1 November 2017

ആർത്തവ ചരിത്രവും ഇസ്‌ലാമും

ചരിത്രത്തില്‍ മതങ്ങളും സംസ്കാരങ്ങളും സ്ത്രീകളുടെ ആര്‍ത്തവത്തെ എങ്ങനെ നോക്കി കണ്ടിരുന്നു എന്നു അറിയാൻ ശ്രമിച്ചിട്ടുണ്ട്. പുരാതന  റോമിൽ   ആര്‍ത്തവ കാരിക്ക് അമാനുഷിക ശക്തിയുണ്ട് എന്ന് വിശ്വസിച്ചു  അവളെ പൂര്‍ണ്ണ നഗ്നയാക്കി കീടങ്ങളും മറ്റും നശിക്കാന്‍ വയലുകളിൽ നടത്തുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു. ചില രാജ്യങ്ങളില്‍ മന്ത്ര ഹോമ കര്‍മ്മങ്ങള്‍ക്ക് ആര്‍ത്തവ രക്തം ഒഴിച്ചു കൂടാനാകാത്ത ഒന്നായിരുന്നു. അതിനു വേണ്ടി ആര്‍ത്തവ കാരിക്ക്  കീഴെ രക്തത്തിന് പാത്രവും പിടിച്ചു നില്‍ക്കാന്‍ കുറെ മനുഷ്യന്മാരും !!

സ്വര്‍ഗത്തില്‍ വെച്ച് ഹവ്വ വിലക്കപ്പെട്ട പഴം തിന്നതിനാലാണ് സ്ത്രീകള്‍ക്ക് ദൈവം ആര്‍ത്തവം നിശ്ചയിച്ചത് എന്ന് കരുതുന്ന മതങ്ങളും ഉണ്ട്. അപ്പോള്‍ അതെ പഴം തിന്ന ആദം എന്തു കൊണ്ട് ആര്‍ത്തവത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്ന ചോദ്യം ബാക്കി കിടക്കുന്നു. ഹവ്വ മാത്രം   തിന്നതിനു എന്തിനാണ് സകല സ്ത്രീകള്‍ക്കും ആര്‍ത്തവം എന്ന ചോദ്യവും ബാക്കി കിടക്കുന്നു. ആര്‍ത്തവ കാരിക്ക് സകല ആരാധനാ കര്‍മ്മങ്ങളും മുടക്കിയ മതങ്ങളും ഉണ്ട്. ആര്‍ത്തവ കാരിക്ക് ഭര്‍ത്താവിനെയോ ഭര്‍ത്താവിന്  അവളെയോ  തൊടാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ച മതങ്ങളും ഉണ്ട്. 

പെണ്‍കുട്ടിക്ക് ആദ്യ ആര്‍ത്തവം ഉണ്ടായാല്‍  അത്  നാട്ടുകാരെ അറിയിക്കാന്‍ കല്യാണം നടത്തുന്നവരും ആ കല്യാണത്തിന് സമ്മാനം കൊടുക്കാനും സദ്യ ഉണ്ണാനും  കുറെ മനുഷ്യന്മാരും  നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. ആര്‍ത്തവ കാരിയെ എല്ലാ വിധ വീട്ടു ജോലികളില്‍ നിന്നും നാലു ദിവസം ഒഴിച്ച് നിര്‍ത്തുന്നവരും  മൂന്നു രാത്രി വീട്ടില്‍ കിടക്കാന്‍ തന്നെ സമ്മതിക്കാതെ വീടിനു പുറത്തു ഒരു ആര്‍ത്തവപ്പുര ഒരുക്കി അതില്‍ തള്ളിയിരുന്ന ടീമുകളും ചരിത്രത്തിൽ  ഉണ്ടായിരുന്നു. ആര്‍ത്തവകാരി അടുക്കളയില്‍ കയറാന്‍ പാടില്ല , ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല,  കറിക്കത്തി പിടിക്കാന്‍ പോലും പാടില്ല എന്ന് നിഷ്കര്‍ഷിച്ചവരും അവൾക്ക്  ഭക്ഷിക്കാനും കുടിക്കാനും വേറെ പാത്രം വേണം എന്ന്  വാശി പിടിച്ചവരെയും  ചരിത്രത്തില്‍ കാണാം. 

ആര്‍ത്തവ അന്ധ വിശ്വാസ- അനാചാരങ്ങള്‍ക്ക് എതിരെ രൂക്ഷമായി സംസാരിച്ച  മത നേതാവ്  സിഖ്  ഗുരു നാനാക്ക് ആണെന്ന് തോന്നാറുണ്ട്. ഗുരു ഗ്രന്ഥ സാഹബില്‍ അദ്ദേഹത്തിന്റെ ധീര പ്രഖ്യാപനങ്ങള്‍ വായിക്കാം.  ഇസ്ലാമില്‍ മേല്‍ പറഞ്ഞ പോലുള്ള കിരാത നിയമങ്ങള്‍ ഒന്നും എനിക്ക്  കാണാന്‍ കഴിഞ്ഞിട്ടില്ല.  ആര്‍ത്തവകാരി നമസ്കരിക്കരുത്, നോമ്പ് എടുക്കരുത്, കഅബയെ തവാഫ് ചെയ്യരുത്, മുസ്ഹഫ് തൊടരുത്, പള്ളിയില്‍ താമസിക്കരുത്‌, സംയോഗത്തില്‍  ഏര്‍പ്പെടരുത് , ബാക്കി എല്ലാമാകാം എന്നീ നിയമങ്ങള്‍ മാത്രമെ ഇസ്ലാമില്‍ ഉള്ളൂ.  ഇവയെല്ലാം ഇസ്‌ലാമിൽ  ശാരീരിക   ശുദ്ധിയോടെ ചെയ്യേണ്ട  കാര്യങ്ങളാണ്.   ആര്‍ത്തവ സംബന്ധമായ  ചില നബി ചര്യകള്‍ വായിക്കാം;

മൈമൂന(റ)യില്‍ നിന്ന് : അവര്‍ക്ക്‌ ആര്‍ത്തവം ആരംഭിച്ചാല്‍ അവര്‍ നമസ്കരിക്കാറില്ല. നബി  നമസ്കരിക്കുന്ന സ്ഥലത്തിന്‍റെ നേരെ വിരിപ്പ്‌ വിരിച്ച്‌ അവര്‍ കിടക്കും. നബി തന്‍റെ നമസ്കാരപ്പായ വിരിച്ച്‌ അതില്‍ നമസ്കരിക്കും. നബി സുജൂദ്‌ ചെയ്യുമ്പോള്‍ നബിയുടെ വസ്ത്രം അവരുടെ ശരീരത്തില്‍ തട്ടും. (ബുഖാരി)

ആഇഷ(റ)യില്‍ നിന്ന്; അവര്‍ പറഞ്ഞു : "ഞാന്‍ ആര്‍ത്തവ കാരി ആകുമ്പോള്‍ നബിയുടെ മുടി ചീകിയിരുന്നു" (ബുഖാരി)

ആഇശ(റ)യില്‍ നിന്ന്, അവര്‍ പറഞ്ഞു : "ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വലിയ അശുദ്ധി ഉണ്ടായിരിക്കെ ഞാനും നബിയും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ട്‌. ആഇഷയില്‍ നിന്ന്, അവര്‍ പറഞ്ഞു : "അവിടുന്ന്‌ പള്ളിയിൽ ഇഅതികാഫ് ഇരിക്കുമ്പോള്‍ തല എനിക്ക്‌ നീട്ടിതരും. ഞാന്‍ ആര്‍ത്തവ കാരി ആയിരിക്കെ അവിടുത്തെ തല കഴുകി കൊടുക്കും" (ബുഖാരി)

ഉമ്മുസലമ(റ)യില്‍ നിന്ന് , അവര്‍ പറഞ്ഞു : "ഒരു ദിവസം ഞാന്‍ ഒരു പുതപ്പില്‍ നബിയോടൊപ്പം ഉറങ്ങായിരുന്നു. അതിന്നിടക്ക്‌ എനിക്ക്‌ ആര്‍ത്തവം ആരംഭിച്ചു. ഞാന്‍ പതുക്കെ അവിടെ നിന്നും എഴുന്നേറ്റു. എന്നിട്ട്‌ ആര്‍ത്തവ സമയത്ത്‌ ധരിക്കാറുള്ള വസ്ത്രം എടുത്തു. അപ്പോള്‍ നബി ചോദിച്ചു. "നിനക്ക്‌ രക്ത സ്രാവം ആരംഭിച്ചുവോ..?. "അതെ", ഞാന്‍ പറഞ്ഞു. നബി  എന്നെ വിളിച്ചു. നബിയോടൊപ്പം ഒരേ വിരിപ്പില്‍ ഞാന്‍ കിടന്നു" (ബുഖാരി)

ആഇശ(റ)യില്‍ നിന്ന്, അവര്‍ പറഞ്ഞു : "ചിലപ്പോള്‍ ആര്‍ത്തവ സമയത്ത് എന്നോട്‌ വസ്ത്രം ധരിക്കാന്‍ നബി നിര്‍ദ്ദേശിക്കും. എന്നിട്ട്‌ അവിടുന്ന്‌ എന്നോട്‌ ചേര്‍ന്ന്‌ കിടക്കും" (ബുഖാരി)

മൈമൂന(റ)യില്‍ നിന്ന്, അവര്‍ പറഞ്ഞു: "നബി ആര്‍ത്തവമുള്ള തന്‍റെ ഭാര്യയുമായി സഹവസിക്കാന്‍ ഉദ്ദേശിച്ചാല്‍ അവളോട്‌ വസ്ത്രം ധരിക്കാന്‍ നിര്‍ദ്ദേശിക്കും" (ബുഖാരി)

ആഇശ(റ)യില്‍ നിന്ന് , അവര്‍ പറഞ്ഞു: "ഞാന്‍ ആര്‍ത്തവത്തില്‍ ആകുമ്പോൾ നബി എന്‍റെ മടിയില്‍ തലവെച്ചു കിടന്ന് ഖുര്‍ആന്‍ ഓതാറുണ്ട്‌". (ബുഖാരി)

നബി(സ) ആര്‍ത്തവ കാരിയായ ഭാര്യ ആഇഷ യോട് പള്ളിയില്‍ ചെന്ന് പായ എടുത്തു കൊണ്ടുവരാന്‍ പറയുകയും അതിനു ഞാന്‍ ആര്‍ത്തവ കാരിയാണ് എന്ന് ആഇഷ പറഞ്ഞപ്പോള്‍ നിന്‍റെ കയ്യില്‍ അല്ലല്ലോ നിന്‍റെ ആര്‍ത്തവം എന്ന് നബി പറഞ്ഞതും ഹദീസുകളില്‍ കാണാം. ഇങ്ങനെ ഒത്തിരി ജീവിത ഗന്ധികളായ ഹദീസുകള്‍ ഉണ്ട്. 


അൻസാർ  അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.