ഭക്ഷ്യ വസ്തുക്കളിലെ വിഷ അംശത്തിന്‍റെ തോതസരിച്ച് അവയെ മൂന്നായി തിരിച്ച ആരോഗ്യ വകുപ്പിന്‍റെ കണക്കു കണ്ടപ്പോള്‍ ഞെട്ടിപ്പോയി. മുഴുവന്‍ വിഷമായത്, ഭാഗിമായി വിഷമായത്, തീരെ വിഷാംശം ഇല്ലാത്തത് എന്നിങ്ങനെ ഭക്ഷ്യ വസ്തുക്കളെ വേര്‍തിരിച്ചിരിക്കുന്നു. തീരെ വിഷം ഇല്ലാത്തത് വളരെ കുറവാണ്. ഭാഗികമായി വിഷമില്ലാത്ത ഒന്നും ഇന്ന് നമ്മള്‍ ഭക്ഷിക്കുന്നില്ല എന്ന് തോന്നുന്നു.
നമുക്കിടയില്‍ വര്‍ധിച്ചു വരുന്ന കാന്‍സറിനും മാരക രോഗങ്ങള്‍ക്കും നമ്മള്‍ തന്നെ ഭക്ഷ്യ വസ്തുക്കളില്‍ തെളിക്കുന്ന വിഷം ഒരു കാരണമാകുന്നു. മനുഷ്യന്‍റെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും നാശം വെളിപ്പെട്ടിരിക്കുന്നു എന്നാണല്ലോ അല്ലാഹു ഖുര്‍ആനില്‍ പറയുന്നത്.
നമ്മുടെ മുന്‍ഗാമികള്‍ കൃഷിയോട് വളരെ താല്‍പര്യം ഉവരായിരുന്നു. കുറച്ചു സ്ഥലം കിട്ടിയാല്‍ അവർ എന്തെങ്കിലും കൃഷി ചെയ്തിരുന്നു. നമ്മള്‍ പഠിച്ചു, ഉന്നത ജോലി നേടി, കൃഷിപ്പണി മറന്നു. അതിന്‍റെ ഫലമായി നമ്മളെ ഭക്ഷിപ്പിക്കാന്‍ തമിഴ് കര്‍ഷകര്‍ക്ക് കൂടുതല്‍ കീട നാശിനിയും രാസ വസ്തുക്കളും ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കേണ്ടി വരുന്നു. തിന്നാന്‍ മാത്രം അറിയാവുന്ന മനുഷ്യരുടെ എണ്ണം കൂടുകയും മണ്ണില്‍ അധ്വാനിക്കാന്‍ സന്മനസുള്ളവരുടെ എണ്ണം കുറയുകയും ചെയ്യുമ്പോള്‍ വിളവു വര്‍ധിക്കാന്‍ കര്‍ഷകര്‍ കൃത്രിമ മാര്‍ഗങ്ങള്‍ തേടുന്നു.
മുസ്ലീങ്ങള്‍ മേല്‍ പറഞ്ഞ പോലെ ആകാന്‍ പാടില്ല. ഒരു പയറു ചെടി കൃഷി ചെയ്യാനുള്ള സ്ഥലമാണ് അവന്‍റെ കൈവശമുള്ളത് എങ്കിലും അതില്‍ അത് കൃഷി ചെയ്യല്‍ അവനു ഇസ്ലാമികമായി നിര്‍ബന്ധമാണ് എന്ന് തോന്നിപ്പോകുന്നു. നോക്കൂ മുഹമ്മദ് നബി കല്‍പിക്കുന്നത്;
"ഭൂമി കൈവശമുള്ളവന്‍ അതില്‍ കൃഷി ചെയ്യട്ടെ, അല്ലെങ്കില്‍ കൃഷി ചെയ്യാന്‍ തന്‍റെ സഹോദരന് അവനതു വിട്ടു കൊടുക്കട്ടെ" (മുസ്ലിം)
കാര്യം വ്യക്തമാണ്, ഭൂമി കൈവശം ഉണ്ടെങ്കില്‍ അതില്‍ കൃഷി ചെയ്യല്‍ മുസ്ലിമിന് നിര്‍ബന്ധമാണ്. അതിനവനു മനസില്ലെങ്കില്‍ കൃഷിക്കാരനായ സഹോദരന് കൃഷി ചെയ്യാന്‍ അത് പാട്ടത്തിനോ അല്ലാതെയോ നല്‍കണം. നോക്കൂ മുഹമ്മദ് നബി(സ)യുടെ ചര്യ:
ഇബ്നു അബ്ബാസ്(റ) പറയുന്നു : "ഭൂമി പാട്ടത്തിന് നല്‍കുന്നത് നബി വിരോധിച്ചിട്ടില്ല. അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്; "നിങ്ങളില്‍ ഒരുവന്‍ അവന്‍റെ ഭൂമി കൃഷി ചെയ്യുവാന്‍ വേണ്ടി തന്‍റെ സ്നേഹിതന് വെറുതെ നല്‍കുന്നതാണ് നിശ്ചിത വിഹിതം പാട്ടം വാങ്ങലിനേക്കാള്‍ ഉത്തമം". (ബുഖാരി)
ഭക്ഷ്യക്കമ്മി പരിഹരിക്കാന്‍ ഇസ്ലാം കൃത്യമായ നിര്‍ദേശമാണ് ഇവിടെ മുന്നോട്ടു വെക്കുന്നത്. അവിടെയും ഇസ്ലാം നിര്‍ത്തിയില്ല. സ്വയം കൃഷി ചെയ്യാനോ പാട്ടത്തിനു നല്‍കാനോ കൃഷി ചെയ്യാന്‍ വെറുതെ നല്‍കാനോ തയാറില്ലാത്ത വരുടെ ഭൂമി ഭരണകൂടം പിടിച്ചെടുക്കണം എന്ന് കൂടി നബി നിര്‍ദേശിച്ചു.
ജാബിര്‍(റ) പറയുന്നു : "സഹാബിമാര്‍ വിളവിന്‍റെ മൂന്നില്‍ ഒന്ന്, നാലില്‍ ഒന്ന്, പകുതി എന്നീ ക്രമത്തില്‍ കൃഷി ഭൂമി പാട്ടത്തിന് നല്‍കിയിരുന്നു. അപ്പോള്‍ നബി പറഞ്ഞു: "വല്ലവനും ഭൂമി ഉണ്ടെങ്കില്‍ അവന്‍ അതില്‍ കൃഷി ചെയ്യട്ടെ. അല്ലെങ്കില്‍ അത് തന്‍റെ സ്നേഹിതന് വിട്ടു കൊടുക്കട്ടെ. അവനതു ചെയ്യുന്നില്ലെങ്കില്‍ അവന്‍റെ ഭൂമി പിടിച്ചെടുക്കട്ടെ". (ബുഖാരി).
പിടിച്ചെടുക്കട്ടെ എന്നത് ഭരണ കൂടത്തോടുള്ള റസൂലിന്‍റെ കല്‍പനയാണ്. സ്വകാര്യ സ്വത്തു കവരാനോ കൊള്ളയടിക്കാനോ ഒരാളില്‍ നിന്നെടുത്തു അന്യായമായി മറ്റൊരാള്‍ക്ക് നല്‍കാനോ അല്ല ഭരണ കൂടത്തോട് റസൂല്‍ പറയുന്നത്. മറിച്ച്, ഒരു രാജ്യത്തിന്‍റെ ആരോഗ്യം നിശ്ചയിക്കുന്ന സുപ്രധാന മേഖലയാണ് കാര്‍ഷിക മേഖല എന്നതു കൊണ്ട് രാജ്യത്തെ ഒരു ഭൂമിയും കൃഷി ചെയ്യപ്പെടാതെ വെറുതെ കിടക്കരുത് എന്ന് ഇസ്ലാമിന് നിര്‍ബന്ധമുണ്ട് എന്നതിനാല്‍ കൈവശമുള്ള ഭൂമി ഒരു കാര്യത്തിനും ഉപയോഗിക്കാൻ മനസില്ലാത്ത വനോട് അല്‍പം ബല പ്രയോഗം നടത്തി ഭൂമി പിടിച്ചെടുത്ത് ഉടമക്ക് നല്‍കേണ്ട പാട്ടം നിശ്ചയിച്ച് കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കുക എന്നാണ് റസൂല്‍ പറയുന്നത്.
ഇസ്ലാം വളരെ സുന്ദരമായ രൂപത്തിൽ ഇവിടെ മുതലാളിത്തത്തില്‍ നിന്നും കമ്മ്യൂണിസത്തില്‍ നിന്നും വേര്‍തിരിയുന്നു. അതിന്‍റെ മാര്‍ഗം മധ്യമമാണ്. ആരെയും അന്യായമായി വേദനിപ്പിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല. യുദ്ധത്തിനു ഇടയിൽ കൃഷി നശിപ്പിക്കാന്‍ പാടില്ല എന്നൊക്കെ ദൈവിക മാര്‍ഗ ദര്‍ശനമായ ഇസ്ലാമില്‍ മാത്രമേ നമുക്ക് കാണാന്‍ കഴിയൂ.
നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ ഭൂമിക്കു പട്ടയം നല്‍കാറുണ്ടല്ലോ. എന്താണ് അങ്ങനെ നല്‍കാനുള്ള മാനദണ്ഡം....?. ഇസ്ലാമിന്‍റെ ഈ രംഗത്തെ സുപ്രധാന നിര്‍ദേശം നോക്കാം. ആരുടേയും ഉടമസ്ഥതയില്‍ അല്ലാത്ത ഭൂമി ആരാണോ കൃഷി ചെയ്തു ജീവിപ്പിക്കുന്നത് അവനതിന്‍റെ ഉടമാവകാശം നല്‍കണം അതായത് പട്ടയം നല്‍കണം എന്നാണ് ഇസ്ലാം പറയുന്നത്. നോക്കൂ ഹദീസ്;
ആഇശ(റ)പറയുന്നു: "നബി അരുളി: "ആരുടെയും ഉടമസ്ഥതയൽ അല്ലാത്ത ഭൂമി വല്ലവനും കൃഷി ചെയ്തു ജീവിപ്പിച്ചാല്‍ അവനാണ് അതിന്‍റെ അവകാശി. ഉര്‍വ(റ) പറയുന്നു: ഉമര്‍(റ) തന്‍റെ ഭരണ കാലത്തു ഇപ്രകാരം വിധിച്ചു (ബുഖാരി).
ഇസ്ലാമിന്‍റെ രീതി മനുഷ്യരെ ഉത്തമമായ നിര്‍ദേശം നല്‍കി നന്മക്കു പ്രേരിപ്പിക്കുക, അനുസരിച്ചില്ല എങ്കില്‍ സാമൂഹ്യ താല്‍പര്യം പരിഗണിച്ച് വ്യക്തികളെ അനുസരിപ്പിക്കുക എന്നതാണ്. അപ്പോള്‍ തീര്‍ച്ചയായും കൃഷിക്ക് പ്രേരിപ്പിക്കുന്ന ഉത്തമമായ നിര്‍ദേശങ്ങള്‍ ഇസ്ലാമില്‍ കാണണമല്ലോ. നോക്കൂ ഹദീസുകള്‍.
നബി(സ) അരുളി: "ഒരു മുസ്ളിം ഒരു ചെടി വെച്ചു പിടിപ്പിക്കുകയോ വിത്തു വിതക്കുകയോ ചെയ്തു. അങ്ങനെ അതിന്‍റെ ഫലം ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ ഭക്ഷിച്ചു. എങ്കില്‍ അതു അവന്‍ ചെയ്ത ഒരു ദാനമായി പരിഗണിക്കാതെ പോകില്ല" (ബഖാരി)
റസൂല്‍(സ) പറഞ്ഞു: "അന്ത്യ സമയം നിലവില്‍ വരുമ്പോഴാണ് ഒരാളുടെ കൈവശം ഒരു ചെടിയുള്ളത് എങ്കിലും അവനതു നട്ടു കൊള്ളട്ടെ" (അഹ്മദ്)
റസൂല്‍(സ) പറഞ്ഞു: "ഒരു മുസ്ലിം ഒരു ചെടി നട്ടാല്‍ അതില്‍ നിന്നുണ്ടാകുന്ന ഫലങ്ങളുടെ കണക്കില്‍ അവനു പ്രതിഫലം രേഖപ്പെടുത്തും" (അഹ്മദ്)
റസൂല്‍ (സ) പറഞ്ഞു: "ഭൂമിയുടെ ഉള്‍ ഭാഗങ്ങളില്‍ നിങ്ങള്‍ ഉപജീവനം അന്വേഷിച്ചു കൊള്ളുക." (ത്വബ്രാനി).
അൻസാർ അലി നിലമ്പൂർ
No comments:
Post a Comment
Note: only a member of this blog may post a comment.