്. അതായത് പീഡനം അല്ലാതെ മറ്റൊന്നുമല്ലെന്ന്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വിശേഷിപ്പിച്ചത് Degrading and Unscientific അഥവാ പെണ്ണിനെ അവഹേളിക്കുന്നതും തികച്ചും അശാസ്ത്രീയമെന്നും. എന്നാലും ഇപ്പോഴും പ്രസ്തുത ടെസ്റ്റുകള്‍ ചില രാജ്യങ്ങളില്‍ നടന്നു വരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്.
ഒരു മുസ്ലിം അറിയേണ്ടത്, മനുഷ്യന്‍റെ ജന്മ ശത്രുവായ പിശാച് വധുവിനും വരനുമിടയില്‍ ഭിന്നത ഉണ്ടാക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും എന്നാണ്. അതില്‍ ആദ്യം അവന്‍ ചെയ്യുന്ന വേലയാണ് കന്യാ ചര്‍മ്മത്തെയും രക്തത്തെയും കുറിച്ച് ഭര്‍തൃ മനസില്‍ സംശയം ഉണ്ടാക്കല്‍. പിന്നെ അവിടുന്നു അങ്ങോട്ടു തുടങ്ങും നിരന്തരം ഓരോ സംശയങ്ങള്‍ മനസിലേക്ക് പകര്‍ന്നു തരൽ. ഇസ്ലാമില്‍ ബന്ധം നിലനിര്‍ത്തി കൊണ്ട് പോകല്‍ വമ്പിച്ച നന്മയും ബന്ധം മുറിക്കല്‍ സ്വര്‍ഗ്ഗ പ്രവേശനം തടയപ്പെടുന്ന വമ്പിച്ച തിന്മയുമാണ്. ഇതറിയാവുന്ന പിശാച് ബന്ധം മുറിക്കാനുള്ള ശ്രമം നിരന്തരം നടത്തി ക്കൊണ്ടിരിക്കും എന്നതിൽ സംശയം ഇല്ല. മുഹമ്മദ് നബിയുടെ ഒരു ഹദീസ് നോക്കാം;
മുഹമ്മദ് നബി(സ) പറഞ്ഞു: "ഇബലീസ് അവന്‍റെ സിംഹാസനം ജലത്തിന് മുകളില്‍ സ്ഥാപിച്ചു. ശേഷം മനുഷ്യർക്ക് ഇടയിൽ കുഴപ്പം ഉണ്ടാക്കുന്ന കാര്യത്തില്‍ അവനോടു ഏറ്റവും അടുത്തവരെയും അവന്‍റെ ദൂതന്മാരെയും അവന്‍ മനുഷ്യരിലേക്ക് അയച്ചു. ഒരുത്തന്‍ അവന്‍റെ അടുക്കല്‍ തിരിച്ചു വന്നു ഞാന്‍ മനുഷ്യര്‍ക്ക് ഇടയിൽ അങ്ങനെയും ഇങ്ങനെയും കുഴപ്പം ഉണ്ടാക്കി എന്ന് പറഞ്ഞപ്പോള്‍ ഇബലീസ് പറഞ്ഞു: "നീ കൂടുതലായി ഒന്നും ചെയ്തില്ല". മറൊരുത്തന്‍ വന്നു പറഞ്ഞു: " ഞാന്‍ ഒരാള്‍ക്കും അയാളുടെ ഭാര്യക്കും ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കി". അപ്പോള്‍ ഇബലീസ് അവനെ അടുത്തേക്ക് ചേര്‍ത്തു കൊണ്ട് പറയും: "നീ എത്ര നല്ലതാണ് ചെയ്തത് (മുസ്ലിം). പിശാച് മനസിൽ ഇട്ടുതരുന്ന എല്ലാ വിധ ദുര്‍ബോധന ശല്യങ്ങളിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുക.
അൻസാർ അലി നിലമ്പൂർ
No comments:
Post a Comment
Note: only a member of this blog may post a comment.