4 November 2017

ജീവികൾ ഇസ്‌ലാമിൽ

ഭൂമിയിലെ ഓരോ തരം  ജീവികളുടെ കൂട്ടങ്ങളെയും  ഇസ്‌ലാം മനുഷ്യരെ പോലെ ഓരോ സമുദായമായാണ് കാണുന്നത്. അല്ലാഹു പറയുന്നു:


“ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകളാല്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമുദായങ്ങള്‍   ആകുന്നു" (ഖുര്‍ആന്‍ 6:38)

എല്ലാ  ജീവികളോടും  കരുണ കാണിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മുഹമ്മദ് നബി(സ) പറഞ്ഞു: "ഭൂമിയിലുള്ളവരോട്  കരുണ കാണിക്കുക. അപ്പോള്‍  ഉപരി ലോകത്തുള്ളവന്‍  നിങ്ങളോടും   കരുണ കാണിക്കും.''(അബൂദാവൂദ്)

നബി(സ) പറഞ്ഞു:  “കരുണയില്ലാത്തവന് കാരുണ്യം ലഭിക്കുകയില്ല.'' (ബുഖാരി).

നബി(സ)  പറഞ്ഞു:  “നിര്‍ഭാഗ്യവാനല്ലാതെ കരുണയില്ലാത്തവൻ ആവുകയില്ല.'' (അബൂദാവൂദ്)

ജീവനുള്ള ഏതു ജീവിയോടു കരുണ ചെയ്യുന്നതും  ഇസ്ലാമില്‍  പുണ്യമാണ്. നബി(സ) പറഞ്ഞു:  “'പച്ചക്കരളുള്ള ഏതൊരു ജീവിയുടെ കാര്യത്തിലും നിങ്ങള്‍ക്കു പുണ്യമുണ്ട്.''(ബുഖാരി)

നബി(സ) പറഞ്ഞു: 'ഒരാള്‍ഒരു വഴിയിലൂടെ നടന്നു പോകവേ ദാഹിച്ചുവലഞ്ഞു. അപ്പോള്‍  അയാള്‍ ഒരു കിണര്‍  കണ്ടു . അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തു വന്നപ്പോള്‍ ഒരു  നായ ദാഹം കൊണ്ട്  മണ്ണ് കപ്പുന്നതു കണ്ടു. 'ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായ  പോലെ!' എന്ന് ആത്മഗതം ചെയ്ത് കൊണ്ടു  അയാള്‍  വീണ്ടും   കിണറ്റിലിറങ്ങി. തന്‍റെ  ഷൂവില്‍   വെള്ളം   നിറച്ച് അത്  തന്റെ  വായകൊണ്ട് കടിച്ചുപിടിച്ച്  കരക്കുകയറി അയാള്‍  നായയെ   വെള്ളം കുടിപ്പിച്ചു. ഇതിന്റെ പേരില്‍  അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്കു പാപങ്ങള്‍  പൊറുത്തു കൊടുത്തു.'' ഇതുകേട്ട് നബി(സ)യുടെ  അനുചരന്മാര്‍  ചോദിച്ചു : മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ...?. നബി(സ) പറഞ്ഞു:  പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.''(ബുഖാരി)

ഏതു ജീവിയെ  ദ്രോഹിക്കുന്നതും  ഇസ്‌ലാമിൽ  പാപമാണ്. നബി(സ) അത്  ശക്തമായി വിലക്കുന്നു. നബി(സ) പറഞ്ഞു: “പൂച്ച കാരണം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവളതിനെ വിശന്നു ചാകുവോളം കെട്ടിയിട്ടു.    അങ്ങനെ   അവൾ നരകാവകാശിയായി.'' (ബുഖാരി)

നബി(സ)  പറഞ്ഞു:  “ഒരു കുരുവിയെയോ അതിനെക്കാള്‍  ചെറിയ  ഒരു   ജീവിയെയോ അന്യായമായി വധിക്കുന്നത് അല്ലാഹുവിനോട് ഉത്തരം പറയേണ്ട കാര്യമാണ്. 'ന്യായമായ ആവശ്യമെന്തെന്ന്' അനുചരന്മാര്‍  ചോദിച്ചപ്പോള്‍  നബി(സ) പറഞ്ഞു:  “ഭക്ഷണമുണ്ടാക്കലും ബലിയറുക്കലും കൊന്നശേഷം വെറുതെ ഉപേക്ഷിക്കാതിരിക്കലും.''(അഹ്മദ്)

വിനോദത്തിന് ജീവികളെ കൊല്ലുന്നതും പരസ്പരം പോരടിപ്പിച്ച് മത്സരിപ്പിക്കുന്നതും പ്രവാചകന്‍  നിരോധിച്ചിരിക്കുന്നു. (മുസ്‌ലിം)

മൃഗങ്ങളെ കല്ലെറിയുന്നതും തേനീച്ച, ഉറുമ്പ്, കുരുവി പോലുള്ളവയെ കൊല്ലുന്നതും അവിടന്ന് വിലക്കിയിരിക്കുന്നു.(മുസ്‌ലിം)

നബി(സ) പറഞ്ഞു: “ആരെങ്കിലും ഒരു പക്ഷിയെ അനാവശ്യമായി കൊന്നാല്‍  അന്ത്യ   ദിനത്തില്‍ അത്    അലമുറയിട്ടുകൊണ്ട് അല്ലാഹുവോട് പറയും: എന്റെ നാഥാ! ഇന്നയാള്‍  എന്നെ അനാവശ്യമായി കൊന്നിരിക്കുന്നു. ഉപയോഗത്തിനു വേണ്ടിയല്ല അയാളെന്നെ വധിച്ചത്.''(നസാഈ)

തണുപ്പകറ്റാന്‍  വേണ്ടി  തീയിട്ട   അനുചരന്മാരോട്  ഉറുമ്പ് കരിയാന്‍ കാരണമാകുമോ എന്ന ആശങ്കയാല്‍ അത് കെടുത്താന്‍ കല്പിക്കുകയും ഒട്ടകത്തെ കെട്ടിയിട്ട് അതിന് ആഹാരം നല്‍കാതെ പട്ടിണിക്കിട്ടവനെ ശക്തമായി ശാസിക്കുകയും മൃഗങ്ങളുടെ മുഖത്ത് മുദ്രവെക്കുന്നതും പുറത്ത് ചൂടുവെക്കുന്നതും അവയെ  അസ്ത്ര   പ്രയോഗത്തിന്  ഉന്നമാക്കുന്നതും    ജീവന്‍ ഉള്ളതായിരിക്കെ   അവയുടെ    മാംസം  മുറിച്ചു എടുക്കുന്നതും   അവയുടെ കൊഴുപ്പ് എടുക്കുന്നതും  നബി(സ) വിലക്കിയിട്ടുണ്ട് . 

ഒരിക്കല്‍ ഒരാള്‍ നബി(സ)യോട് പറഞ്ഞു: 'ഞാന്‍  ആടിനെ അറുക്കുമ്പോള്‍ കരുണ   കാണിക്കാറുണ്ട്.”     അപ്പോള്‍ നബി(സ) പറഞ്ഞു: “നീ അതിനോടു കരുണ കാണിച്ചാല്‍  അല്ലാഹു നിന്നോടും കരുണ കാണിക്കും.''  (ഹാകിം)

അൻസാർ അലി  നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.