30 October 2017

നേതാവ് , ഭരണം ഇസ്‌ലാമിൽ

റസൂല്‍(സ) പറഞ്ഞു: "അല്ലാഹുവിന്‍റെ തണൽ അല്ലാത്ത മറ്റൊരു തണലും ഇല്ലാത്ത ദിവസം അവന്‍ ഏഴു കൂട്ടര്‍ക്ക് അവന്‍റെ തണല്‍ നല്‍കുന്നതാണ്:   നീതിമാനായ ഭരണാധികാരി,  ......(ബുഖാരി)

റസൂല്‍(സ) പറഞ്ഞു:  "മൂന്നു ആളുകളാണ് സ്വര്‍ഗ വാസികള്‍:   നീതിമാനായ ഭരണാധികാരി, കുടുംബത്തോടും മുസ്ലിമിനോടും ദയയുള്ളവന്‍,  അന്തസുള്ള ദരിദ്രന്‍"  (മുസ്‌ലിം)

റസൂല്‍(സ) പറഞ്ഞു:   "സ്വന്തം കുടുംബത്തിലും തന്നെ ഏല്‍പ്പിക്ക പെട്ടതിലും നീതി പുലര്‍ത്തുന്നവര്‍ അല്ലാഹുവിങ്കല്‍ അവന്‍റെ വലതു ഭാഗത്ത്‌ പ്രകാശത്തിന്‍റെ സ്റ്റേജുകളിൽ ആയിരിക്കും.  അവന്‍റെ രണ്ടു കൈകളും വലതാണ്" (മുസ്‌ലിം)

റസൂല്‍(സ) പറഞ്ഞു:  "മുസ്ലീങ്ങളുടെ ഭരണത്തിന് അല്ലാഹു ഒരാളെ ചുമതപ്പെടുത്തി, എന്നിട്ട് അവന്‍ അവരുടെ ആവശ്യങ്ങളുടെയും ഇല്ലായ്മകളുടെയും മുമ്പില്‍ വിലങ്ങായാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്‍റെ ആവശ്യങ്ങള്‍ക്ക് മുന്നിലും തടസം വെക്കുന്നതാണ്."  
(അബൂദാവൂദ്‌,  തിര്‍മിദി)

റസൂല്‍(സ) പറഞ്ഞു:  "നീചനായ ഭരണാധികാരി ജനങ്ങളോട് ദയ ഇല്ലാത്തവനാണ്.  അവരില്‍ പെടുന്നത് നീ സൂക്ഷിക്കണം"  (അബൂദാവൂദ്‌, തിര്‍മിദി)

റസൂല്‍(സ) പ്രാര്‍ഥിച്ചു:  "അല്ലാഹുവെ. എന്‍റെ ജനതയുടെ  അധികാരം ഏറ്റെടുത്ത് അവരെ ഞെരുക്കിയവനെ നീ ഞെരുക്കേണമേ, അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തവന് നീ എല്ലാം എളുപ്പമാക്കണേ."(മുസ്‌ലിം)

റസൂല്‍(സ) പറഞ്ഞു: "ഒരാള്‍ മുസ്ലീങ്ങളുടെ ഭരണം ഏറ്റെടുത്തു. അയാള്‍ ഗുണ കാംക്ഷയോടെ അവര്‍ക്ക് വേണ്ടി ത്യാഗം ചെയ്തു.  എങ്കില്‍ അവരോടൊപ്പം അവന്‍ സ്വര്‍ഗത്തില്‍ കടക്കുന്നതാണ്" (മുസ്‌ലിം)

റസൂല്‍(സ) പറഞ്ഞു:  "ഒരാളെ അല്ലാഹു ഒരു ജനതയുടെ ഭരണ കർത്താവാക്കി. അവനാകട്ടെ അവരെ വഞ്ചിച്ചു മരണപ്പെടുന്നു.  അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കും" (ബുഖാരി).  മറ്റൊരു ഹദീസില്‍ ഗുണ കാംക്ഷയോടെ ഭരിക്കാത്തവന് സ്വര്‍ഗത്തിന്‍റെ വാസന പോലും ലഭിക്കില്ല എന്നാണ് (ബുഖാരി) 

റസൂല്‍(സ) പറഞ്ഞു: "എന്നെ അനുസരിച്ചവന്‍ അല്ലാഹുവിനെ അനുസരിച്ചു.  എന്നെ ധിക്കരിച്ചവന്‍ അല്ലാഹുവിനെ ധിക്കരിച്ചു.  ഭരണ കർത്താവിനെ അനുസരിച്ചവന്‍ എന്നെ അനുസരിച്ചു. ഭരണ കർത്താവിനെ ധിക്കരിച്ചവന്‍ എന്നെ ധിക്കരിച്ചു."  (ബുഖാരി)

റസൂല്‍(സ) പറഞ്ഞു:  "ഭരണ കർത്താവിനെ ധിക്കരിച്ചവന് നാളെ പരലോകത്ത് അല്ലാഹുവിന്‍റെ അടുക്കല്‍ യാതൊരു ന്യായവും ഉണ്ടാകില്ല.  ഭരണ കർത്താവിനു ബൈഅത്‌ ചെയ്യാതെ മരിച്ചവന്‍ ജാഹിലിയാ മരണമാണ് മരിച്ചത്."  (മുസ്‌ലിം)

റസൂല്‍(സ) പറഞ്ഞു:   "തല ഉണങ്ങിയ മുന്തിരി പോലുള്ള ഒരു നീഗ്രോ അടിമയാണ് നിങ്ങളുടെ ഭരണ കർത്താവായി വരുന്നത് എങ്കിലും നിങ്ങള്‍ കല്‍പനകള്‍ കേള്‍ക്കുക,  അനുസരിക്കുക" (ബുഖാരി)

റസൂല്‍(സ)  പറഞ്ഞു:  "നിന്‍റെ ദാരിദ്ര്യത്തിലും ഐശ്വര്യത്തിലും സന്തോഷത്തിലും ദുഖത്തിലും നിന്നെക്കാള്‍ യോഗ്യത ഇല്ലാത്തവര്‍ ഭരണ കർത്താവ് ആകുമ്പോഴും നീ ഭരണ കർത്താവിന്റെ കല്‍പന കേള്‍ക്കുക, അനുസരിക്കുക" (മുസ്‌ലിം)

റസൂല്‍(സ) പറഞ്ഞു: "തെറ്റായ കാര്യങ്ങള്‍ക്കുള്ള കല്‍പന ഒഴികെ  തനിക്ക് വെറുപ്പുള്ളതും ഇഷ്ടമുള്ളതുമായ ഭരണ കർത്താവിന്റെ എല്ലാ കല്‍പനകളും  കേള്‍ക്കാനും അനുസരിക്കാനും ഒരു മുസ്‌ലിം ബാധ്യസ്ഥനാണ്.  തെറ്റായ കാര്യങ്ങള്‍ക്കുള്ള കല്പനകള്‍ കേള്‍ക്കാനും അനുസരിക്കാനും പാടില്ല"  (ബുഖാരി) 

റസൂല്‍(സ) പറഞ്ഞു:  "ഇസ്രായീലിയരില്‍ നബിമാരാണ് ഭരണം നടത്തിയത്. ഒരു നബി മരിക്കുമ്പോള്‍ മറ്റൊരു നബി പകരം വരും.   എനിക്ക് ശേഷം നബിയില്ല.  ഖലീഫമാരാണ് ഉള്ളത്.  അവര്‍ അധികമുണ്ടാകും.  സ്വഹാബത് ചോദിച്ചു: അക്കാലത്ത് ഞങ്ങള്‍ എന്തു ചെയ്യണമെന്നാണ് താങ്കള്‍ കല്‍പ്പിക്കുന്നത് പ്രവാചകരെ. അവിടുന്ന് പറഞ്ഞു: "ആദ്യമാദ്യം ഉള്ളവർക്ക് നിങ്ങള്‍ ബൈഅത് ചെയ്യുക, അവരോടുള്ള കടമ നിറവേറ്റുക.   നിങ്ങള്‍ക്കുള്ളത് അല്ലാഹുവിനോട് ചോദിക്കുക.   അവരുടെ ഭരണത്തെ പറ്റി അല്ലാഹു അവരോടു ചോദിക്കും.(ബുഖാരി)


അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.